“നോട്ട് ആൻ ഇഞ്ച് ബാക്ക്”: വനനശീകരണത്തിനെതിരെ എച്ച്സിയു വിദ്യാ‍‍ർത്ഥികൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന് വേണ്ടി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദിലെ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് താൽക്കാലിക ശമനം. യൂണിവേഴ്സിറ്റി പരിധിയിലുള്ള 400 ഏക്കർ ഭൂമിയിൽ നടക്കുന്ന എല്ലാ വനനശീകരണ പ്രവർത്തനങ്ങളും ഉടൻ നിർത്തിവയ്ക്കണമെന്ന് ഏപ്രിൽ മൂന്നിന് സുപ്രീം കോടതി ഉത്തരവിട്ടു. സർവകലാശാലയിലെ വിദ്യാർത്ഥികൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചതിന് പിന്നാലെയാണ് മരം മുറിക്കുന്നത് ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഉടൻ നിർത്തിവയ്ക്കാൻ സുപ്രീം കോടതി ഉത്തരവിടുന്നത്. യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ നയിച്ച സമരത്തിന്റെ ഭാഗിക വിജയമായാണ് അവർ ഇതിനെ പരിഗണിക്കുന്നത്. യൂണിവേഴ്സിറ്റിക്ക് സമീപത്തെ കാഞ്ച ഗച്ചി ബൗളി എന്നറിയപ്പെടുന്ന 400 ഏക്കർ വനഭൂമി തരം മാറ്റുന്നതിനും വിൽക്കുന്നതിനുമുള്ള നീക്കമാണ് തെലങ്കാന സർക്കാർ നടത്തിയത്.

മാർച്ച് 30നാണ് ആ ഭൂമിയിൽ അവകാശവാദം ഉന്നയിച്ചുകൊണ്ട് സ്വകാര്യകമ്പനി ബുൾഡോസറുകളുമായി ക്യാമ്പസിലേക്ക് അതിക്രമിച്ചെത്തുകയും മരം മുറിക്കൽ ഉൾപ്പെടെയുള്ള നശീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തത്. ഇതിൽ പ്രതിഷേധിച്ച വിദ്യാർത്ഥി സംഘങ്ങളെ പൊലീസ് തടയുകയും അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സമരത്തിന് വലിയ ജനശ്രദ്ധ ലഭിച്ചു. രാത്രിയിലടക്കം ബുൾഡോസറുകൾ കാടു നികത്തൽ ജോലികളിൽ ഏർപ്പെട്ടതോടുകൂടി വിവിധങ്ങളായ പക്ഷികളുടെയും മറ്റ് ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥ അതിവേഗം പിഴുതുമാറ്റപ്പെട്ടു. അപൂർവമായ ജീവിവർഗ്ഗങ്ങളും സസ്യയിനങ്ങളുമുള്ള ഗച്ചി ബൗളി വനഭൂമി എങ്ങനെയാണ് സ്വകാര്യ കമ്പനികൾ കീഴടക്കിയത് എന്ന ചോദ്യം വിദ്യാർത്ഥികൾ ഉന്നയിച്ചു. യൂണിവേഴ്സിറ്റിയുടെ ഭാഗമായ ഭൂമി എങ്ങനെയാണ് സ്വകാര്യ കമ്പനിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കൈമാറ്റം ചെയ്യപ്പെട്ടത് എന്നും എന്തുകൊണ്ട് തെലങ്കാന ഗവണ്മെന്റ് ഈ വിഷയത്തിൽ മുന്നേ ഇടപെട്ടില്ല എന്നും ചോദ്യമുയർന്നു.

വനഭൂമിയിൽ ജെ.സി.ബിയുപയോഗിച്ച് നടന്ന നശീകരണ പ്രവർത്തനങ്ങൾ

മാർച്ച് 30 ന് എന്താണ് സംഭവിച്ചത്?

“യൂണിവേഴ്സിറ്റിയോട് ചേർന്നുള്ള 400 ഏക്കർ വനഭൂമിക്ക് മേൽ ഒരു ദിവസം സർക്കാർ അവകാശവാദം ഉന്നയിക്കുകയാണ്. മൾട്ടി-ഇൻഫ്രാസ്ട്രക്ചർ, ഐടി പാർക്കുകൾ എന്നിവ വികസിപ്പിക്കുന്നതിനായാണ് അത്രയും ഭൂമി തെലങ്കാന സർക്കാർ ഏറ്റെടുത്തത് എന്നാണ് അറിയാൻ കഴിഞ്ഞത്. അതിനെതിരെ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി സംഘടനകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിഷേധത്തിലായിരുന്നു. അതിന്റെ ഭാഗമായി ക്യാമ്പസിലെ മഷ്‌റൂം റോക്കിൽ ഒരു സിറ്റിംഗ് പ്രൊട്ടസ്റ്റ് സംഘടിപ്പിച്ചിരുന്നു. അത് നടന്നുകൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് ഇങ്ങനെയൊരു സംഭവം ഉണ്ടാകുന്നത്.” ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ എം.എ ഒന്നാം വർഷ വിദ്യാർത്ഥി (പേര് വെളിപ്പെടുത്തുന്നില്ല) പറയുന്നു.

