Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
2024 ജൂൺ 18ന് നടന്ന യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കിയ പശ്ചാത്തലത്തിൽ മദ്രാസ് യൂണിവേഴ്സിറ്റി ഗവേഷക വിദ്യാർത്ഥി അനഘ ബാബു എഴുതുന്നു.
2017 ൽ ശാസ്ത്രീയവും ആഗോള നിലവാരത്തിന് തുല്യവുമായ ഒരു പരീക്ഷാ സംവിധാനം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മത്സര പരീക്ഷ ഏജൻസികളിലൊന്നാണ്. എന്നാൽ ആധുനിക നിലവാരത്തിൽ, ദേശീയതല പരീക്ഷകൾ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് എവിടെയാണ് എങ്ങനെയാണ് പിഴവുകൾ സംഭവിക്കുന്നത്? ആരാണ് ഉത്തരവാദികൾ? വിദ്യാർത്ഥികളുടെ ഭാവികൊണ്ട് അമ്മാനമാടുന്നതിന് ആര് പരിഹാരം കാണും? ഹാൾടിക്കറ്റ്, ഫോട്ടോ, ബയോമെട്രിക് വെരിഫിക്കേഷൻ, ഫ്രിസ്‌ക്കിങ്, അവർ നൽകുന്ന പേന, രണ്ടു ഇൻവിജിലെറ്റേഴ്സ്, ക്യാമറ, വളരെ സൂക്ഷമമായി പാക്കറ്റിൽ കൊണ്ടുവന്ന ചോദ്യപേപ്പറും OMR ഷീറ്റും ഉൾപ്പടെ ഇത്രയധികം സുരക്ഷാ സംവിധാനങ്ങളും, ക്രമീകരണങ്ങളും ഉപയോഗിച്ച് നടത്തുന്ന പരീക്ഷകൾ എങ്ങനെയാണ് ഒരൊറ്റ രാത്രികൊണ്ട് ഒരു പ്രാധാന്യവുമില്ലാത്തതാകുന്നത്? ഒരു വർഷമോ അതിൽ കൂടുതലോ സമയമെടുത്ത് ഈ പരീക്ഷക്കായി കഠിനാധ്വാനം ചെയ്ത് പരീക്ഷയെ അഭിമുഖീകരിച്ച വിദ്യാർത്ഥികളുടെ സമയ നഷ്ടത്തിനും, മാനസിക ശാരീരിക ആരോഗ്യ നഷ്ടത്തിനും, സാമൂഹിക, സാമ്പത്തിക സ്ഥിതി മോശമായതിനും ആര് ഉത്തരം നൽകും?
പുതിയ ഉന്നത വിദ്യാഭ്യാസ നയ പ്രകാരം ഗവേഷണത്തിനുള്ള മാനദണ്ഡവും ചേർത്തുകൊണ്ടാണ് ഈ പ്രാവശ്യത്തെ യുജിസി നെറ്റ് എക്സാം NTA സംഘടിപ്പിച്ചത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ കണക്ക് പ്രകാരം 9,08,580 മത്സരാർത്ഥികൾ പരീക്ഷ എഴുതുകയും ചെയ്തു. NTA ദേശീയതലത്തിൽ നടത്തുന്ന നെറ്റ് പരീക്ഷ പാസാക്കുന്നതിലൂടെ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് നേടി ഗവേഷകർ ആവുക എന്നത് മാത്രമല്ല, അസിസ്റ്റൻറ് പ്രൊഫസർ ആകാനുള്ള യോഗ്യതയുമാണ് കൈവരിക്കുന്നത്.
വിദ്യാഭ്യസമേഖലയ്ക്ക് മുഴുവൻ ഇതൊരു വെല്ലുവിളിയും ഭീഷണിയുമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന ഇത്തരം അഴിമതികളും കച്ചവടവത്കരണത്തിന്റെയും രാഷ്ട്രീയ താല്പര്യങ്ങളുടെയും പ്രധാന ഇരകൾ ഇവിടുത്തെ ദലിത് – ആദിവാസി, പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികളാണ്. ഇവരുടെ ഭാവിയാണ് ചോദ്യചിഹ്നമായി മാറുന്നത്. ക്യാമ്പസിനകത്തും പുറത്തുമല്ലാതെ നിൽക്കുന്നത് ദലിത് – പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സംഭവിക്കുന്നത് എന്താണ് എന്ന് ഒരു കണക്കും എങ്ങും പറയുന്നുമില്ല. ഇത്തരത്തിലുള്ള ക്രമക്കേടുകൾ ദേശീയതല പരീക്ഷകളിൽ സംഭവിക്കുമ്പോൾ ഉന്നതവിദ്യാഭ്യസത്തിന്റെ ഏറ്റവും ശോചനീയമായ അവസ്ഥകയെയാണ് അത് വെളിവാക്കുന്നത്, ഒപ്പം വിശ്വാസ്യത നഷ്ടവും. ഇത്തരത്തിലുള്ള വ്യവസ്ഥിതിയെ പിന്നോക്ക വിദ്യാർത്ഥികൾക്ക് അതിജീവിക്കാൻ കഴിഞ്ഞെന്നുവരില്ല.
