ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ ഫയർ എഞ്ചിനുകൾക്കാവില്ല

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഭാ​ഗം -1

ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിന് തീ പിടിക്കുന്നത് ഇത് ആദ്യമായല്ല. 2013 ഫെബ്രുവരി 15നാണ് ആദ്യം തീ വീണത്. നാലേക്കർ സ്ഥലത്ത് പത്തുമീറ്റളോളം ഉയരത്തിൽ കൂട്ടിയിട്ടിരുന്ന മാലിന്യം ആറ് മണിക്കൂറിലധികമായിരുന്നു വൻ തോതിൽ കത്തിയത്. അന്ന് മാലിന്യം കുറവായതിനാൽ തീ നിയന്ത്രിക്കാൻ ഇന്നത്തെ അത്രയും ബുദ്ധിമുട്ടുണ്ടായില്ല. പിന്നീട് 2019 ലാണ് അടുത്ത വൻ തീപിടുത്തം. അതിനു ശേഷം 2020-21 വർഷങ്ങളിൽ താരതമ്യേന ചെറിയ തീപിടുത്തങ്ങൾ ഉണ്ടായി. നഗരത്തെ മുഴുവൻ ദിവസങ്ങളോളം വിഷപ്പുകയിൽ പൊതിഞ്ഞുകൊണ്ട് ഇപ്പോൾ 2023 ഫെബ്രുവരിയിലും. അതേസമയം തന്നെ കോഴിക്കോട് ഞെളിയൻപറമ്പിലെ മാലിന്യക്കൂമ്പാരത്തിലുണ്ടായ തീപിടുത്തം അവസരോചിതമായ ഇടപെടലിലൂടെ നിയന്ത്രിക്കാൻ കഴിഞ്ഞതും നാം കണ്ടു. 2008ലാണ് ബ്രഹ്മപുരത്ത് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് പോലും ഇല്ലാതെ വ്യാപകമായി മാലിന്യം തള്ളാൻ തുടങ്ങിയത്. ഇപ്പോൾ ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ചോദിച്ച ഒരു പ്രധാന ചോദ്യം തീ മനുഷ്യനിർമ്മിതമാണോ അതോ സ്വാഭാവികമാണോ എന്നാണ്? ആരെങ്കിലും അവിടെ ബോധപൂർവ്വം തീ ഇട്ടതായാലും അല്ലെങ്കിലും അതിനുള്ള ഉത്തരം അത് മനുഷ്യ നിർമ്മിതമാണ് എന്നുള്ളതാണ്. അത് തെറ്റായ നയങ്ങളുടെ ഫലമായ ഭരണകൂട നിർമ്മിത അഗ്നിബാധയെന്നും വിഷവാതക വ്യാപനമെന്നും വ്യക്തമായി പറയേണ്ടിവരും. അത് ശാശ്വതമായി അണയ്ക്കാൻ ഫയർ എൻജിനുകൾ മതിയാവുകയുമില്ല, പരിഹാരം വികേന്ദ്രീകൃത മാലിന്യ സംസ്ക്കരണവും ഉപഭോ​ഗരീതികളിലെ മാറ്റവും മാത്രമാണ്.

കൊച്ചി നഗരത്തിൽ നിറഞ്ഞു നിൽ​ക്കുന്ന പുക, കളമശ്ശേരിയിൽ നിന്നുള്ള ദൃശ്യം. കടപ്പാട്:thehindu

എന്താണ് ബ്രഹ്മപുരത്ത് കത്തിയത്?

70 ഏക്കറോളം വിസ്തൃതിയുള്ള ബ്രഹ്മപുരത്തെ പ്ലാന്റിൽ അഞ്ച് ലക്ഷം ടണ്ണോളം കുമിഞ്ഞുകൂടിയ മാലിന്യം (lagacy waste) ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. മാലിന്യങ്ങൾ വേർതിരിക്കാത്തതിനാൽ അവിടെ ജൈവമാലിന്യങ്ങളും കത്തുന്ന വസ്തുക്കളും പ്ലാസ്റ്റിക്കുകളും ഉൾപ്പെടുന്ന മിശ്രിത മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുന്നുണ്ടായിരുന്നു. ഇന്ത്യയിലെ മിക്കവാറും മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ പോലെ ബ്രഹ്മപുരവും ശാസ്ത്രീയമായി ആസൂത്രണം ചെയ്ത സാനിറ്ററി ലാൻഡ് ഫില്ലുകളല്ല. മാലിന്യക്കൂമ്പാരത്തിൽ തീ പിടിച്ചതിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും, മാലിന്യക്കൂമ്പാരത്തിൽ തള്ളുന്ന നനഞ്ഞ മാലിന്യങ്ങൾ അഴുകുമ്പോൾ മീഥേൻ ഉത്പാദിപ്പിക്കപ്പെടുന്നു എന്നതാണ് പ്രധാന കാരണമായി കണക്കാക്കുന്നത്. താപനില ഉയരുമ്പോൾ, പ്രകൃതിയിൽ ജ്വലിക്കുന്ന മീഥെയ്ൻ വാതകം സ്വയമേവ തീ പിടിക്കുകയും, തുണിത്തരങ്ങൾ, പ്ലാസ്റ്റിക് വസ്തുക്കൾ തുടങ്ങിയ ജ്വലന വസ്തുക്കളിൽ തീ പടരുകയും ചെയ്യാൻ സാധ്യതയുണ്ട്. ഒന്നിലധികം ഇഗ്‌നിഷൻ പോയിന്റുകൾ, നിരന്തരമായി ജലം പമ്പ് ചെയ്യാൻ കഴിയാത്തത്, ഉയരമുള്ള മാലിന്യക്കൂമ്പാരങ്ങൾക്കു മുകളിൽ കയറുന്നതിലെ അപകടം എന്നിവ ഉൾപ്പെടുന്ന നിരവധി ഘടകങ്ങൾ കാരണം ലാൻഡ്‌ഫിൽ തീ അണയ്ക്കാൻ സമയമെടുക്കും. മാലിന്യങ്ങളുടെ ഉയരം കണക്കിലെടുത്ത്, മാലിന്യ മലകൾ കയറിയിറങ്ങി ജീവൻ പണയപ്പെടുത്തി അഗ്നിശമന സേനാംഗങ്ങൾ അധിക പരിശ്രമം നടത്തിവേണം തീ അണയ്ക്കാൻ. ബ്രഹ്മപുരത്ത് ബോധപൂർവ്വം മാലിന്യം അഗ്നിക്കിരയാക്കിയതാണോ എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. കൂടാതെ 2016-ൽ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ പ്രകാരം പുനരുപയോഗം ചെയ്യാത്തതും ജൈവ വിഘടനം നടക്കാത്തതും ജ്വലനം ചെയ്യാത്തതുമായ മാലിന്യങ്ങൾ മാത്രമേ സാനിറ്ററി ലാൻഡ്‌ഫില്ലിലേക്ക് പോകാവൂ എന്ന കാര്യവും ഇവിടെ ലംഘിക്കപ്പെടുകയായിരുന്നു.

