ഗീതയിലെ കാലം, ഓപ്പൻഹൈമറുടെ മരണം

അമ്മയും ഞാനും മാത്രമായൊതുങ്ങിയ ജീവിതമായിരുന്നതിനാൽ ചെറുപ്പത്തിലൊന്നും സിനിമ കണ്ടയോർമ്മ എനിക്കില്ല. കോളേജിൽ ചേർന്ന ശേഷമാണ് കൂട്ടുകാർക്കൊപ്പം സിനിമയെന്ന ആ മഹാത്ഭുതം അനുഭവച്ചറിഞ്ഞത്. ബാല്യകൗമാരങ്ങളിൽ സ്വപ്നാനുഭൂതികളിലൂടെയും സാങ്കല്പികശ്രമങ്ങളിലൂടെയും എപ്പോഴും കാല്പനിക ലോകങ്ങളിലേക്ക് സഞ്ചരിച്ചിരുന്ന എനിക്ക് സിനിമ കാണൽ സ്വപ്നം വിലയ്ക്ക് വാങ്ങുന്ന പോലെയൊന്നായിരുന്നു. അമ്മ തരുന്ന ബസ്സ് ടിക്കറ്റ് കാശിൽ ബാക്കി വരുന്നത് ഈട്ടം കൂട്ടി തിയറ്ററിന്റെ മുന്നിലോ മറ്റോ കിട്ടുന്ന സീറ്റിലിരുന്ന് സിനിമ കാണുകയായിരുന്നു പതിവ്. മുന്നിലിരുന്ന് കഴുത്ത് വളച്ച് സിനിമ കണ്ടിരുന്ന ഞാൻ ഒരിക്കൽ പോലും കരുതിയിരുന്നില്ല ഒരുനാൾ കാലത്തിന്റെ നീക്കിയിരിപ്പ് പോലെ ഒരു ചരിത്രസിനിമ ലണ്ടനിലെ ബി.എഫ്.ഐ തിയേറ്ററിലിരുന്ന് കാണുമെന്ന്. എന്റെ ജീവിതത്തിൽ ഇന്നുവരെ ഒരു സിനിമ കാണുന്നതിനും ഞാൻ ഇത്രയേറെ മുന്നൊരുക്കങ്ങൾ എടുത്തിട്ടില്ല. ഇത്രയേറേ ദിവസങ്ങൾ കാത്തിരുന്നിട്ടില്ല. സിനിമയുടെ സൃഷ്ടാവ് തന്റെ സിനിമ എങ്ങനെ പ്രേക്ഷകൻ കാണണമെന്ന് ആഗ്രഹിച്ചുവോ അതേ നിലയിൽ തന്നെ ആ സിനിമ കാണണം എന്ന വാശിയായിരുന്നു ഞങ്ങൾക്ക്.

പറഞ്ഞു വന്നത് നോളന്റെ ഓപ്പൻഹൈമർ എന്ന ദൃശ്യവിസ്മയത്തെ പറ്റി തന്നെ. തിയേറ്ററുകളിൽ പ്രദർശനം തുടങ്ങുന്നതിന് നാളുകൾക്ക് മുന്നേ തന്നെ ലണ്ടനിലെ പത്രങ്ങളിലും മാഗസിനുകളിലും ചിത്രത്തിന്റെ നിർമ്മാണ സാഹസികതകളെ കുറിച്ചുള്ള വാർത്തകൾ നിറഞ്ഞിരുന്നു. ലണ്ടൻ ഫിലിം അക്കാദമിയിൽ സിനിമയുണ്ടാക്കൽ പഠിക്കണമെന്ന സ്വപ്നവും ചുമന്നലയുന്ന രണ്ട് സുഹൃത്തുക്കളുടെ നീണ്ട വിശദീകരണം കൂടെയായപ്പോൾ ഞങ്ങൾ എല്ലാവരുടെയും ആവേശം നൂറിരട്ടിയായി. ലണ്ടൻ ബി.എഫ്.ഐ ഐ-മാക്സ് തിയറ്ററിൽ ’15 perf/70mm’ ഒറിജിനൽ നോളൻ എഫക്റ്റിൽ തന്നെ ടിക്കറ്റ് കിട്ടാനുള്ള നീണ്ടകാത്തിരിപ്പായിരുന്നു പിന്നീട്. സിനിമയുടെ നൂറു ശതമാനം ‘നോളൻ ഇമ്മേഴ്‌സിവ് എഫക്ട്’ കിട്ടുന്ന ‘1.43:1 ratio’ എന്ന മാസ്മരിക ചാരുത ലഭിക്കുന്ന ബി.എഫ്.ഐ ഐ-മാക്സ് വി.ഐ.പി സീറ്റുകൾക്ക് ശ്രമിച്ചപ്പോൾ അറിഞ്ഞത് അവ എന്നോ ബുക്കായി പോയെന്നാണ്.

