Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ആൾ ഇന്ത്യ ഡ്രഗ് ആക്ഷൻ നെറ്റ്വർക്ക് (AIDAN) നിരവധി സർക്കാരിതര സംഘടനകളുടെ ഒരു ശൃംഖലയാണ്. അവശ്യ മരുന്നുകളുടെ ലഭ്യതയും മരുന്നുകളുടെ യുക്തിസഹമായ ഉപയോഗവും ഉറപ്പുവരുത്തുന്നതിനായി പ്രവർത്തിക്കുന്ന ഈ ശൃംഖലയുടെ ദേശീയ കോ-കൺവീനർ എസ് ശ്രീനിവാസൻ, ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ ഇലക്ടറൽ ബോണ്ട് വഴി കോടികൾ സംഭാവന നൽകിയതിന്റെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നു.
ഇന്ത്യയിലെ മുപ്പത്തിയഞ്ച് ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഇലക്ടറൽ ബോണ്ടുകൾ വഴി രാഷ്ട്രീയ പാർട്ടികൾക്ക് ഏകദേശം 1000 കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട് എന്ന് മാർച്ച് 14 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ വെളിപ്പെടുത്തുകയുണ്ടായല്ലോ. ഇതിൽ ഏഴ് കമ്പനികളെങ്കിലും ബോണ്ടുകൾ വാങ്ങുമ്പോൾ തങ്ങളുടെ ഗുണനിലവാരമില്ലാത്ത മരുന്നുകളെക്കുറിച്ച് അന്വേഷണം നേരിടുന്നുണ്ടായിരുന്നു. ഇത് എന്താണ് സൂചിപ്പിക്കുന്നത്?
മരുന്ന് കമ്പനികളും രാഷ്ട്രീയ പാർട്ടികളും പ്രത്യേകിച്ച് അധികാരത്തിലിരിക്കുന്നവരുമായുള്ള അവിശുദ്ധ ബന്ധം പുതിയ കാര്യമല്ല. ഒരു വലിയ കമ്പനി മരുന്നുകളുടെ ഉൽപ്പാദനത്തിൽ വരുത്തുന്ന ചെറിയ പിഴവുകൾ വലിയ നഷ്ടത്തിന് കാരണമാകും, മരുന്ന് കയറ്റുമതി ചെയ്യുമ്പോൾ പ്രത്യേകിച്ചും. പൂർണ്ണമായും സത്യസന്ധമായി പ്രവൃത്തിക്കുന്ന, നടപടിക്രമങ്ങൾ കൃത്യമായി പാലിക്കുന്ന മരുന്ന് കമ്പനികൾ വിരലിലെണ്ണാവുന്നതേ ഉണ്ടാവുകയുള്ളൂ. ഇലക്ടറൽ ബോണ്ട് വഴി നൽകിയ തുകപോലെ തന്നെ പ്രധാനമാണ് ഇലക്ടറൽ ട്രസ്റ്റ് വഴി കമ്പനികൾ രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ വൻ തുകകളും. രണ്ടായിരാമാണ്ടിൽ ഇന്ത്യയിലെ ഒരു ഫാർമസ്യൂട്ടിറ്റിക്കൽ കമ്പനിയുടെ ആവറേജ് ടേണോവർ 1500 -1800 കോടിയായിരുന്നു. 1970 കളിൽ അത് 300 കോടിയോളമായിരുന്നു. ഇന്ന് അത് 1.8 ട്രില്യൺ (180000 കോടി) ഇന്ത്യൻ രൂപയാണ്. മരുന്ന് കമ്പനികൾ വൻ ലാഭക്കണക്കുകളുടെ കൂത്തരങ്ങായിരിക്കുന്നു എന്ന് കാണാം, ഒപ്പം അഴിമതിയുടെയും. കൂടാതെ ഒരു കമ്പനിക്ക് സത്യസന്ധമായി പ്രവർത്തിക്കണം എന്ന് ആഗ്രഹിച്ചാലും സർക്കാരും അതിന്റെ നിയന്ത്രണ സംവിധാനങ്ങളും അതിന് സഹായകരമാവുന്ന വിധത്തിലല്ല പ്രവർത്തിക്കുന്നത് എന്നതാണ് വാസ്തവം.