“മനുഷ്യനിർമിത വസ്തുക്കൾ വഴിയോരത്തും വീട്ടുമുറ്റത്തും കൂട്ടിയിട്ടു കത്തിക്കുന്നതൊരു പതിവ് കാഴ്ചയാണ്. ഡൈയോക്സിൻ, ഫ്യുറാൻ , കാർബൺ മോണോക്‌സൈഡ് തുടങ്ങിയ മുന്നൂറോളം വിഷ പദാർത്ഥങ്ങൾ അന്തരീക്ഷത്തിൽ കലരും. തന്മൂലം ശ്വാസകോശ രോഗങ്ങൾ ഉണ്ടാകും. ഓക്സിജൻ സംവഹനത്തിനുള്ള രക്തത്തിന്റെ ശേഷി കുറയും. അന്തരീക്ഷത്തിൽ കാർബൺഡൈ ഓക്സൈഡിന്റെ അളവ് കൂടിയാൽ ഹരിതഗൃഹ പ്രഭാവവും അതുവഴി ആഗോളതാപന നിരക്കും കൂടും.” ഹരിത കേരളം മിഷൻ വെബ്സൈറ്റ് നൽകുന്ന മുന്നറിയിപ്പാണിത്. മാലിന്യങ്ങൾ കത്തിക്കുന്നത് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. നൈട്രജൻ ഓക്സൈഡുകൾ, സൾഫർ ഡയോക്സൈഡ്, വോളട്ടയിൽ ഓർഗാനിക് കെമിക്കൽസ് (Volitile Organic Chemicals), പോളിസൈക്ലിക് ഓർഗാനിക് പദാർത്ഥങ്ങൾ (POMs) എന്നിവ കത്തുന്ന സമയത്ത് പുറത്തുവിടുന്ന വിഷ രാസവസ്തുക്കളിൽ ഉൾപ്പെടുന്നു. കൊച്ചിയിൽ അഗ്നിശമനാ ഉദ്യോഗസ്ഥർ അടക്കം പലരും ശാരീരിക അസ്വാസ്ഥ്യങ്ങൾ കാരണം ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത് ഇത്തരം വിഷവാദകങ്ങൾ ശ്വസിച്ചിട്ടാണ്. “ഡൈയോക്സിൻ, ഫ്യുറാൻ തുടങ്ങിയ നിറവും ഗന്ധവും ഇല്ലാത്ത വിഷവാതകങ്ങൾ സാന്ദ്രത കൂടിയതിനാൽ മണ്ണിൽ അടിയാൻ ഇടയാകും. ശ്വസിക്കുമ്പോൾ നമ്മുടെ രക്തത്തിൽ എത്തുകയും പല മാരകമായ ആരോഗ്യപ്രശ്ങ്ങൾക്ക് ഇത് ഇടയാക്കാനും സാധ്യതയുണ്ട്. ഇത് കുട്ടികളെ ആണ് കൂടുതൽ ബാധിക്കുന്നത്. അതുകൊണ്ട് കൊച്ചിയിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത് വളരെ ഗൗരവമായ കാര്യം ആണ്.” പരിസ്ഥിതി പ്രവർത്തകനും വേസ്റ്റ് മാനേജ്‌മന്റ് വിദഗ്ധനുമായ ഡോ. സി.എൻ മനോജ് പറയുന്നു.

“എല്ലാ മാലിന്യങ്ങളുടെയും 70-75 ശതമാനവും ജൈവമാണ്, അവ വളമോ ബയോഗ്യാസോ ആയി മാറ്റാം. നിർഭാഗ്യവശാൽ, നമ്മളുടേത് ദുർബലമായ ഒരു മാനേജ്മെന്റ് സംവിധാനമാണ്. അവിടെയാണ് പ്രശ്‌നം.” ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (IISc) സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസസിലെ പ്രൊഫസർ ടി.വി രാമചന്ദ്രൻ പറഞ്ഞു. “നമ്മൾ വളരെയധികം ജൈവവസ്തുക്കൾ മാലിന്യക്കൂമ്പാരങ്ങളിൽ നിക്ഷേപിക്കുമ്പോൾ മീഥേൻ ഉത്പാദിപ്പിക്കപ്പെടും. മാലിന്യങ്ങൾ കത്തിക്കുമ്പോൾ ദോഷകരമായ വാതകങ്ങൾ പുറത്തുവരുന്നു. നിങ്ങൾ പ്ലാസ്റ്റിക്കുകളും പേപ്പറും വിറകും കത്തിച്ചാൽ ധാരാളം ഡയോക്‌സിനുകൾ ഉണ്ടാകും. അത് വളരെ വിഷാംശമുള്ളതും ക്യാൻസർ ഉൾപ്പെടെ നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നതുമാണ്. ഘനലോഹങ്ങളും നൈട്രേറ്റുകളും വെള്ളത്തിലേക്ക് ഇറങ്ങുകയും വൃക്ക തകരാറിലാകുകയും ചെയ്യും.” രാമചന്ദ്രൻ വിശദീകരിച്ചു.

ജിൻഡാൽ അർബൻ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഓഖ്‌ല തിമർപൂർ വേസ്റ്റ് ടു എനർജി പ്ലാന്റ്. കടപ്പാട്:cloudfront.net