ദി ബി.എഫ്.ഐ ഐമാക്സ് തിയറ്റർ കടപ്പാട് : theartsshelf.com

ബാർബിയുടെയും ഓപ്പൻഹൈമറുടെയും റിലീസുകൾക്കും ബാർബി-ഹൈമർ മത്സരങ്ങൾക്കുമിടയിൽ ഒടുവിൽ ഞങ്ങൾ കാത്തിരുന്ന ദിവസം വന്നെത്തി. വെളുപ്പിനെ ലണ്ടനുള്ള വണ്ടിയും പിടിച്ച് ഞങ്ങൾ സാക്ഷാൽ ബി.എഫ്.ഐ തിയേറ്ററിലെത്തി. ടിക്കറ്റ് സ്കാൻ ചെയ്യാനുള്ള നീണ്ട വരിയിൽ കയറി നിന്നതും ഏകദേശം 18K റെസൊല്യൂഷനിൽ, കമ്പ്യൂട്ടർ ഗ്രാഹിക്സ് തൊട്ട് കൂട്ടാതെ ഒരു സിനിമ കാണാൻ പോകുന്നെന്ന കൗതുകത്തിൽ മേൽ മുഴുവൻ രോമാഞ്ചം. സീറ്റിലേക്ക് നടക്കുന്നതിനിടയിൽ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആകാശം മുട്ടുന്ന സ്ക്രീൻ കണ്ട് ഞങ്ങൾ അന്തം വിട്ട് നിന്നു. വിടർന്നാൽ പതിനൊന്ന് മൈലുകൾ നീളം വരുന്ന, അറുന്നൂറ് പൗണ്ട് ഭാരം വരുന്ന ആ ഭീമൻ സിനിമ ചുരുൾ പ്രൊജക്ഷൻ റൂമിനുള്ളിൽ വച്ചു സിനിമയാകുന്ന സാങ്കേതിക വിവരങ്ങളടങ്ങുന്ന ഡോക്യുമെന്ററി ആദ്യത്തെ നാലു ദിനങ്ങളിൽ കാണിച്ചിരുന്നത്രേ. എന്തായാലും ഞങ്ങൾക്ക് ആ ഭാഗ്യമുണ്ടായില്ല.

ബി.എഫ്.ഐ സ്ക്രീൻ കടപ്പാട്: reddit.com

സിനിമ തുടങ്ങി വളരെ സ്വാഭാവികമായ ട്രയൽ സീനുകളും ഓപ്പൻഹൈമറുടെ കേംബ്രിഡ്ജ് പഠനകാലവുമൊക്കെ കണ്ടിരുന്നപ്പോൾ 18K റെസൊല്യൂഷനിൽ 70 mm ൽ ചിത്രീകരിച്ച കാര്യമൊക്കെ ഞങ്ങൾ മറന്നു. ഞങ്ങളുടെ പ്രിയപ്പെട്ട കേംബ്രിഡ്ജ് സർവകലാശാലയിലെ കിങ്‌സ് കോളേജിനടുത്തെ ഗ്രാൻഡ് ചാപലും നദിയും മറ്റു മനോഹരദൃശ്യങ്ങളും കടന്ന് കഥ ഒഴുകി. ഒടുവിൽ എല്ലാരും കാത്തിരുന്ന ആ രംഗമെത്തി. ട്രിനിറ്റി ടെസ്റ്റിൽ ബോംബ് ബ്ലാസ്സ്റ്റ് ചെയ്യുന്ന കൗണ്ട് ഡൗൺ തുടങ്ങിയതും അത്രയും വലിയ തിയറ്ററിൽ ശ്വാസം മുട്ടുന്ന നിശബ്ദത. അതിഭീകരമായൊരു ശബ്ദമാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷെ സ്ഫോടനത്തിന്റെ ശബ്ദം ഓപ്പൻഹൈമറിലേക്ക് എത്തുന്നതിനു മുൻപുള്ള നിമിഷത്തിൽ, തിയറ്ററിന്റെ പരിപൂർണ്ണ നിശബ്ദതയിൽ ആ ഭീമൻ സ്ക്രീൻ മുഴുവൻ തീജ്വാലകൾ  നിറഞ്ഞു. സ്ക്രീനിന് പുറത്തേക്ക് ചിതറിയ പോലെ എങ്ങും പ്രകാശം. ചുറ്റും പടർന്ന അഗ്നിയിൽ താണുപോകുന്ന ഭീതിതമായ അനുഭവം!

