Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
“ആത്മാവോ? പുലയനുണ്ടോ ആത്മാവുള്ളൂ? ദിവസവും വേലയെടുത്തില്ലെങ്കില്‍ നിങ്ങളെ ഞാന്‍ പൂട്ടിയിടും.” – (കോശി കുര്യന്‍ -‘ഘാതക വധം’).
“എങ്കിലും ചിലപ്പോള്‍ പാവപ്പെട്ട പുലയര്‍ക്കു സ്വര്‍ഗ്ഗമില്ലായിരിക്കുമെന്നു വിചാരിച്ചു ഞാന്‍ ഭയപ്പെടുന്നു. ചിലപ്പോള്‍ ഇവിടെ ഞങ്ങള്‍ കീഴുജാതിക്കാരായിരിക്കുന്നതുപോലെ അവിടെയും ആയേക്കുമെന്നും തോന്നുന്നു.”- (പൗലോസ് പുലയന്‍ – ‘ഘാതക വധം’).
ഒരു പുറമേക്കാരിയുടെ (outsider) വസ്തുനിഷ്ഠ വീക്ഷണത്തിന്‍റെ സത്യസന്ധതയില്‍ സൗത്ത് ആഫ്രിക്കന്‍ നോവലിസ്റ്റ് ഷീലാ ഫുഗാര്‍ദ് അവരുടെ വിഖ്യാത നോവലില്‍ സഹസ്രാബ്ദങ്ങളായി ഇന്ത്യന്‍ സമൂഹത്തിന്‍റെ കുടല്‍മാലയിലെ നാടവിര എന്ന് ജാതിസമ്പ്രദായത്തെ കുറിച്ച് വിവരിക്കുന്നുണ്ട്. ആ നാട്ടിലെ ഗാന്ധിയുടെ ഇടപെടലുകളും ഗാന്ധി-കസ്തൂര്‍ബാ ബന്ധവും വിഷയമാകുന്ന ‘ഒരു വിപ്ലവവനിത’ (A Revolutionary Woman) എന്ന പുസ്തകമാണ് ഇവിടെ വിവക്ഷ. ‘ദൈനംദിന ഹോളോകോസ്റ്റ്’ എന്ന് ഒരു നിരൂപകന്‍ വിവരിക്കുന്ന (1) ദലിത് ജീവിതാവസ്ഥയുടെ സാഹിതീയ ആവിഷ്കാരങ്ങള്‍ക്കു പക്ഷെ ഈയടുത്ത കാലത്തു മാത്രമേ പ്രാമാണികത കൈവന്നിട്ടുള്ളൂ. ദലിത് സാഹിത്യത്തിന്‍റെ ഭാവങ്ങള്‍ ഏറിയോ കുറഞ്ഞോ പ്രകടമാകുന്ന കഥകള്‍ കോളിന്‍സ് മദാമ്മയുടെ ‘ഘാതക വധം’ (1877) പോലുള്ള കൃതികളിലും ഒരുവേള അതിനുംമുമ്പ് മിഷനറി ആഖ്യാനങ്ങളിലും ഉണ്ടായിട്ടുണ്ട്.