ഇലക്ടറൽ ബോണ്ട് ലിസ്റ്റിൽ ഉൾപ്പെട്ട ഏഴ് കമ്പനികൾക്കെതിരെ ഏതെങ്കിലും റെഗുലേറ്ററി ബോഡി നടപടിയെടുത്തിട്ടുള്ളതായി താങ്കൾക്കറിയാമോ?
ഏതെങ്കിലും കമ്പനികൾക്കെതിരെ എന്തെകിലും നടപടികൾ കൈക്കൊണ്ടതായി അറിവില്ല. ഈ കമ്പനികളെല്ലാം രാഷ്ട്രീയ പാർട്ടികളുമായും റെഗുലേറ്ററി ബോഡികളുമായും അടുത്ത ബന്ധം പുലർത്തുന്നവരാണെന്ന് എനിക്കറിയാം. നമ്മുടെ സംസ്ഥാനങ്ങളിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നീതിപൂർവ്വമല്ല പ്രവർത്തിക്കുന്നതെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. സിപ്ല പോലുള്ള വലിയ കമ്പനികൾക്കും പാകപ്പിഴവുകൾ സംഭവിക്കാം. എന്നാൽ ആ പാകപ്പിഴവുകൾ തിരുത്താൻ എന്ത് നടപടി എടുക്കുന്നു എന്നതാണ് പ്രധാനം. വലിയ കമ്പനികൾക്ക് തങ്ങളുടെ മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനം സ്വന്തമായി ഉണ്ടാകും. ചെറിയ കമ്പനികൾക്ക് ചില പരിശോധനകൾ പുറത്ത് നിന്നും ചെയ്യേണ്ടിവരും. നമ്മുടെ രാജ്യത്ത് ഗുണനിലവാരമുള്ള ലാബുകൾ ധാരാളമുണ്ട്. എന്നാൽ പിഴവുകൾ പുറത്തുവന്നാൽ നേരിടേണ്ടിവരുന്ന നിയമ കുരുക്കുകൾ ഭയന്ന് പലപ്പോഴും ഈ റിപ്പോർട്ടുകൾ പുറത്ത് വരാറില്ല. പലപ്പോഴും സംഭവിക്കുന്ന സാമ്പത്തിക നഷ്ടമാകും കമ്പനികളുടെ പരിഗണന. രാഷ്ട്രീയക്കാർക്ക് ഈ കാര്യങ്ങൾ അറിയാം. അത് പ്രയോജനപ്പെടുത്തിയാണ് അവർ കമ്പനികളിൽ നിന്നും പൈസ വസൂലാക്കുന്നത്. അതുകൊണ്ട് മരുന്നുകളുടെ ഗുണനിലവാരം സംബന്ധിച്ച കാര്യങ്ങൾ പലപ്പോഴും മാധ്യമങ്ങളിൽ വാർത്തയാവാറില്ല. മാത്രവുമല്ല സ്വാഭാവികമായി സംഭവിക്കുന്ന ചെറിയ പിഴവുകൾ പെരുപ്പിച്ച് കാണിക്കുകയും ബോധപൂർവ്വം വരുത്തുന്ന വലിയ തെറ്റുകൾ നിസ്സാരമായി കാണിക്കുകയും ചെയ്യുന്ന പ്രവണതയുമുണ്ട്. ഇതിന്റെയൊക്കെ അനന്തരഫലം അനുഭവിക്കുന്നത് നമ്മുടെ രാജ്യത്തെ സാധാരണ മനുഷ്യരാണ്.