അടുത്ത നിമിഷം സ്ഫോടനത്തിന്റെ ശബ്ദം മുഴങ്ങിയപ്പോഴാണ് ആ തീയിൽ നിന്ന് പുറത്തുവരാൻ കഴിഞ്ഞത്. എന്താണ് നോളൻ സൂക്ഷിച്ചു വച്ച ആ മഹാവിസ്മയമെന്ന് അപ്പോൾ വെളിപ്പെട്ടു. ഓപ്പൻഹൈമർ താൻ കണ്ട സംഹാരരൂപത്തെ അടയാളപ്പെടുത്താൻ ഗീതയിലെ വരികൾ കടമെടുത്ത കണക്ക് ഞങ്ങളുടെ അവസ്ഥയെ ഗീതയിലെ വരികൾ കൊണ്ട് തന്നെ ദ്യോതിപ്പിച്ചാൽ, പതിനൊന്നാം അധ്യായത്തിലെ ശ്ലോകം 14 കടമെടുക്കേണ്ടി വരും.

തതഃ സ വിസ്മയാവിഷ്ടോ ഹൃഷ്ടരോമാ ധനംജയഃ
പ്രണമ്യ ശിരസാ ദേവം കൃതാഞ്ജലിരഭാഷത

 || 11:14 |

വിരാട് രൂപത്തിന്റെ തേജ്ജസ്സിൽ കണ്ണിൽ ഇരുട്ട് കയറി, വിസ്മയാവിഷ്ടനായി, രോമങ്ങളുണർന്ന് ശിരസ്സ് കുനിച്ചു ശബ്ദം നഷ്ടപെട്ട നിലയിലായ ധനജ്ഞയന്റെ പകപ്പ്!

നോളൻ തീർത്ത ആ സ്ഫോടനവിസ്മയത്തിലെ തീനാളങ്ങളിലേക്ക് മുങ്ങി പോയപ്പോഴാണ് ഓപ്പൻഹൈമറിന്റെ അബോധത്തിൽ നിന്ന് എന്തു കൊണ്ട് ഗീതയിലെ ആ വരികൾ ഉയർന്നുവന്നു എന്ന് പൂർണ്ണമായി ഇന്ദ്രിയങ്ങൾ കൊണ്ട് അനുഭവിച്ചറിയാനായത്. ഒരായിരം സൂര്യന്മാർ ഒന്നിച്ചുദിച്ചാലും ഒപ്പമെത്താനാകാത്ത പ്രകാശ വിസ്മയമായിരുന്നു വിരാട് രൂപദർശനമെന്ന ഗീതയിലെ വരികൾ ഓപ്പൻഹൈമറുടെ ഗുരു റൈഡറാണ് ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്. അതേ വരികളിലെ ദൃശ്യപ്രപഞ്ചത്തിനോട് സദൃശ്യപ്പെടുന്നൊരു ഭയാനക സംഹാരതേജസ്സിന് ഓപ്പൻഹൈമർ സാക്ഷിയായത് കൊണ്ടാണ് ഗീതയിലെ വരികൾ ആ നിമിഷം അദ്ദേഹത്തിന്റെ അബോധത്തിൽ ഉയർന്നത്. ഇത്രയും ആഴമുള്ളൊരു വിസ്മയ കാഴ്ച്ച അതിന്റെ പരമോന്നത നിലയിൽ സാധാരണ മനുഷ്യർക്ക് കാട്ടി കൊടുക്കാൻ നോളൻ ഗ്രാഫിക്സ് പോലുള്ള സാങ്കേതികത ഉപയോഗിച്ചില്ല എന്നത് അവിശ്വസനീയമായി തോന്നിയേക്കാം. കൃത്രിമ ബുദ്ധിക്കും സാങ്കേതികതയ്ക്കും മുകളിൽ ആത്മവിശ്വാസം ഒരു കലാകാരന്  സ്വന്തം സർഗ്ഗശക്തിയിലുണ്ട് എന്നത് ഇന്നത്തെ തലമുറക്ക് അനുകരണീയമായൊരു മാതൃകയാണ്. തീ ജ്വാലകൾ പടർന്ന് അഗ്നിവളയങ്ങൾക്കുള്ളിലേക്ക്  താണുപോകുന്ന മഹേന്ദ്രജാലം സിനിമയിൽ പലതവണ പ്രേക്ഷകരുടെ അബോധത്തിലേക്ക് അരിച്ചിറങ്ങുന്നുണ്ട്. കലയുടെ ധർമ്മം അത് സ്വീകരിക്കുന്ന മനുഷ്യന്റെ ഇന്ദ്രിയങ്ങളുടെ വക്കോളം അനുഭൂതി നിറച്ചു,അവന്റെ അബോധത്തെ സ്പർശിക്കുക എന്നതാണെങ്കിൽ നോളൻ അതിന്റെ സാധ്യമായ ഏറ്റവും ഉയർന്ന നില കീഴടക്കി കഴിഞ്ഞിരിക്കുന്നു.

