പ്ലാച്ചിമട: അട്ടിമറിക്കപ്പെടുന്ന കേസുകളും തുടരുന്ന നീതി നിഷേധവും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഭാ​ഗം 2

കൊക്കക്കോളക്കെതിരായ ആദ്യ എഫ്.ഐ.ആര്‍

പ്ലാച്ചിമടയിലെ സമരപ്രവര്‍ത്തകര്‍ക്കെതിരെ നിരവധി കേസുകള്‍ സമരത്തിന്റെ ആദ്യനാളുകളിലും പിന്നീടും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2016 ജൂണ്‍ 9നാണ് കൊക്കക്കോള കമ്പനിക്കെതിരായ ആദ്യ എഫ്.ഐ.ആര്‍. മീനാക്ഷിപുരം പോലീസ് രജിസ്റ്റര്‍ ചെയ്യുന്നത്. കമ്പനിക്കെതിരായ സമരം തുടങ്ങി 14 വര്‍ഷത്തിന് ശേഷമായിരുന്നു അത്. പട്ടിക ജാതി/ പട്ടിക വര്‍ഗ്ഗ അതിക്രമ നിരോധന നിയമം പ്രകാരം വിജയനഗര്‍ കോളനിയിലെ തങ്കവേലുവും മറ്റുള്ളവരും നല്‍കിയ പരാതിയിന്മേലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്ലാച്ചിമടയിലെ ആദിവാസികള്‍ ഉപയോഗിച്ചുവരുന്ന ജലസ്രോതസ്സുകള്‍ മലിനമാക്കുകയും ഉപയോഗശൂന്യമാക്കുകയും ചെയ്‌തെന്നതാണ് പരാതി. പട്ടിക ജാതി/ പട്ടിക വര്‍ഗ്ഗ അതിക്രമ നിരോധന നിയമം ദളിതരും ആദിവാസികളും ദുരുപയോഗം ചെയ്യുകയാണെന്നാണ് സുപ്രീംകോടതി പോലും ഈയിടെ വേവലാതിപ്പെട്ടത്. എന്നാല്‍ പ്ലാച്ചിമടയിലുള്ളവര്‍ നല്‍കിയ പരാതിയില്‍ കൊക്കക്കോളയുടെ ഉന്നത ഉദ്യോഗസ്ഥരെ ഇതുവരേക്കും ഒന്ന് ചോദ്യം ചെയ്യാന്‍ പോലും പോലീസിന് കഴിഞ്ഞിട്ടില്ല.

കൊക്കക്കോള കമ്പനിയുടെ പ്ലാച്ചിമട പ്ലാന്റ് തലവന്‍, കൊച്ചി ആസ്ഥാനമായുള്ള കേരള റീജ്യണല്‍ തലവന്‍, ഡല്‍ഹി നോയ്ഡ ആസ്ഥാനമായുള്ള അഖിലേന്ത്യാ തലവന്‍ എന്നിവര്‍ക്കെതിരെയാണ് തങ്കവേലു അടക്കമുള്ളവര്‍ പരാതി നല്‍കിയത്. തങ്ങളുടെ ഉത്പാദനപ്രക്രിയയുടെ ദോഷവശങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കേ കമ്പനി മനഃപ്പൂര്‍വ്വം കുടിവെള്ളം മുട്ടിച്ചതാണെന്നാണ് പരാതി. എഫ്. ഐ. ആര്‍. ഇടാന്‍ പോലും ആദ്യഘട്ടത്തില്‍ പോലീസ് തയ്യാറായിരുന്നില്ല. പരാതി നല്‍കിയവര്‍ പോലീസിന്റെ അനാസ്ഥക്കെതിരെ പട്ടിക ജാതി/ പട്ടിക വര്‍ഗ്ഗ കമ്മീഷന് മറ്റൊരു പരാതി നല്‍കി. കമ്മീഷന്‍ ഇടപെട്ടതിനെത്തുടര്‍ന്നാണ് മീനാക്ഷിപുരം പോലീസ് എഫ്. ഐ. ആര്‍. രജിസ്റ്റര്‍ ചെയ്യുന്നത്. പാലക്കാട് ജില്ലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനായിരുന്നു അന്വേഷണ ചുമതല.

സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവരാണെന്നതിനാല്‍ പല വിധത്തിലുള്ള പരിരക്ഷകളും നിയമം പരാതി നല്‍കുന്നവര്‍ക്ക് ഉറപ്പ് വരുത്തുന്നുണ്ട്. പരാതി ലഭിച്ചാലുടന്‍ പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തണമെന്നാണ് നിയമം അനുശാസിക്കുന്നത്. മുന്‍കൂര്‍ ജാമ്യം എടുക്കാനുള്ള അവകാശം ഈ നിയമം പ്രകാരമുള്ള കേസിന് ബാധകമായിരിക്കില്ല. പരാതിക്ക് അനുസൃതമായ തെളിവ് നല്‍കാനുള്ള ബാധ്യത പരാതിക്കാര്‍ക്ക് ഇല്ലെന്നതാണ് നിയമത്തിന്റെ മറ്റൊരു പ്രത്യേകത. എന്നുവെച്ചാല്‍ പ്ലാച്ചിമടയിലെ ആദിവാസികള്‍ കൊക്കക്കോള കമ്പനി തങ്ങളുടെ കുടിവെള്ളം മലിനീകരിച്ചു എന്ന് പരാതിപ്പെട്ടാല്‍ അങ്ങനെയല്ലെന്ന് തെളിയിക്കാനുള്ള ബാധ്യത കമ്പനിയുടേതായിരിക്കും. നിയമം ഇത്തരം പരിരക്ഷകള്‍ നല്‍കിയിട്ടും കൊക്കക്കോളക്കെതിരായ കേസില്‍ ഇതൊന്നും പാലിക്കപ്പെട്ടില്ല. 2016 മുതല്‍ ഡി. വൈ. എസ്. പി. തലത്തിലുള്ള ആറോളം പോലീസ് ഉദ്യോഗസ്ഥര്‍ കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുത്തിട്ടുണ്ട്. കമ്പനിയുടെ ഉദ്യോഗസ്ഥരെ എന്നാല്‍ ഇതുവരേക്കും പോലീസ് ചോദ്യം ചെയ്തിട്ടില്ല. കേസിലെ എതിര്‍കക്ഷികളായ വിനീത്കുമാര്‍ കപില, എന്‍. ജനാര്‍ദ്ദനന്‍ എന്നിവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ലെന്നാണ് 2019ല്‍ ഡി. വൈ. എസ്. പി. സാജു കെ. എബ്രഹാം കോടതിയെ അറിയിച്ചത്. ഈ കേസ് നിലനില്‍ക്കുന്ന അതേ കാലയളവില്‍ തന്നെയാണ് ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയന്‍ കൊക്കക്കോളയുടെ സി.എസ്. ആര്‍. പദ്ധതിയെ സ്വീകരിക്കുന്നതും. കേസിന്റെ എല്ലാ ഘട്ടത്തിലും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ താത്പര്യക്കുറവിനും അനാസ്ഥക്കും കാരണം കൊക്കക്കോളക്ക് അനുകൂലമായ നയം സര്‍ക്കാര്‍ തുടരുന്നതാണ്.

2018 സെപ്തംബര്‍ 30നാണ് പാലക്കാട് ഡി. വൈ. എസ്. പി. ആയിരുന്ന വിജയകുമാര്‍ ജി. ഡി മണ്ണാര്‍ക്കാട് പ്രത്യേക കോടതിക്ക് മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. കേസില്‍ എസ്‌സി/എസ്ടി വകുപ്പ് പ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഇത് സംബന്ധിച്ച് നിയമോപദേശം തേടിയതിന് ശേഷമാണ് വിജയകുമാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്ലാന്റിന്റെ 3 കി. മീ. ചുറ്റളവിലുള്ള എല്ലാവരെയും ജാതി-മത ഭേദമില്ലാതെ മലിനീകരണം ബാധിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആദിവാസികളോ ദളിതരോ മാത്രമായി ഉപയോഗിക്കുന്ന ജലസ്രോതസ്സുകളല്ല മലിനീകരിക്കപ്പെട്ടത് എന്നതാണ് കുറ്റം നിലനില്‍ക്കില്ലെന്ന് പറഞ്ഞതിന് പിന്നിലെ കാരണം. ആ സാഹചര്യത്തില്‍ പരാതിക്കാരനും കൂട്ടരും കേസില്‍ സിവില്‍ പരിഹാരം തേടുന്നതാണ് ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. ഇതിനായി കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള ട്രിബ്യൂണലിനെ സമീപിക്കാനാണ് ഉപദേശം. കേസ് സിവില്‍ നേച്വര്‍ ആയി പരിഗണിച്ച് അന്വേഷണാവസ്ഥയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് വിജയകുമാര്‍ കോടതിയോട് ആവശ്യപ്പെട്ടത്.

