ഇന്ദുലേഖയും എരിയും: നോവലിലെ സംവാദ മണ്ഡലങ്ങൾ

“സാധാരണയായി കഥകൾ വാസ്തവത്തിൽ നടന്നതായാലും അല്ലെങ്കിലും കഥകൾ പറഞ്ഞിട്ടുള്ള ചാതുര്യം പോലെ മനുഷ്യർക്ക് രസിക്കുന്നതായിട്ടാണ് കാണപ്പെടുന്നത്. അല്ലെങ്കിൽ ഇത്രയധികം പുസ്തകങ്ങൾ ഈ വിധം കഥകളെ കൊണ്ട് ചമയ്ക്കപ്പെടുവാൻ സംഗതി ഉണ്ടാവുന്നതല്ല. കഥ വാസ്തവത്തിൽ നടന്നതോ അല്ലയോ എന്നുള്ള സൂക്ഷ്മ വിചാരം അറിവുള്ളവർ ഈ വക ബുക്കുകളെ വായിക്കുമ്പോൾ ചെയ്യുന്നതേയില്ല. കവനത്തിന്റെ ചാതുര്യം, കഥയുടെ ഭംഗി ഇതുകൾ മനുഷ്യരുടെ മനസ്സിനെ ലയിപ്പിക്കുന്നു. നല്ല ഭംഗിയായി എഴുതിയിട്ടുള്ള ഒരു കഥയെ ബുദ്ധിക്ക് രസികത്വം ഉള്ള ഒരുവൻ വായിക്കുമ്പോൾ ആ കഥ വാസ്തവത്തിൽ ഉണ്ടാവാത്ത ഒരു കഥയാണെന്നുള്ള പൂർണബോധ്യം അവന്റെ മനസ്സിൽ എല്ലായ്പ്പോഴും ഉണ്ടെങ്കിലും ആ കഥയിൽ കാണിച്ച സംഗതികൾ, അവകൾ വാസ്തവത്തിൽ ഉണ്ടായതായി അറിയുമ്പോൾ അവന്റെ മനസ്സിന് എന്തെല്ലാം സ്‌തോഭങ്ങൾ ഉണ്ടാക്കുമോ ആ സ്തോഭങ്ങളെ തന്നെ നിശ്ചയമായി ഉണ്ടാക്കും എന്നുള്ളതിന് സംശയമില്ല.” (ഇന്ദുലേഖ -ചന്തുമേനോൻ)

“ഏത് അന്വേഷണവും സംഭവങ്ങളുടെ ശൃംഖലകൾ കൊണ്ടാണ് നിർമ്മിക്കപ്പെടുന്നത്. അവയിൽ പൂർണമായും സത്യത്തെ മാത്രം വേർതിരിച്ചെടുക്കാൻ കഴിയില്ല. സത്യത്തെ അസത്യത്തിൽ നിന്നെന്നവണ്ണം ഭാവനയിൽ നിന്നും സങ്കല്പത്തിൽ നിന്നും വേർപെടുത്താൻ കഴിയില്ല. ഞാൻ ആഗ്രഹിക്കുന്ന സത്യത്തെ മുറുകെ പിടിക്കുന്നു. ആ സത്യം എന്റെ ഭാവനയാണ്. സത്യത്തെ ഭാവനയിൽ നിന്ന് വേർപെടുത്താൻ എനിക്കാവില്ല. ചരിത്രം വർത്തമാനത്തിന്റെ ഭാവനയാണ് എന്നതുപോലെ….” (എരി- പ്രദീപൻ പാമ്പിരിക്കുന്ന്).

