

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


“ദൈവങ്ങളിൽ നിന്നും രാജാക്കന്മാരിൽ നിന്നും അങ്ങ് സാധാരണതയുടെ ഉച്ചകോടിയും അഭയസ്ഥാനവുമായിരുന്നു. ഹിമാലയമല്ല, നാട്ടിൻപുറത്തെ എന്നും കാറ്റുകൊള്ളാൻ ചെല്ലുന്ന കുന്നിൻപുറം. കൈനീട്ടിത്തൊടാവുന്ന ആകാശം. ഞങ്ങളുടെയെല്ലാം കൗമാരകാല പ്രേമസങ്കല്പനങ്ങൾക്ക് തീ പിടിപ്പിച്ച ആ സാധാരണ പ്രണയ സിനിമയിൽ പാട്ടും അഭിനയവുമായങ്ങു നിറഞ്ഞു നിന്നപ്പോൾ അനുഭവിച്ച ബന്ധുത്വബോധത്തെ അടയാളപ്പെടുത്താവുന്ന വാക്കറിഞ്ഞുകൂട സഹോദരാ.” (കവി വി.ടി ജയദേവന്റെ ജയചന്ദ്രൻ ഓർമ്മ).
കവി എഴുതിയ സാധാരണത്വം ജയചന്ദ്രൻ എന്ന പ്രതിഗാനാലാപത്തിന്റെ അസ്തിത്വം തന്നെയായിരുന്നു. ഇടർച്ചകളെയാണ് അത് കൂട്ടി തുന്നിയത്. മോഹങ്ങളല്ല മോഹഭംഗങ്ങളാണ് ആ സ്വരം അനശ്വരമാക്കിയത്. ഇരിങ്ങാലക്കുടയിലും മറ്റും നടത്തിയ ചില യാത്രകളിൽ ജയചന്ദ്രൻ എന്ന കലാകാരനെ രൂപപ്പെടുത്തിയ ചില സാധാരണ മനുഷ്യരെ കണ്ടുമുട്ടിയത് രവി മേനോൻ ഓർമ്മിക്കുന്നുണ്ട്. ബന്ധുക്കളും ഗുരുഭൂതന്മാരും സർക്കാർ ജീവനക്കാരും തൊഴിലാളികളും ഉണ്ടായിരുന്നു ആ സമൂഹത്തിൽ. ബാബുരാജിനൊപ്പം മലബാറിലെ ഉൾനാടൻ പ്രദേശങ്ങളിൽ നിക്കാഹിനും മറ്റ് വിശേഷങ്ങൾക്കും മതിമറന്നു പാടി സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങളെ ആനന്ദിപ്പിക്കുന്ന ജയചന്ദ്രനെ കുറിച്ച് എസ് മനോഹരൻ എഴുതുന്നുണ്ട്. ചെറുപ്പത്തിൽ വന്ന സെറിബ്രൽ പാഴ്‌സി രോഗം മൂലം ഏകാന്തത ജീവിതസത്യമായ എന്റെ ഒരു ബന്ധു യേശുദാസിന്റെ രാഗജീവിതം ആകാശത്തെ ഒരു ഗന്ധർവവനാദമായി കേൾക്കുന്നു, എന്നാൽ ജയചന്ദ്രൻ അവർക്ക് ജയേട്ടൻ എന്ന് വിളിക്കാവുന്നത്ര സമീപസ്ഥനാണ്. മുകളിൽ കവിയും സഹോദരാ എന്നാണ് ജയചന്ദ്രനെ സംബോധന ചെയ്യുന്നത്. “യേശുദാസ് ഒരു വിഗ്രഹമാണ്. വിഗ്രഹത്തിനടുത്ത് പോകാൻപോലും നമുക്ക് പരിമിതികളുണ്ട്. തൊടുന്ന കാര്യം ചിന്തിക്കുകയേ വേണ്ട. പൂജാരിക്കേ അതിന് അനുമതിയുള്ളൂ. എന്നാൽ ജയചന്ദ്രന് ഓരോ മലയാളിയും അവരുടെ സുഹൃത്തിന്റെ സ്ഥാനമാണ് കൽപിച്ചു നൽകിയിട്ടുള്ളത്. തമാശകളും പരിഭവവുമൊക്കെ പങ്കുവെക്കാവുന്ന ഒരു സുഹൃത്ത്” എന്ന് ഗിരീഷ് പുത്തഞ്ചേരി ഓർമ്മിക്കുന്നുണ്ട്.


