Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
കിഴക്കന്‍ ഗാസയില്‍ ഇസ്രയേലി സൈനികര്‍ നടത്തിയ റെയ്ഡിനിടെ മൊഹമ്മദ് ഭര്‍ എന്ന ഓട്ടിസ്റ്റിക് ആയ, ഡൗണ്‍സ് സിന്‍ഡ്രോം ബാധിതനായ ഇരുപത്തിനാലുകാരനെ സൈന്യത്തിന്റെ നായയെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ വാര്‍ത്ത പുറത്തുവന്നത് ദിവസങ്ങള്‍ക്കുമുമ്പാണ്. വീട്ടിലേക്ക് അതിക്രമിച്ചു കയറിയ സൈനികര്‍ ഭറിനെ ഒരു മുറിയിലേക്ക് മാറ്റി നായയെ കൊണ്ട് പീഡിപ്പിക്കുകയായിരുന്നു. ഭറിന്റെ കുടുംബാംഗങ്ങള്‍ക്ക് ഈ ദുരന്തത്തിന് നിസ്സഹായ സാക്ഷികളാകേണ്ടിവന്നു. ഭറിന് ഡോക്ടറുടെ സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട കുടുംബത്തെ തോക്കുചൂണ്ടി ഇസ്രയേല്‍ സൈന്യം വീട്ടില്‍നിന്നും പുറത്താക്കുകയായിരുന്നു. ജൂണ്‍ 28നാണ് ഈ ആക്രമണം നടന്നത്, ദിവസങ്ങള്‍ക്ക് ശേഷം കുടുംബം തിരിച്ചെത്തിയപ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ചുകിടക്കുന്ന ഭറിന്റെ ജീവനറ്റ ശരീരമാണ്.
ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര കോടതിയുടെ താക്കീതുകള്‍ കിട്ടിയിട്ടും പലസ്തീനിയന്‍ ജനതയ്ക്കുമേല്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധകുറ്റകൃത്യങ്ങള്‍ അവസാനിക്കുന്നില്ല. അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും ഇസ്രയേല്‍ കുറ്റകൃത്യങ്ങള്‍ തുടരുകയാണ്. പലസ്തീനിന്റെ ഭൂമിയില്‍ ഇസ്രയേലി സാന്നിധ്യം നിയമവിരുദ്ധമാണ് എന്നായിരുന്നു ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന്റെ പ്രസിഡന്റ് നവാഫ് സലാമിന്റെ പ്രസ്താവന. പലസ്തീനില്‍ നിലനില്‍ക്കുന്ന ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്ന കോടതിയുടെ വാക്കുകളെ പലസ്തീനിയന്‍ ഉദ്യോഗസ്ഥര്‍ സ്വാഗതം ചെയ്യുകയും ചെയ്തു. എന്നാല്‍, ഈ പ്രശ്‌നത്തിന് പൂര്‍ണ പരിഹാരം ലഭിക്കാന്‍ ലോകരാജ്യങ്ങളുടെ പിന്തുണയും ആവശ്യമാണ്.
ഹമാസിന്റെ പ്രതിരോധത്തെ തുടര്‍ന്ന് 2023 ഒക്ടോബർ മുതലിങ്ങോട്ട് ഇസ്രയേലിന്റെ ക്രൂരമായ യുദ്ധാക്രമണങ്ങൾ നേരിടുകയാണ് പലസ്തീൻ ജനത, വംശഹത്യയുടെ മരവിപ്പിക്കുന്ന കാഴ്ചകള്‍ക്കാണ് ലോകം ഓരോ ദിവസവും സാക്ഷിയാകുന്നത്. ആശുപത്രികള്‍ ലക്ഷ്യമിട്ടുള്ള വ്യാപക ആക്രമണങ്ങളാണ് ഈ യുദ്ധ കാലയളവിലുടനീളം ഇസ്രയേല്‍ നടത്തുന്നത്. മുമ്പൊന്നുമില്ലാത്ത തരത്തില്‍ ഒന്നിനു പിറകേ ഒന്നായി ആശുപത്രികള്‍ ആക്രമിക്കുന്നു, പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലേക്ക് ബുള്‍ഡോസര്‍ കയറ്റിയും ബോംബിങ് നടത്തിയും നിരവധിപേരെ കൊല്ലുന്നു.
പലസ്തീന് ഹെല്‍ത്ത് അതോറിറ്റിയുടെ പബ്ലിക് ഹെല്‍ത്ത് ഓഫീസറായ ഖദീജ അബുഖാദര്‍ മെഡികോ ഫ്രന്‍ഡ് സര്‍ക്കിളിന്റെ അമ്പതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന ഓൺലൈൻ സംഭാഷണ പരമ്പരയിൽ പങ്കെടുത്തിരുന്നു. പീപ്പിള്‍സ് ഹെല്‍ത് ഇന്‍ ദ എറാ ഓഫ് ഗ്ലോബലൈസേഷന്‍ എന്ന വിഷയത്തെ അധികരിച്ചു നടന്ന സംഭാഷണ പരമ്പരയിൽ ‘ഹെല്‍ത് കെയര്‍ ചലഞ്ചസ് ഇന്‍ വാര്‍/കോണ്‍ഫ്‌ളിക്റ്റ് സോണ്‍സ് പലസ്തീന്‍ ആന്‍ഡ് മണിപ്പൂര്‍’ എന്ന വിഷയത്തിലെ സൂം മീറ്റില്‍ യുദ്ധബാധിത പലസ്തീന്റെ ആരോഗ്യമേഖല ഇന്ന് നേരിടുന്ന പ്രതിസന്ധികളെ കുറിച്ചുള്ള ഖദീജ പറയുന്നത് ഇങ്ങനെയാണ്:-
“യുദ്ധം, പ്രകൃതിദുരന്തം, മറ്റ് തരം അടിയന്തരാവസ്ഥകൾ എന്നിവയിലെല്ലാം അതിജീവനത്തിനായി മാത്രമല്ല, പരിക്കുകള്‍ ഭേദപ്പെടാനും, സ്വാഭിമാനം നിലനിര്‍ത്താനും ആരോഗ്യ പരിരക്ഷ അത്യാവശ്യമാണെന്ന് നമുക്കറിയാം. സംഘര്‍ഷങ്ങളും അതിജീവന വെല്ലുവിളികളും മനുഷ്യാവകാശ പ്രശ്‌നങ്ങളും തുടര്‍ച്ചയായി നേരിടുന്ന പലസ്തീനിലെ ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ വെല്ലുവിളികളെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്.