തിരിഞ്ഞു നടക്കുന്ന കേരളം

2012-ൽ തന്നെ, 13 കേന്ദ്രീകൃത മാലിന്യപ്ലാന്റ് വിരുദ്ധ സമരങ്ങൾക്ക് കേരളം സാക്ഷിയായി. വിളപ്പിൽശാലയും ലാലൂരും ഞെളിയൻപറമ്പും ശക്തമായ ജനകീയ പ്രക്ഷോഭ വേദികളായതിനെ തുടർന്ന് മാലിന്യം ശേഖരിച്ച് ഒഴിഞ്ഞ സ്ഥലത്ത് കുന്നുകൂട്ടിയിടുന്ന രീതിക്കു പകരം കേരളം വികേന്ദ്രീകൃത സംസ്‌ക്കരണ സാധ്യതകളുടെ ബദൽ അന്വേഷിക്കുകയായിരുന്നു. അതിന്റെ ഭാഗമായി രൂപം കൊടുത്തതും എൽ.ഡി.എഫ് സർക്കാർ ഏറെ പ്രോത്സാഹിപ്പിച്ചതുമായ വികേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ നയപരിപാടിയിൽ നിന്നും വീണ്ടും കേന്ദ്രീകൃത നയത്തിലേക്ക് തിരിച്ചുനടക്കുന്നതിന്റെ ദുരന്തം കൂടിയാണ് ബ്രഹ്മപുരത്തെ തീ. കേന്ദ്രീകൃത മാലിന്യ സംസ്ക്കരണത്തിന്റെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ പരമാവധി സംസ്ക്കരിക്കുന്നതിനുള്ള നയം സ്വീകരിക്കുകയും പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കുകയും ചെയ്ത സംസ്ഥാനം എന്നനിലയിൽ കേരളം ലോകത്തിനുതന്നെ ഒരു മാതൃകയാണ് കാഴ്ചവച്ചത്. ഇതിന്റെ ഫലമായി ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, ഹരിതകേരള മിഷൻ ഈ മൂന്ന് സംവിധാനങ്ങളും യോജിച്ചാണ് സംസ്ഥാനത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹരിതകർമ്മസേന വഴി മാലിന്യങ്ങൾ ശേഖരിച്ച് ക്ലീൻ കേരള കമ്പനി അത് ഏറ്റെടുക്കും. പ്ലാസ്റ്റിക്, ലെതർ, റബ്ബർ, ചില്ല്, ട്യൂബ് തുടങ്ങിയ ഹസാർഡസ് മാലിന്യങ്ങൾ, ഇലക്ട്രോണിക് മാലിന്യങ്ങൾ എന്നിങ്ങനെ തരംതിരിച്ച് ശേഖരിച്ച് ഓരോ തരത്തിൽ അത് സംസ്‌ക്കരിക്കുന്നതിനായി നൽകുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഒരുപാട് പരിമിതികൾക്കിടയിലും കേരളത്തിലെ ആകെ 941 ഗ്രാമപഞ്ചായത്തുകളും, 87 മുനിസിപ്പാലിറ്റികളും 6 കോർപ്പറേഷനുകളും വികേന്ദ്രീകൃത മാലിന്യ സംസ്ക്കരണം നടത്തികൊണ്ടിരിക്കുമ്പോഴാണ് മാലിന്യത്തിൽ നിന്നും വൈദ്യതിയും ബയോഗ്യാസും ഉണ്ടാക്കാനുള്ള പദ്ധതികളിലേക്ക് സർക്കാർ പോകുന്നത്. മൂല്യനിർണയത്തിന് ശേഷം, സംസ്ഥാനത്തെ 1034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 718 ഗ്രാമപഞ്ചായത്തുകൾ, 72 മുനിസിപ്പാലിറ്റികൾ, 3 കോർപ്പറേഷനുകൾ അടക്കം 793 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വ പദവി നൽകിയിട്ടാണ് ഈ തിരിഞ്ഞ് നടത്തം.

‘വെയ്സ്റ്റ് ടു എനർജി’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രിയും മറ്റ് ജനപ്രതിനിധികളും. കടപ്പാട്:​indianexpess

കൂടുതൽ വിഭവങ്ങളും സാങ്കേതിക സഹായവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയും പൊതു ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തിയും വികേന്ദ്രീകൃതരീതിയിൽ ഹരിത കേരളം മിഷൻ നടപ്പാക്കുന്നതിന് പകരം ഒന്നാം പിണറായി സർക്കാർ വിവിധ വിവാദങ്ങൾക്കിടയിലും ഉമ്മൻ ചാണ്ടി സർക്കാർ തുടങ്ങിവച്ച കേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ പദ്ധതികളുമായി മുന്നോട്ടുപോകുന്നതാണ് നാം കണ്ടത്. 2018 ഏപ്രിലിൽ ബ്രഹ്മപുരത്ത് മാലിന്യത്തിൽ നിന്നും ഊർജം (Waste to Energy – WtE) ഉണ്ടാക്കുന്ന സംസ്‌കരണ പ്ലാന്റിന്റെ ശിലാസ്ഥാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അത് ഉദ്ഘാടനം ചെയ്തുകൊണ്ട് അത്തരം ഒരു പ്രഖ്യാപനമായിരുന്നു നടത്തിയത്. അഞ്ച് കോർപ്പറേഷനുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലുമായി എട്ട് വികേന്ദ്രീകൃത വെയ്സ് ടു എനർജി പ്ലാന്റുകൾ സ്ഥാപിക്കാൻ എൽ.ഡി.എഫ് സർക്കാർ പദ്ധതിയിടുന്നതായും സംസ്ഥാനത്ത് മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന വിപത്തിനെ ഒരു പരിധി വരെ നേരിടാൻ അതുവഴി കഴിയുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. 375 കോടി രൂപ ചെലവിൽ ബ്രഹ്മപുരത്ത് സ്ഥാപിക്കുന്ന നിർദിഷ്ട പ്ലാന്റ് പരിസ്ഥിതിക്ക് ദോഷം വരുത്തില്ലെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. കൂടാതെ തിരുവനന്തപുരം, കൊല്ലം, പന്തളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് പ്ലാന്റുകൾ സ്ഥാപിക്കാനുള്ള പദ്ധതി എന്നും. “മാലിന്യം ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുക എന്നതാണ് ലഭ്യമായ ഏറ്റവും നല്ല മാർഗം എങ്കിലും കൊച്ചി പോലുള്ള നഗരങ്ങളിൽ ഇത് നിർവ്വഹിക്കുന്നത് ബുദ്ധിമുട്ടാണ്. നഗരങ്ങളിൽ മാലിന്യക്കൂമ്പാരം രോഗവ്യാപനത്തിന് കാരണമാകും. ഇതിനെ തുടർന്നാണ് വികേന്ദ്രീകൃത പ്ലാന്റുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.” ഇതായിരുന്നു അന്ന് മുഖ്യമന്ത്രി നൽകിയ ന്യായീകരണം.

