പീറ്റർ ഷൂമന്റെ അപ്പങ്ങൾ വീണ്ടെടുത്ത ഹരിതാന്വേഷി

‘പീറ്റർ ഷൂമൻ അപ്പം ചുടുന്നത് എന്തിന്?’ എന്ന എ മോഹൻ കുമാറിന്റെ പുസ്തകത്തെ പരിചയപ്പെടുത്തുമ്പോൾ അതിന്റെ ഉള്ളടക്കം മുഴുവൻ സംഗ്രഹിച്ച് പങ്കുവയ്ക്കുക പ്രയാസമാണ്. പക്ഷേ, അതിന്റെ ആത്മാവിനെ ഒന്ന് തൊടാൻ കഴിയുക, അത് മാത്രമാണ് ലക്ഷ്യമാക്കുന്നത്. ഈ പുസ്തകത്തിന്റെ ശീർഷകത്തിൽ പറയുന്ന പീറ്റർ ഷൂമാൻ ആരാണ്? ജനനം കൊണ്ട് ജർമ്മനും ജീവിതം കൊണ്ട് അമേരിക്കക്കാരനുമാണ് അദ്ദേഹം. ഷൂമൻ എന്ന പേര് ഒരു ജർമ്മൻ സർ നെയിം ആണ്, കുടുംബ പേരാണ്. അദ്ദേഹം ഒരു കലാകാരനാണ്, പ്രത്യേകിച്ച് നാടകക്കാരൻ. അവർ അമേരിക്കയിലേക്ക് കുടിയേറി അവിടെയൊരു നാടക ഗ്രൂപ്പുണ്ടാക്കുന്നു. അതിന് ‘ബ്രെഡ് ആന്റ് പപ്പറ്റ്’ എന്ന പേരിടുന്നു. ബ്രഡ് എന്ന വാക്ക് എന്തുകൊണ്ട് എന്ന് ചോദിച്ചാൽ അദ്ദേഹം പരുഷമായി പ്രതികരിക്കും. “അമേരിക്കക്കാരന്റെ തീറ്റ തീട്ട (shit) മാണ്. അവന് റൊട്ടിയുടെ രുചി അറിയത്തില്ല.” പീറ്റർ ഒരു ദരിദ്ര കുടുംബത്തിലാണ് ജനിച്ചത്. കൊയ്ത്ത് പാടത്ത് നിന്നും അവൻ പെറുക്കിയെടുത്ത ഗോതമ്പു മണി കൊണ്ട് അമ്മയുണ്ടാക്കുന്ന റൊട്ടിയുടെ സ്വാദ്, അതിന്റെ രാഷ്ട്രീയം ആ കൊച്ചു കലാകാരന്റെ ജീവിതത്തെ നിർണ്ണയിച്ചു. അങ്ങനെയൊരു തുടക്കത്തിൽ നിന്നുമാണ് ‘ബ്രെഡ് ആന്റ് പപ്പറ്റ്’ എന്ന നാടക ഗ്രൂപ്പുണ്ടാകുന്നത്.

പീറ്റർ ഷൂമൻ. കടപ്പാട്:gothamcenter

യുദ്ധക്കച്ചവടവും പട്ടിണിയും പരിസ്ഥിതി നശീകരണവും മറികടക്കേണ്ട പ്രതിബന്ധങ്ങളായി അദ്ദേഹം തിരിച്ചറിഞ്ഞു. ‘ബ്രഡ് ആന്റ് പപ്പറ്റ്’ തീയേറ്ററിന്റെ പരിപാടികൾ ആരംഭിക്കുന്നത് തന്നെ റൊട്ടിയുണ്ടാക്കി കാണികൾക്ക് കൊടുത്തുകൊണ്ടാണ്. മുമ്പ് ഖനിയായിരുന്ന, ഏതാണ്ട് 1000 ഏക്കർ സ്ഥലം ഇടിച്ചുനിരത്തിയാണ് 20,000-ൽ അധികം കാണികൾക്ക് ഇരിക്കാനുള്ള സൗകര്യം ഉണ്ടാക്കിയിരിക്കുന്നത്. മൂന്ന് ദിവസം നീണ്ടുനിന്ന പരിപാടികൾ. ആ സ്ഥലത്ത് തന്നെയാണ് അവർക്ക് കഴിക്കേണ്ട റൊട്ടിക്കായുള്ള ഗോതമ്പ് ഉല്പാദിപ്പിക്കുന്നതും. അവിടെ നടക്കുന്ന കളികളുടെയും റൊട്ടി ഉണ്ടാക്കുന്നതിന്റെയും നേതൃത്വം അദ്ദേഹത്തിന്റേതാണ്. കളിക്കാരെയും കാണികളെയും വേർതിരിക്കാത്ത കലാപരിപാടികളാൽ കലയുടെ നാടോടി സ്വഭാവത്തെയും ജനകീയ പ്രതിരോധങ്ങളുടെ രാഷ്ട്രീയത്തെയും വീണ്ടെടുക്കാൻ ‘ബ്രഡ് ആന്റ് പപ്പറ്റ്’ തീയേറ്റർ ശ്രമിച്ചു.

