പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണത്തിൽ പരാജയപ്പെട്ട ആ​ഗോള സമ്മേളനം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

പ്ലാസ്റ്റിക് മാലിന്യ ലഘൂകരണം ലക്ഷ്യം വയ്ക്കുന്ന ആഗോള ഉടമ്പടി രൂപീകരിക്കാൻ ബുസാനിൽ ഒത്തുകൂടിയ സമ്മേളനം തീരുമാനമാകാതെ അവസാനിച്ചു. സമുദ്ര മലിനീകരണം ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുന്നതിനുള്ള നിയമപരമായ പുതിയ ആഗോള ഉടമ്പടി രൂപപ്പെടുത്തുന്നതിനായാണ് നവംബർ 25ന് 170 ലധികം ലോകരാജ്യങ്ങൾ സൗത്ത് കൊറിയയിലെ ബുസാനിൽ ഒത്തുകൂടിയത്. ഭാവി തലമുറയെ ആശങ്കയിലാക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യ ഭീഷണിയെ നേരിടാനായി 2022 ൽ തുടങ്ങിയ ഇൻ്റർഗവൺമെൻ്റൽ നെഗോഷ്യേറ്റിംഗ് കമ്മിറ്റിയുടെ (Intergovernmental Negotiating Committee-INC-5) അഞ്ചാമത്തേതും ഒടുവിലത്തേതുമായ കൂടിച്ചേരലാണ് ഒരാഴ്ച നീണ്ട ചർച്ചകൾക്കൊടുവിൽ ഇപ്പോൾ തീരുമാനമുണ്ടാക്കാനാകാതെ പിരിഞ്ഞത്.

ബുസാനിലെ സമ്മേളനത്തിൽ നിന്നും. കടപ്പാട്:downtoearth.org.in

പരിസ്ഥിതി സംരക്ഷണത്തിനായുള്ള ആഗോള സംഘടനായ യുണൈറ്റഡ് നേഷൻസ് എൻവയോണ്മെന്റ് പ്രോഗ്രാമിന്റെ (UNEP) ആഭിമുഖ്യത്തിൽ നടന്ന 2022 ലെ യു.എൻ എൻവയോണ്മെന്റ് അസംബ്ലിയിലാണ് പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിന് ലോക രാജ്യങ്ങളെ നിയമപരമായി ബാധ്യസ്ഥരാക്കുന്ന ആഗോള ഉടമ്പടി 2024 അവസാനത്തോടുകൂടി രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ തുടങ്ങുന്നത്. അതിന്റെ ഭാഗമായാണ് Intergovernmental Negotiating Committee (INC) രൂപം കൊള്ളുന്നത്. ഇതിന്റെ അഞ്ചാമത് സമ്മേളനമാണ് ബുസാനിൽ അവസാനിച്ചത്. ഉത്പാദനം മുതൽ നിർമ്മാർജനം വരെ പ്ലാസ്റ്റിക് മലിനീകരണത്തെ നേരിടാൻ ഒരു ആഗോള കരാർ ഉണ്ടാക്കുക എന്നതാണ് ഈ അന്താരാഷ്ട്ര ചർച്ചകളുടെ ലക്ഷ്യം. കഴിഞ്ഞ നാല് സെഷനുകളിൽ ചില പുരോഗതി ഉണ്ടായെങ്കിലും പ്രാഥമിക പ്ലാസ്റ്റിക് ഉത്പാദനം കുറയ്ക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ചർച്ചകൾക്ക് ഇപ്പോഴും വേണ്ടത്ര പരിഹാരം കാണാനായിട്ടില്ല.