മഷ്റൂം റോക്കിൽ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധം. കടപ്പാട് :thehindu.com

“പെരുന്നാളിന്റെ തലേദിവസം, മാർച്ച് മുപ്പതിന് ഇവിടെ അന്ന് ഉഗാദി എന്ന ഒരു ഫെസ്റ്റിവലും നടക്കുന്ന സമയമായിരുന്നു. അന്ന് ബുൾഡോസറുകൾ സ്ഥലം നികത്താനെന്ന ഉദ്ദേശ്യത്തോടെ ക്യാമ്പസിലേക്ക്‌ അതിക്രമിച്ചു കയറി. യൂണിവേഴ്സിറ്റിയുടെ മെയിൻ ഗേറ്റിലൂടെയല്ലാതെ വിദ്യാർത്ഥികൾ അധികം ഉപയോഗിക്കാത്ത, സ്റ്റേഡിയം പിൻ ഗേറ്റ് വഴിയാണ് ബുൾഡോസറുകൾ കയറിയത്. അത് കണ്ട വിദ്യാർത്ഥികൾ കൂടുതൽ സമരത്തിലേക്ക് നീങ്ങുകയും പ്രവർത്തനത്തെ തടയാൻ ശ്രമിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് സമരത്തിന്റെ ഭാഗമായ അൻപതോളം വിദ്യാർത്ഥികളെ തടയുകയും വലിച്ചിഴച്ച് മൂന്ന് പോലീസ് സ്റ്റേഷനുകളിലേക്കായി കൊണ്ടുപോവുകയും ചെയ്തു. വളരെ ക്രൂരമായാണ് പൊലീസ് വിദ്യാത്ഥികളോട് പെരുമാറിയത്. വീഡിയോ എടുക്കാനും മറ്റും സ്ഥലത്തെത്തിയ വിദ്യാർത്ഥികളെ ഇവർ അടിച്ചോടിക്കുകയാണ് ചെയ്തത്. ചിലരെ വണ്ടിക്ക് അകത്തുവച്ച് ആക്രമിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് വിദ്യാർത്ഥികൾ നൽകിയ മൊഴി. രാത്രി പത്ത് മണിക്ക് ശേഷമാണ് വിദ്യാർത്ഥികളെ റിലീസ് ചെയ്യുന്നത്. പിന്നീട് അതിൽ ഉണ്ടായിരുന്ന ഒരു വിദ്യാർത്ഥിക്കും മറ്റൊരു വിദ്യാർത്ഥി സംഘടനാ പ്രവർത്തകനും എതിരെ പൊലീസ് എഫ്.ഐ.ആർ ഇട്ടിരിക്കുകയാണ്.”

പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ പോലീസ് നീക്കുന്നു.

യൂണിവേഴ്സിറ്റിയുടെ ഭൂമി എങ്ങനെ സ്വകാര്യകമ്പനിയുടെ കയ്യിലെത്തി?

1970 കളിലെ തെലങ്കാന പ്രക്ഷോഭ കാലത്ത് പ്രത്യേക സംസ്ഥാനത്തിനും പ്രദേശത്തെ ജനങ്ങളുടെ അവകാശങ്ങൾക്കും വേണ്ടി പോരാടിയ നിരവധി വിദ്യാർത്ഥികൾക്ക് ജീവൻ ത്യജിക്കേണ്ടി വന്നു. തെലങ്കാനയുടെ ആവശ്യങ്ങൾ സമ്മർദ്ദമായി മാറിയപ്പോൾ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നിരവധി തവണ ഹൈദരാബാദ് സന്ദർശിക്കുകയും 1973 സെപ്റ്റംബർ 21 ന്, തെലങ്കാനയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ആറ് ഇന ഫോർമുല പ്രഖ്യാപിക്കുകയും ചെയ്തു. അതിലെ ഒരു നിർണായക വ്യവസ്ഥ തെലങ്കാനയിൽ ഒരു കേന്ദ്ര സർവകലാശാല സ്ഥാപിക്കുക എന്നതായിരുന്നു. ഫോർമുലയോടുള്ള പ്രതിബദ്ധതയിൽ, കോൺഗ്രസ് നയിക്കുന്ന ആന്ധ്രാപ്രദേശ് സർക്കാർ ഹൈദരാബാദ് സർവകലാശാലയ്ക്കായി 2,300 ഏക്കർ അനുവദിച്ചുകൊണ്ട് ഒരു ഭരണപരമായ ഉത്തരവ് പുറപ്പെടുവിച്ചു. പക്ഷേ, ആ ഭൂമി സർവകലാശാലയുടെ പേരിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നില്ല. അക്കാദമിക ആവശ്യങ്ങൾക്കായി മാത്രം ആ സ്ഥലം ഉപയോഗിക്കാം എന്നതായിരുന്നു ഏക വ്യവസ്ഥ.

