

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


April 11: National Pet Day
കാലാവസ്ഥാ വ്യതിയാനം വളർത്തു മൃഗങ്ങളിൽ സൃഷ്ടിക്കുന്ന വിപത്തുകൾ കേരളം എത്രത്തോളം ചർച്ച ചെയ്യുന്നുണ്ട് ? പ്രകൃതി ദുരന്തം അതിജീവിച്ച മൃഗങ്ങൾക്കും പോസ്റ്റ് കെയർ ലഭിക്കുന്നുണ്ടോ? ‘പെറ്റ് പാരൻ്റിങ്’ എന്നത് കേരളത്തിൽ ഒരു പുതിയ സംസ്കാരമായി മാറുകയും പെറ്റ്സിന് വേണ്ടി ഗ്രൂമിംഗ് പാർലറുകൾ വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വളർത്തു മൃഗങ്ങൾ നേരിടുന്ന സമ്മർദ്ദങ്ങളെക്കുറിച്ചും അവരിലുണ്ടാകുന്ന വൈറൽ ബാധകളെ എങ്ങനെ നേരിടാമെന്നും സംസാരിക്കുന്നു വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ഉമേഷ് സി.ജി
വളർത്തുപട്ടികളിൽ അഡിനോ വൈറൽ ഇൻഫെക്ഷൻ റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്നുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ കേട്ടിരുന്നു. എന്താണ് ആ ഇൻഫെക്ഷൻ? എങ്ങനെയാണ് അത് വളർത്തു നായ്ക്കളിൽ പകരുന്നത്? എങ്ങനെ അതിനുവേണ്ട കെയർ കൊടുക്കാം?
മനുഷ്യരിലും മൃഗങ്ങളിലും കാണപ്പെടുന്ന ഡബിൾ സ്‌ട്രാൻഡഡ്, ഡി.എൻ.എ ടൈപ്പ് വൈറസ് ആണ് അഡിനോ വൈറസ്. 1940 ൽ ഈ വൈറസ് കണ്ടെത്തിയിട്ടുണ്ട്. കനൈൻ അഡിനോ വൈറസ് വൺ, കനൈൻ അഡിനോ വൈറസ് ടു എന്നിങ്ങനെ രണ്ടു തരമുണ്ട്. ഇതിൽ കനൈൻ അഡിനോ വൈറസ് വൺ ആണ് കുറച്ചുകൂടി മാരകമായ സാംക്രമിക രോഗമുണ്ടാക്കുന്നത്. Infectious canine hepatitis അല്ലെങ്കിൽ ബ്ലൂ ഐ എന്നാണ് ആ രോഗത്തിന് പേര്. കരളിനേയും രക്തക്കുഴലുകളെയുമാണ് അത് ബാധിക്കുന്നത്. ചിലവയിൽ ന്യൂറോളജിക്കൽ ലക്ഷണങ്ങൾ കാണാം എങ്കിലും ചിലതിൽ ലക്ഷണങ്ങൾ ഒന്നും പ്രകടമാവാറുമില്ല. ചെറിയ പനി മുതൽ രക്തം കട്ടപിടിക്കുകയും മഞ്ഞപിത്തം വരെയും അതിന്റെ ലക്ഷണങ്ങളായി നായ്ക്കളിൽ പ്രകടമാവാറുണ്ട്. രോഗം വന്ന നായ്ക്കളുടെ മലത്തിലും മൂത്രത്തിലും ഉമിനീരിലും ഈ വൈറസ് ഉണ്ടാകും. അതിന്റെ നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കമാണ് രോഗം പകരാനിടയാകുന്നത്. ശരീരത്തിനകത്ത് പ്രവചിച്ചു കഴിഞ്ഞാൽ ഏകദേശം ആറ് മുതൽ ഏഴു ദിവസത്തിനകം ലക്ഷണങ്ങൾ പ്രകടമായി തുടങ്ങും. ഇത് ചിലപ്പോൾ വൃക്കകളെയും ബാധിക്കാം. കണ്ണുകളിൽ ആന്റിബോഡി കോംപ്ലക്സുകൾ ഡിപ്പോസിറ്റ് ചെയ്തിട്ട് അസാധാരണമായ നീല നിറം ഉണ്ടാക്കുന്ന Corneal Edema എന്ന കണ്ടീഷൻ ചില നായ്ക്കളിൽ പ്രകടമായേക്കാം. അതുകൊണ്ടാണ് ഇതിനു ബ്ലൂ ഐ എന്ന പേരുമുള്ളത്. വളരെ ഫലപ്രദമായി ഈ രോഗത്തെ ചെറുക്കാവുന്ന പ്രതിരോധ വാക്‌സിനേഷൻ ഉണ്ട്, ആന്റി വൈറൽ കുത്തിവയ്‌പ്പുകൾ ഇല്ലെങ്കിലും ഫലപ്രദമായ മരുന്നുകൾ ഉണ്ട്. വൈറസ് വ്യാപിക്കാതിരിക്കാനായി രോഗം പിടിപെട്ട നായ്ക്കളെ മാറ്റി നിർത്തുകയും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുകയും ചെയ്താൽ രോഗത്തെ പ്രതിരോധിക്കാം.