പ്രകൃതിയിൽ നിന്നും അന്യവത്കരിക്കപ്പെട്ട ആധുനിക മനുഷ്യന്റെ ഗതികെട്ട ജീവിതത്തെയാണ് പീറ്റർ ഷൂമൻ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത്. അദ്ദേഹം അപ്പം ചുടുന്നത് പ്രകൃതിയിൽ നിന്നും അന്യപ്പെടാത്ത ഒരു പുതിയ മനുഷ്യനെയും ലോകത്തെയും നിർമ്മിച്ചെടുക്കാനാണ്. വേറൊരു വിധത്തിൽ, ആദിമമായ ഒരു സംസ്കൃതിയുടെ, ഒരു ജൈവജീവനത്തിന്റെ വീണ്ടെടുപ്പാണ് അദ്ദേഹം ലക്ഷ്യമാക്കിയത്. മോഹൻകുമാർ എന്ന മനുഷ്യൻ അടയാളപ്പെടുത്തുന്ന ചരിത്രത്തിലേക്കുള്ള വാതിലാണ് ‘പീറ്റർ ഷൂമൻ അപ്പം ചുടുന്നത് എന്തിന്’ എന്ന തലക്കെട്ട് തുറന്നുവെയ്ക്കുന്നത്. മോഹൻകുമാർ എന്ന മനുഷ്യനാണ് നമ്മൾക്കും ലോകത്തിനും ഒരു വെല്ലുവിളിയായി എഴുന്നുനിൽക്കുന്നത്. പാരിസ്ഥിതികവും ചരിത്രപരവുമായ ഒരു യുഗതിരിവിന്റെ വക്കിൽ ശുദ്ധി വരുത്തിക്കൊണ്ട് വായനയുടെ പുഴ നീന്തിക്കടക്കുന്ന ഏവരും സ്വയം അഴിച്ചുപണിക്ക് സന്നദ്ധരാകും.

‘ബ്രഡ് ആന്റ് പപ്പറ്റ്’ തീയേറ്ററിന്റെ ലോഗോ. കടപ്പാട്: gothamcenter

പുസ്തകത്തിന് മൊത്തം 528 പേജുകൾ, ഒമ്പത് ഭാഗങ്ങൾ. 82 അധ്യായങ്ങൾ. പ്രമുഖ എഴുത്തുകാരനും ഗാന്ധിയനും ആയ കെ അരവിന്ദാക്ഷന്റെ അവതാരിക. ആദിവാസി പ്രശ്നങ്ങൾ, പശ്ചിമഘട്ടം, കൃഷി, വ്യക്തിത്വങ്ങൾ, നിരീക്ഷണങ്ങൾ, സമരമുഖങ്ങൾ, വികസനം, പഠനങ്ങൾ, അഭിമുഖം എന്നിവയാണ് ഒമ്പത് ഭാ​ഗങ്ങൾ. ഇവയുടെ ആകെ തുകയെ സ്പർശിക്കുവാനും എന്റേതായ കാഴ്ച അവതരിപ്പിക്കാനുമുള്ള സൗകര്യത്തിനായി അതിനെ മൂന്ന് ഗണങ്ങളായി സംഗ്രഹിക്കുകയാണ് – ജീവൻ, ജൈവജീവനം, അതിജീവനം. ഈ മൂന്നിന്റെയും വേർതിരിവ് ഭാവനാപരം മാത്രം. ഇവ മൂന്നും ഇതിലെ ഒമ്പത് ഭാഗങ്ങളിലായി ചിതറിക്കിടക്കുന്നു. അതിജീവനം, ജൈവജീവനം, ജീവൻ എന്ന ക്രമത്തിൽ.

അതിജീവനം

അതിജീവനം എന്നത് സമരമാണ്. പല തരം സമരങ്ങളുണ്ട്. മനുഷ്യനും ജീവജാലങ്ങളും ഭൗതിക പ്രകൃതിയും സമരത്തിലാണ്. കണ്ടിട്ടില്ലേ, യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ ഒക്കെ സമരം ചെയ്യുന്നത്. പൊലീസും സമരക്കാരും ഏറ്റുമുട്ടുമ്പോൾ, ഒരാൾ ബാരിക്കേഡിന്റെ മുകളിൽ വലിഞ്ഞുകയറുന്നു. അവിടെ പിന്നെ പിടിവലിയായി. ഉടുപ്പ് വലിച്ചുകീറി ഒരാളുടെ കൈയ്യിലിരിക്കും, മുണ്ടു വേറൊരാളുടെ കൈയ്യിലും. പിന്നെ ബാക്കിയുള്ളതും കൊണ്ട് തവള പാറപ്പുറത്ത് അള്ളിപ്പിടിച്ചിരിക്കുന്ന പോലെ അവരിരിക്കുന്ന ദൃശ്യം നമുക്ക് പരിചിതമാണ്. അതല്ല അതിജീവന സമരം. അവർ രാഷ്ട്രീയ പാർട്ടിക്കാരുടെ കയ്യാളുകളാണ്. അത് അധികാര വടം വലി ആണ്. പിന്നെ എന്താണ് അതിജീവന സമരം?