ഓപ്പൻഹൈമർ

മൂന്നു മണിക്കൂർ ഇടവേളയില്ലാത്ത ഒഴുക്കാണെങ്കിലും നോൺ-ലിനിയർ കഥ പറച്ചിൽ രീതിയും ആഴമുള്ള ഡയലോഗുകളും നമ്മെ മുഴുവൻ സമയവും സിനിമക്കുള്ളിൽ വ്യാപൃതരാക്കും. ഒരു ജിക്സോ-പസ്സിലിന്റെ ഭാഗങ്ങൾ ഒന്നിച്ചാക്കുന്ന കുട്ടിയുടെ ജിജ്ഞാസയോടെ നമ്മൾ സിനിമയിലെ സബ്ജക്റ്റീവും ഒബ്ജക്റ്റീവുമായ കാഴ്ച്ചകളെ കൂട്ടിയോജിപ്പിച്ചു കഥയുടെ തുടർച്ച കണ്ടെത്തുന്ന ഉദ്യമത്തിലേർപ്പെടും. ഉദാഹരണത്തിന് സ്ട്രോസ്സിന്റെ സംശയാസ്പദമായ കണ്ണിലൂടെയുള്ള ഐൻസ്റ്റീൻ-ഓപ്പൻഹൈമർ കൂടികാഴ്ച്ച വളരെ സബ്ജെക്റ്റിവായി ആദ്യം കാണിക്കുന്നുണ്ട്. പക്ഷെ അതേരംഗം തന്നെ ക്ലൈമാക്സിൽ വളരെ ഒബ്ജെക്റ്റീവായി തെളിമയോടെ കാണിക്കുന്നു. സബ്ജെക്റ്റീവായ ഭാഗങ്ങൾക്ക് ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്രെയിമും ഒബ്ജെക്റ്റീവായ രംഗങ്ങൾക്ക് കളർ ഫ്രെയിമും ഉപയോഗിച്ച് നോളൻ രണ്ട് വീക്ഷണങ്ങൾക്കും കൃത്യമായ സിനിമാറ്റിക്ക് അതിര് നൽകിയിട്ടുണ്ട്.

“We’ ll ensure the biggest peace that mankind has ever seen” എന്ന് (ആറ്റം ബോംബ് നിർമ്മിച്ച) ഓപ്പൻഹൈമർ പ്രസ്താവിക്കുമ്പോൾ “Until somebody builds a bigger bomb” എന്ന്  (ഹൈഡ്രജൻ ബോംബിന്റെ പിതാവായ) എഡ്വേർഡ് ടെല്ലർ ഉത്തരം പറയുന്നത് പോലെയുള്ള  ഡയലോഗുകളിലൂടെ ചിന്തിപ്പിക്കുന്ന ഒട്ടനവധി വിഷയങ്ങൾ നോളൻ പറയുന്നുണ്ട്. അതേസമയം കഥാപാത്രങ്ങളുടെ ഡയലോഗുകൾക്ക് കടകവിരുദ്ധമായിട്ടുള്ള അവരുടെ മാനസികകാലുഷ്യങ്ങൾ വെളിപ്പെടുത്തുന്ന രംഗങ്ങൾ അത്യുജ്ജ്വലങ്ങളായിരുന്നു. അതിൽ ഏറ്റവും ഗംഭീരമായി തോന്നിയ ഒന്ന് യുദ്ധം അവസാനിച്ച സന്തോഷത്തിൽ അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്ത് ഓപ്പൻഹൈമർ സംസാരിക്കുന്ന രംഗമാണ്. “ജപ്പാൻ ഉറപ്പായി ഇത് ആസ്വദിച്ചിട്ടുണ്ട്” എന്നും “ഒരുനാൾ നമ്മൾ ജർമ്മനിയിലും ഇത് പരീക്ഷിക്കും” എന്നും അദ്ദേഹം നിർദയം വിളിച്ച് പറയുമ്പോൾ  അമേരിക്കൻ ജനത ഇരിപ്പിടങ്ങളിൽ നിന്നും ചാടി എഴുന്നേറ്റ് ആർപ്പു വിളിക്കുന്നു. ഓപ്പൻഹൈമറുടെ വളരെ ക്രൂരമായ ഈ സന്തോഷപ്രകടനങ്ങൾക്കിടയിൽ പക്ഷേ അദ്ദേഹത്തിന്റെ കാഴ്ച്ചയിൽ ആ ജനങ്ങളുടെ ആരവങ്ങൾ ജപ്പാനിലെ മനുഷ്യരുടെ രോദനങ്ങളിൽ മുങ്ങി പോകുകയും അവർക്കിടയിൽ തീ പടർന്ന് മുഖങ്ങൾ വികൃതമായി പോകയും ചെയ്യുന്നു. പ്രസംഗത്തിനുശേഷം പുറത്തേക്ക് നടക്കുന്ന അദ്ദേഹത്തിന് മുന്നിൽ,കരയുന്ന മനുഷ്യരും അണുവികരണത്തിൽ ഛർദ്ദിച്ചവശരായവരും വന്നു നിറയുന്നു. അദ്ദേഹത്തിന്റെ ഉള്ളിലെ ആശയ സംഘർഷങ്ങൾ സുവ്യക്തമായി ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങളാണിത്.