മിഡില്‍ ഈസ്റ്റിന്റെ മധ്യഭാഗത്തായാണ് പലസ്തീന്‍ നിലകൊള്ളുന്നത്. ലെബനോണ്‍, സിറിയ, ജോര്‍ദ്ദന്‍, ഈജിപ്ത് എന്നീ അതിര്‍ത്തികളാണ് പലസ്തീന് ഉള്ളത്. പലസ്തീനിനെ വെസ്റ്റ് ബാങ്ക്, ഗാസാ സ്ട്രിപ്പ് എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. പലസ്തീനും ഇന്നത്തെ പ്രശ്‌നങ്ങളും പുതുതായി ഉണ്ടായതല്ല, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രൂപപ്പെട്ടതാണ്. ഈ മാപ്പില്‍ മുഴുവനായും ആദിമ പലസ്തീന്‍ (historic palestine) പച്ച നിറത്തില്‍ കാണാം. ഇതാണ് നമ്മുടെ സ്വപ്‌നം. 1967ല്‍ സംഭവിച്ചതാണ് ഏറ്റവും ഭീകരമായ മാറ്റം.
ഇസ്രയേലിന് ഗാസയുടെ നിയന്ത്രണം കൈവന്നു. നിര്‍ഭാഗ്യവശാല്‍, 1967 മുതല്‍ പലസ്തീനിയന്‍ ഭൂമിയിലേക്കുള്ള ഇസ്രയേലി അധിനിവേശം തുടരുകയാണ്. ഇതിനി അവസാനിക്കുമോ ഇല്ലയോ എന്ന് ആര്‍ക്കുമറിയില്ല. നൂറ് ശതമാനമുണ്ടായിരുന്ന ജനസംഖ്യ ഇന്ന് 15 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നമ്മള്‍ ജീവിച്ചുതീര്‍ത്ത അമര്‍ഷം എന്താണ് എന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ.
യുദ്ധത്തിന് മുമ്പുള്ള ആരോഗ്യപരിരക്ഷാ സാഹചര്യങ്ങള്‍
ഭൂമിശാസ്ത്രപരമായ വിഭജനവും രാഷ്ട്രീയ സാഹചര്യങ്ങളും കാരണം, വെസ്റ്റ് ബാങ്ക് തന്നെ മൂന്ന് ഏരിയകളായി തിരിച്ചിട്ടുണ്ട്. വെസ്റ്റ് ബാങ്കിന് അകത്തും ഇങ്ങനെ വിഭജിച്ചിട്ടുണ്ട്. ഇത് പലസ്തീന്‍ ജനതയുടെ ആവശ്യമോ താല്‍പ്പര്യമോ പ്രകാരം ചെയ്തതല്ല. ഇസ്രയേല്‍ നിയന്ത്രണത്തില്‍, ഇസ്രയേലിന്റെ രാഷ്ട്രീയ നിയന്ത്രണങ്ങള്‍ കാരണമുണ്ടായതാണിത്. ഗാസാ സ്ട്രിപ്പ് പലസ്തീന്റെ വേദനയാണ്. 2007 മുതല്‍ ഒരു തടവുതന്നെ നേരിടുകയാണ് ഗാസാ സ്ട്രിപ്പ്. ആളുകളുടെ ചലനത്തില്‍ മാത്രമല്ല നിയന്ത്രണങ്ങളുള്ളത്. അവശ്യസാധനങ്ങള്‍, മരുന്ന്, ആരോഗ്യ സംവിധാനങ്ങള്‍ എന്നിവയും നിയന്ത്രിക്കപ്പെടുന്നുണ്ട്. ലോകബാങ്ക് പലസ്തീനിനെ ഒരു താഴ്ന്ന വരുമാനമുള്ള (ലോവര്‍ മിഡില്‍ ഇന്‍കം) രാജ്യമായാണ് കണക്കാക്കുന്നത്. പലസ്തീന്റെ ജിഡിപി 3.664 ഡോളര്‍ ആണ്. അയല്‍രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്. പലസ്തീനിയന്‍ ജനത നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെയും ഇത് ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. ദേശീയ ജിഡിപിയുടെ 80 ശതമാനം വരുന്നത് വിദേശ സഹായങ്ങളിലൂടെയാണ്. സംഭാവനകള്‍ നല്‍കുന്നവരെയും വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന ഫണ്ടുകളെയും ആശ്രയിച്ച് നിലനില്‍ക്കുന്ന ഒരു രാജ്യത്തെക്കുറിച്ച് സങ്കല്‍പിക്കൂ. ദീര്‍ഘകാല അഭയാര്‍ത്ഥിത്വം (prolonged refugeehood) എന്ന പ്രശ്‌നവും നമ്മള്‍ നേരിടുന്നുണ്ട്. ഗാസയിലെ ജനസംഖ്യയുടെ 70 ശതമാനവും, വെസ്റ്റ് ബാങ്ക് ജനസംഖ്യയുടെ 28 ശതമാനവും അഭയാര്‍ത്ഥികളാണ്. വളരെ ദരിദ്രമായ സാഹചര്യങ്ങളില്‍ മറ്റ് രാജ്യങ്ങളിലും അവര്‍ അഭയാര്‍ത്ഥികളായി കഴിയുന്നുണ്ട്. 95 ശതമാനം സാക്ഷരതയുള്ള ജനതയാണ് നമ്മുടേത്. സര്‍വ്വകലാശാലകളില്‍ നിന്ന് ബിരുദം നേടിയ വിദ്യാര്‍ത്ഥികള്‍ക്കൊന്നും ഇവിടെ തൊഴിലവസരങ്ങളില്ല. യുദ്ധത്തിന് മുമ്പുള്ള കാലത്തും പലസ്തീനില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ നിലനിന്നിരുന്നു. 32 ശതമാനം ജനങ്ങള്‍ ഈ വെല്ലുവിളി നേരിടുന്നു. അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കിടയില്‍ ഇതുണ്ടാക്കുന്ന മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ വലുതാണ്.