Cardiovascular diseases അഥവാ ഹൃദയസംബന്ധമായ അസുഖങ്ങൾ വളർത്തു പട്ടികളിൽ വർധിച്ചുവരുന്നുവെന്ന വാർത്തകളും സമീപ കാലങ്ങളിൽ ഉണ്ടായിരുന്നു. നായ്ക്കളെ വളർത്താൻ ആഗ്രഹിക്കുന്നവർ വലിയ തോതിൽ കൂടിവരികയാണല്ലോ. ഇത്തരം അസുഖങ്ങൾ അവർക്ക് കൊടുക്കുന്ന മുന്നറിയിപ്പുകൾ എന്തൊക്കെയാണ്? അതിനെ ചെറുക്കാൻ എന്തൊക്കെ ചെയ്യാനാകും?
അതെ, വളർത്തു നായ്ക്കളിൽ കാർഡിയോ വാസ്കുലർ ഡിസീസുകൾ നമ്മൾ കരുതിയതിനേക്കാൾ കൂടുതലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അത് ഏറ്റവും കൂടുതൽ കാണപ്പെടുന്നത് നോൺ നേറ്റീവ് (Non native) ആയ ബ്രീഡുകളിലാണ്. നായ്ക്കളിൽ ഹാർട്ട് ഡിസീസുകൾ പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം, പൊതുവിൽ അമിതമായ ഭക്ഷണമാണ് ഹൃദയരോഗങ്ങൾക്ക് കാരണമെന്ന അശാസ്ത്രീയമായ വിലയിരുത്തൽ നടത്താൻ ആളുകൾക്ക് താല്പര്യമുണ്ട്. പക്ഷേ മനുഷ്യനെപ്പോലെ Obesity – അമിതവണ്ണം അത്ര prominent ആയ കാരണമായി നായ്ക്കളിൽ അങ്ങനെ കാണാറില്ല. മനുഷ്യർക്കുള്ളതുപോലെ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടിയുമല്ല നായ്ക്കളിൽ ഹൃദയസംബന്ധമായ രോഗങ്ങളുണ്ടാക്കുന്നത്. ഞങ്ങൾ കാണാറുള്ള നായ്ക്കളിൽ ഒരു പത്തോ പതിനഞ്ച് ശതമാനം വരെ ഹൃദയസംബന്ധമായ എന്തെങ്കിലും അസുഖങ്ങൾ കാണാറുണ്ട്. അതിൽ 95 ശതമാനവും അതിന്റെ ജീവിത കാലയളവിൽ ആർജ്ജിച്ചെടുക്കുന്നതോ (Acquired) അല്ലെങ്കിൽ വികസിക്കുന്നതോ ആണ്. ജന്മനായുള്ള ഹൃദയ തകരാറുകൾ വെറും അഞ്ചു ശതമാനത്തിൽ താഴെ മാത്രമാണ് റിപ്പോർട്ട് ചെയ്യാറുള്ളത്. Acquired heart disease ൽ 70 മുതൽ 75 ശതമാനം റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത് ഹൃദയത്തിന്റെ ഇടത് വശത്തുള്ള വാൽവിനുള്ള തകരാറാണ്. Mitral valve degeneration അല്ലെങ്കിൽ mitral valve deisease എന്നാണ് അതിനെ വിളിക്കുക. ബാക്കി ഒരു എട്ട് ശതമാനത്തോളം Dilated cardiomyopathy (DCM) എന്നൊരു കണ്ടീഷനും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഹൃദയപേശികൾക്ക് ഉണ്ടാകുന്ന വികാസവും ബലക്ഷയവും ആണ് ഈ അസുഖം. ഇതിന്റെ ഫലമായി ഹാർട്ട് വലുതാവുകയും രക്തം പമ്പ് ചെയ്യാതിരിക്കുകയും ചെയ്യുന്നു. ഈ അസുഖം ചില ബ്രീഡുകളിൽ വളരെ കൂടുതലായിട്ടാണ് കാണപ്പെടുന്നത്. ഡോബർമാൻ എന്ന ഇനത്തിൽ ഏകദേശം 58 ശതമാനം മുതൽ 60 ശതമാനം വരെ ഈ രോഗം ഉണ്ടാകുന്നു എന്ന് സ്റ്റാറ്റിസ്റ്റിക്സ് പറയുന്നു. അസുഖം പിടിപെട്ടാൽ ഇവയ്ക്ക് ആദ്യം ഉണ്ടാകുന്ന ലക്ഷണം തന്നെ Sudden death (പെട്ടെന്നുള്ള മരണം) ആണ്. ഡോക്ടർമാർ എന്താണ് മരണകാരണം എന്ന് തിരിച്ചറിയുന്നത് തന്നെ പോസ്റ്റ്മോർട്ടത്തിൽ ആയിരിക്കും. Great Dane, Boxer എന്നീ രണ്ടു ബ്രീഡുകളിലും ഈ തരം അസുഖങ്ങൾ കൂടുതലായി കാണപ്പെടുന്നു. തോറിൻ എന്ന അമിനോ ആസിഡിൻ്റെ കുറവ് പട്ടികളിൽ ഹൃദ്രോഗ സാധ്യതയുണ്ടാക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. Taurine-deficient cardiomyopathy എന്നാണ് അതിനു പേര്. പിന്നെ ചില മരുന്നുപയോഗമോ, മറ്റു ചില രോഗങ്ങളോ കൊണ്ടും ഹൃദ്രോഗ സാധ്യതയുണ്ടാകാം.
