ആണവനിലയമല്ല ‘പെരിഞ്ഞനോർജ്ജ’മാണ് പരി​ഗണിക്കേണ്ടത്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കടുത്ത ഊർജ്ജ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരു സംസ്ഥാനമാണ് കേരളം. ഉയർന്ന വിലയ്ക്ക് കേന്ദ്ര നിലയങ്ങളിൽ നിന്നും സ്വതന്ത്ര വിപണിയിൽ നിന്നും വൈദ്യുതി വാങ്ങിയാണ് കെ.എസ്.ഇ.ബി ഈ പ്രതിസന്ധിയെ കാലങ്ങളായി മറികടക്കുന്നത്. അതുകൊണ്ടുതന്നെ ബോർഡ് നിശ്ചയിക്കുന്ന താരിഫുകളിൽ അടിക്കടിയുണ്ടാകുന്ന വർദ്ധനവും ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. സ്വകാര്യ മേഖലയുമായി ചേർന്ന് ചെറുകിട ആണവനിലയങ്ങൾ സ്ഥാപിച്ചുകൊണ്ട് കേരളത്തിന്റെ ഊർജ്ജോത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നീക്കവും കെ.എസ്.ഇ.ബി ആരംഭിച്ചിട്ടുണ്ട്. എന്നാൽ മാനവരാശിക്ക് അത്യന്തം ആപത്കരമായ ആണവ നിലയങ്ങൾ സ്ഥാപിക്കുന്നതിനെതിരെ എതിർപ്പ് ശക്തമാണ്. സുസ്ഥിരവും പുനരുപയോ​ഗിക്കാൻ കഴിയുന്നതുമായ ഊർജ്ജ സ്രോതസുകൾ വഴി കേരളത്തിന് ഊർജ സ്വാശ്രയത്വം കൈവരിക്കാൻ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടും സർക്കാർ അത് പരി​ഗണിക്കുന്നതേയില്ല. വീടുകളിൽ സ്ഥാപിച്ച സൗരോർജ്ജ പ്ലാന്റുകൾ വഴി ഊർജ്ജോത്പാദനത്തിലും വിതരണത്തിലും സ്വയംപര്യാപ്തത കൈവരിച്ച പെരിഞ്ഞനം ​ഗ്രാമപഞ്ചായത്തിന്റെ അനുഭവം ​കേരളം ശ്രദ്ധിക്കേണ്ടതും പഠിക്കേണ്ടതുമായ ഒന്നാണ്. ‘പെരിഞ്ഞനോർജ്ജം’ എന്ന പരീക്ഷണം പകർന്നു നൽകുന്ന ഊർജ്ജപാഠങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

എന്താണ് ‘പെരിഞ്ഞനോർജ്ജം’ പദ്ധതി?

സൗരോർജ്ജത്തെ അടിസ്ഥാനമാക്കി തൃശൂർ ജില്ലയിലെ പെരിഞ്ഞനം ​ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ ഒരു ബദൽ വൈദ്യുതി ഉൽപാദന-വിതരണ മാതൃകയാണ് ‘പെരിഞ്ഞനോർജ്ജം’. ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് ജനങ്ങളുടെ പങ്കാളിത്തത്തോടെ എങ്ങനെ ഊർജ്ജ സ്വയംപര്യാപ്തത കൈവരിക്കാം എന്നതിന് മാതൃകയാണ് ‘പെരിഞ്ഞനോർജ്ജം’ പദ്ധതി. 700 കിലോവാട്ട് പുരപ്പുറ സോളാര്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ പഞ്ചായത്തായി ഈ പദ്ധതിയിലൂടെ പെരിഞ്ഞനം മാറി. ‘പെരിഞ്ഞനോർജ്ജം’ എങ്ങനെയാണ് വിജയകരമായി നടപ്പിലാക്കിയതെന്ന് അറിയുന്നതിനായി ആദ്യം പുരപ്പുറ സോളാർ പ്ലാന്റ് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

സൗരോർജ്ജത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിൽ കേരളത്തിന് ഏറ്റവും അനുയോജ്യമായ സംവിധാനമാണ് സോളാർ റൂഫ്ടോപ് പ്ലാന്റുകൾ. കെട്ടിടങ്ങളുടെ മേൽക്കൂരയിൽ സ്ഥാപിക്കുന്ന സോളാർ പാനലുകളിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഈ രീതി താരതമ്യേന ചിലവ് കുറഞ്ഞതാണ്. പ്രധാനമായും രണ്ട് തരത്തിലുള്ള വൈദ്യുതി ഉല്‍പ്പാദനമാണ് ഈ രീതിയിൽ നടക്കുന്നത്, ഓണ്‍ ഗ്രിഡ് സോളാര്‍ സിസ്റ്റവും ഓഫ് ഗ്രിഡ് സോളാര്‍ സിസ്റ്റവും. മേൽക്കൂരയിലെ സോളാർ പാനലുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിയുടെ വിതരണ ലൈനിലേക്ക് കടത്തിവിടുന്നതിനെയാണ് ഓണ്‍ ഗ്രിഡ് സംവിധാനം എന്ന് പറയുന്നത്. ഓഫ് ഗ്രിഡ് സോളാര്‍ സിസ്റ്റത്തില്‍ വീടിന്റെ മേൽക്കൂരയിലെ സോളാർ പാനലിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന ബാറ്ററിയിലാണ് സംഭരിക്കുന്നത്. ഏത് സമയത്തും ഇത് ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാന്‍ സാധിക്കും.

