Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
“മൂത്തവള് മരിച്ച് 40 ദിവസം ഞങ്ങള് പണിക്കൊന്നും പോയില്ല. അന്ന് മൂത്തവൾ മരിച്ച ചെലവ് നമ്മൾ മരണ ഫണ്ടിന്നെടുത്താണ് ചെയ്തത്. രണ്ട് മാസത്തിനകം തിരിച്ചടക്കണം ഫണ്ട്. നമ്മൾ പണിക്ക് പോകാതെ അടക്കാൻ പറ്റില്ല. ആ ഒരു സാഹചര്യത്തിലാണ് ഇപ്പോ ഉള്ള മോനേയും ഇളയ മോളെയും എന്റെ അമ്മേടെ അടുത്താക്കിയിട്ട് പണിക്ക് പോകുന്നത്. പണിക്ക് പോകാൻ തുടങ്ങിയിട്ടൊരാഴ്ചയേ ആയുള്ളൂ. എന്റെ വലുതിന് സംഭവിച്ച പോലെ തന്നെ ചെറുതിനും സംഭവിച്ചു.” തന്റെ നിസഹായവസ്ഥ പറഞ്ഞ് മുഴുമിപ്പിക്കും മുമ്പ് കരയാൻ തുടങ്ങിയ ആ അമ്മയെ “വാളയാർ അമ്മ”യെന്നും, അവരുടെ മരിച്ച പോയ പെൺകുഞ്ഞുങ്ങളെ “വാളയാർ സഹോദരിമാർ” എന്നും കേരളം വിളിച്ചു തുടങ്ങിയിട്ട് ഏഴ് വർഷം പിന്നിടുന്നു. കൃത്യമായി പറഞ്ഞാൽ 2017 ജനുവരി 13 നാണ് തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന പാലക്കാട് ജില്ലയിലെ വാളയാറിലെ അട്ടപ്പളം എന്ന ഗ്രാമത്തിൽ 13 വയസുള്ള ദലിത് പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. രണ്ട് മാസം തികയും മുമ്പ് മാർച്ച് 4 ന് ഒൻപത് വയസ് പ്രായമുള്ള ഇളയ പെൺകുട്ടിയെയും സമാനരീതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുട്ടികൾ നിരന്തരം ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവം ചർച്ചയാകുന്നത്.
ഇളയ കുട്ടിയുടെ പ്രായം, തൂങ്ങിമരിച്ചെന്ന് പറയുന്ന സ്ഥലത്തിന്റെ ഉയരം, കുട്ടിയുടെ ഉയരം എന്നിവ വിശകലനം ചെയ്ത ഫൊറൻസിക് വിദഗ്ധൻ കൊലപാതക സാധ്യതയും അന്വേഷിക്കണമെന്ന് രേഖപ്പെടുത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനൊപ്പം കേസിന്റെ ഗൗരവം വ്യക്തമാകാൻ വേണ്ടി പരിക്കുകളുടെ ഫോട്ടോയും ഉൾപ്പെടുത്തിയിരുന്നു. എന്നിട്ടും തൂങ്ങിമരണമെന്ന നിഗമനത്തിൽ പൊലീസ് ഉറച്ചുനിന്നു. കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നു എന്ന പരാതി അന്നു മുതല്‍ മാതാപിതാക്കള്‍ ഉന്നയിച്ചിരുന്നു. 2017 ജൂണിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ ആറ് കേസുകളിലായി നാല് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ 2019 ഒക്ടോബറിൽ പാലക്കാട് പോക്സോ കോടതി തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെ വിടുകയാണുണ്ടായത്.
വാളയാറിലെ മൂത്ത കുട്ടിയുടെ മരണം ശേഷം ഇളയ കുട്ടിയെ ശ്രദ്ധിക്കാഞ്ഞതെന്തേ എന്ന ചോദ്യമുയർത്തി മാതാപിതാക്കളെ വിചാരണ ചെയ്തവരാരും അരികുവത്കരിക്കപ്പെട്ട ആ മനുഷ്യരുടെ ജീവിത സാഹചര്യങ്ങൾ മനസിലാക്കിയിരുന്നില്ല. അടച്ചുറപ്പില്ലാത്ത വീട്, മാതാപിതാക്കൾ രണ്ടുപേരും കൂലിപ്പണിക്ക് പോകുന്ന സാഹചര്യം, ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ട സ്ഥലങ്ങളിലെ താമസം, വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ, ജാതിപരമായ അസമത്വങ്ങൾ തുടങ്ങിയ സമാന സാഹചര്യങ്ങൾ ഇത്തരത്തിൽ അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട പോക്സോ കേസുകൾ പരിശോധിച്ചാൽ കാണാൻ സാധിക്കും. അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്ന പോക്സോ കേസുകളെ കുറിച്ചും അത്തരം സാമൂഹ്യ സാഹചര്യങ്ങൾ നീതി ലഭിക്കുന്നതിന് തടസ്സമായി മാറുന്നത് എങ്ങനെയെന്നും അത്തരം കേസുകളെ ഭരണ സംവിധാനങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിനെക്കുറിച്ചുമുള്ള അന്വേഷണമാണ് ഈ റിപ്പോർട്ട്
പോക്സോ കേസുകൾ വർദ്ധിക്കുന്നു
പോക്സോ നിയമം (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ) 2012 ൽ നിലവിൽ വന്ന ശേഷമുള്ള പത്ത് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ഓരോ വർഷവും പോക്സോ കേസുകൾ വർധിക്കുന്നുവെന്നാണ് കേരള സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്റെ 2023-2024 വാർഷിക റിപ്പോർട്ട് പറയുന്നത്.
2013 ൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുകളുടെ എണ്ണം 1,002 ആയിരുന്നു. 2023 ൽ സംസ്ഥാനത്തൊട്ടാകെ 4,663 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 4,701 അതിജീവിതരായ കുട്ടികളാണുള്ളത്. പല കേസുകളിലും ഒന്നിൽ കൂടുതൽ അതിജീവിതരുണ്ടെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.
കമ്മീഷന്റെ വാർഷിക റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം പെൺകുട്ടിളാണ് ലൈംഗിക ആക്രമണങ്ങൾക്ക് കൂടുതലും വിധേയരാക്കപ്പെടുന്നത്. 4,701 അതിജീവിതരായ കുട്ടികളിൽ 3972 (85%) പെൺകുട്ടികളാണ്. 659(14%) ആൺകുട്ടികളുടെ എണ്ണം. 70 തോളം കുട്ടികളുടെ (1%) ലിംഗാടിസ്ഥാനത്തിലുള്ള വിവരങ്ങൾ പൊലീസ് കമ്മീഷന് നൽകിയ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ല.
