ഒഡീഷ ദുരന്തത്തിൽ മരിച്ചവരുടെ പക്കാ ബാടികൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

പശ്ചിമ ബം​ഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന മലയാളിയായ സന്നദ്ധപ്രവർത്തകൻ നാസർ ബന്ധു ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരണപ്പെട്ടവരുടെ സുന്ദർബൻസിലെ വീടുകൾ സന്ദർശിച്ച് കേരളീയത്തിന് വേണ്ടി തയ്യാറാക്കിയ കുറിപ്പ്.

കൊൽക്കത്തയിൽ നിന്നും സുന്ദർബൻസിലേക്ക് പോകുന്ന ബാസന്തി ഹൈവേയിൽ എവിടെ വാഹനം നിർത്തി ചോദിച്ചാലും തീവണ്ടി അപകടത്തിൽ മരണപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്ത ആരുടെയെങ്കിലും വീട് അടുത്തുതന്നെയുണ്ടാകും. കഴിഞ്ഞ ജൂൺ 2ന് ഒഡീഷയിലെ ബാലസോറിലുണ്ടായ രാജ്യം നടുങ്ങിയ അപകടത്തിൽ പശ്ചിമ ബംഗാളിൽ നിന്നുള്ള 544 പേരാണുണ്ടായിരുന്നത്. അതിൽ 105 പേർ സുന്ദർബൻസ് ഉൾപ്പെടുന്ന സൗത്ത് 24 പർഗാനാസ് ജില്ലയിൽ നിന്നുള്ളവരായിരുന്നു. സുന്ദർബൻസ് മേഖലയിൽ തന്നെയുള്ള 19 പേർ മരണപ്പെടുകയും 14 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ ഭൂരിഭാഗവും കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരോ, ജോലിതേടി പോയവരോ ആയ സാധാരണ തൊഴിലാളികളായിരുന്നു.

സുന്ദർബൻസിലെ വഴികൾ. ഫോട്ടോ: നാസർ ബന്ധു

സോനാഖാലി പഞ്ചായത്തിൽ ഹൈവേയിൽ നിന്നും മാറി ഏതാനും കിലോമീറ്ററുകൾ സഞ്ചരിച്ചാലാണ് ചരണിഖാലി എന്ന ചെറിയ ഗ്രാമത്തിൽ എത്തുക. കൃഷിയിടങ്ങളും വയലുകളും മൺ വീടുകളും നിറഞ്ഞ തനിനാടൻ ബംഗാളി ഗ്രാമകാഴ്ചകൾ കണ്ട് അവിടെ എത്തിയപ്പോഴേക്കും ഉച്ചയായിരുന്നു. അവിടെയുള്ള ഒരു വീട്ടിലെ മൂന്ന് സഹോദരങ്ങളാണ് ട്രെയിൻ അപകടത്തിൽ മരണപ്പെട്ടത്. മരണവീട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടേണ്ടി വന്നില്ല, എല്ലാവർക്കും അവിടേക്കുള്ള വഴി അറിയാമായിരുന്നു. ആ കാണുന്ന ‘പക്കാ ബാടി’ എന്ന് വഴിയരികിലുള്ള ഒരാൾ ദൂരെയുള്ള വീട് ചൂണ്ടിക്കാണിച്ച് പറഞ്ഞു. ഉറപ്പുള്ള ഭിത്തിയും മേൽക്കൂരയുമുള്ള വീടുകളെയാണ് പക്കാ ബാടി എന്ന് വിളിക്കുന്നത്. ഞങ്ങൾ വന്ന വാഹനം വഴിയരികിൽ നിർത്തി പതിയെ അവിടേക്ക് നടന്നു. മൂന്ന് വീടുകൾ ചേർന്ന വലിയ മുറ്റത്ത് നീല ടാർപായ വലിച്ചുകെട്ടിയിട്ടുണ്ട്. കുറച്ച് ആളുകൾ തൊട്ടടുത്ത വേറൊരു പന്തലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു.

