അവിശ്വസനീയമാംവിധം മികച്ചതായിരുന്നു ഹരിത വിപ്ലവത്തിന് മുമ്പുള്ള വിളവ്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഹരിത വിപ്ലവമാണ് പട്ടിണിയിലായിരുന്ന നമ്മുടെ രാജ്യത്തെ ഭക്ഷ്യസുരക്ഷയിലേക്ക് നയിച്ചത് എന്നതാണ് ഒരു മുഖ്യവാദം. അന്തരിച്ച ഡോ. എം.എസ് സ്വാമിനാഥനാണ് ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്. നമ്മുടെ ഭരണസംവിധാനങ്ങൾ ഹരിതവിപ്ലവത്തിന്റെ സംഭാവനയായ രാസകൃഷിയെ അനുകൂലിക്കുകയും ജൈവകൃഷിയെ എതിർക്കുകയുമാണ് ചെയ്യുന്നത്. ജൈവകൃഷിയിലേക്കുള്ള മാറ്റം ഭക്ഷ്യസുരക്ഷയെ അവതാളത്തിലാക്കുമെന്നും രാജ്യം വീണ്ടും പട്ടിണിയിലാകുമെന്നും വാദിക്കപ്പെടുന്നു. എന്നാൽ വിളവ് കുറയുന്ന സാഹചര്യം ജൈവകൃഷിയിലൂടെ സൃഷ്ടിക്കപ്പെടില്ലെന്നും ചരിത്രപരമായി തന്നെ അതൊരു തെറ്റായ പ്രചരണമാണെന്നും രേഖകളിലൂടെ വ്യക്തമാക്കുകയാണ് പ്രൊഫ. രജീന്ദർ ചൗധരി. പരിഭാഷ: എ.കെ ഷിബുരാജ്.

വിഖ്യാത കാർഷിക ശാസ്ത്രജ്ഞൻ നോർമൻ ബോർലോഗ് ഒരിക്കൽ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്, “നിങ്ങളുടെ കൈവശമുള്ള കാലികളുടെ വളങ്ങളും, സസ്യങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും അടക്കമുള്ള ജൈവ അവശിഷ്ടങ്ങൾ അടങ്ങിയ എല്ലാ വസ്തുക്കളും മണ്ണിലേക്ക് തിരികെ കൊണ്ടുവന്നാൽ പോലും നിങ്ങൾക്ക് നാല് ബില്യണിലധികം മനുഷ്യർക്കുള്ള ഭക്ഷണം ഉൽപ്പാദിപ്പിക്കാൻ കഴിയില്ല. അതിനാൽ രാസവളമില്ലാതെ ഇന്നത്തെ ജനങ്ങൾക്ക് ഭക്ഷണം നൽകാമെന്ന് ലോകത്തോട് പറയരുത്. അപ്പോഴാണ് ഇത്തരം തെറ്റായ വിവരങ്ങൾ വിനാശകരമാകുന്നത്.” (Bailey 2000). രാസവസ്തുക്കളില്ലാതെയുള്ള കൃഷിയുടെ വിളവ് സാധ്യതകളെ ചോദ്യം ചെയ്യുന്നതിൽ ഈ നോബൽ സമ്മാന ജേതാവ് ഒറ്റയ്ക്കല്ല. അശോക് ഗുലാത്തി ‘Feeding humanity, saving the planet’ (ഇന്ത്യൻ എക്സ്പ്രസ്, സെപ്റ്റംബർ 4, 2022) എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ പറയുന്നത് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ICAR) നടത്തിയ മിക്ക പഠനങ്ങളും കാണിക്കുന്നത് രാസവളങ്ങൾ ഇല്ലാതെ കൃഷി ചെയ്യുമ്പോൾ വിളവ് 30-50 ശതമാനം കുറയുന്നു എന്നാണ്. എന്നാൽ ഇത് വസ്തുതാപരമായി ശരിയല്ല.

നോർമൻ ബോർലോഗ്

ജൈവകൃഷി മേഖലയിൽ ഉയർന്നുവരുന്ന സാധ്യതകളെ അവഗണിച്ചുകൊണ്ട് ഇന്ത്യൻ കാർഷിക രംഗത്തെ കോർപ്പറേറ്റുകളുടെ പിടിയിലൊതുക്കാൻ സഹായിക്കുന്ന നൂതന സാങ്കേതികവിദ്യയെ അനുകൂലിക്കുകയാണ് യഥാർത്ഥത്തിൽ അദ്ദേഹം ചെയ്യുന്നത്. “സെൻസറുകൾ, ഡ്രോണുകൾ, ലോ എർത്ത് ഓർബിറ്റുകൾ (LEOs), ബഹിരാകാശ സാങ്കേതികവിദ്യകൾ, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവയുടെ ഉപയോഗം വിപ്ലവകരമായ ഒരു യുഗത്തിന് തുടക്കമിട്ടിരിക്കുന്നു” എന്ന് അദ്ദേഹം പറയുന്നു . “ഡ്രിപ്പുകൾ, ഹൈഡ്രോപോണിക്‌സ്, എയറോപോണിക്‌സ്, വെർട്ടിക്കൽ ഫാമിംഗ് തുടങ്ങിയവ പ്രയോജനപ്പെടുത്തി പ്രകൃതി വിഭവങ്ങളുടെ വളരെ ചെറിയ അളവിലുള്ള ചൂഷണത്തിലൂടെ മനുഷ്യരാശിക്ക് ആവശ്യമുള്ളതൊക്കെ നൽകാൻ കഴിയും” എന്ന് അദ്ദേഹം തുടരുന്നു.

