Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
‘മാഡം, ജൂണ്‍ മാസത്തിലെ ശമ്പളം ഇന്നലെ രാത്രി അക്കൗണ്ടില്‍ കയറി.’ ആശയുടെ വാക്കുകളില്‍ ശമ്പളം കിട്ടിയതിന്റെ ആഹ്ലാദമായിരുന്നു. പൊന്നുരുന്നിയില്‍ രാഷ്ട്രീയ ബാല സ്വാസ്തിക് കാര്യക്രമ് (ആര്‍ബിഎസ്‌കെ) ആയി ജോലി ചെയ്യുന്ന നഴ്‌സാണ് ആശാ ബാബു. എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച എറണാകുളം പൊന്നുരുന്നിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ നിലവിലെ സ്ഥിതിവിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു ആശ. കഴിഞ്ഞ അമ്പതോളം ദിവസങ്ങളായി ശമ്പളം ഇന്നോ നാളെയോ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ആശയടക്കമുള്ള നാഷണല്‍ ഹെല്‍ത്ത് മിഷനിലെ എല്ലാ ജീവനക്കാരും. പത്ത് മാസത്തിലേറെയായി നാഷണല്‍ ഹെല്‍ത്ത് മിഷനിലെ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകർക്ക് ശമ്പളം കൃത്യമല്ല. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം നല്‍കേണ്ട വിഹിതം ലഭിക്കാതെയായതോടെയാണ് ശമ്പളലഭ്യത ഇടയ്ക്കും മുറയ്ക്കുമായി മാറിയത്. അതിനൊപ്പം കേരളത്തില്‍ പകര്‍ച്ചവ്യാധികളും മറ്റ് അസുഖങ്ങളും വര്‍ദ്ധിച്ചു. അതോടെ എന്‍എച്ച്എമ്മിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ജീവിതവും തൊഴിലും ദുരിതത്തിലായി.
പരിശോധനാ സമയം തുടങ്ങുന്നതിന് മുന്നെ ഒപി ചീട്ട് എടുക്കാന്‍ ക്യൂ നില്‍ക്കുന്ന കൂട്ടിരിപ്പുകാരും രോഗികളും, ആരോഗ്യ കേന്ദ്രങ്ങളുടെ ഇട്ടാവട്ടത്തില്‍ കറങ്ങുന്ന പനിച്ചൂട്, മുഴങ്ങി കേള്‍ക്കുന്ന ചുമ, തുമ്മല്‍, അസുഖബാധിതരായി എത്തിയ അവശരായ കുട്ടികളുടെ കരച്ചില്‍… കേരളത്തിലെ ഏതൊരു ആശുപത്രിയിലും എല്ലായ്‌പ്പോഴും കാണാന്‍ കഴിയുന്ന കാഴ്ചകളാണ് ഇതെങ്കിലും മഴക്കാലം ശക്തമാകുന്നതോടെ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് നാള്‍ക്ക് നാള്‍ ഉണ്ടാകുന്നുണ്ട്. ജൂലൈ 10ന് ആരോഗ്യ വകുപ്പിന്റെ അറിയിപ്പ് പ്രകാരം 24 മണിക്കൂറിനിടെ 13,756 പേരാണ് പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടിയത്. 225 പേര്‍ക്ക് ഡെങ്കിപ്പനിയും 20 പേര്‍ക്ക് എലിപ്പനിയും 37 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണും സ്ഥിരീകരിച്ചിരുന്നു. ആ സാഹചര്യത്തിലാണ് പൊതുസമൂഹത്തിന്റെ ആരോഗ്യ-സൗഖ്യങ്ങള്‍ക്ക് ചുമതലയുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ ശമ്പളമില്ലാതെ കടക്കെണിയിലായതും.
ആരോഗ്യരംഗത്തെ പ്രവര്‍ത്തന മികവ് എക്കാലത്തും കേരളത്തിന്റെ മുഖമുദ്രയാണ്. സുസ്ഥിര വികസന ലക്ഷ്യം അടിസ്ഥാനമാക്കിയാണ് കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ജനസൗഹൃദപരമായ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതി നടപ്പിലാക്കുന്നത് കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഫണ്ടുപയോഗിച്ചാണ്. കേന്ദ്രം 60% ഫണ്ട് നല്‍കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ 40% ഫണ്ടാണ് നല്‍കേണ്ടത്. 2023-24 സാമ്പത്തിക വര്‍ഷം ലഭിക്കേണ്ടിയിരുന്ന 637 കോടി രൂപ ലഭിക്കാതെ വന്നപ്പോഴാണ് ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങിയത്. കൂടാതെ കാരുണ്യ, ജനനി, അമ്മയും കുട്ടിയും തുടങ്ങിയ പല പ്രോജക്ടുകള്‍ക്കും ആറേഴ് മാസമായി ഫണ്ട് കിട്ടിയിരുന്നില്ല. 2023-24ല്‍ ലഭിക്കേണ്ട ഫണ്ടും 2024-25 സാമ്പത്തിക വര്‍ഷത്തെ ആദ്യ ഗഡുവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്ക് കത്തയച്ചിരുന്നു.