ഇന്ദുലേഖ

സത്യം ആരുടെ ഭാവനയാണ് എന്ന ചോദ്യം പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ ഉന്നയിക്കപ്പെടുന്നുണ്ട്.1889 ലാണ് ലക്ഷണമൊത്ത ആദ്യ നോവലായ ഇന്ദുലേഖ എഴുതപെടുന്നത്. വാസ്തവ ലോകവും ഭാവനാലോകവും തമ്മിലുള്ള സംഘർഷം ഇന്ദുലേഖയിൽ തന്നെ സംബോധന ചെയപ്പെടുന്നു. ‘സാധാരണക്കാർക്ക്’ മനസ്സിലാക്കാനുള്ള ഭാഷയിൽ എഴുതുമ്പോഴും ‘അറിവുള്ള മനുഷ്യർക്ക്’ വേണ്ടിയുള്ള സാഹിത്യരൂപം എന്ന ആഗ്രഹം നോവൽ നിർമ്മിതിയിൽ പ്രവർത്തിക്കുന്നുണ്ട്.

ഭൂമിയിൽ നിന്നും വിട്ടുപോയ ഒരു കൃത്രിമ ഉപഗ്രഹം പോലെയാണ് ഇന്ദുലേഖ നോവലിലെ പതിനെട്ടാം അധ്യായത്തിന്റെ നിൽപ്. ലോകസഞ്ചാരവും ഖ​ഗോള സഞ്ചാരവും ഇന്ത്യൻ സ്വാതന്ത്ര്യസമരവും കറങ്ങി പലവിധ ചിതറിയ സന്ദേഹങ്ങളും പ്രസ്താവനകളുമായി അത് നിൽക്കുന്നു. സംഭവങ്ങളുടെ അനുക്രമമായുള്ള വികാസത്തിൽ ചരിത്രത്തെ അടയാളപ്പെടുത്താനുള്ള ശ്രമം പതിനെട്ടാം അധ്യായത്തിൽ കാണുന്നു. മലയാളത്തിലെ ആദ്യത്തെ നോവലെഴുത്തിലെ കേവലം ബാലാരിഷ്ടതയായി ഈ സംഭാഷണക്രമം അടയാളപ്പെടുത്താനാവില്ല.

എരി, കവർ

വർഷങ്ങൾക്കിപ്പുറം 2017 പ്രദീപൻ പാമ്പിരിക്കുന്നിന്റെ ‘എരി’ എന്ന നോവലിൽ ഇരുപത്തിയെഴാം അദ്ധ്യായം എത്തുമ്പോൾ അക്കാദമിക ഗവേഷണവുമായി ബന്ധപ്പെട്ട വസ്തുനിഷ്ഠമായ ഒരു ചർച്ച ആത്മനിഷ്ഠതയുടെ പാളങ്ങളിലേക്ക് വലിയ ശബ്ദത്തോടെ ഇരമ്പിയിറങ്ങുന്നു. വാസ്തവലോകം വർത്തമാനത്തിന്റെ ഭാവനയാണ് അഥവാ ചരിത്രത്തിൽ അമർച്ച ചെയ്യപ്പെട്ട വലിയ ഒരു ജനസമൂഹത്തിന്റെ പ്രതീക്ഷയാണ് എന്ന് ഇരുപത്തിഴേയാം അദ്ധ്യായം പ്രഖ്യാപിക്കുന്നു. ഇവിടെ ‘സാധാരണക്കാർ’ എന്നതിന് സ്ത്രീകളും കീഴാളരും എന്ന അർത്ഥ പദവി നോവലിസ്റ്റ് നൽകുന്നു. ഇരുപത്തിഴെയാം അധ്യായത്തിൽ കേൾക്കുന്ന ചർച്ച നോവൽ ഗതിയിൽ സ്വാഭാവിക ശരീരമായി കാണപ്പെടുന്നു. ഏകദേശം 130 വർഷത്തെ നോവലിന്റെ ആഖ്യാനപരിണാമം മാത്രമല്ല, മനുഷ്യരായിപോലും പരിഗണിക്കാത്ത ജനതയുടെ സത്യങ്ങളുടെ അദൃശ്യത ആത്മനിഷ്ഠമായി വെളിപ്പെടുത്തുക എന്ന ലക്ഷ്യം നോവലിസ്റ്റ് നിർവഹിക്കുന്നു. പതിനെട്ടാം അധ്യായത്തിൽ ആധുനികതയുടെ ബൃഹദാഖ്യാനങ്ങളിൽ കടന്നുവരാത്ത കൊളോണിയൽ വിരുദ്ധസ്വരവും സ്ത്രീപ്രശ്നങ്ങളും ജാതിയും ഓർമ്മയുടെ രീതിശാസ്ത്രത്തിൽ പുനഃപരിശോധിക്കുകയാണ് ‘എരി’.

