നിശബ്​ദരാകില്ല സ്വതന്ത്ര മാധ്യമങ്ങൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഭയപ്പെടുത്തുക എന്നതാണ് ലക്ഷ്യം

ആർ രാജ​ഗോപാൽ, (എഡിറ്റർ-അറ്റ് ലാർജ്, ദി ടെല​ഗ്രാഫ്)

ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി കേന്ദ്ര സർക്കാർ മാധ്യമപ്രവർത്തകരെ ഭയപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. മുഖ്യധാരാ മാധ്യമങ്ങൾ മോദി സർക്കാരിനെ എതിർക്കുന്നതേയില്ല. അതിനാൽ അവരെയല്ല ഈ ശ്രമത്തിലൂടെ ലക്ഷ്യം വച്ചിരിക്കുന്നത്. ഹിന്ദി ഹൃദയഭൂമിയിൽ കഴിഞ്ഞ രണ്ട് വർഷമായി വളരെ പ്രചാരമുള്ള യൂട്യൂബേഴ്സ് ശക്തമായി സംഘപരിവാറിനെ വിമർശിക്കുന്നുണ്ട്. അവർ കൃത്യമായി ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അവരുടെ ചോദ്യങ്ങൾ സർക്കാരിനെ തീർച്ചയായും അലോസരപ്പെടുത്തും.

ആർ. രാജഗോപാൽ. ഫോട്ടോ: കെ.എം ജിതിലേഷ്

ന്യൂ യോർക്ക് ടൈംസിൽ വന്ന വാർത്തയുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഈ പൊലീസ് നടപടികൾ നടന്നിട്ടുള്ളത്. ചൈനീസ് കമ്പനികളുമായി എത്രയോ ഇന്ത്യൻ കമ്പനികൾക്ക് ബന്ധമുണ്ട്. ചൈനയുമായി നമുക്ക് നയതന്ത്ര ബന്ധങ്ങളുമുണ്ടല്ലോ. അപ്പോൾ ഇവർ ചെയ്തിരിക്കുന്നത് ഒരു ക്രിമിനൽ കുറ്റമൊന്നുമല്ലല്ലോ. ഇതൊരു സാമ്പത്തിക ഇടപാടാണ്. അതിനകത്ത് ഏതെങ്കിലും തരത്തിലുള്ള നിബന്ധനകൾ പാലിക്കപ്പെട്ടിട്ടില്ലെങ്കിൽ പോലും എല്ലാ മാധ്യമപ്രവത്തകരുടെയും വീട് റെയ്ഡ് ചെയ്ത് അറസ്റ്റ് ചെയ്യുകയാണോ വേണ്ടിയിരുന്നത്? അപ്പോൾ ഇത് ഭയപ്പെടുത്തുക എന്ന് ലക്ഷ്യത്തോടെ മാത്രം ചെയ്തിട്ടുമുള്ള ഒന്നാണെന്ന് മനസിലാക്കാൻ സാധിക്കും.

ദില്ലി പൊലീസ് സ്‌പെഷ്യൽ സെൽ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിനെ തുടർന്ന് സീൽ ചെയ്യപ്പെട്ട സൈനിക് ഫാമിലെ ന്യൂസ്‌ക്ലിക്ക് ഓഫീസ്. കടപ്പാട്: PTI

അഭിപ്രായസ്വാതന്ത്ര്യത്തെ ഭീഷണിപ്പെടുത്തരുത്

എഡിറ്റർസ് ഗിൽഡ് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് കമ്മിറ്റി

മുതിർന്ന മാധ്യമപ്രവർത്തകരുടെ വീടുകളിൽ നടന്ന റെയ്ഡുകളിൽ എഡിറ്റർസ് ഗിൽഡ് ഓഫ് ഇന്ത്യക്ക് വലിയ ആശങ്കയുണ്ട്. മാധ്യമപ്രവർത്തകരുടെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവ കണ്ടുകെട്ടിയിട്ടുണ്ട്. ചോദ്യം ചെയ്യാനെന്ന പേരിൽ മുതിർന്ന മാധ്യമ പ്രവർത്തകരെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റെയ്ഡുകൾ നിരവധി സ്ഥലങ്ങളിൽ നടന്നിട്ടുണ്ടെന്ന് മാധ്യമ റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ക്രിമിനൽ ഗൂഢാലോചന, സാമുദായിക സൗഹാർദം തകർക്കൽ എന്നീ വകുപ്പുകളടക്കം യു.എ.പി.എ പ്രകാരം ഫയൽ ചെയ്ത എഫ്‌.ഐ.ആറുമായി ബന്ധപ്പെട്ടാണ് ന്യൂസ് ക്ലിക്കിൽ ജോലി ചെയ്യുന്നതും അല്ലാത്തതുമായ മാധ്യപ്രവർത്തകർക്ക് നേരെ നടന്ന റെയ്ഡ്.