ഹരൺ ഗായൻ്റ ഭാര്യ അഞ്ജിത, മകൻ. ഫോട്ടോ: നാസർ ബന്ധു

കേരളത്തിൽ നിന്നാണ്, ഇവിടെ സന്ദർശിക്കാനായി എത്തിയതാണെന്ന് പറഞ്ഞപ്പോൾ ഒരു സ്ത്രീ വന്ന് സ്വീകരിച്ചിരുത്തി. കുടിക്കാൻ രണ്ട് ഗ്ലാസുകളിൽ വെള്ളമെത്തി. ഇന്ന് ശ്രാദ്ധം ആണ്, അതിനാൽ ഇന്ന് എല്ലാവർക്കും ഭക്ഷണം നൽകുന്നു എന്ന് പറഞ്ഞ് ഞങ്ങളേയും അവർ ഭക്ഷണത്തിന് ക്ഷണിച്ചു. ഈ കുടുംബത്തിലെ ഹരൺ ഗായൻ (40), നിഷികാന്ത ഗായൻ (35), ദീപാങ്കർ ഗായൻ (32) എന്നീ മൂന്ന് സഹോദരങ്ങളാണ് ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ മരണപ്പെട്ടത്. മൂന്ന് പേരുടെയും ചെറിയ മക്കളേയും ഭാര്യമാരേയും കണ്ടു. അമ്മ സുഭദ്ര ഗായൻ വീടിൻ്റെ വരാന്തയിൽ ചുരുണ്ടുകൂടി കിടക്കുന്നു.

സുഭദ്ര ഗായൻ. ഫോട്ടോ: നാസർ ബന്ധു

ദീപാങ്കർ ഗായൻ്റെ ഭാര്യാ സഹോദരനായ ജയദേവ് മൊണ്ടലാണ് ഞങ്ങളോട് സംസാരിച്ചത്. കുടുംബത്തിൽ മുതിർന്ന ആണുങ്ങൾ ആരുമില്ലാതായിരിക്കുന്നു എന്ന് പറയുമ്പോൾ അയാളുടെ കണ്ണ് നിറഞ്ഞിരുന്നു. സുഭദ്ര ഗായൻ എന്ന അമ്മക്ക് മൂന്ന് ആൺമക്കളും രണ്ട് പെൺകുട്ടികളുമായിരുന്നു. ഭർത്താവ് വളരെ ചെറുപ്പത്തിലേ മരണപ്പെട്ടതിനാൽ സുഭദ്ര വളരെ കഷ്ടപ്പെട്ടാണ് മക്കളെ വളർത്തിയത്. പെൺമക്കൾ രണ്ടും വിവാഹം കഴിഞ്ഞ് വളരെ ദൂരെയാണ് താമസം. നല്ലൊരു വരുമാനം പ്രതീക്ഷിച്ചാണ് ആൺമക്കൾ വേറെ നാട്ടിലേക്ക് ജോലി തേടിപ്പോയത്. അങ്ങനെ പോയത് കൊണ്ടാണ് മൂന്ന് പേർക്കും വീട് വയ്ക്കാൻ കഴിഞ്ഞത്.

നിഷികാന്ത ഗായൻ്റ ഭാര്യ രേഖ, മക്കൾ. ഫോട്ടോ: നാസർ ബന്ധു

സമീപത്തുള്ള മറ്റ് വീടുകളിൽ കൂടുതലും ടിൻ ഷീറ്റുകൾ കൊണ്ടോ, മണ്ണുകൊണ്ടോ നിർമ്മിച്ചവയാണ്. സുഭദ്ര ഗായന്റെ മക്കളുടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള പ്രവാസം ഇവർക്ക് അടച്ചുറപ്പുള്ള വീടുകൾ (പക്കാ ബാടി) നൽകി. ഇവരുടെ സമീപ ഗ്രാമങ്ങളിലുള്ള പലരും ട്രെയിൻ അപകടത്തിൽ മരണപ്പെടുകയും ധാരാളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാൾ ഗവർണർ ഉൾപ്പെടെ പല പ്രമുഖരും ഇവിടം സന്ദർശിക്കുകയും സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ദീപാങ്കർ ഗായൻ്റെ ഭാര്യ ബ്രിസ്പതിയും മക്കളും ഭാര്യ സഹോദരൻ ജയദേവ് മൊണ്ടലും. ഫോട്ടോ: നാസർ ബന്ധു