ഞങ്ങളുടെ ജനസംഖ്യയുടെ 44 ശതമാനം കുട്ടികളാണ്. ഇതൊരു വലിയ ആരോഗ്യ പരിരക്ഷാ പ്രശ്‌നമാണ്. പലസ്തീനിയന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സില്‍ നിന്നാണ് ഈ വിവരങ്ങള്‍. 99 ശതമാനം കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. ശിശുമരണ നിരക്കും അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്കും അയല്‍രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. മാതൃ മരണ നിരക്ക് കൂടുതലാണ് (27/10,000). പ്രത്യുല്‍പാദന നിരക്ക് നല്ല നിലയില്‍ തുടരുന്നു. പലസ്തീന്‍ ജനതയ്ക്ക് മേല്‍ തുടരുന്ന ജനസംഖ്യായുദ്ധത്തിന്റെ ഫലം കൂടിയാണിത്. 2023ല്‍ മാരകരോഗങ്ങള്‍ ഒരു പൊതുപ്രശ്‌നമായിത്തന്നെ പരിഗണിക്കപ്പെട്ടു. രോഗികളില്‍ കൂടുതലും സ്ത്രീകളാണ്. ഹൃദയ രോഗങ്ങൾ, ക്യാന്‍സര്‍ എന്നിവ കാരണമാണ് 2022ല്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഉണ്ടായിട്ടുള്ളത്.
പലസ്തീനിയന്‍ ആരോഗ്യ മന്ത്രാലയം, യുനൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സി, സന്നദ്ധ മേഖല, സ്വകാര്യ മേഖല ഇതെല്ലാം ഉൾപ്പെടുന്നതാണ് പലസ്തീനിലെ ആരോഗ്യരക്ഷാ സംവിധാനം. സന്നദ്ധ മേഖലയിലെ സ്ഥാപനങ്ങളായ അഞ്ച് പുനരധിവാസ കേന്ദ്രങ്ങളാണ് ഉള്ളത്,
വെസ്റ്റ് ബാങ്ക്- 3,135 ബെഡ്ഡുകള്‍
ഗാസാ സ്ട്രിപ്- 2,110 ബെഡ്ഡുകള്‍
ഒരു ദേശീയ ബ്ലഡ് ബാങ്കും പ്രവര്‍ത്തിക്കുന്നുണ്ട്. എപ്പോഴും പരിക്കുകളും അത് സംബന്ധിച്ചുള്ള ഡിസബിലിറ്റിയും ഉണ്ടായിക്കൊണ്ടിരിക്കുന്നതിനാല്‍ ബ്ലഡ് ബാങ്ക് വളരെ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ബ്ലഡ് ബാങ്കില്‍ എപ്പോഴും ആവശ്യത്തിന് ബ്ലഡ് ഉണ്ടായിരിക്കേണ്ടത് വലിയ കാര്യമാണ്. പത്ത് നഴ്‌സിങ് സ്‌കൂളുകളും നാല് മെഡിക്കല്‍ സ്‌കൂളുകളും പലസ്തീനില്‍ ഉണ്ട്. പ്രൈമറി, സെക്കന്ററി ചികിത്സാ തലങ്ങളില്‍ ഇപ്പോഴും പല ന്യൂനതകളും പലസ്തീന്‍ നേരിടുന്നുണ്ട്.
വിവിധ മേഖലകളിലായി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണത്തില്‍ തീര്‍ച്ചയായും വ്യത്യാസങ്ങളുണ്ട്. പലസ്തീനില്‍ ഇപ്പോഴും സ്‌പെഷ്യാലിറ്റി സംവിധാനങ്ങള്‍ നിലവിലില്ല. സ്‌പെഷ്യലൈസേഷന്‍ നടത്താനുള്ള പരിശീലനങ്ങള്‍ക്കുള്ള സൗകര്യങ്ങളും പലസ്തീനില്‍ ഇല്ല. തലച്ചോര്‍ വരണ്ടുപോയവരാണ് നമ്മളെല്ലാം (ബ്രെയ്ന്‍ ഡ്രെയ്ന്‍ ബാധിച്ചവര്‍). ഇവിടത്തെ രാഷ്ട്രീയ സാഹചര്യങ്ങളും തൊഴില്‍ സാഹചര്യങ്ങളും കാരണവും, മറ്റ് രാജ്യങ്ങളില്‍ പോയി ജോലി ചെയ്യേണ്ടിവരുന്നതുകൊണ്ടും ആരോഗ്യപ്രവർത്തകരിൽ വലിയ മാനസിക സമ്മര്‍ദ്ദം ഉണ്ടാകുന്നുണ്ട്.
തീര്‍ച്ചയായും നമ്മുടെ രാഷ്ട്രീയ സാഹചര്യം ഒരു വലിയ വെല്ലുവിളിയാണ്. ലഭ്യമായ സൗകര്യങ്ങളിൽ ജോലിചെയ്യേണ്ട അവസ്ഥയിലാണ് ഞങ്ങള്‍. യാത്രാനിയന്ത്രണം ഞങ്ങൾ നേരിടുന്ന മറ്റൊരു പ്രശ്‌നമാണ്. നിരവധി ചെക് പോയിന്റുകളുണ്ട്. ഇറക്കുമതി ചെക്ക്‌പോയിന്റുകളിലും നിയന്ത്രണങ്ങളുണ്ട്. റേഡിയോ തെറാപി ചെയ്യാനുള്ള സൗകര്യം പലസ്തീനില്‍ ഇല്ല. ഇസ്രയേലാണ് അതിന് കാരണം. ഈസ്റ്റ് ജെറുസലേം ആശുപത്രിയില്‍ അല്ലാതെ മറ്റെവിടെയും റേഡിയോ തെറാപി ചെയ്യാനുള്ള സൗകര്യമില്ല.