ഹൃദയ സംബന്ധമായ രോഗങ്ങൾ ഉണ്ടാകുമ്പോൾ ഹൃദയം തന്നെ സ്വയം കുറച്ച് compensatory mechanisms ചെയ്യും. ഇത് പരാജയപ്പെടുമ്പോഴാണ് heart diseases ൻ്റെ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങുന്നത്. ലക്ഷണങ്ങളിൽ പ്രധാനമായ ഒന്ന്, exercise intolerance ആണ്. അതായത് നായ ചെറുതായി ഒന്ന് ഓടുകയോ ചാടുകയോ ചെയ്യുമ്പോൾ തന്നെ അമിതമായി കിതയ്ക്കാൻ തുടങ്ങും. രാത്രിയിൽ ചുമയുണ്ടാവുകയും, കാലുകളിലും വയറിനു താഴെയും നീർക്കെട്ട് ഉണ്ടാവുകയും ചെയ്യും. ഈ ലക്ഷണങ്ങൾ അർത്ഥമാക്കുന്നത് നായയ്ക്ക് heart failure സംഭവിച്ചു എന്നുള്ളതാണ്. അതായത് ഹൃദയം അതിന്റെ ധർമം ചെയ്യുന്നതിൽ നിന്ന് പരാജയപ്പെട്ടതിന്റെ ലക്ഷണങ്ങൾ ആണിത്. തകരാർ ഉണ്ടായി കഴിഞ്ഞു മൂന്നോ നാലോ വർഷങ്ങൾക്കുശേഷമാണ് ലക്ഷണങ്ങൾ പ്രകടമാവുക. ക്ലിനിക്കലി, ഒരു വെറ്റിനറി കാർഡിയോളജിസ്റ്റ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. Cardiac signs കണ്ടുതുടങ്ങി കഴിഞ്ഞാൽ അത് ട്രീറ്റ് ചെയ്യുന്നതിനായുള്ള മതിയായ സമയം കിട്ടില്ല. DCM ൽ treatment തുടങ്ങിക്കഴിഞ്ഞാൽ ഡോബർമാൻ ഇനങ്ങൾക്ക് ഏകദേശം 7 മുതൽ 9 ആഴ്ച മാത്രമേ ജീവിക്കാനാകൂ എന്നും മറ്റു ബ്രീഡുകൾ 25 മുതൽ 30 ആഴ്ച വരെയും ജീവിക്കും എന്നും ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
DCM ന്റെ ലക്ഷണങ്ങൾ എപ്പോൾ കാണുന്നോ അപ്പോൾ തന്നെ അത് തിരിച്ചറിയാനുള്ള മാർഗങ്ങളാണ് ഇപ്പോൾ ഞങ്ങൾ നിർദ്ദേശിക്കുന്നത്. അതായത് ബ്രീഡിന് വരാവുന്ന രോഗസാധ്യതകൾ മുന്നിൽക്കണ്ടുകൊണ്ട് ചെയ്യുന്ന പരിശോധന. Occult DCM എന്നാണ് അതിനെ പറയുക. രണ്ട് മെത്തേഡ് വഴിയാണ് അത് കണ്ടെത്തുന്നത്. ദേഹത്ത് ഇ.സി.ജി കണക്ക്ട് ചെയ്ത് 24 മണിക്കൂറും അത് റെക്കോർഡ് ചെയ്യുന്ന Holter ECG വഴി ഹൃദയ പേശികൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് തിരിച്ചറിയാൻ പറ്റും. എന്തെങ്കിലും abnormality ഉണ്ടെങ്കിൽ ഉടനെ നമ്മൾ പെറ്റിനെ എക്കോകാർഡിയോഗ്രഫിക്ക് വിധേയമാക്കും. ഇതിലൂടെ നമ്മൾക്ക് ഹൃദയത്തിന്റെ dilation അഥവാ വലിപ്പവും പൗമ്പിംഗും മനസ്സിലാക്കാൻ പറ്റും. ഇത്തരത്തിൽ ഒരു പരീക്ഷണം കഴിഞ്ഞ വർഷം ഞങ്ങൾ ചെയ്തിരുന്നു. മൂന്ന് വയസ്സിനു മുകളിലുള്ള, പുറമേയ്ക്ക് പൂർണ ആരോഗ്യത്തിൽ – apparently healthy – ആണെന്ന് തോന്നുന്ന 104 നായ്ക്കളിൽ ആണ് മണ്ണുത്തി വെറ്റിനറി കോളേജിൽ പഠനം നടത്തിയത്. അതുപ്രകാരം Clinical signs ഒന്നും തന്നെ കാണിക്കാത്ത ഏകദേശം 10 ശതമാനം നായ്ക്കൾക്കും ഹൃദയത്തിൽ പ്രശ്നമുണ്ട് എന്നായിരുന്നു കണ്ടെത്തിയത്.
Routine cardiac screening അഥവാ ഹൃദയരോഗ നിർണയ പരിശോധന മുന്നേ തന്നെ ചെയ്‌താൽ വരുന്ന അസുഖത്തിന് മുന്നേ തന്നെ തിരിച്ചറിയാനാകും. മൂന്നു വയസ്സിന് മുകളിലുള്ള പട്ടികൾക്ക് വർഷത്തിൽ ഒരു പ്രാവശ്യം Holter Ecg ചെയ്താൽ അത് കണ്ടുപിടിക്കാൻ പറ്റും. ഇല്ലെങ്കിൽ വർഷത്തിൽ ഒരു പ്രാവശ്യം എങ്കിലും എക്കോകാർഡിയോഗ്രഫി ചെയ്യാൻ നിർദേശിക്കും. വിദേശയിനം ബ്രീഡുകളെ വളർത്തുന്നവർ വർഷത്തിലൊരിക്കലെങ്കിലും ഈ പരിശോധന നടത്താൻ ഞങ്ങൾ നിർദേശിക്കാറുണ്ട്. അഞ്ചു വയസ്സിന് മുകളിലുള്ള പട്ടികളിൽ, കിഡ്നി, ലിവർ ഫങ്ക്ഷൻസ് ശരിയാണോ എന്ന് പരിശോധിക്കാനും നിർദ്ദേശിക്കാറുണ്ട്.