അങ്ങനെ GJ Eco Power Ltd എന്ന കമ്പനിക്ക് അന്ന് നൽകിയ കരാർ പിന്നീട് റദ്ദാക്കപ്പെട്ടു. തുടർന്ന് കേരള വ്യവസായ വികസന കോപ്പറേഷൻ (KSIDC) വഴി Zonta Infrateche എന്ന വിവാദ കമ്പനിക്കാണ് നിലവിൽ കരാർ ഉള്ളത്. മുൻപരിചയം ഇല്ല, കർണ്ണാടകയിൽ കേസ് നേരിടുന്നു, മുൻ എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വന്റെ ബന്ധുവിന്റെ കമ്പനി തുടങ്ങിയ ആരോപണങ്ങൾ നിലനിൽക്കുന്ന ഈ കമ്പനി 2019 ൽ പ്രവർത്തനമാരംഭിച്ചെങ്കിലും 25 ശതമാനം ബയോ മൈനിങ് പോലും സമയബന്ധിതമായി പൂർത്തിയാക്കിയില്ല എന്നുമാത്രമല്ല കരാറിന് വിരുദ്ധമായി Refuse Derived Fuel (RDF) മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റാതിരുന്നതും തീപിടുത്തത്തിന് കാരണമായതായി ചൂണ്ടിക്കാട്ടപ്പെടുന്നു. “ഇത് കേന്ദ്രീകൃത മാലിന്യ സംസ്ക്കരണമാണ്. കാലാവസ്ഥാ വ്യതിയാനത്തിലേക്ക് നയിക്കുന്ന ഘടകങ്ങളുടെ ആഘാതം കുറയ്ക്കാൻ എല്ലാവരും വികേന്ദ്രീകൃത മാലിന്യ സംസ്ക്കരണ പ്രക്രിയകളിലേക്ക് നീങ്ങുന്ന ഒരു സമയത്ത്, എന്തുകൊണ്ടാണ് നമ്മൾ ഒരു കേന്ദ്രീകൃത പ്രക്രിയ നടപ്പിലാക്കുന്നത്? അത് സംസ്ക്കരണത്തിന് ഉയർന്ന ചിലവ് ഉണ്ടാക്കുകയും മലിനീകരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം കേന്ദ്രീകൃത മാലിന്യ സംസ്ക്കരണം ഇന്ത്യയിൽ ഒരിടത്തും വിജയിച്ചിട്ടില്ല.” സ്വതന്ത്ര സീറോ വേസ്റ്റ് കൺസൾട്ടന്റായ ഷിബു കെ.എൻ മാലിന്യത്തിൽ നിന്നും ഊർജമുണ്ടാക്കുന്ന പദ്ധതിയെക്കുറിച്ച് പറയുന്നു.

വികേന്ദ്രീകൃത മാലിന്യ സംസ്ക്കരണത്തിന്റെ നല്ല മാതൃകകൾ നിലനിൽക്കുമ്പോഴും സർക്കാരിന് പ്രിയം വൻ മുതൽമുടക്കും ഭൂമിയും ആവശ്യമുള്ള വൻകിട കേന്ദ്രീകൃത പദ്ധതികളോടാണ് എന്നതിന് തെളിവാണ് ബ്രഹ്മപുരത്തെ അനുഭവം. ലോകബാങ്കും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കും (എ.ഐ.ഐ.ബി) സംയുക്തമായി ധനസഹായം നൽകുന്ന 2,300 കോടി രൂപയുടെ കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതി (KSWMP) നടപ്പാക്കുന്നതിന്റെ ഭാ​ഗമായി സംസ്ഥാനം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നതിന് അഞ്ച് സാനിറ്ററി ലാൻഡ് ഫില്ലുകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ 130 ഏക്കർ ഭൂമി ഏറ്റെടുക്കുക എന്നതാണ് കേരള സർക്കാരിന്റെ മുന്നിലുള്ള കഠിനമായ ദൗത്യം.