കൃഷ്ണദാസ് എന്ന പ്രതീകം

സുന്ദർബൻസിലെ ജനവാസമുള്ള അവസാന ഗ്രാമങ്ങളിലൊന്നായ ജോഡ്ഖാലിയിലെ സുഹൃത്ത് ഗൗതമിൻ്റ വീടിന് മുന്നിലിരുന്നാണ് കൃഷ്ണദാസിനോട് സംസാരിച്ചു തുടങ്ങിയത്. പത്ത് വർഷത്തിലേറെയായി അയാൾ കേരളത്തിലാണ് ജോലി ചെയ്യുന്നത്. എട്ടാം ക്ലാസിൽ പഠനം നിർത്തിയ ശേഷം കുറച്ച് നാൾ തയ്യൽ ജോലികൾ ചെയ്തെങ്കിലും കാര്യമായ വരുമാനമൊന്നും ഇല്ലാത്തതിനാൽ ഒരു സുഹൃത്തിൻ്റെ സഹായത്തിൽ കേരളത്തിലേക്ക് ജോലിക്ക് പുറപ്പെട്ടു. കാസർ​ഗോഡ്, കോഴിക്കോട്, മാനന്തവാടി, എറണാകുളം എന്നീ സ്ഥലങ്ങളിലെല്ലാം ജോലി ചെയ്തിട്ടുണ്ട് കൃഷ്ണദാസ്. നിർമ്മാണ മേഖലയിലാണ് നിലവിൽ ജോലി ചെയ്യുന്നത്. ഇപ്പോൾ രണ്ട് മാസത്തെ അവധിക്ക് നാട്ടിൽ എത്തിയതാണ്. നിർമ്മാണ മേഖലയിൽ സഹായിയായി തുടങ്ങി പതിയെ മേസ്തിരി ആയി ഉയർന്ന കൃഷ്ണദാസിന് കേരളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങൾ വയനാടും എറണാകുളത്തെ മേനകയുമാണ്. ആദ്യ കാലങ്ങളിലൊക്കെ സമ്പാദിക്കുന്നതിൽ കൂടുതലും കേരളത്തിൽ തന്നെ ചിലവഴിക്കുമായിരുന്നു. ഫോൺ, വസ്ത്രങ്ങൾ എന്നിവക്കെല്ലാം നല്ല തുക ചിലവാക്കിയിട്ടുണ്ടെന്നും എന്നാൽ വിവാഹം കഴിഞ്ഞതോടെയാണ് ആർഭാടമെല്ലാം കുറച്ച് ചെറിയ സമ്പാദ്യം ഉണ്ടാക്കി സ്വന്തമായി വീട് വച്ചെതെന്നും കൃഷ്ണദാസ് പറയുന്നു. സ്വന്തം നാട്ടിൽ ജീവിച്ചാലുള്ള ഏക വരുമാനമാർഗം കൂലിപ്പണിയാണ്. അതും മഴക്കാലത്ത് ഉണ്ടാവില്ല. കേരളത്തിലാണെങ്കിൽ വർഷം മുഴുവൻ ജോലിയും നാട്ടിൽ കിട്ടുന്നതിനേക്കാൾ മൂന്നോ നാലോ ഇരട്ടി കൂലിയും കിട്ടുമെന്നും പറഞ്ഞ കൃഷ്ണദാസിന്റെ സംസാരത്തിൽ നിർമ്മാണ മേഖലയിലുള്ള കമ്മീഷൻ വാങ്ങലും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുമായി ഉണ്ടാകുന്ന തൊഴിൽ മത്സരങ്ങളുമെല്ലാം കടന്നുവന്നിരുന്നു. ജീവിതത്തിൽ ഇത്തിരി സമൃദ്ധി പ്രതീക്ഷിച്ച് അന്യനാടുകളിലേക്ക് കുടിയേറുന്നവരുടെ ഒരു പ്രതീകമാണ് കൃഷ്ണദാസ്.