പുരപ്പുറ സോളാറിൽ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി പകൽ സമയങ്ങളിലെ ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കുകയും ബാക്കി വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി കോമൺപൂൾ ഗ്രിഡിലേക്ക് കൊടുക്കുകയും രാത്രിയിൽ മാത്രം കെ.എസ്.ഇ.ബി വൈദ്യുതിയെ ആശ്രയിക്കുകയും ചെയ്യുന്ന രീതിയാണ് പെരിഞ്ഞനത്ത് കൂടുതൽ പേരും പിന്തുടരുന്നത്. വീടുകളിൽ നിന്നും കെ.എസ്.ഇ.ബി ​ഗ്രിഡിലേക്ക് കൊടുക്കുന്ന വൈദ്യുതിയും രാത്രി സമയങ്ങളിൽ കെ.എസ്.ഇ.ബിയിൽ നിന്നും ഉപയോ​ഗിച്ച വൈദ്യുതിയും തമ്മിലുള്ള വ്യത്യാസം കണക്കാക്കിയാണ് കറണ്ട് ബിൽ വരുന്നത്. നൽകിയതും (Export) ഉപയോഗിച്ചതും (Import) ഒരേ അളവ് വൈദ്യുതിയാണെങ്കിൽ മീറ്റർ വാടകയല്ലാതെ മറ്റൊരു ചാർജും ആളുകളിൽ നിന്ന് ഈടാക്കുന്നില്ല. പഞ്ചായത്ത് നേതൃത്വം നൽകിയ പദ്ധതിയുടെ ഫെസിലിറ്റേറ്ററായാണ് കെ.എസ്.ഇ.ബി പെരിഞ്ഞനത്ത് പ്രവര്‍ത്തിച്ചത്. പെരിഞ്ഞനം ഗവ. യു.പി. സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയിൽ പഞ്ചായത്ത് സ്ഥാപിച്ച സോളാർ പാനലിൽ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് പെരിഞ്ഞനത്തെ ഭൂരിഭാഗം തെരുവുവിളക്കുകളും പ്രകാശിപ്പിക്കുന്ന എല്‍.ഇ.ഡി ഗ്രാമം പദ്ധതിയും രണ്ടാം ഘട്ടമായി ഇവിടെ നടപ്പാക്കി. എഴുന്നൂറിലേറെ തെരുവ് വിളക്കുകളാണ് ഈ വൈ​ദ്യുതിയിൽ നിന്നും പ്രകാശിതമായത്. കെ.കെ സച്ചിത്ത് പ്രസിഡന്റായിരുന്ന 2015-2020 കാലത്തെ ഭരണസമിതിയാണ് ‘പെരിഞ്ഞനോർജ്ജം’ പദ്ധതി ആവിഷ്കരിച്ചതും നടപ്പിലാക്കിയതും.

പുരപ്പുറ സോളാർ, പ്രതീകാത്മക ചിത്രം.

“തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലെ 950 പഞ്ചായത്തുകളിലായി 500 കിലോവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (SECI) സബ്സിഡി കൊടുക്കുന്നുണ്ടെന്ന് അന്നത്തെ കെ.എസ്.ഇ.ബി ചെയർമാൻ ടി.എം മനോഹരൻ വഴിയാണ് പഞ്ചായത്ത് പ്രസിഡന്റ് സച്ചിത്ത് അറിഞ്ഞത്. കെ.എസ്.ഇ.ബി ചെയർമാൻ പെരിഞ്ഞനം സ്വദേശിയായിരുന്നു. ഞങ്ങൾ മുന്നേതന്നെ സോളാർ പദ്ധതികളെക്കുറിച്ചുള്ള ആലോചനയിലായിരുന്നു. സബ്സിഡി ലഭ്യമാക്കിക്കൊണ്ട് പുതിയൊരു പദ്ധതിയുണ്ടെന്ന് അറിഞ്ഞപ്പോൾ എന്തുകൊണ്ട് ആ പദ്ധതി നമ്മുടെ പഞ്ചായത്തിൽ ചെയ്തുകൂടാ എന്ന ആലോചന വന്നു.” പദ്ധതിയുടെ തുടക്കത്തെക്കുറിച്ച് ‘പെരിഞ്ഞനോർജ്ജം’ ചീഫ് എക്സിക്യൂട്ടീവ് നൂറുദ്ദീൻ കേരളീയത്തോട് വിശദീകരിച്ചു.