ഏകാന്തതയുടെയും മോഹഭംഗങ്ങളുടെയും സ്വരവർണ്ണരാജികൾ ബഹുസ്വരമാക്കിയ ഒരു കാലമാണ് ജയചന്ദ്രൻ. മോഹം കൊണ്ട്, കണ്ണിൽ കത്തുന്ന ദാഹം കൊണ്ട്, ദൂരെ തീരങ്ങളിൽ ഈണം തേടി പോകുന്ന, ഒന്ന് തൊടാൻ ഉള്ളിൽ തീരാ മോഹം പേറുന്ന ഒരാൾ ആ പാട്ടിലുണ്ട്. സമീപത്ത് കിട്ടിയ സ്നേഹത്തെ അനുരാഗഗാനം പോലെ എന്നാണ് അയാൾ വിളിക്കുന്നത്. അനുരാഗത്തിന് നൽകുന്ന ശബ്ദം പോലെ ആധുനിക വ്യക്തിയുടെ ഏകാന്തതയ്ക്കും ഇച്ഛാഭംഗങ്ങൾക്കും അത് നാദം പകർന്നു. സാഗരങ്ങളെയല്ല അഗാധനിശബ്ദതകളെ, അന്തരശ്രു സരസ്സിൽ നീന്തുന്ന ഹംസങ്ങളെ, ഉൾപ്രപഞ്ചത്തിൻ സീമയിലെ ചിത്രവർണ്ണങ്ങളുടെ നൃത്തങ്ങളെ അത് നിരന്തരം കേൾപ്പിച്ചു. കവി എഴുതിയത് പോലെ ഏറ്റവും മികച്ചതുകളെ, ഒന്നാംതരം സംഗതികളെ ഇത്തിരി പേടിയോടെ നോക്കുകയും അകന്നുമാറി നടക്കുകയും ചെയ്ത, മാഷന്മാരിൽ നിന്നും ഒളിഞ്ഞുമാറി നടന്ന അച്ഛനില് നിന്നും കോലായിൽ നിന്നും ഇത്തിരിയകന്ന അമ്മയോടും അടുക്കളയോടും ഒട്ടി നിന്ന, സാധാരണ സംഗതികളിൽ മാത്രം ദഹനസുഖമനുഭവിരുന്നവരുടെ അഭിരുചികളാണ് ജയചന്ദ്രൻ സമൂർത്തമാക്കിയത്. കാമനയുടെ പൊതുഭാഷയല്ല വികാരസാന്ദ്രമായ ശിഥിലഭാഷ്യങ്ങളാണ് ഇതിൽ വെളിപ്പെട്ടത്.