പണ്ഡിറ്റ് കറുപ്പന്‍, ടി.കെ.സി വടുതല, പോള്‍ ചിറക്കരോട്, സി.അയ്യപ്പന്‍ തുടങ്ങിയവരുടെ രചനകളില്‍ എൺപതുകള്‍ക്കു ശേഷമുണ്ടായ പുനര്‍വായനകള്‍ 1920 മുതല്‍ 1956 വരെയുള്ള അംബേദ്‌കറുടെ ഇടപെടലുകളുടെ തുടര്‍ച്ചയായി മഹാരാഷ്ട്രയില്‍ രൂപംകൊണ്ട ദലിത് സാഹിത്യത്തിന്‍റെ നിറവിലായിരുന്നു എന്ന് എം.ആര്‍ രേണുകുമാര്‍ വിവരിക്കുന്നു (2). മറാത്തി ഭാഷയില്‍ തുടങ്ങി ഹിന്ദി, കന്നഡ, തെലുഗു, ബംഗ്ലാ, തമിഴ് ഭാഷകള്‍ക്കും ശേഷമാണ് നിയതമായ അര്‍ത്ഥത്തില്‍ ദലിത് സാഹിത്യം മലയാളത്തില്‍ വളര്‍ന്നുവന്നത്. ‘ബുദ്ധിസത്തിന്‍റെയും അംബേദ്‌കറിസത്തിന്‍റെയും വെളിച്ചത്തില്‍ മറാത്തി ദലിത് സാഹിത്യം എത്തിച്ചേര്‍ന്ന സാമൂഹിക- രാഷ്ട്രീയ ഉള്ളടക്കമൊന്നും അവകാശപ്പെടാനാവില്ലെങ്കിലും’, അറുപതുകളില്‍ത്തന്നെ ജാതിയെയും മതത്തെയും പ്രശ്നവല്‍ക്കരിക്കുന്ന (Ibid) കൃതികള്‍ രചിക്കപ്പെട്ടത് മലയാള ദലിത് സാഹിത്യ ചരിത്രത്തില്‍ സുപ്രധാനമാണ്.1892 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പോത്തേരി കുഞ്ഞമ്പുവിന്‍റെ ‘സരസ്വതീവിജയം’, 1960 ല്‍ പുറത്തുവന്ന ടി.കെ.സി വടുതലയുടെ ‘കറ്റയും കൊയ്ത്തും’ എന്നിവയെ മുന്‍മാതൃകകളായി വിവരിക്കുന്ന മലയാള ദലിത് നോവല്‍ സാഹിത്യത്തില്‍ ഏറ്റവും പ്രധാനകൃതിയായി ‘പുലയത്തറ’ (1962) പരിഗണിക്കപ്പെടുന്നു.
എന്നാല്‍, എന്തുകൊണ്ട് പുസ്തകത്തിന് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴോ തുടർന്നുള്ള പതിറ്റാണ്ടുകളിലോ സാഹിത്യചരിത്രത്തിൽ ശ്രദ്ധേയമായ ഇടം ലഭിക്കാതെപോയി എന്ന ചോദ്യത്തെ, സര്‍വ്വവ്യാപിയായ സവര്‍ണ്ണ മുഖ്യധാരാ ഭാവുകത്വവുമായി ചേര്‍ത്തുവെച്ചു മാത്രമാണ് വിശദീകരിക്കാനാകുക. ‘സാമൂഹികവും സാംസ്കാരികവും സൗന്ദര്യശാസ്ത്രപരവുമായ ബൈനറികള്‍ സൃഷ്ടിച്ചുകൊണ്ട് ഒരേസമയം തങ്ങളുടെ മേൽക്കോയ്മയെയും ബഹുജനങ്ങളുടെ കീഴാളതയെയും കാലാനുസൃതമായി നിലനിര്‍ത്താന്‍ പ്രബല/സവര്‍ണ്ണ ധാരയ്ക്കുള്ള പാടവം അന്യാദൃശമാണ്.’(Ibid) പുരോഗമനസാഹിത്യത്തിന്‍റെയും തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയബോധ്യങ്ങളുടെയും ഉദ്ബോധന സ്വഭാവംകൊണ്ടു പരിമിതപ്പെട്ടുപോയ, വര്‍ഗ്ഗബോധം കൈവരിച്ച സവര്‍ണ്ണന്‍റെ മഹാമനസ്കതയില്‍ വര്‍ഗ്ഗസംഘര്‍ഷങ്ങള്‍ക്ക് പ്രശ്നപരിഹാരം കണ്ടെത്തിയ ‘രണ്ടിടങ്ങഴി’ പോലെ ഒരു നോവലിനു ലഭിച്ച സ്വീകാര്യതപോലും ‘പുലയത്തറ’ക്കോ മറ്റു സമാനകൃതികള്‍ക്കോ ലഭിക്കുകയുണ്ടായില്ല എന്നതിന് ഏറ്റവും വ്യക്തമായ വിശദീകരണം ഇതുതന്നെ.