ഹരിത കർമ്മ സേനയുടെ പ്ലാസ്റ്റിക് കളക്ഷൻ സെന്റർ. കടപ്പാട്:yourstory.com

അവഗണിക്കപ്പെടുന്ന തത്വങ്ങൾ

Solid Waste Management Rules, 2016 പ്രകാരം മാലിന്യങ്ങൾ വീണ്ടെടുക്കൽ, വീണ്ടും ഉപയോഗിക്കൽ, റീസൈക്കിൾ ചെയ്യൽ എന്നിവയിലൂടെ നഗരങ്ങൾ വളരുകയും ഗ്രാമങ്ങൾ നഗരവൽക്കരിക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന മാലിന്യത്തെ നിയന്ത്രിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ബാധ്യസ്ഥമാണ്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് കേരളത്തിലെ കേന്ദ്രീകൃത മാലിന്യ നിക്ഷേപകേന്ദ്രങ്ങൾ പകുതിയും അടച്ചുപൂട്ടിയത്. ഇതിനുപകരം സ്വീകരിച്ച വികേന്ദ്രീകൃത മാലിന്യസംസ്‌ക്കരണ സംവിധാനം (Decentralized Solid Waste Management -DSWM) പ്രകൃതിവിഭവങ്ങളുടെ ശോഷണവും കാലാവസ്ഥ വ്യതിയാനവും പരിഗണിച്ച് രൂപംകൊണ്ട സർക്കുലാർ ഇക്കോണമിയുടെ മൂല്യങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ്. (സർക്കുലാർ ഇക്കോണമിയിൽ വിഭവങ്ങൾ ആവശ്യത്തിന് മാത്രം ഉപയോഗിച്ചും മാലിന്യമായി അവശേഷിക്കുന്നവയെ വീണ്ടും അസംകൃത വസ്തുവായി ഉപയോഗിച്ചും പ്രകൃതിയിൽ നടക്കുന്നപോലെ ഒന്നിന്റെ ജീവിതചക്രം തുടരുന്നു). അതിന്റെ ഭാഗമായാണ് 3R എന്ന സമീപനം – കുറയ്ക്കുക, വീണ്ടും ഉപയോഗിക്കുക, റീസൈക്കിൾ ചെയ്യുക (Reduce, Reuse, Recycle) രൂപമെടുക്കുന്നത്. എന്നാൽ ഇതിനുവേണ്ട പ്രത്യക്ഷ നടപടികളിലേക്ക് പോകാൻ സർക്കാരും വൈമുഖ്യം കാണിക്കുന്നു എന്നതാണ് വാസ്തവം. ഉപഭോഗം കുറയ്ക്കുക, വീണ്ടും ഉപയോഗിക്കുക എന്നതിന്റെ പ്രായോഗിക പരിണിത ഫലം സർക്കാരിന് നികുതി നഷ്ടം ആയിരിക്കും. സാമ്പത്തിക വളർച്ചയ്ക്ക് വേണ്ടി ഇന്നത്തെ സ്ഥിതിയിൽ ഒരു സർക്കാരും ഉപഭോഗം കുറയ്ക്കുക എന്ന ഏറ്റവും സുപ്രധാന കാര്യത്തിന് ജനങ്ങളെ പ്രേരിപ്പിക്കില്ല എന്നത് വലിയ പരിമിതിയിയായി തുടരുന്നു. ഇതിന് വിപരീതമായി നിൽക്കുന്ന ‘എടുക്കുക, ഉണ്ടാക്കുക, ഉപയോഗിക്കുക, പാഴാക്കുക’ എന്ന ലീനിയർ എക്കണോമിയുടെ ആശയം അനുസരിച്ചു അസംസ്കൃത വസ്തുക്കൾ ശേഖരിച്ച്, പിന്നീട് ഉൽപ്പന്നങ്ങളായി രൂപാന്തരപ്പെടുത്തി, അതിനുശേഷം ഉപഭോഗം ചെയ്ത്, അവ അവസാനം മാലിന്യമായി ഉപേക്ഷിക്കുകയും ചെയ്യുന്ന പതിവ് രീതിതന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്. കൂടാതെ സർക്കാരിന്റെ അടിസ്ഥാന നയം, മാലിന്യ സംസ്കരണത്തിൽ സംസ്ഥാന-പ്രാദേശിക സർക്കാരുകൾ വികേന്ദ്രീകരണ രീതിയിൽ ഉറവിട സംസ്ക്കരണം നടത്തുകയും ജൈവമാലിന്യത്തിൽ നിന്നും ബയോഗ്യാസ് ഉൽപ്പാദിപ്പിച്ചും Windrow Compost Units, Vermicompost Units, Thumboormuzhi Model – Aerobic Bins, Community Compost Facilities തുടങ്ങിയവയിലൂടെ ജൈവവളം ഉണ്ടാക്കി മണ്ണിലേക്കെത്തിക്കുക എന്നതുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മാലിന്യ സംസ്‌ക്കരണ പദ്ധതിയുടെ ഡെലിവറി ആൻഡ് എൻഫോഴ്സ്മെന്റ് ഏജൻസിയായി പ്രവർത്തിക്കുകയും, ശുചിത്വ മിഷൻ കാര്യക്ഷമമായ മാലിന്യ സംസ്ക്കരണത്തിനുള്ള സാങ്കേതിക സഹായവും സാമ്പത്തിക സഹായവും നൽകുകയും, ക്ലീൻ കേരള കമ്പനി അജൈവ മാലിന്യങ്ങൾ വാണിജ്യപരമായി കൈകാര്യം ചെയ്യുകയും, കുടുംബശ്രീയുടെ പരിശീലനം ലഭിച്ച ഹരിത കർമ്മസേന മാലിന്യ ശേഖരിക്കുകയും വേർതിരിക്കുകയും ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഏൽക്കുകയും ചെയ്യുന്ന രീതിയിലാണ് കേരള സർക്കാർ വികേന്ദ്രീകൃത മാലിന്യസംസ്കരണ പ​ദ്ധതി ആവിഷ്കരിച്ചത്. സാങ്കേതിക സഹായം വിഭവ ഏകോപനം, പദ്ധതി നിരീക്ഷണം, പ്രചാരണം എന്നിവയ്ക്കായി ഹരിത കേരളം മിഷനും രൂപീകരിച്ചു. ഇത് കാര്യക്ഷമമായി മുന്നോട്ടുപോകുന്നതിനിടയിലാണ് സർക്കാർ വീണ്ടും കേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ പ്ലാന്റുകളിലൂടെ വൈദ്യുതിയും ബയോഗ്യാസും ഉണ്ടാക്കുന്ന പദ്ധതികളുമായി വന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കിടയിൽ ആശയക്കുഴപ്പവും പ്രതിസന്ധികളും സൃഷ്ടിക്കുന്നത്. വേണ്ടത്ര വിഭവങ്ങളും സാങ്കേതിക സഹായവും ലഭിക്കാത്തതിന്റെ ഫലമായും നിരുത്തരവാദിത്തം കാരണവും ശരിയായ രീതിയിൽ മാലിന്യം കൈകാര്യം ചെയ്യാൻ ഉത്തരവാദിത്തപ്പെട്ട ജനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വഴിയരികിൽ പ്ലാസ്റ്റിക്കുൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുന്നതും പതിവ് കാഴ്ചയാണ്. ഒരു വ്യക്തിയും സ്ഥാപനവും തങ്ങൾ സൃഷ്ടിക്കുന്ന ഖരമാലിന്യങ്ങൾ തെരുവുകളിലോ തന്റെ പരിസരത്തിന് പുറത്തുള്ള തുറസ്സായ പൊതു ഇടങ്ങളിലോ അഴുക്കുചാലിലോ ജലാശയങ്ങളിലോ വലിച്ചെറിയുകയോ കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യരുത് എന്ന് അനുശാസിക്കുന്ന Solid Waste Management Rules, 2016 പ്രകാരം ഒരു നടപടിയും സാധാരണഗതിയിൽ ഇതിനെതിരെ ഉണ്ടാവാറുമില്ല. അതുപോലെ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന വസ്തുക്കൾ നിരോധിച്ച സംസ്ഥാന സർക്കാരിന്റെ ഒടുവിലത്തെ തീരുമാനവും എവിടെയും എത്തിയില്ല. പ്ലാസ്റ്റിക് നിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പലപ്പോഴായി തീരുമാനമെടുത്തിട്ടും ഒന്നും നടക്കാത്ത സാഹചര്യത്തിലാണ് 2019 ഡിസംബറിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിരോധിക്കാനുള്ള മന്ത്രിസഭാ തീരുമാനം വരുന്നത്. 2020 ജനുവരി ഒന്നുമുതൽ നിയന്ത്രണവും നിരോധനവും നിലവിൽ വരും എന്നായിരുന്നു അറിയിപ്പ്. 2020ലെ കണക്ക് പ്രകാരം കേരളത്തിലെ മൊത്തം മാലിന്യത്തിന്റെ 12.5 ശതമാനം പ്ലാസ്റ്റിക് മാലിന്യങ്ങളായിരുന്നു. 8332 ടൺ പ്ലാസ്റ്റിക് മാലിന്യം കേരളത്തിൽ സംസ്‌ക്കരിക്കാതെയുണ്ട് എന്നതായിരുന്നു കണക്ക്.

2022 ഏപ്രിലിൽ ന്യൂഡൽഹിയിലെ ഭൽസ്വ മാലിന്യനിക്ഷേപ കേന്ദ്രത്തിലുണ്ടായ തീപിടിത്തം. കടപ്പാട്:thehindu

