കൊലപാതകത്തേക്കാൾ മോശമായ മനുഷ്യാവകാശ ലംഘനം

വീട്ടിലോ ഹോസ്റ്റലിലോ ജോലി ചെയ്യുന്ന സ്ഥലത്തോ വച്ച് ഒരു വ്യക്തി ആത്മഹത്യ ചെയ്താല്‍ അയാളുടെ ബന്ധുക്കള്‍, കൂടെ നില്‍ക്കുന്നവര്‍ ഇവരൊന്നും കുറ്റം ചാര്‍ത്തപ്പെടുന്നവരല്ല. അച്ഛനും അമ്മയുമാകും ഏറ്റവും സങ്കടം പറയുന്നവര്‍. കോളേജിലോ ഹോസ്റ്റലിലോ വച്ച് ഒരു കുട്ടി മരിച്ചാൽ കൂടെയുള്ളവരാകും ഏറ്റവും ദുഃഖിതര്‍. മരണത്തിന്റെ കാരണം മിക്കവാറും അധികാരികളാകും. മരണത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോ എന്ന് അന്വേഷിക്കണം എന്ന് പറയുന്ന ബന്ധുക്കളാണ് നമ്മുടെ കൂടെ താമസിക്കുന്ന ഹോസ്റ്റല്‍ മേറ്റ്‌സ്. ബന്ധുവിന്റെ റോളാണ് അവര്‍ക്കുള്ളത്. എന്നാൽ പൂക്കോടെ വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം നോക്കൂ. ആ കുട്ടികളാരും സമരം ചെയ്തിട്ടില്ല, അധ്യാപകരാണ് കാരണം എന്ന് പറഞ്ഞിട്ടില്ല, എന്താണ് കാരണമെന്ന് പറഞ്ഞ് അവരാരും രംഗത്തുവരുന്നില്ല. ഒരു കുട്ടി ഈ രീതിയിൽ മരണപ്പെട്ടാൽ സാധാരണ പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്നേയാണ് പ്രക്ഷോഭം ഉണ്ടാകാറുള്ളത്. അതിന് ശേഷമാണ് ബന്ധുക്കളെല്ലാം സംസാരിക്കാറുള്ളത്. എന്‍.ഐ.ടിയില്‍ നിരവധി വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ ഉണ്ടായിട്ടുണ്ട്. അവിടത്തെ പ്രിന്‍സിപ്പല്‍ ആണ് ഏത് അപകട മരണമുണ്ടായാലും മുന്നോട്ടുവരുന്നത്. ഞങ്ങള്‍ക്കിത് പരിചയമില്ലാത്തതല്ല. രക്ഷിതാക്കളെ ഞങ്ങള്‍ കാണാറില്ല. എന്നാൽ ഈ സ്ഥാപനത്തിലെ കുട്ടികളും അവരുടെ കോളേജ് യൂണിയനും കുറ്റവാളികളായതുകൊണ്ടാണ് അവരെ കാണാത്തത്.

ഈ വിദ്യാർത്ഥി ആത്മഹത്യാ കുറിപ്പ് എഴുതിവെച്ചതായി അറിയില്ല. അയാള്‍ അമ്മയോട് സംസാരിച്ചത് വളരെ കുറഞ്ഞ വാക്കുകളിലാണ്. ഒരു തടവുപുള്ളിയെപ്പോലെയാണ് സംസാരിച്ചത്. പൊലീസ് കസ്റ്റഡിയിലുള്ള ഒരാളോട് സംസാരിക്കാന്‍ ചെന്നാല്‍ പൊലീസ് എത്രകണ്ട് അനുവദിക്കും? കസ്റ്റഡിയില്‍ ഉള്ള ഒരാള്‍ എങ്ങനെ സംസാരിക്കും? നിയമവിരുദ്ധ കസ്റ്റഡിയിലുള്ള ഒരു വ്യക്തിയായതിനാൽ അയാള്‍ക്ക് പറയാനുള്ളത് പറയാൻ കഴിഞ്ഞില്ല. പറയാനോ മെസേജ് അയക്കാനോ അയാള്‍ക്ക് ഫോൺ കൊടുത്തിരുന്നില്ല. കഴുത്തില്‍ കയറും ബെൽറ്റും ഇട്ട പാടുണ്ട്. ഒരു സന്ദര്‍ഭത്തില്‍ അല്ല. അങ്ങനെ കഴുത്തില്‍ കുരുക്കിട്ട മനുഷ്യന്‍ അമ്മയോട് സംസാരിച്ചതിനെക്കുറിച്ചാണ് ആ അമ്മ പറയുന്നത്. ജയിലില്‍ കിടക്കുന്ന കൊടുംകുറ്റവാളിയോട് ജയിലര്‍ ഇങ്ങനെ ചെയ്യാറില്ല. അയാള്‍ ചെയ്തത് ആയാലും മറ്റൊരാള്‍ ചെയ്തതായാലും അത് നരഹത്യയാണ്.  