1. സാധാരണ പ്രത്യക്ഷ സമരങ്ങൾ

ജീവിക്കാനും നിലനിൽക്കാനും അധികാരത്തോട് ഏറ്റുമുട്ടുന്ന പ്രത്യക്ഷ സമരങ്ങളുണ്ട്. ദില്ലിയിലെ കർഷക സമരം, പീഡിപ്പിക്കപ്പെട്ട കായിക താരങ്ങളുടെ സമരം, നർമ്മദാ ബചാവോ ആന്ദോളൻ സമരങ്ങൾ, മത്സ്യത്തൊഴിലാളികളുടെയും ദലിത്-ആദിവാസി ജനതയുടെയും ഭൂസമരങ്ങൾ, മണ്ണ്‌-ജലം-വായു മലിനീകരണ വിരുദ്ധ സമരങ്ങൾ… എന്നിങ്ങനെ ഈ പട്ടിക നീട്ടാം.

2. നിത്യവൃത്തി തന്നെ സമരം

സമരമായി നമ്മൾ വിവക്ഷിക്കാത്ത ജീവൽ പ്രക്രിയകളും സമരങ്ങളാണ്. ജോലി പോയി, പട്ടിണിയാണ്. അല്ലെങ്കിൽ കിട്ടുന്നതുകൊണ്ട് രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പെടാപ്പാട്. അതും സമരമല്ലേ?

3. മൃഗങ്ങളുടെ സമരം

കാട്ടുകള്ളന്മാർ വനത്തിൽ കയറി മരം മുറിച്ച് കടത്തുന്നു, കഞ്ചാവ് കൃഷി ചെയ്യുന്നു. മൃഗങ്ങളുടെ ആവാസവ്യവസ്ഥയെ തകർക്കുന്നു. ആനയും കടുവയും പന്നിയും കുരങ്ങും ഒക്കെ നാട്ടിലേക്കിറങ്ങി കൃഷി നശിപ്പിക്കുന്നു. ആരെങ്കിലും അത് മൃഗജാലങ്ങളുടെ സമരമായി വിവക്ഷിക്കാറുണ്ടോ?. നിങ്ങൾ ചിലരെങ്കിലും കാർഷിക കുടുംബങ്ങളിൽ നിന്നുള്ളവരായിരിക്കും. മൃഗങ്ങൾ വരുത്തിവയ്ക്കുന്ന ദുരിതങ്ങൾ നേരിട്ടനുഭവിക്കുന്നവരുമായിരിക്കും. പറഞ്ഞു വരുന്നത് മനുഷ്യർക്ക് അവകാശങ്ങൾ ഉള്ളതു പോലെ മൃഗങ്ങൾക്കും ജീവിക്കാൻ അവകാശം ഉണ്ടെന്നതാണ്.

4. പ്രകൃതിയുടെ സമരം

ആഗോളതാപനം വർധിക്കുമ്പോൾ അന്തരീക്ഷത്തിലേയും മണ്ണിലെയും സൂഷ്മാണുക്കൾ അതിന്റെ ലോലതയനുസരിച്ച് ചത്തുകൊണ്ടിരിക്കും. പ്രകൃതിയുടെ സമരമായി അതിനെ കണക്കാക്കാമോ? കാലാവസ്ഥാ വ്യതിയാനത്തേയും ഭൂചലനങ്ങളെയും അവയുണ്ടാക്കുന്ന ആഘാതങ്ങളെയും എവിടെ ഉൾപ്പെടുത്തും? അവയും പ്രകൃതിയുടെ സമരങ്ങൾ തന്നെ.

മോഹൻമാഷ് ഒരു ലേഖനത്തിൽ രണ്ട് വാക്കുപയോഗിക്കുന്നുണ്ട്. ഒന്ന്, എൻട്രോപ്പി (entropy) രണ്ട്, യൂട്രോഫിക്കേഷൻ. ഈ രണ്ട് വാക്കുകളും ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്നതാണ്. ആദ്യം എൻട്രോപ്പിയെക്കുറിച്ച് പറയാം. 1917- ന്റെ പ്രത്യേകത എന്താണ്? റഷ്യൻ വിപ്ലവം. മറ്റൊന്ന് കൂടി ഉണ്ട്. അത് ഹെൻട്രി ഫോർഡിന്റെ പ്ലഷർ കാറുകളുടേതാണ്. “ഇനി അധികം താമസിയാതെ കാർ ദൈനംദിനയാത്രാ വാഹനമാകും” അദ്ദേഹം പ്രഖ്യാപിച്ചു. ഹെൻട്രി ഫോർഡിന്റെ വിപ്ലവം. തിരിഞ്ഞുനോക്കുമ്പോൾ രണ്ടു വിപ്ലവങ്ങളും മഹാ ദുരന്തങ്ങൾ. എൻട്രോപി വിശദീകരിക്കാൻ നമുക്ക് ഫോർഡിൽ കേന്ദ്രീകരിക്കാം. കാറുണ്ടാകണമെങ്കിൽ ഇരുമ്പ് ഉരുക്ക് ലോഹങ്ങൾ വേണം. അതിന് ഖനി തുരക്കണം. കഴിഞ്ഞ ഒരു നൂറ് വർഷംകൊണ്ട് ചെറുതും വലുതുമായ എത്ര ലക്ഷം കോടി വാഹനങ്ങൾ, കൂടാതെ ഖനി തുരക്കാനുള്ള യന്ത്രങ്ങൾ, അല്ലാത്ത മറ്റ് യന്ത്രങ്ങളും. പിന്നെ ഇതെല്ലാം ചലിപ്പിക്കുന്നതിന് ഇന്ധനം വേണ്ടേ? കടലിൽ നിന്നും എത്ര ലക്ഷം കോടി ഗ്യാലൻ എണ്ണ കുഴിച്ചെടുത്തു? കടലിൽ കുഴിക്കുമ്പോൾ അവിടെ കുഴി കാണില്ല വെള്ളം അതിലേക്ക് തള്ളി കയറും. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും പ്രകൃതിസമരം അല്ലേ?
വാഹനങ്ങൾ ഓടുമ്പോൾ ഊർജ്ജമാറ്റം സംഭവിക്കുന്നു. എണ്ണ, കെമിക്കൽ എനർജിയാണ്. അത് തെർമൽ എനർജിയും പിന്നീട് മെക്കാനിക്കൽ എനർജിയുമായി മാറുന്നു. ഈ ഊർജ്ജ മാറ്റത്തിൽ പ്രധാനപ്പെട്ട രണ്ട് അധികപ്പറ്റുകൾ സംഭവിക്കുന്നു. ഒന്ന്, പ്രാണവായുവിൽ വിഷം കലർത്തുന്ന പൊടിപടലങ്ങളും വിഷ വാതകങ്ങളും. ഒപ്പം 2.5 mg ന് താഴെ വലിപ്പമുള്ള പൊടിപടലങ്ങളും. ഭൗമോപരിതലത്തിൽ അവ ഒരു മേൽവിരിപ്പ് നിർമ്മിക്കുന്നു.