സുന്ദർബൻസിലേക്കുള്ള യാത്ര. ഫോട്ടോ: നാസർ ബന്ധു

സുന്ദർബൻസും കേരളവും

മലയാളിക്ക് ബംഗാൾ എന്നും ഒരു വികാരമായിരുന്നു. ബംഗാളീ കലയും, സാഹിത്യവും, സിനിമയും എല്ലാം പതിറ്റാണ്ടുകളോളം മലയാളികളെ ആകർഷിച്ചു. എണ്ണിയാലൊടുങ്ങാത്ത സാമൂഹിക, വൈജ്ഞാനിക, സാഹിത്യ മേഖലകളിലുള്ള ബംഗാളികൾ മലയാളികൾക്ക് പ്രിയപ്പെട്ടവരായി. നൂറു കണക്കിന് ബംഗാളി കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ബംഗാളിൻ്റെ സമ്പന്നമായ കലയും, സംസ്കാരവുമെല്ലാം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. എന്നാൽ തൊണ്ണൂറുകളോടെ കേരളത്തിലേക്ക് ധാരാളം ഇതര സംസ്ഥാന തൊഴിലാളികൾ തൊഴിൽ തേടി വരാൻ തുടങ്ങിയതോടെ ‘ബംഗാളി’ എന്ന വാക്കിൻ്റെ അർത്ഥം മാറി തുടങ്ങി. ഇങ്ങനെ വന്നവരിൽ ഭൂരിഭാഗവും ബംഗാളിലെ പിന്നോക്ക പ്രദേശങ്ങളിൽ നിന്നുള്ളവരായിരുന്നു. കേരളത്തിൽ ഇപ്പോൾ പല സംസ്ഥാനങ്ങളിൽ നിന്നും ഉള്ളവർ (ബീഹാർ, ഒറീസ, ആസാം തുടങ്ങിയ സംസ്ഥാനങ്ങൾ) ജോലി ചെയ്യുന്നുണ്ടെങ്കിലും നമ്മൾ അവരെ പൊതുവെ ‘ബംഗാളികൾ’ എന്ന് വിളിച്ച് അവരോട് ഹിന്ദി സംസാരിക്കുന്നു. യഥാർത്ഥത്തിൽ ഈ പല സംസ്ഥാനക്കാർക്കും പല ഭാഷയും, സംസ്കാരവും ജീവിത ശൈലികളുമാണുള്ളത്. ഭൂരിഭാഗം പേരും ഹിന്ദി പഠിക്കുന്നത് തന്നെ കേരളത്തിൽ വന്നിട്ടാണ്.

കേരളത്തിൽ ജോലി ചെയ്യുന്ന ഒരു ബംഗാൾ സ്വദേശിയോട് നാട് എവിടെയെന്ന് ചോദിച്ചാൽ കിട്ടുന്ന ഉത്തരം പൊതുവെ കൊൽക്കത്ത എന്നായിരിക്കും. കുറച്ചു കൂടി കൃത്യമായി ചോദിച്ചാൽ ബംഗാളിലെ തന്നെ പിന്നോക്കം നിൽക്കുന്ന ഒരു സ്ഥലമായിരിക്കും ഉത്തരം. മാൽദ, മുർഷിദാബാദ് പിന്നെ സുന്ദർബൻസ് പ്രദേശങ്ങൾ എല്ലാം ഇതിൽ വരും.