കമ്പനി കാരണം പ്രദേശത്തെ ജലസ്രോതസ്സുകള്‍ മലിനീകരിക്കപ്പെട്ടിട്ടുണ്ട് എന്ന് പോലീസ് സമ്മതിക്കുന്നുണ്ട് എന്നതാണ് റിപ്പോര്‍ട്ടിലെ ഏക ആശ്വാസം. മലിനീകരിക്കപ്പെട്ട കിണര്‍ ഉപയോഗിച്ചിരുന്നത് ആദിവാസികളും ദളിതരും മാത്രമായിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആ വസ്തുത അവര്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ക്ക് എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാക്കുന്നതായി തോന്നുന്നില്ല. ദശാബ്ദങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരു കമ്പനിക്ക് തങ്ങളുടെ പ്ലാന്റില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങളെക്കുറിച്ച് പൂര്‍ണ്ണമായ ബോധ്യം ഉണ്ടായിരിക്കേണ്ടതാണ്. ഇന്ത്യയില്‍ പലയിടങ്ങളിലും മലിനീകരണം സംബന്ധിച്ച ആരോപണങ്ങള്‍ കമ്പനി നേരിട്ടുകൊണ്ടിരിക്കുന്നുമുണ്ട്. ആദിവാസികളും ദളിതരും അടങ്ങുന്ന ഒരു സമൂഹം കൂട്ടമായി ഇടുങ്ങി താമസിക്കുന്ന പ്രദേശത്താണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും കമ്പനി അറിഞ്ഞിരിക്കേണ്ടതാണ്. അവര്‍ക്ക് നിയമപരമായി ഉള്ള പരിരക്ഷകളെക്കുറിച്ചും കമ്പനി അറിഞ്ഞിരിക്കേണ്ടതാണ്. നിയമത്തെക്കുറിച്ചുള്ള അജ്ഞത ചെയ്ത കുറ്റത്തെ സാധൂകരിക്കുന്നതിന് പര്യാപ്തമല്ല.

2019ല്‍ സാജു കെ. എബ്രഹാം നല്‍കിയ റിപ്പോര്‍ട്ടില്‍ കമ്പനി കാരണമാണ് പ്രദേശത്ത് മലിനീകരണം ഉണ്ടായിട്ടുണ്ടെന്നതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ട്. 2017ലും 2019ലും പ്രദേശത്തെ പൊതുകിണറും സ്വകാര്യ കിണറുകളും പരിശോധിച്ചതിന്റെ ഫലം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡി.വൈ.എസ്.പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പാലക്കാട് ഓഫീസിലെ ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തിയത്. 2019ല്‍ നടത്തിയ ഘനലോഹ പരിശോധനയില്‍ വെള്ളത്തിന്റെ സാമ്പിളില്‍ ക്രോമിയത്തിന്റെ അളവ് അനുവദനീയ പരിധിയേക്കാള്‍ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ 2017ല്‍ നടത്തിയ പരിശോധനയില്‍ ഇവയെല്ലാം അനുവദനീയ പരിധിക്ക് അകത്തായിരുന്നു.
ഈ വ്യതിയാനത്തിന് കാരണം സ്ഥലത്തിന്റെ ജിയോളജിക്കല്‍ പ്രത്യേകതകള്‍ ആണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കിണറുകളിലെ ഘനലോഹസാന്നിദ്ധ്യത്തിലുള്ള വര്‍ദ്ധനവ് കൊക്കക്കോള കമ്പനിയുടെ പ്രവര്‍ത്തനഫലമാണെന്ന് ഉറപ്പിച്ച് പറയാനുള്ള ശാസ്ത്രീയ തെളിവുകള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനി വരുന്നതിന് മുമ്പ് പ്രദേശത്തെ കിണര്‍ വെള്ളത്തെക്കുറിച്ച് പരിശോധന നടത്തിയ റിപ്പോര്‍ട്ടുകള്‍ ലഭ്യമല്ലാത്തതിനാല്‍ താരതമ്യ പഠനം നടത്തി നിഗമനത്തില്‍ എത്താന്‍ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റൊരു കാര്യം. കേസിന് ആസ്പദമായ പ്രവൃത്തി വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതാണ്. കമ്പനി കാരണമാണ് പ്ലാച്ചിമടയില്‍ മലിനീകരണം നടന്നതെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അടക്കമുള്ള സ്ഥാപനങ്ങള്‍ തെളിയിച്ചതുമാണ്. എന്നിട്ടും കഴിയുന്ന വിധത്തിലൊക്കെ കമ്പനിയെ രക്ഷിക്കാന്‍ പാടുപെടുകയാണ് പൊലീസ്.