പെരുകുന്ന മാലിന്യം ഒരു നാഗരിക സംസ്കാരിക പ്രതിസന്ധി

ഏഥൻസിൽ (ബി.സി 500) ആളുകൾ തങ്ങളുടെ മാലിന്യങ്ങൾ തെരുവിലേക്ക് വലിച്ചെറിഞ്ഞു തുടങ്ങിയപ്പോഴാണ് കുറഞ്ഞത് 1.5 കിലോമീറ്റർ അകലെയുള്ള ഒരു തുറന്ന കുഴിയിലേക്ക് കുതിരവണ്ടികളിൽ കൊണ്ടുപോകുന്ന രീതിയിലൂടെ പൊതു മാലിന്യ സംസ്ക്കരണം മനുഷ്യൻ ആരംഭിക്കുന്നത് എന്ന് പറയപ്പെടുന്നു. വ്യവസായ വിപ്ലവത്തിന് ശേഷം അമേരിക്കൻ ഐക്യനാടുകളിൽ 1890-കളിലാണ് ആണ് ഖരമാലിന്യ സംസ്ക്കരണത്തിന്റെ ആധുനിക ആശയം ആദ്യമായി ഉയർന്നുവന്നത്. 1930-ഓടെ ലോകത്തിന്റെ പലഭാഗത്തുള്ള നഗരങ്ങളിലും മാലിന്യ ശേഖരണ സേവനങ്ങൾ ലഭ്യമായി തുടങ്ങി. നഗര കേന്ദ്രങ്ങളിൽ നിന്ന് നീക്കം ചെയ്‌തുകഴിഞ്ഞ മാലിന്യങ്ങൾ നദികളിലും സമുദ്രങ്ങളിലും തള്ളുന്നത് ആദ്യകാലത്ത് തുടർന്നു വന്നു. 1933-ൽ അത് നിയമവിരുദ്ധമായിരുന്നു, എന്നിരുന്നാലും വ്യാവസായിക, വാണിജ്യ മാലിന്യങ്ങൾ ഒഴിവാക്കിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള കാലഘട്ടം രണ്ട് കാരണങ്ങളാൽ മാലിന്യ സംസ്കരണ പ്രശ്നത്തിന്റെ ഗണ്യമായ വർദ്ധനവിന് കാരണമായി: അമിത ഉപഭോഗം, രാസയുഗത്തിന്റെ ഉയർച്ച. മാലിന്യത്തിന്റെ അളവിലും ഘടനയിലും വിഷാംശത്തിലും വൻതോതിലുള്ള മാറ്റങ്ങൾക്ക് ഇവ കാരണമായാതായി വിലയിരുത്തപ്പെടുന്നു.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തുമ്പോഴേക്കും ഉയർന്ന ജനസംഖ്യാ വർദ്ധനയും ഉപഭോക്തൃ ഉൽപ്പന്നങ്ങളോടുള്ള വർദ്ധിച്ചുവരുന്ന ആസക്തിയും അതിനെ പ്രോത്സാഹിപ്പിക്കുന്ന സാമ്പത്തികനയങ്ങളും കൂടിച്ചേർന്ന്, നാം ഉൽപ്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ അളവ് സ്ഫോടനാത്മകമായ വർദ്ധനവിലേക്ക് നയിക്കുകയായിരുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിന്റെ മിക്കവാറും എല്ലാ പ്രവർത്തനങ്ങളും മാലിന്യങ്ങൾ സൃഷ്ടിക്കുന്നു എന്ന സ്ഥിതിവന്നു. നമ്മുടെ ദൈനംദിന ജീവിതത്തിൽ നാമെല്ലാവരും ഉപയോഗിക്കുന്ന കാറുകൾ, ഇലക്ട്രോണിക്സ് ഉത്പ്പന്നങ്ങൾ, കമ്പ്യൂട്ടറുകൾ, സെൽ ഫോണുകൾ, പ്ലാസ്റ്റിക്കുകൾ തുടങ്ങിയ നിരവധി വസ്തുക്കളുടെ ഉത്പ്പാദനത്തിലൂടെയും ഉപഭോഗത്തിലൂടെയും സൃഷ്ടിക്കപ്പെടുന്ന വിഷലിപ്തമായ മാലിന്യങ്ങൾ നിയന്ത്രണാതീതമായി വളർന്നു. അത് അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിച്ചെങ്കിലും സാമ്പത്തിക വളർച്ചയ്ക്ക് വേണ്ടി സർക്കാരും സൗകര്യത്തിന്റെയും ശീലത്തിന്റെയും ഭാഗമായി പൊതു സമൂഹവും അതിന്റെ പ്രത്യാഘാതങ്ങൾ അവഗണിച്ചതിന്റെ പരിണിതഫലം കൂടിയാണ് ആഗോള സമൂഹം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

1950- കളിലാണ് സാനിറ്ററി ലാൻഡ്ഫിൽ എന്ന് വിളിക്കപ്പെട്ട മാലിന്യ കൂമ്പാരങ്ങൾ ആരംഭിക്കുന്നത്. ജൈവ അജൈവ മാലിന്യങ്ങൾ ഒരു പ്രദേശത്ത് കൂട്ടിയിടുന്ന ഈ രീതി വ്യാപകമായി പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയപ്പോൾ ആണ് തദ്ദേശവാസികൾ സമര രംഗത്തേക്ക് വന്നത്. 1970 കളിൽ തന്നെ ഇത്തരം മാലിന്യ കേന്ദ്രങ്ങൾ ഭൂഗർഭജലത്തിന്റെ ഗണ്യമായ മലിനീകരണത്തിന് കാരണമാകുന്നുവെന്ന് ആളുകൾ തിരിച്ചറിഞ്ഞിരുന്നു. ഒരിക്കൽ ഭൂഗർഭജലം മലിനമായാൽ അത് പരിഹരിക്കാൻ വളരെ ബുദ്ധിമുട്ടാണ് എന്ന വസ്തുതയാണ് പ്രശ്നം സങ്കീർണ്ണമാക്കിയത്. “നമുക്ക് വേണ്ടത് വികേന്ദ്രീകൃത മാലിന്യ സംസ്ക്കരണം തന്നെയാണ്. ജൈവ മാലിന്യങ്ങൾ കത്തിച്ച് വൈദ്യുതി ഉണ്ടാക്കുന്നത് നിയമ വിരുദ്ധം മാത്രമല്ല, പ്രകൃതി വിരുദ്ധം കൂടിയാണ്. വൈദ്യുതി ഉൽപ്പാദനം ലാഭകരമായി നടത്താൻ വേണ്ട അളവിൽ റീസൈക്കിൾ ചെയ്യാൻ പറ്റാത്ത മാലിന്യം കൊച്ചിയിൽ ലഭ്യവുവുമല്ല. നമുക്ക് വേണ്ടത് ഉത്തരവാദിത്തത്തോടെ ഉറവിടത്തിൽ തന്നെ മാലിന്യ സംസ്ക്കരണം നടത്തുന്ന പൊതു ജനങ്ങളും അതുറപ്പാകുന്ന ജനപ്രതിനിധികളുമാണ്. മാലിന്യങ്ങൾ വലിച്ചെറിയുന്ന ശീലം അടിയന്തിരമായി നിർത്തേണ്ടിയിരിക്കുന്നു” ഡോ. സി.എൻ മനോജ് പറയുന്നു.