2020 ൽ 3,030 ആയിരുന്ന പോക്സോ കേസുകളുടെ എണ്ണം 2022 ൽ 4,582 ആയി ഉയർന്നു. ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 3,782 പോക്സോ കേസുകളാണ് ഈ വർഷം (2024) ഒക്ടോബർ വരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എന്നാൽ കേരളത്തിൽ പോക്സോ കേസുകളുടെ എണ്ണം കൂടുമ്പോഴും ശിക്ഷാ നിരക്ക് വളരെ കുറയുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത് 2018 ൽ 35.98 ശതമാനം ആയിരുന്ന ശിക്ഷാ നിരക്ക് 2022 ലെത്തിയപ്പോൾ 15.4 ശതമാനമായി കുറഞ്ഞു. 2023 ഒക്ടോബറിൽ പോക്സോ കേസുകളിൽ ശിക്ഷാ നിരക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ശുപാർശ ചെയ്ത സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തുടർനടപടികൾക്കായി പോക്സോ കേസുകൾ സംബന്ധിച്ച് എ.ഡി.ജി.പി സമർപ്പിച്ച റിപ്പോർട്ട് ഹെെക്കോടതിക്കും ആഭ്യന്തര വകുപ്പിനും കെെമാറിയിരുന്നു. പോക്സോ കേസുകളിൽ ശിക്ഷ കുറയുന്ന സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യത്തിൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയുട ഭാഗമായിട്ടായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. എ.ഡി.ജി.പി സമർപ്പിച്ച വിശദമായ റിപ്പോർട്ടിൽ കേസിന്റെ അന്വേഷണം പൂർത്തിയാക്കാനുള്ള കാലതാമസവും, തെളിവുകളിൽ ശേഖരിക്കുന്നതിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് സംഭവിക്കുന്ന വീഴ്ചകളും ശിക്ഷാ നിരക്ക് കുറയുന്നതിന്റെ കാരണങ്ങളിൽ പറയുന്നുണ്ട്.
ബോധവൽക്കരണം കൃത്യമായി നടക്കുന്നതിനാൽ കുട്ടികൾ ഇത്തരത്തിലുള്ള അതിക്രമങ്ങൾ തിരിച്ചറിയുന്നതുകൊണ്ടാണ് പോക്സോ കേസുകൾ കൂടുന്നതെന്നാണ് തൃശൂർ പോക്സോ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ലിജി മധുവിന്റെ അഭിപ്രായം. എന്നാൽ റിപ്പോർട്ട് ചെയ്യുന്നതിലുള്ള ജാഗ്രത തെളിവുകളുടെ കാര്യത്തിൽ ഇല്ലാത്തതിനാലാണ് ശിക്ഷാ നിരക്ക് കുറയുന്നതെന്നും അഡ്വ. ലിജി മധു കേരളീയത്തോട് പറഞ്ഞു. ക്രൈം റിപ്പോർട്ട് ചെയ്യുന്ന സമയവും തെളിവ് ശേഖരിക്കുന്ന സമയവും തമ്മിൽ വലിയ കാല വ്യത്യാസമുണ്ടാകുമ്പോൾ കുട്ടികൾ പലതും മറന്നുപോകാമെന്നും അടുത്ത ബന്ധുക്കൾ തന്നെ പ്രതികളായാൽ ഭീഷണിപ്പെടുത്തലോ വൈകാരികമായ സ്വാധീനമോ കാരണം കുട്ടി എതിർകക്ഷിക്കനുകൂലമായി മാറാനും സാധ്യതയുള്ളതായി ലിജി മധു പറഞ്ഞു. ട്രയൽ നടത്താതെ കേസുകൾ കൂടി കിടക്കുന്ന അവസ്ഥ ഫാസ്റ്റ് ട്രാക്ക് കോടതികളുടെ പ്രവർത്തനത്തോടെ കുറഞ്ഞതായും ഇപ്പോൾ നിർബന്ധമായും ഒരു മാസം 15 കേസുകളുടെ ട്രയലുകളെങ്കിലും നടത്താറുണ്ടെന്നും അഡ്വ. ലിജി മധു പറയുന്നു.
പോക്സോ കേസുകളും പാർശ്വവത്കൃത സമൂഹവും
കഷ്ടിച്ച് ഒരു ഓട്ടോറിക്ഷയ്ക്ക് പോകാൻ കഴിയുന്ന ഇടുങ്ങിയ വഴികൾ, പലയിടത്തും റോഡുകളെന്ന പേര് മാത്രം. ജീവിതം കൂട്ടിമുട്ടിക്കാനായി വഴികളിലും പാടത്തും കൂട്ടമായി പണിയെടുക്കുന്ന സ്ത്രീകളെ കാണാം. വാളയാർ സഹോദരിമാരുടെ അട്ടപ്പളത്തെ വീട്ടിലേക്കുള്ള വഴികളിലെ കാഴ്ചകളെല്ലാം അതിർത്തി ഗ്രാമങ്ങളിലെ അരികുവത്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതത്തെ അടയാളപ്പെടുത്തുന്നവയായിരുന്നു. ഒരാൾക്ക് മുകളിൽ പൊക്കത്തിലുള്ള പുല്ലും ചെടികളും ഇരുവശത്തും നിറഞ്ഞുനിക്കുന്ന നടപ്പാത പിന്നിട്ട് വേണം പെൺകുട്ടികളുടെ വീട്ടിലേക്ക് പോകാൻ. അഞ്ചംഗങ്ങളുള്ള ആ കുടുംബം താമസച്ചിരുന്ന ഒറ്റ മുറി ഷെഡിലാണ് കുട്ടികൾ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുന്നത്. ആ കുടുംബത്തിന്റെ പിന്നോക്കാവസ്ഥയെ വ്യക്തമാക്കിക്കൊണ്ട് ആ ഷെഡ് ഇപ്പോഴും അവിടെ അവശേഷിക്കുന്നുണ്ട്. പെൺകുട്ടികളുടെ മരണ സമയത്ത് പണി തീർന്നിട്ടില്ലാത്ത വീട് ഇപ്പോൾ താമസ യോഗ്യമായ രീതിയിൽ പൂർത്തിയായിട്ടുണ്ട്. അടച്ചുറപ്പില്ലാത്ത ആ ഷെഡിൽ നിന്നും തന്റെ പെൺകുഞ്ഞുങ്ങൾക്ക് സുരക്ഷിതമായ വീടൊരുക്കാൻ കൂടിയായിരുന്നു ആ മാതാപിതാക്കൾ പകലന്തിയോളം പണിയെടുത്തത്.
“പഞ്ചായത്തിൽ നിന്ന് 2012 ലാണ് വീട് വെക്കാൻ ലോൺ തരുന്നത്. ലോൺ രണ്ട് ലക്ഷം രൂപയുണ്ടായിരുന്നു, രണ്ട് ലക്ഷം രൂപ കൊണ്ട് ചെയ്യാൻ പറ്റുമോ? അവര് പറഞ്ഞ സമയത്തിനുള്ളിൽ വീടിന്റെ പണി തീർക്കാൻ പറ്റിയില്ല, പൈസയൊന്നും കയ്യിലില്ല, നമ്മൾ പണിയെടുത്തിട്ട് സ്വരുക്കൂട്ടി ഉണ്ടാക്കുന്ന പൈസ അല്ലാതെ വേറെ നമുക്കൊന്നും ഇല്ലായിരുന്നു. ചിട്ടിക്കൊക്കെ കൂടി ഒരുപാട് സമയം പിടിച്ചു. അവര് രണ്ട് ലക്ഷം രൂപയിൽ ഒന്ന് നാൽപ്പതേ തന്നിട്ടുള്ളൂ. അവര് പറയുന്ന അളവിലും കൂടിപ്പോയി വീട് എന്ന് പറഞ്ഞിട്ട് ബാക്കി തന്നില്ല. ഞാൻ പറഞ്ഞു കുഴപ്പമില്ല എനിക്ക് മക്കൾ മൂന്നാളാണ്, മൂന്നാൾക്കും ഓരോ റൂമു വേണം അങ്ങനെയൊരു പ്ലാനിലാണ് ചെയ്യുന്നത്.” ഇന്ന് വീട് പൂർത്തിയായപ്പോൾ താമസിക്കാൻ തന്റെ പെൺമക്കളില്ലാത്തതിന്റെ വേദന വാളയാർ പെൺകുട്ടികളുടെ അമ്മയുടെ മുഖത്ത് നിഴലിച്ചിരുന്നു. വീട് നിർമ്മാണത്തിനായി സർക്കാർ പദ്ധതികൾ വഴി ധനസഹായം ലഭിച്ചാലും ദുർബല വിഭാഗങ്ങളെ സംബന്ധിച്ച് സുരക്ഷിതത്വമുള്ള വീടെന്ന സ്വപ്നം പൂർത്തിയാക്കണമെങ്കിൽ സാമ്പത്തികമായി എത്ര പ്രയാസമനുഭവിക്കേണ്ടി വരുമെന്ന് വ്യക്തമാക്കുന്നതായിരുന്നു അവരുടെ വാക്കുകൾ.