പല ബ്രീഡ് ഓണേഴ്സിനും തന്റെ പെറ്റിന് വരാനിടയുള്ള ഹൃദ്രോഗ സാധ്യതയെ കുറിച്ച് അറിവില്ല എന്ന് പറയാം. അതിനുള്ള ട്രെയിനിങ് അവർക്ക് കിട്ടുന്നില്ല. പട്ടി രാത്രി അമിതമായി കുരയ്ക്കുമ്പോൾ അത് തണുപ്പിന്റെ ആയിരിക്കാം എന്ന് കരുതി ഒഴിവാക്കുന്നതും വയറിനു താഴെ വീക്കം വരുമ്പോൾ അത് കുടവയർ ആണ് എന്ന് തെറ്റിദ്ധരിക്കുന്നതും ഒക്കെ അതിന്റെ സൂചനകളാണ്. ഒരു സീരിയസ് പെറ്റ് ഓണറിനെ സംബന്ധിച്ച് പെറ്റിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കേണ്ടത് നിർബന്ധമാണ്. പ്രത്യേകിച്ചും ഭക്ഷണകാര്യങ്ങളിൽ അമിതമായി തന്നെ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.


വളർത്തുമൃഗങ്ങളിൽ പകരുന്ന അസുഖങ്ങളിൽ പലതും നേരത്തെ തിരിച്ചറിയപ്പെടാതെ പോകുന്നു എന്നൊരു കാരണം കൂടിയുണ്ടെന്ന് പറഞ്ഞുവല്ലോ. ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുള്ള എല്ലാ രോഗങ്ങൾക്കും മരുന്നുകളും ചികിത്സാ സംവിധാനങ്ങളും നമ്മുടെ നാട്ടിൽ നിലവിലുണ്ടോ? പുതിയ കാലത്ത് വെറ്റിനറി മെഡിസിൻ എത്രത്തോളം വികസിച്ചിട്ടുണ്ട്?
ഇന്ത്യയിൽ മനുഷ്യന് ഒരു അസുഖം വന്നാൽ എത്രയൊക്കെ ചികിത്സ ലഭ്യമാക്കുമോ മൃഗങ്ങൾക്കും അത്രത്തോളം ലഭ്യമാക്കാനുള്ള തരത്തിൽ അത് വികസിച്ചിട്ടുണ്ട്. വികസിത രാജ്യങ്ങളിലെ വെറ്റിനറി ക്ലിനിക്കുകളോട് കിടപിടിക്കുന്ന ഒരു ഹ്യൂമൻ റിസോഴ്സ് ആണ് അതിൽ ഇന്ത്യക്കുള്ളത്. അത്യാധുനിക രോഗ നിർണ്ണയ, രോഗ ചികിത്സാസംവിധാനങ്ങളിലാണ് നമ്മൾ പിന്നിലുള്ളത്. പതുക്കെ ആണെങ്കിലും അതെല്ലാം ഇപ്പോൾ വന്ന് തുടങ്ങുന്നുണ്ട്. ഇന്ത്യൻ വെറ്റിനറി മേഖലയിൽ ന്യൂക്ലിയർ മെഡിസിൻ ഇപ്പോൾ മുംബൈയിൽ തുടങ്ങിയിട്ടുണ്ട്. Advanced imaging ടെക്നിക്കുകളായ MRI ഒക്കെ ഇപ്പോൾ പ്രൈവറ്റ് വെറ്റിനറി ആശുപത്രികളിലും സ്ഥാപിച്ചിട്ടുണ്ട്. ചില രോഗങ്ങൾക്ക് ജീൻ ടെസ്റ്റിംഗ് സാധ്യമാക്കിയിട്ടുണ്ട്. മനുഷ്യരിൽ ഹൃദയരോഗം നിർണയിക്കാനായി ചിപ്പിന്റെ രൂപത്തിൽ ഘടിപ്പിക്കാനുള്ള ഇ.സി.ജി മെഷീൻസ് അനിമൽസിനും കൊണ്ടുവരാനുള്ള പദ്ധതികൾ ആലോചിക്കുന്നുണ്ട്. കാലാകാലങ്ങളായി പശുക്കളിൽ രോഗ നിർണയത്തിനായി സർക്കാർ അംഗീകൃത മെക്കാനിസമുണ്ട്. മറ്റ് വളർത്തു മൃഗങ്ങളിൽ അത് കൊണ്ടുവന്നിട്ടില്ല എന്നേയുള്ളൂ. എല്ലാ രോഗത്തിനുള്ള മരുന്നുകളും (എക്സ്പെൻസീവ് ആയതും അല്ലാത്തതും ആയ) ഇപ്പോൾ ലഭ്യമാണ്.