സംസ്ഥാന സര്‍ക്കാരിന് ചെയ്യാനാവുന്നത്

ഭരണകൂടങ്ങളുടെ അസാധാരണ നടപടികള്‍ക്ക് സംരക്ഷണം ലഭിക്കുന്ന ഒരു അന്തരീക്ഷം കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇവിടെ ഉണ്ടായി വന്നിട്ടുണ്ട്. അങ്ങനെയൊരു അന്തരീക്ഷത്തിന്റെ സുരക്ഷിത്വം കൊക്കക്കോള കമ്പനിയുടെ പ്ലാച്ചിമടയിലേക്കുള്ള തിരിച്ചുവരവിനെ എളുപ്പത്തിലാക്കുന്നുമുണ്ട്. കൊക്കക്കോള പ്ലാന്റിനെ കോവിഡ് ചികിത്സാകേന്ദ്രമാക്കിയത് ഭരണനേട്ടമായാണ് സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. പകര്‍ച്ചവ്യാധി കൈകാര്യം ചെയ്യാന്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ രണ്ട് ദശകത്തോളമായി പ്ലാച്ചിമടയില്‍ നീതിക്കായി സമരം ചെയ്യുന്നവരോടുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ സൗകര്യപൂര്‍വ്വം മറന്നുപോവുകയാണ്. സി. എസ്. ആര്‍ എന്നത് കോര്‍പ്പറേറ്റുകള്‍ക്ക് ‘സാമൂഹിക പ്രതിബദ്ധത’ പ്രകടിപ്പിച്ച് സ്വയം വെള്ളപൂശാനുള്ള ഒരു മാര്‍ഗ്ഗമാണ്. അത്തരത്തില്‍ കമ്പനിയുടെ ഔദാര്യം സ്വീകരിക്കുന്നത് പ്ലാച്ചിമടയിലെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവുമല്ല, അവരോട് ചെയ്യുന്ന നീതിയുമല്ല.

നീതിയുടെ പക്ഷത്ത് നില്‍ക്കാന്‍ തയ്യാറാവുന്ന ഒരു സര്‍ക്കാരിന് പ്ലാച്ചിമടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇനിയും ചില സാധ്യതകളുണ്ട്. പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ല് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി നിയമസഭയില്‍ പുനരവതരിപ്പിക്കുക എന്നതാണ് അതിലൊന്ന്. കേന്ദ്ര നിയമങ്ങളുമായി ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന പൊരുത്തക്കേടുകള്‍ ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ ബില്ല് സംസ്ഥാന സര്‍ക്കാരിന് തന്നെ നിയമമാക്കാന്‍ കഴിയും. ജലമലിനീകരണ നിയന്ത്രണ നിയമം പ്രകാരം കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് തയ്യാറാവുക എന്നതാണ് മറ്റൊരു സാധ്യത. കമ്പനിക്കെതിരെ മറ്റൊരു കേസ് നിലനിന്നിരുന്നതിനാലാണ് പി.സി.ബിയുടെ നിയമനടപടികള്‍ പകുതി വഴിയില്‍ മുടങ്ങിയത്. ഗോകുല്‍ പ്രസാദിന്റെ കേസില്‍ വിധി വന്ന പശ്ചാത്തലത്തില്‍ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പി.സി.ബിക്ക് ഇനി കഴിയും. പട്ടിത ജാതി/ പട്ടിക വര്‍ഗ്ഗ അതിക്രമ നിരോധന നിയമം പ്രകാരമുള്ള കേസില്‍ കൊക്കക്കോളയുടെ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള നിര്‍ദേശം പോലീസിന് നല്‍കുക എന്നതാണ് മറ്റൊന്ന്. ഇച്ഛാശക്തിയും രാഷ്ട്രീയ നിലപാടുമുണ്ടെങ്കിൽ പ്രശ്‌നപരിഹാരത്തിനുള്ള സാധ്യതകളും ഉണ്ട്.

Also Read

5 minutes read September 19, 2021 4:02 pm