സിദ്ധാർത്ഥൻ പൂക്കോട് ക്യാമ്പസിൽ

തീര്‍ച്ചയായും സീനിയര്‍ ആണെങ്കിലും ജൂനിയര്‍ ആണെങ്കിലും കുട്ടികള്‍ പരസ്പരം ബുള്ളീയിങ്, ഹരാസ്‌മെന്റ്, ഒരാൾക്ക് സ്വീകാര്യമല്ലാത്ത അധികാരപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം നടത്തുന്നത് റാഗിങ് ആയാണ് പരിഗണിക്കുന്നത്. മരിച്ച സിദ്ധാര്‍ത്ഥന്‍ ആഗ്രഹിക്കാത്തതും മനസ്സുകൊണ്ട് ഇഷ്ടപ്പെടാത്തതുമായ കാര്യങ്ങള്‍ക്ക് അദ്ദേഹത്തെ നിര്‍ബന്ധിച്ചിട്ടുണ്ടെങ്കില്‍ റാഗിങ് എന്ന ഒഫന്‍സ് അതിലുണ്ട്. കലാലയങ്ങളില്‍ മാത്രമുള്ളൊരു ഒഫന്‍സാണത്. കലാലയ അന്തരീക്ഷം പ്രത്യേകയുള്ള ഒന്നാണ്. അവര്‍ വളര്‍ന്നു വരുന്നവരാണ്. തെറ്റുകളും പാളിച്ചകളും തിരുത്തിക്കൊണ്ടാണ് അവര്‍ അഡല്‍റ്റ് ആകുന്നത്. എന്നാൽ വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാതെ പാസാക്കുന്ന സിസ്റ്റവും കലാശാലകളില്‍ നിലനിൽക്കുന്നുണ്ടല്ലോ. കുറേയധികം ആള്‍ക്കാര്‍ക്ക് ക്ലാസില്‍ കയറാതെ അറ്റന്‍ഡന്‍സ് കിട്ടുന്നുണ്ട്, തോറ്റുപോയ മാര്‍ക് ലിസ്റ്റ് ഇരിക്കെ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നുണ്ട്, പി.എസ്.സി പോര്‍ട്ടല്‍ വരെ അട്ടിമറിക്കപ്പെടുന്നുണ്ട്.

മൂന്ന് മിനിറ്റ് ഓക്‌സിജന്‍ കിട്ടിയില്ലെങ്കിലും മൂന്ന് ദിവസം വെള്ളം കിട്ടിയില്ലെങ്കിലും മൂന്നാഴ്ച ഭക്ഷണം കിട്ടിയില്ലെങ്കിലും ഒരു മനുഷ്യന്‍ മരിച്ചുപോകുമെന്ന് അറിയാത്തവരൊന്നുമല്ലല്ലോ വൈദ്യശാസ്ത്രം പഠിക്കുന്ന വിദ്യാർത്ഥികൾ. മൃഗങ്ങള്‍ക്കും അങ്ങനെയല്ലേ? മൃഗങ്ങള്‍ക്കും ശ്വാസം കിട്ടാതെയും വെള്ളമില്ലാതെയും ജീവിക്കാന്‍ പറ്റുമോ? വെറ്ററിനറി ഫിസിയോളജിയും ഹ്യൂമന്‍ ഫിസിയോളജിയും സമാനമാണ്, അതില്‍ ആദ്യം പഠിക്കുന്നൊരു കാര്യം, മൂന്ന് മിനിറ്റ് വായു ഇല്ലെങ്കില്‍ നമ്മുടെ ബ്രെയ്ന്‍ ചത്തുപോകും എന്നാണ്. സിദ്ധാർത്ഥന്റെ കഴുത്തില്‍ കുരുക്ക് വീണ പാടുകള്‍ കാണുന്നുണ്ട്. പാട് ഇല്ലാത്ത കുരുക്കില്‍ പോലും ഡിസ്ഫേജിയ, ഡിസ്‌ഫോണിയ എന്ന രണ്ട് അവസ്ഥകള്‍ വരും. ഡിസ്‌ഫോണിയ എന്ന് പറഞ്ഞാല്‍ ശബ്ദം കിട്ടില്ല. ഭയങ്കര പെയ്ന്‍ എടുത്തുകൊണ്ട് വളരെ പരുപരുത്ത ശബ്ദത്തില്‍ കുറച്ചേ സംസാരിക്കാന്‍ കഴിയൂ. അതുകൊണ്ടാണ് അമ്മയോട് സംസാരിക്കാന്‍ കഴിയാതിരുന്നത്. ആ സമയത്ത് കയര്‍ കഴുത്തിലുണ്ടായിരുന്നോ എന്ന് വേണം സംശയിക്കാന്‍.  