വിവിധ കാലങ്ങളിൽ ആന്ധ്ര ഭരിച്ച സർക്കാരുകൾ സർവകലാശാലയുടെ ഈ ഭൂമി വിവിധ കാരണങ്ങൾ ഉന്നയിച്ച് കൈയേറിയിട്ടുണ്ട്. 2004 ജനുവരി 13 ന്, അന്നത്തെ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കായിക സൗകര്യങ്ങൾക്കായി അഞ്ച് വർഷത്തെ ധാരണാപത്ര പ്രകാരം ഐ.എം.ജി അക്കാഡമീസ് ഭാരത പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കായി 400 ഏക്കർ ഭൂമി അനുവദിക്കുകയുണ്ടായി. 2005-ൽ, മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്‌ഡി ഐ.എം.ജി ഭാരത ഒരു വഞ്ചനാപരമായ സ്ഥാപനമാണെന്ന് കണ്ടെത്തുകയും അനുമതി റദ്ദാക്കുകയും ചെയ്തു. 2006 ൽ വൈ.എസ്.ആറിന്റെ തീരുമാനത്തെ വെല്ലുവിളിച്ചുകൊണ്ട് ഈ സ്വകാര്യ കമ്പനി കോടതിയെ സമീപിക്കുകയും ഇത് പിന്നീട് നിയമപോരാട്ടങ്ങൾക്ക് വഴി വയ്ക്കുകയും ചെയ്തു. 2014 ജൂൺ 2-ന് ആന്ധ്രാ പ്രദേശിൽ നിന്ന് വേർപെട്ട് തെലങ്കാന ഇന്ത്യയുടെ 29-ാമത്തെ സംസ്ഥാനമായി മാറി.

2025 മാർച്ച് 5 ന് വന്ന സുപ്രീം കോടതി ഉത്തരവ് പറയുന്നത് 400 ഏക്കർ ഭൂമി തെലങ്കാന സർക്കാരിന്റേതാണെന്നും സ്വകാര്യ കമ്പനിക്ക് ഇതിൽ അവകാശമില്ലെന്നുമാണ്. പിന്നീട് തെലങ്കാന സർക്കാരിന് കീഴിലുള്ള തെലങ്കാന സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷൻ (TGIIC), ഐടി, ബഹുരാഷ്ട്ര കമ്പനികൾക്കുള്ള ഒരു ഹബ് വികസിപ്പിക്കുന്നതിനായി കാഞ്ച ഗച്ചി ബൗളിയിലെ 400 ഏക്കർ ലേലം ചെയ്യാൻ നിർദ്ദേശിക്കുകയും സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥിയായ മന്ത്രി ശ്രീധർ ബാബുവും മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ഈ നീക്കത്തെ പിന്തുണയ്ക്കുകയും ചെയ്തു. സർക്കാരിന്റെ സ്ഥലമായതുകൊണ്ടുതന്നെ അത് എങ്ങനെ ഉപയോഗിക്കാം എന്നത് സർക്കാരിന് തീരുമാനിക്കാം എന്നാണ് മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി പറയുന്നത്. ഇതിനെ പിൻപറ്റി യൂണിവേഴ്സിറ്റിയിലെ യുണിയനടക്കം പല വിദ്യാർത്ഥി സംഘടനകളും അഡ്മിനിസ്ട്രേഷനോട് സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

വിദ്യാർഥികൾ നടത്തിയ സമരം

“ഹൈദരാബാദ് യൂണിവേഴ്സിറ്റിയുടെ ഒരു പഴയ ഭൂപടം പരിശോധിക്കുമ്പോൾ ഞങ്ങൾ കണ്ടത് ഇൻറർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കെട്ടിടവും, ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസ് ക്യാമ്പസും, ബാലയോഗി സ്റ്റേഡിയവും യൂണിവേഴ്സിറ്റി കൊടുത്ത നിലത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്. ഇത് 400 ഏക്കറിന് പുറമെയാണ്. ഇതിനുള്ള പ്രതിഫലം യൂണിവേഴ്‌സിറ്റിക്ക് ലഭിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. പക്ഷേ, അതിന്റെ നടപടിക്രമങ്ങൾ ഒന്നും ആയിട്ടില്ല എന്നാണ് മനസിലാക്കിയിട്ടുള്ളത്.” വിദ്യാർത്ഥി ഉറപ്പാക്കുന്നു.

ഇത്തരത്തിൽ പല കാലങ്ങളിലായി യൂണിവേഴ്സിറ്റിക്ക് അനുവദിച്ച 2,300 ഏക്കറിന്റെ പ്രധാന ഭാഗങ്ങൾ ടി.എസ്.ആർ.ടി.സി, മുനിസിപ്പൽ ഓഫീസ്, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ബയോടെക്നോളജി എന്നിവയുൾപ്പെടെ വിവിധ സ്ഥാപനങ്ങൾക്കായി നൽകി. ഈ ഭൂമി സംരക്ഷിക്കുന്നതിന് പകരം ഭൂമിയുടെ അവകാശവാദം ഉറപ്പിക്കുന്ന രേഖകളുടെ അഭാവം തെലങ്കാന സർക്കാർ മുതലെടുക്കുകയാണെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ സുപ്രീം കോടതിയുടെ ടി.എൻ. ഗോദവർമ്മൻ തിരുമുൽപാട് വിധി പ്രകാരം, യൂണിവേഴ്സിറ്റിയുടെ 400 ഏക്കർ ഭൂമി വനഭൂമിയായാണ് കണക്കാക്കപ്പെടുന്നത്. യൂണിവേഴ്സിറ്റിയുടെ ഭാഗമായി നിലനിന്നിരുന്ന കാഞ്ച ഗച്ചി ബൗളി എന്ന സംരക്ഷിത വനഭൂമിയാണ് കോർപ്പറേറ്റുകളുടെ കയ്യേറ്റത്താൽ പകുതിയിലധികവും നശിപ്പിക്കപ്പെട്ടിരിക്കുന്നത്. അതിർത്തി നിർണ്ണയവും റവന്യൂ സർവേയും പൂർത്തിയാക്കുന്നതിന് മുമ്പുതന്നെ, ഭൂമിയെ തരിശായി കാണിക്കുന്നതിനായി മരങ്ങൾ വെട്ടിമാറ്റാനാണ് തെലങ്കാന സർക്കാർ ശ്രമിച്ചത്.

