അനുയായികൾക്ക് ലഭിച്ച ഉറപ്പിൽ നിന്നാണ് അപ്പച്ചൻ ‌ദൈവമാകുന്നത്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ആധുനിക കേരള ചരിത്രത്തിലെ വ്യത്യസ്തവും, വ്യതിരക്തവുമായ പ്രസ്ഥാനമാണ് പ്രത്യക്ഷ രക്ഷാ ദൈവസഭ. ഒരേസമയം സാംസ്കാരികമായ നിർമാണവും, ആധുനികമായ കാഴ്ചപാടുകളും, ഉത്തരാധുനികമായ ഇടപെടലുകളുമാണ് പ്രത്യക്ഷ രക്ഷാ ദൈവസഭയെ സമാനതകളില്ലാത്ത പ്രസ്ഥാനമാക്കി നിലനിർത്തുന്നത്. അതാവട്ടെ അതിന്റെ സ്ഥാപകനും, നേതാവും, ദൈവവുമായ പൊയ്കയിൽ അപ്പച്ചന്റെ (പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ) സവിശേഷതകൾ തന്നെയാണ് താനും. ഒരേ സമയം വ്യത്യസ്ത ലയറുകളിൽ ഉള്ള പ്രവർത്തനം നമുക്ക് അപ്പച്ചന്റേതായി കാണാവുന്നതാണ്.1 ആത്മീയ പ്രവർത്തനം നടത്തുന്ന അപ്പച്ചൻ, അതേ സമയം തന്നെ ഒരു സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ നിലകൊള്ളുന്നുണ്ട്. അതിന് കാരണം ഒരേസമയം ഇന്ത്യൻ സമൂഹത്തിൽ നിലനിന്ന കൊളോണിയൽ ആധുനികതയുടെ ധാരയിലും, നവോത്ഥാന ധാരയിലും ഒരേപോലെ അപ്പച്ചൻ ഇടപെട്ടു എന്നതിലാണ്. ഒന്ന് സാമൂഹിക വിമർശനത്തെ യുക്തികൊണ്ട് എതിർക്കുന്ന വിമർശനമണ്ഡലവും മറ്റൊന്ന് സാംസ്കാരിക പൊളിച്ചെഴുത്തിന് ശ്രമിക്കുന്ന പരിവർത്തനമണ്ഡലവുമാണ്. അതിനാലാണ് ഒരേ സമയത്ത് തന്നെ കീരിപ്പല്ല് വച്ച വടിയും പിടിച്ച്, തലയിൽ തൊപ്പിയും ധരിച്ചു വരുന്ന പൊയ്കയിൽ അപ്പച്ചനെയും, ഒറ്റമുണ്ടും തോർത്തും ധരിച്ച വിശ്വാസികളുടെ അപ്പച്ചനെയും കാണാൻ സാധിക്കുന്നത്. ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന വ്യത്യസ്ത അസമത്വങ്ങൾ കേവലമായ സാമൂഹിക പ്രശ്നം മാത്രമല്ലെന്നും അതിന്റെ വേരുകൾ ആത്മീയ അധിനിവേശത്തിന്റെ കൂടി പരിണിതഫലമാണെന്നും അപ്പച്ചൻ തുറന്നുക്കാട്ടുന്നുണ്ട്. അതിനാൽ തന്നെ ആത്മീയ-സാമൂഹിക വ്യവസ്ഥയെ ഒന്നായി പ്രശ്നവൽക്കരിച്ചുകൊണ്ടാണ് അപ്പച്ചൻ സംസാരിച്ചിരുന്നത് .

ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി അടിത്തട്ടിലെ മനുഷ്യരിൽ നിന്ന് ഉയർന്നുവന്ന കേരള നവോത്ഥാന പ്രക്രിയയെ പരിശോധിക്കുമ്പോൾ അതിൽ സ്വത്വം, സാംസ്കാരികത, ആത്മീയത എന്നീ ഘടനകളെ പുനർനിർമ്മിച്ച് സാമൂഹ്യനീതി സമൂഹമായി പരിവർത്തനപ്പെടുത്താനുള്ള ശ്രമം നടത്തുന്നത് പൊയ്കയിൽ അപ്പച്ചനാണ് എന്ന് കാണാവുന്നതാണ്. ഇന്ത്യൻ ഭൂപ്രദേശത്തെ സാമൂഹിക അസമത്വങ്ങൾ സാംസ്കാരികമായിക്കൂടി ഉൾച്ചേർന്നിരിക്കുന്ന ഒന്നാണെന്നും, അതിനാൽ കേവല സാമൂഹിക മാറ്റത്തിനപ്പുറം, സാമൂഹിക പരിവർത്തനം തന്നെ നടപ്പിലാക്കേണ്ടത് ഉണ്ടെന്നുമുള്ള വ്യക്തമായ ലക്ഷ്യമാണ് അപ്പച്ചൻ മുന്നോട്ട് വച്ചത്. സാമൂഹിക-സാംസ്കാരിക അസമത്വങ്ങൾ എത്തരത്തിൽ ആത്മീയ അന്യവൽക്കരണത്തിലേക്ക് നയിക്കുമെന്നും, ചരിത്രത്തിൽ കാണപ്പെടാത്തവരാക്കി ജനതകളെ എത്തരത്തിൽ സ്വത്വാധിനിവേശത്തിലൂടെ കീഴ്പ്പെടുത്തുമെന്നും അപ്പച്ചൻ തന്റെ യോഗങ്ങളിലൂടെയും, പാട്ടുകളിലൂടെയും വിളിച്ച് പറയുന്നുണ്ട്. അതിനെ റദ്ദ് ചെയ്യാനുള്ള ശ്രമമായാണ് അടിത്തട്ടിൽ നിന്നുണ്ടായ അപ്പച്ചന്റെ പരിശ്രമങ്ങളെ മനസിലാക്കേണ്ടതും. അടിമത്തത്തെ സൂചകമാക്കിക്കൊണ്ട് അടിമവിഷയസിദ്ധാന്തത്തിലൂടെ സാർവ്വദേശീയമായ ആത്മീയ-സാമൂഹിക സ്വാതന്ത്ര്യത്തിന്റെ ചിന്തയും സങ്കല്പവും അപ്പച്ചൻ അതിനാൽ തന്നെയാണ് മുന്നോട്ട് വയ്ക്കുന്നതും. ഇത്തരത്തിൽ സമൂഹത്തിലും, ചരിത്രത്തിലും, ആത്മീയതയിലും സാംസ്കാരികതയിലും ഇടപെട്ട അപ്പച്ചൻ, നിർമിച്ച വൈജ്ഞാനികമണ്ഡലം കൂടി ഉപയോഗപ്പെടുത്തി നേടിയെടുത്തതാണ് പിൻകാല കേരളത്തിന്റെ പുരോഗമന ബോധ്യങ്ങൾ.

പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ

അടിത്തട്ട് രാഷ്ട്രീയത്തിന്റെ ശക്തനായ പ്രയോക്താവ്

രണ്ട് തരം കോളനിവൽക്കരണത്തിനെതിരെയാണ് യഥാർത്ഥത്തിൽ അപ്പച്ചൻ തന്റെ പ്രവർത്തനം നടത്തിയത്. അതായത് ഇന്ത്യൻ ഭൂപ്രദേശത്തിൽ നിലനിൽക്കുന്ന ആര്യാഗമനത്തിലൂടെയുണ്ടായ ഒന്നാമത്തെ കുടിയേറ്റ കോളനിവൽക്കരണത്തിനും (settler’s colonisation), രണ്ടാമത് വെള്ളക്കാർ കടന്നുവന്ന കോളനിവൽക്കരണത്തിനും എതിരെയാണ് അപ്പച്ചന്റെ പ്രവർത്തനം നടന്നത്. ഈ കോളനിവൽക്കരണങ്ങൾ വഴി നടത്തുന്ന അധിനിവേശങ്ങളും, അധീശത്വങ്ങളും നിർമിക്കുന്ന സാംസ്കാരിക അസമത്വങ്ങളെയും, സാമൂഹിക തിന്മകളെയും മറ്റിതര പ്രശ്‌നങ്ങളെയും തുറന്ന് കാണിച്ചുകൊണ്ട് ഒരു പ്രശ്നവൽക്കരണമായിരുന്നു അപ്പച്ചന്റെ യോഗങ്ങളിലും ഇടപെടലുകളിലും നിറഞ്ഞുകേട്ടിരുന്നത്. അടിമത്തം, ജാതി, പുരുഷാധിപത്യം തുടങ്ങി എല്ലാവിധ സാമൂഹിക തിന്മകളും ഈ രണ്ട് വൈദേശിക കടന്നുകയറ്റങ്ങളുടെ ഉത്പന്നങ്ങൾ ആണെന്ന് അപ്പച്ചൻ പറയുന്നു. അതിനാൽ തന്നെ അപകോളനീകരണം (Decolonization) നടക്കേണ്ടത് അനിവാര്യമാണെന്നും അത് സംഭവിക്കും എന്നുമുള്ള പ്രഖ്യാപനങ്ങൾ അപ്പച്ചൻ നടത്തുന്നുണ്ട്. “രാജാവ് കിരീടം താഴെ വയ്ക്കുമെന്നും, സായിപ്പ് കപ്പയ്ക്കിടവഴി ഓടുമെന്നും” അപ്പച്ചൻ പ്രസ്താവിക്കുന്നത് ഈ രണ്ട് തരം ഡീകോളനൈസേഷനെ സൂചിപ്പിച്ചുകൊണ്ടാണ്. പുതിയൊരു ആകാശവും ഭൂമിയുമാണ് താൻ സൃഷ്ടിച്ചിരിക്കുന്നത് എന്ന് അപ്പച്ചൻ പി.ആർ.ഡി.സിനെ സൂചിപ്പിച്ചു പറയുമ്പോൾ പുതിയൊരു മനുഷ്യനും അതിൽ സൃഷ്ടിക്കപ്പെടുന്നുണ്ട് എന്നതാണ് പ്രസക്തമാവുന്നത്. ഫ്രാന്റ്സ് ഫാനൻ തന്റെ ‘ദി റെച്ചഡ് ഓഫ് ദി എർത്ത്’ എന്ന പുസ്തകത്തിൽ പറയുന്നതുപോലെ, “ഡീകോളനൈസേഷൻ പുതിയ മനുഷ്യന്റെ സൃഷ്ടിയെക്കുറിക്കുന്നു. കോളനിവൽക്കരിക്കപ്പെട്ട വസ്തു സ്വാതന്ത്ര്യം നേടുന്നതോടെ മനുഷ്യനായി രൂപാന്തരം പ്രാപിക്കുന്നു”. പൊയ്കയുടെ ‘വേർതിരിക്കപ്പെട്ട സന്തതികൾ’ അത്തരത്തിൽ അപ്പച്ചൻ രൂപാന്തരപ്പെടുത്തിയ പുതിയ മനുഷ്യരായാണ് മാറുന്നത്.