‘കഴിഞ്ഞ പത്ത് മാസത്തോളമായി കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൃത്യമായ ശമ്പളം ലഭിച്ചിട്ടില്ല. ഗ്രേഡ് 2 അറ്റന്‍ഡര്‍മാര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെ പതിമൂന്നായിരത്തിനു മേല്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജീവനക്കാര്‍ കേരളത്തിലുണ്ട്. ഞങ്ങളെ ആശ്രയിച്ചു കഴിയുന്നവര്‍ വീട്ടിലുണ്ട്. അവരില്‍ കിടപ്പുരോഗികളും കുട്ടികളുമുണ്ട്. അവരുടെ കാര്യങ്ങള്‍ നമുക്ക് മാറ്റിവെക്കാന്‍ പറ്റില്ലല്ലോ’ നാഷണല്‍ ഹെല്‍ത്ത് മിഷനിലെ ആയുര്‍വേദ ഡോക്ടര്‍ ഹിത ചോദിക്കുന്നു.
കടം പെരുകുന്ന ജീവനക്കാര്‍
‘2023 ജൂണില്‍ അടിസ്ഥാന ശമ്പളം കൂട്ടിയിരുന്നു. ഒരു വര്‍ഷം കഴിഞ്ഞിട്ടും ശമ്പളം കൂട്ടിയിട്ടില്ല. കോണ്‍ട്രാക്ട് പുതുക്കിയിട്ടും പഴയ സാലറിയാണ് തുടരുന്നത്. ഇന്നലെ ശമ്പളം വന്നെങ്കിലും ഒരു വര്‍ഷത്തെ ശമ്പളകുടിശ്ശിക കിട്ടാന്‍ ബാക്കിയുണ്ട്.’ ആശാ ബാബു പറയുന്നു. ‘ശമ്പളവും യാത്രാ ആനുകൂല്യങ്ങളും വൈകുമ്പോള്‍ കടം വാങ്ങിയാണ് ഫീല്‍ഡ് വര്‍ക്കിന് പോകുന്നത്. ശമ്പളം വരുമ്പോള്‍ കടം തീര്‍ക്കാന്‍ മാത്രമേ ബാക്കിയുണ്ടാകൂ.’
സ്‌കൂളുകളില്‍ കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താനായാണ് രാഷ്ട്രീയ ബാല സ്വാസ്തിക് കാര്യക്രമ് എന്ന പോസ്റ്റില്‍ നഴ്‌സ്മാരെ നിയോഗിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 843 ആര്‍ബിഎസ്‌കെ ജീവനക്കാരുണ്ട്. ശമ്പളം കൃത്യമാകാതായതോടെ സ്വന്തം ചിലവിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. ‘ഫീല്‍ഡ് തലത്തിലുള്ള വര്‍ക്കായത് കൊണ്ട് ഇന്റീരിയര്‍ ഏരിയകളില്‍ പോകാന്‍ ഓട്ടോറിക്ഷ പിടിച്ച് പോകുന്ന ജീവനക്കാരുണ്ട്. അവര്‍ക്കൊക്കെ വണ്ടിക്കൂലി കിട്ടാത്തതിന്റെ ബുദ്ധിമുട്ടികളുമുണ്ട്. കൂടാതെ മിക്ക ജില്ലകളിലും അപ്പോയിന്‍മെന്റ് ചെയ്യാന്‍ ഒരുപാട് ഒഴിവുകളുണ്ട്.’ കോട്ടയം മുണ്ടന്‍കുന്നിലെ ആര്‍ബിഎസ്‌കെ നഴ്‌സ് സുബിന്‍ അഭിപ്രായപ്പെട്ടു.