“മൂത്തകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തന്നില്ല, സ്വത്തുകുട്ടിയും (ചെല്ലപ്പേര്) കൂടി മരിച്ചശേഷമാണ് രണ്ടാളുടെയും കൂടി പോസ്റ്റ്മോർട്ടം റിപ്പോർട്ട് തന്നത്. അതിന് എത്ര ദിവസം സ്റ്റേഷനിൽ നിന്ന് അവർ വിളിപ്പിച്ചുവെന്നോ. അവര് വിളിച്ചിട്ടാണല്ലോ നമ്മള് പോകുന്നത്. സ്റ്റേഷനില് ചെല്ലുമ്പോ രണ്ട് കസേരിയിട്ടിട്ട്, ശരിക്കു പറഞ്ഞാ നായ്ക്കളെ പോലെയാണ് അവിടെയിരുത്തുക. രണ്ട് മണി വരെ വെള്ളവുമില്ല, ചായയുമില്ല, കഞ്ഞിയുമില്ല. അവസാനം അതിലൊരു പേപ്പർ കിട്ടാനുണ്ട്, കെമിക്കൽ റിപ്പോർട്ട് കിട്ടിയിട്ടില്ല, പിന്നെ ഒരു ദിവസം വായോ അങ്ങനെ എത്ര ദിവസം ഞങ്ങളെ ചുറ്റിച്ച്. ഒരുപക്ഷേ അവരാ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നേരത്തെ തന്നിരുന്നുവെങ്കിൽ വായിക്കാൻ കഴിയുന്ന ആരുടെയെങ്കിലും കയ്യിൽ കൊടുത്തിട്ട് എന്റെ മകൾ എന്ത് കാരണം കൊണ്ട് മരിച്ചു എന്ന് അറിഞ്ഞ് നമുക്ക് ചെറുതിനെ എങ്കിലും സുരക്ഷിതമായി മാറ്റാമായിരുന്നു.” അവർ കണ്ണീർ തുടച്ചുകൊണ്ട് തുടർന്നു. “അന്നൊന്നും എനിക്കറിയില്ലായിരുന്നു. പക്ഷേ ഇന്ന് അന്നനുഭവിച്ച വേദനകള് വെച്ച് നൂറുശതമാനം തറപ്പിച്ചെനിക്ക് പറയാൻ പറ്റും നമ്മൾ പട്ടിക ജാതിക്കാര്, കയ്യില് പൈസയില്ല, ഇതെല്ലാം കണ്ടുകൊണ്ടാണ്. നമുക്ക് പഠിപ്പറിവില്ലെന്ന് അവർക്ക് നല്ലതുപോലെ അറിയാമല്ലോ, അപ്പോ അവരെന്ത് പറഞ്ഞാലും നമ്മളത് കൈയ്യും കെട്ടിയിരുന്ന് കേക്കുംന്നുള്ളത് അവർക്ക് ഉറപ്പുവന്നതിന്റെ അടിസ്ഥാനത്തിലാണ് നമ്മളെ കൊണ്ടുപോയി നായേനെ കൊണ്ടിരുത്തും പോലെ മുക്കില് രണ്ട് കസേര ഇട്ട് ഇരുത്തുക, ഓരോ കാരണം പറഞ്ഞ് തിരിച്ച് വിടുക ഇതൊക്കെ ഉണ്ടായത്. മറിച്ച് ഇന്നത്തെ സാഹചര്യം ആണെങ്കിൽ ഞാൻ കിട്ടിയിട്ടേ പോകൂ എന്ന് പറഞ്ഞ് കുത്തിയിരിക്കും. അന്ന് അതിനുള്ള ധൈര്യം ഇല്ല, മാത്രവുമല്ല പൊലീസ് സ്റ്റേഷൻ കാര്യങ്ങളൊക്കെ കാണുമ്പോൾ നമുക്ക് പേടിയാണ്.”
വാളയാർ കേസിലുടനീളം ഇത്തരത്തിൽ കേസ് അട്ടിമറിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. ലൈംഗിക ചൂഷണത്തിന് ഇരയായതിന് കുട്ടികളും കാരണക്കാരാണെന്നുള്ള തരത്തിൽ പെൺകുട്ടികളെ അപമാനിച്ചുകൊണ്ട് വാളയാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എം.ജെ സോജൻ നടത്തിയ പ്രസ്താവന മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. മാധ്യമ പ്രവർത്തകനോട് സ്വകാര്യമായി പറഞ്ഞ കാര്യങ്ങൾ മാധ്യമ പ്രവർത്തകൻ രഹസ്യമായി റെക്കോർഡ് ചെയ്ത് ചാനലിലൂടെ പങ്കിട്ടിതാണെന്നാണ് സോജന്റെ വാദം. ഇതിനിടയിൽ ക്രൈംബ്രാഞ്ച് എറണാകുളം സെൻട്രൽ യൂണിറ്റ് എസ്.പി ആയിരുന്ന എം.ജെ സോജന് സീനിയോരിറ്റി പ്രകാരം ഐപിഎസ് ലഭിക്കുന്നതാനായി സ്വഭാവ സർട്ടിഫിക്കറ്റ് നൽകാനുള്ള സർക്കാർ ശ്രമത്തിനെതിരെ അമ്മയുടേയും വാളയാർ നീതിസമര സമിതിയുടേയും നേതൃത്വത്തിൽ പ്രതിഷേധമുയർന്നിരുന്നു. “നമ്മള് പട്ടിക ജാതിക്കാരാണ് അവരെ എന്ത് പറഞ്ഞാലും ചോദിക്കാനാരുമില്ല എന്നൊരു ധൈര്യമാണ് സോജനെ കൊണ്ടത് പറയിച്ചത്. നഷ്ടപ്പെട്ടുപോയ മക്കളെ കുറിച്ച് പറയുന്നത് പെറ്റ തള്ള കേൾക്കുമ്പോൾ സഹിച്ചിരിക്കുമോ?” അമ്മ ചോദിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ അമ്മ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസ് 2025 ജനുവരിയിൽ പരിഗണനയ്ക്ക് വരുന്നുണ്ട്.
