

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ഈ വർഷത്തെ വേൾഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയർ പുരസ്കാരം പലസ്തീൻ സ്ത്രീ ഫോട്ടോഗ്രാഫർ സമർ അബു എലൂഫിന്. 2024 മാർച്ചിൽ ഗാസയിലെ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇരുകൈകളും നഷ്ടമായ ഒൻപത് വയസുകാരനായ പലസ്തീനിയൻ ബാലൻ മഹ്‌മൂദ് അജ്ജോറിന്റെ ചിത്രമാണ് എലൂഫിനെ പുരസ്കാരത്തിനർഹമാക്കിയത്. ന്യൂയോർക്ക് ടൈംസിന് വേണ്ടി ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റിപെന്റന്റ് ഫോട്ടോഗ്രാഫറാണ് സമർ അബു എലൂഫ്. നൂറ്റിനാൽപത്തിയൊന്നോളം രാജ്യങ്ങളിൽ നിന്നുള്ള 59,000 എൻട്രികളിൽ നിന്നാണ് സമർ അബു എലൂഫിന്റെ ചിത്രം പുരസ്കാരത്തിനർഹമായത്.


തുടർച്ചയായി രണ്ടാം വർഷമാണ് ഗാസയിൽ നിന്നുള്ള ഒരു ചിത്രം വേൾഡ് പ്രസ് ഫോട്ടോ അവാർഡ് കരസ്തമാക്കുന്നത്. മൊഹമദ് സലിം റോയിട്ടേഴ്സിന് വേണ്ടി പകർത്തിയ, ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരനായ തന്റെ അനന്തരവന്റെ മൃതദേഹം കയ്യിലേന്തി നിൽക്കുന്ന പലസ്തീനിയൻ സ്ത്രീ ഇനാസ് അബു മാമറിന്റെ ഫോട്ടോയ്ക്കായിരുന്നു 2024ലെ വേൾഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയർ പുരസ്കാരം.


മെഡിക്കൽ ഇവാക്ക്വേഷന്റെ ഭാഗമായി പലസ്തീനിൽ നിന്നും ഖത്തറിലെത്തിയ മഹ്‌മൂദ് അജ്ജോറും കുടുംബവും സമർ അബു എലൂഫും ഒരേ കെട്ടിടത്തിലാണ് താമസിക്കുന്നത്. ഇരുകൈകളും നഷ്ടമായി എന്ന് തിരിച്ചറിഞ്ഞപ്പോൾ ഇനി താൻ എങ്ങനെയാണ് ഉമ്മയെ കെട്ടിപിടിക്കുക എന്നാണ് മഹ്‌മൂദ് അജ്ജോർ ചോദിച്ചതെന്ന് എലൂഫ് വൈകാരികമായി പറയുന്നു. പലസ്തീന് മേൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയുടെ ഭീകരത വെളിവാക്കുന്ന ചിത്രമാണിതെന്ന് വേൾഡ് പ്രസ് ഫോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ജൗമാന എൽ സെയ്ൻ ഖൗറി പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.
1955-ൽ സ്ഥാപിതമായ, World Press Photo Foundation എന്ന ഡച്ച് ആസ്ഥാനമുള്ള ലാഭേതര സംഘടനയാണ് വേൾഡ് പ്രസ് ഫോട്ടോ അവാർഡ് നൽകുന്നത്. ഫോട്ടോ ജേർണലിസത്തിലെ ഏറ്റവും ഉയർന്ന അംഗീകാരങ്ങളിലൊന്നായി ഈ അവാർഡ് കണക്കാക്കപ്പെടുന്നു.


വേൾഡ് പ്രസ് ഫോട്ടോ പുരസ്കാരം 2025-ൽ ഷോട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 10 ചിത്രങ്ങൾ കാണാം.


2024 മാർച്ച് 7ന് മെക്സിക്കൻ – അമേരിക്കൻ അതിർത്തി കടന്നതിന് ശേഷം മഴയുടെ തണുപ്പിൽ നിന്നും രക്ഷ നേടാൻ ചൂട്കായുന്ന ചൈനീസ് അഭയാർത്ഥികൾ. ഗെറ്റി ഇമേജസിന് വേണ്ടി കാലിഫോർണിയയിലെ കാമ്പോയിൽ വെച്ച് ജോൺ മൂർ പകർത്തിയ ചിത്രം.