കടലിലെ എണ്ണപ്പാടങ്ങൾ. കടപ്പാട്:gettyimage

മറ്റൊന്ന്, മേൽവിരിപ്പിനുള്ളിൽ വർദ്ധിക്കുന്ന താപമാണ്. ആധുനിക വികസനം സൃഷ്ടിക്കുന്ന ഈ അധികപ്പറ്റുകൾ ഉണ്ടാക്കുന്ന പ്രക്രിയയാണ് എൻട്രോപ്പി അഥവാ അവ്യവസ്ഥ. ഒരു തിരിച്ചുപോക്ക് സാധ്യമല്ലാത്ത ഭൗമപ്രകൃതിയുടെ ക്രമംതെറ്റൽ. ആധുനിക വികസനം അവ്യവസ്ഥയിൽ അധിഷ്ഠിതമാണ്. ലക്ഷോപലക്ഷം വർഷങ്ങൾ കൊണ്ട് സംഭരിച്ച് വെച്ച ഈ ഭൗമ പ്രകൃതിയുടെ ഫോസിൽ മാലിന്യങ്ങളെയാണ് കഴിഞ്ഞ നൂറ്റാണ്ടിലെ മനുഷ്യർ വാരി വലിച്ച് പുറത്തിട്ട് നാശകോശമാക്കിയത്. ഈ കഴിഞ്ഞ നൂറ് വർഷം കാലദൈർഘ്യത്തിലെ ഒരു നൊടിനേരം മാത്രം. വികസനം തുപ്പി മലീമസമാക്കുന്നത് അന്തരീക്ഷത്തെ മാത്രമല്ല ജലാശയത്തെയും മണ്ണിനെയുമാണ്. ആധുനിക കൃഷിയുടെ രാസ പ്രയോഗങ്ങളും മറ്റ് വികസന മാലിന്യങ്ങളും മണ്ണിലൂടെ ജലാശയങ്ങളിൽ കലർന്ന് മത്സ്യം ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ തകരുന്നു. ഓക്സിജൻ മറ്റ് മാരക വാതകങ്ങളുമായി കലർന്ന് ജീവജാലങ്ങളുടെ പ്രാണവായു മലിനമാക്കപ്പെടുന്നു. അവ നശിച്ച് ആ സ്ഥാനത്ത് വളരുന്ന പോളകളാണ് ആൽഗേകളും പ്ലാങ്ടണുകളും. അതാണ് യൂട്രോഫിക്കേഷൻ. എൻട്രോപി, യൂട്രോഫിക്കേഷൻ എന്നിവയോട് ചേർത്തുവെച്ചു വേണം കാലാവസ്ഥാ വ്യതിയാനത്തേയും അടിക്കടിയുണ്ടാകുന്ന ഭൂകമ്പങ്ങളെയും കാണുവാൻ. ആണവായുധ കൂമ്പാരത്തേയും യുദ്ധക്കച്ചവടത്തേയും ഒക്കെ ഇതിനോട് ചേർത്തുവെയ്ക്കാം. കാരണം ഇവയുടെ എല്ലാം ഇന്ധനം മൂലധനാധിഷ്ഠിത ഊഹ-ഉപഭോഗ കമ്പോളങ്ങളാണ്. ഇവയെയെല്ലാം അവ്യവസ്ഥ അല്ലെങ്കിൽ വ്യവസ്ഥാരാഹിത്യം എന്ന ഒറ്റ വാക്കിൽ ഞാൻ കൂട്ടിപ്പിടിക്കുകയാണ്.