ഉടനടിയുണ്ടാവണം ഉടമ്പടി

മാനവരാശി ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നങ്ങളിലൊന്നാണ് പ്ലാസ്റ്റിക് മലിനീകരണം. പ്ലാസ്റ്റിക്കിൻ്റെ വാർഷിക ആഗോള ഉൽപ്പാദനം 2000 ൽ 234 ദശലക്ഷം ടൺ (മില്യൺ ടൺ) ആയിരുന്നു. ഇത് 2019-ൽ 460 ദശലക്ഷം ടണ്ണായി. ഇതിൽ തന്നെ പകുതിയോളം ഏഷ്യയിലും വടക്കേ അമേരിക്കയിലും യൂറോപ്പിലുമാണ് ഉത്പാദിപ്പിക്കപ്പെട്ടത്. പ്രതിവർഷം 400 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം ഉൽപ്പാദിപ്പിക്കപ്പെടുന്നതിൽ വെറും ഒമ്പത് ശതമാനം പ്ലാസ്റ്റിക്കുകൾ മാത്രമാണ് പുനരുപയോഗം ചെയ്യുന്നത് ചെയ്യപ്പെടുന്നത് എന്നു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ഓരോ വർഷവും എട്ട് ദശലക്ഷം ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് സമുദ്രങ്ങളിൽ എത്തിച്ചേരുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഭൂരിഭാഗം പ്ലാസ്റ്റിക്കുകളും വേഗത്തിൽ നശിക്കാനാകാത്തതിനാൽ അവ ക്രമേണ സമുദ്രങ്ങളിൽ അടിഞ്ഞുകൂടുന്നു. ഇവ വിഘടിക്കാൻ 20 മുതൽ 500 വർഷം വരെ എടുക്കുന്നതിനാൽ ഇത് ജലജീവികൾക്കും മനുഷ്യൻ്റെ ആരോഗ്യത്തിനും സമുദ്ര ആവാസവ്യവസ്ഥയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. 2050 ആകുമ്പോഴേക്കും സമുദ്രങ്ങളിൽ മത്സ്യത്തേക്കാൾ കൂടുതൽ പ്ലാസ്റ്റിക് ഉണ്ടാകുമെന്ന ഭയപ്പെടുത്തുന്ന നിഗമനമാണ് പഠനങ്ങൾ കണ്ടെത്തിയത്.. അതുപോലെ ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ഉല്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്കും ഭീഷണിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആഗോള ഹരിതഗൃഹ വാതക ഉദ്‌വമനത്തിൻ്റെ 3.4 ശതമാനം ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിൽ നിന്നാണെന്നാണ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പ്രതിസന്ധികളാണ് ആഗോള പ്ലാസ്റ്റിക് ഉടമ്പടിക്ക് വേണ്ടിയുള്ള അടിയന്തര ചർച്ചകളിലേക്ക് ഐക്യരാഷ്ട്രസഭയെ നയിച്ചതും.

ഈ വർഷം ഏപ്രിലിൽ ഒട്ടാവയിൽ നടന്ന സമ്മേളനം. കടപ്പാട്:earth.org

എന്നാൽ ഈ വിഷയത്തിൽ ലോക രാജ്യങ്ങൾ തമ്മിൽ ഇപ്പോഴും ഭിന്നത നിലനിൽക്കുന്നുണ്ടെന്നാണ് യു.എൻ.ഇ.പിയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ ഇൻഗെർ ആൻഡേഴ്സൺ ബുസാനിലെ സമ്മേളനത്തിൽ പ്രതികരിച്ചത്. ആഗോളതലത്തിൽ പ്ലാസ്റ്റിക് ഉത്പാദനം നിയമപരമായി തടയുകയും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഘട്ടം ഘട്ടമായി നിർത്തലാക്കുകയും ചെയ്യുന്ന കരടിനെ നൂറിലധികം രാജ്യങ്ങൾ പിന്തുണച്ചിരുന്നു. എന്നാൽ, സൗദി അറേബ്യ, ഇറാൻ, റഷ്യ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾ ഉത്പാദനം കുറയ്ക്കുന്ന തീരുമാനത്തിൽ നിന്നും വിട്ടുനിൽക്കുകയാണുണ്ടായത്. ഇതാണ് ഉടമ്പടി രൂപീകരണത്തിൽ തീരുമാനമെടുക്കുന്നതിൽ നിന്നും മറ്റ് രാജ്യങ്ങളെ പിന്തിരിപ്പിച്ചത്. ഉടമ്പടിയുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ തങ്ങൾ പരാജയപ്പെട്ടുവെന്ന് അവർ തന്നെ സമ്മതിക്കുകയും ചെയ്തു. പ്ലാസ്റ്റിക്കിന്റെ ഉത്പാദനം വെട്ടിക്കുറയ്ക്കുന്നത് പല രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കുന്നതായി സൗദി അറേബ്യൻ പ്രതിനിധി അബ്ദുൾറഹ്മാൻ അൽ-ഗ്വായിസ് സൂചിപ്പിച്ചു. “നിങ്ങൾ പ്ലാസ്റ്റിക് മലിനീകരണത്തെ അഭിസംബോധന ചെയ്യുന്നതിൽ പ്രശ്നമില്ല, പ്ലാസ്റ്റിക് ഉത്പാദിപ്പിക്കുന്നതിൽ പ്രശ്നം ഉന്നയിക്കരുത്. കാരണം പ്രശ്നം മലിനീകരണമാണ്, പ്ലാസ്റ്റിക് അല്ല,” അദ്ദേഹം പറഞ്ഞു.