മാലിന്യ കൂമ്പാരമാകുന്ന ഇന്ത്യ

നിയന്ത്രണമില്ലാത്ത ഉപഭോഗം തുടരുകയും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കുന്നത് വിജയകരമായി നടക്കാതിരിക്കുകയും ചെയ്യുന്ന ആഗോള പ്രവണത തുടരുന്ന സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ആഗോള മാലിന്യ ഉൽപ്പാദനം 2050 ആകുമ്പോഴേക്കും 70 ശതാമനം വർധിക്കുകയും 3.4 ബില്യൺ ടണ്ണിലെത്തുകയും ചെയ്യും എന്നാണ് ലോകബാങ്ക് പ്രവചിക്കുന്നത്. അങ്ങനെ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന മീഥെയ്ൻ പുറന്തള്ളൽ നിയന്ത്രണം എന്ന വേറൊരു വെല്ലുവിളിയും നിലനിൽക്കുന്നു. 2015 മുതൽ 2018 ലഭ്യമായ കണക്കുകൾ പ്രകാരം മൊത്തത്തിലുള്ള ഗാർഹിക മാലിന്യ ഉത്പാദനം 11.6 ശതമാനം ഉയർന്ന് 292.4 ദശലക്ഷം ടൺ മുനിസിപ്പൽ ഖരമാലിന്യമായി (MSW) വർധിച്ചു എന്നും റിപ്പോർട്ട് പറയുന്നു.

വർദ്ധിച്ചുവരുന്ന ജനസംഖ്യ, നഗരവൽക്കരണം, വ്യാവസായികവൽക്കരണം എന്നിവയാണ് മാലിന്യം കൂടാനുള്ള പ്രധാന കാരണങ്ങൾ. 2018ലെ ലോകബാങ്ക് റിപ്പോർട്ടും സാമ്പത്തിക വികസനവും മാലിന്യ ഉൽപാദനവും തമ്മിലുള്ള ബന്ധത്തിന് അടിവരയിടുന്നു. 2050-ഓടെ, ലോകം പ്രതിവർഷം 3.40 ബില്യൺ ടൺ മാലിന്യം ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്നത്തെ 2.01 ബില്യൺ ടണ്ണിൽ നിന്ന് ഗണ്യമായി വർദ്ധിക്കുന്നതായി ഇത് കാണിക്കുന്നു. 2022 ലെ ബജറ്റ് സമ്മേളനത്തിൽ, പരിസ്ഥിതി മന്ത്രാലയത്തിലെ സഹമന്ത്രി അശ്വിനി കുമാർ ചൗബെ 2019-20 ൽ രാജ്യത്ത് പ്രതിദിനം ഉത്പാദിപ്പിക്കുന്ന ഖരമാലിന്യത്തിന്റെ ആകെ അളവ് 1,50,761 ടൺ ആണെന്ന് അറിയിച്ചു. ദക്ഷിണേഷ്യയിൽ 0.52 കിലോഗ്രാമും ആഗോള തലത്തിൽ 0.74 കിലോഗ്രാമും ഉള്ളപ്പോൾ ഇന്ത്യയുടെ പ്രതിശീർഷ മാലിന്യ ഉൽപ്പാദനം പ്രതിദിനം 0.57 കിലോഗ്രാം ആണെന്ന് 2018 ലെ ലോക ബാങ്ക് റിപ്പോർട്ട് പറയുന്നു. എല്ലാ നഗരങ്ങളിലും പെരുകുന്ന ഈ മാലിന്യം കൈകാര്യം ചെയ്യാൻ ഇന്ത്യ ഇതുവരെ ഒരു സുസ്ഥിര മാർഗം കണ്ടെത്തിയിട്ടില്ല. സ്വച്ഛ് ഭാരത് 2020 റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഓരോ വർഷവും 1250 ഹെക്ടർ കൃഷി ഭൂമി വിവിധ നഗരങ്ങളിലെ മാലിന്യം നിക്ഷേപിക്കുന്നതിനായി വിനിയോഗിക്കപ്പെടുകയാണ്. ‍ഡൗൺ ടു എർത്ത് റിപ്പോർട്ട് ഉദ്ധരിച്ച് നാഷണൽ ഗ്രീൻ ട്രിബ്യൂണൽ പറയുന്നത് 3159 മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലായി 10000 ഹെക്ടർ ഭൂമി ഉപയോഗ ശൂന്യമായി കിടക്കുന്നു എന്നാണ്. ഇന്ത്യയെ കാത്തിരിക്കുന്ന വലിയ മറ്റൊരു ദുരന്തമാണ് കുന്നുകൂടുന്ന ഇലക്ട്രോണിക് മാലിന്യങ്ങൾ. 2019-20ൽ ഇന്ത്യയിൽ ഉൽപ്പാദിപ്പിച്ച മൊത്തം 10,14,961.21 ടണ്ണിൽ 22.7 ശതമാനം ഇലക്ട്രോണിക് മാലിന്യങ്ങൾ (E Waste) മാത്രമാണ് ശേഖരിക്കപ്പെടുകയോ പൊളിച്ച് പുനരുപയോഗം ചെയ്യുകയോ നീക്കം ചെയ്യുകയോ ചെയ്തത്. ഈ ഇ-മാലിന്യം 2016-ലെ ഇ-വേസ്റ്റ് (മാനേജ്‌മെന്റ്) നിയമങ്ങൾ പ്രകാരം വിജ്ഞാപനം ചെയ്ത 21 തരം ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ (EEE) ഉൾക്കൊള്ളുന്നു. 2018-19 ൽ, മൊത്തം ഉൽപ്പാദിപ്പിക്കപ്പെട്ട ഇ-മാലിന്യത്തിന്റെ ഏകദേശം 21.35 ശതമാനം മാത്രമേ ഇന്ത്യയിൽ കൈകാര്യം ചെയ്യുകയും ശേഖരിക്കുകയും റീസൈക്കിൾ ചെയ്തിട്ടുള്ളൂ. 2017-18 ൽ ഇത് വെറും 9.79 ശതമാനമായിരുന്നു.

കണക്കുകൾ പ്രകാരം, ഏകദേശം 34.8 ദശലക്ഷം ആളുകൾ വസിക്കുന്ന കേരളത്തിൽ പ്രതിദിനം 11,449 ടൺ ഖരമാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നു, അതിൽ ഏകദേശം 3,521 ടൺ നഗരപ്രദേശങ്ങളിലും 7,928 ടൺ ഗ്രാമപ്രദേശങ്ങളിലുമാണ് ഉത്പാദിപ്പിക്കുന്നത്. ഇതിൽ 70 ശതമാനത്തിലധികം ജൈവ മാലിന്യമാണ്‌. ഇത് കേരളത്തിന്റെ കാലാവസ്ഥയിൽ ഉറവിടത്തിൽ തന്നെ സംസ്‌ക്കരിക്കാൻ കഴിയുന്നതാണ്. ഈ സാഹചര്യത്തിൽ, കേരളത്തിന്റെ ഭൂമിശാസ്ത്രം, ജനസംഖ്യാ സാന്ദ്രതയും ഭൂപ്രദേശ ഗ്രേഡിയന്റും മാലിന്യ സംസ്കരണത്തിന് സവിശേഷമായ വെല്ലുവിളികൾ ഉയർത്തുന്നു.