ജൈവസമ്പന്നമായ കാഞ്ച ഗച്ചിബൗളി വനം

തെലങ്കാനയിലെ രംഗറെഡ്ഢി ജില്ലയിലെ കാഞ്ച ഗച്ചി ബൗളി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കാഞ്ച ഗച്ചി ബൗളി വനം (Kanche Gachibowli Forest – KGF) അതീവ ജൈവസമ്പന്നമായ മേഖലയാണ്. ‘കാഞ്ച’ എന്ന തെലുങ്ക് പദം സൂചിപ്പിക്കുന്ന മേച്ചില്പുറങ്ങൾ എന്ന് അർഥമാക്കുന്ന ഇവിടം നഗരത്തിന്റെ ഹരിത സ്രോതസ്സാണ്. മരങ്ങളും കുറ്റിച്ചെടികളും ഉൾപ്പെടെ 700-ലധികം സസ്യയിനങ്ങൾ ഇവിടെയുണ്ട്. ദേശാടന പക്ഷികൾ ഉൾപ്പെടെ ഏകദേശം 237 പക്ഷി വർഗ്ഗങ്ങളും, 10 ഇനം സസ്തനികളും, 15 ഇനം ഉരഗങ്ങളും, പുള്ളിമാൻ, കാട്ടുപന്നികൾ, ഇന്ത്യൻ നക്ഷത്ര ആമകൾ, വംശനാശഭീഷണി നേരിടുന്ന മോണിറ്റർ പല്ലികൾ, ഇന്ത്യൻ റോക്ക് പൈത്തൺ പോലുള്ള പാമ്പുകൾ തുടങ്ങിയ വന്യമൃഗങ്ങളുടെയും ആവാസകേന്ദ്രമാണ് ഗച്ചി ബൗളി വനം. ഇവയിൽ നക്ഷത്ര ആമകൾ ഉൾപ്പെടെയുള്ള എട്ട് ജീവികൾ 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ചുവപ്പ് പട്ടികയിലുൾപ്പെടുത്തിയിട്ടുള്ളവയാണ്. ലോകത്ത് മറ്റൊരിടത്തുമില്ലാത്ത മുരീസിയ ഹൈദരാബാദെൻസിസ് എന്ന സവിശേഷ ചിലന്തി ഈ വനത്തിൽ മാത്രം കാണപ്പെടുന്നതാണ്. വനത്തിലെ പക്ഷിക്കൂട്ടങ്ങൾ കൂടുകെട്ടുന്ന കാലമായതുകൊണ്ടുതന്നെ മരങ്ങൾ പിഴുതുകളഞ്ഞതുൾപ്പെടെയുള്ള വൻ നശീകരണപ്രവർത്തനങ്ങൾ വലിയ തോതിൽ അവയെ ബാധിക്കാനിടയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നശീകരണത്തിനു ശേഷം ക്യാമ്പസിന് അകത്തു കണ്ട നക്ഷത്ര ആമ. വിദ്യാർഥികൾ പകർത്തിയ ചിത്രം

പുള്ളിമാൻ, മയിലുകൾ, ഇന്ത്യൻ റോളർ പക്ഷികൾ, നക്ഷത്ര ആമകൾ, ഹൈദരാബാദ് ട്രീ ട്രങ്ക് ചിലന്തികൾ, ബംഗാൾ മോണിറ്റർ പല്ലികൾ തുടങ്ങി അനേകം ജീവി വർഗങ്ങളാണ് ഈ മനുഷ്യ നിർമിത ദുരന്തത്തിൽ ഭീഷണി നേരിട്ടത്. The State of India’s Birds (SolB) റിപ്പോർട്ട് പ്രകാരം ഇവിടെയുള്ള കുറെയധികം ജീവികൾ വലിയ രീതിയിലുള്ള സംരക്ഷണം അർഹിക്കുന്നതാണ്. ഹൈദരാബാദിലും പരിസരത്തും മാത്രം കാണപ്പെടുന്ന മാർക്കിംഗ് നട്ട് (സെമെകാർപസ് അനകാർഡിയം) എന്ന വൃക്ഷം ഉൾപ്പെടെ 72ൽ അധികം വൃക്ഷ വൈവിധ്യവും ഇവിടെയുണ്ട്. നഗരത്തിലും പരിസരത്തുമുള്ള ഏറ്റവും വലിയ പുൽമേടുകൾ സ്ഥിതി ചെയ്യുന്നത് ഗച്ചിബൗളിയിലാണ്. 2.5 ബില്യൺ വർഷം പഴക്കം കണക്കാക്കുന്ന ‘മഷ്റൂം റോക്ക്’എന്ന പേരിലറിയപ്പെടുന്ന വലിയ പാറയുൾപ്പെടെ അമൂല്യമായ പാറക്കൂട്ടങ്ങൾ ഈ വനത്തിലുണ്ട്.