ഈ റെയ്ഡുകൾ മാധ്യമങ്ങളെ നിശബ്ദമാക്കാനുള്ള മറ്റൊരു ശ്രമമാണെന്ന് എഡിറ്റർസ് ഗിൽഡ് ഓഫ് ഇന്ത്യ ആശങ്കപ്പെടുന്നു. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നിയമം അതിന്റെതായ വഴി സ്വീകരിക്കണമെന്ന് ഞങ്ങൾ തിരിച്ചറിയുന്നുണ്ട്, എന്നാൽ അത് നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടാകണം. ചില കുറ്റകൃത്യങ്ങളുടെ അന്വേഷണം, നിഷ്ഠൂരമായ നിയമങ്ങളുടെ നിഴലിൽ ഭീഷണിപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാകരുത്. അഭിപ്രായസ്വാതന്ത്ര്യത്തെയും വിയോജിപ്പുള്ളതും വിമർശനാത്മകവുമായ ശബ്ദങ്ങൾ ഉയർത്തുന്നതിനെയും തടസ്സപ്പെടുത്തരുത്. ഒരു സജീവമായ ജനാധിപത്യക്രമത്തിൽ സ്വതന്ത്ര മാധ്യമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞങ്ങൾ സർക്കാരിനെ ഓർമിപ്പിക്കുകയും, നാലാം തൂൺ ബഹുമാനിക്കപ്പെടുകയും, പരിപാലിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

ന്യൂയോർക്ക് ടൈംസ് വാർത്തയ്ക്കെതിരെ യു.എസിൽ നടന്ന പ്രതിഷേധം. കടപ്പാട്:siasat.com

നിർഭയ ശബ്ദത്തെ അടിച്ചമർത്താനുള്ള ഗൂഢോദ്ദേശം

ന്യൂസ് ക്ലിക്ക്

2023 ഒക്‌ടോബർ 3-ന്, ന്യൂസ്‌ക്ലിക്കിന്റെ ഓഫീസ്, ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകർ, ജീവനക്കാർ എന്നിവരുടെ വസതികൾ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ദില്ലി പോലീസിന്റെ സ്‌പെഷ്യൽ സെൽ റെയ്‌ഡ് ചെയ്തു. നിരവധി പേരെ ചോദ്യം ചെയ്തു, ഞങ്ങളുടെ ഡയറക്ടർ പ്രബീർ പുർകായസ്തയെയും അമിത് ചക്രവർത്തിയെയും അറസ്റ്റ് ചെയ്തു. ഞങ്ങൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റകൃത്യങ്ങളുടെ കൃത്യമായ വിശദാംശങ്ങളെക്കുറിച്ച് ഞങ്ങളെ അറിയിച്ചിട്ടില്ല, എഫ്‌.ഐ.ആറിന്റെ പകർപ്പ് ഞങ്ങൾക്ക് നൽകിയിട്ടുമില്ല.

പിടിച്ചെടുത്തതിന്റെ മെമ്മോ, പിടിച്ചെടുത്ത ഡാറ്റയുടെ ഹാഷ് മൂല്യങ്ങൾ, ഡാറ്റയുടെ പകർപ്പുകൾ നൽകുക തുടങ്ങിയ ഒരു നടപടിക്രമവും പാലിക്കാതെ ന്യൂസ്ക്ലിക്ക് ഓഫിസിൽ നിന്നും, ജീവനക്കാരുടെ വീടുകളിൽ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. ഞങ്ങളുടെ റിപ്പോർട്ടിംഗ് തുടരുന്നതിൽ നിന്ന് ഞങ്ങളെ തടയാനുള്ള നിർലജ്ജമായ ശ്രമത്തിൽ ന്യൂസ്‌ക്ലിക്കിന്റെ ഓഫീസും സീൽ ചെയ്തിട്ടുണ്ട്. ന്യൂസ്‌ക്ലിക്ക് അതിന്റെ വെബ്‌സൈറ്റിൽ ചൈനീസ് പ്രചരണം നടത്തിയതിന് യു.എ.പി.എ നിയമപ്രകാരമാണ് ഈ നടപടികൾ എന്നാണ് ഞങ്ങൾക്ക് മനസിലാക്കാൻ കഴിയുന്നത്.