സാമാന്യാനുഭവ പാത്രസൃഷ്ടികൾ
“ദൃശ്യതയില്ലാത്ത ഒരു സമുദായത്തിലെ ഒരു വ്യക്തിയുടെ ചരിത്രം ഒരു സമുദായത്തിന്‍റെ ചരിത്രം തന്നെ ആയിരിക്കും” എന്നു നിരീക്ഷിക്കുന്നുണ്ട് പ്രദീപന്‍ പാമ്പിരിക്കുന്നിന്‍റെ ‘എരി’ എന്ന നോവലിലെ ഗവേഷകവിദ്യാര്‍ഥിയായ ആഖ്യാതാവ്.
എന്തുകൊണ്ടാണ് കൊളോണിയല്‍/ ജാതീയ/വംശീയ/ വര്‍ണ്ണാധീശ വിവേചനം നേരിടുന്ന പാര്‍ശ്വവൽകൃതരുടെ/ കീഴാള/ അധസ്ഥിത വിഭാഗങ്ങളുടെ കഥകളില്‍ വൈയക്തികതക്കപ്പുറം സാമാന്യാനുഭവങ്ങള്‍ (generic experiences) പ്രധാനമാകുകയും പാത്രസൃഷ്ടി വ്യക്തികള്‍ എന്നതിലേറെ ടൈപ്പുകള്‍/ പ്രതിനിധാനങ്ങള്‍ ആയിത്തീരുകയും ചെയ്യുന്നത് എന്നതിന്‍റെ കൃത്യമായ വിശദീകരണമാണ് പ്രസ്തുതനിരീക്ഷണം. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാന ദശകങ്ങളും ഇരുപതാംനൂറ്റാണ്ടിന്‍റെ ആദ്യ ദശകങ്ങളും കാലഗണനയായ അടിമ/അടിമസമാന കുട്ടനാടന്‍ പുലയ ജീവിതമാണ് തേവന്‍ പുലയന്‍, മകന്‍ കണ്ടങ്കോരന്‍, സവര്‍ണ്ണ ഭൂപ്രഭു നാരായണന്‍ നായര്‍, തുടങ്ങിയ വൈയക്തികമെന്നതിലേറെ പ്രതീകഭാവമുള്ള ഏതാനും കഥാപാത്രങ്ങളിലൂടെ നോവല്‍ ആവിഷ്കരിക്കുന്നത്. ആറു പതിറ്റാണ്ടിലേറെ കാലം തന്‍റെ വിയര്‍പ്പിന്‍റെ ഉപ്പുവീണു മരതക കാന്തിയാര്‍ജ്ജിച്ച കൃഷിയിടങ്ങളില്‍നിന്ന് ആരോഗ്യം ക്ഷയിച്ചുതുടങ്ങിയ തേവന്‍ പുലയനെ ഇല്ലാത്ത കാര്യത്തിന് ജന്മി ഒരു പ്രഭാതത്തില്‍ ഇറക്കിവിടുമ്പോള്‍ പുലയന് അതൊരു പറുദീസാ നഷ്ടമാകുന്നത് അതില്‍ എന്തെങ്കിലും സ്വത്തവകാശം ഉണ്ടായിട്ടല്ല, അതിനോടുള്ള ജൈവ, വൈകാരിക ബന്ധം മൂലമാണ്. പുലയനെ പ്രകൃതിയുടെ അംശം തന്നെയായി അടയാളപ്പെടുത്തുന്ന നിരീക്ഷണങ്ങള്‍ നോവലില്‍ വേറെയുമുണ്ട്. കൃഷിഭൂമി കര്‍ഷകന് എന്ന രാഷ്ട്രീയ മുദ്രാവാക്യത്തിനപ്പുറം, കണ്ടങ്കോരന്‍/ തോമായിലൂടെ അടുത്ത തലമുറയിലും തെളിയുന്ന പ്രകൃതി സൗഭ്രാത്രത്തെ പില്‍ക്കാല ഭൗമരാഷ്ട്രീയ ബോധ്യങ്ങളുടെ മുമ്പേ നടക്കുന്ന സൂചനയായും കാണാവുന്നതാണ്.