മുഖ്യധാര ഉയർത്തുന്ന ഈ വാദങ്ങളെ വെല്ലുവിളിക്കുന്ന ബദൽ ശബ്ദങ്ങൾ വളരെക്കാലമായി നിലവിലുണ്ടെങ്കിലും അതൊക്കെ ഓരങ്ങളിലേക്ക് ഒതുക്കപ്പെടുകയാണ്. 2007-ൽ ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ സംഘടിപ്പിച്ച ‘ഓർഗാനിക് അഗ്രികൾച്ചർ ആന്റ് ഫുഡ് സെക്യൂരിറ്റിയെക്കുറിച്ചുള്ള അന്തർദേശീയ സമ്മേളനത്തിൽ’ അഞ്ച് സർക്കാർ സ്ഥാപനങ്ങൾ, 24 ഗവേഷണ സ്ഥാപനങ്ങൾ, 31 സർവ്വകലാശാലകൾ എന്നിവയുൾപ്പെടെ 80 ലധികം രാജ്യങ്ങളിൽ നിന്നുള്ള 350 ഓളം പേർ പങ്കെടുത്തിരുന്നു. ആഗോള ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ആധുനിക രാസകൃഷിയെപ്പോലെ പാരിസ്ഥിതിക ആഘാതങ്ങൾ കുറച്ചുകൊണ്ട് ജൈവകൃഷിക്ക് കഴിയുമെന്ന് ആ സമ്മേളനം പ്രഖ്യാപിക്കുകയുണ്ടായി (Scialabba 2007). എന്നാൽ ദി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാമിംഗ് സിസ്റ്റം റിസർച്ച് (ICMR) ഇപ്പോഴും ജൈവകൃഷി പരിമിതമായ സ്വകാര്യ ഇടങ്ങളിൽ ചെയ്യാൻ മാത്രമേ ശുപാർശ ചെയ്യുന്നുള്ളൂ എന്നതാണ് വലിയ വൈരുധ്യം.

കൃഷിയിടത്തിലേക്ക് ജൈവവളം ഇറക്കുന്ന കർഷകർ. കടപ്പാട്:dte

ജൈവകൃഷി രാസകൃഷിയിലെന്നപോലെ ഉൽപ്പാദനക്ഷമമാണെന്നതിന് നിരവധി മാതൃകകൾ ഇന്ത്യയിൽ ഉണ്ടെങ്കിലും പുറത്ത് പ്രചരിപ്പിക്കുന്ന മിക്ക ഉദാഹരണങ്ങളും തെക്കൻ അല്ലെങ്കിൽ മധ്യ ഇന്ത്യയിൽ നിന്നുള്ളതാണ് (Alvares, 1999). ഹരിതവിപ്ലവത്തിന്റെ ഈറ്റില്ലവും ധാന്യ ഉൽപ്പാദനത്തിന്റെ മുഖ്യ കേന്ദ്രങ്ങളുമായ ഹരിയാനയിൽ നിന്നും പഞ്ചാബിൽ നിന്നുമുള്ള ഒരു ഉദാഹരണവുമില്ല. എന്നാൽ 2021 സെപ്റ്റംബർ 12 ന് ഹരിയാനയിലെ രോത്തക്കിൽ കുദ്രത്തി ഖേതി അഭിയാൻ (കെ.കെ.എ) എന്ന ജൈവകൃഷി ക്യാമ്പയിൻ സംഘടിപ്പിച്ച ജനകീയ സംവാദം പരിപാടിയിൽ ഹരിത വിപ്ലവം തീവ്രമായി നടപ്പാക്കപ്പെട്ട പ്രദേശത്ത് പോലും പ്രാദേശിക വിഭവങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ജൈവകൃഷിയുടെ വിളവ് മികച്ച രീതിയിൽ സാധ്യമാണെന്ന് തെളിവ് സഹിതം പുറത്തുകൊണ്ടുവരികയുണ്ടായി. വിപുലമായ പരിശോധനയ്ക്കായി ഞങ്ങൾ ഈ തെളിവുകൾ ഇവിടെ അവതരിപ്പിക്കുന്നു. എന്നാൽ ഈ തെളിവിലേക്ക് വരുന്നതിനുമുമ്പ്, കുദ്രത്തി ഖേതി അഭിയാൻ (കെ.കെ.എ) എന്താണെന്ന് വിശദീകരിക്കേണ്ടതുണ്ട്.

കുദ്രത്തി ഖേതി അഭിയാൻ (കെ.കെ.എ)

2009-ൽ ഹരിയാനയിലെ ഝജ്ജർ, രോത്തക്ക് ജില്ലകളിൽ ഒരേസമയം വിവിധ മേഖലകളിൽ ഇടപെടുന്ന സന്നദ്ധസേവകരുടെ ഒരു ഗ്രാമതല പദ്ധതി സാമൂഹിക പുരോഗതിക്കായി ആസൂത്രണം ചെയ്തിരുന്നു. എന്നാൽ അതിന് ഗ്രാമതലത്തിലോ പുറത്തുനിന്നോ വേണ്ടത്ര നല്ല പ്രതികരണം ലഭിക്കുകയുണ്ടായില്ല. അതേസമയം അതിന്റെ ലക്ഷ്യങ്ങളിൽ ഒന്നായ ജൈവകൃഷിക്ക് അനുകൂലമായി ഗ്രാമതലത്തിൽ നല്ല പ്രതികരണമാണ് ഉണ്ടായത്. സ്വാഭാവികമായും ജൈവകൃഷിക്ക് പ്രാമുഖ്യം ലഭിക്കുകയും കുദ്രത്തി ഖേതി അഭിയാൻ (കെ.കെ.എ) എന്ന പേര് സ്വീകരിക്കുകയുമാണുണ്ടായത്.