ഓപ്പൻഹൈമറായി സിലിയൻ മർഫി

ഒരു മനുഷ്യൻ സ്വന്തം ദർശനങ്ങളുടെയും ആശയങ്ങളുടെയും നൂറായിരം ബദലുകൾ നിറഞ്ഞൊരു നീണ്ട സ്‌പെക്ട്രമാണെന്നും നാം നമ്മെ തന്നെ ചിലപ്പോൾ എതിരിടും എന്നും വാൾട് വിറ്റ് മാൻ ഉൾപ്പെടെ പല ചിന്തകരും അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും  വളരെ കലുഷിതവും, ഇക്യുലിബ്രിയത്തിലെത്താതുമായൊരു മനോനിലയുള്ള കഥാപാത്രത്തിന്റെ ജീവിതം സിനിമയായി പറയുക വളരെ കഠിനമാണ്.

ഓപ്പൻഹൈമറിന്റെ അതിസങ്കീർണമായ ആന്തരിക പ്രപഞ്ചവും അവിടെ നിറയുന്ന പരസ്പരവിരുദ്ധങ്ങളായ മനോവികാരങ്ങളും അതിഗംഭീരമായി സിനിമയുടെ തുടക്കം മുതൽ തന്നെ പ്രേക്ഷകരിൽ എത്തിക്കാൻ നോളനു സാധിച്ചിട്ടുണ്ട്. അധ്യാപകന്റെ ജീവൻ അപകടപ്പെടുത്തുകയും അടുത്ത നിമിഷം അനുതപ്പിക്കുകയും ചെയ്യുന്ന വിദ്യാർത്ഥിയായ ഓപ്പൻഹൈമറിലും, കാമുകിയായ ജീനിന്റെ ആത്മഹത്യക്ക് ശേഷം വല്ലാത്ത കുറ്റബോധം നിഴലിക്കുന്ന രംഗങ്ങളിലും ഈ മനോനില സുവ്യക്തമാണ്. പരസ്പരവിരുദ്ധമായ ഇതേ മനോനിലയാണ് അമേരിക്കൻ വിജയത്തിന് ശേഷം പ്രസിഡന്റിനെ കാണുന്ന ഓപ്പൻഹൈമറിലുമുള്ളത്. “Cry baby” എന്ന് അദ്ദേഹം കളിയാക്കപ്പെടുന്ന ആ സന്ദർഭത്തിനു ശേഷം, അതായത് ആറ്റംബോംബ് ജപ്പാനിൽ ഉപയോഗിച്ചതിനു ശേഷമുള്ള ഓപ്പൻഹൈമറിന്റെ പ്രവർത്തികളിൽ പക്ഷെ മേൽ പറഞ്ഞ അദ്ദേഹത്തിന്റെ ആൾട്ടർനേറ്റിവ് മനസ്സ് എന്ന ഘടകം മാത്രമല്ല പ്രവർത്തിക്കുന്നത്. സ്വന്തം ദാർശനികമായ തലത്തിലെ ചില പൊരുത്തക്കേടുകളും അദ്ദേഹത്തിന്റെ കുറ്റബോധത്തിന് കാരണമായിട്ടുണ്ട്.