‘ഏകാന്തപഥികൻ’ എന്നാണ് ജയചന്ദ്രനെ കുറിച്ചുള്ള ലേഖനത്തിന് ചലച്ചിത്രഗാനചിന്തകൻ രവി മേനോൻ നല്കിയ ശീർഷകം. ജയചന്ദ്രന്റെ സംഗീതജീവിതത്തെ ആകമാനം ആ പദത്തിൽ വായിക്കാം. എന്തായിരുന്നു ആ സ്വരമാധുരിയുടെ ഏകാന്തത? മലയാള ചലച്ചിത്രലോകത്തിന്റെ ചില മാനകീകരണ യുക്തികൾ കൂടിയാണ് അത്തരം അന്വേഷണങ്ങളിൽ വെളിപ്പെട്ട് തുടങ്ങുക. ‘ഭാവഗായകൻ’ എന്നത് ഈ മാനകയുക്തികൾക്ക് ബദലായി മലയാളി സമ്മാനികുന്ന സമാശ്വാസ ലേബലായിരുന്നു. ഗായിക സുജാതയ്ക്കും സമാനമായ ഭാവഗായിക പദവി കൽപ്പിക്കുന്നത് ശ്രദ്ധിക്കുക. യേശുദാസ് എന്ന കാനോന ആവാതിരുന്ന അനവധി ശബ്ദങ്ങളുടെ സംഘർഷങ്ങളാണ് പി ജയചന്ദ്രനെ നിരന്തര പ്രതിസ്വരമാക്കിയത്. ബ്രഹ്മാനന്ദൻ, കമുകറ, തോപ്പിൽ ആന്റോ ഇങ്ങനെ എത്രയെത്ര സ്വരഭേദങ്ങളുടേത് കൂടിയാണ് മലയാള ചലച്ചിത്രഗാനശാഖ. ജയചന്ദ്രൻ ചിലപ്പോൾ ഈ കൂട്ടാന്തതകളുടെ ഭാവമായിരുന്നു. മലയാളിയുടെ എല്ലാ അനുഭവങ്ങളുടെയും സമ്മതി നേടിയ പൊതുശബ്ദമായിരുന്നില്ല, ഒറ്റയായ ചില ക്ഷണിക നിമിഷങ്ങൾ അനന്യമായി ജയചന്ദ്രന്റെ ശബ്ദത്തിൽ സാന്ദ്രീകരിക്കപ്പെട്ടു. എല്ലാവർക്കും പങ്കിടാവുന്ന ഏകാന്തതയോ കാമനയുടെ പൊതുഭാഷയോ മഹാഗായകത്വമോ അംഗീകാരങ്ങളോ ഒരിക്കലും ജയചന്ദ്രന് ലഭിച്ചില്ല. ഗന്ധർവസദൃശല്ല, മനുഷ്യരുടെ ശബ്ദങ്ങളിൽ ഒന്നായി അനുഭവവേദ്യമായത് കൊണ്ടാകണം ഈ ശബ്ദം എന്നും ഭൂമിയെ തൊട്ട് നിന്നു.


ലഭിക്കാതെ പോയ ഒരു കാമനയുടെ ആന്തരവിഷാദം ജയചന്ദ്രൻ അനശ്വരമാക്കിയ പല പാട്ടുകളിലും നിഴലിക്കുന്നുണ്ട്. ജയചന്ദ്രന്റെ സംഗീതം കേവലമായ അമൂർത്തതയോടല്ല സവിശേഷമായ മൂർത്തതയോടാണ് ആഭിമുഖ്യം പുലർത്തുന്നത് എന്ന് സുനിൽ പി. ഇളയിടം നിരീക്ഷിക്കുന്നുണ്ട്. ‘മഞ്ഞലയിൽ മുങ്ങി തോർത്തി’ എന്ന ഗാനത്തിൽ തന്നെ ഈ ലീനവിഷാദം ശ്രുതി മീട്ടുന്നു. വഴുതി പോകുന്ന ഒരു കാമനയെ ആ സ്വരം മധുരമായി പിൻവിളിക്കുന്നു. ആ കാമന കണ്ടവരുണ്ടോ എന്നു ചോദിക്കുന്നു. കവിളത്തെ കണ്ണീരും ഗദ്ഗദവും നനഞ്ഞു ഗായകന്റെ ശബ്ദം