വാളയാറിന് സമാന രീതിയിലുള്ള സംഭവമാണ് മറ്റൊരു അതിർത്തി ഗ്രാമമായ വണ്ടിപ്പെരിയാറിലും ഉണ്ടായത്. 2021 ജൂൺ മുപ്പതിനാണ് ഇടുക്കി വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ ആറുവയസുകാരിയെ ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. ആദ്യം സ്വാഭാവിക മരണമെന്ന് കരുതിയെങ്കിലും കുട്ടി ക്രൂര പീഡനത്തിനിരയായതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും അയൽവാസിയായ അർജുൻ കുറ്റം ചെയ്തതായി സമ്മതിച്ചു. മൂന്ന് വർഷമായി കുഞ്ഞിനെ പീഡിപ്പിച്ചിരുന്നെന്നും അർജുൻ മൊഴി നൽകി. 2021 സെപ്റ്റംബർ 21 ന് കുറ്റപത്രം സമർപ്പിച്ചു. 2023 ഡിസംബർ 14 ന് പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം, ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന കണ്ടെത്തലോടെ കട്ടപ്പന അതിവേഗ പ്രത്യേക കോടതി പ്രതിയെ വെറുതെ വിട്ടു. തേയില ഫാക്ടറിയിൽ അച്ഛനും അമ്മയും ജോലിക്ക് പോയിരുന്ന സമയത്താണ് കുട്ടി കൊല ചെയ്യപ്പെടുന്നത്. നീതിക്ക് വേണ്ടി പോരാടുന്നതിനിടയിൽ പ്രതി ഹാജരാകണമെന്ന് ഹൈക്കോടതിയുടെ ഉത്തരവിൽ പ്രതീക്ഷ വെക്കുകയാണ് കുടുബം. 2024 ഡിസംബർ 19 നാണ് പത്തുദിവസത്തിനകം കട്ടപ്പന പോക്‌സോ കോടതിയില്‍ പ്രതി ഹാജരാകണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ് വരുന്നത്.
വിചാരണ കോടതി വെറുതെ വിട്ട പ്രതിയോട് കീഴടങ്ങാന്‍ നിര്‍ദേശിക്കുന്നത് അപൂര്‍വ്വ നടപടിയാണ്.
കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പോക്സോ കേസുകളിൽ പാർശ്വവത്കൃത സമൂഹങ്ങളിൽ നിന്നുള്ള കുട്ടികളുടെ എണ്ണം കൂടുതലാണെന്നും, മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് പാർശ്വവത്കൃത സമൂഹങ്ങളിൽ നിന്നും കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്നും രണ്ട് വാദം നിലനിൽക്കുന്നുണ്ട്. എന്നാൽ പോക്സോ കേസുകളിൽ കമ്മ്യൂണിറ്റി അടിസ്ഥാനത്തിലുള്ള ഔദ്യോഗിക കണക്കുകൾ ലഭ്യമല്ല. ശിശുസംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന സർക്കാർ സംവിധാനങ്ങളൊന്നും അത്തരത്തിലുള്ള കണക്കെടുപ്പോ വിലയിരുത്തലോ നടത്തുന്നതേയില്ല.
കേരളത്തിലെ ശിശു സംരക്ഷണ രംഗം സോഷ്യൽ കാറ്റഗറി ഒരു പ്രധാന കാര്യമായിട്ട് എടുത്തിട്ടില്ലെന്നാണ് മനസിലാക്കാൻ കഴിയുന്നതെന്നാണ് സാമൂഹ്യ പ്രവർത്തകയും ‘നിർഭയ’ സെന്ററുകളുടെ മേൽനോട്ട ചുമതലയുണ്ടായിരുന്ന മഹിള സമഖ്യ സൊസൈറ്റിയുടെ മുൻ ഡയറക്ടറുമായ പി.ഇ ഉഷ പറയുന്നത്. “ഞാനൊക്കെ നിർഭയയുടെ മേൽനോട്ട ചുമതല വഹിക്കുന്ന സമയത്ത് ശിശു സംരക്ഷണ വിഭാഗം സോഷ്യൽ കാറ്റഗറി അനുസരിച്ചുള്ള ഡാറ്റാ സൂക്ഷിച്ചിട്ടുപോലുമില്ല. നമ്മളത് വേണമെന്ന് നിർബന്ധമായി പറയാൻ തുടങ്ങി. കാരണം സോഷ്യൽ കാറ്റഗറി നമ്മൾ പരിഗണിക്കേണ്ട ഒരു പ്രധാനപ്പെട്ട ഘടകമാണ്, സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് അതിനെ മനസിലാക്കാൻ പറ്റും. എന്നുവെച്ചാൽ അടച്ചുറപ്പില്ലാത്ത വീടുകൾ, കുട്ടികളെ നോക്കാൻ സമയത്ത് രക്ഷിതാക്കൾ അമ്മയോ മറ്റുള്ളവരോ ഇല്ലാത്തത്, പിന്നെ അമ്മമാർക്ക് കൂടുതലായി അധ്വാനിച്ച് വരുമാനമുണ്ടാക്കിയിട്ട് കുട്ടികളെ പുലർത്തേണ്ടുന്ന അവസ്ഥ, പിന്നെ സാമൂഹികമായ ഒറ്റപ്പെടൽ, ജോഗ്രാഫിക്കലായി ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉള്ളതു കൊണ്ടും ഒക്കെ ഉണ്ടാകാവുന്ന അരക്ഷിതാവസ്ഥ, ഇതിലൊക്കെയുപരി ഈ കുട്ടികൾക്ക് യാതൊരു വാല്യൂസും ഇല്ലെന്നും ഇവരെ ഉപദ്രവിക്കാമെന്നുമുള്ള മറ്റ് കമ്മ്യൂണിറ്റികളുടെ ധാരണ. ഇതൊക്കെ ഇതിൽ ഘടകങ്ങളാണ്. എന്നാൽ വൾണറബിലിറ്റി ഒരു ഫാക്ടറായിരിക്കുന്ന സമയത്തും ഇത്തരം കമ്മ്യൂണിറ്റികളിൽ നിന്നുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടും. പക്ഷേ മറ്റ് സമൂഹങ്ങളില കുട്ടികൾ ഉപദ്രവിക്കപ്പെടുമ്പോൾ റിപ്പോർട്ട് ചെയ്യുന്നത് എന്തോ മോശമാണെന്ന തരത്തിൽ അടച്ചുവെക്കുന്ന ഒരു രീതിയുണ്ട്. അങ്ങനെയുള്ള പല കാരണങ്ങൾ കൊണ്ടാണ് എസ്.സി/എസ്.ടി/ മൈനോറിറ്റി വിഭാഗത്തിൽ നിന്നുള്ള പോക്സോ കേസുകൾ കൂടുതലുണ്ടാവുന്നത്. പക്ഷേ അത് പ്രത്യേകമായിട്ട് പരിഗണിക്കുന്നില്ല.” പി.ഇ ഉഷ കേരളീയത്തോട് പറഞ്ഞു.