യുദ്ധം തുടങ്ങുന്നതിന് മുമ്പ് നമ്മള്‍ നേരിട്ട വലിയ വെല്ലുവിളി ഗാസയ്ക്ക് മേലുള്ള തുടര്‍ച്ചയായ ഉപരോധമാണ്. ഇത് 2007-ലാണ് തുടങ്ങിയത്. എല്ലാത്തരത്തിലും പലസ്തീനിലെ മനുഷ്യരുടെ ജീവിതത്തെ ഇത് ബാധിച്ചു. സാമ്പത്തിക തടസ്സങ്ങള്‍ ഭീകരമാണ്. ഇസ്രയേലി അധികാരികള്‍ നടപ്പിലാക്കുന്ന ഭൂനികുതിയും നമ്മള്‍ നേരിടുന്ന പ്രശ്‌നമാണ്. അടിയന്തരമായി ആവശ്യമുള്ള മരുന്നുകളുടെ ലഭ്യത ഇല്ലാത്തതാണ് മറ്റൊരു പ്രശ്‌നം. മാരകരോഗ ബാധിതര്‍ക്ക് വേണ്ടിയുള്ള അവശ്യമരുന്നുകള്‍ ഇറക്കുമതി ചെയ്ത് ലഭ്യമാക്കുക എന്നതും എളുപ്പമല്ല. ലാബ് ടെസ്റ്റുകള്‍ക്കും രോഗനിര്‍ണയത്തിനും സര്‍ജറിക്കുമുള്ള ചില ഉപകരണങ്ങളും ലഭ്യമാകാറില്ല. യുദ്ധത്തിന് ശേഷം ആഴ്ചയില്‍ ഒരു ദിവസമൊക്കെയാണ് പലസ്തീനി ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടുന്നത്. കുടിവെള്ളത്തിന്റെ ഉറവകളെല്ലാം ഇതിനോടകം നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
2023 ഒക്ടോബര്‍ 7ന് ഉണ്ടായത് യാദൃശ്ചിക സംഭവമല്ല. ആ ദിവസം മുതല്‍ 2024 ജൂണ്‍ 26 വരെ ഗാസയില്‍ 37,718 പേരാണ് കൊല്ലപ്പെട്ടത്. 89,000ലേറെ ആളുകള്‍ക്ക് പരിക്കേറ്റു. 10,000ലധികം പേര്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി കരുതപ്പെടുന്നു. എണ്ണം ഇതിലും കൂടുതലായിരിക്കും. ഈ യുദ്ധം നമ്മുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളെയും തകര്‍ക്കുന്നതായിരുന്നു. ജൂണ്‍ 25 വരെ, ആരോഗ്യ സംവിധാനങ്ങള്‍ക്ക് മേല്‍ 474 ആക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളത്. 740 ആരോഗ്യപ്രവര്‍ത്തകര്‍ ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. 961 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. 128 ആരോഗ്യ പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. 103 ആരോഗ്യസംവിധാനങ്ങള്‍ ആക്രമിക്കപ്പെട്ടു. 32 ആശുപത്രികള്‍ തകര്‍ക്കപ്പെട്ടു. 115 ആംബുലന്‍സുകള്‍ ആക്രമണം നേരിട്ടു. ഭക്ഷ്യസുരക്ഷ വലിയ വെല്ലുവിളി നേരിട്ടു. പട്ടിണി തീവ്രമാണ്.
ഭക്ഷണം, വെള്ളം, ടോയ്‌ലറ്റ് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തതിനാല്‍ 2024 ജൂണ്‍ 2 വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പകര്‍ച്ചവ്യാധി ബാധിച്ചവരുടെ എണ്ണം.
ശ്വാസസംബന്ധമായ അസുഖങ്ങള്‍ ബാധിച്ചവര്‍- 886,351
വയറിളക്കം ബാധിച്ചവര്‍- 500,077
സ്‌കാബീസ്, പേന്‍ എന്നിവ ബാധിച്ചവര്‍- 94,873
ത്വക് രോഗം ബാധിച്ചവര്‍- 58,781
ചിക്കന്‍പോക്‌സ് ബാധിച്ചവര്‍- 8,824
മഞ്ഞപ്പിത്തം ബാധിച്ചവര്‍- 78,740
വാക്‌സിനേഷന്‍ നിരക്കില്‍ വലിയ കുറവുണ്ടായി. 90 ശതമാനം ഉണ്ടായിരുന്ന വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞു.
മാതൃശിശു സുരക്ഷ ഉറപ്പാക്കുന്ന ചികിത്സാസംവിധാനങ്ങള്‍ മിനിമം ആയി കുറഞ്ഞു. ക്യാന്‍സര്‍, കിഡ്‌നി ഡയാലിസിസ് പോലുള്ള മാരക രോഗങ്ങളുടെ ചികിത്സ ആവശ്യമുള്ള 3,50,000 ആളുകള്‍ക്ക് അത് ലഭിക്കാതെയായി. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് ചികിത്സ കിട്ടാതെയായി, മാനസികാഘാതം കൂടി വന്നു. 4,50,000 ആളുകളാണ് മാനസികരോഗങ്ങള്‍ക്ക് ചികിത്സ തേടുന്നത്. ഇത് യുദ്ധത്തിന് മുമ്പുള്ള കണക്കാണ്. ശരിയാണ്, പലസ്തീനിയന്‍ ജനത മനോധൈര്യമുള്ളവരാണ്. പക്ഷേ, ഈ സാഹചര്യങ്ങള്‍ നമ്മളിലുണ്ടാക്കുന്ന ആഘാതത്തെ തള്ളിക്കളയാന്‍ ആര്‍ക്കും കഴിയില്ല.
ഞാന്‍ പരിക്കേറ്റവരെയും രോഗബാധിതരായവരെയും ഗാസയില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോകുന്നതില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞാനതില്‍ അഭിമാനിക്കുന്നു. റാഫാ അടച്ചതുമുതല്‍ 2000 പേരെ ഇങ്ങനെ മാറ്റാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 55 ശതമാനം പേരെ ഈജിപ്ത്, 16 ശതമാനം പേരെ ഖത്തര്‍, 13 ശതമാനം പേരെ യുഎഇ, 9 ശതമാനം പേരെ തുര്‍ക്കി, 7 ശതമാനം പേരെ അല്‍ജീരിയ, ഇറ്റലി, ടുണീഷ്യ, ജോര്‍ദ്ദാന്‍, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്റ് എന്നിവിടങ്ങളിലേക്കാണ് മാറ്റിയത്. ക്യാന്‍സര്‍ ബാധിതരായ 82 ശതമാനം സ്ത്രീകള്‍, 54 ശതമാനം പുരുഷന്മാര്‍, യുദ്ധത്തില്‍ പരിക്കേറ്റ 70 ശതമാനം സ്ത്രീകള്‍, 32 ശതമാനം പുരുഷന്മാര്‍, കിഡ്‌നി ഡയാലിസിസ് ആവശ്യമുള്ള 45 ശതമാനം സ്ത്രീകള്‍, 23 ശതമാനം പുരുഷന്മാര്‍, ഇതര രോഗബാധിതരായ 39 ശതമാനം സ്ത്രീകള്‍, 24 ശതമാനം പുരുഷന്മാര്‍ എന്നിവരെയാണ് ഗാസയില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോയത്. രോഗികളും പരിക്കേറ്റവരുമായ 10,000 പേര്‍ എന്നിവര്‍ ഗാസയില്‍ നിന്നും പുറത്തുപോകാന്‍ കാത്തിരിക്കുന്നു. ഇവരില്‍ പലരും ഇസ്രയേലിന്റെ അനുമതി കാത്തിരിക്കുകയോ അനുമതി നിഷേധിക്കപ്പെട്ടവരോ ആണ്.