വിപണിയിൽ നിന്നും വാങ്ങിയതും കൃഷിയിടത്തിന് പുറത്തുനിന്നുള്ളതുമായ ഉൽപ്പന്നങ്ങളെ ആശ്രയിക്കാത്ത സ്വയം പര്യാപ്തമായ ജൈവകൃഷിയെ ആണ് കെ.കെ.എ പ്രോത്സാഹിപ്പിക്കുന്നത്. ജനിതക മാറ്റം വരുത്തിയ വിത്തുകയുടെ ഉപയോഗം, രാസവളങ്ങളുടയും കീടനാശിനികളുടെയും ഉപയോഗം തുടങ്ങിയവ ഒഴിവാക്കിക്കൊണ്ടുള്ള ഒരു കൃഷിരീതിയെ മാത്രം ആല്ല ജൈവകൃഷിയിലൂടെ ലക്ഷ്യമിടുന്നത് എന്നർത്ഥം. പ്രത്യേകിച്ച് വിപണി ഒരുക്കുന്ന ഉൽപ്പന്നങ്ങളെ ആശ്രയിക്കാതെയും ഏകവിള കൃഷിക്കുപകരം സമ്മിശ്ര കൃഷിരീതിയെ അവലംബിച്ചും, ജലസേചന രീതികളിൽ മാറ്റം വരുത്തിയും സസ്യലതാദികളെയും കന്നുകാലികളെയും കൃഷിയുമായി സമന്വയിപ്പിച്ചും മറ്റും കൃഷിയുടെ മൊത്തത്തിലുള്ള മാതൃകയെ അത് മാറ്റിമറിക്കുന്നു. വിപണിയുടെയും സാമ്പത്തിക സംവിധാനങ്ങളുടെയും പിന്തുണയില്ലാതെ കെ.കെ.എ തുടക്കം മുതൽ തന്നെ വിളവ് വർദ്ധനയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർബന്ധിതമായി. ഓർഗാനിക് ഫാമിങ് അസോസിയേഷൻ ഓഫ് ഇന്ത്യ (OFAI), അലയൻസ് ഫോർ സസ്‌റ്റെയ്നബിൾ ആൻഡ് ഹോളിസ്റ്റിക് അഗ്രിക്കൾച്ചർ (ASHA) എന്നീ രണ്ട് ദേശീയതല സംഘടനകളിൽ കെ.കെ.എ സജീവ പങ്കാളിയാണ്. അതും കർഷകർക്ക് ഏറെ പ്രയോജനം ചെയ്ത്.

ഒരു ​ഗോതമ്പ് കർഷകൻ. കടപ്പാട്:scroll

വിളവിൽ പ്രതിസന്ധിയുയർത്തിയ ഗോതമ്പ്

കരിമ്പ്, ബാജ്‌റ, പരുത്തി, കടുക് എന്നിവയ്‌ക്കൊപ്പം ഹരിയാനയിലെ രണ്ട് പ്രധാന വിളകളാണ് ഗോതമ്പും അരിയും. നെല്ലിന്റെയും മറ്റ് വിളകളുടെയും കാര്യത്തിൽ ജൈവകൃഷിയുടെ വിളവ് തുടക്കം മുതൽ രാസകൃഷിയുമായി താരതമ്യപ്പെടുത്താവുന്നതാണെങ്കിലും ഗോതമ്പിന്റെ കാര്യം അങ്ങനെയായിരുന്നില്ല. ഉയർന്ന വിളവ് നൽകുന്ന, ജൈവകൃഷി ചെയ്യുന്ന ഗോതമ്പ് കൃഷിയിടങ്ങളുടെ പ്രാദേശിക മാതൃകകൾ നിലവിലുണ്ടായിരുന്നില്ല. ഒട്ടുമിക്ക ജൈവകർഷകർക്കും ഗോതമ്പ് കൃഷിയിൽ നിന്നും നല്ല ഫലം ലഭിക്കുന്നുണ്ടായിരുന്നില്ല. ഇത് വിദഗ്ധരുമായുള്ള കൂടിയാലോചനകൾക്കും കൃഷിരീതികളുടെ പുനഃപരിശോധനയ്ക്കും കാരണമായി. കെ‌.കെ‌.എ തയ്യാറാക്കിയ ലഘുലേഖയിൽ നൽകിയിരുന്ന കൃഷിരീതികളെക്കുറിച്ചുള്ള വിവരങ്ങൾ ഏറെക്കുറെ മികച്ചതാണെങ്കിലും, അതിനെല്ലാം പരിശീലന പരിപാടികളിൽ വേണ്ടത്ര ഊന്നൽ നൽകിയിരുന്നില്ല എന്ന് തിരിച്ചറിയാൻ അതിലൂടെ കഴിഞ്ഞു. പ്രസിദ്ധീകരണത്തിൽ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി എന്നതുകൊണ്ട് മാത്രം കർഷകർ അവ പാലിക്കണമെന്നില്ല എന്നുള്ള യാഥാർഥ്യം അതിലൂടെ തിരിച്ചറിയാൻ കഴിഞ്ഞു.