പീക്കോക്ക് തടാകം കടപ്പാട് : രഘു

വിദ്യാർത്ഥികൾ ഒഴിവ് നേരങ്ങൾ ചെലവഴിക്കാനും മറ്റുമായി മഷ്‌റൂം റോക്കിലെത്താറുണ്ട്. കൂടാതെ ഈ പ്രദേശത്തുള്ള രണ്ട് തടാകങ്ങളായ പീക്കോക്ക് തടാകം, ബഫല്ലോ തടാകം എന്നിവ ഇവിടങ്ങളിലെ ജീവിവർഗ്ഗങ്ങൾ ആശ്രയിക്കുന്ന പ്രധാന ജലസ്രോതസ്സുകളാണ്. യൂണിവേഴ്സിറ്റി ക്യാമ്പസിന്റെ ഒരു ഭാഗം മുതൽ പീകോക്ക് ലേക്ക് വരെയുള്ള ഭാഗം ഇതിനോടകം നശീകരണം നടന്നുകഴിഞ്ഞുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഈ വനത്തെ സംരക്ഷിക്കുന്നതിനായി സിവിൽ സമൂഹത്തിന്റെയും പ്രകൃതി സ്നേഹികളുടെയും യൂണിവേഴ്സിറ്റിയിലെ പൂർവ വിദ്യാർത്ഥികളുടെയും കൂട്ടായ്മയായ ‘സേവ് സിറ്റി ഫോറസ്റ്റ്’ പ്രവർത്തിക്കുന്നുണ്ട്. അപൂർവ ജൈവവൈവിധ്യ മേഖലയായതിനാൽ തന്നെ ഈ വനത്തെ ദേശയീയോദ്യാനമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ സമർപ്പിച്ച പൊതുതാല്പര്യ ഹർജി ഏപ്രിൽ 7 ന് പരിഗണിക്കാനിരിക്കെയാണ് തെലങ്കാന സർക്കാരിന്റെ അപ്രതീക്ഷിത ബുൾഡോസിങ്.

നഗരത്തിലെ കാലാവസ്ഥ നിയന്ത്രിക്കുന്നതിനും, വായു ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും, താപനില കുറയ്ക്കുന്നതിനും, ഭൂഗർഭജലം റീചാർജ് ചെയ്യുന്നതിനും ഈ വനം സഹായിക്കുന്നുണ്ട്. ആ വനത്തിനുണ്ടാകുന്ന നാശം ജലക്ഷാമത്തിനും വായു മലിനീകരണം വർദ്ധിപ്പിക്കുന്നതിനും താപനില ഉയരുന്നതിനും കാരണമാകും. വനത്തിന്റെ അഭാവം ആ പ്രദേശമാകെ ഒന്ന് മുതൽ നാല് ഡിഗ്രി സെന്റിഗ്രേഡ് വരെ താപനില വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് ഗവേഷകനായ അരുൺ വാസിറെഡ്ഡി തയ്യാറാക്കിയ കാഞ്ച ഗച്ചിബൗളി പരിസ്ഥിതി പൈതൃക റിപ്പോർട്ട് (Ecological Heritage report – KGF) പറയുന്നു. ഹൈദരാബാദിലുള്ള കെ.ബി.ആർ നാഷണൽ പാർക്കിലോ, മൃഗവാനി നാഷണൽ പാർക്കിലോ ഉള്ളതിനേക്കാൾ കൂടുതൽ പക്ഷി വൈവിധ്യം ഗച്ചിബൗളിയിലുണ്ടെന്ന് ഈ റിപ്പോർട്ട് കാണിക്കുന്നു. തെലങ്കാനയുടെ സംസ്ഥാന പക്ഷിയായ ഇന്ത്യൻ റോളറിന്റെയും അവസാന വാസസ്ഥലം കൂടിയാകും ഈ വനമെന്നും റിപ്പോർട്ട് പറയുന്നു.

പ്രതിഷേധം വിജയത്തിലെത്തുമോ?