“സോളാർ ഗ്രാമം എന്ന ലക്ഷ്യത്തോടെ ഓഫ് ഗ്രിഡ് പദ്ധതി നടപ്പിലാക്കാമെന്നാണ് ഞങ്ങൾ ആദ്യം കരുതിയതെങ്കിലും പിന്നീട് ഓൺ ഗ്രിഡ് സാദ്ധ്യതകൾ മനസിലാക്കി അത് ചെയ്യാമെന്ന് കരുതി. പ്രസിഡന്റ് സച്ചിത്ത് ഉൾപ്പെടെ അന്നത്തെ പഞ്ചായത്ത് ഭരണസമിതി പദ്ധതിയിൽ അതീവ താല്പര്യം പ്രകടിപ്പിച്ചു. പദ്ധതി നടത്തിപ്പിനായി ചെയർമാനും കൺവീനറും ഉൾപ്പെടെ പഞ്ചായത്തിൽ നിന്നും ഒരു 14 അംഗ ഉപഭോക്തൃ സമിതിയെ ഞങ്ങൾ തന്നെ നിയോഗിച്ചു. പഞ്ചായത്ത് പ്രസിഡന്റായിരുന്നു അതിന്റെ ചെയർമാൻ. വാറൻ്റി കാലയളവ് മുഴുവൻ പ്രോജക്ടിന്റെ മേൽനോട്ടം വഹിക്കാനുള്ള ചുമതല സോളാർ ഉപഭോക്തൃ സമിതിക്കായിരുന്നു. ആളുകൾക്ക് പദ്ധതിയെ കുറിച്ച് കൂടുതൽ അറിവ് കൊടുക്കാനായി സോളാർ റൂഫ്‌ടോപ്പ് എനർജിയെക്കുറിച്ചും അതിൻ്റെ ഗുണങ്ങളെക്കുറിച്ചും ബോധവത്കരണ സെമിനാറുകൾ ഞങ്ങൾ സംഘടിപ്പിച്ചു. ഓരോ തവണയും ആളുകൾ വലിയ താല്പര്യത്തോടെ തന്നെ അതിലെല്ലാം പങ്കെടുത്തു. പദ്ധതിയുടെയും അതിന്റെ പാരിസ്ഥിതിക – സാമ്പത്തിക നേട്ടങ്ങളുടെയും വിശദാംശങ്ങളടങ്ങിയ നോട്ടീസ് പഞ്ചായത്തിലെ ഓരോ വീട്ടിലും സമിതി അം​ഗങ്ങൾ വഴിയും വാർഡ് മെമ്പർമാർ വഴിയും ‍‍ഞങ്ങൾ എത്തിച്ചു. പദ്ധതിയിൽ താല്പര്യമുള്ള ആളുകളുടെ പേരുകൾ പട്ടികപ്പെടുത്തി. പ്രതിമാസം 500 രൂപയിൽ കൂടുതൽ വൈദുതി ബില്ല് വരുന്ന കുടുംബങ്ങളെയാണ് പരിഗണിച്ചത്.” നൂറുദ്ദീൻ പറയുന്നു.

“ഞങ്ങളുടെ പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ച് കഴിഞ്ഞ് സോളാർ എനർജി കോപ്പറേഷൻ ഓഫ് ഇന്ത്യയുമായി (SECI) നടത്തിയ ചർച്ചകൾക്ക് ശേഷം മൊത്തം 500 കിലോവാട്ട് പദ്ധതിക്കായി ഒരു കിലോവാട്ടിന് 19,500 രൂപ സബ്‌സിഡി നൽകാൻ SECI സമ്മതിച്ചു. യഥാർത്ഥത്തിൽ ഒരു കിലോവാട്ടിൻ്റെ ആകെ ചിലവ് 65,000 രൂപയായിരുന്നു. ഉപഭോക്താവിന് നൽകേണ്ടി വന്നത് 45,500 രൂപ മാത്രമാണ്. പഞ്ചായത്തിൻ്റെ മേൽനോട്ടത്തിൽ ഉപഭോക്തൃ സമിതിയാണ് ഡോക്യുമെൻ്റേഷൻ, സബ്‌സിഡി സംബന്ധിച്ച SECI യുമായുള്ള ചർച്ചകൾ, പ്രോജക്ട് എക്‌സിക്യൂഷന് വേണ്ടി കരാറുകാരെ ഏൽപ്പിക്കൽ എന്നിവ ചെയ്തത്. ഈ 500 കിലോവാട്ട് പ്രോജക്ടിന്റെ കാരാറുകാരെ SECI തിരഞ്ഞെടുത്തത് ഇന്ത്യയിലെമ്പാടുമുള്ള കമ്പനികളിൽ നിന്ന് ലഭിച്ച ക്വട്ടേഷനുകളിൽ നിന്നാണ്.” നൂറുദീൻ വിവരിച്ചു.

ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കണമെങ്കിൽ നാല് പാനലുകളാണ് ആവശ്യം. അന്നത്തെ പാനൽ കപ്പാസിറ്റിക്ക് അനുസരിച്ച് ഒരു പാനലിൽ നിന്ന് 250 വാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിച്ചിരുന്നത്. ഒരു കിലോവാട്ട് (1000 വാട്ട്) കപ്പാസിറ്റിയുള്ള നാല് പാനലുകളിൽ നിന്നുമായി ഒരു യൂണിറ്റ് വൈദ്യുതിയാണ് ഒരു ദിവസം ഒരു വീട്ടിൽ നിന്നും ഉത്പാദിപ്പിക്കാൻ സാധിച്ചിരുന്നത്. മൊത്തം 500 കിലോവാട്ട് പദ്ധതിയാണ് വിഭാവനം ചെയ്തിരുന്നത് എന്നതിനാൽ അത് തികയ്ക്കാനായി ആളുകൾ ആവശ്യപ്പെടുന്ന അളവിലാണ് പാനൽ ചെയ്തുകൊടുത്തത്. ഈ പദ്ധതിയിൽ ചേരുന്നതിന് മുമ്പ് ആയിരവും രണ്ടായിരവും രൂപ കറന്റ് ബില്ല് അടച്ചിരുന്ന ആളുകൾക്ക് ബില്ല് അടയ്ക്കേണ്ടാത്ത സ്ഥിതി വന്നതോടെ കൂടുതൽ വീട്ടുകാർ പദ്ധതിയിൽ പങ്കുചേരാൻ മുന്നോട്ടുവന്നു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും വിലയിരുത്തുന്നതിനുമായി പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ ഒരു മുറി പെരിഞ്ഞനോർജ്ജം ടീമിനായി അനുവദിച്ചു.