സമ്മേളനവേദിക്ക് പുറത്തു നടന്ന പ്രതിഷേധത്തിൽ നിന്നും. കടപ്പാട് :outlookindia.com

ഉറുഗ്വേയിൽ നടന്ന ഒന്നാമത് സമ്മേളനത്തിലും പാരീസിൽ നടന്ന രണ്ടാം സമ്മേളനത്തിലും കെനിയയിലെ മൂന്നാം സമ്മേളനത്തിലും ഈ വിഷയത്തിലുണ്ടായ ചർച്ചകൾ രാജ്യങ്ങൾക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിച്ചിരുന്നു. കാനഡയിലെ ഒട്ടാവയിൽ ഈ വർഷം ഏപ്രിലിൽ നടന്ന നാലാമത് സമ്മേളനം (INC 4) സമുദ്രങ്ങളിൽ ഉൾപ്പെടെ പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന മലിനീകരണം തടയാൻ നിയമപരമായ ഒരു ഉടമ്പടി രൂപീകരിക്കാൻ തന്നെയാണ് തീരുമാനിച്ചത്. 2024 ഡിസംബറിൽ കൂടുന്ന സമ്മേളനത്തോടുകൂടി ഇത് പൂർത്തിയാക്കണം എന്നും തീരുമാനമുണ്ടായിരുന്നു. ഇതിലാണ് ഇപ്പോൾ അനിശ്ചിതത്വം നിലനിൽക്കുന്നത്.

CIEL (The Center for International Environmental Law) യുടെ വിശകലനമനുസരിച്ച് ആതിഥേയ രാജ്യമായ ദക്ഷിണ കൊറിയയിൽ നിന്നുള്ള പ്രതിനിധികളേക്കാൾ പ്ലാസ്റ്റിക് വ്യവസായ ലോബിയിസ്റ്റുകളാണ് ബുസാനിൽ നടന്ന ചർച്ചകളിൽ കൂടുതൽ പങ്കെടുത്തത്. ഫോസിൽ ഇന്ധന വ്യവസായത്തിൽ നിന്നും കെമിക്കൽ വ്യവസായത്തിൽ നിന്നും 220 പ്രതിനിധികളും പങ്കെടുത്തു. അടുത്ത വർഷം സമ്മേളനത്തിന്റെ താൽക്കാലിക ബാനറിന് കീഴിൽ ചർച്ചകൾ പുനരാരംഭിക്കാനാണ് രാജ്യങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഭീഷണിയായ പ്ലാസ്റ്റിക് മലിനീകരണത്തിന് കൃത്യമായ നിയന്ത്രണമുണ്ടാക്കുന്നതിൽ തീരുമാനമെടുക്കാനും ഉടമ്പടി രൂപീകരിക്കാനും ലോകരാജ്യങ്ങൾ ഇനിയും വൈകിക്കൂടാ.

Also Read

3 minutes read December 4, 2024 12:01 pm