ഈ അവ്യവസ്ഥയ്ക്കുള്ളിൽ സമരം ചെയ്തുകൊണ്ടാണ് ജീവജാലങ്ങളുടെയും പ്രകൃതിയുടെയും പിടയുന്ന പ്രാണൻ നിലനിൽക്കുന്നത്. അതിന്റെ രാഷ്ട്രീയത്തിന്റെ പേരാണ് അതിജീവനം. വ്യവസ്ഥാരാഹിത്യം എന്ന മഹാദുരന്തത്തിൽ മനുഷ്യനും ജീവജാലങ്ങളും പ്രകൃതിയും പെട്ടു കിടക്കുകയാണ്. മറ്റാരേക്കാളും മുന്നേ മോഹൻകുമാർ അത് തിരിച്ചറിഞ്ഞു. മാത്രമല്ല, പിന്നീട് ഒരു യുദ്ധ പ്രഖ്യാപനമാണ്. അതിൽ സ്വന്തം ശരീരത്തെ തന്നെ ആയുധമാക്കുന്ന, ഭക്ഷണമോ പാർപ്പിടമോ ഒന്നും വക വെയ്ക്കാതെ മനുഷ്യനും ജീവജാലങ്ങൾക്കും പ്രകൃതിയ്ക്കും വേണ്ടി ഉള്ള സാഹസികതകളാണ്. ഗാന്ധിജിയുടെ രാഷ്ട്രീയവും സ്വന്തം ശരീരത്തിന്മേലായിരുന്നല്ലോ. 22 ദിവസം നീണ്ടുനിന്ന നിരാഹാര സമരമുൾപ്പെടെ അനേകം സമരങ്ങൾ. അതിജീവന പോരാട്ടങ്ങളിൽ കുറഞ്ഞത് നാല് പതിറ്റാണ്ടോളം സാന്നിദ്ധ്യമറിയിച്ച മറ്റൊരു മലയാളിയുണ്ടോ? എനിക്കു തോന്നുന്നില്ല. അതിജീവനം എന്നു പറഞ്ഞുവന്നപ്പോഴാണ് അദ്ദേഹത്തിന്റെ ശരീരത്തെ യുദ്ധസജ്ജമാക്കിയതിന്റെ രാഷ്ട്രീയ പ്രസക്തിയിലേക്ക് കൈ ചൂണ്ടേണ്ടി വന്നത്.

നർമ്മദ നദിക്കരയിൽ നിന്നും. കടപ്പാട്:aaa.org.hk

ജൈവജീവനം

ഇതുവരെ അതിജീവനത്തെ കുറിച്ചാണ് പറഞ്ഞുകൊണ്ടിരുന്നത്. എന്താണ് അതിജീവനവും ജൈവജീവനവും തമ്മിലുള്ള വ്യത്യാസം? അതിജീവനം അവ്യവസ്ഥയോടുള്ള ഏറ്റുമുട്ടലും സമരവുമാണ്. പ്രത്യേകിച്ച് അവ്യവസ്ഥയുടെ നിമിത്തശക്തികൾക്ക് നേരുള്ള ചെറുത്തുനിൽപ്പാണ്. അതേസമയം ജൈവജീവനത്തിൽ ഏറ്റുമുട്ടലും സമരവുമില്ല. മറിച്ച് സഹജീവജാലങ്ങളോടും പ്രകൃതിയോടും ഇണങ്ങിയുള്ള സഹജീവന മുറകളാണ്. അവ്യവസ്ഥയിൽ നിന്നും ഒഴിഞ്ഞ് പ്രകൃതിയെ ആർജ്ജിക്കലാണ്. ആധുനിക ആഗോളവൽക്കൃത നാഗരികതയുടെ അവ്യവസ്ഥയ്ക്ക് ഒപ്പം മോഹൻ മാഷ് പൗരാണിക നാഗരികതകൾ തകരുന്നതിനെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. പ്രകൃതിയുടെ ജൈവചക്രത്തിന്റെ പിടലി ഞെരിച്ചാണ് നാഗരികതകൾ എല്ലാം തന്നെ ഉയർന്നുവന്നിട്ടുള്ളത്. ജൈവപ്രകൃതിയുടെ താളം തെറ്റിക്കരുത് എന്നാണ് അത് നൽകുന്ന വലിയ പാഠം. സൈന്ധവ നാഗരികതയുടെ അവശേഷിപ്പാണ് ഥാർ മരുഭൂമി. ഈജിപ്ഷ്യൻ നാഗരികതയുയുടേത് (പിരമിഡുകളുടെയും മമ്മികളുടെയും) സീനായ് മരുഭൂമി. മെസോപ്പൊട്ടോമിയൻ നാഗരികതയുടെ സ്ഥാനത്ത് അറബ് മരുഭൂമികളും. ഇതൊക്കെ തകർന്നടിഞ്ഞു വീണിട്ടും, വീഴാതെ ലോകത്തിന്റെ അങ്ങിങ്ങായി ചില ഗോത്ര സംസ്കൃതികൾ നിലനിൽക്കുന്നു.