ഘോരഘോരമായ വിമർശന പീരങ്കി ഉണ്ടകൾ ഏറ്റ പുസ്തകം ചവച്ചുതിന്നുന്ന ഒരു ആടിനെ ബഷീർ ‘ശബ്ദങ്ങളി’ൽ സങ്കൽപ്പിക്കുന്നുണ്ട്. ഈ മട്ടിൽ പുസ്തകങ്ങൾ നിർമ്മിച്ച കേരളത്തിന്റെ ഇരുൾ പുറങ്ങൾ ഇന്ദുലേഖയുടെ പതിനെട്ടാം അധ്യായത്തിന്റെയും എരിയിലെ ഇരുപത്തിഴേയാം അധ്യായത്തിന്റെയും മുഖാമുഖം പങ്കുവെക്കുന്നുണ്ട്. ഇന്ദുലേഖയുടെ രണ്ടാംപതിപ്പിനെഴുതിയ ആമുഖത്തിൽ ചില പുസ്തകങ്ങൾ റഫർ ചെയ്യേണ്ടതിലേക്ക് ഉണ്ടായ കാലതാമസം പ്രസാധനത്തെ ബാധിച്ചു എന്ന് ചന്തു മേനോൻ പറയുന്നു. ഡാർവിൻ, ഹക്സിലി, സ്‌പെൻസർ, വാല്ലെസ് തുടങ്ങി അനവധി ഇംഗ്ലീഷ് പേരുകൾ ഗോവിന്ദൻ കുട്ടി മേനോൻ പറയുമ്പോൾ സമാനമായ ഇന്ത്യൻ ബുദ്ധിജീവികളിൽപ്പെട്ട ചിലർ എന്ന നിലയിൽ കപിലൻ, പതഞ്‌ജലി, വ്യാസൻ, ഗൗതമൻ, കണാദൻ തുടങ്ങിയ പൗരസ്ത്യരെ പകരം വച്ച് ആധുനികതയ്ക്കും പാരമ്പര്യത്തിനുമിടയ്ക്കുള്ള മധ്യവർത്തിനില മാധവൻ കൈക്കൊണ്ട് നിൽക്കുന്നത് കാണാം. നിരീശ്വര, സാംഖ്യ, നൈയാമിക, വൈശേഷിക സിദ്ധാന്തങ്ങൾ ഇവിടെ കൂട്ടിനുണ്ട്. ദൈവമുണ്ടോ ഇല്ലയോ എന്ന തർക്കമാണ് പതിനെട്ടാം അധ്യായത്തിലെ ചർച്ചയിൽ പ്രാമുഖ്യമുള്ള ഒരു വിഷയം. പാരമ്പര്യവും ശാസ്ത്രവാദവും ഈ ആധുനിക വെടിവെട്ടത്തിലെ മറ്റ് വിഷയങ്ങളാണ്. രൂപപരമായി ആധുനികനില കൈക്കൊള്ളുമ്പോഴും ആന്തര ഘടനയിൽ ഫ്യൂഡൽ വെടിവട്ടങ്ങളുടെ ശ്രേണിയും അധികാരവും ഈ ചർച്ച കൈവിടുന്നില്ല. ബാബു കേശവ ചന്ദ്രസെന്നിന്റെ അത്യുന്നതമായ വെണ്മേട ചിന്തകളുടെ അനവധി ഉദ്ധരണികളുടെ വേദിയാക്കിമാറ്റുകയാണ് ചെയ്യുന്നത്. ഉദ്ധരണികൾ ബുദ്ധി നിർണ്ണയിക്കുന്ന പുസ്തകകേന്ദ്രീത സംവാദ രീതിശാസ്ത്രം ഇന്നും മലയാളി ബുദ്ധിജീവിപരിസരം നിർണ്ണയിക്കുന്നു.