അമ്മച്ചി (അപ്പച്ചന്റെ പത്നി വി. ജാനമ്മ)

ആത്മീയതയിലൂടെയും, സായുധവിപ്ലവത്തിലൂടെയും സാധ്യമാക്കിയ കോളനിവൽക്കരണത്തെ ആത്മീയതയാലും, ഓർമപ്പെടുത്തലുകളാലുമാണ് അപ്പച്ചൻ അഴിച്ചെറിയാൻ ശ്രമിച്ചത്. ഒന്നാം കുടിയേറ്റ കോളനിവൽക്കരണത്തിന്റെ സൃഷ്ടിയായ ബ്രാഹ്മണിസത്തെ അപ്പച്ചൻ യുക്തിപരമായുള്ള ചോദ്യങ്ങളാലും, ചരിത്രപുനർനിർമ്മാണങ്ങളാലും, രാഷ്ട്രീയപ്രവർത്തനം കൊണ്ടും ആത്മീയതകൊണ്ടും മറികടക്കാൻ ശ്രമിക്കുന്നുണ്ട്. ജാതിയുമായി ബന്ധപ്പെട്ട എല്ലാവിധ വിമർശനങ്ങളും, പാട്ടുകളും ഇടപെടലുകളും ബ്രാഹ്മണിസത്തിന്റെ അകക്കാമ്പിനെയാണ് ചോദ്യം ചെയ്യുന്നത്. ഇതൊരു കൊളോണിയൽ വിരുദ്ധ രാഷ്ട്രീയമായി വികസിക്കുന്നത് നമുക്ക് കാണാനും സാധിക്കും. ആദി ദ്രാവിഡ സങ്കൽപ്പം അത്തരത്തിലാണ് അപ്പച്ചൻ ഉപയോഗപ്പെടുത്തുന്നത്. ഈ സങ്കല്പം ആത്മീയമായ ഒന്നായിട്ടാണ് ഇന്ന് തെറ്റിദ്ധരിക്കപ്പെടുന്നതെങ്കിലും അതിന് അപ്പച്ചന്റെ ആത്മീയ വിഷയവുമായി ബന്ധങ്ങൾ ഒന്നും തന്നെയില്ല. ‘അടിമയുടെ ജീവിതം’ എന്ന പുസ്തകത്തിൽ എ.വി അനിൽകുമാർ, അപ്പച്ചന്റെ യോഗത്തിൽ പങ്കെടുത്ത യിരെമ്യാവിന്റെ ഓർമയെ ഇങ്ങനെ അടയാളപ്പെടുത്തുന്നുണ്ട്. “വാകത്താനത്ത് സഭാംഗങ്ങളിലൊരാളുടെ വീട്ടിലായിരുന്നു യോഗം. കേൾവിക്കാരായി സവർണ്ണ ഹിന്ദു-ക്രിസ്ത്യൻ വിഭാഗങ്ങൾ. മന്ത്രവാദവും പിശാചുബാധയും സ്പർശിച്ചാണ് യോഹന്നാൻ പ്രസംഗം തുടങ്ങിയത്. അവ രുചിക്കാതെ സവർണ്ണർ പിന്മാറി. ഈ വിടവിൽ അദ്ദേഹം ആര്യൻ അധിനിവേശം, അടിമപ്രശ്നം, പ്രാചീനചരിത്രം തുടങ്ങിയ വിഷയങ്ങളിലേക്ക് പടർന്നു കയറി. സംസാരമാറ്റം അറിഞ്ഞെത്തിയ സവർണ്ണർ യോഗസ്ഥലം കയ്യേറി. സംഭവം ‘വാകത്താനം ലഹള’ എന്ന പേരിലാണറിയപ്പെട്ടത്”. യിരെമ്യാവ് തന്നെ മറ്റൊരിടത്ത് യോഹന്നാന്റെ അനുയായികൾക്കായി മറ്റൊരു യോഗമാണ് നടത്തുന്നത് എന്നും സൂചിപ്പിക്കുന്നുണ്ട്. അതായത് ആര്യാഗമനം മുതൽ ആദി ദ്രാവിഡ വരെയുള്ള എല്ലാ കാര്യങ്ങളും പിന്നോക്കവിഭാഗങ്ങൾ ഇരിക്കുന്ന പൊതുവിടങ്ങളിലെ സംസാരവിഷയങ്ങൾ ആയിരുന്നു.”ആര്യപ്പൂനാട്ടിൽ നിന്നേ തെയ്യംതാര”2 എന്ന പാട്ടൊക്കെ അതിന്റെ ഭാഗമായി ഉണ്ടാവുന്നതാണ്. അതേസമയം അപ്പച്ചന്റെ മൗലികമായ ആത്മീയയോഗങ്ങൾ അനുയായികൾക്ക് മാത്രമായി പരിമിതപ്പെടുത്തപ്പെട്ടതുമായിരുന്നു. അവിടെ നടക്കുന്നത് പുറത്താരോടും പറയുകയില്ല എന്ന് അനുയായികൾ പ്രതിജ്ഞയും എടുത്തിരുന്നു. ഇത്തരത്തിൽ ശക്തമായ അബ്രാഹ്മണ രാഷ്ട്രീയപ്രവർത്തനം അപ്പച്ചൻ തന്റെ സഞ്ചാരയോഗങ്ങളുടെ ഭാഗമായി നടത്തിയിരുന്നു. ഇതിന്റെ തുടർച്ച അപ്പച്ചന് ശേഷവും പി.ആർ.ഡി.എസിൽ കാണാൻ സാധിക്കും. അപ്പച്ചൻ ഗുരുദേവൻ ആകുന്നതും അപ്പച്ചന്റെ അബ്രാഹ്മണ രാഷ്ട്രീയത്തിന്റെ പിന്തുടർച്ചയാണ്. അപ്പച്ചന്റെ കാലത്തെ അബ്രാഹ്മണ രാഷ്ട്രീയം ആദിദ്രാവിഡ സങ്കല്പമാണ് ഉപയോഗപ്പെടുത്തിയതെങ്കിൽ, അമ്മച്ചിയുടെ (അപ്പച്ചന്റെ പത്നിയും സഭയുടെ പിൻകാല പ്രസിഡന്റുമായിരുന്ന വി. ജാനമ്മ) കാലം വന്നപ്പോൾ ഗുരു സങ്കല്പമായിരുന്നു രാഷ്ട്രീയ ടൂൾ. ബ്രാഹ്മണന് മാത്രം ഗുരുവാകാൻ സാധിക്കുന്നിടത്ത് പൊയ്കയിൽ ശ്രീകുമാരഗുരുദേവനെന്ന അബ്രാഹ്മണ ഗുരുവും പ്രത്യക്ഷമായി.