പ്രതിബദ്ധതയുള്ള ജൈവകർഷകർക്ക് പോലും ശുപാർശ ചെയ്യപ്പെടുന്ന എല്ലാ രീതികളും കൃത്യമായി പാലിക്കേണ്ടതിന്റെ ആവശ്യകതയും സാധ്യതയും ബോധ്യപ്പെട്ടിരുന്നില്ല എന്നതായിരുന്നു യാഥാർഥ്യം. എന്നാൽ 2016ൽ മഹാരാഷ്ട്രയിലെയും മധ്യപ്രദേശിലേയും കൃഷിയിടങ്ങൾ സന്ദർശിച്ചതോടെ ഈ നിലപാട് മാറി. ജൈവകൃഷി വിജകരമാക്കുന്നതിനായി ശുപാർശ ചെയ്യുന്ന കാര്യങ്ങൾ മണ്ണിൽ പ്രയോഗിക്കുകയും നല്ല വിളകൾ ലഭിക്കുകയും ചെയ്യുന്നത് അവിടെ കണ്ടതോടെ ഹരിയാനയിലെ ജൈവകർഷകർ സ്വന്തം കൃഷിയിടങ്ങളിൽ ആ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ തുടങ്ങി. കൂടാതെ കെ.കെ.എ നൽകുന്ന പരിശീലന കളരികളിലും വേണ്ട മാറ്റങ്ങൾ വരുത്തി. ഇതെല്ലാം മെച്ചപ്പെട്ട വിളവ് ലഭിക്കുന്നതിലേക്ക് നയിച്ചു.

2019 ആയപ്പോഴേക്കും ജൈവ കർഷകർക്ക് ഉയർന്ന വിളവ് ലഭിച്ചു തുടങ്ങി. എന്നാൽ ഈ വിവരങ്ങൾ പുറംലോകത്തേക്ക് എത്തിക്കാൻ തയ്യാറാക്കപ്പെട്ടപ്പോഴേക്കും കോവിഡ് വന്നു. ആ കാലതാമസത്തിന് ശേഷം 2019-2020 വർഷത്തെ വിളവെടുപ്പ് കാലയളവിലുള്ള ഡാറ്റ ശേഖരണം സാധ്യമായി. 2021 സെപ്തംബർ 12-ന് ഹരിയാനയിലെ രോത്തക്കിൽ നടന്ന പൊതുതെളിവെടുപ്പിൽ നിരവധി കർഷകർക്കും ബന്ധപ്പെട്ട മറ്റുള്ളവർക്കുമായി ഈ വിവരങ്ങൾ വിശകലനത്തിനായി സമർപ്പിച്ചു. ഹരിയാനയിലെ 14 ജില്ലകളിലെ 22 ജില്ലകളിൽ നിന്നുള്ള കർഷകരെ ഉൾപ്പെടുത്തിയ സർവേ ഫലങ്ങളുടെ പ്രധാന സവിശേഷതകൾ പട്ടിക 1ൽ നൽകിയിരിക്കുന്നു.

ജൈവ ഗോതമ്പ് വിളവ് തെളിയിച്ച സർവ്വേ

വിളവ് വർഗ്ഗീകരണ വിഭാഗങ്ങൾ ഇനിപ്പറയുന്ന മാനദണ്ഡത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഏക്കറിന് 10.4 ക്വിന്റൽ ആണ് C-306 ഇനം ഗോതമ്പിന്റെ ശരാശരി വിളവ്. ഇതാണ് താരതമ്യത്തിനുള്ള മാനദണ്ഡമായി ഉപയോഗിച്ചത്. C-306 ഇനം ഹരിയാനയിലെ കർഷകർക്ക് പ്രിയപ്പെട്ട നാടൻ ഇനമാണ് (Gupta 2018). ഗോതമ്പിന്റെ മറ്റ് നാടൻ ഇനങ്ങൾക്കും ഞങ്ങൾ ഈ മാനദന്ധം ഉപയോഗിച്ചിട്ടുണ്ട്. 2017-ൽ അവസാനിച്ച മൂന്ന് വർഷക്കാലത്ത് ഹരിയാനയിലെ ഗോതമ്പിന്റെ ശരാശരി വിളവ് ഏക്കറിന് 18.4 ക്വിന്റൽ ആയിരുന്നു (Government of Haryana, nd). അതിനാൽ നാടൻ അല്ലാത്ത (HYV) ഗോതമ്പിനങ്ങളുടെ ഉൽപ്പാദനക്ഷമത അളക്കാനുള്ള മാനദണ്ഡമായി C-306 യുടെ വിളവാണ് ഉപയോഗിച്ചത്.