വെസ്റ്റ് ബാങ്ക് നേരിടുന്ന വെല്ലുവിളികള്‍
വെസ്റ്റ് ബാങ്കില്‍ ഇസ്രയേലി സൈനിക ആക്രമണങ്ങളും സെറ്റ്‌ലര്‍ ആക്രമണങ്ങളും (പലസ്തീനിൽ ഇസ്രായേലി കോളനികൾ സ്ഥാപിച്ചു താമസിക്കുന്നവർ കാലങ്ങളായി പലസ്തീൻ ജനതയെ വംശീയമായി ആക്രമിച്ച ചരിത്രമാണ് ഉള്ളത്. പലസ്തീനി കുടുംബങ്ങളുടെ വീടുകൾ കയ്യേറുക, അവയിൽ താമസിക്കുക എന്നത് അത്തരത്തിലുള്ള ഒന്നാണ്) കൂടിയ നിലയിലാണുള്ളത്. വീട്ടില്‍നിന്ന് ഇറങ്ങാതിരുന്നാലും ഒരു ഇസ്രയേലി സെറ്റ്‌ലറിന്റെ ആക്രമണം ഒരു പലസ്തീനി ഏത് നിമിഷവും നേരിടാം. കഴിഞ്ഞ പത്തുവര്‍ഷങ്ങളോളമായി ഇസ്രയേലിന്റെ നികുതി പരിവിനെ തുടര്‍ന്നുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍, ആരോഗ്യസംവിധാനങ്ങളുടെ തടസ്സപ്പെടല്‍, ആരോഗ്യ-സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ സംവിധാനങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ എന്നിവ മൂലം വെസ്റ്റ് ബാങ്കില്‍ താമസിച്ചിരുന്ന 4000 പലസ്തീനികൾ അവരുടെ വീടുകള്‍ ഉപ്പേക്ഷിച്ചുപോകാന്‍ നിര്‍ബന്ധിതരായി. പലസ്തീനിയന്‍ ആരോഗ്യമന്ത്രാലയത്തിന് ആവശ്യമായ മരുന്ന് സ്‌റ്റോക്കില്‍ 40 ശതമാനം ഇപ്പോള്‍ ലഭ്യമല്ല. പലസ്തീനിയന്‍ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം തൊഴില്‍ ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തന്നെ തങ്ങളുടെ ശമ്പളത്തിന്റെ 50 ശതമാനമൊക്കെയാണ് കിട്ടുന്നത്. ഗാസയ്ക്ക് മേലുള്ള ആക്രമണങ്ങള്‍ കാരണം ചെക്ക് പോയിന്റുകള്‍ കുറേ അടച്ചു. ഒരു നഗരത്തില്‍ നിന്നും മറ്റൊരു നഗരത്തിലേക്ക് പോകണമെങ്കില്‍ എനിക്ക് ഈ ചെക് പോയിന്റുകള്‍ കടക്കണം. പലസ്തീനികളുടെ ചലനങ്ങള്‍ നിയന്ത്രിക്കുന്നതിനായി അവര്‍ ചെക് പോയിന്റുകള്‍ അടച്ചു. നാലോ അഞ്ചോ മണിക്കൂര്‍ കാത്തുനിന്നാലാണ് ചെക് പോയിന്റ് കടക്കാന്‍ കഴിയുക. ചിലപ്പോള്‍ ഹോസ്പിറ്റലിലേക്ക് പോകേണ്ടവര്‍ക്ക് പോലും കാത്തുനില്‍ക്കേണ്ടിവരും. ആംബുലന്‍സുകളും ഹെല്‍ത്ത് ടീമും ഒക്കെ കാത്തുനില്‍ക്കും.
2024 ജൂലൈ ഒന്നിലെ കണക്കനുസരിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ വെസ്റ്റ് ബാങ്കില്‍ 556 പേരാണ് കൊല്ലപ്പെട്ടത്. അതില്‍ 138 പേര്‍ കുട്ടികളും, ആറ് പേര്‍ സ്ത്രീകളും, 412 പേര്‍ പുരുഷന്മാരുമാണ്. 5,326 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെസ്റ്റ് ബാങ്കിലെ സഹപ്രവര്‍ത്തകരും ആക്രമണങ്ങള്‍ നേരിട്ടിട്ടുണ്ട്. 466ലേറെ യുദ്ധ ആക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളത്. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും അടിയന്തര ആരോഗ്യ സേവനങ്ങളില്‍ ജോലി ചെയ്യുന്നവരുമായി 12 പേരാണ് കൊല്ലപ്പെട്ടത്. ആംബുലന്‍സുകളിലും ആശുപത്രികളിലുമായി ആരോഗ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കിടെ 95 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 19 ആശുപത്രികള്‍ ഉള്‍പ്പെടെ 53 ആരോഗ്യ സംവിധാനങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. 334 ആംബുലന്‍സുകള്‍ക്ക് പ്രവര്‍ത്തനം തടസ്സപ്പെട്ടിട്ടുണ്ട്. 74 ആംബുലന്‍സുകളെ തടഞ്ഞുവെച്ചു. പരിക്കേറ്റവരെ വഹിച്ചിരുന്ന ആംബുലന്‍സുകളില്‍ തന്നെ അവര്‍ മരിക്കുകയും ചെയ്തു. 86 ആംബുലന്‍സുകളില്‍ സൈന്യം തിരച്ചില്‍ നടത്തി.