അപ്പച്ചൻ ജനിച്ച വീട്.

രണ്ടാമത്തെ കൊളോണിയലിസമായ വെള്ളക്കാരന്റെ ആധുനിക കോളനിവൽക്കരണത്തെ എതിർക്കാനായിട്ടാണ് അപ്പച്ചൻ ബൈബിൾ പ്രയോജനപ്പെടുത്തിയിരുന്നത്. ക്രിസ്തുവിനെ തന്നെ വെള്ളക്കാരന്റെ സ്വത്വമായിട്ടാണ് അപ്പച്ചൻ അവതരിപ്പിച്ചിരുന്നത്. യഹൂദന്റെ ജ്ഞാനവ്യവസ്ഥയായ ബൈബിൾ അവൻ ലോകത്തെ കീഴ്പ്പെടുത്താൻ ഉപയോഗിക്കുന്നു എന്നതിനാൽ ഇതിൽ നമുക്ക് രക്ഷയില്ല എന്ന് ബോധ്യപ്പെടുത്തിയാണ് ബൈബിൾ അഗ്നിക്കിരയാക്കാൻ അപ്പച്ചൻ പ്രഖ്യാപിച്ചത്. ‘ദി ഗ്രേറ്റ്‌ സ്റ്റെയ്ൻ’ എന്ന പുസ്തകത്തിൽ നോയൽ റേ എത്തരത്തിലാണ് ബൈബിൾ ഉപയോഗപ്പെടുത്തി അമേരിക്കയിൽ കറുത്തവർഗ്ഗക്കാരെ അടിമപ്പെടുത്തിയത് എന്ന് വിശദീകരിക്കുന്നുണ്ട്. ബൈബിളിലെ നോഹയുടെ കഥയിൽ, അപ്പനായ നോഹയുടെ ശാപം കിട്ടിയ കൊച്ചുമകനായ കനാന്റെ പിന്തലമുറയായി കറുത്ത വർഗ്ഗക്കാരെ ചിത്രീകരിക്കുകയും അതുവഴി ഷേമിന്റെയും, യാഫേത്തിന്റെയും തലമുറകളെ (വെള്ളക്കാരായി അവതരിപ്പിക്കുന്നു) അവർ സേവിക്കണം/അടിമകളാവണം എന്നും വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ട് അമേരിക്കൻ അടിമത്തത്തെ നിർമ്മിച്ചു. കേരളത്തിലെ ദലിത് ക്രൈസ്തവർക്ക് ഇടയിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ‘പെറ്റാറുദിനം കഴിഞ്ഞു തള്ള’ എന്ന അടിമത്താനുഭവങ്ങളുടെ പാട്ടിന്റെ അവസാനവരികൾ,

“യൂറോപ്യൻമാർ ഇറങ്ങി വന്നു, അടിമയെ വിടുവിച്ചു സുവിശേഷത്താൽ” 3 എന്ന പാട്ട് കേരളത്തിലെ മനുഷ്യർക്ക് വെള്ളക്കാരനോടുള്ള വിധേയത്വം നിർമിക്കുന്ന നിലയിലുള്ളതാണ്. ഇത്തരത്തിൽ കൊളോണിയിലിസം ആത്മീയവും-ബൗദ്ധികവുമായ മേലായ്മയെ അംഗീകരിപ്പിക്കലിൽ നിന്ന് ഉണ്ടായി വരുന്നതിനാൽ വെള്ളക്കാരന്റെ ദൈവത്തെ തന്നെ തള്ളിക്കളയേണ്ടത് അനിവാര്യമാണെന്ന് അപ്പച്ചൻ തന്റെ അനുയായികളെ ബോധ്യപ്പെടുത്തിയിരുന്നു. “കടൽ കടന്നുവന്നവന്റെ വള്ളവും ചരക്കും വന്നപോലെ പോകും”4 തുടങ്ങിയുള്ള പ്രവചനങ്ങൾ അപ്പച്ചന്റെ കൊളോണിയൽ വിരുദ്ധ പ്രഖ്യാപനങ്ങൾ ആയിരുന്നു.

വാകത്താനം ലഹള. വര, അരവിന്ദ് രാജു. കടപ്പാട്: navamalayali.com

കൊളോണിയൽ അടിമത്തവും, ആത്മീയ അന്യവൽക്കരണവും

രണ്ട് തരം കൊളോണിയലിസത്തിനും അതിന്റേതായ ആഘാതങ്ങൾ രാജ്യത്ത് ഉണ്ടാക്കാൻ സാധിച്ചിരുന്നു. രണ്ട് തരം ആത്മീയ അധിനിവേശങ്ങൾ അരികുവൽക്കരണങ്ങളുടെയും, അനാഥപ്പെടുത്തലുകളുടെയും രണ്ട് വ്യവസ്ഥകളെ സൃഷ്ടിച്ചു. ഒന്നാം കൊളോണിയലിസത്തിന്റെ സൃഷ്ടിയാണ് ജാതി അടിമത്തം. അവ കുടുംബങ്ങളെ ശിഥിലമാക്കുകയും, മനുഷ്യന്റെ അന്തസ്സിനെ തന്നെ ഇല്ലാതാക്കുകയും ചെയ്തു. അതിക്രൂരമായ ഈ വ്യവസ്ഥ പുറംവഴികളെയും പുറംജാതികളെയും നിർമ്മിച്ചു. അങ്ങനെ മൃഗങ്ങളേക്കാൾ അപരിഷ്കൃതമായ ജീവിത സാഹചര്യങ്ങളിലേക്കും കൊടിയ അനാഥത്വത്തിലേക്കും ഇപ്പോഴത്തെ അടിത്തട്ട് മനുഷ്യരെ കൊണ്ടെത്തിച്ചു. അപ്പച്ചൻ ആ അവസ്ഥയെ പല പാട്ടുകളിലായി വിവരിക്കുന്നുണ്ട്.