ജെ. റോബർട്ട് ഓപ്പൻ‌ ഹൈമർ

ട്രിനിറ്റി ടെസ്റ്റിനു ശേഷം അദ്ദേഹം പറയുന്ന വാക്കുകൾ ഗീതയിലെ പതിനഞ്ചാം അധ്യായത്തിലെ 32ാം ശ്ലോകമാണ്. ആ ശ്ലോകത്തിന്റെ വ്യാഖ്യാനത്തിൽ ഓപ്പൻഹൈമറിന്റെ ഗുരു റൈഡർ സ്വീകരിച്ച ഒരു വിചിത്രമായ ആശയം ഓപ്പൻഹൈമറിനെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്.

|ശ്രീഭഗവാനുവാച |

കാലോ‌സ്മി ലോകക്ഷയകൃത്പ്രവൃദ്ധോ ലോകാന്സമാഹർതുമിഹ പ്രവൃത്തഃ |
ഋതേ‌പി ത്വാം ന ഭവിഷ്യന്തി സർവ്വേ യേ‌വസ്ഥിതാഃ പ്രത്യനീകേഷു യോധാഃ ||
15:32 ||

ബോംബ് ബ്ലാസ്റ്റിന് ശേഷം മുകളിൽ പരാമർശിച്ച ശ്ലോകം ഓപ്പൻഹൈമർ ഉരുവിടുന്നത്  “I Am death” എന്നാണ്. പക്ഷെ “അഹം കാലം അസ്മി” എന്ന് തുടങ്ങുന്ന ശ്ലോകത്തിന്റെ അർത്ഥം “ഞാൻ സർവ്വത്തിന്റെയും കാലാവധി നിശ്ചയിക്കുന്ന കാലമാണ്,ഞാൻ സർവ്വത്തിന്റെയും സംഹാരരൂപമാണ്” എന്നാണ്. പക്ഷേ കാലം എന്നത് ഓപ്പൻഹൈമർ മരണം എന്നാണ് മനസിലാക്കുന്നതും, ഉച്ഛരിക്കുന്നതും. സമയം, മരണം, കർമ്മഫലം എന്നിങ്ങനെയുള്ള വിഷയങ്ങളിൽ പാശ്ചാത്യ-പൗരസ്ത്യ ദർശനങ്ങളിലെ വലിയൊരു വൈരുധ്യം ഇവിടെ മുഴച്ചു നിൽക്കുന്നത് കാണാം.

ആത്മാവിന് മരണമില്ല എന്നും ജന്മാന്തരങ്ങളുടെ ചാക്രികമായ ആവർത്തങ്ങളിൽ മരണം എന്നത് ഒരു പ്രഹേളിക മാത്രമായതിനാൽ അവിടെ കുറ്റബോധത്തിനുള്ള ഇടമില്ല എന്നുമാണ് ഈ ശ്ലോകത്തിന് അർത്ഥം. ഇവിടെ സമയത്തെ ചാക്രികമായൊരു ആവർത്തനക്രമത്തിന്റെ അന്തമില്ലാത്ത ഒഴുക്കിൽ റഫറൻസ് പോയിന്റ് ആക്കി നിർത്തിയാണ് വ്യക്തിയുടെ കർമത്തെ വിശദീകരിച്ചിരിക്കുന്നത്. എന്നാൽ പാശ്ചാത്യ ദർശനങ്ങൾ ഏറെയും ലീനിയറും പ്രോഗ്രസ്സീവുമായതിനാൽ സെമിറ്റിക് മതങ്ങൾ ഒട്ടുമിക്കതും മരണശേഷമുള്ള ദീർഘമായ ജീവിതത്തെ പറ്റിയാണ് പറയുന്നത്. ഇവിടെ മനുഷ്യന്റെ ജീവിതവും പ്രവർത്തിയും ആവർത്തങ്ങളുടെ ഭാഗമല്ല. സമയത്തെ രേഖികമായ അന്തമില്ലാത്തൊരു പ്രോഗ്രഷനിൽ റഫറൻസാക്കി നിർത്തി മനുഷ്യന്റെ കർമ്മങ്ങളെ വിലയിരുത്തുകയാണ്. ഇത്തരം പാശ്ചാത്യ ദർശനത്തിന്റെ അടിസ്ഥാനത്തിൽ പാപബോധത്തിന് വലിയ പ്രാധാന്യമുണ്ട്. യൂറോപ്പിലേയും അമേരിക്കയിലേയും സാഹിത്യസൃഷ്ടികളും പലരുടെയും ജീവചരിത്രങ്ങളും പരിശോധിച്ചാൽ ഓപ്പൻഹൈമറിന് സംഭവിച്ച പോലൊരു അപാരമായ കുറ്റബോധം പലയിടത്തും കാണാൻ കഴിയും.