‘ഗോത്ര നന്മകളിൽ നിന്നും ഊർജ്ജം ഉൾക്കൊള്ളുക’ എന്ന അധ്യായത്തോടെയാണ് ഈ പുസ്തകം ആരംഭിക്കുന്നത്. ഗോത്ര സംസ്കാരത്തിന്റെ നന്മകൾക്ക് മാത്രമേ ലോകത്തിന്റെ ആയുസ് നീട്ടിക്കൊടുക്കുവാൻ കഴിയൂ എന്ന് മോഹൻ മാഷ് പറയുന്നു. “ആ സംസ്കാരം പ്രകൃതിയുടെ താളത്തിനൊത്ത് ചലിക്കുകയും പ്രകൃതിയോട് ഏറ്റവും ഇണങ്ങി നിൽക്കുകയും ചെയ്യുന്നു. അവിടെ പൊങ്ങച്ചങ്ങളുടെ എടുപ്പുകളും സ്വാർത്ഥതയുടെ മതിൽക്കെട്ടുകളും ഇല്ല. ധൂർത്തിന്റെയും മാലിന്യക്കൂമ്പാരങ്ങളുടെയും വലിച്ചെറിയലിന്റെയും സംസ്കാരമല്ലത്. അവിടെ സമസ്ത ജീവജാലങ്ങളോടും കാരുണ്യം പുലർത്തുന്ന സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും ഉറവകൾ വറ്റിയിട്ടില്ല. മരത്തിനും നീർച്ചാലിനും മലയ്ക്കും കടുവയ്ക്കും കാട്ടുപോത്തിനും അവിടെ ഒരിടമുണ്ട്. അവിടെ നിർഭയത്വവും പരസ്പര ബഹുമാനവുണ്ട്. പശുവിനെ വളർത്തുന്നത് പാൽ വിൽക്കുവാനല്ല, കാളയെ കിട്ടാനാണ് എന്ന് പറയുന്ന യുക്തി ഗോത്ര സംസ്കാരത്തിന് മാത്രം അവകാശപ്പെട്ടതാണ്. മണ്ണും ജലവും മരവും വിൽക്കാനും വാങ്ങാനും ഉള്ളതോയെന്ന് അദ്ഭുതം കൂറുന്ന ഒരു സമൂഹമാണവരുടേത്. അവിടെ ബാങ്കുകളും പലിശയും ലൈഫ് ഇൻഷുറൻസ് പോളിസിയുമില്ല. ജനനവും മരണവും സ്വാഭാവികമെന്നവർ കാണുന്നു. വിശക്കുന്നവന് ഭക്ഷണം നൽകുന്നത് വിലയില്ലാത്ത പണം കൈമാറ്റം ചെയ്തിട്ടല്ല.”

പുസ്തകത്തിന്റെ കവർ

മാഷ് നർമ്മദയിലെ ഒരനുഭവം പങ്കുവെക്കുന്നു. ഡാം എന്ന വലിയ ഭീഷണി അവിടെ വരാൻ പോകുന്നു. ഒരു ഗ്രാമീണൻ കുറെ ആടുകളെ തീറ്റാൻ കൊണ്ടുപോകുന്നു. “എനിക്ക് മുമ്പ് എത്ര ആയിരം തലമുറകൾ ഇവിടെ ജീവിച്ചുകാണുമെന്ന് നിങ്ങൾക്ക് കണക്ക് കൂട്ടാമോ?” ആ മനുഷ്യൻ മാഷിനോട് ചോദിക്കുന്നു. എന്നിട്ട് ആടിനെയും കൊണ്ടുപോകുന്നു. മാഷിന് ആ ചോദ്യം വേണ്ടത്ര പിടി കിട്ടിയില്ല. പിന്നെ ആ ചോദ്യത്തെയും അയാളെയും ആടുകളെയും മറന്നുപോയി. എന്നാൽ അയാൾ മടങ്ങി വന്ന് ചോദിച്ചു. “ഉത്തരം കിട്ടിയോ?” മറുപടി ഒന്നും പറയാതെ നിന്ന മാഷിനോട് മറ്റൊരു ചോദ്യം. “എനിക്ക് ശേഷം എത്ര ആയിരം തലമുറകൾ ഇവിടെ ജീവിക്കുമെന്നു കണക്ക് കൂട്ടി പറയാമോ.” അപ്പോഴാണ് മാഷിന് പിടികിട്ടിയത്, ഭൂമിയിലെ പച്ചപ്പും ശുദ്ധജലവും ജീവജാലങ്ങളും മനുഷ്യ ജീവിതങ്ങളും എത്രയോ സഹസ്രാബ്ദങ്ങൾ നില നിൽക്കേണ്ടതാണെന്ന്. അതല്ലേ ഒരു ഡാം, അണക്കെട്ട്, മുക്കിക്കൊല്ലുന്നത്. നർമ്മദാ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തെ മുങ്ങിപ്പോയ ഗോത്ര സംസ്കാരം സഹസ്രാബ്ദങ്ങളായി നിലനിന്നതും ഇനി സഹസ്രാബ്ദങ്ങളായി നില നിൽക്കേണ്ടുന്നതുമാണ്. അണക്കെട്ട് അവരുടെ ജീവിതങ്ങളെ പാടെ തൂത്തെറിഞ്ഞെങ്കിലും അവർ പുലർത്തിയ ജീവിതത്തെ അടയാളപ്പെടുത്തുവാൻ പറ്റുന്ന ഒരു വാക്ക് ജൈവജീവനം തന്നെ. അണക്കെട്ട് അവരുടെ സ്വസ്ഥജീവനത്തെ കെടുത്തി. അണക്കെട്ടിന്റെ നേരെ അവർ തിരിഞ്ഞു. ഇപ്പോളവർ അതിജീവനത്തിന്റെ പാതയിലാണ്. അവർക്ക് നിലനിൽക്കണമെങ്കിൽ പിന്നെ ഉള്ളത്, ‘പുനരധിവാസം’!. പുനരധിവാസം എന്ന വാക്കുതന്നെ ആധുനിക മധ്യവർത്തിയുടെ ഭാഷയാണ്. ആദിവാസിയെ അവരുടെ ആവാസവ്യവസ്ഥയിൽ നിന്നും പറിക്കുക എന്നുവെച്ചാൽ അവരെ നശിപ്പിക്കുക എന്നുതന്നെ. മീനിനെ വെള്ളത്തിൽ നിന്നും കരയ്ക്കിട്ടാലുള്ള അതേ അനുഭവം.