“ആഴമായി കുഴികൾ മാന്തി ഏഴകളെ അതിലാക്കി
നെറുകയിൽ നെയ്യൊഴിച്ചു കുഴിയിലായി നിറുത്തിയവർ
നെറുകയിൽ നെയ്യുറുമ്പങ്ങരിച്ചിറങ്ങി
പ്രാണനുള്ള മനുഷ്യരെ
പ്രാണികൾ തിന്നൊടുക്കുമ്പോൾ.”5

മുൻപിതാക്കൾക്ക് വന്നൊരല്ലൽ6 എന്ന മറ്റൊരുപാട്ടിൽ അടിമജീവിതത്തിന്റെ ദൈന്യദിന അവസ്ഥയെ വിവരിക്കുന്നുണ്ട്. അതേപോലെ അടിമകച്ചവടങ്ങൾ നിർമിക്കുന്ന അനാഥത്വത്തെ ഓർമപ്പെടുത്തിക്കൊണ്ട്,
“അപ്പനില്ലേ തിന്താരാ,
ഞങ്ങൾക്കമ്മയില്ലേ തിന്താരാ”7 എന്നൊരു പാട്ട് അപ്പച്ചൻ പാടുന്നുണ്ട്. കാളയോടും പോത്തിനോടും നുകം കെട്ടി വലിച്ച ജാതിയടിമത്ത ഓർമകൾ ഉൾപ്പടെ ഒന്നാം കൊളോണിയലിസത്തിന്റെ സൃഷ്ടികളായാണ് അപ്പച്ചൻ വിവരിക്കുന്നത്. രണ്ടാമത്തെ കൊളോണിയലിസത്തിന്റെ സൃഷ്ടിയായ രാജ്യാന്തര അടിമകച്ചവടത്തെ ഒരു പാട്ടിൽ അപ്പച്ചൻ സൂചിപ്പിക്കുന്നുണ്ട്.
“ഒട്ടനേകരിൻ ദേഹമെല്ലാം
മത്സ്യത്തിനുദരത്തിലായ്
അസ്ഥികൾ അഞ്ചുനാഴിക
സമുദ്രത്തിനുള്ളിലായി”8 എന്ന വരികൾ കപ്പൽ കയറ്റികൊണ്ടുപോയ അടിമകളെ ഓർമിപ്പിച്ചുകൊണ്ടാണ് അപ്പച്ചൻ പാടുന്നത്.

ഇത്തരത്തിൽ അടിമത്തത്തിന് സാധ്യത നൽകുന്നത് ആത്മീയപരമായി നിർമിക്കുന്ന അന്യവൽക്കരണമാണ് എന്നത് അപ്പച്ചൻ മുന്നോട്ട് വച്ചിരുന്നു. ആത്മീയ വ്യവസ്ഥ ഒരു പ്രത്യേക വംശത്തിന്റെ രക്ഷയെ പറ്റിയാണ് പറയുന്നതെന്നും ബാക്കിയുള്ളവരെ പുറംവഴിയാക്കി അടിമത്തത്തിലേക്ക് നയിക്കുമെന്നും അപ്പച്ചൻ പറയുന്നു. അതിനാൽ തന്നെ സാമൂഹിക അസമത്വങ്ങളെയും അടിമത്തത്തെയും സാധ്യമാക്കിയ ആത്മീയ അന്യവൽക്കരണങ്ങളെ അപ്പച്ചൻ ശക്തമായി പ്രശ്നവൽക്കരിക്കുന്നത് നമുക്ക് കാണാൻ സാധിക്കും. ‘പറയനൊരു പള്ളി, പുലയനൊരു പള്ളി’9 തുടങ്ങിയ പാട്ടുകൾ ക്രിസ്തുമതത്തിന്റെ പ്രവർത്തനത്തെ ചോദ്യം ചെയ്യുമ്പോൾ, ‘പുള്ളയ്ക്ക് കാകാശ് അമ്മിയ്ക്കരകാശ്’10 എന്ന് തുടങ്ങുന്ന പാട്ടുകൾ ഹിന്ദുമതത്തിന്റെ പ്രവർത്തനത്തെ ചോദ്യം ചെയ്യുന്നുണ്ട്. ഇത്രയൊക്കെ ചെയ്തിട്ടും രക്ഷയ്ക്ക് നിശ്ചയം വന്നില്ല കേട്ടോ എന്ന് പറഞ്ഞുകൊണ്ടാണ് ‘ഹിന്ദുമതത്തിൻ പുറംവഴിയേ നമ്മൾ അനാഥരെ പോൽ സഞ്ചരിച്ചു’11 എന്ന് തുടങ്ങുന്ന പാട്ട് അപ്പച്ചൻ തന്റെ ജനതയോട് പാടിയത്. അതിലൂടെ തൽക്ഷണം നമുക്ക് ഒരു കെട്ടിടം തീർത്തിടാം എന്നൊരു ആഹ്വാനം നടത്തുകയും ഇത്തരം അന്യവൽക്കരണത്തെ നമുക്ക് മറികടക്കേണ്ടതുണ്ടെന്നും അപ്പച്ചൻ പാടിവയ്ക്കുന്നു.