പെരിഞ്ഞനം ​ഗവൺമെന്റ് സ്കൂളിൽ സ്ഥാപിച്ച സോളാർ പ്ലാന്റ്. കടപ്പാട്:kau

സോളാർ പാനൽ സ്ഥാപിക്കുന്നതിനാവശ്യമായ പണം കണ്ടെത്താൻ കഴിയാത്തതിനാൽ പല കുടുംബങ്ങളും പദ്ധതിയിൽ പിൻവലിഞ്ഞ് നിന്നിരുന്നു. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി പെരിഞ്ഞനം സഹകരണ ബാങ്ക് മുന്നോട്ടുവന്നു. സാമ്പത്തിക സഹായം ആവശ്യമുള്ളവർക്ക് പെരിഞ്ഞനം സഹകരണ സംഘം വായ്പാ സൗകര്യവും ഏർപ്പെടുത്തി. യാതൊരു വിധ ഈടും സമർപ്പിക്കാതെ പ്രായപൂർത്തിയായ ഏതൊരു വ്യക്തിക്കും സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിനായി വായ്പ കൊടുത്തിരുന്നു. ഒരാൾക്ക് ഒരു കിലോ വാട്ട് സ്ഥാപിക്കാനായി അൻപതിനായിരം രൂപ വരെ വായ്പ ലഭിച്ചു. അതോടെ സോളാർ റൂഫ്‌ടോപ്പ് പ്ലാൻ്റിനായി രജിസ്റ്റർ ചെയ്യുന്ന കുടുംബങ്ങളുടെ എണ്ണം വർദ്ധിച്ചു. ഓട് മേഞ്ഞ വീടുകളിൽ പോലും സോളാർ പാനലുകൾ സ്ഥാപിച്ച അനുഭവം നൂറുദീൻ ഓർമ്മിച്ചു.

“2018 ലാണ് ഞങ്ങൾക്ക് സോളാർ കണക്ഷൻ കിട്ടിയത്. സഹകരണ ബാങ്കിൽ നിന്നും ലോൺ എടുത്തിരുന്നു, അതാണ് പ്രയോജനപ്പെടുത്തിയത്. ബാങ്കിൽ ചെറിയൊരു പലിശയുണ്ടായിരുന്നു. സബ്‌സിഡി കിഴിച്ചുള്ള പൈസയാണ് അവർ എന്റെ കയ്യിൽ നിന്നും വാങ്ങിയത്. എട്ട് പാനൽ ആണ് ഇവിടെ ഘടിപ്പിച്ചിട്ടുള്ളത്. കറന്റിന് ഇതുവരെ ചാർജ് വന്നിട്ടില്ല. മീറ്റർ റെന്റ് മാത്രമേ അടയ്ക്കുന്നുള്ളു. ഈ മാസം വെറും 166 രൂപയാണ് ബില്ലടച്ചത്. ഇവിടെ ഉത്പാദിപ്പിച്ച് കെ.എസ്.ഇ.ബിക്ക് കൊടുത്ത വൈദ്യുതിക്ക് രണ്ട് തവണ പൈസ അകൗണ്ടിൽ ക്രെഡിറ്റ് ആയിട്ടുമുണ്ട്.” സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്ത് പദ്ധതിയിൽ അംഗമായ അരവിന്ദാക്ഷൻ പറഞ്ഞു. മുൻപ് 2000 രൂപ വരെ കറന്റ് ബില്ലടച്ചിരുന്ന ആളുകൾ ഇപ്പോൾ വലിയ ആശ്വാസത്തിലാണ്.

പെരിഞ്ഞനത്തെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 127 കുടുംബങ്ങൾക്കാണ് സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിനായി സഹകരണ ബാങ്ക് വായ്പ നൽകിയത്. പലിശ നിരക്ക് കുറവായതിനാൽ മൂന്ന്-നാല് വർഷത്തിനുള്ളിൽ അവർക്ക് മുഴുവൻ തുകയും തിരിച്ചടയ്ക്കാൻ കഴിഞ്ഞതായി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കെ സച്ചിത്ത് ന്യൂ ഇൻഡ്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

പഞ്ചായത്തിന്റെ സഹകരണമുണ്ടായതോടെ സൗരോർജ്ജം സാധാരണക്കാർക്ക് ലാഭകരമായി മാറിയതായി പെരി‍ഞ്ഞനം നിവാസികൾ സാക്ഷ്യപ്പെടുത്തുന്നു. പദ്ധതിയുടെ ഭാ​ഗമായി വരുന്ന അറ്റകുറ്റപ്പണികളുടെ ചുമതല ഉപഭോക്തൃ സമിതി വഹിച്ചതും ജനങ്ങൾക്ക് ആശ്വാസമായി മാറി. “ആളുകൾക്ക് പാനലുമായി ബന്ധപ്പെട്ട എന്ത് പ്രശ്നം വന്നാലും ഉപഭോക്തൃ സമിതിയുടെ നേതൃത്വത്തിൽ തുടർച്ചയായി ഏഴ് വർഷം ഫ്രീ മെയിന്റനൻസ് ചെയ്തു കൊടുക്കുന്നുണ്ട്. ഇൻവെർട്ടറിന്റെ വാറണ്ടി പിരീഡ് അഞ്ച് വർഷമാണ്. ഫ്രീ മെയിന്റനൻസ് രണ്ട് വർഷവും. പക്ഷേ ഞങ്ങൾ ഒരു വളണ്ടിയർ സർവീസ് എന്ന നിലയ്ക്കാണ് അത് ചെയ്യുന്നത്. കഴിഞ്ഞമാസം മുതൽ സർവീസ് ചാർജ്ജായി 500 രൂപ ഒരു കുടുംബത്തിൽ നിന്നും വാങ്ങുന്നുണ്ട്. ടെക്നീഷ്യനുള്ള കൂലിയായാണ് അത് പരിഗണിക്കുന്നത്. സ്വന്തം ചിലവിൽ പാനൽ ഇൻസ്റ്റാൾ ചെയ്ത പലർക്കും ഇൻവെർട്ടർ കത്തി പോകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. അത് മാറ്റുന്നതിനായി ഒരാൾക്ക് 65,000 രൂപ വരെ വേണ്ടി വരും. എന്നാൽ പദ്ധതിയുടെ ഭാഗമായി ചെയ്യുമ്പോൾ ആളുകൾക്ക് അത്രയും ചെലവ് വരുന്നില്ല. എല്ലാം സമിതിയിൽ നിന്ന് തന്നെ ചെയ്തു കൊടുക്കാറുണ്ട്.” നൂറുദ്ദീൻ പറയുന്നു.