പിന്നെ ട്രീറ്റ്മെന്റ് റെസ്പോൺസിൽ ഇപ്പോൾ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. ചികിത്സയ്ക്കും മരുന്നിനുമായി എത്ര ചിലവ് വന്നോ അത് അത്രയും വഹിക്കാൻ പെറ്റ് ഓണേഴ്സ് തയ്യാറാണ്. നല്ലൊരു മാറ്റമാണ് അത്. ചികിത്സയ്ക്കായി ഞങ്ങൾ ഏതറ്റം വരെയും പോകാം എന്ന് ചില ഓണേഴ്‌സ് പറയാറുണ്ട്. അപ്പോൾ നമ്മളും കുറച്ച് റിലാക്സ്ഡ് ആവും. അപ്പോൾ അതിന്റെതായ മാറ്റങ്ങൾ ട്രീറ്റ്മെന്റിന്റെ സൈഡിലും വന്നിട്ടുണ്ട്. ഹൃദയ രോഗ ചികിത്സയിൽ ഉപയോഗിക്കുന്ന പല മരുന്നുകൾക്കും വലിയ ചെലവ് വരും. ആൾക്കാർ അതിന് തയ്യാറാണ്.
വൺ ഹെൽത്ത് അഥവാ ഏകാരോഗ്യം എന്ന ആശയം വികസിച്ചുകൊണ്ടിരിക്കുകയാണല്ലോ. നിപ്പ വന്നപ്പോഴും, കോവിഡിന്റെ തുടക്ക സമയത്തും മനുഷ്യരും മൃഗങ്ങളും അടങ്ങിയിട്ടുള്ള മെഡിക്കൽ സംവിധാനങ്ങളെ ഏകോപിപ്പിക്കുന്ന ഒരു സഹകരണം ഉണ്ടായിരുന്നു. എലിപ്പനി പോലുള്ള ജന്തു ജന്യ രോഗങ്ങൾ മനുഷ്യരിൽ എങ്ങനെയാണോ ഡയഗ്നോസ് ചെയ്യുന്നത്, അങ്ങനെ തന്നെയാണ് ജന്തുക്കളിലും ചെയ്യുന്നത്. ആർ. ടി.പി.സി.ആർ ഉൾപ്പെടെ നമ്മൾ ജന്തുക്കളിൽ ചെയ്യാറുണ്ട്.


വളർത്തുമൃഗങ്ങൾക്ക് കൊടുക്കേണ്ട പോഷകാഹാരത്തെക്കുറിച്ചോ, കരുതലിനെക്കുറിച്ചോ ബേസിക് കെയറിനെ കുറിച്ചോ അവരെ വളർത്തുന്നവർക്കിടയിൽ മതിയായ ധാരണയുണ്ടോ? കൃത്യമായി കുത്തിവെയ്പ്പുകൾ ചെയ്യുന്നതിൽ നിന്ന് പോലും പലരും പിറകിലാണ് എന്നാണ് മനസിലാവുന്നത്. നേറ്റീവ് അനിമൽസിനേക്കാൾ കൂടുതലും ബ്രീഡിങ് ചെയ്ത വിദേശയിനങ്ങളെ വളർത്തുമ്പോൾ കൂടുതൽ ശ്രദ്ധിക്കേണ്ടതല്ലേ ?
ഓമന മൃഗങ്ങളിൽ അസുഖങ്ങളുമായി ഞങ്ങളെ സമീപിക്കുന്നവരിൽ പലർക്കും ഇതിനെക്കുറിച്ചൊന്നും വലിയ ധാരണയില്ല എന്നാണ് മനസിലാവുന്നത്. കോവിഡ് ലോക്ക് ഡൗണിന് ശേഷം pet population വളരെയധികം വർധിച്ചിട്ടുണ്ട്. ഗ്ലോബൽ ആവറേജിനെക്കാളും കൂടുതലാണ് പോസ്റ്റ് കോവിഡ് കാലത്ത് ഇന്ത്യയിൽ ഉണ്ടായ pet population ലെ വർദ്ധനവ്. ആളുകൾ ഒറ്റയ്ക്കായപ്പോൾ ഒരു ഒരു കൂട്ട് ആഗ്രഹിച്ചാണ് പലരും വീടുകളിൽ ബ്രീഡുകളെ വാങ്ങി തുടങ്ങുന്നത്. പണ്ടൊക്കെ നാടൻ ഇനങ്ങളെ വീട്ടിൽ വളർത്താൻ മലയാളികൾക്ക് വലിയ താല്പര്യമായിരുന്നു. എന്നാൽ ഇന്ന് കേരളത്തിൽ അതിനുള്ള താല്പര്യം വളരെ കുറവാണ്. വിദേശയിനങ്ങളോടാണ് മലയാളിക്ക് പ്രിയം. ആദ്യം തന്നെ നമ്മൾ എന്തിനാണ് ഒരു പെറ്റിനെ വളർത്തുന്നത് എന്ന ധാരണ ഓരോ പെറ്റ് ഓണറിനും വേണം. നമുക്ക് വീട്ടിലുള്ള സ്ഥലസൗകര്യത്തിനനുസരിച്ച് വേണം ഏതിനം എന്ന് തെരഞ്ഞെടുക്കാൻ. പട്ടികളിൽ ടോയ് ബ്രീഡുകൾക്ക് ഒക്കെ ചെറിയ ഇടങ്ങൾ മതിയാകും. അതല്ല, ഗാർഡിങ് പർപ്പസ് ആണ് വേണ്ടതെങ്കിൽ കുറച്ചൂടെ വലിയ പട്ടികളായ ഡോബർമാൻ, റോട്ട് വീലർ ഒക്കെ തെരഞ്ഞെടുക്കാം. നമ്മൾ മൃഗങ്ങളെ വാങ്ങുമ്പോൾ അതിന് ഭാവിയിൽ എന്തൊക്കെ അസുഖങ്ങൾ വരാനിടയുണ്ട്, അതിൻ്റെ average life expectancy എത്ര, അതിനുവേണ്ടി നമ്മൾ എന്തൊക്കെ കെയർ കൊടുക്കണം എന്നതിനെക്കുറിച്ചുള്ള അറിവ് ഇവർക്ക് ഉണ്ടായിരിക്കേണ്ടതാണ്.
പട്ടികളിൽ ആണെങ്കിൽ ജനിച്ച് 45 ദിവസത്തിന് ശേഷമാണ് വാക്‌സിനേഷൻ തുടങ്ങേണ്ടത്. കൃത്യമായ ഇടവേളകളിൽ റാബിസ് വൈറസ് ഉൾപ്പെടെ പ്രധാനമായും ആറ് രോഗങ്ങളെ പ്രതിരോധിക്കാൻ ആണിത്. പൂച്ചകളിൽ രണ്ടു തരം വാക്സിനുകളുമാണ് ഉള്ളത്. ഭക്ഷണക്രമത്തിൽ ആണെങ്കിൽ ബ്രീഡിന് അനുസരിച്ച് അത് വ്യത്യാസപ്പെടുന്നു. ഒരു ടോയ് ബ്രീഡിന് കൊടുക്കേണ്ട ഭക്ഷണമല്ല, ഗാർഡിങ്ങിനുള്ള ഒരു ബ്രീഡിന് കൊടുക്കേണ്ടത്. സർവീസിലുള്ള ഒരു പട്ടിക്ക് കൊടുക്കുന്ന ഭക്ഷണമല്ല, വീട്ടിൽ വളർത്തുന്ന പട്ടിക്ക് കൊടുക്കേണ്ടത്. പെറ്റ്സിന്റെ വളർച്ചാ ഘട്ടത്തിൽ നമ്മൾ proprietary foods കൊടുക്കാൻ നിർദേശിക്കാറുണ്ട്. വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണത്തേക്കാൾ പെറ്റ്സിന് കിട്ടുന്ന പാക്കേജ്ഡ് ഫുഡ്സ് ന്യൂട്രീഷനിൽ ബാലൻസ്ഡ് ആയിരിക്കും. പെറ്റ്സിന് ഇന്നത് കൊടുക്കാം കൊടുക്കരുത് എന്നുള്ള അശാസ്ത്രീയമായ പ്രചാരണങ്ങൾ ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. പെറ്റ്സിന് ടോക്സിക്ക് ആയിട്ടുള്ള ചോക്ലേറ്റ് പോലുള്ള ഭക്ഷണങ്ങൾ കൊടുക്കരുത് എന്ന് നമ്മളും നിർദേശിക്കാറുണ്ട്. അതുപോലെ അമിതമായി ഉപ്പും ഉൾപ്പെടുത്തരുതെന്നു പറയും. കാർബോ ഹൈഡ്രേറ്റ് ഉള്ള അരിയാഹാരങ്ങൾ ചെറിയ അളവിൽ കൊടുക്കാം, essential ഫുഡും. Package of practices എന്ന പേരിൽ വെറ്റിനറി സർവകലാശാല തന്നെ ഓരോ പ്രായത്തിലും മൃഗങ്ങൾക്ക് എന്തൊക്കെ പോഷകങ്ങൾ വേണം എന്ന കൃത്യമായി റെഗുലേഷൻ പുറപ്പെടുവിച്ചിട്ടുണ്ട്.


പല നോൺ നേറ്റീവ് സ്പീഷീസുകളും ഇവിടുത്തെ അന്തരീക്ഷം ചേരാതെയും മാറിയ കാലാവസ്ഥയിൽ അതിജീവിക്കാൻ കഴിയാതെയും ബുദ്ധിമുട്ടുന്നുണ്ടല്ലോ. കാലാവസ്ഥാ വ്യതിയാനം എന്ന വിഷയം മനുഷ്യരിൽ ഉണ്ടാക്കുന്ന സമ്മർദത്തെ കുറിച്ച് മാത്രമേ നമ്മൾ സംസാരിക്കുന്നുള്ളൂ. പക്ഷേ, കൂടിയ താപനില മൂലം പശുക്കളും പൂച്ചകളും നായ്ക്കളും മറ്റ് ഓമന മൃഗങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് നമ്മൾ അത്രത്തോളം ചിന്തിക്കുന്നുണ്ടോ?
മൃഗങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നമ്മൾ വേണ്ടവിധത്തിൽ ചർച്ച ചെയ്യുന്നില്ല എന്നത് ഒരു വസ്തുതയാണ്. അതിൽ നാടൻ ഇനം വിദേശയിനം എന്ന വേർതിരിവില്ല. രണ്ടിനും ഫിസിയോളജിക്കലി ഒരേ സവിശേഷത തന്നെയാണെങ്കിലും നാടൻ ഇനങ്ങൾക്ക് ഇവിടുത്തെ അന്തരീക്ഷവുമായി നന്നായി പൊരുത്തപ്പെടാനാകും. മൃഗങ്ങളും മനുഷ്യരെപ്പോലെ ഒരുപാട് സമ്മർദം അനുഭവിക്കുന്നുണ്ട്. കാലാവസ്ഥാ മാറ്റം നേരിടാൻ ജന്തു വൈവിധ്യത്തിൽ പലതിനും ആവുന്നില്ല. ഒരു അസാധാരണമായ അവസ്ഥയിൽ അവയെ ഇരുത്തിക്കഴിഞ്ഞാൽ തന്നെ വളരെ റിഫ്ലക്സ് ആയി അവയ്ക്ക് സമ്മർദം ഉണ്ടാകും. അസ്വസ്ഥത മുതൽ മരണത്തിന് വരെയിടായേക്കാവുന്ന സ്ട്രെസ് ഉണ്ടാകാറുണ്ട്. പെറ്റ് അനിമൽസ് അനുഭവിക്കുന്ന സമ്മർദത്തിൽ കൂടുതലായി കണ്ടുവരാറുള്ളത് heat stress തന്നെയാണ്. മനുഷ്യനുള്ളതുപോലെ വലിയ ഒരു വിയർപ്പു ഗ്രന്ഥി സംവിധാനം മൃഗങ്ങൾക്കില്ല. ശ്വാസോച്ഛ്വാസം വഴിയും കാൽപ്പാദത്തിൽ നിന്നുമാണ് അവയിൽ ചൂട് പുറത്തേക്കുപോകുന്നത്. പെട്ടെന്നൊരു താപനില വർദ്ധനവുണ്ടാകുമ്പോൾ അത് അവർക്ക് സഹിക്കാൻ കഴിയാതാകും. പശുക്കളിൽ ആണെങ്കിൽ ചൂടേറ്റ് സ്ട്രെസ് ഉണ്ടായാൽ അത് പ്രത്യുല്പാദനശേഷിയെ ബാധിക്കും, പാൽ കുറയും. എല്ലാ വേനലിലും ഇതൊക്കെ വർത്തയാവാറുണ്ട്. പശുക്കൾക്ക് ഒക്കെ ഇപ്പോൾ തൊഴുത്തിൽ വെള്ളം സ്പ്രേ ചെയ്യാനുള്ള സംവിധാനങ്ങൾ വേണമെന്ന് നിർദേശമുണ്ട്. വീട്ടിനകത്ത് വളർത്തുന്ന മൃഗങ്ങൾക്ക് അതുപോലെ ചൂട് അധികം ഇല്ലാത്ത അന്തരീക്ഷം ഉണ്ടാകണം.
ചില സമയങ്ങളിൽ മനുഷ്യ നിർമ്മിത heat stress ഉണ്ടാകും. ആളുകൾ കാറിലും ബൈക്കിലും ഇരുത്തി മൃഗങ്ങളെ കൊണ്ട് യാത്ര ചെയ്യുമ്പോൾ പുറമെയുള്ള താപനില അവയിൽ സമ്മർദമുണ്ടാക്കും, ഒരിക്കലും അങ്ങനെ ചെയ്യരുത്. മൃഗങ്ങളെ ഏതൊക്കെ സമയത്തിൽ യാത്ര ചെയ്യിപിപ്പിക്കാം എന്നുള്ളതിന് 1960 ലെ Prevention of Cruelty to Animals നിയമത്തിൽ നിർദേശങ്ങളുണ്ട്. പലപ്പോഴും പല പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോഴും അത് അതിജീവിച്ച മനുഷ്യരെ മാറ്റിപ്പാർപ്പിക്കുമെങ്കിലും മൃഗങ്ങളെ ആരും വേണ്ടവിധത്തിൽ ശ്രദ്ധിക്കാറില്ല. മൃഗങ്ങൾക്കും പോസ്റ്റ് ട്രോമാ കണ്ടീഷൻ പോലെ മാനസികമായ പ്രശ്നങ്ങളുണ്ടാകും. അതും അഡ്രെസ്സ് ചെയ്യേണ്ടതാണ്. മനുഷ്യർക്കുള്ളത് പോലെ ദുരന്തങ്ങൾ അതിജീവിക്കാൻ മൃഗങ്ങൾക്കും റാപ്പിഡ് റെസ്‌പോൺസ് ടീമുകളുടെ സഹായം ഉറപ്പാക്കണം.
പുതിയ കാലത്ത് പെറ്റ് ഇൻഡസ്ട്രി വലിയ തോതിൽ വളർന്നുകഴിഞ്ഞു. പെറ്റ്സിനുള്ള ഗ്രൂമിങ് പാർലറുകൾ ഈ കാലയളവിൽ വർധിച്ചത് തന്നെ അതിന് ഒരു ഉദാഹരണമാണ്. പല പാർലറുകളും വളരെ എക്സ്സ്‌പെൻസീവ് ആയ കെയറുകളാണ് കൊടുക്കുന്നത്. ഇത്തരം പാർലറുകളുടെ പ്രാധാന്യമെന്താണ്? മനുഷ്യരുടെ എയ്സ്തറ്റിക്ക്സിന് വേണ്ടി മാത്രമാണോ ഗ്രൂമിങ് സെഷനുകൾ നടക്കുന്നത്? ട്രീറ്റ്മെന്റ് സമയത്ത് ഉപയോഗിക്കുന്ന കെമിക്കലുകളും മറ്റും പ്രതിരോധശേഷി കുറഞ്ഞ ബ്രീഡുകളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കും?