ജാംബോജി എന്ന നിരക്ഷരനായ രാജസ്ഥാനി ഗ്രാമീണന്റെ വാക്കുകളെ മാഷ് ഈ പുസ്തകത്തിൽ ഉദ്ധരിക്കുന്നുണ്ട്. ബിഷ്ണോയികളുടെ ആചാര്യനായിരുന്ന ജാംബോജി 500 വർഷം മുമ്പ് മരുഭൂമിയായി പടരുന്ന രാജസ്ഥാനിൽ കുടിയിറങ്ങുന്നവരെ തടഞ്ഞുനിർത്തി ചോദിച്ചു: “നിങ്ങൾ എവിടേക്കാണ് ഭാണ്ഡവും കെട്ടി പോകാൻ ഒരുങ്ങന്നത്?” അവർ മറുപടി പറഞ്ഞു, “ഞങ്ങൾ കിഴക്ക് മാൾവയിലേക്ക് പോകുകയാണ്. വെള്ളവും ഭക്ഷണവും ഇല്ലാതെ ഇവിടെ ഇനി ജീവിക്കാനാകില്ല.” ജാംബോജി അവർക്ക് നൽകിയ ഉപദേശം, “ഈ പ്രദേശം കുട്ടിച്ചോറാക്കി, മരങ്ങൾ നശിപ്പിച്ചു, വെള്ളം ഇല്ലാതാക്കി, മരുഭൂമി വളർത്തി, ഇനി നിങ്ങൾ മാൾവ കൂടി മരുഭൂമിയാക്കും. പിന്നീട് നിങ്ങൾ വീണ്ടും കിഴക്കോട്ട് നീങ്ങും. അങ്ങിനെ നിങ്ങൾ നീങ്ങുന്നിടത്തേക്ക് മരുഭൂമിയും കൂടി കൊണ്ടുപോകും. നിങ്ങൾക്ക് വെള്ളവും ഭക്ഷണവും കിട്ടാനുള്ള വിദ്യ ഞാൻ പറഞ്ഞു തരാം. സമ്മതമെങ്കിൽ ഭാണ്ഡങ്ങൾ ഇറക്കിവെച്ച് എന്റെ അടുത്തു വരൂ.” അദ്ദേഹം അവർക്ക് ഒരുപിടി വിത്ത് നൽകി. മരുഭൂമിയിൽ വളർത്താവുന്ന ഖേജ്ഡി മരങ്ങളുടെ വിത്തുകളായിരുന്നു അവ. അവയുടെ ഫലങ്ങൾ ഭക്ഷ്യയോഗ്യമാണ്. ഇല ആടുമാടുകൾക്ക് തീറ്റയും. മരങ്ങൾ വരുന്നിടത്ത് ക്രമേണ ജലനിരപ്പ് ഉയർന്നു വരും (പേജ് 43). ഇവിടെ നിന്നാണ് പ്രകൃതിയോട് ഇണങ്ങിയ ജീവിതത്തിന്റെ പാഠങ്ങൾ ആരംഭിക്കുന്നത്. മനുഷ്യനിർമ്മിതമായ അവ്യവസ്ഥയ്ക്കുള്ളിൽ നിന്നും ജീവജാലങ്ങളെയും താളാത്മക ജൈവപ്രകൃതിയെയും വീണ്ടെടുക്കുകയാണ് ജൈവജീവനം.