‘അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളില്‍ ജെഎച്ച്എംആര്‍ പോസ്റ്റില്ല. അവരുടെ ജോലി കൂടി ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍ക്കാണുള്ളത്. രണ്ട് പേര്‍ ചെയ്യേണ്ട ജോലിയാണ് ഒരാള്‍ ചെയ്യുന്നത്. കോര്‍പറേഷന്‍ ഏരിയകളില്‍ ജനസാന്ദ്രത കൂടുതലാണ്, അതുകൊണ്ട് തന്നെ കേസുകളും കൂടുതലാണ്. ശമ്പളം കൃത്യമല്ലെങ്കിലും ജോലി കൃത്യമായി ചെയ്യണം. ഡെങ്ക്യൂ കൂടുന്നു, എച്ച് വണ്‍ എന്‍ വണ്‍, നിപാ അങ്ങനെയെല്ലാ കേസുകളും കൂടുന്നു. ഒരു ദിവസം നല്ല തുക ചിലവാകുന്നുണ്ട്. ഉച്ചയാകുമ്പോള്‍ റിപ്പോര്‍ട്ടുകള്‍ കൃത്യമായി കൊടുക്കണം. എല്ലാ മാസവും കടം വാങ്ങിയാണ് ജീവിക്കുന്നത്. ലോണുകള്‍ അടയുന്നില്ല. കടം പെരുകുന്നു.’ ആശ നെടുവീര്‍പ്പിട്ടു.
ഇതിനെല്ലാം പുറമെയാണ് സംസ്ഥാനത്തെ സിഐടിയുവിന്റെ ആംബുലന്‍സ് എംപ്ലോയീസ് യൂണിയനും സമരത്തിലേക്ക് കടന്നത്. 20 കോടി രൂപയാണ് നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ നിന്ന് ലഭിക്കാനുള്ളതെന്നാണ് ഇവര്‍ പറയുന്നത്. സമരത്തിന്റെ ഭാഗമായി 324108 ആംബുലന്‍സുകള്‍ ഇന്റര്‍ ഫെസിലിറ്റി ട്രാന്‍സ്ഫറുകള്‍ നടത്തുന്നില്ലായിരുന്നു. എന്നാല്‍ ഇതൊരു ആതുരസേവന സംവിധാനമാണെന്നും സമരം ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കലല്ല വേണ്ടതെന്നും ആംബുലന്‍സ് ഓണേഴ്‌സ് ഡ്രൈവേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാജുദീന്‍ അഭിപ്രായപ്പെട്ടു. ഇഎംആര്‍ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസ് എന്ന കമ്പനിയാണ് സംസ്ഥാനത്ത് 108 ആംബുലന്‍സ് സര്‍വീസ് കരാര്‍ നടപ്പാക്കുന്നത്. ഇവര്‍ ഒരു കിലോമീറ്ററിന് 328 രൂപയാണ് വാങ്ങുന്നതെന്നും മറ്റ് സംസ്ഥാനങ്ങളില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനിയെ കരാര്‍ എന്തിന് ഏല്‍പ്പിച്ചുവെന്നും ഷാജുദീന്‍ ചോദിക്കുന്നു. ഇതിലും കുറഞ്ഞ ചിലവില്‍ ആംബുലന്‍സ് ഓണേഴ്‌സ് ഡ്രൈവേഴ്‌സ് അസോസിയേഷന് സേവനം നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്‌കൃതവത്കരിക്കപ്പെടുന്ന ആരോഗ്യ കേന്ദ്രങ്ങള്‍
കേരളത്തിലെ ഒട്ടുമിക്ക പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ ബോര്‍ഡുകളും നവീകരിച്ചതായി നമുക്ക് ഇപ്പോള്‍ കാണാനാകും. 2023 നവംബര്‍ മാസത്തിലാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്രമെത്തുന്നത്. സബ് സെന്ററുകൾ ജനകീയ ആരോഗ്യ കേന്ദ്രമെന്നും പിഎച്ച്‌സി, യുഎച്ച്‌സി, യുഎഫ്എച്ച്‌സി എന്നിവ ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്നും മാറ്റണമെന്നായിരുന്നു നിര്‍ദ്ദേശം. പേര് മലയാളത്തിലും ഇംഗ്ലീഷിലും വേണമെന്നും കേരള സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും ആര്‍ദ്രം മിഷന്റെയും ലോഗോകളും ആരോഗ്യം പരമം ധനം (സംസ്‌കൃതത്തില്‍ ആരോഗ്യം പരമപ്രധാനം എന്ന അര്‍ത്ഥം)എന്ന ടാഗ് ലൈനും നല്‍കണമെന്ന് നിര്‍ദ്ദേശത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടായിരുന്നു. 