ആതുരമാകുന്നു. കരിമുകിൽ കാട്ടിലെ എന്ന ഗാനത്തിൽ ചക്രവാളമാകെ ഈ ഗദ്ഗദം മുഴങ്ങുന്നു. സർവമെന്ന് കരുതിയ ചില മൃദു നിമിഷങ്ങൾ നഷ്ടപ്പെട്ട് കരയിൽ തനിച്ചായി പോയവരുടെ പാട്ട്. ‘ഹർഷബാഷ്പം തൂകി’ എന്ന പാട്ടിൽ വിരഹിയായ കാമുകന്റെ മധുരശോക സ്മരണ മുഴുവൻ ഒപ്പിയെടുത്ത് ഗായകൻ സമൂർത്തമാക്കുന്നു. ഈ വിഷാദദീപ്തി അതിസാന്ദ്രമാകുന്ന ഗാനമാണ് ഉൽക്കടലിൽ ഉള്ളത്. ‘ശരദിന്ദു’ എന്ന ഗാനത്തിൽ വിഷാദവും ഏകാന്തതയും ഇനിയൊരു ജന്മത്തിന്റെ പടവുകളിലേക്ക് കൂടി നീട്ടി വയ്ക്കുന്നു. വിഷാദവും ഒപ്പം പ്രതീക്ഷയും അതിലുണ്ട്. ‘മറന്നിട്ടുമെന്തിനോ’ എന്ന ഗാനത്തിലും ഒരു നഷ്ടസ്‌മൃതിയും വീണ്ടെടുപ്പും ഘനീഭവിക്കുന്നു. പൊഴിഞ്ഞിട്ടും എന്തിനോ പൂക്കുന്ന ഒരു ഋതു ഈ ഗാനം സംവഹിക്കുന്നു. എന്തിനെന്നറിയാത്ത എത്രയോ സ്നേഹിച്ചുപോയ ഒരു സ്നേഹമാണ് ഇവിടെ സമൂർത്തമാകുന്നത്. ‘രാസാത്തി ഉന്നേ’ എന്ന ഗാനത്തിലും അലഭ്യമായ ഒരു പ്രണയത്തെ പിരിയുക വയ്യാത്ത പിടച്ചിൽ ഉച്ചസ്ഥായിയിൽ ഉയരുന്നു. ‘കാത്തിരുന്നു കാത്തിരുന്നു കാലങ്ങൾ പോകുതെടി’ എന്ന പാട്ടും വിരഹത്തെ അനന്യമാക്കുന്നു.


‘സ്‌മൃതി തൻ’ എന്ന ദൂരദർശൻ ലളിതഗാനത്തിൽ ഓർമ്മകളുടെ ഒരു കണക്കെടുപ്പ് കേൾക്കാം. ആൽബം സോങ്ങിലും തന്റെ ഭാവദീപ്തി അദേഹം തുടരുന്നുണ്ട്. ‘ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം’ എന്ന ഗാനം ശൂന്യമായ ഏകാന്തതകളുടെ സ്നേഹവികാരങ്ങൾക്ക് ആത്മഭാവം നൽകുന്നു. ‘എന്തേ ഇന്നും വന്നീല’ എന്ന ഗാനത്തിലും പ്രതീക്ഷയും ഏകാന്തതയും ഓർമ്മയും നിറയുന്നു. ഭാവനയിലുള്ളതോ ഒരിക്കൽ ലഭിച്ചതോ ഇനി ലഭിക്കാൻ ഇട വരാത്തതോ ആയ ഒരു അനുഭൂതിയുടെ ക്ഷണികത മൂർത്തമാക്കുകയാണ് ഗായകൻ. അതുകൊണ്ട് തന്നെ അവൾ ആ ഗാനസാമ്രാജ്യത്തിൽ എന്നേക്കും ഭാവനാരോമാഞ്ചമായിരിക്കും. ഏകാന്തതയുടെ ചില്ലയിൽ പൂവിടുന്ന ഏഴിലം പാല പൂ ആയിരിക്കും. അനുഭവങ്ങൾ ഗന്ധർവമേഖലകളിൽ നിന്ന് സാധാരണതകളിൽ ഇറങ്ങി വന്ന യേശുദാസ് അല്ലാത്ത പ്രതികാലമേ നിനക്കഭിനന്ദനം.