സുന്ദർബൻസിൽ നിന്നുള്ള കാഴ്ച. ഫോട്ടോ: നാസർ ബന്ധു

അതിജീവനത്തിൻ്റെ സുന്ദർബൻസ്

ഒരു മാന്ത്രിക ദേശമാണ് സുന്ദർബൻസ്. ഐതിഹ്യങ്ങളുടെയും അതിജീവനത്തിൻ്റെയും ആയിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യമുണ്ട് സുന്ദർബൻസിലെ ജനങ്ങൾക്ക്. ഏകദേശം പതിനായിരത്തോളം ചതുരശ്ര കിലോമീറ്ററിൽ ആയി പരന്നു കിടക്കുന്ന സുന്ദർബൻസിൻ്റെ അറുപത് ശതമാനത്തോളം ഇപ്പോൾ ബംഗ്ലാദേശിലാണ്. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടുകൾ, റോയൽ ബംഗാൾ കടുവകളുടെ വാസസ്ഥലം, പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രം എന്ന നിലയിലൊക്കെ സമ്പന്നത നിറഞ്ഞതാണ് സുന്ദർബൻസിൻ്റെ ചരിത്രം. സുന്ദർബൻസ് അഥവാ സുന്ദരവനം ഇപ്പോൾ പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ്, സൗത്ത് 24 പർഗാനാസ് എന്നീ ജില്ലകളിലായി സ്ഥിതി ചെയ്യുന്നു. ഗംഗ, ബ്രഹ്മപുത്ര, മേഘ്ന എന്നീ നദികൾ ഒഴുകി സുന്ദർബൻസിലൂടെയാണ് ബംഗാൾ ഉൾക്കടലിൽ ചേരുന്നത്. ഈ നദികളെല്ലാം സുന്ദർബൻസിൽ എത്തുമ്പോൾ പലതായി പിരിഞ്ഞ് ആയിരക്കണക്കിന് ചെറിയ നദികളും കൈവഴികളുമായി പല ദിശകളിൽ ഒഴുകിയാണ് കടലിൽ എത്തിച്ചേരുന്നത്. ഏകദേശം നാൽപത് ലക്ഷത്തോളം ജനസംഖ്യയുള്ള സുന്ദർബൻസിൽ വനവിഭവങ്ങൾ ശേഖരിക്കൽ, മത്സ്യ ബന്ധനം, കൃഷി എന്നിവയാണ് പ്രധാന വരുമാനമാർഗം. വളരെ ചെറിയ ഇടങ്ങളിൽ ടൂറിസവും വളർന്നു വരുന്നു.

ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ ഉള്ളതിനാൽ കൊടുങ്കാറ്റും, വെള്ളപ്പൊക്കവും ഈ പ്രദേശങ്ങളിൽ സാധാരണയാണ്. പല വഴിക്ക് ഒഴുകുന്ന ധാരാളം നദികളും, കായലുകളും നിറഞ്ഞ സുന്ദർബൻസിൽ മനുഷ്യവാസമുള്ള എല്ലാ സ്ഥലങ്ങളിലേക്കും റോഡ് മാർഗം യാത്ര ചെയ്യാൻ കഴിയില്ല. ദ്വീപുകളിലേക്ക് ബോട്ട് സർവ്വീസുകൾ ഉണ്ട്. സുന്ദർബൻസ് വനങ്ങൾ സംരക്ഷിത പ്രദേശങ്ങളായതോടെ കാടുകളിലേക്കുള്ള പ്രവേശനവും നിയന്ത്രിതമാണ്. ഇടതൂർന്ന കണ്ടൽകാടുകളും, ചെളിയും, ചതുപ്പും നിറഞ്ഞ കാടുകളിലൂടെ യാത്ര ചെയ്യൽ എളുപ്പമല്ല. കടുവകളും, മുതലകളും നിറഞ്ഞ കാട് സുരക്ഷിതവുമല്ല. ഏതാനും വർഷങ്ങൾ മുൻപ് വരെ സുന്ദർബൻസിലെ കടുവകൾ സ്ഥിരമായി മനുഷ്യരേയും, കന്നുകാലികളേയും പിടിച്ച് ഭക്ഷണമാക്കിയിരുന്നു. സുന്ദർബൻസിലെ മനുഷ്യ ജീവിതത്തിൻ്റെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് നരഭോജികളായ കടുവകളിൽ നിന്ന് സുരക്ഷിതരാവുക എന്നതായിരുന്നു.