വര, അരവിന്ദ് രാജു. കടപ്പാട്: navamalayali.com

ജാതി നിർമ്മൂലനം- വേർതിരിക്കപ്പെട്ടവർക്കായൊരു സാംസ്കാരികത

പ്രത്യക്ഷരക്ഷാ ദൈവസഭ ഒരു സാമൂഹിക പ്രസ്ഥാനമെന്ന നിലയിൽ, നടപ്പിലാക്കേണ്ട ഏറ്റവും പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായി കരുതിയിരുന്നത് ജാതി നിർമ്മൂലനമായിരുന്നു. അത്‌ കൃത്യമായും പൊയ്കയിൽ അപ്പച്ചന്റെ രാഷ്ട്രീയത്തിന്റെ ഭാഗവുമായിരുന്നു. സാമൂഹിക-ആത്മീയ വ്യവഹാരങ്ങളെ അപ്പച്ചൻ പലപ്പോഴും ഒന്നുപോലെ തന്റെ പ്രവർത്തനത്തിലൂടെ നടപ്പിലാക്കിയിരുന്നതുകൊണ്ട്, ജാതി നിർമ്മൂലനമെന്ന രാഷ്ട്രീയം നടപ്പിലാക്കപ്പെട്ടതും ആത്മീയതയിലൂടെയായിരുന്നു. കൊളോണിയൽ ആധുനികത തുറന്നിട്ട സംസ്കൃതവൽക്കരണം എന്ന സാധ്യത അക്കാലത്ത് പ്രബലമായിരുന്നു. എന്നാൽ അപ്പച്ചൻ അതിനെ പാടെ തള്ളിക്കളഞ്ഞുകൊണ്ടാണ് ജാതി നിർമ്മൂലനത്തിൽ ഉറച്ചു നിന്നത്. സംസ്കൃതവൽക്കരണത്തിലൂടെ ജാതിയെ ഉയർത്തുന്നതിനെയും, ജാതി സാംസ്കാരികവൽക്കരണം (Caste Culturalization) നടത്തുന്നതിനെയും എതിർത്തുകൊണ്ടാണ് അപ്പച്ചൻ നവോത്ഥാനത്തെ സാധ്യമാക്കിയത്.

“പുലയരെല്ലാരും കൂടി ചേരമാരായാലെന്താ
പുലയന്റെ പുല മാറുമോ
പറയരെല്ലാരും കൂടി
സാംബവരായാലെന്താ
പറയന്റെ പഴി മാറുമോ”12

എന്ന പാട്ട് അപ്പച്ചൻ പാടുന്നത് തന്നെ ഈ വിധത്തിൽ ഉള്ള സംസ്‌കൃതവൽക്കരണത്തെ എതിർത്തുകൊണ്ടാണ്. ഇത്തരത്തിലുള്ള താർക്കികതയുടെയും, പരിവർത്തന പ്രവർത്തനങ്ങളുടെയും ഫലമായിക്കൂടിയാണ് സ്വജാതി വിവാഹങ്ങൾ ഉൾപ്പടെ ഉള്ളവയെ ഇല്ലാതാക്കി പുതിയൊരു സമൂഹമായി പി.ആർ.ഡി.എസ് മാറ്റപ്പെട്ടത്.

അപ്പച്ചൻ തന്റെ താർക്കികരീതിയെ ചിട്ടപ്പെടുത്തിയിരുന്നത് ഭൗതിക-മാനസിക പുനർനിർവചനത്തെ കേന്ദ്രബിന്ദുവാക്കി പരിവർത്തനത്തെ സാധ്യമാക്കുന്ന നിലയിലായിരുന്നു. ചരിത്രത്തെയും, വിശ്വാസത്തെയും ഉപയോഗപ്പെടുത്തിയിരുന്നത് ഇതേ നിലയിലാണ്. അക്കാലത്തെ മനുഷ്യരുടെ ധാരണകളുടെ ഏകപക്ഷീയ സ്വഭാവത്തെ മറികടക്കാൻ സാധിക്കുന്ന നിലയിലുള്ള നിഷേധകയുക്തി അപ്പച്ചന്റെ താർക്കികതയിൽ നിലകൊള്ളുന്നുണ്ട്. അവരെന്താണെന്നാണോ അവർ കരുതുന്നത്, അവരെ അതല്ലാതാക്കിക്കൊണ്ടാണ് അപ്പച്ചൻ വിഷയാവതരണം നടത്തിക്കൊണ്ടിരുന്നത്. അതായത് ബോധത്തെ (consciousness) യുക്തി (reason) ഉപയോഗിച്ച് ചോദ്യം ചെയ്യുകയും പുതിയൊരു ആത്മബോധത്തെ (self consciousness) ഉണർത്തുകയും ചെയ്യുന്നു. ബോധവും സ്വത്വവും ഒരേസമയം സാംസ്കാരികതയുടെയും, സമൂഹത്തിന്റെയും സൃഷ്ടി ആയതുകൊണ്ട് തന്നെ ഇവയെ ചോദ്യം ചെയ്തുകൊണ്ടും, റദ്ദ് ചെയ്തുകൊണ്ടുമുള്ള സംവാദമണ്ഡലങ്ങൾ ഈ വിധം അപ്പച്ചൻ തന്റെ സഞ്ചാരയോഗങ്ങളിൽ എല്ലാം അവതരിപ്പിച്ചു.