ഡാർവിൻ്റെ ‘സർവൈവൽ ഓഫ് ദി ഫിറ്റസ്റ്റ്’ എന്ന സിദ്ധാന്തവും ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായവും തമ്മിൽ ഒരു സാമ്യം ഉണ്ടെന്ന് തന്നെ പറയാം. ആര് അതിജീവിക്കണം അതിജീവിക്കണ്ട എന്ന് തെളിയിക്കുന്ന ഇന്ത്യയിലെ നിലനിൽക്കുന്ന ജാതിവ്യവസ്ഥയ്ക്കും, സ്ഥാപനവത്കൃത കൊലപാതകങ്ങൾക്കും ഇരകളാകുന്നത് ഇന്ത്യയിലെ ദലിത്-പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികളാണ് (നീറ്റ് പരീക്ഷയ്ക്കെതിരെ പരാതിപ്പെട്ട, തമിഴ്‌നാട്ടിലെ അരിയല്ലൂർ ജില്ലയിലെ 17 വയസ്സുള്ള ദലിത് വിദ്യാർത്ഥിനിയായ എസ് അനിത ആത്മഹത്യ ചെയ്ത സംഭവം ഉദാഹരണം). ഈ ക്രമക്കേടുകൾ ഒരു സുപ്രഭാത്തിൽ പൊട്ടിമുളച്ചതോ, ഇന്നലെ പെയ്ത മഴയിൽ മുളച്ച കൂണുകളോ അല്ല. കാലങ്ങളായി യാതൊരു വിധ മാറ്റങ്ങളും വന്നിട്ടില്ല എന്നതിന്റെ തെളിവ് കൂടിയാണ് ഒറ്റ രാത്രികൊണ്ട് ദേശീയതലത്തിൽ നടത്തപ്പെട്ട പരീക്ഷ റദ്ദാക്കിയെന്ന വാർത്ത.
1942ലെ All-India Depressed Classes conferenceൽ ഡോ. ബി.ആർ അംബേദ്കർ മുന്നോട്ടുവെച്ച ‘Educate, Organize, Agitate’ എന്ന ശക്തമായ മുദ്രാവാക്യത്തിലൂടെ ജാതിഘടനയെ വെല്ലുവിളിക്കാനും ഉന്മൂലനം ചെയ്യാനും ദലിത് ബഹുജനങ്ങൾക്ക് ഒരു വിമോചന ഉപകരണമായി അദ്ദേഹം വിദ്യാഭ്യാസത്തെ വിഭാവനം ചെയ്തു. എന്നാൽ വിദ്യാഭ്യാസം എന്നത് ഇന്നും ദളിത് വിദ്യാർത്ഥികൾക്ക് നേരെ നീളുന്ന കൊലക്കയറാകുന്നു.
ഇന്ത്യയിലെ വിവിധ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും അഡ്മിഷൻ നേടാൻ വളരെയധികം മത്സര പരീക്ഷകളാണ് നടന്നുകൊണ്ടിരിക്കുന്നത്. അവിടെ ആർക്ക് സീറ്റ് കിട്ടുന്നു, കിട്ടുന്നില്ല എന്നത് വളരെ പ്രസക്തമായൊരു ചോദ്യം തന്നെയാണ്. “നിങ്ങൾ റിസർവേഷൻ കാറ്റഗറി അല്ലേ? അപ്പൊൾ നിങ്ങൾക്ക് കട്ട് ഓഫ് കുറവ് ആയിരിക്കില്ലേ? നിങ്ങൾക്ക് എന്തൊരു സുഖമാണ്” എന്നൊക്കെയാണ് സ്ഥിരം പല്ലവികൾ. പക്ഷേ, എത്ര വിദ്യാർത്ഥികൾ ഈ ദേശീയ തലത്തിൽ നടത്തുന്ന പരീക്ഷകളുടെ ഭാഗം ആകുന്നുണ്ട് എന്നതിനെ കുറിച്ച് ചർച്ചകളില്ല. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന കാലത്തോളം ദലിത് – പിന്നോക്ക വിഭാഗങ്ങൾക്ക് ഉന്നത വിദ്യാഭ്യാസം ഒരു വെല്ലുവിളിയായി തുടരും. ഇതിനുള്ള മറുപടി ആര് ഞങ്ങൾക്ക് തരും? സ്വപ്നങ്ങളും ആഗ്രഹങ്ങളും യാഥാർത്ഥ്യമാവാതെ കൊഴിഞ്ഞുപോകൽ എന്ന ലിസ്റ്റിലെ ഒരു നമ്പർ മാത്രമായി ഞങ്ങളുടെ ഭാവി മാറുമോ? ഇതിന്റെ പൂർണ ഉത്തരവാദിത്തം ഇന്ത്യൻ ഭരണ സംവിധാനത്തിനും, ഉന്നത വിദ്യാഭ്യാസ വകുപ്പിനുമാണ്. ഇന്ത്യയിലെ കച്ചവടവത്കരണ രാഷ്ട്രീയ വോട്ട് ബാങ്ക് ഉത്പന്നങ്ങളായി മാറാൻ ഞങ്ങൾക്ക് ഇനിയും കഴിയില്ല.
ഈ കഴിഞ്ഞ നീറ്റ്, നെറ്റ്, ബി.എഡ് നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ് പരീക്ഷകളിൽ നടത്തിയ ക്രമക്കേടുകൾക്കെതിരെ നടപടികൾ എടുക്കുകയും വേണം. ഇത്തരത്തിൽ അഴിമതിയും കച്ചവടവത്കരണവും കൊണ്ട് നേടിയെടുക്കുന്ന അവസരങ്ങൾ ഉന്നത വിദ്യാഭ്യസമേഖലയുടെ പൂർണ തകർച്ചയിലേക്കാണ് വഴിതെളിക്കുന്നത്. തീർത്തും ജനാധിപത്യവിരുദ്ധമായ ഈ നയങ്ങൾക്കെതിരെ നടപടികൾ എടുക്കുകയും ഞങ്ങൾക്ക് നീതി കിട്ടുകയും വേണം. ഔദാര്യമല്ല അവകാശത്തിനുവേണ്ടിയുള്ള പോരാട്ടമാണ്.