പ്രദീപൻ പാമ്പിരിക്കുന്ന്

വസ്തുനിഷ്ഠ ചർച്ചയ്ക്ക് വിധിക്കപ്പെട്ട ഗവേഷകൻ ആത്മനിഷ്ഠമായ അനവധി ഉദ്ധരണികൾ ആർത്തലച്ചു പറഞ്ഞു തുടങ്ങുമ്പോൾ മാർഗ്ഗദർശി കണ്ണുരുട്ടുകയും അമ്പരന്നു നിൽക്കുകയും ചെയ്യുന്നു എന്ന് നോവലിസ്റ്റ് എഴുതുന്നു. ‘എരി’ എന്ന വിപ്ലവകാരിയുടെ ജീവിതം തന്റെ ആത്മകഥനം പോലെ ഐക്യപ്പെട്ട് ഉൾക്കൊണ്ടുകൊണ്ട് ദലിത് യുവഗവേഷകൻ അക്കാദമിക് പാണ്ഡിത്യത്തിന്റെ മുന്നിൽ തുറന്നുവയ്ക്കുന്നു. വേലക്കാരന്റെയും കാർഷിക അടിമയുടെയും ഇരുട്ടിലൂടെ ഓടിപോകുന്നവന്റെയും നിരക്ഷരന്റെയും കറുത്തവന്റെയും കൂക്കിവിളിക്കപ്പെടുന്നവന്റെയും പശുവിനെ തിന്നുന്നവന്റെയും ‘സാധാരണ ലോകങ്ങൾ’ ഉയർത്തിപ്പിടിച്ച് വീറോടെ വാദിക്കുന്നു. ഒരു ഗവേഷകൻ പക്ഷപാതിത്വങ്ങൾ ഇല്ലാതെ വസ്തുതകളെ വസ്തുനിഷ്ഠമായി പരിശോധിക്കേണ്ടതുണ്ട് എന്ന അക്കാദമിക ബോധനത്തെ ചോദ്യം ചെയ്തുകൊണ്ട് സത്യത്തിന്റെ ആത്മനിഷ്ഠമായ അംശങ്ങളെക്കുറിച്ച് ഗവേഷകൻ ഇവിടെ ആലോചന ചെയ്തു തുടങ്ങുന്നു. പതിനെട്ടാമധ്യായം ഒരർത്ഥത്തിൽ ആധുനിക സവർണ പുരുഷാരത്തിന്റെ അധരവ്യായാമം ആണെങ്കിൽ സായിപ്പിന്റെ സ്കൂളിൽ പഠിക്കാൻ പുലയകുട്ടികൾ പോകരുതെന്ന നായർ പ്രമാണിയുടെ പ്രസ്താവനയ്ക്ക് മുഖമടച്ചൊരു പ്രശ്നപരിഹാരം നടത്തുന്ന പ്രായോഗിക ചിന്ത എരിയുടെ ഇരുപത്തിഴേയാം അധ്യായത്തിലുണ്ട്. പ്രദീപൻ പാമ്പിരിക്കുന്ന് ഇരുപത്തേഴാം അധ്യായത്തിൽ പരശ്ശതം പുസ്തകങ്ങളുടെ റഫറൻസ് അല്ല, ജീവിതവും അനുഭവമാണ് ഉദ്ധരിക്കുന്നത്. കല്ലേൻ പൊക്കുടന് പൊതു ജീവിതത്തിന്റെയും ജാതി ജീവിതത്തിന്റെയും രണ്ട് ആത്മകഥകൾ ഉണ്ട് എന്ന് നോവലിസ്റ്റ് എഴുതുന്നത് അതുകൊണ്ടാണ്.