2022 ഏപ്രിലിൽ ഹെറ്റ്റോ ലാബ്‌സ് ആൻഡ് ഹെറ്റ്റോ ഹെൽത്ത്‌കെയർ എന്ന കമ്പനി (Hetero Labs and Hetero Healthcare) 39 കോടി രൂപയ്ക്ക് ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയതായി വെളിപ്പെട്ടു. അതിന് മുൻപ് കോവിഡ്-19 ചികിത്സയ്‌ക്ക് വ്യാപകമായി ഉപയോഗിക്കുന്ന ആൻറിവൈറൽ മരുന്നായ റെംഡെസിവിർ (Remdesivir) ഗുണനിലവാരമില്ലാതെ നിർമ്മിച്ചതിന്റെ പേരിൽ ഹൈദരാബാദ് ആസ്ഥാനമായുള്ള ഈ കമ്പനിക്ക് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ ആറ് നോട്ടീസുകൾ നൽകിയിരുന്നു. 2022-ൽ ഹെറ്റ്റോ വാങ്ങിയ 39 കോടി രൂപയുടെ ബോണ്ടുകൾക്ക് പുറമേ, 2023 ജൂലൈയിൽ 10 കോടി രൂപയുടെയും 2023 ഒക്ടോബറിൽ 11 കോടി രൂപയുടെയും ബോണ്ടുകളും വാങ്ങി, മൊത്തം 60 കോടി രൂപയുടെ ബോണ്ടുകൾ. ഒട്ടനവധി സാധാരണക്കാരുടെ ജീവൻ നഷ്ടമായ ഒരു മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നത് ഗൗരവമുള്ള ഒരു കാര്യമാണെന്ന് താങ്കൾ കരുതുന്നില്ലേ?
ധാർമ്മിക വശം പരിശോധിക്കുമ്പോൾ തീർച്ചയായും അത് വളരെ ഗൗരവമുള്ള കാര്യമാണ്. എന്നാൽ ആരോഗ്യവുമായി ബന്ധപ്പെട്ട് നോക്കുമ്പോൾ അങ്ങനെയല്ല. കാരണം റെംഡെസിവിർ കോവിഡ് ചികിത്സയിൽ കാര്യമായ പ്രയോജനം ചെയത മരുന്ന് ആയിരുന്നില്ല. ഹൈഡ്രോക്‌സി ക്ലോറോക്വിൻ (hydroxychloroquine) കോവിഡ് ചികിത്സയ്ക്ക് വലിയ പ്രചാരം നേടിയപോലെ ആയിരുന്നു അതിന്റെയും കാര്യം. ഈ മരുന്നുകൾ നിർമ്മിക്കാൻ ലൈസെൻസ് ലഭിച്ച കമ്പനികൾക്കാണ് അതിന്റെ പ്രചാരം കൊണ്ട് സംമ്പത്തിക ലാഭം ഉണ്ടായത്. ഇന്ത്യയിൽ ഡോക്ടറുടെ കുറിപ്പില്ലാതെ വളരെ ശ്രദ്ധാപൂർവ്വം ഉപയോഗിക്കേണ്ട മരുന്നുകൾ പോലും ഒരാൾക്ക് മരുന്നുകടകളിൽ നിന്ന് ലഭിക്കുന്ന അവസ്ഥയാണ്. ഇവിടെ മരുന്നുകളുടെ ഉപയോഗത്തിന് യാതൊരു നിയന്ത്രണവുമില്ല. ശരിയായ ലൈസൻസ് പോലും ഇല്ലാതെ ഇന്ത്യയിൽ മരുന്ന് കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. പല രാഷ്ട്രീയക്കാർക്കും ഇത്തരം കമ്പനികളിൽ നേരിട്ടോ അല്ലാതെയോ നിക്ഷേപം ഉണ്ട്. വലിയ കമ്പനികൾ വലിയ കുറ്റകൃത്യമാണ് നമ്മുടെ രാജ്യത്തു ചെയ്യുന്നത് . ഫ്രഞ്ച് എഴുത്തുകാരൻ ബൽസാക്ക് പറഞ്ഞ ‘വലിയ സമ്പത്തിന് പിന്നിൽ വലിയ കുറ്റകൃത്യവുമുണ്ട്’ എന്നത് മരുന്ന് കമ്പനികളുടെ കാര്യത്തിലും ശരിയാണ്.
റെംഡെസിവിർ കോവിഡ് ചികിത്സയിൽ ഫലപ്രദമല്ലെങ്കിൽ എന്തിനാണ് നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ അതിന് പ്രചാരണം നലകിയത്?