മാധ്യമപ്രവർത്തന സ്വാതന്ത്ര്യത്തെ മാനിക്കാൻ വിസമ്മതിക്കുകയും, വിമർശനത്തെ രാജ്യദ്രോഹമായും, രാജ്യവിരുദ്ധ പ്രചാരവേലയായും കാണുകയും ചെയ്യുന്ന സർക്കാർ നടപടികളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു.

2021 മുതൽ കേന്ദ്ര സർക്കാരിന്റെ വിവിധ ഏജൻസികൾ ന്യൂസ് ക്ലിക്കിനെ ലക്ഷ്യമിടുന്ന നടപടികളാണ് തുടർച്ചയായി സ്വീകരിച്ചുവരുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ദില്ലി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും ആദായനികുതി വകുപ്പും ന്യൂസ് ക്ലിക്കിന്റെ ഓഫീസുകളിലും ഉദ്യോഗസ്ഥരുടെ വസതികളിലും റെയ്ഡ് നടത്തിയിരുന്നു.

എല്ലാ ഉപകരണങ്ങളും ലാപ്‌ടോപ്പുകളും ഗാഡ്‌ജെറ്റുകളും ഫോണുകളും മറ്റും മുമ്പ് പിടിച്ചെടുത്തിട്ടുണ്ട്. എല്ലാ ഇമെയിലുകളും ആശയവിനിമയങ്ങളും വിശദമായിത്തന്നെ പരിശോധിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ന്യൂസ് ക്ലിക്കിന് ഫണ്ട് ലഭിച്ച സ്രോതസ്സുകൾ, ചിലവുകൾ, ഇൻവോയ്‌സുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ എന്നിവ സർക്കാരിന്റെ വിവിവിധ ഏജൻസികൾ കൃത്യ സമയങ്ങളിൽ പരിശോധിച്ചിട്ടുണ്ട്. വിവിധ ഡയറക്‌ടർമാരും മറ്റ് ബന്ധപ്പെട്ട വ്യക്തികളും ഈ സർക്കാർ ഏജൻസികളുടെ ചോദ്യം ചെയ്യലിൽ എണ്ണമറ്റ മണിക്കൂറുകൾ ചെലവഴിച്ചിട്ടുണ്ട്. എന്നിട്ടും, കഴിഞ്ഞ രണ്ടിലേറെ വർഷങ്ങളായി ന്യൂസ് ക്ലിക്കിനെതിരെ കള്ളപ്പണം വെളുപ്പിച്ചതായി ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഒരു പരാതി നൽകാൻ പോലും കഴിഞ്ഞില്ല. ന്യൂസ്‌ക്ലിക്കിനെതിരെ ഇന്ത്യൻ പീനൽ കോഡ് പ്രകാരമുള്ള കുറ്റങ്ങൾക്ക് കുറ്റപത്രം സമർപ്പിക്കാൻ ദില്ലി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിനും കഴിഞ്ഞിട്ടില്ല. ആദായനികുതി വകുപ്പിന് കോടതികൾക്ക് മുമ്പാകെ തങ്ങളുടെ നടപടികളെ പ്രതിരോധിക്കാനും കഴിഞ്ഞില്ല.

പ്രബീർ പുർകായസ്തയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു. കടപ്പാട്: thgim.com

കഴിഞ്ഞ കുറേ മാസങ്ങളായി പ്രബീർ പുർകായസ്തയെ ഈ ഏജൻസികളൊന്നും ചോദ്യം ചെയ്യാൻ പോലും വിളിച്ചിട്ടില്ല. ന്യൂസ്‌ക്ലിക്കിന്റെ എല്ലാ വിവരങ്ങളും ഡോക്യുമെന്റുകളും ആശയവിനിമയങ്ങളും കൈവശം വച്ചിട്ടും ഒരു കുറ്റവും തെളിയിക്കാൻ കഴിയാത്ത സർക്കാർ സംവിധാനങ്ങൾക്ക്, നിഷ്ഠൂര നിയമമായ യു.എ.പി.എ ചുമത്തി ഞങ്ങളെ അടച്ചു പൂട്ടാൻ, ഇന്ത്യയുടെ-തൊഴിലാളികളുടെയും കർഷകരുടെയും അവഗണിക്കപ്പെട്ട സാമൂഹ്യവിഭാഗങ്ങളുടെയും വാർത്തകൾ പ്രസിദ്ധീകരിക്കുന്ന സ്വതന്ത്രവും നിർഭയവുമായ ശബ്ദത്തെ അടിച്ചമർത്താൻ ഗൂഢോദ്ദേശ്യത്തോടെ ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച ഒരു വ്യാജ ലേഖനം ആവശ്യമായി വന്നു.