മരണഭയത്തില്‍ നിന്നിട്ടാണ് ആ കുട്ടി തെരഞ്ഞെടുപ്പുകൾ നടത്തിക്കൊണ്ടിരുന്നത്. വൈറ്റ് നോയ്‌സ് എന്ന ഒരു പീഡന മുറ ഉപയോഗിക്കാറുണ്ട്. ഇന്റര്‍നാഷണല്‍ ടോര്‍ച്ചര്‍ മെത്തേഡ് ആണത്. ഉയര്‍ച്ച താഴ്ച്ചകള്‍ ഇല്ലാത്ത ശബ്ദം ചെവിയില്‍ കേള്‍പ്പിച്ചു കഴിഞ്ഞാല്‍ ഭ്രാന്തായി സ്വയം മരിക്കാൻ ശ്രമിക്കും. പൊലീസൊക്കെ അന്താരാഷ്ട്ര ടെററിസ്റ്റുകളെ ചോദ്യം ചെയ്യുമ്പോള്‍ മാറ്റര്‍ ഒന്നും കിട്ടില്ല എന്ന് ഉറപ്പായാൽ വൈറ്റ് നോയ്‌സ് വച്ച് ഇറിറ്റേറ്റ് ചെയ്യുകയും പല നിലകളുള്ള കെട്ടിടത്തില്‍ നിന്നൊക്കെ അവർ ചാടി മരിക്കുകയും ചെയ്യാറുണ്ട്. നമ്മുടെ tensile strengthന്റെ അങ്ങേയറ്റം വരെ സ്‌ട്രെച്ച് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ സ്വാഭാവികമായി സംഭവിക്കുന്നതാണിത്. നമ്മള്‍ തന്നെ ഈ ടോര്‍ച്ചര്‍ അവസാനിപ്പിക്കുന്നതിനായി മരിക്കും. അതിനെ എങ്ങനെ ആത്മഹത്യ എന്ന് പറയാൻ കഴിയും? അത് ടോര്‍ച്ചര്‍ അവസാനിപ്പിക്കലാണ്. പലപ്പോഴും ഞാൻ ഇത് കണ്ടിട്ടുണ്ട്. സ്ത്രീധന പീഡന കേസുകളിൽ ചെറിയ കര്‍ച്ചീഫ് പോലെയുള്ള തുണിയില്‍ ആളുകൾ തൂങ്ങിയിട്ടുണ്ട്. ആ വീട്ടില്‍ തുണിയില്ലാത്തതുകൊണ്ടല്ല. ഒരു സെക്കന്‍ഡ് സമയം കിട്ടുമ്പോൾ ഈ ഭീകരന്റെ കയ്യില്‍നിന്ന് രക്ഷപ്പെടുക എന്നുള്ളതാണ് അപ്പോൾ ചിന്തിക്കുക. പണ്ട് പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍, നാല്‍പതോളം കൊല്ലം മുന്നേയാണ്, ഷാജി എന്നൊരാള്‍ ആത്മഹത്യ ചെയ്തത് അണ്ടര്‍വെയറിന്റെ ഇലാസ്റ്റിക് ബാന്‍ഡ് ഉപയോഗിച്ചാണ്. അന്ന് കേരളം മുഴുവന്‍ ചര്‍ച്ച ചെയ്തത് അണ്ടര്‍വെയറിന്റെ ഇലാസ്റ്റിക് കൊണ്ട് ഒരാള്‍ക്ക് തൂങ്ങിമരിക്കാന്‍ പറ്റുമോ എന്നാണ്. അയാള്‍ക്ക് ആ ടോര്‍ച്ചറില്‍ നിന്ന് രക്ഷപ്പെടണ്ടേ? അങ്ങനെയൊരു മാനസികാവസ്ഥയില്‍ എത്തിച്ചുകഴിഞ്ഞാല്‍ എലാസ്റ്റിക് ബാന്‍ഡൊക്കെ മതി മരിക്കാന്‍. ആ അവസ്ഥയിലേക്ക് ഒരു കുട്ടിയെ എത്തിച്ചതാണ് ഇതിലെ ക്രൈം. പക്ഷേ, കലാലയ ലോകം ഇത് ചര്‍ച്ച ചെയ്യുന്നില്ല. കോളേജുകളിൽ പ്രതിഷേധങ്ങൾ ഉയരുന്നില്ല. അല്ലെങ്കില്‍ മീഡിയ അവരുടെ സമരങ്ങള്‍ പുറത്തുകൊണ്ടുവരുന്നില്ല. നമ്മുടെ മുഖ്യമന്ത്രിക്ക് പോലും ഒന്നും പറയാന്‍ കഴിയുന്നില്ല. കുട്ടികളെ മാത്രമല്ല ശിക്ഷിക്കേണ്ടത്, ആ സാഹചര്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന സിസ്റ്റം ഉടച്ചുവാര്‍ക്കേണ്ടതാണ്. മകന്‍ ആത്മഹത്യ ചെയ്യുകയില്ല എന്ന് രക്ഷിതാക്കള്‍ പറയുന്നത് അവര്‍ക്ക് അറിയുന്ന മകന്‍ ചെയ്യില്ല എന്നതുകൊണ്ടാണ്. അവര്‍ക്ക് അറിയാത്ത മകനാണ് ഈ ടോര്‍ച്ചര്‍ വിക്ടിം.  

"ഡോക്ടര്‍മാര്‍ പരിസമാപ്തിയായി എഴുതുന്ന വാചകം ഉണ്ട് എന്നേ ഉള്ളൂ, നിയമപരമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് വലിയ ബലമൊന്നുമില്ല. അതിലെ ഫൈന്‍ഡിങ് ആണ് പ്രധാനം. എല്ലാം കൂടെ ചേര്‍ത്ത് ഫൈനല്‍ ഒപ്പീനിയന്‍ പിന്നെ ഉണ്ടാകും. സിദ്ധാര്‍ഥന് വേണ്ടി കോടതിയില്‍ ഡോക്ടര്‍ എന്ത് പറയുന്നു എന്നതാണ് പ്രധാനം. Assaulted എന്നായിരുന്നില്ല, tortured എന്നാണ് എഴുതേണ്ടത്." ഫൊറന്‍സിക് മെഡിസിൻ മുൻ പ്രൊഫസർ ഡോ. ഷെർലി വാസു എഴുതുന്നു.
ഹോസ്റ്റലിൽ നടന്ന പൊലീസ് തെളിവെടുപ്പ്.

നെഞ്ചത്തും വയറ്റത്തും ചവിട്ടിയ പാടുണ്ട്. നമ്മളെ നേരെ ഇരിക്കാന്‍ സഹായിക്കുന്ന റെക്റ്റസ് മസില്‍- വയറില്‍ നേര്‍മധ്യരേഖയില്‍ ഒരു ബാന്‍ഡ് പോലെയുള്ള മസില്‍-ആ മസിലിൽ പരിക്കേറ്റ് എന്ന് പറയുമ്പോള്‍ ലിവറിൽ ചവിട്ടിയപ്പോള്‍ ബലം പിടിക്കുന്നതുകൊണ്ടാണ്. ആന്തരികാവയവങ്ങള്‍ക്ക് പരിക്കേല്‍ക്കാതിരിക്കാന്‍ റിഫ്ലക്‌സ് ഉള്ള മനുഷ്യന്റെ മസില്‍ ബലം പിടിക്കും. വയറിനും നെഞ്ചിനും താഴെയാണ് ഇത്. ആ മസില്‍ ആണ് ചവിട്ട് ഏറ്റുവാങ്ങി ചതഞ്ഞിരിക്കുന്നത്. കൊന്ന് കെട്ടിത്തൂക്കിയതല്ല എന്ന് പറയാന്‍ നമുക്കും പറ്റുകയില്ല. കാരണം അബോധാവസ്ഥയിലുള്ള ഒരു മനുഷ്യനെ തൂക്കിയാലും സ്വയം തൂങ്ങിയാലും ഒരേ ഫൈന്‍ഡിങ്‌സ് ആണ് ഉണ്ടാകുന്നത്. പിന്നെയുള്ളത് സാഹചര്യങ്ങളാണ്, ഇയാള്‍ക്ക് സ്വയം ചെയ്യാന്‍ പറ്റുന്ന സ്ഥലമാണോ, ഒരാള്‍ക്ക് കസേരയിട്ടു കയറാന്‍ പറ്റുന്ന സ്ഥലമുണ്ടോ എന്നെല്ലാം. ബാത്ത്‌റൂമില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ അക്രമികള്‍ പോകാന്‍ അനുവദിച്ച സമയത്ത് പോയതാകാം. പക്ഷേ, അങ്ങനെ ഒരു സമയത്ത് ഇങ്ങനെ ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചാല്‍ സാധ്യത കുറവാണ്. പിടിച്ചുപൊക്കിയതായിട്ടുള്ള ഹാന്‍ഡ് ഗ്രിപ്പ് മാര്‍ക്കുകളൊന്നും ശരീരത്തിലുണ്ടായതായി ഡോക്ടര്‍ എഴുതിയിട്ടില്ല. അതൊന്നും കാണാത്തതുകൊണ്ട് അയാള്‍ തനിയെ ചെയ്തതായിരിക്കാം. ബാത്ത്‌റൂമിന്റെ സാഹചര്യങ്ങളെക്കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷിക്കേണ്ടതാണ്. ഭയങ്കരമായ തടവും ടോര്‍ച്ചറും അനുഭവിച്ചു എന്നതിന് ഒരു സംശയവുമില്ല. അത് റാഗിങിനും അനധികൃത കസ്റ്റഡിക്കും അപ്പുറമാണ്. ഇത് മനുഷ്യാവകാശ ലംഘനമാണ്. എന്നിട്ടും മനുഷ്യാവകാശ കമ്മീഷന്റെ പ്രസ്താവനയൊന്നും ഇതേക്കുറിച്ച് കേട്ടില്ല. മൂന്ന് ദിവസം തടവിലിട്ട് വെള്ളവും ഭക്ഷണവും കൊടുക്കാതെ ഒരു മനുഷ്യനെ മരണാസന്നനാക്കി മരണത്തിലേക്ക് തള്ളിവിട്ടപ്പോള്‍ അവര്‍ ഇടപെടേണ്ടതല്ലേ. യുവജനങ്ങള്‍ക്ക് കമ്മീഷന്‍ ഉണ്ടല്ലോ, അവരും ഇടപെട്ടില്ല. മജിസ്‌ട്രേറ്റിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചില്ല. അല്ലെങ്കില്‍ പിന്നെ 25 വര്‍ഷമെടുക്കുന്ന സി.ബി.ഐ അന്വേഷണം വരണം. അപ്പോള്‍ ഇവര്‍ക്ക് പഠിക്കാം, ജോലി ചെയ്യാം. അതല്ല നമുക്ക് വേണ്ടത്, സി.ബി.ഐയിലേക്ക് കൊടുക്കുന്നതിന് മുമ്പ് മജിസ്റ്റീരിയല്‍ അന്വേഷണം നടത്തണം. എല്ലാ കലാലയങ്ങളിലെയും പ്രിന്‍സിപ്പല്‍മാരെ വിളിച്ച് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഒരു യോഗം നടത്തണം. പണ്ട് ഒരു എഞ്ചിനിയറിങ് കോളേജില്‍ ഒരു വിദ്യാര്‍ത്ഥിനി ലോറി ഇടിച്ച് മരിച്ച സംഭവത്തെ തുടര്‍ന്ന് രമേശ് ചെന്നിത്തല പ്രിന്‍സിപ്പല്‍മാരുടെ ഒരു യോഗം വിളിച്ചിരുന്നു. ഡിജിപി, ഹോം മിനിസ്റ്റര്‍ എല്ലാം ഉണ്ടായിരുന്നു. ഇപ്പോൾ അങ്ങനെയൊന്നും നടക്കുന്നില്ലല്ലോ. എന്റെ കുട്ടിയാണ് മരിച്ചത് എന്ന് ചിന്തിക്കുന്നിടത്താണ് ഇത് നമ്മുടെ സർക്കാരാകുന്നത്. ഡോക്ടര്‍മാര്‍ പരിസമാപ്തിയായി എഴുതുന്ന വാചകം ഉണ്ട് എന്നേ ഉള്ളൂ, നിയമപരമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് വലിയ ബലമൊന്നുമില്ല. അതിലെ ഫൈന്‍ഡിങ് ആണ് പ്രധാനം. എല്ലാം കൂടെ ചേര്‍ത്ത് ഫൈനല്‍ ഒപ്പീനിയന്‍ പിന്നെ ഉണ്ടാകും. സിദ്ധാര്‍ഥന് വേണ്ടി കോടതിയില്‍ ഡോക്ടര്‍ എന്തുപറയുന്നു എന്നതാണ് പ്രധാനം. Assaulted എന്നായിരുന്നില്ല, tortured എന്നാണ് എഴുതേണ്ടത്. ആരാണ് സിദ്ധാര്‍ഥനെ വീട്ടിലേക്കുള്ള വഴിയില്‍ തിരിച്ചുവിളിച്ചത് എന്നാണ് അറിയേണ്ടത്. എന്തിനാണ് പോയത് എന്ന് അറിയണം.