സാങ്കേതികമായി വളർത്തുമൃഗങ്ങളുടെ essential health maintenance ആക്ടിവിറ്റിയാണ് ഗ്രൂമിങ്. പെറ്റ്സിന്റെ ആരോഗ്യം നിലനിർത്താൻ ഗ്രൂമിങ് വളരെ അത്യാവശ്യമാണ്. ഗ്രൂമിംഗിൽ അവർ മെയിൻ ആയി ഫോക്കസ് ചെയ്യുന്നത് ചർമ്മത്തെയും ചർമ്മത്തിന് പുറമെയുള്ള രോമാവരണത്തെയുമാണ്. എന്തുകൊണ്ടെന്നാൽ മൃഗങ്ങളിൽ രോഗസാധ്യത ഏറ്റവും കൂടുതലുള്ള ഒരു അവയവമായിട്ടാണ് ചർമ്മത്തെ കാണുന്നത്. അതുകൊണ്ടുതന്നെ അത് നന്നായി പരിപാലിക്കണം. പുതിയ കാലത്ത് ഉടമയ്ക്ക് അതിന് സമയം ഇല്ലാതിരിക്കുമ്പോഴാണ് അതൊരു തൊഴിലായി മാറുന്നത്. രോമങ്ങൾ വെട്ടിയൊതുക്കുന്നതും നഖം വെട്ടി കളയുന്നതുമെല്ലാം നല്ല കാര്യങ്ങളാണ്. ചർമ്മ രോഗങ്ങളെ പ്രതിരോധിക്കാനായി മെഡിക്കേറ്റഡ് ബാത്ത് കൊടുക്കാറുണ്ട്, അതും ഗുണം ചെയ്യും.
ഈ ഗ്രൂമിങ് സെന്ററുകൾ മനുഷ്യരുടെ എയ്സ്തറ്റിക്ക് സെൻസിനെ വലിയ രീതിയിൽ പിന്തുടരുന്നുണ്ട്. ജന്തുക്കളുടെ സ്വാഭാവികമായ ശരീരഘടനയെ മാറ്റിക്കൊണ്ടുള്ള ഗ്രൂമിങ് ആ ജീവിക്കും കൂടി നല്ലതായിരിക്കും എന്ന് ഉറപ്പില്ല. പ്രൊഫെഷണൽ അല്ലാത്തതും വേണ്ടത്ര സജ്ജീകരണങ്ങൾ ഇല്ലാത്തതുമായ സ്ഥാപനങ്ങൾ തെരഞ്ഞെടുത്താൽ പെറ്റ്സിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. ഓരോ ബ്രീഡിനും ഓരോ കാലത്തും ഉപയോഗിക്കേണ്ട ഷാംപൂകളുണ്ട്, അതേ തെരഞ്ഞെടുക്കാവൂ. പ്രോഡക്ട്സിലെ പല കെമിക്കൽസും പ്രായമായ മൃഗങ്ങൾക്ക് അലർജിയുണ്ടാക്കാം. ഗ്രൂമിങ് ആരോഗ്യത്തിന് നല്ലത് തന്നെയാണെങ്കിലും അത് അമിതമായാൽ വേറെ ചില പ്രശ്നങ്ങൾ ഉണ്ടായേക്കും.


നോൺ നേറ്റീവ് ബ്രീഡുകളെ അഡോപ്റ്റ് ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? അവയുടെ ആരോഗ്യം, പുതിയ കാലാവസ്ഥയുമായി പൊരുത്തപ്പെടൽ, പ്രതിരോധ ശേഷി, പരിപാലിക്കേണ്ട വിധം എന്നിവയിൽ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? വെറ്റിനറി സർവ്വകലാശാലകൾ ഇതുമായി ബന്ധപ്പെട്ട എന്തെല്ലാം ബോധവൽക്കരണം കൊടുക്കാറുണ്ട്?
ആദ്യം തന്നെ വാങ്ങിയ ഇനത്തിന്റെ സവിശേഷതകളെ കുറിച്ചുള്ള അറിവുണ്ടായിരിക്കണം. അതിൽ അവയുടെ ആയുർദൈർഘ്യം, ഭക്ഷണരീതി, പ്രതിരോധ ശേഷി എന്നിവയെ കുറിച്ചറിയണം. അതിനായി അടുത്തുള്ള വെറ്റിനറി ഹോസ്പിറ്റലിൽ തന്നെ പോയാൽ മതിയാകും. അവിടെ നിന്ന് ഈ വിവരങ്ങൾ ഒക്കെ ലഭിക്കും. അഡോപ്റ്റ് ചെയ്യുമ്പോൾ മുന്നേ എന്തെങ്കിലും അസുഖം ഉണ്ടെങ്കിൽ അത് മനസിലാകണമെന്നില്ല. ഏതെല്ലാം മൃഗങ്ങളെ എങ്ങനെ വളർത്തണം എന്നുള്ള മാർഗനിർദ്ദേശങ്ങൾ അടങ്ങിയ പ്രസിദ്ധീകരണങ്ങൾ വെറ്ററിനറി സർവകലാശാലയിൽ നിന്നും ഉണ്ടാകാറുണ്ട്. അതിൽ വാക്‌സിനേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് പറയുന്നുണ്ട്. നമ്മുടെ നാട്ടിൽ എത്ര ഡൊമസ്റ്റിക് പെറ്റ്സ് ഉണ്ടെന്നതിന്റെ കൃത്യമായ കണക്ക് നമുക്കറിയില്ല. അതിലെല്ലാം ധാരണയുണ്ടായാൽ കൃത്യമായി ബോധവൽക്കരണം കൊടുക്കാവുന്നതേയുള്ളൂ.