പോക്സോ നിയമ പ്രകാരം അതിക്രമം നേരിട്ട കുട്ടികളുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് ശിക്ഷാർഹമാണ്. എന്നാൽ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താതെ ഇത്തരത്തിൽ പാർശ്വവത്കരിക്കപ്പെട്ട കമ്മ്യൂണിറ്റിയിൽ നിന്നുള്ള കുട്ടികളുടെ കണക്കുകൾ സൂക്ഷിക്കുന്നതിന് തടസമില്ലല്ലോ എന്ന് ചോദിക്കുന്നു സാമൂഹ്യ പ്രവർത്തകയും അധ്യാപികയുമായ എം സുൾഫത്ത്. പോക്സോ കേസുകളിലെ ഇരകളാകുന്ന കുട്ടികൾക്ക് ഭൂരിഭാഗവും കുടുംബങ്ങൾ, ബന്ധുക്കൾ/അറിയാവുന്ന ആളുകളിൽ നിന്നൊക്കെയാണിത് സംഭവിക്കുന്നത്. പൊതുവെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ എല്ലാം പ്ലാൻ ചെയ്ത് കണക്കുക്കൂട്ടി ചെയ്യുന്ന റേപ്പുകളായതുകൊണ്ട് പ്രതികൾ കുട്ടികളുടെ ബാക്ക്ഗ്രൗണ്ട് മനസിലാക്കി തന്നെയാണ് ഇത് ചെയ്യുന്നതെന്നും സുൾഫത്ത് പറയുന്നു. “സവർണ വിഭാഗത്തിൽപ്പെട്ട സാമ്പത്തികമായി പിന്നോക്കമുള്ളവരാണെങ്കിൽ പോലും അവരെ സംബന്ധിച്ച് അവർക്ക് കിട്ടുന്ന ഒരു പ്രിവിലേജുണ്ട്. ആ പ്രിവിലേജ് ഇല്ലാത്ത വിഭാഗങ്ങളാണ് കൂടുതലും ഇത്തരം അതിക്രമങ്ങൾക്ക് ഇരയാകുന്നത്”.
എസ്.സി/എസ്.ടി അതിക്രമം തടയൽ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യേണ്ട പോക്സോ കേസുകളിൽ പോലും പൊലീസ് മനപ്പൂർവ്വം ആ വകുപ്പ് ഒഴിവാക്കുക പതിവാണെന്നും സുൾഫത്ത് ചൂണ്ടിക്കാട്ടി. “പോക്സോ കേസ് രജിസ്റ്റർ ചെയ്യുമ്പോൾ എസ്.സി/എസ്.ടി വിഭാഗത്തിൽ നിന്നുള്ള കുട്ടിയാണെങ്കിൽ പോക്സോയിൽ തന്നെ എസ്.സി/എസ്.ടി അട്രോസിറ്റി കൂടി ചേർക്കണമല്ലോ? എന്റെ ഒന്ന് രണ്ട് അനുഭവത്തിൽ ഇത്തരം കേസിൽ എഫ്.ഐ.ആർ ഇടുമ്പോൾ എസ്.സി/എസ്.ടി അട്രോസിറ്റി വകുപ്പുകളിടേണ്ട പൊലീസ് തന്നെ അവരുടെ അന്വേഷണത്തിന്റെ ഭാഗമായി മനസിലാക്കിയാൽ പോലും അത് ചേർക്കാതിരിക്കാറുണ്ട്. പൊലീസ് എപ്പോഴും പ്രത്യേകിച്ച് പോക്സോ കേസുകളിൽ മൊഴിയെടുക്കുമ്പോഴും, എഫ്.ഐ.ആർ തയ്യാറാക്കുമ്പോഴും എങ്ങനെ പ്രതിക്കനുകൂലമായിട്ട് എവിടെയെങ്കിലും ഒരു ലൂപ്പ് ഹോൾ ഉണ്ടാക്കാൻ പറ്റുമെങ്കിൽ അതിന് കണക്കായിട്ട് ഏതെങ്കിലും ഒരു വാചകം കൂടി എഴുതി ചേർത്ത് കൊണ്ടായിരിക്കും അവരത് തയ്യാറാക്കുക.”
വണ്ടിപ്പെരിയാർ കേസിലും എസ്.സി/എസ്.ടി അട്രോസിറ്റി ആക്റ്റ് പ്രകാരം കേസെടുക്കണമെന്ന് കുട്ടിയുടെ മാതാപിതാക്കൾ നിരന്തരം ആവശ്യപ്പെട്ടിട്ടും കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. അതിനായി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുകയാണ് മാതാപിതാക്കൾ. വില്ലേജ് ഓഫീസർ അന്വേഷണം നടത്തി നൽകിയ റിപ്പോർട്ട് പ്രകാരം പ്രതി ക്രിസ്ത്യാനിയാണെന്നും എന്നാൽ മുമ്പ് സ്കൂളിൽ ആനുകൂല്യം കിട്ടാൻ വേണ്ടി പ്രതിയുടെ പിതാവ് വില്ലേജ് ഓഫീസിൽ ജോലിയുള്ള ബന്ധു വഴി വ്യാജ എസ്.എസി സർട്ടിഫിക്കറ്റ് ഉണ്ടാക്കിയിരുന്നുവെന്നും അത് എസ്.സി/എസ്.ടി അട്രോസിറ്റി ആക്റ്റ് ചുമത്താതെയിരിക്കാൻ പ്രതി കോടതിയിൽ നൽകിയെന്നുമാണ് കുട്ടിയുടെ പിതാവ് പറയുന്നത്. എസ്.സി/എസ്.ടി അട്രോസിറ്റി ആക്റ്റ് ചുമത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പരാതി കൊടുത്തപ്പോൾ നിലവിലെ പ്രോസിക്യൂട്ടർ അതിനെ എതിർത്തതിനാലാണ് പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ടതെന്നും പിതാവ് ആരോപിക്കുന്നു. “ഇപ്പോഴത്തെ പ്രോസിക്യൂട്ടറിനോട് ഞങ്ങൾ പറഞ്ഞപ്പോ, അതുകൊണ്ട് എന്താ നിങ്ങൾ നേടാൻ പോകുന്നേ? അതിന് ചെറിയൊരു ഫണ്ട് കിട്ടും. അതിന് വേണ്ടിയിട്ടാണോ ഇങ്ങനെ പറയുന്നത്? നീതിയല്ലേ കിട്ടേണ്ടത് എന്ന് പറഞ്ഞ് പിന്തിരിപ്പിക്കാനാണ് നോക്കുന്നത്. അതുകൊണ്ടാണ് നമുക്കീ പ്രോസീക്യൂട്ടർ വേണ്ടാ വേറെ പ്രോസീക്യൂട്ടറെ വെച്ച് തരണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നത്, അതുമാത്രമല്ല ഈ കേസിന്റെ അപ്പീൽ നമ്പർ ചോദിച്ചപ്പോ അതെന്തിനാ? നിങ്ങക്ക് അതൊന്നും തരാൻ പറ്റത്തില്ലെന്ന് പറഞ്ഞു.”
നിലവിലെ കേസിന്റെ അവസ്ഥയെ പറ്റി ചോദിച്ചാൽ അന്വേഷണ ഉദ്യോഗസ്ഥരുൾപ്പടെയുള്ളവർ വ്യക്തമായ മറുപടി പറയാറില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരോ പ്രോസിക്യൂട്ടർമാരോ പറയുന്നതിലെ യുക്തി ഇല്ലായ്മ ചോദ്യം ചെയ്താൽ പിന്നീട് തങ്ങളെ വിളിക്കാതിരിക്കുന്ന തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായതായും വാളയാർ കുട്ടികളുടെ അമ്മയും, വണ്ടിപ്പെരിയാറിലെ അച്ഛനും പറയുന്നു. “മക്കളുടെ മരണ സമയത്ത് പൊലീസ്, കോടതി എന്നൊക്കെയുള്ളത് എന്താന്ന് അറിയില്ലല്ലേോ. അപ്പോ ആ സമയത്ത് അവര് പറയുന്ന പോലെ തന്നെ പറയണമെന്ന് നമ്മളെ കൊണ്ട് പറയിപ്പിക്കുമ്പോൾ അങ്ങനെ തന്നെ കോടതിയിൽ പറയേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. അത് കഴിഞ്ഞതിന് ശേഷം നമ്മളെ അവര് തട്ടിക്കളിക്കുന്ന പാവയെ പോലെ കൊണ്ട് നടക്കുവാണെന്ന് മനസിലായപ്പോ അതിന് ശേഷമാണ് നമ്മള് നമ്മുടേതായിട്ടുള്ള രീതിയിൽ സംസാരിക്കാനും പിന്നെ അവര് പറയുന്നത് ശരിയല്ലെന്നുള്ള രീതിയിൽ തിരിച്ചുപറയാനുമൊക്കെ തുടങ്ങിയത്.” പൊലീസിന്റെ നിരുത്തരവാദിത്വപരമായ ഇടപെടലുകൾ വിശദീകരിച്ച വാളയാർ കുട്ടികളുടെ അമ്മ, അന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് 2021 ൽ സമരപന്തലിൽ വെച്ച് മുണ്ഡനം ചെയ്ത അവരുടെ മുടി പിന്നീട് നീട്ടി വളർത്തിയിട്ടില്ല.