പൊലീസിന്റെ സാന്നിധ്യത്തിൽ രാപകലില്ലാതെയാണ് നാല് ദിവസവും നശീകരണ പ്രവർത്തനങ്ങൾ നടന്നത്. മെയിൻ ഗേറ്റ്, സൗത്ത് ഗേറ്റ്, സ്മാൾ ഗേറ്റ്, മെയിൻ ഗേറ്റിൽ ക്യാമ്പസിനകത്തും പൊലീസിന്റെ സാന്നിധ്യം സദാ സമയവും ഉണ്ടായിരുന്നു. ടീച്ചേഴ്സ് യൂണിയൻ ഉൾപ്പെടെ വിദ്യാർത്ഥി സംഘടനകളുടെയും വർക്കേർഴ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ ഇപ്പോഴും ക്യാമ്പസിൽ സമരം നടക്കുന്നുണ്ട്. പ്രതിഷേധവുമായി ടീച്ചേഴ്സ് യൂണിയൻ ഈസ്റ്റ് ക്യാമ്പസിലേക്ക് നീങ്ങിയപ്പോൾ അവിടെ പൊലീസ് അവരെ തടഞ്ഞു. തുടർന്ന് തിരികെ അഡ്മിൻ ബ്ലോക്കിലെത്തി വി.സിയുമായി സംസാരിക്കാൻ സമ്മർദം ചെലുത്തിയതിന് പുറമെയാണ് അദ്ദേഹം സംസാരിക്കാൻ തയ്യാറായത്. വിദ്യാർത്ഥികൾക്കുണ്ടായിരുന്ന ചോദ്യങ്ങൾക്ക് ഉത്തരം തരാതെയാണ് വി.സി മടങ്ങി പോയത് എന്ന് വിദ്യാർത്ഥികൾ പറയുന്നു. വിദ്യാർത്ഥികൾ സമർപ്പിച്ച പൊതു താല്പര്യ ഹർജി പ്രകാരമാണ് ഇപ്പോൾ തൽക്കാലത്തേക്ക് പ്രവർത്തനങ്ങൾ നിർത്തിവച്ചത്. നാശത്തെക്കുറിച്ചുള്ള ഔദ്യോഗിക കണക്കെടുപ്പ് ഇതുവരെ നടത്തിയിട്ടില്ലെങ്കിലും 400 ഏക്കർ വിസ്തൃതിയിലെ 17,700 ലധികം മരങ്ങളിൽ 10,000 ലധികം മരങ്ങൾ ഇതിനോടകം മുറിച്ചുമാറ്റി എന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിലവിലുള്ള മരങ്ങളുടെ സംരക്ഷണം ഒഴികെയുള്ള ഒരു തരത്തിലുള്ള പ്രവർത്തനവും സംസ്ഥാനം ഏറ്റെടുക്കാൻ പാടില്ല എന്നാണ് സുപ്രീം കോടതി ജസ്റ്റിസുമാരായ ബി.ആർ ഗവായ്, എ.ജി മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ഏപ്രിൽ 3ന് നിർദേശിച്ചത്. തെലങ്കാന ഹൈക്കോടതി വ്യാഴാഴ്ച വരെ മരംമുറിക്കൽ നിർത്തിവച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് സുപ്രീം കോടതി ഉത്തരവുണ്ടാകുന്നത്. എസ്.എഫ്.ഐ, അംബേദ്ക്കർ സ്റ്റുഡന്റസ് യൂണിയൻ (എ.എസ്.യു), ദളിത് സ്റ്റുഡന്റസ് യൂണിയൻ (ഡി.എസ്.യു), ബഹുജൻ സ്റ്റുഡന്റസ് ഫ്രണ്ട് (ബി.എസ്.എഫ്), എം.എസ്.എഫ്, ഫ്രറ്റേർണിറ്റി മൂവ്മെന്റ്, ഓൾ ഇന്ത്യ സ്റ്റുഡന്റസ് ഫെഡറേഷൻ (എ.ഐ.എസ്.എ), എ.ബി.വി.പി തുടങ്ങിയ വിദ്യാർത്ഥി സംഘടനകളാണ് സമരമുഖത്തുണ്ടായിരുന്നത്. “നോട്ട് ആൻ ഇഞ്ച് മോർ, നോട്ട് ആൻ ഇഞ്ച് ബാക്ക്”എന്നതാണ് സമരത്തിന്റെ പ്രധാന മുദ്രാവാക്യം. യൂണിവേഴ്സിറ്റിയുടെ നിലം യൂണിവേഴ്‌സിറ്റിക്ക് തന്നെ തിരികെ ലഭിക്കുന്നതുവരെ സമരമുഖത്തുണ്ടാകും എന്ന് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി സംഘടനയിലെ യൂണിയൻ പ്രെസിഡന്റ് ലെനിൻ പറയുന്നു.

പ്രതിഷേധസൂചകമായി ക്യാമ്പസിൽ വിദ്യാർത്ഥികൾ സ്ഥാപിച്ച ബാനർ കടപ്പാട് :Instagram

“പ്രധാനമായും മൂന്ന് ആവശ്യങ്ങൾക്ക് വേണ്ടിയാണ് സമരം തുടരുന്നത്. അതിൽ ആദ്യത്തേത് നിലവുമായി ബന്ധപ്പെട്ട ആവശ്യം തന്നെയാണ്. യൂണിവേഴ്സിറ്റിയുടെ സ്ഥലം തിരികെ ലഭിച്ചില്ലെങ്കിൽ വീണ്ടും അതിൽ സ്റ്റേറ്റിന് ഇടപെടാനുള്ള അവസരമുണ്ടാകും. രണ്ടാമത്തേത് പൊലീസിന്റെ കൃത്യനിർവഹണം തടഞ്ഞു, പൊലീസ് സ്റ്റേഷൻ അതിക്രമിച്ചു കയറി എന്നാരോപിച്ച് യൂണിവേഴ്സിറ്റിയിലെ നവീൻ, രോഹിത്ത് എന്നീ രണ്ടു വിദ്യാർത്ഥികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. അവർക്കെതിരെ ഇപ്പോൾ നോൺ ബെയിലബിൾ ഒഫെൻസിനാണ് കേസ് ചുമത്തിയിരിക്കുന്നത്. അവരിപ്പോൾ റിമാൻഡിലാണ്. തീർത്തും ഫാബ്രിക്കേറ്റ് ചെയ്ത ഒരു കേസ് ആണിത്. കാരണം പൊലീസ് കേസ് ചാർജ് ചെയ്ത സമയം നവീൻ എന്ന വിദ്യാർത്ഥി ക്യാമ്പസിന്റെ പുറത്ത് ബൈക്കിലിരിക്കുന്ന സി.സി.ടി.വി ദൃശ്യമുണ്ട്. ഇന്നാണ് അതിന്റെ ഹിയറിങ്. ഞങ്ങളുടെ കയ്യിലുള്ള എവിഡൻസ് എല്ലാം സബ്മിറ്റ് ചെയ്ത് ഉടനെ വിദ്യാർത്ഥികളെ തിരിച്ചുകൊണ്ടുവരും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.” ലെനിൻ കേരളീയത്തോടു പറഞ്ഞു.