മഹാമാരിക്കാലത്തും പലരും എങ്ങനെയെങ്കിലും സാമ്പത്തിക നേട്ടമുണ്ടാക്കാൻ നോക്കുകയായിരുന്നല്ലോ. ചെറിയ വിലയുണ്ടായിരുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ വില പതിന്മടങ്ങാണ് ആ കാലത്തു വർധിച്ചത്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ യാതൊരു തെളിവുമില്ലാതെയാണ് പല മരുന്നുകളും അക്കാലത്ത് ശുപാർശ ചെയ്തത്. പിന്നീട് പഠനം നടന്നപ്പോഴാണ് പല മരുന്നുകളും പ്രയോജനം ചെയ്തില്ല എന്ന കാര്യം പുറത്തുവന്നത്. പല മരുന്ന് കമ്പനികൾക്കും ചില നിബന്ധനകളോടെ ചില മരുന്നുകൾ നിർമ്മിക്കാൻ വോളണ്ടറി ലൈസൻസ് ഇന്ത്യൻ കമ്പനികൾക്ക് നൽകിയത് അക്കാലത്താണ്. അങ്ങനെ യാതൊരു പ്രയോജനം ചെയ്യാതെ ഉപയോഗിച്ച മരുന്നുകൾ വേറെയുമുണ്ട്. ഇങ്ങനെ ഇല്ലാത്ത പ്രയോജനങ്ങൾ ഉണ്ടെന്ന് പറഞ്ഞ് മരുന്ന് വിൽപ്പന നടക്കുന്നത് മഹാമാരി പോലുള്ള സവിശേഷ സാഹചര്യങ്ങളിൽ മാത്രമല്ല എന്നതാണ് യാഥാർഥ്യം.
പ്രുഡൻറ് ഇലക്ട്‌റൽ ട്രസ്റ്റ് വഴി കോവിഷിൽഡ് എന്ന കോവിഡ് വാക്‌സിൻ ഉൽപ്പാദിപ്പിച്ച സിറം ഇൻസ്റ്റിറ്റ്യൂട്ട് ബി.ജെ.പിക്ക് നൽകിയത് 50 കോടിയോളം ആണ്. ഈ വിവരം നമ്മുടെ ആരോഗ്യമേഖലയിൽ നിലനിൽക്കുന്ന അഴിമതിയുടെ ആഴം വെളിപ്പെടുത്തുന്നതല്ലേ?
അവർ യു.കെയിലെ ഓക്സ്ഫോർഡ് ഇൻസ്റ്റിറ്റ്യൂട്ടുമായി ഒരു കരാറിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയായിരുന്നു. യുകെയിൽ അംഗീകാരം നേടിക്കഴിഞ്ഞാലും ഇന്ത്യയിൽ പുതിയ മരുന്ന് വിതരണം ചെയ്യാൻ ബ്രിഡ്ജിങ് ട്രയൽ നടത്തേണ്ടതുണ്ട്. അങ്ങനെ മാത്രമേ വേറെ ഒരു രാജ്യത്തെ ജനതയ്ക്ക് മരുന്ന് സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്താൻ കഴിയുകയുള്ളൂ. കൂടാതെ ക്ലിനിക്കൽ ട്രയൽ ഡാറ്റ മുഴുവനായും ഓക്സ്ഫോർഡ് ഇന്ത്യയ്ക്ക് കൈമാറിയിട്ടും ഉണ്ടായിരുന്നില്ല. ഈ നിബന്ധനകൾ പാലിക്കാതെ ആണ് ഇന്ത്യയിൽ ഈ വാക്സിൻ കുത്തിവെയ്പ്പ് നടത്തിയത്. അതിന്റെ പ്രത്യാഘാതങ്ങൾ നമുക്ക് ഇപ്പോഴും അറിയില്ല. വലിയ ജനസംഖ്യ ഉള്ള ഇന്ത്യയിൽ നിന്നും ലഭിക്കാവുന്ന ലാഭം കണക്കുകൂട്ടി അഡാർ പൂനവാല മോദിയുമായി ചേർന്ന് പ്രവർത്തിച്ചപ്പോൾ എല്ലാം എളുപ്പമായി. പിന്നെ കോടികൾ ബി.ജെ.പിക്ക് നൽകാൻ ഈ കമ്പനി എന്തിന് മടിക്കണം? അതിനിടയിലും മോദി ജനങ്ങളോട് പാത്രം കൊട്ടാൻ ആഹ്വാനം ചെയ്യുകയുമായിരുന്നല്ലോ. പോസ്റ്റ് കോവിഡ് ഡ്രഗ് പ്രചാരം നേടാൻ സാധ്യത ഇല്ലെന്നു കണ്ടാണ് പൂനാവാല അതിന്റെ വിതരണം ഇന്ത്യയിൽ ഉപേക്ഷിക്കുന്നത്. മരുന്ന് വിൽപ്പനയിൽ ലാഭം ഉണ്ടാക്കുന്നത് കമ്പനികൾ മാത്രമല്ല, സർക്കാരുകൾ കൂടിയാണ്.