പോക്സോ വകുപ്പിനൊപ്പം എസ്.സി-എസ്.ടി അട്രോസിറ്റീസ് രജിസ്റ്റർ ചെയ്യാതെയിരിക്കാൻ പൊലീസ് ശ്രമിക്കുന്നതിന്റെ അനുഭവങ്ങൾ പി.ഇ ഉഷയും പങ്കുവെച്ചു.”എസ്.സി-എസ്.ടി അട്രോസിറ്റീസ് അനുസരിച്ച് കലക്ടർ ചെയ്യർമാനും ജില്ലാ എസ്.സി ഓഫീസർ കൺവീനർ ആയിട്ടുള്ള ഒരു കമ്മിറ്റിയുണ്ട്. അവർ റെക്കമന്റ് ചെയ്താൽ മതി. അതിന് ആകെ വേണ്ടത് എഫ്.ഐ.ആറിന്റെ കോപ്പി വേണം, അത് പൊലീസ് അവർക്ക് കൊടുക്കണം. അതൊക്കെ നമ്മൾ കൃത്യമായി ഫോളോ ചെയ്ത് നിർബന്ധമായി കുട്ടികൾക്ക് വാങ്ങി നൽകിയിരുന്നു. മറ്റൊന്ന്, എസ്.സി-എസ്.ടി അട്രോസിറ്റീസ് ഇടാൻ പൊലീസുകാർക്ക് മടിയാണ്. അവർക്ക് അറിയില്ല, അറിയാത്ത പോലെ ഭാവിക്കും. പിന്നെ അവർക്കിത് എസ്.സി ഓഫീസർക്ക് കൊടുക്കണം അങ്ങനത്തെ പണിയുമുണ്ട്. അപ്പോൾ അവർ നമ്മളോട് പറയും, അയ്യോ പോക്സോ ആയാൽ തന്നെ ഭയങ്കര വകുപ്പാ, പിന്നെ അതിന്റെ കൂടെ എസ്.സി-എസ്.ടി അട്രോസിറ്റീസ് ഇടണോ? കാരണം അവരെപ്പോഴും പ്രതിയുടെ ഭാഗത്തുനിന്നാണ് ആലോചിക്കുന്നത്.”
നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ കൃത്യമായ മാർഗ നിർദ്ദേശങ്ങളൊന്നും ഇല്ലെന്നും പി.ഇ ഉഷ പറയുന്നു. “ലീഗൽ സർവീസ് അതോറിറ്റിയാണ് ഈ നഷ്ടപരിഹാരത്തിന്റെ കാര്യങ്ങൾ തയ്യാറാക്കുക. അവർക്കത്രയൊന്നും ഫീൽഡ് എക്സ്പീരിയൻസുണ്ടാകില്ല. അവർക്ക് പറ്റുന്ന പോലെ ചെയ്യും. എന്റെ ശ്രദ്ധയിൽപ്പെട്ട കാര്യം പറയാം. പല കുട്ടികളും നമ്മുടെ ഹോമിൽ വന്നിട്ടുണ്ടോ എന്ന് ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്നൊക്കെ നിന്ന് വിളിച്ചു ചോദിക്കും, കുട്ടികൾ എവിടെയാണ് എന്ന് അറിയുന്നുണ്ടാവില്ല. പലപ്പോഴും ഈ ടാബൂ കാരണം ഫാമിലിയൊക്കെ ചിലപ്പോൾ അവരുടെ സ്വന്തം സ്ഥലം വിട്ട് പോയിരിക്കും. ഇനി ചില കേസുകളിൽ ഈ വിധിയുടെ കൂടെ നഷ്ടപരിഹാരം പറയില്ല, അപ്പോ കിട്ടില്ല. ജഡ്ജിമാരും അത്രയൊന്നും ശ്രദ്ധിക്കില്ല. ഇതിനകത്ത് കൃത്യമായ മാർഗ നിർദ്ദേശങ്ങളൊന്നും ഉള്ളതായി എനിക്ക് തോന്നുന്നില്ല. ചില കുട്ടികൾക്ക് കിട്ടുന്നുണ്ട്, ചില കുട്ടികൾക്ക് കുറച്ച് കിട്ടും, ചില കുട്ടികൾക്ക് കിട്ടുകയേയില്ല. സ്വാധീനമുള്ളവർക്ക് കുറച്ച് കിട്ടും അങ്ങനെയൊക്കെ… അത് ഒരു കൃത്യത വന്നിട്ടില്ല. ദേശീയ ചൈൽഡ് റൈറ്റ്സ് കമ്മീഷന്റെ നഷ്ടപരിഹാരം സംബന്ധിച്ച ഡയറക്ഷനൊക്കെയുണ്ട്. അത് കൃത്യമായിട്ടും എല്ലാർക്കും മനസിലായിട്ടുണ്ടോ എന്ന് തന്നെ അറിയില്ല.” പി.ഇ ഉഷ വിശദമാക്കി.
“ഒരാൾക്ക് എട്ടര ലക്ഷം വെച്ചാണ് തീരുമാനിച്ചത്. രണ്ടാളുടെയും കൂടി ഏഴര ലക്ഷം രൂപ എസ്.സി-എസ്.ടി ഡിപ്പാർട്ട്മെന്റിൽ നിന്ന് കിട്ടി.” പ്രതികളെ വെറുതെ വിട്ടതുകൊണ്ട് ബാക്കി പൈസ തരാൻ പറ്റില്ലെന്നും ഇനി വീണ്ടും പ്രതികളെ അറസ്റ്റ് ചെയ്താൽ ബാക്കി നൽകാമെന്നും പറഞ്ഞതായി വാളയാർ പെൺകുട്ടികളുടെ അമ്മ പറയുന്നു. ബാക്കി തുകക്കായി അപേക്ഷിക്കാനൊന്നും പോകില്ലെന്നും അവർ കൂട്ടിച്ചേർത്തു.