2019 മുതൽ 2020 വരെയുള്ള എല്ലാ പട്ടികകളിലും ഉൽപ്പന്നങ്ങളുടെ അളവിൽ കാര്യമായ പുരോഗതി ഉണ്ടായതായി കാണിക്കുന്നു. ചില പ്രാദേശിക ജൈവ കർഷകർക്ക് ഗോതമ്പിൽ പോലും രാസകൃഷിയുമായി താരതമ്യപ്പെടുത്താവുന്ന വിളവ് ലഭിക്കാൻ തുടങ്ങിയത് മറ്റു കർഷകർക്ക് പ്രയോജനമായി. അതിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് അവരും ജൈവകൃഷിയുടെ തത്വങ്ങൾ തങ്ങളുടെ കൃഷിരീതികളിൽ പ്രയോഗിക്കാൻ തുടങ്ങി. ഇത് അവരുടെ ഗോതമ്പ് വിളവ് മെച്ചപ്പെടുത്തി. 2020ൽ ഏകദേശം 98 കർഷകർക്ക്, അതായത് ഗോതമ്പ് വിളവിന്റെ വിവരങ്ങൾ സൂക്ഷിക്കുന്ന 45 ശതമാനം ജൈവ കർഷകർക്ക്, ശരാശരി സംസ്ഥാനതല വിളവിനേക്കാൾ കൂടുതൽ വിളവ് ലഭിച്ചിരുന്നു. ഈ കണക്കിൽ ഹരിയാനയിലെ ജനപ്രിയ നാടൻ ഗോതമ്പ് ഇനമായ C-306ന്റെ സംസ്ഥാന ശരാശരിയേക്കാൾ മികച്ച വിളവ് ലഭിച്ചവരും മൊത്തം സംസ്ഥാന ശരാശരി വിളവെടുപ്പിനേക്കാൾ മികച്ച വിളവ് ലഭിച്ചവരും ഉൾപ്പെടുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. ഹരിയാനയിലെ ജൈവ കർഷകർ കൃഷി ചെയ്യുന്ന മറ്റ് നാടൻ ഇനങ്ങളുമായി താരതമ്യം ചെയ്യാനും C-306 ഇനത്തിന്റെ ഉൽപ്പാദന ശേഷിയാണ് മാനദണ്ഡം ആക്കിയത്. ഞങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ച ശരാശരി വിളവ് ഈ ഇനത്തിന് ഉപയോഗിച്ചു. നാടൻ ഇതര ഇനങ്ങളുടെ ഉൽപ്പാദനം താരതമ്യം ചെയ്യാൻ 2017 അവസാനിക്കുന്ന മൂന്ന് വർഷക്കാലത്തെ ഹരിയാനയിലെ ഗോതമ്പിന്റെ ശരാശരി വിളവാണ് മാനദണ്ഡമാക്കിയത്.

രാസകൃഷിയെ തോൽപ്പിച്ച ജൈവകൃഷി

ഹരിയാനയിലെ പരിചയസമ്പന്നരായ ജൈവകർഷകരുടെ അവലോകന യോഗത്തിലാണ് 2019-ലെ സർവേ ഫലങ്ങൾ പുറത്തുവിട്ടത് (കുറഞ്ഞത് രണ്ട് വർഷത്തെ ജൈവകൃഷി പരിചയമുള്ളവർക്ക് മാത്രമായി ക്ഷണം പരിമിതപ്പെടുത്തിയിരുന്നു). രണ്ട് ദിവസത്തെ അവലോകനത്തിൽ, ‘ഹരിയാനയിലെ ഞങ്ങളുടെ സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, ജൈവകൃഷിയുടെ എല്ലാ തത്വങ്ങളും പ്രയോഗത്തിൽ വരുത്തിയാൽ രാസകൃഷിയുടേതിന് തുല്യമായതോ അതിനേക്കാൾ മികച്ചതോ ആയ വിളവ് ജൈവകൃഷിയിലും സാധ്യമാകുമെന്നതിൽ സംശയമില്ല’ എന്ന നിഗമനത്തിൽ എത്തിച്ചേർന്നു. അതേസമയം മുഴുവൻ സമയവും കൃഷിക്ക് വേണ്ടി വിനിയോഗിക്കാൻ കഴിയാത്ത കർഷകർക്കും, വിപണിയിൽ ഇടപെടേണ്ടുന്നതിന്റെ സമയ പരിമിതികൾ കാരണം ജൈവകൃഷി തത്വങ്ങൾ പൂർണ്ണമായും പാലിക്കാൻ കഴിയാത്ത കർഷകർക്കും മികച്ച വിളവ് കണ്ടെത്താൻ കഴിഞ്ഞില്ല.