എം ഗോവിന്ദൻ

ഇന്ദുലേഖയിൽ തുടങ്ങിവെച്ച സാഹിത്യരൂപ ചർച്ചയുടെ വസ്തുനിഷ്‌ഠ ലോകങ്ങൾക്ക് കേരളത്തിന്റെ ബൗദ്ധിക ചരിത്രത്തിൽ വിപുലമായ പിൻതുടർച്ചകളുണ്ടാവുന്നുണ്ട്. കേസരിയുടെ പണ്ഡിത സഭ ഇബ്‌സൻ, മോപ്പസാങ്, ബൽസാക്ക്, പിരാന്തലോ തുടങ്ങിയവരുടെ കൃതികളെ മലയാളികൾക്ക് പരിചയപ്പെടുത്തികൊണ്ട് വിവിധ സാഹിത്യരൂപങ്ങൾ നിഷ്കർഷിച്ചുറപ്പിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിനെ ‘കേരളത്തിന്റെ സോക്രടീസ്’ എന്ന് വി.ടി ഭട്ടതിരിപ്പാട് വിശേഷിപ്പിക്കുന്നത് ആ നിലയ്ക്കാവാം. ഇത്തരം ചർച്ചകളുടെ ഉള്ളടക്കത്തിൽ ജാതി ലിംഗ അടിപ്പടവുകളുടെ സാമൂഹികലോകങ്ങൾ പരാമർശിതമായോ എന്ന വസ്തുത പുനരാലോചിക്കേണ്ടതുണ്ട്. തുടർന്ന് മദ്രാസ് കേന്ദ്രീകരിച്ച് ഹ്യൂമനിസ്റ്റും എം.എൻ റോയിയുടെ അനുയായിയുമായി പ്രഖ്യാപിച്ച എം ഗോവിന്ദന്റെ ബുദ്ധിജീവി കൂട്ടായ്മ ആധുനികതാവാദ സന്ദർഭത്തിൽ ഉണ്ടാകുമ്പോഴും തിയറികളിൽ അദൃശ്യരായ ആൾക്കൂട്ടങ്ങളായി ‘സാധാരണ മനുഷ്യർ’ തുടർന്നു. ഇത്തരം ചർച്ചകൾ പിന്നീട് ആധുനിക കോഫി ഷോപ്പുകളിലേക്ക് പരിണമിക്കുന്നുണ്ട്. മുകുന്ദനും വിജയനും സക്കറിയയും വി.കെ.എന്നും നാരായണപിള്ളയും ആനന്ദും അടങ്ങുന്ന പുരുഷബുദ്ധിജീവി കൂട്ടായ്‌മ ഡൽഹിയിൽ കൊണാട്ട്പ്ലേസിലെ വ്യാവസായിക ചത്വരത്തിൽ നിർത്താതെ ചർച്ച തുടരുമ്പോൾ മാധവിക്കുട്ടിയുടെ കഥയിലെ വീട്ടമ്മ ഇതേ വ്യാവസായിക നാഗരികതയിൽ മനുഷ്യപദവി നഷ്ടപ്പെട്ട് മോഹലസ്യപ്പെട്ട് വീഴുന്നതായി ഭാവന ചെയ്യുന്നു. ‘ക്ഷുരകനെക്കാൾ അധ:കൃതനാണോ താൻ’ എന്ന ചോദ്യം എം .മുകുന്ദൻ ‘മുണ്ഡനം ചെയ്യപ്പെട്ട ജീവിതം’ എന്ന കഥയിൽ എഴുതുന്നുണ്ട്. സ്ത്രീയ്ക്കും ക്ഷുരകനും ഇടമില്ലാത്ത ഹ്യൂമനിസം പിന്നീട് അഴീക്കോടിന്റെ തത്വവിചാരങ്ങളിൽ പരിണതി നേടുന്നു. ചിന്തയ്ക്കും പ്രായോഗികതയ്ക്കും ഇടയിലെ സംഘർഷങ്ങൾ കേരളത്തിലെ മാർക്സിസ്റ്റ് സംവാദങ്ങളിലും തുടർന്നു. പുസ്തക കേന്ദ്രീകൃത മാർക്സിസത്തോട് കുഞ്ഞാമന്റെ ‘എതിര്’ എന്ന ആത്മകഥ ആഴമുള്ള വിമർശനങ്ങൾ ഉന്നയിക്കുന്നത് ഓർക്കുക. വിശപ്പ് ഇവിടെ ഒരു ചിന്തയായല്ല എരിയുന്ന യാഥാർത്ഥ്യമായി സംബോധന ചെയ്യപ്പെടുന്നു.