ജാതി ഒരാളുടെ സ്വയം തിരഞ്ഞെടുപ്പല്ലെങ്കിലും അത് പാലിക്കാതിരിക്കാൻ ഓരോ മനുഷ്യനും സാധിക്കും. എന്നാൽ ഇവിടുത്തെ മനുഷ്യരെ സംബന്ധിച്ച് ചരിത്രബന്ധിതവും, വിശ്വാസബന്ധിതവുമായിരുന്ന ജാതി പാലിക്കാതിരിക്കാൻ ആവുമായിരുന്നില്ല. സംസ്കാരം, ലാവണ്യബോധം, വിശ്വാസ-ആചാരങ്ങൾ എല്ലാംതന്നെ ജാതിബന്ധിതമായിരുന്നു. അതിനാൽ തന്നെ ഇവരെ ജാതിയിൽ നിന്ന് പുറത്തെത്തിക്കാൻ ചരിത്രത്തെയും, സംസ്കാരത്തെയും തന്നെ മാറ്റിമറിക്കേണ്ടിവരും എന്ന് അപ്പച്ചന് പൂർണ്ണ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അപ്പച്ചൻ ഈ മനുഷ്യരോട് ‘ഇത് നിന്റെ ചരിത്രമല്ല’ എന്ന് പറഞ്ഞുകൊടുക്കുകയുണ്ടായി. ഇവർ പറയുന്ന ചരിത്രത്തിലും, എഴുതുന്ന ചരിത്രത്തിലും നിങ്ങളില്ലായെന്നും അവരെ ബോധ്യപ്പെടുത്തി. കേരളോൽപ്പത്തിയെ സംബന്ധിച്ച്‌ പറയുന്ന പരശുരാമകഥ അബോധമായിപ്പോലും മനുഷ്യരെ ബ്രാഹ്മണമേൽക്കോയ്മ അംഗീകരിപ്പിക്കുന്നുണ്ടായിരുന്നു. അങ്ങനെ ബ്രാഹ്മണിക്കൽ ചരിത്രത്തെയും, ഉല്പത്തിയേയും തള്ളിക്കളഞ്ഞ അപ്പച്ചൻ അതുവഴി ഹിന്ദു മതത്തിന്റെയും സംസ്കൃതഭാഷയുടെയും സാംസ്കാരിക അധീശത്വത്തെ റദ്ദ് ചെയ്തുകൊണ്ട് പുതിയൊരു പ്രതലം നിർമ്മിച്ചു. ജാതിയും, ലിംഗവിവേചനവുമില്ലാത്ത പുതിയ സാംസ്കാരിക ചരിത്രത്തിലേക്ക് അപ്പച്ചനാൽ മാറ്റപ്പെട്ട ജനത ഹിന്ദുജാതി ചരിത്രത്തിന്റെ ഭാഗമല്ലാതെ വേർതിരിക്കപ്പെട്ട ജനതയായി സ്വയം മാറ്റപ്പെട്ടു.

വര, അരവിന്ദ് രാജു. കടപ്പാട്: navamalayali.com

മതിയായ ദൈവം

അറിവിന്റെയും യുക്തിചിന്തയുടെയും ജ്ഞാനസംവാദങ്ങളുടെയും പാരമ്യത്തിലാണ് ഒരു ജനത അപ്പച്ചനെ ദൈവമായി കണ്ടെത്തുന്നത്. ആയിരക്കണക്കിന് വർഷക്കാലം അടിമയനുഭവിച്ചിട്ടും, പ്രാർത്ഥിച്ചിട്ടും കരുണ തോന്നാത്ത ദൈവങ്ങൾ എന്തിനാണ് തങ്ങൾക്ക് എന്ന ചിന്തയുടെ മുകളിലാണ് മതിയായ ദൈവമായ അപ്പച്ചൻ മതിയേ ഞങ്ങൾക്ക് എന്നവർ പറഞ്ഞത്. പരമ്പരാഗത ദാർശനിക വിചാരങ്ങളിൽ നിന്നല്ല അപ്പച്ചനെന്ന ദൈവം വരുന്നത്. നിസ്വാതന്ത്ര്യത്തിന്റെ, അടിമത്തത്തിന്റെ, അധിനിവേഷത്തിന്റെ, അപരവൽക്കരണത്തിന്റെ, അനാഥത്വത്തിന്റെ പരിണിതഫലങ്ങളിൽ നിന്നാണ്. അപ്പച്ചൻ തങ്ങൾക്കു മുന്നിൽ കാണിച്ച, അപ്പച്ചന്റെ നുകം വച്ച തഴമ്പുകളുള്ള അടിമ സഹിച്ച ശരീരത്തെ കണ്ട് കരഞ്ഞ ജനത പിന്നീട് വാഴപ്പോളയും, വീട്ടിച്ചവറും കരിഞ്ഞു പോവുമാറുള്ള തീജ്വാലയായ് അപ്പച്ചനെ കാണുന്നത് അവരുടെ തന്നെ ആവശ്യങ്ങളുടെ പ്രതിരൂപമായാണ്.13 അടിത്തട്ടു ജാതി സമൂഹങ്ങൾ തങ്ങൾക്ക് നഷ്ടപ്പെട്ട വ്യവസ്ഥയും ദൈവവും ആചാര്യനുമായി അപ്പച്ചനെ കണ്ടപ്പോൾ സവർണ്ണ സമുദായംഗമായിരുന്ന പുതിയ വീട്ടിൽ സത്യനാഥൻ എന്ന ആൾ തനിക്ക് നഷ്ടപെട്ട അമ്മയായാണ് അപ്പച്ചനെന്ന ദൈവത്തെ കണ്ടത്. (ഞാൻ പി.ആർ.ഡി.എസിലേക്ക് എന്ന ലേഖനത്തിൽ നിന്ന്).