ഹരിയാനയിലെ ജൈവകർഷകർ. കടപ്പാട്:tribune

ശരിയായ ശാസ്ത്രീയ തെളിവുകൾ

2021 സെപ്റ്റംബറിൽ നടത്തിയ പൊതുതെളിവെടുപ്പിൽ വച്ച് ഹരിയാനയിലെ ജൈവകർഷകർക്ക് രാസകൃഷിയിലൂടെ ലഭിക്കുന്നതിന് തുല്യമായ വിളവ് ലഭിക്കുന്നുണ്ടെന്ന നിരീക്ഷണം സ്ഥിരീകരിച്ചു. എന്നിരുന്നാലും, ഇവിടെ അവതരിപ്പിച്ച തെളിവുകൾ ‘ശരിയായ ശാസ്ത്രീയ തെളിവുകൾ’ അല്ലെന്ന് ചിലർ വാദിച്ചേക്കാം. എന്നാൽ, ജൈവകൃഷിയിലും ഉൽപ്പാദന ക്ഷമത സാധ്യമാണെന്നുള്ള ഹരിയാനയുടെ അനുഭവം മുഖ്യധാരാ കാർഷിക സ്ഥാപനങ്ങൾ നടത്തിയ ദീർഘകാല പഠനവും പിന്തുണയ്ക്കുന്നുണ്ടായിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമിംഗ് സിസ്റ്റംസ് റിസർച്ച് 2004 മുതൽ നടത്തുന്ന ‘നെറ്റ്‌വർക്ക് പ്രൊജക്റ്റ് ഓൺ ഓർഗാനിക് ഫാർമിംഗ്’ (NPOF) ന്റെ ഭാഗമായി കാർഷിക മേഖലയിലെ പഠനങ്ങൾ നടത്തിയിരുന്നു. പതിനാറ്‍ ഇന്ത്യൻ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 20 കേന്ദ്രങ്ങളിൽ നടത്തിയ ഈ പഠനത്തിന്റെ ഫലങ്ങൾ ജൈവകൃഷിയിലൂടെ മികച്ച വിളവ് സാധ്യമാണെന്ന് കാണിക്കുന്നു. ജൈവകൃഷിയിലേക്ക് മാറിയ 18 വിളകളുടെ കാര്യത്തിൽ, രാസകൃഷിയിലേതിന് തുല്യമോ അതിനേക്കാൾ ഉയർന്നതോ ആയ വിളവ് രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ തന്നെ ലഭിക്കുന്നുണ്ടെന്ന് ഈ പഠനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൈവകൃഷിയിലൂടെ ബസുമതി അരി, ചോളം, ചെറുപയർ, സോയാബീൻ, പരുത്തി, വെളുത്തുള്ളി, കോളിഫ്‌ളവർ, തക്കാളി എന്നിവ രാസകൃഷിയിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ 4 മുതൽ 14 ശതമാനം വരെ വിളവ് നേട്ടമുണ്ടാക്കിയതായും പഠനം പറയുന്നു. (For a detailed discussion of IIFSR results see Chaudhary 2020).

നിർഭാഗ്യവശാൽ, ജൈവകൃഷിക്ക് അനുകൂലമായ ഫലങ്ങൾ കാണിക്കുന്ന നെറ്റ്‌വർക്ക് പ്രൊജക്റ്റ് ഓൺ ഓർഗാനിക് ഫാർമിംഗ് (NPOF) നടത്തിയ സ്വന്തം പരീക്ഷണ ഫലങ്ങൾ ഉണ്ടായിരുന്നിട്ടും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമിംഗ് സിസ്റ്റംസ് റിസർച്ച് അവരുടെ നയപരിപാടികളിൽ ജൈവകൃഷിയെ ‘ചില പ്രത്യേക പ്രദേശങ്ങളിലും വിളകളിലും’ മാത്രമായി പരിമിതപ്പെടുത്തുന്നു. വ്യാപകമായ കാർഷികവൃത്തിക്ക് സാധ്യതയുള്ള ഹരിയാന പോലെയുള്ള ഒരു സ്ഥലത്ത് ‘സംയോജിത വിളപരിപാലനം’ പോലുള്ള സമീപനത്തിന്റെ യഥാർത്ഥ ഉദ്ദേശം തന്നെ വേറെയാണ്. ജൈവ വളങ്ങൾ ചേർക്കുമ്പോൾ രാസവളങ്ങളുടെ ഉപയോഗം കൂടി നിലനിർത്തുന്നതിനുള്ള ഒരു സവിശേഷ തന്ത്രത്തിന്റെ ഭാഗമാണ് ഈ സമീപനം (IIFSR 2016). കൂടാതെ ജൈവകൃഷിക്ക് അനുകൂലമായ സ്വന്തം പരീക്ഷണ ഫലങ്ങൽ യഥേഷ്ടം ഉണ്ടായിട്ടും, ജൈവകൃഷിയെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള വിമുഖതയ്ക്ക് ഈ നയരേഖ ഒരു വിശദീകരണവും നൽകുന്നില്ല.

അനിവാര്യമല്ലാതെ കടന്നുവന്ന ഹരിതവിപ്ലവം

ഇന്ന് ജൈവകൃഷിയുടെ തത്വങ്ങളും പ്രയോഗവും ഒരു റോക്കറ്റ് സയൻസ് ഒന്നുമല്ല. പരമ്പരാഗത കൃഷിരീതികളിൽ നൂതന ആശയങ്ങൾ ചേർത്തുകൊണ്ടുള്ള ജൈവകൃഷിക്ക് ഹരിതവിപ്ലവ ഭൂമിയിൽ പോലും രാസകൃഷിയിലെ അതേ ഉൽപ്പാദനക്ഷമത ഉണ്ടെങ്കിൽ ‘അന്നത്തെ സാഹചര്യങ്ങളിൽ ഹരിതവിപ്ലവത്തിലേക്ക് പോകുകയല്ലാതെ മറ്റൊരു മാർഗവുമില്ലായിരുന്നു’ എന്ന വാദത്തെ ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു. കെ.കെ.എ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമിംഗ് സിസ്റ്റംസ് റിസർച്ച് എന്നിവ നൽകുന്ന വിവരങ്ങൾ ‘കപ്പലിൽ നിന്ന് വായിലേക്ക്’ (ship to mouth) എന്ന കഥയിലെ PL480 എന്ന കരാറിലൂടെ അമേരിക്കയിൽ നിന്നുള്ള ഭക്ഷ്യ ഇറക്കുമതി ഒഴിവാക്കാനാവാത്തതും ഹരിത വിപ്ലവം അനിവാര്യവും ആയിരുന്നു എന്ന അവകാശവാദത്തെക്കുറിച്ച്‌ ഗുരുതരമായ സംശയങ്ങൾ ഉയർത്തുന്നു. ജൈവകൃഷിയിലൂടെ ഉയർന്ന വിളവ് സാധ്യമാകുമെന്നത് കെ.കെ.എയുടെയും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമിംഗ് സിസ്റ്റംസ് റിസേർച്ചിന്റെയും കണക്കുകൾ കൊണ്ട് മാത്രം തെളിഞ്ഞ കാര്യമല്ല.