മുപ്പത് വർഷത്തിലേറെയായി ഗൾഫിൽ ജോലി ചെയ്തിരുന്ന പെരിഞ്ഞനം കുറ്റിലക്കടവ് നിവാസി പ്രതാപൻ 2018 ൽ നാട്ടിലേക്ക് തിരിച്ചെത്തിയതിനു ശേഷമാണ് പദ്ധതിയുടെ ഭാ​ഗമാകുന്നത്. സോളാറിന്റെ ഗുണങ്ങളെ കുറിച്ച് മുന്നേ ധാരണയുണ്ടായിരുന്നതായും സ്വന്തം നാട്ടിൽ ഇതുപോലൊരു പദ്ധതി നടപ്പിലാക്കിയതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാല് യൂണിറ്റ് ഉത്പാദന ശേഷിയുള്ള 16 പാനലുകളാണ് പ്രതാപന്റെ വീട്ടിൽ സ്ഥാപിച്ചിട്ടുള്ളത്. “രാത്രിയിലും മഴക്കാലങ്ങളിലും മാത്രമാണ് കെ.എസ്.ഇ.ബിയെ ആശ്രയിക്കാറുള്ളത്. ഞങ്ങൾ കൊടുക്കുന്ന കറന്റിന് വർഷത്തിൽ 3000 രൂപയിലധികം കെ.എസ്.ഇ.ബിയിൽ നിന്നും കിട്ടും. ഇപ്പോൾ മീറ്റർ വാടക മാത്രമാണ് കൊടുക്കാറുള്ളത്.” പ്രതാപൻ പറയുന്നു.

പ്രതാപൻ വീടിന് മുന്നിൽ, പുരപ്പുറ സോളാർ പ്ലാന്റും കാണാം. ഫോട്ടോ: സ്നേഹ എം

“അന്ന് പദ്ധതി കൊണ്ട് വന്നപ്പോൾ ഈ പ്രദേശത്തുള്ള ആളുകളെല്ലാം വലിയ ഉത്സാഹത്തോടെയാണ് പദ്ധതിയിൽ അംഗമായത്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവരെ സഹായിക്കാൻ സഹകരണ ബാങ്ക് മുന്നോട്ടുവന്നത് കുറേപേർക്ക് ആശ്വാസമായി. ഇവിടെ ഘടിപ്പിച്ചിട്ടുള്ളത് പഴയ ജനറേഷൻ പാനലുകളായതുകൊണ്ട് ശേഷി പുതിയതിനേക്കാൾ താരതമ്യേന കുറവാണ്.” പെരിഞ്ഞനം പഞ്ചായത്ത് നിവാസി ജലീൽ പറഞ്ഞു. 20 സോളാർ പാനലുകളാണ് ജലീലിന്റെ വീട്ടിലുള്ളത്. കെ.എസ്.ഇ.ബി അറ്റകുറ്റപ്പണികൾക്കായി വൈദ്യുതി വിച്ഛേദിക്കുമ്പോൾ ഓൺ​ഗ്രിഡിലേക്ക് സോളാർ പാനലിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കൊടുക്കാൻ കഴിയുന്നില്ല എന്നതാണ് ഒരു പ്രശ്നമായി ജലീൽ ചൂണ്ടിക്കാണിക്കുന്നത്.

500 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തിലെത്താൻ നാല് വർഷത്തോളമെടുത്തു. 2020 ആയപ്പോഴേക്കും 800 കിലോവാട്ട് വൈദ്യുതി പെരിഞ്ഞനം ​ഗ്രാമപഞ്ചായത്തിൽ ഉത്പാദിപ്പിച്ചിരുന്നു. എന്നാൽ 2020ൽ പുതിയ ഭരണസമിതി വന്നതോടെ പദ്ധതി നടത്തിപ്പിനുള്ള പിന്തുണ കുറഞ്ഞുപോയതായും ജനങ്ങൾക്ക് പരാതിയുണ്ട്. ഉപഭോക്തൃ സമിതിയാണ് ഇപ്പോൾ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