എതിര്, കവർ

സംവാദലോകങ്ങളുടെ പരിണാമ ദിശകളിലൊന്നും ദലിതന്റെ, സ്ത്രീയുടെ ആശയാഭിലാഷങ്ങളോ വിമോചന അഭിവാഞ്ഛയോ സംബന്ധിച്ച ഒരു ചർച്ചയും ബൗദ്ധിക പരിഗണന നേടുന്നില്ല എന്ന് കാണാം. അത്തരം വിഷയങ്ങൾ ആത്മനിഷ്ഠവും വൈകാരികവുമായി ബുദ്ധി കുറഞ്ഞ നിലകളിൽ പരിഗണിക്കപ്പെട്ടു. “ഇങ്ങനെ ഒരു മനുഷ്യന്റെ ജീവചരിത്രം അന്വേഷിച്ചു ഗവേഷണം ചെയ്തത്കൊണ്ട് നമ്മുടെ സാഹിത്യത്തിന് എന്താണ് നേട്ടം?” എന്നിങ്ങനെ ‘എരി’ എന്ന നോവലിൽ ഗവേഷണ ഡോക്ടറൽ കമ്മിറ്റിയിൽ വിഷയ വിദഗ്ധൻ അടിവരയിടുന്ന യാഥാർത്ഥ്യവും മറ്റൊന്നല്ല.

മുക്കിലും മൂലയിലും മുളപൊട്ടുന്ന സാഹിത്യോത്സവങ്ങളുടെ നെടും കുതിരക്കെട്ടിലൊന്നിൽ ജാതിചർച്ച ദലിത് സമൂഹത്തിന്റെ ബാധ്യത മാത്രമാണോ എന്ന് സണ്ണി.എം കപിക്കാട് ക്ഷുഭിതനാകുന്നുണ്ട്. പുരാണവും, സാമ്പത്തിക ശാസ്ത്രവും, സയൻസും, കലയും, യുക്തിചിന്തയും ചർച്ചചെയ്യുന്നതിന് അഭിനവമാധവന്മാരും ഗോവിന്ദന്മാരും ബാബസെൻമാരും കൂടിയിരിക്കുന്ന ഒരു മട്ടുപ്പാവിലെ വെടിവെട്ടമാണ് ഇത്തരം സാഹിത്യോത്സവങ്ങൾ എന്ന് എരിയുന്ന ചരിത്രത്തിന്റെ പിന്മുറക്കാർ വിളിച്ചുപറയുന്നു. നമ്മുടെ പുസ്തകങ്ങളിലും വ്യവഹാരമണ്ഡലങ്ങളിലും ഇപ്പോഴും അദൃശ്യരായ മനുഷ്യരുടെ സത്യങ്ങളുടെ ഭാവന കൂടിയാണ് കേരളചരിത്രം എന്ന് എരി അടിവരയിടുന്നു. ജീവചരിത്രമില്ലാത്ത, ചരിത്രാന്വേഷണത്തിൽ അനുബന്ധം മാത്രമായി നിർണയിക്കപ്പെട്ട, ഇനിയും സത്യപദവി ലഭിക്കാത്ത, സാധാരണക്കാരുടെ മറ്റ് ആവശ്യങ്ങളാൽ നിർമ്മിക്കപ്പെടുകയോ ശേഖരിക്കപ്പെടുകയോ ചെയ്യാത്ത ഓർമ്മകളുടെ സംഭരണി എരി തുറന്നുവയ്ക്കുന്നു. നമ്മുടെ ജ്ഞാനാന്വേഷണങ്ങളെ അനുഭവം കൊണ്ട് വിച്ഛേദിക്കുന്ന ഈ ഒടിവിദ്യ വെളിച്ചങ്ങളെ ചരിത്രത്തിലെ ഇരുട്ടുകൾ കൊണ്ട് പൂരിപ്പിക്കുന്നു. അദൃശ്യജനതയുടെ ഭാവനയാണ് വർത്തമാനചരിത്രം എന്ന് പ്രഖ്യാപിക്കുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read