ലെനിൻ

സുപ്രീം കോടതി വിധിക്ക് ശേഷവും ക്യാമ്പസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് പൊലീസ്, സി.ആർ.പി.എഫ് സന്നാഹം ഉണ്ട് എന്നാണ് ലെനിൻ പറയുന്നത്. ക്യാമ്പസിൽ വിദ്യാർത്ഥികൾ കൂടുന്നയിടങ്ങളിൽ പൊലീസിന്റെ വലിയ കൂട്ടം ഇപ്പോഴും ഉണ്ട്. ഇപ്പോൾ പണികൾ നടക്കുന്ന ഈസ്റ്റ് ക്യാമ്പസിലെ മാത്‍സ്, ഇക്കണോമിക്സ്, മാനേജ്‌മെന്റ്റ് സ്റ്റഡീസ് വകുപ്പുകളിലെ വിദ്യാർത്ഥികൾക്ക് മാത്രമേ ആ ഭാഗത്തേക്ക് പ്രവേശനമുള്ളൂ. മാത്രവുമല്ല, ഈസ്റ്റ് ക്യാമ്പസിലേക്ക് വിദ്യാർത്ഥികൾക്ക് ‘ഫ്രീ മൂവ്മെന്റ്’ ഉണ്ടായിരിക്കില്ല എന്ന ഡി.സി.പി നിർദേശം യൂണിവേഴ്സിറ്റിയിൽ നിന്നും വിദ്യാർത്ഥികൾക്ക് ഇ-മെയിൽ ആയി ലഭിച്ചിട്ടുണ്ട്. മുപ്പതാം തിയതി പോലീസ് തടഞ്ഞുവച്ച എല്ലാ വിദ്യാർത്ഥികൾക്കെതിരെയും എഫ്.ഐ.ആർ ഫയൽ ചെയ്തിട്ടുമുണ്ട്. ഇതും പിൻവലിക്കണം എന്നാണ് വിദ്യാർത്ഥികളുട ആവശ്യം. പ്രതിരോധ റാലികൾ ഉൾപ്പെടെയുള്ള പ്രകടനങ്ങൾ ഇപ്പോഴും ക്യാമ്പസിൽ സജീവമാണ്. മാർച്ച് മുപ്പതിന് സമരം റിപ്പോർട്ട് ചെയ്യാൻ വന്ന ‘സൗത്ത് ഫസ്റ്റ്’ എന്ന വെബ് പോർട്ടലിന്‍റെ റിപ്പോർട്ടർ സുമിത് ഷായെയും സ്ഥലത്തുണ്ടായിരുന്ന പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റിപ്പോർട്ടറിന്റെ ഐ.ഡി കാണിച്ചിട്ടും മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും റിപ്പോർട്ടിങിനെ തടസപ്പെടുത്തുകയുമാണ് ചെയ്തത്.

വനവൽക്കരണത്തിന്റെ ഭാഗമായിട്ടും യൂണിവേഴ്സിറ്റിയുടെ ഭാഗത്തു നിന്നും ഇതിന് മുന്നേ ഒരുപാട് സ്വാഭാവിക വനം നശിപ്പിക്കപ്പെട്ടിട്ടുള്ളതായി യൂണിവേഴ്സിറ്റിയിലെ അഞ്ചാം വർഷ ഗവേഷക വിദ്യാർത്ഥിയായ വിഷ്ണുപ്രിയ പറയുന്നു. കഴിഞ്ഞ കുറച്ച് വർഷത്തിനിടയിൽ ‘അഫോറസ്റ്റേഷൻ ഡ്രൈവ്’ എന്ന പേരിൽ യൂണിവേഴ്സിറ്റി നടത്തിയ വനനശീകരണം ഈ സാഹചര്യത്തിൽ ഓർമ്മിപ്പിക്കുകയാണ് വിഷ്ണുപ്രിയ.