മനകാപുരു എന്ന ഗ്രാമത്തിൽ താമസിക്കുന്ന തന്റെ അമ്മയ്ക്ക് ഭക്ഷണം കൊണ്ടുനൽകുന്ന ഒരു യുവാവ്. മുൻപ് ഗ്രാമത്തിലേക്ക് ബോട്ടിലൂടെയാണ് പോയികൊണ്ടിരുന്നത്. എന്നാൽ, വരൾച്ച കാരണം ബ്രസീലിലെ ആമസോണിലെ സോളിമോസ് നദിയുടെ വരണ്ട നദീതടത്തിലൂടെ കിലോമീറ്ററുകളോളം നടന്നുവേണം ഇപ്പോൾ അടുത്ത ഗ്രാമത്തിലെത്താൻ. ആമസോണിലെ വരൾച്ചയുടെ കാഠിന്യം വെളിവാകുന്ന ഈ ചിത്രം ബെർത്ത ഫൗണ്ടേഷന് വേണ്ടി മുസുക് നോൾട്ടെ പകർത്തിയതാണ്.


തമേല സഫേലു എന്ന ബോഡിബിൽഡർ തന്റെ വീടിന് മുന്നിൽ. ഉഗാണ്ടയിലെ കമ്പാലയിൽ നിന്നും 2024 ജനുവരി 25ന് മരിജ്ൻ ഫിഡർ പകർത്തിയ ചിത്രം.


2024 പാരിസ് ഒളിംപിക്സിൽ പുരുഷന്മാരുടെ സർഫിങ്ങിനിടെ തിരമാലയിൽ അകപ്പെട്ട ബ്രസീലിന്റെ ഗബ്രിയേൽ മദീന. എ.എഫ്.പിക്ക് വേണ്ടി ജെറോം ബ്രൂയിലറ്റ് പകർത്തിയ ചിത്രം.


റഷ്യ- യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് സ്വന്തം ഗ്രാമത്തിൽ നിന്നും പലായനം ചെയ്യേണ്ടി വന്ന ആഘാതത്തിൽ തന്റെ പുതിയ വീട്ടിൽ കിടക്കുന്ന അൻഹെലീന എന്ന ആറ് വയസ്സുകാരി. ഫ്ലോറിയൻ ബാച്ച്മെയർ പകർത്തിയ ചിത്രം.


2024 ജൂലൈ 13-ന് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമം. ദി വാഷിംഗ്ടൺ പോസ്റ്റിന് വേണ്ടി ജാബിൻ ബോട്‌സ്‌ഫോർഡ് പകർത്തിയ ചിത്രം.


2024 നവംബർ 30-ന് ബ്രസീലിലെ റിയോഡി ജനീറോയിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെ ബൊട്ടഫോഗോ ആരാധകർ തങ്ങളുടെ ടീമിന്റെ വിജയം ആഘോഷിക്കുന്നു. ആന്ദ്രെ കൊയ്‌ലോ പകർത്തിയ ചിത്രം.


2024 സെപ്റ്റംബർ 29ന് ബെയ്റൂട്ടിലെ ദഹിയെയിലെ കെട്ടിടങ്ങളിൽ നിന്നും മാറിനിന്നുകൊണ്ട് ഇസ്രയേൽ ഡ്രോൺ ആക്രമണങ്ങൾ വ്യാകുലതയോടെ വീക്ഷിക്കുന്ന ആളുകൾ. മുറാത്ത് സെൻഗുൾ പകർത്തിയ ചിത്രം.


എൽ സാൽവദോറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം സാന്റ ടെൽക്കയിൽ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്ത ചിത്രം. അന്ന് മുതൽ 80,000 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കാർലോസ് ബരേര പകർത്തിയ ചിത്രം.


മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരായ ജനകീയ പ്രക്ഷോപത്തിനിടെ ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവും ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ പ്രതിമ പ്രക്ഷോപകാരികൾ തകർത്തപ്പോൾ. 2024 ആഗസ്റ്റ് 5 ന് സുവ്ര കാന്തി ദാസ് പകർത്തിയ ചിത്രം.