2023 ഡിസംബര്‍ 31നകം നിര്‍ദ്ദേശം നടപ്പിലാക്കണമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേരളാ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് എന്ത് സംഭവിച്ചാലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റില്ലെന്ന് നവകേരള സദസിനിടെ പ്രഖ്യാപിച്ചിരുന്നു. പക്ഷേ തുടര്‍ന്നുണ്ടായ കേന്ദ്ര സര്‍ക്കാരിന്റെ അടവ് നയത്തില്‍ അടിതെറ്റി വീഴുകയായിരുന്നു കേരളത്തിലെ ആരോഗ്യ മേഖല. കേന്ദ്രവിഹിതം പിടിച്ച് വെച്ചുകൊണ്ടുള്ള പ്രതികാരനടപടിയാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടായത്. ഒരു മാസത്തിലേറെയായി കേരളത്തിലെ വിവിധ പിഎച്ച്എസികളുടെ മുന്നില്‍ പുതിയ ബോര്‍ഡ് കേന്ദ്ര നിര്‍ദ്ദേശപ്രകാരം ഉയര്‍ന്നു കഴിഞ്ഞു. കേന്ദ്രഫണ്ട് ലഭിക്കില്ലെന്ന് വന്നപ്പോഴാണ് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ ബോര്‍ഡുകള്‍ മാറ്റിയതെന്ന ആരോപണം ഉയര്‍ന്നെങ്കിലും മന്ത്രി വീണ ജോര്‍ജ് അത്തരം ആരോപണങ്ങളെ ഇപ്പോഴും നിഷേധിക്കുകയാണ്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പേരുകള്‍ സംസ്‌കൃതവത്കരിക്കുന്നതിലൂടെ എന്ത് പ്രയോജനമാണുള്ളതെന്ന ചോദ്യവും ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പേര് നവീകരിക്കുന്നതിന് 3000 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യമേഖലയിലെ ജീവനക്കാര്‍ക്ക് കൃത്യമായ ശമ്പളമോ, യാത്രാക്കൂലിയോ, മറ്റ് ആനുകൂല്യങ്ങളോ നല്‍കാതെ ഇത്തരം പാഴ്‌ചെലവുകളില്‍ പണം മുടക്കുന്നത് എന്തിനെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചോദിക്കുന്നു. ‘ഒരു ദിവസം ഒരു പിഎച്ച്‌സി സേവനം മുടക്കിയാല്‍ 250 ഒപിയെങ്കിലും കുറഞ്ഞത് മുടങ്ങും. പത്ത് മാസത്തോളമായി ശമ്പളം കൃത്യമല്ലാതെയായിട്ടും ഇതുവരെ ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മുടക്കിക്കൊണ്ട് ഒരു സമരവും ഞങ്ങള്‍ ആഹ്വാനം ചെയ്തിട്ടില്ല. ഞങ്ങള്‍ മനുഷ്യരെയല്ലേ ഡീല്‍ ചെയ്യുന്നത്, മൃഗങ്ങളെയല്ലല്ലോ..’ ഡോക്ടര്‍ ഹിത ചോദിക്കുന്നു.
ജൂലൈ 24ന് മൂന്നാം മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ ആരോഗ്യ മേഖലയ്ക്ക് നീക്കിവെച്ചത് 94,671 കോടി രൂപയാണ്. 2023-24 ബജറ്റില്‍ ഇത് 92,802.5 കോടി രൂപയായിരുന്നു. ബജറ്റ് നീക്കിയിരുപ്പില്‍ 1869 കോടി രൂപയുടെ വര്‍ദ്ധനവ് ഉണ്ടായെങ്കിലും നിലവില്‍ രാജ്യം നേരിടുന്ന പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ 0.67 ശതമാനം കുറവാണ് സംഭവിച്ചിരിക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തെ കണക്കുമായി തട്ടിച്ചു നോക്കിയാല്‍ 7.4 ശതമാനമാണ് കുറവ് വന്നിരിക്കുന്നത്. ഇത് രാജ്യത്തെ ആരോഗ്യമേഖലയെ പ്രത്യേകിച്ച്, എന്‍എച്ച്എമ്മുകളില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര ആരോഗ്യപ്രവര്‍ത്തകരെയാകും ഈ കുറവ് നേരിട്ട് ബാധിക്കുക. ബജറ്റ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ കൃത്യമായി ശമ്പളം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍എച്ച്എം ജീവനക്കാര്‍.