വെയ്സ്റ്റ് ടു എനർജി പ്ലാന്റുകളെക്കുറിച്ചുള്ള CSE റിപ്പോർട്ട്

ഭൂമി ചുട്ടുപൊള്ളുമ്പോഴും തുടരുന്ന കത്തിക്കൽ

കുന്നുകൂടുന്ന മാലിന്യം ഉണ്ടാക്കുന്ന വെല്ലുവിളികളെ നേരിടാൻ സംസ്ഥാന സർക്കാരുകൾ ആശ്രയിക്കുന്നത് മാലിന്യത്തിൽ നിന്ന് ഊർജം നൽകുന്ന പ്ലാന്റുകളെയാണ്. ഇന്ത്യയിലെ നഗര, വ്യാവസായിക ജൈവ മാലിന്യങ്ങളിൽ നിന്ന് ഏകദേശം 5,690 മെഗാവാട്ടാണ് ഊർജ ഉൽപാദന സാധ്യതയെന്ന് ന്യൂ ആൻഡ് റിന്യൂവബിൾ എനർജി മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പറയുന്നു. (https://mnre.gov.in/waste-to-energy/current-status). 2019-ൽ പ്രസിദ്ധീകരിച്ച സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റിന്റെ “TO BURN OR NOT TO BURN: FEASIBILITY OF WASTE-TO-ENERGY PLANTS IN INDIA” (https://csestore.cse.org.in/to-burn-or-not-to-burn-feasibility-of-waste-to-energy-plants-in-india.html) എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ 382.7 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റുകൾ ഇന്ത്യയിൽ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെന്ന് പറയുന്നു. 69.2 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റുകൾ പ്രവർത്തനക്ഷമമാണെന്നും 84.3 മെഗാവാട്ട് ശേഷിയുള്ളവ നിർമാണത്തിലാണെന്നും 66.35 മെഗാവാട്ട് പ്ലാന്റുകൾ പ്രവർത്തനരഹിതമാണെന്നും റിപ്പോർട്ടിൽ പറയുന്നു. “പ്ലാന്റിനെ പ്രവർത്തനക്ഷമമാക്കാൻ ജലാംശമുള്ള മാലിന്യം ഉണക്കി കത്തിക്കാൻ വലിയ അളവിലുള്ള ഇന്ധനം ആവശ്യമാണ്. ഇതാണ് പല നഗരങ്ങളിലെയും മാലിന്യത്തിൽ നിന്ന് ഊർജം ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റുകൾ ശരിയായി പ്രവർത്തിക്കാത്തതിന്റെയോ അല്ലെങ്കിൽ അടച്ചുപൂട്ടുന്നതിന്റെയോ കാരണം. മാലിന്യത്തിൽ നിന്ന് ഊർജ്ജ നിലയത്തിന് അനുയോജ്യമായ മാലിന്യത്തിന്റെ ഗുണനിലവാരം അതിന്റെ ഘടന, കലോറിക് മൂല്യം, ഈർപ്പത്തിന്റെ അളവ് എന്നിവയെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുന്നത്.” ഈ റിപ്പോർട് ചൂണ്ടിക്കാട്ടുന്നു.

സ്വച്ഛ് ഭാരത മിഷന്റെ ഭാഗമായി ‘വേസ്റ്റ് റ്റു വെൽത്’ എന്ന പദ്ധതിയിലൂടെയാണ് മാലിന്യത്തിൽ നിന്നും വൈദുതി ഉൽപ്പാദിപ്പിക്കുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാർ പ്രാധാന്യം നൽകിവരുന്നു. ഇൻസിൻറേഷൻ, ബയോ മീഥനേഷൻ എന്നിവയാണ് സാധാരണ ഉപയോഗിച്ച് വരുന്ന സാങ്കേതിക വിദ്യകൾ. ഇപ്പോൾ പൈറോലിസിസ്, ഗാസിഫിക്കേഷൻ തുടങ്ങിയ കൂടുതൽ കാര്യക്ഷമം എന്നവകാശപ്പെടുന്ന സാങ്കേതിക വിദ്യകളും നിലവിലുണ്ട്. മാലിന്യത്തിൽ നിന്ന് ഊർജ പ്ലാന്റുകളിലേക്ക് പോകുന്ന നിലവിലുള്ള മാലിന്യം പ്രധാനമായും ജൈവ മാലിന്യമാണ്. മൊത്തം മാലിന്യത്തിന്റെ 40%-70% ജൈവമാലിന്യമാണെന്നും കടലാസും കാർഡ്ബോർഡും 6% മുതൽ 7% വരെ അടങ്ങിയിരിക്കുകയും പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്കും (6% മുതൽ 10% വരെ) വരുമെന്നും “TO BURN OR NOT TO BURN: FEASIBILITY OF WASTE-TO-ENERGY PLANTS IN INDIA” റിപ്പോർട്ട് പറയുന്നു. പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് (5%-10%), ഇതുകൂടാതെ, ലോഹം, ഗ്ലാസ്, ഗാർഹിക അപകടകരമായ മാലിന്യങ്ങൾ എന്നിവ ഏകദേശം 1%-3% വും ഇതിൽ ഉൾപ്പെടുന്നു.

ഖനിജ ഇന്ധനങ്ങളിൽ നിന്നുള്ള ഊർജ്ജ ഉൽപ്പാദനമാണ് ഹരിതഗൃഹ വാതകങ്ങളുടെ വൻതോതിലുള്ള നിർഗമനത്തിനും ആഗോളതാപനത്തിനും കാരണമായതെന്നിരിക്കെ കാർബൺ ഉദ്‌വമനം കുറച്ചുകൊണ്ട് കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരന്തങ്ങൾ കുറച്ചുകൊണ്ടുവരാൻ ഉത്തരവാദിത്തപ്പെട്ട ഭരണകൂടങ്ങൾ കേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ പദ്ധതികളിലൂടെയും മാലിന്യത്തിൽ നിന്നും വൈദ്യതി ഉൽപ്പാദിപ്പിക്കുന്നത്തിലൂടെയും എരിതീയിൽ എണ്ണ ഒഴിക്കുകയാണ് ചെയ്യുന്നത്. അതുകൂടാതെയാണ് ബ്രഹ്മപുരത്ത് നടക്കുന്നതുപോലുള്ള മാലിന്യപ്ലാന്റുകളിലെ തീപിടുത്തം ഉണ്ടാക്കുന്ന ദുരന്തങ്ങളും.

(തുടരും)

Also Read

13 minutes read March 8, 2023 11:12 am