ഓപ്പൻഹൈമർ

ഗീതയിലെ വരികളിൽ ധ്വനിപ്പിക്കുന്ന ആത്മാവിന്റെ അമരത്വവും ജന്മങ്ങളുടെ പുനരാവർത്തനവും പാശ്ചാത്യ തത്വചിന്തയിലെ സമയത്തിന്റെ ലീനിയറായ നിലനിൽപ്പ്  എന്ന കാഴ്ച്ചപ്പാടിന് നേരെ എതിരാണ്. പൗരസ്ത്യ ദർശനങ്ങളിലെ ചാക്രികമായ പുനരാവർത്തനങ്ങളുടെ അന്തമില്ലാത്ത ഒഴുക്കും പാശ്ചാത്യ വീക്ഷണങ്ങളിലെ രേഖീയമായി നീളുന്ന പ്രോഗ്രഷനും തമ്മിലുള്ള ഫിലോസഫിക്കലായ കുരുക്ഷേത്രത്തിൽ അകപ്പെട്ട നിലയിൽ നമുക്ക് വേണമെങ്കിൽ ഓപ്പൻഹൈമറിനെ കാണാം.

സമയത്തിന്റെ രേഖികവും ചാക്രികവുമായ നിലനിൽപ്പിനെ പ്രതി പാശ്ചാത്യ-പൗരസ്ത്യ തത്വചിന്തകളിലെ  ഈ വൈരുദ്ധ്യം അറിഞ്ഞോ അറിയാതെയോ ആണെങ്കിലും സിനിമാറ്റിക്ക് ഭാഷയിൽ നോളൻ പലയിടത്തും നിക്ഷേപിച്ചിരിക്കുന്നത് അത്ഭുതം തന്നെ. സിനിമ തുടങ്ങുന്നത് കേംബ്രിഡ്ജിന്റെ അങ്കണത്തിൽ തളം കെട്ടി കിടക്കുന്ന മഴജലത്തിൽ മഴത്തുള്ളികൾ വീണ്, ഒന്നിന് പുറകെ ഒന്നായി വിടരുന്ന വൃത്താകൃതിയിലെ ചെറു ഓളങ്ങളിൽ നോക്കി നിൽക്കുന്ന ഓപ്പൻഹൈമറിൽ നിന്നാണ്. സിനിമ അവസാനിക്കുന്നത് ഐൻസ്റ്റീനിന്റെ ഭീതിതമായ പ്രവചനം കേട്ട് പുഴക്കരയിൽ സർവ്വനാശകരമായൊരു സ്ഫോടനപരമ്പരയിൽ വട്ടത്തിൽ ഓളം വെട്ടുന്ന തീവളയങ്ങൾ കണ്ട് പകച്ചു നിൽക്കുന്ന ഓപ്പൻഹൈമറിലും.

ഈ രണ്ട് സീനുകളിലും ഓപ്പൻഹൈമർ മുകളിൽ നിന്ന് താഴേക്ക് നോക്കുന്ന നിലയിലും അദ്ദേഹത്തിന്റെ  കാഴ്ച്ചയിൽ വൃത്താകൃതിയിൽ വികസിക്കുന്ന ഓളങ്ങളുമാണ് ഉള്ളത്. ഇത്തരത്തിൽ പലയിടത്തും അത്ഭുതകരമായ ചേർത്തുവയ്ക്കലുകളോടെ സിനിമയുടെതായ നോളൻ ഭാഷ പ്രേക്ഷകർക്ക് മുന്നിൽ വിസ്മയം തീർക്കുന്നു. എലിയറ്റിനെയും ഹെമിംഗ് വേയെയും സ്നേഹിച്ചിരുന്ന, റൈഡറിൽ നിന്നും ഗീത സാരാംശം പഠിച്ചിരുന്ന ഓപ്പൻഹൈമറിന്റെ ദാർശനികവും മാനസികവുമായ സൂക്ഷ്മാംശങ്ങൾ സിനിമയിൽ പലയിടത്തും വളരെ സമർത്ഥമായി നോളൻ വിളക്കി ചേർത്തിട്ടുണ്ട്.