ജലീൽ പുരപ്പുറത്ത് സ്ഥാപിച്ചിരിക്കുന്ന പാനലിന് മുന്നിൽ. ഫോട്ടോ: സ്നേഹ എം

കേരളത്തിന്റെ സൗരോർജ്ജ ഭാവി

സൂര്യന്‍ എന്ന ഊര്‍ജസ്രോതസ്സിന്റെ സാന്നിധ്യം കൊണ്ട് സൗരോര്‍ജത്തിന്റെ ലഭ്യതയില്‍ ഒരുവിധത്തിലുള്ള പ്രയാസവും നേരിടേണ്ടി വരാത്ത സംസ്ഥാനമാണ് കേരളം. എന്നാൽ തീര്‍ത്തും പരിസ്ഥിതി സൗഹൃദമായ ഈ ഊര്‍ജ്ജ സ്രോതസ്സിന്റെ സാധ്യതയെ ഉപയോ​ഗപ്പെടുത്തുന്നതിൽ ഉഷ്ണമേഖലാ പ്രദേശമായ കേരളം ഇപ്പോഴും ഏറെ പിന്നിലാണെന്നാണ് സുസ്ഥിര ഊർജ്ജ രം​ഗത്ത് പ്രവർത്തിക്കുന്ന വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. കേരളത്തിലെ ശക്തമായ വികേന്ദ്രീകൃത ഭരണസംവിധാനം സൗരോർജ്ജ പദ്ധതികൾ വ്യാപിപ്പിക്കുന്നതിന് തികച്ചും അനുയോജ്യമായിട്ടും സർക്കാരും കെ.എസ്.ഇ.ബിയും ആ വഴിക്ക് നീങ്ങുന്നതിന് ഇപ്പോഴും വിമുഖത കാണിക്കുകയാണ്.

“ഇനിയുള്ള കാലത്ത് കേരളത്തിന് കൂടുതൽ അഭികാമ്യം സൗരോർജ പദ്ധതിയാണ്. അവിടെ അനാവശ്യമായ ആണവനിലയ ചർച്ചകൾക്ക് സ്ഥാനമില്ല. വളർന്നു വരുന്ന വലിയൊരു സാധ്യതയാണ് സോളാർ. എയർപോട്ടുകളിൽ പോലും സോളാർ പാനലുകൾ വിന്യസിച്ചു തുടങ്ങിയിട്ടുണ്ടല്ലോ. സോളാർ സാധ്യതകൾ വർധിപ്പിക്കുന്നതിനായി സർക്കാർ തലത്തിൽ തന്നെ പദ്ധതികൾ വരേണ്ടതുണ്ട്. സോളാറിൽ നിന്നും പകൽ സമയങ്ങളിൽ അമിതമായി ഉല്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് പമ്പ്ഡ് സ്റ്റോറേജ് സാങ്കേതികവിദ്യ കേരളത്തിൽ ഫലപ്രദമായി നടത്താം. അതിനുള്ള പഠനങ്ങൾ നടന്നിട്ടുണ്ട്. ഇപ്പോൾ നേരിടുന്ന പീക്ക് ലോഡ് മാനേജ് ചെയ്യാൻ സോളാർ ഉപയോഗപ്പെടുത്തണം. അതിനായി സർക്കാരും കെ.എസ്.ഇ.ബിയും നേതൃത്വം വഹിക്കണം.” ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റും പരിസ്ഥിതി വിദ​ഗ്ധനുമായ പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണൻ പറഞ്ഞു. “രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങൾ ആയിരകണക്കിന് ഹെക്ടർ വിസ്തൃതിയിൽ വൈദ്യുതി പാടങ്ങൾ സ്ഥാപിച്ച് സൗര ഊർജ പ്രതിസന്ധിക്ക് പരിഹാരം കണ്ടിട്ടുണ്ട്. പക്ഷേ, കേരളത്തിൽ അങ്ങനെയൊരു സൗകര്യമില്ല, എന്നാൽ പുരപ്പുറ സൗരോർജത്തിന് കേരളത്തിൽ വലിയ സാധ്യതകളുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണൻ

എഴുത്തുകാരനും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും പൂണെയിലെ World instituite of sustainable energy (WISE) യുടെ ഡയറക്ടറുമായ ജി. മധുസൂദനന്റെ നേതൃത്വത്തിലുള്ള പഠനസംഘം കേരളത്തിൽ സോളാറിന്റെ സാദ്ധ്യതകൾ വിശകലനം ചെയ്തു കൊണ്ട് 2012 ൽ ഒരു പഠന റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. ‘ദി എനർജി റിപ്പോർട്ട് കേരള’ എന്ന പേരിലുള്ള ആ റിപ്പോർട്ട്, കേരളത്തിൽ ഇപ്പോഴുള്ള തരിശുനിലങ്ങൾ ഉൾപ്പെടെ വീടുകളും, കെട്ടിടങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ കെട്ടിടങ്ങളും സൗരോർജ്ജം ഉത്പാദനത്തിന് അനുയോജ്യമായ ഇടങ്ങളാണെന്നും ഇവിടങ്ങളിൽ നിന്നും 42090 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സാധ്യതയുടെന്നും വിലയിരുത്തിയിരുന്നു. സോളാർ പാനലുകൾ അതിന്റെ മെയിന്റനൻസ് പീരീഡ്‌ കഴിഞ്ഞാൽ മലിനീകരണമുണ്ടാക്കും എന്നുള്ള വാദങ്ങളെയും ജി. മധുസൂദനൻ തിരുത്തുന്നുണ്ട്.