‘കാവൽ പ്ലസ്’ റിപ്പോർട്ടിലെ കണ്ടെത്തലുകൾ
കേരള ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ 2020 ഡിസംബർ മുതൽ 2021 മാർച്ച് വരെയുള്ള കാലഘട്ടത്തിലെ പോക്സോ കേസുകളെക്കുറിച്ച് നടത്തിയ ‘കാവൽ പ്ലസ്’ എന്ന പൈലറ്റ് പഠനം കമ്മ്യൂണിറ്റി അടിസ്ഥാനത്തിലുള്ള കണക്കുകൾ കുറച്ച് പറയുന്നുണ്ട്. തിരുവനന്തപുരം, പാലക്കാട് എന്നീ ജില്ലകളിൽ നിന്നും അതിജീവിതരായ 65 കുട്ടികളെ തെരഞ്ഞെടുത്ത് നടത്തിയ പഠനമാണിത്. റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം 2012 മുതൽ 2019 വരെ 15,685 പോക്സോ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 1,417 കേസുകൾ (9.03%) മാത്രമാണ് തീർപ്പാക്കിയത്. 41.5 ശതമാനം ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ള കുട്ടികളും 27.7 ശതമാനം എസ്.സി വിഭാഗത്തിൽ നിന്നുമുള്ള കുട്ടികളും ആണെന്ന് പറയുന്നു. 74 ശതമാനവും ബി.പി.എൽ കുടുംബങ്ങളിൽ നിന്നാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പോക്സോ കേസുകളിൽ കമ്മ്യൂണിറ്റി അടിസ്ഥാനത്തിൽ ലഭ്യമായ ഏക കണക്ക് ഈ പൈലറ്റ് സ്റ്റഡി റിപ്പോർട്ട് മാത്രമാണ്. രണ്ട് ജില്ലകളിൽ നിന്നും 65 കുട്ടികളെ തെരഞ്ഞെടുത്ത് നടത്തിയ വിശകലനമായതിനാൽ ആധികാരികത കുറവാണ്. കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയെന്ന് പറയുമ്പോഴും അരികുവത്കരണത്തിന്റെ അടിസ്ഥാന കാരണമായ ജാതി എത്തരത്തിൽ കേസുകളെ സ്വാധീനിക്കുന്നുണ്ടെന്ന് പഠനം വിശകലനം ചെയ്യുന്നില്ല. മറിച്ച് ഓരോ മതവിഭാഗങ്ങളിലും എത്ര അതിജീവിതരുണ്ടെന്നും, മറ്റ് സാമൂഹിക, കുടുംബ, മാനസിക പശ്ചാത്തലങ്ങളെയുമാണ് പഠനം വിശകലനം ചെയ്തിരിക്കുന്നത്. പിന്നീടുള്ള വർഷങ്ങളിൽ ഇത്തരത്തിൽ പഠനം നടന്നതിന്റെ വിവരങ്ങളും ലഭ്യമല്ല. എത്ര പോക്സോ കേസുകളിൽ എസ്.സി – എസ്.ടി അതിക്രമം തടയൽ നിയമം കൂടി ചേർത്ത് കേസെടുത്തുവെന്നുള്ള കണക്കുകൾ ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയ്ക്ക് വിവരാവകാശ നിയമ പ്രകാരം അപേക്ഷ അയച്ചുവെങ്കിലും മറുപടി ലഭിച്ചിട്ടില്ല.
കുട്ടികൾ സ്റ്റേറ്റിന്റെ ഉത്തരവാദിത്തമല്ലേ?
കേന്ദ്രസർക്കാർ നിർഭയ പദ്ധതി പ്രഖ്യാപിക്കുന്നതിനും മുമ്പ് 2012 മാർച്ചിൽ സ്ത്രീകളേയും കുട്ടികളേയും ലൈംഗിക അതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി ‘നിർഭയ’ നയം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഷെൽട്ടർ ഹോമുകൾ (നിർഭയ ഹോം) തുറക്കുകയും അതിക്രമം തടയൽ മുതൽ അതിക്രമത്തിന് ഇരയായവരുടെ സംരക്ഷണവും കേസ് നടത്തിപ്പും വിദ്യാഭ്യാസ പ്രവർത്തനങ്ങളും വരെ ഈ സംവിധാനം വഴി നടപ്പാക്കുകയും ചെയ്തിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് സംസ്ഥാനത്തെ 13 നിർഭയ പ്രവർത്തനം 2020 നിർത്തലാക്കുകയും 10നും 18വയസിനും ഇടയിൽ പ്രായമുള്ള പോക്സോ കേസ് അതിജീവിതാരായ കുട്ടികളെ തൃശൂരിൽ പ്രവർത്തിക്കുന്ന ഒറ്റ കേന്ദ്രത്തിലേക്ക് മാറ്റുകയുമാണുണ്ടായത്. നിർഭയ നയം പ്രഖ്യാപിച്ച 12 വർഷങ്ങൾക്കിപ്പുറവും നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതരല്ലെന്നതാണ് യാഥാർത്ഥ്യം. വാളയാർ കേസിൽ പ്രതിഭാഗത്തിനു വേണ്ടി കേസ് ഏറ്റെടുക്കുകയും വാദത്തിനായി കോടതിയില്‍ ഹാജരാകുകയും ചെയ്ത എന്‍. രാജേഷ്. പാലക്കാട് ശിശുക്ഷേമ സമിതിയുടെ ചെയര്‍മാന്‍ ചുമതല വഹിക്കുവാൻ വേണ്ടിയാണ് കേസിൽ നിന്ന് ഒഴിയുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ എം.ജെ സോജന് ഐപിഎസ് നൽകാനുള്ള ശ്രമങ്ങളും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. വണ്ടിപ്പെരിയാർ കേസിലും വേഗത്തിൽ കുറ്റം പത്രം സമർപ്പിച്ചെങ്കിലും പ്രതിയെ വെറുതെ വിടാനുള്ള കാരണം പൊലീസിന്റെ അനാസ്ഥയാണ്. ഈ രണ്ട് കേസുകളിലും രാഷ്ട്രീയ ഇടപെടലുകളും കേസ് അട്ടിമറിക്കാനുള്ള പൊലീസ് ശ്രമങ്ങളും വളരെ വ്യക്തമായിരുന്നു. കുട്ടികൾ സംരക്ഷിക്കേണ്ട സ്റ്റേറ്റ് ആർക്കൊപ്പമാണ് എന്ന ചോദ്യം ഇവിടെ വളരെ പ്രസക്തമാണ്.
“ഞാൻ വളരെ വിഷമത്തോട് കൂടി പറയുകയാണ് കുട്ടികളുടെ സംരക്ഷണ കാര്യത്തിൽ ഇവിടെ ഏതാണ്ട് പത്ത് വർഷമായി ഒരു തരത്തിലുള്ള നിയമങ്ങളും കൃത്യമായി പാലിക്കപ്പെടുകയോ അതിനകത്ത് കൃത്യമായ ഒരു ഇൻവോൾമെന്റ് ഉണ്ടാവുകയോ ചെയ്യുന്നില്ല. പല കാരണങ്ങളുണ്ട്, അതിലൊരു കാരണം ഈ പ്രതികൾക്ക് ഗവൺമെന്റിലുള്ള സ്വാധീനമാണ്. നമ്മളുടെ കുട്ടികൾ അനാഥരാണ്. പേരിനൊരു പ്രഖ്യാപനങ്ങളൊക്കെ നടത്തും. അത്രയേ ഉള്ളൂ. പോക്സോ നമ്മൾ വിചാരിക്കുന്ന പോലെ പ്രാധാന്യത്തോടു കൂടി നടപ്പാക്കുന്നില്ല. പോക്സോ പ്രോസിക്യൂട്ടേഴ്സ് പൊളിറ്റിക്കലായിട്ട് നിയമിക്കപ്പെട്ടവരാണ്. അവർ അത്തരത്തിലുള്ള സ്വാധീനങ്ങൾക്കും സമ്മർദ്ദങ്ങൾക്കും വിധേയപ്പെട്ടവരാണ്. കൃത്യമായി ഒരു പഠനം നടത്തുകയാണെങ്കിൽ ഉറപ്പായിട്ടും സ്റ്റേറ്റ് തന്നെയാണ് കുട്ടികളെ സംരക്ഷിക്കുന്നുവെന്ന പേരിൽ ഒരു പ്രധാന സ്വാധീനമായിട്ട് കുട്ടികൾക്കെതിരെയിട്ടുള്ള പ്രവർത്തനങ്ങൾ നടത്തുന്നതായിട്ടാണ് നമുക്ക് മനസിലാക്കാൻ സാധിക്കുക.” പി.ഇ ഉഷ കേരളീയത്തോട് പറയുന്നു. വാളയാറും വണ്ടിപ്പെരിയാറും ഉൾപ്പടെയുള്ള കേസുകളിൽ പൊലീസിനെ പോലെ തന്നെ രാഷ്ട്രീയ ഇടപെടലുകളും സർക്കാർ നടപടികളും പലപ്പോഴും പ്രതികൾക്കനുകൂലമായിരുന്നു.