ഓപ്പൻഹൈമർ ചിത്രീകരണത്തിനിടയിൽ ക്രിസ്റ്റഫർ നോളൻ കടപ്പാട് : thewrap.com

രാഷ്ട്രീയപരമായി സിനിമയെ വിലയിരുത്തിയാൽ ഭീകരമായ കമ്മ്യൂണിസ്റ്റ്‌ വേട്ട നടന്ന അമേരിക്കയുടെ മക്കാർത്തിയൻ-ഹൂവറിയൻ കാലഘട്ടവും റഷ്യൻ-അമേരിക്കൻ ശീതയുദ്ധത്തിന്റെ ‘പാരനോയ്ഡ്’ അന്തരീക്ഷവും പലയിടത്തും സിനിമക്ക് ആഴം കൊടുത്തിട്ടുണ്ട്. ഐയ്ൻസ്റ്റീനും ഓപ്പൻഹൈമറും തമ്മിലുള്ള സ്വകാര്യ സംഭാഷണത്തിൽ നിന്ന് സ്ട്രോസ് എന്ന കഥാപാത്രത്തിന് തുടങ്ങുന്ന സംശയം ഒരു ബിംബമായി നിലനിർത്തി രാജ്യങ്ങൾക്കിടയിലെ ഗുരുതരമായ യുദ്ധഭയവും തത്ഫലമായി ഉണ്ടാകുന്ന ആയുധമത്സരവും പാരനോയ്ഡ് ബാക്ക്ഗ്രൗണ്ടിൽ അവതരിപ്പിച്ചിട്ടുണ്ട്. മാനവികതയെ കുറിച്ചുള്ള ഭയാനകമായ ആശങ്ക അതിന്റെ ഏറ്റവും തീവ്രമായ ദൃശ്യഭാഷയിൽ ഉയർത്താൻ നോളന് ഈ സിനിമയിലൂടെ കഴിഞ്ഞു. സിനിമ അവസാനിച്ച ശേഷവും ഒന്നിനു പിറകെ ഒന്നായി പെരുകുന്ന തീവളയങ്ങൾ നമ്മെ വേട്ടയാടുക തന്നെ ചെയ്യും. അതിലേറെ ഫിലോസഫിക്കലായും രാഷ്ട്രീയപരമായും ഏറെ സൂക്ഷ്മമായി കണ്ടെടുക്കാവുന്ന നിരവധി വസ്തുകൾ അതീവചാതുര്യത്തോടെ നെയ്തെടുത്ത ഒരു അത്ഭുതമാണ് ഈ സിനിമ.

ബി.എഫ്.ഐ തിയറ്ററിൽ ഐശ്വര്യ കമല

രണ്ടാം ലോകമഹായുദ്ധം ക്ലാസ്സിൽ ടീച്ചർ പഠിപ്പിച്ചതിന് ശേഷം ക്ലാസ്സ് ഏകകണ്ഠമായി ഇനിയൊരു യുദ്ധം സംഭവിക്കരുതേയെന്ന് ചിന്തിക്കുന്ന നിമിഷം ആ ടീച്ചറുടെ അധ്യാപനം വിജയിച്ചു എന്ന് പണ്ടെന്നോ വായിച്ചതോർക്കുന്നു. അതുപോലെ ഓരോ കലാസൃഷ്ടിയും വിജയമാകുന്നത് അതിലെ മാനവികത മനുഷ്യന്റെ അബോധങ്ങളിൽ അവനറിയാതെ പ്രതിധ്വനിക്കുമ്പോഴാണ്. സാങ്കല്പികമായിട്ടാണെങ്കിലും ഇന്നത്തെ തലമുറയെ  തീനാളങ്ങളിലാഴ്ത്തി അഗ്നിശുദ്ധി വരുത്തിച്ച് സമാധാനത്തെക്കുറിച്ച് ആഴത്തിൽ ചിന്തിപ്പിക്കാൻ ക്രിസ്റ്റഫർ നോളൻ  എന്ന ഈ സിനിമ മാന്ത്രികന് കഴിഞ്ഞിട്ടുണ്ട്. സ്വന്തം കണ്ടുപിടിത്തത്തിൽ പരിതപ്പിച്ച ഓപ്പൻഹൈമറിനോട്‌ ഐക്യപ്പെട്ട്, ഇന്റർനെറ്റും കൃത്രിമ ബുദ്ധിയുമുൾപ്പെടെ ഇനിയും വരാനിരിക്കുന്ന അനേകായിരം ശാസ്ത്രസാങ്കേതിക അധിനിവേശങ്ങളിൽ സ്വയം പഴിക്കാൻ പോകുന്ന വരും തലമുറയ്ക്ക് കലകളിലൂടെ എങ്ങനെയാണ് മാനവികത നിലനിർത്തുക എന്ന ഒരു പാഠം കൂടിയാണ് ഈ നോളൻ സിനിമ.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

August 4, 2023 1:35 pm