അപ്പച്ചന്റെ പ്രവർത്തനങ്ങൾ ഒക്കെത്തന്നെ, അടിമത്തം ഇല്ലാതാക്കിയ ബന്ധങ്ങളുടെയും ദൈവശാസ്ത്രങ്ങൾ പുറംതിരിഞ്ഞു നിന്ന ജീവിതങ്ങളുടെയും വീണ്ടെടുപ്പ് ആയിരുന്നു. പ്രവർത്തനങ്ങളെ വിലയിരുത്തുമ്പോൾ പ്രതീകാത്മകമായി പോലും അത് കാണാവുന്നതാണ്. അടിമത്തത്തിലൂടെ ബന്ധം പിരിഞ്ഞുപോയ സഹോദരങ്ങളെയും സന്തതികളെയും തേടിയാണ് അപ്പച്ചന്റെ യാത്രകൾ തന്നെ നടക്കുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, അടിമകച്ചവടങ്ങളുടെ റദ്ദാക്കലാണ് അപ്പച്ചന്റെ യാത്രകളിൽ നടക്കുന്നത്. ദൈവശാസ്ത്രപരമായി അടിമപ്പെട്ട ഈ ജനതയുടെ ബന്ധപിരിച്ചിലുകളെ ഇല്ലാതാക്കാൻ ആ ദൈവത്തിനല്ലാതെ പറ്റില്ല എന്ന ബോധ്യത്തിൽ നിന്നുകൂടിയാണ് അപ്പച്ചനെ ഒരു തലമുറ ദൈവമായി കണ്ടെത്തിയത്. പ്രത്യക്ഷമായ രക്ഷയുടെ(ആത്മീയവും ഭൗതികവും) സാധ്യതകൾ പ്രധാനം ചെയ്യുകയും, ലോകത്തിലെ എല്ലാ അപരങ്ങൾക്കും ഓടി വരാനുള്ള കക്ഷിപ്പിണക്കമില്ലാത്ത പന്തയെ ഒരുക്കുകയും ചെയ്തുകൊണ്ട് ആശ്വാസത്തെ നൽകിയ താതനെ ഈ മനുഷ്യർ തങ്ങളുടെ വൈജ്ഞാനിക ബൗദ്ധികത കൊണ്ട് ദൈവമായി അടയാളപ്പെടുത്തി.

അപ്പച്ചന്റെ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്ന ഇരവിപേരൂരിലെ പി.ആർ.ഡി.എസ് മണ്ഡപം

മതിയായ ദൈവം ഒരുതരം സുനിശ്ചിതത്വം ആണ്. അതൊരിക്കലും ഒരു വിശ്വാസമല്ല. അനുയായികൾക്ക് ലഭിച്ച പൂർണ്ണമായ ഉറപ്പിൽ നിന്നാണ് പൊയ്കയിൽ അപ്പച്ചൻ അവർക്ക് മതിയായ ദൈവമാകുന്നത്. മനുഷ്യന്റെ കൂടുതൽ വേണം എന്ന സഹജവാസനയെ മറികടന്ന് അത്തരമൊരു ഉറപ്പായി അപ്പച്ചൻ എന്ന ദൈവം മാറിയത് അപ്പച്ചന്റെ രക്ഷയുടെ പ്രത്യക്ഷ സ്വഭാവം കൊണ്ടുകൂടിയാണ്. സാൽവേഷൻ എന്ന കാല്പനിക സെമെറ്റിക് നിർമിതിയിൽനിന്നും രക്ഷയുടെ എല്ലാവിധ ടൂളുകളും ഭൗതികമായി കയ്യിലേൽപ്പിച്ച അപ്പച്ചൻ, ദൈവമാണോ അല്ലയോ എന്ന വാദ പ്രതിവാദങ്ങളുടെ ബൈനറിക്ക് (ദ്വന്ദം) തന്നെ പുറത്താണ്. കാരണം സംശയങ്ങൾക്ക് സാധ്യത ഇല്ലാത്തവണ്ണം അവരുടെ ബോധ്യങ്ങളെ അപ്പച്ചൻ തൃപ്തിപ്പെടുത്തുന്നുണ്ട്. ഈ തൃപ്തി ഒരു വലിയ തലമുറയ്ക്ക് അനുഭവപ്പെട്ട അനന്യമായ സ്നേഹത്തിന്റെ അനന്തരഫലമായിരിക്കുന്നത് കൊണ്ട് തന്നെ ജനാധിപത്യ ആത്മീയ ഇടങ്ങൾ നിർമിച്ച അപ്പച്ചൻ അവർക്ക് എല്ലാകാലത്തും മതിയായ ദൈവം തന്നെയായിരിക്കും.

സൂചിക

1. വ്യവസ്ഥയുടെ നടപ്പാതകൾ – പേജ് 21 – വി.വി സ്വാമി, ഇ. വി. അനിൽ
2. പ്രത്യക്ഷ രക്ഷാ ദൈവസഭ- ഓർമ്മ പാട്ട് ചരിത്രരേഖകൾ – പേജ്162-
വി.വി സ്വാമി, ഇ.വി അനിൽ
3. Mohan. S [Sanal Mohan]. (2014 April 11). SSRC NDSP/Slave Christians of Kerala. Video1. Youtube.
https://youtu.be/xVfnWWH2Mzs
4. വ്യവസ്ഥയുടെ നടപ്പാതകൾ – പേജ് 114- വി.വി സ്വാമി, ഇ.വി അനിൽ
5. പ്രത്യക്ഷ രക്ഷാ ദൈവസഭ – ഓർമ്മ പാട്ട് ചരിത്രരേഖകൾ – പേജ് 193-
വി.വി സ്വാമി, ഇ.വി അനിൽ
6. ibid 164
7. ibid 190
8. ibid 186
9. ibid 160
10. Ibid 180
11. Ibid 170
12. ibid 168
13. സത്യം -പേജ് 122 – എം.എസ് തങ്കപ്പൻ

Also Read

10 minutes read February 16, 2023 6:17 am