അന്തിമ വിചാരണ വരെ എത്തി ശിക്ഷിക്കപ്പെടുന്ന കേസുകൾ വളരെ കുറവായതിനാൽ തന്നെ പോക്സോ കേസുകൾ വ്യാജ പരാതികളാണെന്ന കേരളീയ സമൂഹത്തിന്റെ പൊതുബോധത്തെ സുൾഫത്ത് ടീച്ചർ വിമർശിക്കുന്നു. “യഥാർത്ഥത്തിൽ സംഭവം നടന്നിട്ടുണ്ടാകും. പക്ഷേ പല കാര്യങ്ങളാൽ സമ്മർദ്ദങ്ങൾ കൊണ്ട് തെളിയിക്കാൻ പറ്റാത്ത കേസുകൾ എടുത്തുവെച്ചിട്ടാണ് ഈ പറയുന്നത്. വ്യാജ പരാതി എന്ന് പറയുന്നത് വ്യാജമായിട്ടല്ല, ശിക്ഷിക്കപ്പെടാതെ പോകുന്ന കേസുകളൊന്നും കുറ്റം നടക്കാത്തത് കൊണ്ടല്ല കൃത്യമായ തെളിവ് ശേഖരിക്കാൻ പറ്റാത്തതുകൊണ്ടാണ്. തെളിവ് ശേഖരിക്കാൻ പോലീസ് കാണിക്കുന്ന വിമുഖത, പലതരം സമ്മർദ്ദങ്ങൾക്ക് വിധേയമായി പരാതിക്കാർ പിന്മാറുന്ന അവസ്ഥ. ചിലത് സാമ്പത്തികമാകാം, ചിലത് രാഷ്ട്രീയമാകാം, ഭയപ്പെടുത്തലാകാം, ഒറ്റപ്പെടുത്തലാകാം.” ശിക്ഷിക്കപ്പെടുന്നത് ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള പുരുഷന്മാരാണെന്നതും സ്വാധീനമുള്ള അല്ലെങ്കിൽ സവർണ പശ്ചാത്തലമുള്ള, രാഷ്ട്രീയ അധികാരങ്ങളുള്ള പുരുഷന്മാരെല്ലാം രക്ഷപ്പെടാറാണുള്ളതെന്നും സുൾഫത്ത് ചൂണ്ടിക്കാട്ടുന്നു. പോക്സോ കേസുകളെ എല്ലാം കേരള സമൂഹം ഒരുപോലെയല്ല നോക്കി കാണുന്നതെന്നാണ് സുൾഫത്തിന്റെ നിരീക്ഷണം. “സവർണ/സാമ്പത്തികമായി മുന്നിൽ നിക്കുന്ന കുടുംബങ്ങളിലെ കേസുകളെ കുറിച്ച് പറയുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ പാർശ്വവതകൃത വിഭാഗങ്ങളിലെ പോക്സോ കേസുകളിലെ കുട്ടികളുടെ കുടുംബ പശ്ചാത്തലത്തെ കുറിച്ച് പലതും പറയുകയും പാരമ്പര്യമന്വേഷിക്കുകയും ചെയ്യുന്ന പ്രവണത ഇവിടെയുണ്ട്. ഇത്തരം വിഭാഗങ്ങൾ സവർണ സാദാചാര കാഴ്ചപ്പാടിനപ്പുറം കുറച്ചു കൂടി സ്വതന്ത്രമായി ജീവിക്കുന്ന മനുഷ്യരായതുകൊണ്ടാണിത്.”
മുഖ്യമന്ത്രി പിണറായി വിജയനെതിരെ 2021ല്‍ ധർമ്മടം മണ്ഡലത്തില്‍ ‘കുഞ്ഞുടുപ്പ്’ ചിഹ്നത്തില്‍ വാളയാര്‍ അമ്മ മത്സരിച്ചതിനെകുറിച്ച് ചോദിച്ചപ്പോൾ അവർ ഇങ്ങനെ പറഞ്ഞു.”എന്നെ ഇവിടെ വരെ കൊണ്ടത്തിച്ചത് ഇവരൊക്കെ തന്നെയാണ്. ഇങ്ങനെയൊന്നും സംസാരിക്കണം, പിണറായിക്കെതിരെ മത്സരിക്കണം ഇതൊന്നും ഒരിക്കലും ആഗ്രഹിച്ച കാര്യമല്ല. പട്ടിക ജാതിക്കാരായതിനാൽ അടിച്ചമർത്താമെന്നും, എന്തെങ്കിലും സംഭവിച്ചാൽ ചോദിക്കാൻ ആരുമില്ലെന്ന കാഴ്ചപ്പാട് തിരുത്താനും കൂടിയാണ് ഞാൻ മത്സരിച്ചത്.”
വികസന സൂചികകൾ പരിശോധിച്ചാൽ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണ് കേരളം എന്ന് പറയുമ്പോഴും സാമൂഹികമായും സാമ്പത്തികമായും ചരിത്രപരമായും ഭൂമിശാസ്ത്രപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾ അനുഭവിക്കുന്ന അരികുവത്കരണം പലപ്പോഴും ഇത്തരം വിഭാഗങ്ങളിൽ നിന്നുള്ള പോക്സോ കേസുകളെ സ്വാധീനിക്കുന്നുണ്ടെന്നതിന് തെളിവാണ് വാളയാറും വണ്ടിപ്പെരിയാറും. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ പോലും പൊലീസിൽ നിന്നും, നിയമ സംവിധാനങ്ങളിൽ നിന്നും മാറ്റി നിർത്തലുകൾ അവർക്ക് നേരിടേണ്ടി വരുന്നു. കേരളത്തിലെ വർദ്ധിക്കുന്ന പോക്സോ കേസുകൾക്കൊപ്പം തന്നെ പാർശ്വവത്കൃത സമൂഹങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങളെ പ്രത്യേകം പരിഗണിക്കുകയും അത് വിശകലനം ചെയ്ത് ഗൗരവപരമായ ഇടപെടൽ നടത്തുകയും കുട്ടികൾക്ക് സുരക്ഷിതത്വം ഒരുക്കുകയും ചെയ്യേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണ്.
Anisha A Mendez is a Laadli Media Fellow. The opinions and views expressed are those of the author. Laadli and UNFPA do not necessarily endorse the views.