ജി. മധുസൂദനൻ

“ഇൻഡസ്ട്രിയൽ ഫീൽഡിൽ എന്തും മാലിന്യമായി മാറുന്നുണ്ട്. നമ്മൾ ഉപയോഗിക്കുന്ന സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഒക്കെ സൃഷ്ടിക്കുന്നത് വലിയ അളവ് ഇ മാലിന്യമാണ്. ഒരു സ്മാർഫോണിന്റെ ആയുസ് മിനിമം മൂന്ന് വർഷമല്ലേയുള്ളൂ. ഉപയോഗിക്കാനാവാതെ വരുമ്പോൾ അതൊരു മാലിന്യമല്ലേ. യൂറോപ്പിലൊക്കെ സോളാർ പാനലുകൾ റീസൈക്കിൾ ചെയ്യുന്നത് ഒരു തൊഴിൽ അവസരമായി മാറിയിട്ടുണ്ട്. ഇവിടെയും സോളാർ വ്യാപകമാവുന്നതോടുകൂടി അതും സാധ്യമാകും.” ജി. മധുസൂദനൻ പറഞ്ഞു. ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള കേരളത്തിന്റെ ഊർജശേഖരണം അതിന്റെ പീക്കിൽ എത്തിക്കഴിഞ്ഞുവെന്നും പാരിസ്ഥിതിക പ്രശ്നങ്ങൾ കാരണം വിൻഡ് എനർജി അധികം വ്യാപിപ്പിക്കാൻ സാധിക്കില്ലെന്നും കാർബൺ ബഹിർ​ഗമനം കുറയ്ക്കണമെങ്കിൽ സോളാർ തന്നെ തെരഞ്ഞെടുക്കണം എന്നും അദ്ദേഹം പറയുന്നു.

പെരിഞ്ഞനത്തെ ഒരു വീട്ടിലെ ഇലക്ട്രിസിറ്റി ബിൽ. ഉത്പാദിപ്പിച്ചതും ഉപഭോ​ഗം ചെയ്തതുമായ വൈദ്യുതിയുടെ യൂണിറ്റ് അതിൽ കാണാം.

സോളാർ ഉപഭോക്താക്കൾ കെ.എസ്.ഇ.ബിക്ക് വിൽക്കുന്ന വൈദ്യുതിയുടെ നിരക്ക് 2024 ജൂലായിൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ വർധിപ്പിച്ചത് സോളാർ പ്ലാന്റ് സ്ഥാപിക്കുന്നവർക്ക് ആശ്വാസമായി മാറിയിട്ടുണ്ട്. യൂണിറ്റിന് 3 രൂപ 25 പൈസയാണ് ഇപ്പോൾ ലഭിക്കുന്നത്. ഇത് നേരത്തെ രണ്ട് രൂപ 69 പൈസയായിരുന്നു. സൗരോർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനായി ഊർജ്ജ കേരള മിഷന്റെ ഭാ​ഗമായും അനർട്ട് (Agency for Non-conventional Energy and Rural Technology) മുഖേനയും വിവിധ പദ്ധതികൾ കേരള സർക്കാർ നടപ്പിലാക്കുന്നുണ്ട്. പി.എം സൂര്യ ഘര്‍: മുഫ്ത് ബിജിലി യോജന എന്ന കേന്ദ്ര സർക്കാരിന്റെ സബ്സിഡി പദ്ധതിയും 2024 മുതൽ കേരളത്തിൽ പുരപ്പുറ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി നടപ്പിലാക്കുന്നുണ്ട്. നാളിതുവരെ കേരളത്തിലാെക 1.44 ലക്ഷം ഉപേഭോക്താക്കൾ 808.89 മെ​ഗാവാട്ട് ശേഷിയുള്ള പുരപ്പുറ സോളാർ നിലയങ്ങൾ സ്ഥാപിച്ചിട്ടുണ്ട് എന്നാണ് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി കഴിഞ്ഞ വർഷം നിയമസഭയിൽ അറിയിച്ചത്. ഇത്തരത്തിൽ സൗരോർജ്ജം വ്യാപിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ ഒരുവശത്ത് നടക്കുന്നതിനിടയിലാണ് ആണവനിലയം എന്ന അപകടകരമായ ആശയം കെ.എസ്.ഇ.ബി മുന്നോട്ടുവയ്ക്കുന്നത്.

ഊർജ്ജം കെ.എസ്.ഇ.ബിയുടെ മാത്രം ഉത്തരവാദിത്തമല്ല

ഇന്നുവരെയുണ്ടായിട്ടുള്ള ഊർജ ഉത്പാദന-വിതരണ സമ്പ്രദായത്തിൽ നിന്നും മാറി വികേന്ദ്രീകൃത ഉത്പാദനം നടത്തിക്കൊണ്ട് ഊർജ പരിവർത്തനം സാധ്യമാക്കുകയാണ് വേണ്ടത് എന്നാണ് ഊർജ്ജരംഗത്ത് പ്രവർത്തിക്കുന്ന അസർ സോഷ്യൽ ഇമ്പാക്ട് അഡ്വൈസേഴ്‌സ്‌ (ASAR) എന്ന സംഘടനയുടെ കൺസൾട്ടന്റും വിൻഡ് എനർജി കൺസൾട്ടന്റുമായ ഡോ. ശശി കോട്ടയിൽ പറയുന്നത്. ഊർജ്ജ മേഖലയിൽ വലിയൊരു പരിവർത്തനം ഉണ്ടാകേണ്ട സമയമാണിതെന്നും അതിന് പൊതുജനങ്ങളെ ഉത്തരവാദിത്തപ്പെടുത്തിക്കൊണ്ടുള്ള പെരിഞ്ഞനോർജ്ജം പോലുള്ള പദ്ധതികളുടെ സാദ്ധ്യതകൾ വർദ്ധിപ്പിക്കണമെന്നും അദ്ദേഹം പറയുന്നു. പെരിഞ്ഞനം പദ്ധതിയെക്കുറിച്ചും അതെങ്ങനെ ഒരു സുസ്ഥിര മാർഗമായി കേരളത്തിലെ മറ്റ് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വ്യാപിപ്പിക്കാമെന്നും പൊതുജനങ്ങൾക്ക് ഊർജ്ജ മേഖലയിലെ ബിസിനസ് സാധ്യതയെക്കുറിച്ച് അറിവ് നൽകുന്നതിനും വേണ്ടി കെ.എസ്.ഇ.ബിയുടെ സഹകരണത്തോടെ ASAR ഒരു പഠനം നടത്തുന്നുണ്ട്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പെരിഞ്ഞനത്തെ വീടുകളിൽ സർവേ നടത്തിയാണ് പഠനം പൂർത്തിയാക്കുന്നത്.