അതിന്റെ നല്ലൊരു ഉദാഹരണം അല്ലേ പി.എം കെയർ? അത് വലിയ അഴിമതികൾ നടക്കുന്ന ഒരു സംവിധാനം അല്ലെ?
തീർച്ചയായും. പി.എം കെയറിൽ എത്ര പണം ഉണ്ടെന്നും അത് എന്തിനൊക്കെ പ്രയോജനപ്പെടുത്തുന്നു എന്നും നമുക്കറിയില്ല. ശരിയായ ഓഡിറ്റ് പോലും നടക്കാറില്ല. എല്ലാം ദുരൂഹമായാണ് നടക്കുന്നത്. ഇതിനെക്കാളും എത്രയോ നന്നായിട്ടാണ് കേരളത്തിലെയും തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും കർണ്ണാടകയിലെയും ഒക്കെ സർക്കാരുകൾ നടത്തുന്ന സൗജന്യ ചികിത്സാ സഹായ സംവിധാനങ്ങൾ. ഞാൻ അതിനെക്കുറിച്ച് വിശദമായി പഠിച്ചിട്ടുണ്ട്. ആവശ്യത്തിന് ഡോക്ടർമാരും മരുന്നുകളും ഇല്ലാതെയാണ് എല്ലാവർക്കും ആരോഗ്യം എന്നപേരിൽ പി.എം കെയറിന്റെ വൻ പ്രചാരണം നടക്കുന്നത്. മാത്രവുമല്ല അതിന്റെ ഗുണം ലഭിക്കാൻ ഒരു രോഗിക്ക് ഏറെ കടമ്പകൾ കടക്കേണ്ടതുണ്ട്. പല നിബന്ധനകളും രോഗികളെ ഒഴിവാക്കാനുള്ള രീതിയിലാണ്.
പ്രധാന മന്ത്രി ജൻ ഔഷധി എന്ന പദ്ധതിയും ഇതേ രീതിയിൽ ജനങ്ങളെ കബളിപ്പിക്കുന്ന ഒന്നാണോ?
താരതമ്യേന കുഴപ്പമില്ല എന്ന് പറയാൻ കഴിയും. എന്നാലും അതിന് അടിസ്ഥാനപരമായി ഒട്ടനവധി പ്രശനങ്ങൾ ഉണ്ട്. വിട്ടുമാറാത്ത അസുഖങ്ങൾക്ക് (chronic diseases) ഉള്ള മരുന്നാണ് അവിടെ കൂടുതലും ഉള്ളത്. പല സ്ഥലങ്ങളിലും ഒരു പാട് ദൂരം സഞ്ചരിച്ച് മാത്രമേ ഇത്തരം കേന്ദ്രങ്ങളിൽ രോഗികൾക്ക് ഏത്താൻ കഴിയുകയുള്ളൂ. അവിടെ എത്തിയ ശേഷം മരുന്ന് ലഭ്യമല്ലെങ്കിൽ അത്രയും ദൂരം സഞ്ചരിച്ചത് വെറുതെയാവും. ഞങ്ങളുടെ ലാബിൽ പരിശോധിച്ചപ്പോൾ അവിടുത്തെ മരുന്നുകൾക്ക് ചില പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. അവിടുത്തെ മരുന്നുകൾ കൃത്യമായി പരിശോധന നടത്തിയാണോ വിതരണം ചെയ്യുന്നത് എന്ന് അറിയില്ല. ഇന്ത്യയിൽ ഏകദേശം എട്ട് ലക്ഷം മരുന്നു കടകൾ ഉണ്ട്. അതുമായി തട്ടിച്ച് നോക്കുമ്പോൾ ജൻ ഔഷധി കേന്ദ്രങ്ങൾ തുലോം കുറവാണ്. യഥാർത്ഥത്തിൽ സർക്കാർ ചെയ്യേണ്ടത് മരുന്ന് കമ്പനികളെ അഴിമതി വിമുക്തമാക്കി രോഗികൾക്ക് കുറഞ്ഞ നിരക്കിൽ ഗുണനിലവാരമുള്ള മരുന്നുകൾ പ്രാദേശികമായി ലഭ്യമാക്കുകയാണ്. ഭൂരിഭാഗം വരുന്ന മരുന്നുകളും വൻ വിലയിൽ വിൽപ്പന നടത്തുമ്പോൾ ഏതാനും മരുന്നുകൾക്ക് വിലകുറച്ച് നൽകിക്കൊണ്ട് ചില സ്ഥലങ്ങളിൽ മാത്രം പ്രവർത്തിക്കുന്ന ജൻ ഔഷധി കേന്ദ്രങ്ങൾ അല്ല യഥാർത്ഥ പരിഹാരം എന്ന് കാണാം. ഇന്ത്യയിലെ 85 ശതമാനം മരുന്നുകളുടെ വിലയും നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ തുനിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. ഒരു ആവശ്യവുമില്ലാതെ രോഗികൾക്ക് മരുന്നുകൾ കുറിച്ച് കൊടുക്കുന്ന ഡോക്ടർമാർ ധാരാളം ഉള്ള ഒരു രാജ്യത്താണ് ഈ അവസ്ഥ എന്ന് ഓർക്കണം.
ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി ശരത് റെഡ്ഡി അരബിന്ദോ ഫാർമ ലിമിറ്റഡിൻ്റെ ഡയറക്ടർമാരിൽ ഒരാളാണ്. 2022 നവംബർ 10-ന് മദ്യ കുംഭകോണ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. അദ്ദേഹത്തിൻ്റെ കമ്പനിയായ അരബിന്ദോ ഫാർമ നവംബർ 15ന് അഞ്ച് കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങി. അവയെല്ലാം 2022 നവംബർ 21ന് ഉടൻ തന്നെ ബി.ജെ.പി അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് 2023 ജൂണിൽ ഡൽഹി എക്സൈസ് നയ കേസിൽ ശരത് റെഡ്ഡി മാപ്പുസാക്ഷിയായി മാറുന്നു. 2023 നവംബറിൽ അരബിന്ദോ ഫാർമ ബി.ജെ.പിക്ക് 25 കോടി രൂപ കൂടി നൽകി. ഇത് ഇലക്ട്‌റൽ ബോണ്ടുമായി ബന്ധപ്പെട്ട് മരുന്ന് വ്യാപാര രംഗം ഉൾപ്പെട്ട വലിയ അഴിമതിയുടെ ഉദാഹരണം അല്ലെ?
തീർച്ചയായും ഇത് ആരോഗ്യ രംഗത്ത് നടന്ന വലിയ അഴിമതി തന്നെയാണ്. പല ബിസിനസ് സ്ഥാപനങ്ങളും ബി.ജെ.പിക്ക് പണം നൽകുന്നത് രാജ്യത്ത് ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കാൻ അല്ല. ജനങ്ങൾക്ക് എന്തെങ്കിലും സേവനം ലഭിക്കാനും അല്ല. ഒന്നുകിൽ അവരുടെ ബിസിനസ് താൽപ്പര്യങ്ങൾ നേടിയെടുക്കാൻ, അല്ലെങ്കിൽ അവർ നടത്തിയ കുറ്റകൃത്യങ്ങൾ നിന്നും രക്ഷപ്പെടാൻ. വേറെ ഒരു കാര്യം, കമ്പനികളെയും വ്യക്തികളെയും പല രീതിയിൽ അന്വേഷ വിഭാഗങ്ങളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ബി.ജെ.പി ഫണ്ട് കൈക്കലാക്കുന്നു എന്ന ആരോപണം ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്തുവന്നതോടെ സ്ഥിരീകരിക്കുകയുമുണ്ടായല്ലോ.