ഹരിത വിപ്ലവത്തിന് മുൻപും മികച്ച ഉൽപ്പാദനം

‘കൃഷി പണ്ഡിറ്റ്’ പുരസ്കാര ജേതാക്കളുടെ ഹരിതവിപ്ലവത്തിന് മുമ്പുള്ള കാലയളവിലെ വിളവ് നിലവാരം സംബന്ധിച്ച റിപ്പോർട്ട് പ്രകാരമുള്ള ഡാറ്റയും അത് സ്ഥിരീകരിക്കുന്നു (പട്ടിക 2). രാസക്കൃഷിക്ക് മുൻപും, അത്യുൽപ്പാദന ശേഷിയുള്ള വിളവ് ഇനങ്ങളുടെ വരവിന് മുൻപും ഈ വിളവ് നിലവാരം ഇന്ത്യയിൽ ഉണ്ടായിരുന്നു എന്ന് ഇന്നും മിക്ക രാസകർഷകർക്കും അറിയില്ല. അഞ്ച് ഘട്ടങ്ങളിലായി നടന്ന മത്സരത്തിന് ശേഷമാണ് ‘കൃഷി പണ്ഡിറ്റ്’ അവാർഡുകൾ വിതരണം ചെയ്തിരുന്നത്. ആദ്യ ഘട്ടത്തിൽ, നാല് ഘട്ട മത്സരങ്ങൾക്ക് ശേഷം സംസ്ഥാന തല അവാർഡുകൾ പ്രഖ്യാപിക്കുകയും അടുത്ത വർഷം ഈ സംസ്ഥാനതല വിജയികൾ ദേശീയതലത്തിൽ മത്സരിക്കുകയും ചെയ്തു. അതിനാൽ, ഈ വിളവ് നില രണ്ട് തവണയെങ്കിലും പരിശോധിക്കുന്ന സ്ഥിതിയുണ്ടായി. രണ്ടാമതായി, ഈ കർഷകർ അവലംബിച്ച രീതികളുടെ വിശദാംശങ്ങൾ സൂചിപ്പിക്കുന്നത് ഇന്ന് ജൈവകൃഷി എന്ന് വിളിക്കപ്പെടുന്നതിനും കെ.കെ.എ (PIB 1955 ) പ്രോത്സാഹിപ്പിക്കുന്നതിനും സമാനമാണ് എന്നാണ്. ആകസ്മികമായി, മുകളിൽ പറഞ്ഞ പബ്ലിക് ഹിയറിങ്ങിൽ, പ്രാദേശിക കാർഷിക സർവ്വകലാശാലയുടെ പ്രതിനിധി ഈ ഡാറ്റ വളരെ കൃത്യമാണെന്ന് കണ്ടെത്തുകയുണ്ടായി. അത്രയ്ക്ക് അവിശ്വസനീയമാംവിധം മികച്ചതായിരുന്നു ഹരിത വിപ്ലവത്തിന് മുമ്പുള്ള വിളവ് !

‘കൃഷി പണ്ഡിറ്റ്’ പുരസ്കാര ജേതാക്കളുടെ ഹരിതവിപ്ലവത്തിന് മുമ്പുള്ള കാലയളവിലെ വിളവ് നിലവാരം

ജൈവ വളത്തിനും ക്ഷാമം ഇല്ല

ജൈവകൃഷിയിലൂടെ കുറഞ്ഞ വിളവ് മാത്രമേ ലഭിക്കൂ എന്ന് വാദിക്കുന്ന, ഈ ലേഖനത്തിന്റെ തുടക്കത്തിൽ ഉദ്ധരിച്ച നോർമൻ ബോർലോഗിന്റെ പ്രസ്താവനയിൽ നിന്ന് ഒരു വാദം കൂടി ഉയർന്നേക്കാം. ജൈവകൃഷിയിലേക്ക് പൂർണ്ണമായ മാറ്റം സാധ്യമാക്കാൻ ആവശ്യമായ ജൈവവളങ്ങളും മറ്റും ലഭ്യമാണോ എന്നാണത്. ഹരിയാനയിലെ പരിചയ സമ്പന്നരായ ജൈവകർഷകർ തയ്യാറാക്കിയ പുതിയ മാനുവലിൽ ശുപാർശ ചെയ്യുന്നതുപോലെ, നല്ല വിളവ് ലഭിക്കുന്നതിന് ഒരു ഏക്കറിന് ഒരു കന്നുകാലിയുടെ ചാണകവും മൂത്രവും മതിയാകും. ഇന്ത്യയിൽ കൃഷിചെയ്യുന്ന ഒരു ഏക്കറിന് 0.87 പശുക്കളും എരുമകളും ഉണ്ടെന്നും അവയുടെ എണ്ണത്തിൽ ആടുകൾ കൂടി ചേർത്താൽ ഏക്കറിന് 1.54 കന്നുകാലികൾ (ഇന്ത്യ ഗവൺമെന്റ്, 2020) വരുമെന്നും ഔദ്യോഗിക കണക്കുകൾ കാണിക്കുന്നു. അതിനാൽ, മൃഗങ്ങളുടെ കാഷ്ടം ശരിയായി വിനിയോഗിക്കുന്നതിന് ശരിയായ സ്ഥാപനപരമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും കർഷകർക്ക് പരിശീലനം നൽകുകയും അതിനുള്ള സൗകര്യമൊരുക്കുകയും ചെയ്താൽ, രാജ്യം മുഴുവൻ ജൈവകൃഷിയിലേക്ക് മാറിയാലും ജൈവവളങ്ങൾക്ക് ക്ഷാമമുണ്ടാകില്ല.