ഈ ക്രൂരതയ്ക്ക് സാക്ഷിയായവരെയും അര്‍ഹിക്കുന്ന രീതിയില്‍ പരിഗണിക്കണം. തെറ്റ് ചെയ്തവര്‍ക്കും ശിക്ഷ കൊടുക്കണം. ശിക്ഷ ഒരു ട്രീറ്റ്‌മെന്റാണ്. പകയോടെയുള്ള വാക്കുകളൊക്കെ എല്ലാവരും കുറയ്ക്കണം. നമ്മുടെ വനസമ്പത്ത്, മൃഗസമ്പത്ത് ഒക്കെ ഏല്‍പ്പിക്കേണ്ടത് ഇവരെയാണ്. അവരോട് കരുണ കാണിക്കാം. അവര്‍ നിരുത്തരവാദിത്തത്തോടെ നിന്നു എന്നത് തിരുത്തപ്പെടണം. ഒരു വര്‍ഷം ക്യാംപസിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് കറക്ഷണല്‍ പ്രവര്‍ത്തനങ്ങളിലേക്ക് എല്ലാവരും പോകണം. എന്നാലേ മറ്റ് ക്യാംപസുകളില്‍ ഇത് ആവര്‍ത്തിക്കാതിരിക്കുകയുള്ളൂ. വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു എന്നത് വളരെ നല്ല കാര്യമാണ്. അതുപോലെ ചില അധ്യാപകരും നടപടി നേരിടേണ്ടതുണ്ട്. ടീച്ചേഴ്‌സിന് രാഷ്ട്രീയമില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയമുണ്ടാകില്ല. ടീച്ചര്‍മാരെ വിശ്വസിച്ചുകൊണ്ടാണ് ഇവിടെ എല്ലാ വയലന്‍സും നടന്നിട്ടുള്ളത്. അവരുടെ നിയമനം മുതല്‍ പരിശോധിക്കപ്പെടണം. എന്തുകൊണ്ടാണ് അവര്‍ ക്രിമിനല്‍ ആക്റ്റിന് നേരെ കണ്ണടച്ചത് എന്ന് അന്വേഷിക്കണം. ഗവര്‍ണര്‍ക്ക് ജുഡീഷ്യല്‍ അന്വേഷണമേ പ്രഖ്യാപിക്കാന്‍ കഴിയൂ. പക്ഷേ, മാധ്യമങ്ങൾക്ക് സോഷ്യോളജിക്കല്‍ ആയ അന്വേഷണത്തിനായി സമ്മർദ്ദമുണ്ടാക്കാൻ കഴിയും. കൊലപാതകത്തേക്കാള്‍ മോശമായൊരു മനുഷ്യാവകാശ ലംഘനമാണ് ഉണ്ടായിട്ടുള്ളത്.

തയ്യാറാക്കിയത്: മൃദുല ഭവാനി

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read