ജീവൻ

ഇതുവരെ പറയാൻ ശ്രമിച്ചത് ജൈവജീവനത്തെക്കുറിച്ചും അതിജീവനത്തെയും കുറിച്ചാണ്. അവസാനം ജീവനെ കുറിച്ചുകൂടി ഒരു വാക്ക്. ദാർശനികമായോ ദൈവശാസ്ത്രപരമായോ ജൈവശാസ്ത്രപരമായോ എന്താണ് ജീവൻ എന്ന് നമുക്ക് ചോദിക്കാം. ഭവപരമായി എന്താണ് ജീവൻ എന്ന ചോദ്യവും ഇവിടെ നിൽക്കുകയാണ്. അത്തരം സങ്കീർണതകൾ ഒഴിവാക്കി ഈ പുസ്തകത്തിൽ നിന്നുള്ള രണ്ട് കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു. ഒന്ന്, ജീവന്റെ സാകല്യത. പുഴകളുടെയും മരങ്ങളുടെയും കാടിന്റെയും ജീവൻ. ഒരേ ഏകകത്തിലെ അനേകം അംശികളായി ഒരു ജീവൻ മറ്റ് പല ജീവനുകളുമായും ഊർജ്ജ-പദാർത്ഥങ്ങളുമായും ഘടിപ്പിക്കപ്പെട്ടിരിക്കുന്നു. ഭൗമപ്രകൃതിയിൽ ജൈവീകവും അജൈവീകവുമായ സകലതിന്റെയും പാരസ്പര്യത്തിലും അന്യോന്യ കൊടുക്കൽ വാങ്ങലുകളിലും ഭവിക്കുന്ന ജൈവീക പൊരുൾ. അതിൽ നിലനിൽക്കുന്ന സന്തുലിതത്വവും ഏകതയും ജീവന്റെ നിലനിൽപ്പിന് നിർണായകം. പുസ്തകത്തിൽ ഉടനീളം ജീവൻ എന്ത് എന്നല്ല, എങ്ങനെ എന്ന ഉൾക്കാഴ്ച പകർന്നുതരുന്നുണ്ട്.

കോന്നി റിപ്പബ്ലിക്കൻ സ്കൂളിൽ നടന്ന പുസ്തക പ്രകാശനത്തിൽ എ മോഹൻകുമാറും കെ.എം തോമസും.

രണ്ട്, മനുഷ്യ ജീവനെ സംബന്ധിച്ചാണ്. ജീവനെക്കുറിച്ചുള്ള ആത്മബോധം ആഴത്തിൽ പതിയുന്നത് മരണഭീതിയിൽ നിന്നാണെന്ന് മാഷ് നിരീക്ഷിക്കുന്നു. ‘സിദ്ധവിദ്യ: ജീവിക്കാൻ പഠിച്ചാൽ മരിക്കാതിരിക്കാം’ എന്ന അധ്യായം മരിക്കാതിരിക്കാനുള്ള അഭ്യസനത്തിനുള്ള ആഹ്വാനവും വരും കാലത്തേക്കുള്ള ഒരു വിരൽചൂണ്ടിയുമാണ്. മരണത്തെ മുഖാമുഖം കണ്ട നിമിഷാർത്ഥങ്ങളുടെ ഏടുകൾ മാഷ് വിവരിക്കുന്നുണ്ട്. അയ്യോ, എന്റെ ജീവൻ പോയി എന്ന മുഹൂർത്തം. അതേസമയം നിന്റെ പ്രാണനെ അങ്ങനെ വിട്ടുകൊടുക്കില്ലെന്ന് ആരോ മന്ത്രിക്കുന്ന നിമിഷവും. എന്നാൽ ഇനി ഈ ജീവിതംകൊണ്ട് അർത്ഥം ഇല്ലല്ലോ, അവസാനിപ്പിച്ചേക്കാം എന്ന വൈകാരിക സന്ദർഭങ്ങൾ മറുവശത്തുമുണ്ട്. വൈദ്യുതി മെഷീൻ ചലിപ്പിക്കുന്നതോ ബൾബ് പ്രകാശിപ്പിക്കുന്നതോ പോലെ, അല്ലെങ്കിൽ അതിലുമെത്രയോ മഹത്താണ് പ്രാണൻ ശരീരങ്ങളെ തുടിപ്പിക്കുകയും ചലിപ്പിക്കുകയും ചിന്തിപ്പിക്കുന്നതും ചെയ്യുന്നത്. സിദ്ധവിദ്യ പ്രകാരം മനുഷ്യൻ മരിക്കേണ്ടതില്ല. സമാധി ആകുകയാണ് വേണ്ടത്. എന്നുവെച്ചാൽ നിത്യമായ ഏകാഗ്രത, ഉറച്ച ധ്യാനം, മൗനം, തപസ്സ് എന്നൊക്കെ അർത്ഥം. പ്രാണൻ അഥവാ ജീവസത്ത് കാറ്റ് രൂപത്തിൽ നവദ്വാരങ്ങളിലൂടെ പൂർണമായും പുറത്തേക്ക് പോകുന്നതിനെയാണ് മരണം എന്ന് പറയുന്നത്. സത്ത് പോയി എന്നത് തന്നെയാണു ചത്തുപോയി എന്നു പറയുന്നതും. സത്ത് പോകാതെ നിത്യമായി ഉള്ളിൽ അടക്കം ചെയ്യുക, പുറത്തേക്ക് പോകാതെ പിടിച്ചുവെയ്ക്കുക. എപ്പോൾ ജീവൻ ഉള്ളിൽ ഒടുങ്ങുന്നുവോ അപ്പോൾത്തന്നെ ജീവശിവോഹം എന്ന നില വരും. ശിവം എന്നതിലെ ഇകാരം നീക്കിയാൽ ശവം ശേഷിക്കും. ഈ ‘ഇ’കാരം ശക്തിയാണ്. ചുരുക്കത്തിൽ സത്തു പോകാതെ നിത്യജീവൻ പ്രാപിക്കുവാൻ സാധിക്കും.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

July 14, 2024 12:19 pm