വെസ്റ്റ് ബാങ്കില്‍ ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ ലഭിക്കുക എന്നതൊരു പ്രശ്‌നമാണ്. വെസ്റ്റ് ബാങ്കില്‍ തന്നെയുള്ള ഗവര്‍ണറേറ്റുകള്‍ക്കും നഗരങ്ങള്‍ക്കുമിടയിലുള്ള ചലനം വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഇസ്രയേലി അധികൃതര്‍ നടപ്പിലാക്കുന്ന നിയന്ത്രണങ്ങളാണ് അതിന് കാരണം. സ്വന്തം കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ചെയ്യുന്നതിനായി അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് പോകുക എന്നതു പോലും എളുപ്പമല്ല. ക്യാന്‍സര്‍ രോഗികള്‍ക്ക് കീമോ തെറാപി ചെയ്യാന്‍ ആഴ്ച തോറും ജെറുസലേമിലേക്ക് പോകണം. ജെറുസലേമില്‍ മാത്രമാണ് റേഡിയോ തെറാപി ചെയ്യാനുള്ള സൗകര്യവും ഉള്ളത്. അങ്ങനെയൊരു വ്യക്തിക്ക് മാസങ്ങളോളം ചികിത്സ ലഭിക്കാതെയിരുന്നാലുള്ള അവസ്ഥ എന്താകും എന്ന് സങ്കല്‍പിച്ചുനോക്കൂ. ഗാസയ്ക്കുമേല്‍ യുദ്ധം തുടങ്ങിയത് മുതല്‍ ലോകാരോഗ്യ സംഘടന പോലുള്ള നിരവധി സംഘടനകള്‍ നമുക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യമന്ത്രാലയവുമായി ചേര്‍ന്നാണ് ഇത് ചെയ്യുന്നത്. പറ്റുന്നത്ര അവശ്യസര്‍വ്വീസുകള്‍ നല്‍കാന്‍ നമ്മള്‍ ശ്രമിക്കാറുണ്ട്. മുന്നറിയിപ്പുകള്‍ നല്‍കാന്‍ ശ്രമിക്കാറുണ്ട്. നശിപ്പിക്കപ്പെട്ട ആരോഗ്യ സംവിധാനങ്ങള്‍ പെട്ടെന്ന് പഴയനിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളുമുണ്ടാകാറുണ്ട്.
ആരോഗ്യമേഖല നേരിടുന്ന പ്രത്യാഘാതങ്ങള്‍
ബാക്കിയാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ജനങ്ങള്‍ക്ക് നീണ്ടകാലത്തേക്ക് ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരും. ആരോഗ്യരക്ഷ ലഭിക്കാതിരിക്കുന്നതിന്റെ നേരിട്ടുള്ള പ്രത്യാഘാതമാണിത്. പോഷകാഹാരക്കുറവ്, കഠിനമായ ജീവിതസാഹചര്യങ്ങള്‍ എന്നിവയെല്ലാം ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടിവരുന്നു. പക്ഷേ എന്താണ് അടുത്തത്? അന്താരാഷ്ട്ര പിന്തുണയോടുകൂടി ആരോഗ്യരക്ഷാ സംവിധാനം വീണ്ടെടുക്കുകയും നമ്മുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. എന്റെ ജീവിതത്തിന്റെ തുടക്കം തൊട്ട് ഞാന്‍ ചെയ്തിരുന്നത് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളാണ്. വികസനത്തിന് വേണ്ടിയും പ്രവര്‍ത്തിക്കുന്നുണ്ട്. യുദ്ധത്തിനിടയിലും നാഷണല്‍ കാന്‍സര്‍ കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോഴും നമ്മള്‍ സ്വന്തം ജനതയുടെ വികസനത്തിനും ഭാവിക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ മറന്നുപോകരുത്. വെടിനിര്‍ത്തലും അതിലൂടെ സമാധാനവുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്, എന്നാല്‍ മാത്രമേ തുല്യതയും ആരോഗ്യരക്ഷയും എല്ലാവര്‍ക്കും ഉറപ്പാക്കാന്‍ കഴിയുകയുള്ളൂ. പലസ്തീനിയന്‍ ജനതയുടെ പ്രതിരോധം തീര്‍ത്തും ശക്തമാണ്. അതാര്‍ക്കും അവഗണിക്കാന്‍ കഴിയുന്നതല്ല. പക്ഷേ, ഈ കാര്യത്തില്‍ കൂട്ടായ പ്രതിരോധം ആവശ്യമാണ്. സമാധാനം നിലനിര്‍ത്തുന്നതിനായി എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാം. അവര്‍ക്ക് കഴിയുന്നത് ചെയ്യാം. ആരും യുദ്ധം കാരണം മരിക്കരുത്.”
ഹമാസ് എന്തിനാണ് ആശുപത്രികളെ ആക്രമിക്കുന്നതിനുള്ള മറയായി ഉപയോഗിക്കുന്നത്? ഇതിനെതിരെ സര്‍ക്കാരിന്റെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉറച്ച നിലപാടുണ്ടോ എന്ന ചോദ്യത്തിന് “ഹമാസ് ആരോഗ്യ സ്ഥാപനങ്ങളെ ആക്രമണത്തിനായി ഉപയോഗിക്കുന്നില്ല. നിരവധി അന്വേഷണങ്ങള്‍ ഈ വസ്തുത സ്ഥിരീകരിക്കുന്നുണ്ട്.” എന്നായിരുന്നു ഖദീജ അബുഖാദറിന്റെ മറുപടി.
തകർന്നടിയുന്ന പലസ്തീൻ ആരോഗ്യമേഖല
“ജൂലൈ 17ന് ലോക ആരോഗ്യ സംഘടന പ്രസിദ്ധീകരിച്ച വിവരങ്ങള്‍ അനുസരിച്ച് റഫായില്‍ ഇപ്പോള്‍ ആശുപത്രികളൊന്നും പ്രവര്‍ത്തിക്കുന്നില്ല,” എന്നാണ് ലോക ആരോഗ്യ സംഘടനയുടെ വെസ്റ്റ് ബാങ്ക്, ഗാസ പ്രതിനിധി ഡോ.റിക് പീപര്‍കോണ്‍ പറയുന്നത്. 10,000ലധികം അടിയന്തരമായ ചികിത്സ ആവശ്യമുള്ള, നട്ടെല്ലിന് പരിക്കേറ്റവരും കൈകാലുകള്‍ അറ്റുപോയവരും ഗാസയ്ക്ക് പുറത്തേക്ക് ചികിത്സക്കായി പോകാന്‍ കാത്തുനില്‍ക്കുകയാണ് എന്നും ഡോ.റിക് പറയുന്നു.