ജൈവവളം തയ്യാറാക്കുന്ന കർഷകൻ. കടപ്പാട്:betterindia

എത്രകാലം പടിക്ക് പുറത്തു നിർത്തും?

ജൈവകൃഷി എന്നത് കാർഷിക-രാസവസ്തുക്കൾ ഉപയോഗിക്കാതെ കൃഷിയിടത്തിലെ ജൈവവളം ഉപയോഗിച്ചുകൊണ്ടുള്ള കൃഷി മാത്രമല്ലാത്തതിനാൽ ഇതിന് സർക്കാർ സ്ഥാപങ്ങളുടെ പിന്തുണ വളരെ അനിവാര്യമാണ്. അത്തരമൊരു മൗലികമായ മാറ്റം ഉയർന്നുവരണമെങ്കിൽ, മികച്ച ജൈവകർഷകർ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമായി വരേണ്ടതുണ്ട്. ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും അവരുമായി ഇടപഴകേണ്ടത് കർഷകർക്ക് മുകളിൽ നിന്നും നിർദ്ദേശങ്ങൾ നൽകുന്ന രീതിയിലല്ല, മറിച്ച് തുല്യരായിട്ടാണ്. ഇത് ഏതൊരു സർക്കാർ ഉദ്യോഗസ്ഥനും വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്!

ഔദ്യോഗിക സംവിധാനത്തിന്റെയൊന്നും പിന്തുണയില്ലാതെ തന്നെ മികച്ച വിളവിന്റെ കാര്യത്തിൽ ജൈവകൃഷിയുടെ സാധ്യത ‘ഹരിത വിപ്ലവ’ മേഖലകളിൽ പോലും തെളിയിക്കപ്പെട്ടു. അതുകൊണ്ട് ഇനിയെങ്കിലും 2001-ൽ സമർപ്പിച്ച ജൈവകൃഷിയെക്കുറിച്ചുള്ള ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ശുപാർശ ചെയ്ത പ്രകാരം ജൈവകൃഷി മുഖ്യധാരയിലേക്കും കുറഞ്ഞത് സർക്കാർ ഫാമുകളിലെ പകുതി കൃഷിയിടങ്ങളിലെങ്കിലും നടപ്പിലാക്കേണ്ട സമയമാണിത്. വിപണനവും മറ്റ് വ്യവസ്ഥാപരവുമായ പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്നതിനൊപ്പം കൃഷിരീതികളെയും സാങ്കേതികവിദ്യകളെയും വിമർശനാത്മകമായി സമീപിക്കാനും ഇത് കർഷക സംഘടനകളെ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നാൽ ജൈവകൃഷി മാത്രമല്ല, കാർഷികരംഗം തന്നെ വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. ഇന്ന് കാർഷികവൃത്തി നമ്മുടെ സമൂഹത്തിന്റെ അവസാനത്തെ തെരഞ്ഞെടുപ്പ് മാത്രമാണ്. എന്നാൽ പോഷകാഹാരം, ആരോഗ്യകരമായ ഭക്ഷണം എന്നിവ എല്ലായ്പ്പോഴും മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ആവശ്യമായി നിലനിൽക്കുക തന്നെ ചെയ്യും. അതിനാൽ, ഭക്ഷ്യ ഉൽപ്പാദകരെ അവഗണിക്കാൻ കഴിയില്ല. എന്നാൽ അവർക്ക് അർഹമായ പരിഗണന എങ്ങനെ ലഭിക്കും എന്നത് കുഴഞ്ഞ ഒരു പ്രശ്നം തന്നെയാണ്. അത് കൃഷിരീതികളുടെയും രാസ-ജൈവ വേർതിരിവുകളുടെയും അപ്പുറം നിലനിൽക്കുന്ന ഒരു വലിയ പ്രഹേളിക തന്നെയാണ്.

(ഹരിയാനയിലെ രോത്തക്ക് എം.ഡി യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക്‌സ് വിഭാഗത്തിൽ മുൻ പ്രൊഫസറും കുദ്രത്തി ഖേതി അഭിയാന്റെ ഉപദേഷ്ടാവും ആണ് പ്രൊഫ. രജീന്ദർ ചൗധരി. കടപ്പാട്: Mainstream Weekly, 16 September 2022)

Also Read

10 minutes read September 29, 2023 8:12 am