വിഷ്ണുപ്രിയ

“യൂണിവേഴ്സിറ്റി ക്യാമ്പസ് ഒരുപാടു വലുതാണ്. ഈ ഇഷ്യൂ ഉണ്ടായതിനു ശേഷം ക്യാമ്പസിലെ വനഭൂമി സന്ദർശിക്കാൻ വിദ്യാർത്ഥികൾ പോയപ്പോഴാണ് ഇതിന് മുന്നേ ഒരുപാട് നിലങ്ങൾ പ്ലാന്റേഷൻ ആക്കിയിട്ടുണ്ട് എന്ന് മനസിലാവുന്നത്. അതൊന്നും ഞാൻ ഉൾപ്പെടെ പല വിദ്യാർത്ഥികളും അറിഞ്ഞിരുന്നില്ല. ഹൈദരാബാദ് മുനിസിപ്പൽ ഡെവലപ്മെന്റ് അതോറിറ്റിയുടെ (എച്ച്.എം.ഡി.എ) നേതൃത്വത്തിൽ നിലത്തിന്റെ പ്രാദേശിക സവിശേഷതകൾ മനസിലാക്കാതെ അഫോറസ്റ്റേഷൻ ഡ്രൈവിന്റെ പേരിൽ ഇക്കണോമിക്കൽ വാല്യൂ മാത്രമുള്ള മരങ്ങളുടെ വിത്തുകളാണ് കുഴിച്ചിട്ടുള്ളത്. പിന്നെ യൂണിവേഴ്സിറ്റിയുടെ അറിവോടെ ആ പ്രദേശത്തിന്റെ ഇക്കോസിസ്റ്റം മനസിലാക്കാതെ ഇതിനോടകം ക്യാമ്പസിന്റെ ചുറ്റളവിൽ ഒരുപാട് വൻകിട കെട്ടിടങ്ങളും ഉയർന്നിട്ടുണ്ട്.

യൂണിവേഴ്സിറ്റി നടത്തിയ അഫോറസ്റ്റെഷൻ ഡ്രൈവിൽ നട്ട ചെടികൾ ചിത്രം: വിഷ്ണുപ്രിയ

ഇതുവരെ വിദ്യാർഥികൾക്ക് പ്രവേശിക്കാൻ കഴിയാത്ത, ഡിസ്റ്റർബൻസ് ഒന്നുമില്ലാതിരുന്ന വളരെ പ്രഷ്യസ് ആയ ഒരു ഫോറസ്റ്റ് ഏരിയയായിരുന്നു ഇപ്പോൾ തുടച്ചുനീക്കപ്പെട്ടത്. പ്രാദേശികമായ ഒരുപാട് ആയുർവേദ സസ്യങ്ങൾ ഉള്ള, വളരെ അമൂല്യമായ ഒരു ഗ്രാസ് ലാൻഡ് ആണ് തിരിച്ചുപിടിക്കാൻ കഴിയാത്ത വിധം നശിപ്പിക്കപ്പെട്ടത്. വലിയ പച്ചപ്പുള്ള, സമ്പന്നമായ ഒരു വനത്തിനുള്ളിൽ ഒരു ദിവസം ചിലവഴിക്കുക എന്നത് തന്നെ പ്രിവിലെജ് ഉള്ള ആളുകൾക്ക് മാത്രം കഴിയുന്ന ഒന്നായി മാറിയ കാലത്താണ് നമ്മൾ ജീവിക്കുന്നത്. നമ്മൾ പഠിക്കുന്ന സ്ഥലത്ത് ആ ഒരു വലിയ സൗകര്യം, ആശ്വാസം ഉള്ളത് വിദ്യാർത്ഥികളെ മാനസികമായും ഉത്തേജിപ്പിക്കുന്നുണ്ട്. അതും കൂടിയാണ് കോർപറേറ്റുകൾ തകർത്തത്.” വിഷ്ണുപ്രിയ പറയുന്നു. യൂണിവേഴ്സിറ്റിയിലെ ലേഡീസ് ഹോസ്റ്റലിനടുത്തായാണ് നിർമ്മാണ പ്രവർത്തനം നടക്കുന്നത് എന്നതുകൊണ്ട് അത് ഭാവിയിൽ വിദ്യാർത്ഥിനികളുടെ സ്വകാര്യതയെ ബാധിക്കാൻ ഇടയാകുമെന്നും വിഷ്ണുപ്രിയ കൂട്ടിച്ചേർക്കുന്നു.

വികസനത്തിന് തടസ്സമായി നിൽക്കുന്നത് സിംഹങ്ങളോ കടുവകളോ അല്ലെന്നും ‘തന്ത്രശാലികളായ കുറുക്കന്മാർ’ മാത്രമാണെന്നുമാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിയമസഭയിൽ സമരത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല നിലപാടുകൾക്കെതിരെ നിലകൊള്ളുന്ന കോൺഗ്രസ് പാർട്ടി, അവർ ഭരിക്കുന്ന തെലങ്കാനയിൽ സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന വിമർശനം ഇതോടെ വ്യാപകമായിരിക്കുന്നു. വൻകിട കോർപറേറ്റുകളിൽ നിന്ന് ക്യാമ്പസിന്റെ ഭൂമി തിരിച്ചുപിടിക്കാനും ജൈവവൈവിധ്യം സംരക്ഷിക്കാനുമുള്ള ശ്രമങ്ങളുമായി ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ മുന്നോട്ടുപോവുകയാണ്.

          

Also Read

10 minutes read April 5, 2025 12:45 pm