2023 ഒക്ടോബര്‍ മുതല്‍ 2023 ഡിസംബര്‍ 7 വരെ മാത്രം യുഎന്‍ രേഖപ്പെടുത്തിയത് ആരോഗ്യസേവനങ്ങള്‍ക്ക് നേരെയുള്ള 364 ആക്രമണങ്ങളാണ്. ‘ആരോഗ്യത്തിനുള്ള അവകാശം’ കവര്‍ ചെയ്യുന്ന യുഎന്‍ റിപ്പോര്‍ട്ടര്‍ ഡോ.തലേങ് മൊഫൊകെങ് 2024 ഏപ്രിലില്‍ ജനീവയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് “ആരോഗ്യമേഖല നന്നാക്കിയെടുക്കാനാകാത്ത വിധം തകര്‍ന്നു” എന്നാണ്. “തുടക്കം മുതല്‍ തന്നെ ഇത് ആരോഗ്യ അവകാശത്തിനുമേലുള്ള യുദ്ധമായിരുന്നു,” ഡോ.തലേങ് പറഞ്ഞു. “ആരോഗ്യ സംവിധാനങ്ങള്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്, എത്രത്തോളം എന്ന് ഇനിയും മുഴുവനായും പറയാന്‍ കഴിയുകയില്ല. ഇസ്രയേല്‍ ക്ഷാമം സൃഷ്ടിക്കുകയാണ്, ഇത് പോഷകാഹാരമില്ലായ്മയ്ക്കും നിര്‍ജലീകരണത്തിനും കാരണമാകും.” ഗാസയിലെ ഇന്നത്തെ സാഹചര്യത്തില്‍ ആരോഗ്യത്തിനുള്ള അവകാശം എന്നത് തീര്‍ത്തും അസാധ്യമാണ് എന്നും ഡോ.തലേങ് പറയുന്നു.
അധിനിവേശ പലസ്തീനില്‍ 2023 ഒക്ടോബര്‍ 7 മുതല്‍ ആശുപത്രി ഉള്‍പ്പെടെയുള്ള ആരോഗ്യസംവിധാനങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആയിരത്തിലധികം ആക്രമണങ്ങളാണ് ലോക ആരോഗ്യ സംഘടന രജിസ്റ്റര്‍ ചെയ്തത്. “അധികാരത്തിലെ തുല്യതയില്ലായ്മ എങ്ങനെ ആരോഗ്യത്തിലെ തുല്യതയില്ലായ്മയില്‍ കൊണ്ടെത്തിക്കുന്നു എന്ന് തിരിച്ചറിയുന്നതിലാണ് ആഗോള ആരോഗ്യം എന്നതിന് അര്‍ത്ഥം വരുന്നത്. അധികാര അസമത്വവും കോളനിവല്‍ക്കരണവും ഇതിന് കാരണമാകും. ഗാസയിലെ ആരോഗ്യമേഖല തകര്‍ച്ച നേരിട്ടപ്പോള്‍ എന്തുകൊണ്ടാണ് ആഗോള ആരോഗ്യ വിദഗ്ധരോ, വംശീയതയ്ക്കും കോളനീകരണത്തിനും എതിരെ സംസാരിക്കുന്നവരോ, പ്രത്യുല്‍പാദന ആരോഗ്യ പ്രവര്‍ത്തകരോ സ്ത്രീ അവകാശ പ്രവര്‍ത്തകരോ സര്‍വ്വകലാശാലകളോ പ്രൊഫഷണല്‍ സംഘടനകളോ അക്കാദമിക സംഘടനകളോ കൂടുതല്‍ ഐക്യത്തോടെ പ്രതികരിക്കുന്നില്ല?” ഹെല്‍ത്ത് ജസ്റ്റിസ് ഇനീഷ്യേറ്റീവ് ഡയറക്ടർ ഫാത്തിമ ഹസ്സന്‍, പീപ്ള്‍സ് ഹെല്‍ത് മൂവ്‌മെന്റിലെ ലെസ്ലീ ലണ്ടന്‍, ഹെല്‍ത് ജസ്റ്റിസ് ഇനീഷ്യേറ്റീവിലെ ഷുഐബ് മഞ്ജ്ര എന്നിവര്‍ ചേര്‍ന്ന് ദ ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലെഴുതിയ ലേഖനം(The global health community must call for an immediate ceasefire and unrestricted humanitarian aid in Gaza) ചോദ്യമുന്നയിക്കുന്നു.