സുന്ദർബൻസിൽ നിന്നുള്ള കാഴ്ച. ഫോട്ടോ: നാസർ ബന്ധു

മൗര്യ രാജവംശത്തിൻ്റെ കാലം തൊട്ട് സുന്ദർബൻസിൽ ജനവാസമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മുഗൾ കാലഘട്ടത്തിൽ ഈ പ്രദേശം മുഴുവൻ അളന്ന് തിട്ടപ്പെടുത്തി. ബ്രിട്ടീഷ് കാലഘട്ടത്തിൽ വനവിഭവങ്ങൾക്കായും നായാട്ടിനും സാഹസിക സഞ്ചാരത്തിനുമെല്ലാം സുന്ദർബൻസ് പ്രധാനപ്പെട്ട ഒരിടമായി. ഇന്ത്യയിൽ തന്നെ ആദ്യമായി സഹകരണ സംഘങ്ങൾ സ്ഥാപിച്ച സർ ഡാനിയേൽ ഹാമിൽട്ടണിൻ്റെ പ്രവർത്തന കേന്ദ്രവും സുന്ദർബൻസ് കേന്ദ്രീകരിച്ചായിരുന്നു.

മുസ്ലിം പശ്ചാത്തലമുള്ള ഹിന്ദു ദേവതയായ ബൊൺ ബീബീ സുന്ദർബൻസിലെ ഏറ്റവും പ്രധാനപ്പെട്ട, ആരാധിക്കപ്പെടുന്ന ദേവതയാണ്. ഹിന്ദു മുസ്ലിം മതമൈത്രിയുടെ നല്ലൊരു ഉദാഹരണമാണ് ബൊൺബീബി. സുന്ദർബൻസിലെ നരഭോജികളായ കടുവകളിൽ നിന്നും രക്ഷതേടി ബൊൺ ബീബിയോട് സഹായം തേടുന്ന ആളുകളെ ബൊൺ ബീബി രക്ഷപ്പെടുത്തുന്ന ഐതിഹ്യങ്ങളാൽ സമ്പന്നമാണ് ഇവിടുത്തെ സാമൂഹിക ജീവിതം. സുന്ദർബൻസിൽ എല്ലായിടത്തും ബൊൺ ബീബിയുടെ മന്ദിറുകളും, ദർഗകളും ഇപ്പോഴും കാണാൻ കഴിയും.

സർക്കാർ ഇതര സംഘടനകളുടെ വലിയൊരു മാർക്കറ്റ് കൂടിയാണ് സുന്ദർബൻസ് എന്ന് വേണമെങ്കിൽ പറയാം. പ്രാദേശിക തലം മുതൽ അന്താരാഷ്ട്ര സംഘടനകൾ വരെ സുന്ദർബൻസിൽ പ്രവർത്തിക്കുന്നുണ്ട്. എൻ.ജി.ഒ കളുടെ പ്രിയപ്പെട്ട വിഷയങ്ങളായ കാട്, പരിസ്ഥിതി, ആദിവാസി, ദുരന്തനിവാരണം എന്നിവക്കെല്ലാം വൻ സാധ്യതയാണ് സുന്ദർബൻസിൽ ഉള്ളത്. സുന്ദർബൻസിലെ ഏത് ഗ്രാമത്തിലൂടെ യാത്ര ചെയ്താലും ഏതെങ്കിലും സംഘടനയുടെ ഏതെങ്കിലും ഒരു പദ്ധതി ഉറപ്പായും കാണാൻ കഴിയും.

ഇന്ന് സുന്ദർബൻസിലെ ​ഗ്രാമീണരുടെ മുഖ്യ അതിജീവന മാർ​ഗം തൊഴിൽ തേടിയുള്ള പ്രവാസമായി മാറിയിരിക്കുന്നു. അങ്ങനെ തൊഴിലന്വേഷിച്ച് ദക്ഷിണേന്ത്യയിലേക്ക് കോറമാണ്ടൽ എക്സ്പ്രസിൽ കയറിയ ഹരൺ ഗായനും, നിഷികാന്ത ഗായനും, ദീപാങ്കർ ഗായനും ഉൾപ്പെടുന്ന ​ഗ്രാമീണരാണ് ഒഡീഷ ദുരന്തത്തിൽ മരണപ്പെട്ടത്.

Also Read

6 minutes read June 20, 2023 4:14 pm