ഉൽപ്പാദന വിതരണ നിയന്ത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നത് സർക്കാരുകളിൽ നിന്ന് മരുന്ന് വ്യവസായ രംഗം ഇളവുകൾ തേടുന്ന ഒരു മേഖല മാത്രമാണ് എന്ന് ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു. കമ്പനികൾ വിലകുറഞ്ഞ ഭൂമി, നികുതി ഇളവുകൾ, അനുകൂലമായ നയങ്ങൾ അല്ലെങ്കിൽ വില പരിധി (Price Cap) നീക്കം ചെയ്യൽ എന്നിവയ്ക്കായും ശ്രമിക്കാറുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇതിനെക്കുറിച്ച് പറയാമോ?
തീർച്ചയായും ഒരു വ്യവസായ സംരഭം നടത്തുന്ന എല്ലാ ആനുകൂല്യങ്ങളും മരുന്ന് കമ്പനികളും സർക്കാരിൽ നിന്നും നേടാൻ ശ്രമിക്കുന്നുണ്ട്. പൊതുവെ അവർ നടത്തുന്ന അഴിമതികൾ മരുന്നിന്റെ ഗുണനിലവാരം, വിൽപ്പന തുടങ്ങിയ മേഖലകളിൽ മാത്രം ആണെന്നാണ് പൊതുജനം കരുതുന്നത്. ഇന്ത്യയിൽ വിൽപ്പന നടത്തുന്ന പല മരുന്നുകളുടെയും വില ഇത്രയും വർധിക്കാൻ ഒരു കാരണം കമ്പനികൾ സർക്കാരുമായി നടത്തുന്ന ഒത്തുകളിയാണ്. കമ്പനികൾ സർക്കാരിൽ നിന്നും ആനുകൂല്യങ്ങളും സൗജന്യങ്ങളും കൈക്കലാക്കുകയും അത് ജനങ്ങൾക്ക് ലഭിക്കുമ്പോൾ സോഷ്യലിസം സാമ്പത്തിക വളർച്ചയ്ക്ക് തടസമാണെന്ന് അവർ വാദിക്കുകയും ചെയ്യും.
All India Drug Action Network (AIDAN) അവശ്യമരുന്നുകളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനും ദരിദ്രർക്ക് താങ്ങാനാവുന്ന വിലയിൽ അത് ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനും ആവശ്യപ്പെടുന്ന സന്നദ്ധ സംഘടന ആണല്ലോ. മരുന്ന് കമ്പനികൾ വൻ ലാഭമുണ്ടാക്കുകയും രാഷ്ട്രീയ പാർട്ടികൾക്ക് വലിയ തുക സംഭാവന നൽകുകയും ചെയ്യുമ്പോൾ ഇത്തരം പ്രവർത്തനങ്ങൾ എങ്ങനെ സാധ്യമാകും?
പണത്തിന്റെയും അധികാരത്തിന്റെയും രുചി അറിഞ്ഞാൽ അതിൽ നിന്നും മാറിനിൽക്കാൻ ബുദ്ധിമുട്ടാണെന്ന് എല്ലാവർക്കും അറിയാമല്ലോ. അതുകൊണ്ട് നമ്മുടെ വ്യവസ്ഥിതിയിൽ നീതി, സുതാര്യത, ധാർമ്മികത തുടങ്ങിയ മൂല്യങ്ങൾ തുന്നിച്ചേർക്കാൻ എളുപ്പമല്ല. പ്രത്യേകിച്ച് പണത്തോട് മാത്രം പ്രതിപത്തിയുള്ള ഭരണകൂടങ്ങൾ നിലവിലുളളപ്പോൾ. ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണകൂടത്തിൽ നിന്നും എന്ത് നീതി പ്രതീക്ഷിക്കാനാണ്? ജനങ്ങളുടെ ജീവനും സുരക്ഷയും അവർക്ക് ഒരു പരിഗണനാ വിഷയമേ അല്ലല്ലോ. അതുപോലെ ജനങ്ങളുടെ നന്മയെ ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന ഏതെങ്കിലും കമ്പനികൾ നിലവിലുണ്ടോ എന്ന് എനിക്കറിയില്ല. ചിലർ പേരിന് ചില ചാരിറ്റി പ്രവർത്തനങ്ങളിൽ ഒക്കെ ഏർപ്പെടുന്നുണ്ടാവാം.