ഡോ. ശശി കോട്ടയിൽ

“കേരളത്തിനാവശ്യമായ വൈദ്യുതിയുടെ എഴുപത് ശതമാനവും പുറത്തുനിന്നാണ് കെ.എസ്.ഇ.ബി വാങ്ങിക്കുന്നത്. സോളാറിൽ നിന്നും പകൽ സമയത്ത് മാത്രമേ വൈദ്യുതി ഉല്പാദിപ്പിക്കുന്നുള്ളൂ. പക്ഷേ, ഡിമാൻഡ് നോക്കി കഴിഞ്ഞാൽ പകൽ സമയത്ത് അത്ര വൈദ്യുതി ആവശ്യമില്ല. മൊത്തം ഉപയോഗത്തിന്റെ മൂന്നിലൊന്ന് മാത്രമാണ് പകൽ സമയത്തുള്ളത്. രാത്രി സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതിക്ക് കൂടുതൽ വിലയാണല്ലോ നൽകേണ്ടി വരുന്നത്. ജല വൈദ്യുത പദ്ധതികൾ മാത്രം ഉണ്ടായിരുന്ന കാലത്ത് വൈദ്യുതി വിറ്റ് ലാഭം ഉണ്ടാക്കുന്ന ഒരു കമ്പനിയായിരുന്നു കെ.എസ്.ഇ.ബി. ഇപ്പോൾ വലിയ വിലയ്ക്ക് കെ.എസ്.ഇ.ബി പുറത്തു നിന്നും വൈദ്യുതി വാങ്ങി അത് ചെറിയ വിലയ്ക്ക് നമ്മൾക്ക് തരുന്നു. അപ്പോൾ കെ.എസ്.ഇ.ബിയുടെ ലാഭമെന്താണ്? ഇവിടെയാണ്‌ പെരിഞ്ഞനോർജ്ജം പോലുള്ള പദ്ധതികളുടെ സാധ്യത. വീടുകൾ സ്വയം അവർക്ക് വേണ്ട വൈദ്യുതി അവരുടെ പുരപ്പുറങ്ങളിൽ ഉത്പാദിപ്പിക്കുകയാണ്. കെ.എസ്.ഇ.ബിയിൽ നിന്നുള്ള വൈദ്യുതി അവർക്ക് വേണ്ട. കെ.എസ്.ഇ.ബിക്കും പുറത്ത് നിന്നും കൂടുതൽ വൈദ്യുതി വാങ്ങിക്കേണ്ട ആവശ്യമില്ല. കെ.എസ്.ഇ.ബിക്ക് ഒരു ചെറിയ ശതമാനമെങ്കിലും തദ്ദേശീയ സ്ഥാപനങ്ങളിൽ നിന്നും കിട്ടുന്നു എന്ന് പറയുന്നത് ആശ്വാസമാണ്.” ശശി കോട്ടയിൽ പറഞ്ഞു.

ഊർജ്ജ ഉത്പാദനത്തിലും സംഭരണത്തിലും വിതരണത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉണ്ടാകുമ്പോൾ അത് എത്രത്തോളം ഫലപ്രദവുമാകും എന്നതിന് ഉദാഹരണമാണ് പെരിഞ്ഞനോർജ്ജം പദ്ധതി. പുരപ്പുറ സൗരോർജ്ജ പ്ലാന്റിന്റെ സാധ്യതകൾ പഠിക്കുന്നതിനായി തമിഴ്നാട്ടിൽ നിന്നുള്ള 37 പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ഉദ്യോസ്ഥരുടെയും സംഘം രണ്ട് വർഷം മുമ്പ് പെരിഞ്ഞനത്ത് വന്നിരുന്നു. തമിഴ്‌നാട്ടിലെ കുറഞ്ഞത് 25 പഞ്ചായത്തുകളെങ്കിലും പെരിഞ്ഞനം മാതൃക നടപ്പിലാക്കുന്നതിനാണ് അവർ തീരുമാനിച്ചത്. എന്നാൽ കേരളം ഈ പദ്ധതി മറ്റിടങ്ങളിലേക്ക് വ്യാപിക്കാൻ ഇപ്പോഴും വേണ്ടത്ര ശ്രമിക്കുന്നില്ല. 2022ലെ സംസ്ഥാന ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ ഈ മാതൃക മറ്റ് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. രണ്ട് വർഷം പിന്നിട്ടിട്ടും അത്തരം ശ്രമങ്ങളൊന്നും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. ഒരു പഞ്ചായത്ത് ഭരണസമിതിക്ക് ജനപങ്കാളിത്തത്തോടെ കൈവരിക്കാൻ കഴിയുന്ന ഊർജ്ജ സ്വാശ്രയത്വം ആണവ പദ്ധതികളിലൂടെ സാധ്യമല്ലെന്ന് ഉറപ്പായിട്ടും പെരിഞ്ഞനം മോഡൽ അവഗണിക്കപ്പെടുകയാണ്.

Also Read

10 minutes read February 22, 2025 2:36 pm