ഞങ്ങൾ ഇവിടെ പ്രസ്താവിക്കുന്നു

ന്യൂസ്‌ക്ലിക്ക് ഒരു സ്വതന്ത്ര വാർത്താ വെബ്‌സൈറ്റാണ്.

ഞങ്ങളുടെ മാധ്യമപ്രവർത്തന ഉള്ളടക്കം ഈ തൊഴിൽമേഖലയുടെ ഉന്നത നിലവാരത്തെ ഉയർത്തിപ്പിടിക്കുന്നതാണ്.

നേരിട്ടോ അല്ലാതെയോ ഏതെങ്കിലും ചൈനീസ് സ്ഥാപനത്തിന്റെയോ അതോറിറ്റിയുടെയോ നിർദ്ദേശപ്രകാരം ന്യൂസ്‌ക്ലിക്ക് ഒരു വാർത്തയോ വിവരമോ പ്രസിദ്ധീകരിക്കില്ല.

ന്യൂസ്‌ക്ലിക്ക് അതിന്റെ വെബ്‌സൈറ്റിൽ ചൈനീസ് പ്രൊപ്പഗണ്ട പ്രചരിപ്പിക്കുന്നില്ല.

ന്യൂസ്‌ക്ലിക്ക് അതിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഉള്ളടക്കം സംബന്ധിച്ച് നെവിൽ റോയ് സിംഗമിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുന്നില്ല.

ന്യൂസ് ക്ലിക്കിന് ലഭിച്ച എല്ലാ ധനസഹായങ്ങളും ഉചിതമായ ബാങ്കിംഗ് ചാനലുകളിലൂടെ സ്വീകരിച്ചിട്ടുള്ളതും, ദില്ലി ഹൈക്കോടതിയുടെ നടപടി ക്രമങ്ങളിൽ റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ സമർത്ഥിച്ചിട്ടുള്ളതുപോലെ നിയമപ്രകാരം ആവശ്യമായ അധികാരികളെ അറിയിച്ചിട്ടുള്ളതുമാണ്.

ന്യൂസ്‌ക്ലിക്ക് വെബ്‌സൈറ്റിൽ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ള എല്ലാ ഉള്ളടക്കവും ഇന്റർനെറ്റിൽ ലഭ്യമായിട്ടുള്ളതും, ആർക്കും കാണാൻ കഴിയുന്നതുമാണ്. ദില്ലി പൊലീസിന്റെ സ്‌പെഷ്യൽ സെല്ലിന് ചൈനീസ് പ്രചരണമെന്ന് കരുതുന്ന ഒരു ലേഖനമോ വീഡിയോയോ പരാമർശിക്കാനും കഴിഞ്ഞിട്ടില്ല. വാസ്തവത്തിൽ, ദില്ലി കലാപം, കർഷക സമരം തുടങ്ങിയവയെക്കുറിച്ചുള്ള റിപ്പോർട്ടിംഗുമായി ബന്ധപ്പെട്ട് ദില്ലി സ്പെഷ്യൽ സെൽ ചോദിച്ച ചോദ്യങ്ങളെല്ലാം ഇപ്പോഴത്തെ നടപടികളുടെ പിന്നിലെ ദുരുദ്ദേശ്യം വ്യക്തമാക്കുന്നു.

നമ്മുടെ കോടതികളിലും ജുഡീഷ്യൽ നടപടികളിലും ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്. ഇന്ത്യൻ ഭരണഘടനയ്ക്ക് അനുസൃതമായി മാധ്യമപ്രവർത്തന സ്വാതന്ത്ര്യത്തിനും ജീവിതത്തിനും വേണ്ടി ഞങ്ങൾ പോരാടും.

(എഴുത്ത്, പരിഭാഷ : നിഖിൽ വർഗീസ് )

Also Read

5 minutes read October 4, 2023 2:46 pm