ഹൈദരാബാദ് ആസ്ഥാനമായുള്ള യശോദ ഹോസ്പിറ്റൽസ് മൊത്തം 162 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ സംഭാവന ചെയ്തു എന്ന് കണ്ടു. ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഇങ്ങനെ ചെയ്യുമ്പോൾ അതിന്റെ വില നൽകേണ്ടി വരുന്നത് സാധാരണ ജനങ്ങൾ അല്ലേ?
ആശുപത്രി ചികിത്സ സാധാരണ ജനങ്ങൾക്ക് താങ്ങാൻ കഴിയാത്തത് അത് വൻ ലാഭം കൊയ്യാനും ഇങ്ങനെ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന ചെയ്യാനും മുതിരുന്നതുകൊണ്ടാണ്. ആരോഗ്യരംഗം മാത്രമല്ല വിദ്യാഭ്യാസ രംഗവും വിപണിവൽക്കരിക്കപ്പെടാൻ പാടില്ലാത്ത മേഖലയാണ്. എന്നാൽ നമ്മുടെ രാജ്യത്ത് എല്ലാം വ്യാവസായിക അടിസ്ഥാനത്തിൽ ആണ് പ്രവർത്തിക്കുന്നത്. അഴിമതിയും കുറ്റകൃത്യങ്ങളും ഒക്കെ അതിന്റെ അവിഭാജ്യ ഘടകങ്ങൾ ആയിരിക്കുന്നു. കൂടാതെ പൊതുജന ആരോഗ്യ നയം മെച്ചപ്പെടുത്താൻ നമുക്ക് കഴിഞ്ഞിട്ടില്ല. ജർമനി, ഫ്രാൻസ്, സ്കാന്ഡിനേവിയൻ തുടണ്ടിയ രാജ്യങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട പൊതുജന ആരോഗ്യ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വിശ്വഗുരു എന്ന് സ്വയം വിളിക്കുന്ന പ്രധാനമന്ത്രി ഇത്തരം കാര്യങ്ങൾ ആണ് പഠിക്കേണ്ടത്.
AIDAN എല്ലാ ആളുകൾക്കും, പ്രത്യേകിച്ച് ദരിദ്രർക്കും അവശത അനുഭവിക്കുന്നവർക്കും ആരോഗ്യത്തോടെ ജീവിക്കാനുള്ള മനുഷ്യാവകാശം ഉറപ്പുവരുത്തുന്ന ഒരു ലോകത്തിനായി പ്രവർത്തിക്കുകയാണല്ലോ. താങ്ങാനാവുന്നതും ഗുണമേന്മയുള്ളതുമായ ആരോഗ്യ പരിരക്ഷയ്ക്കും അവശ്യമരുന്നുകളുടെ ലഭ്യതയ്ക്കും ഇന്ത്യയിൽ നമ്മൾ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്?
അതിന് ഒരുപാട് കാര്യങ്ങളിൽ മാറ്റം ഉണ്ടാവേണ്ടതുണ്ട്. ചില കാര്യങ്ങൾ മാത്രം പറയാം. ജനങ്ങൾക്ക് ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുന്ന സർക്കാർ സംവിധാങ്ങൾ നിലവിൽ വരേണ്ടതുണ്ട്. സ്വകാര്യ സംരംഭങ്ങളെ ആശ്രയിക്കാതെ തന്നെ അത് എല്ലാവർക്കും ലഭിക്കേണ്ടതുണ്ട്. അതുപോലെ മെഡിക്കൽ വിദ്യഭ്യാസം ചെലവ് കുറഞ്ഞതും ഗുണനിലവാരം ഉള്ളതും ആണെന്ന് സർക്കാരുകൾ ഉറപ്പുവരുത്തേണ്ടതുണ്ട്. ആരോഗ്യ രംഗത്തെ വിപണിവൽക്കരണം ഒരുതരത്തിലും ഒരു രാഷ്ട്രത്തിന് ആശാസ്യമല്ല.