“ജനങ്ങള്‍ അഭയം തേടിയ ഇടങ്ങളായിരുന്നു ആശുപത്രികള്‍, അവയെ ആക്രമിക്കുക എന്നത് ഇസ്രയേലിന്റെ മനശാസ്ത്രപരമായ യുദ്ധതന്ത്രമാണ്. പല തവണ സുരക്ഷിതമായ ഇടം തേടി അലയേണ്ടിവരുന്ന ആശങ്കയ്ക്കിടെ ബോംബിങ് ഭയന്ന ജനതയാണവര്‍. ആരോഗ്യരക്ഷയ്ക്കുള്ള അവസരം പോലും കിട്ടാതെ ജീവന്‍ നഷ്ടപ്പെട്ടവരിൽ എല്ലാ പ്രായത്തിലുമുള്ള പലസ്തീന്‍ പൗരരുമുണ്ട്. ഐസിയു, നിയോനേറ്റല്‍ ഇന്‍ക്യൂബേറ്റര്‍ എന്നിവ വൈദ്യുതിയില്ലാത്തതിനാല്‍ പ്രവര്‍ത്തനം നിലച്ചു. അനസ്‌തേഷ്യയില്ലാതെ ഡോക്ടര്‍മാര്‍ക്ക് സിസേറിയന്‍ സെക്ഷന്‍ സര്‍ജറിയും, കുഞ്ഞുങ്ങളുടെ പരിക്കേറ്റ കൈകാലുകള്‍ നീക്കംചെയ്യുന്ന സര്‍ജറിയും ചെയ്യേണ്ടിവന്നു, വൈദ്യുതിയോ ആവശ്യമായ മരുന്നുകളോ ഇല്ലാതെ, മുറിവുകള്‍ കെട്ടാന്‍ വിനാഗിരി ഉപയോഗിക്കേണ്ടിവന്നു, മറ്റ് ഇടമില്ലാത്തതിനാല്‍ അടുക്കള മേശ സര്‍ജറിക്കായി ഉപയോഗിച്ചു. ഗാസയില്‍ ആകെയുള്ള പീഡിയാട്രിക് ക്യാന്‍സര്‍ വാര്‍ഡും തകര്‍ക്കപ്പെട്ടു. ശുദ്ധജലമില്ലാതായതോടെ ഹെപ്പറ്റെറ്റിസ് എ ഉള്‍പ്പെടെ നിരവധി പകര്‍ച്ചവ്യാധികള്‍ വ്യാപകമായി. സ്ത്രീകളുടെ ഗര്‍ഭധാരണം വെല്ലുവിളികള്‍ നേരിടുന്നു, സ്ത്രീകളും പെണ്‍കുട്ടികളും ആര്‍ത്തവകാലത്ത് മതിയായ ശുചിത്വം സൂക്ഷിക്കാന്‍ കഴിയുന്നില്ല. കുറഞ്ഞത് 50,000 സ്ത്രീകള്‍ കടുത്ത പട്ടിണിയും ഗര്‍ഭചികിത്സ പ്രതിസന്ധിയും നേരിടുകയാണ്. ഉടന്‍ വെടിനിര്‍ത്തല്‍ ഉണ്ടായിട്ടില്ലെങ്കില്‍ യുദ്ധാക്രമണങ്ങളില്‍ നിന്നുള്ള മരണസംഖ്യയെക്കാള്‍ കൂടുതല്‍ മരണങ്ങള്‍ യുദ്ധകാല ആഘാതങ്ങള്‍ കാരണമുണ്ടാകും എന്ന് ഗവേഷകര്‍ സൂചന നല്‍കുന്നു. ഗ്ലോബല്‍ ഹെല്‍ത്ത് കമ്മ്യൂണിറ്റി അതിവേഗ വെടിനിര്‍ത്തലിന് ആവശ്യപ്പെടണം. ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്ന നമ്മുടെ സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി സംസാരിക്കണം. മുഴുവന്‍ ആരോഗ്യസംവിധാനം പുനര്‍നിര്‍മിക്കുന്നതിനും അതിലൂടെ ജനങ്ങളുടെ അതിജീവനത്തിനും നമ്മള്‍ പിന്തുണ നല്‍കണം.’ എന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
അഭിഭാഷകയും മനുഷ്യാവകാശ പ്രവർത്തകയുമായ ഫാത്തിമ ഹസ്സന്‍ 2024 മാര്‍ച്ച് 1ന് അല്‍ ജസീറയില്‍ എഴുതിയ, ‘ഗാസയ്ക്ക് മേലുള്ള ഇസ്രയേല്‍ യുദ്ധം ആരോഗ്യനീതിയുടെ പ്രശ്‌നം കൂടിയാണ്‘ എന്ന ലേഖനത്തില്‍ ഇങ്ങനെ എഴുതിയിരുന്നു, “2022ല്‍ റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിനെതിരെ കടുത്ത വാക്കുകളില്‍ പ്രതികരിച്ച അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ 2023ലെ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധത്തെക്കുറിച്ച് പ്രസ്താവന തേടിയ അംഗങ്ങളോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു (ഇതൊരു ജിയോ പൊളിറ്റിക്കല്‍ പ്രശ്‌നമാണ്, നമ്മുടെ പരിധിയില്‍ പെടുന്നില്ല’). വംശഹത്യയുടെ ഈ ഘട്ടത്തിലും തുടരുന്ന നിശബ്ദതയെ അതില്‍ പങ്കാളിയാകുന്നതായി മാത്രമേ വിലയിരുത്താന്‍ കഴിയൂ”.
‘’ഗ്ലോബല്‍ നോര്‍ത്തില്‍ നിലനില്‍ക്കുന്ന തീവ്രമായ സെന്‍സര്‍ഷിപ് പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കുവേണ്ടിയും വംശീയതയ്‌ക്കെതിരെയും സ്വന്തം നിലയില്‍ പ്രതികരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെയും അക്കാദമിക്കുകളുടെയും ശബ്ദം അടിച്ചമര്‍ത്തുമ്പോഴും നിശബ്ദരാകാന്‍ ഞങ്ങള്‍ ഒരുക്കമല്ല. ഈ ബലപ്രയോഗത്തിനു മുന്നില്‍ ആഗോള ആരോഗ്യ കൂട്ടായ്മ ഒന്നുചേര്‍ന്ന് നില്‍ക്കണം.’’ എന്നും ലേഖനത്തിലൂടെ ഫാത്തിമ ഹസ്സന്‍ ആവശ്യപ്പെടുന്നു.
മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സിന്റെ സെക്രട്ടറി ജനറല്‍ ക്രിസ്റ്റഫര്‍ ലോക്കിയര്‍ ഫെബ്രുവരി 22ന് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇങ്ങനെ പറഞ്ഞു, ‘ഗാസയില്‍ ആരോഗ്യസംവിധാനങ്ങളൊന്നും ബാക്കിയില്ല. ഇസ്രയേല്‍ സൈന്യം ഒന്നിനുപിറകേ ഒന്നായി ആശുപത്രികള്‍ തകര്‍ത്തു. ഇതിനു പറയുന്ന ന്യായീകരണം ആശുപത്രികള്‍ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നു എന്നതാണ്. എന്നാല്‍, ഇതിനെ ന്യായീകരിക്കുന്ന തെളിവുകളൊന്നുമില്ല. ആശുപത്രികളെല്ലാം ഡിസേബിള്‍ ചെയ്തുകൊണ്ടിരിക്കുന്നു, ഇത് മൊത്തം സംവിധാനത്തെ പ്രവര്‍ത്തന രഹിതമാക്കി. ഫെബ്രുവരിയില്‍ തന്നെ 36 ആശുപത്രികളില്‍ 24 എണ്ണവും നശിപ്പിക്കപ്പെട്ടിരുന്നു എന്നാണ് ലോക ആരോഗ്യസംഘടനയുടെ കണക്ക്.