“അന്നക്കിടാത്തിക്ക് മനസ്സിലായി. അവളുടെ ഭര്‍ത്താവ് ആ വിശാലതയുടെ ഒരു അംശമായിരുന്നു…അവന്‍ പാടത്തിന്‍റെ മകനാണ്. പാടമാണ് അവന്‍റെ കര്‍മഭൂമി”.
പുതിയ തലമുറയുടെ സ്വാതന്ത്ര്യവാഞ്ഛ ആവേശിച്ച കണ്ടങ്കോരനില്‍ വളര്‍ന്നുവരുന്ന ഭീഷണി ജന്മി കാണുന്നുണ്ട്. കമ്മ്യൂണിസമൊക്കെ വേരുപിടിക്കുന്ന കാലമാണ്. ഒരു സുപ്രഭാതത്തില്‍ കൂടും തൊഴിലും നഷ്ടമാകുന്ന തേവനും മകനും തലചായ്ക്കാനൊരു കൂരതേടി പഴയ ‘കിളിയന്‍ പുലയ’നായിരുന്ന കൂട്ടുകാരന്‍ പള്ളിത്തറ പൗലോസിന്‍റെ കുടിലിലെത്തുന്നു. മാര്‍ക്കംകൂടിയ പുലയനെന്ന നിലയില്‍ പള്ളിവക പറമ്പില്‍ കുടില്‍ കെട്ടി കഴിയാന്‍ അനുവാദം കിട്ടിയ പൗലോസിനു വിരോധമില്ലെങ്കിലും അതിഥികള്‍ക്കുകൂടിയുള്ള വക കണ്ടെത്തുന്നതിന്‍റെ അധിക ബാധ്യതയില്‍ വിഷമിക്കുന്ന മറിയക്കു പക്ഷെ അതത്ര സന്തോഷമല്ല. ഒളിഞ്ഞും തെളിഞ്ഞും അത് പ്രകടിപ്പിക്കപ്പെടുമ്പോള്‍ അഭിമാനിയായ തേവനോ കണ്ടങ്കോരനോ അത് തങ്ങാവുന്നതല്ല. അന്നക്കിടാത്തിയും കണ്ടങ്കോരനുമിടയില്‍ മൊട്ടിടുന്ന പ്രണയം, പ്രണയസാഫല്യത്തിനായി മതംമാറ്റമെന്ന പോംവഴിയിലേക്ക് കണ്ടങ്കോരനെ എത്തിക്കുന്നത് പഴയ കുടുംബ/പാരമ്പര്യ വെച്ചുപൂജകളും മറ്റും പവിത്രമായി കരുതുന്ന തേവന്‍റെ ഒറ്റപ്പെടല്‍ പൂര്‍ണ്ണമാക്കുന്നു. ദുരൂഹ സാധനകളുടെ ഒറ്റയാന്‍ വഴിയിലേക്ക് ഇറങ്ങി മറയുന്ന വയോധികനെ ആഖ്യാനം തീര്‍ത്തും പ്രാന്തത്തില്‍ നിര്‍ത്തുന്നത് ആഖ്യാനപരമായി ഒരുവേള വേണ്ടത്ര ഉപയോഗിക്കപ്പെടാതെപോയ അവസരമായി പറയാം. സമകാലിക മലയാള നോവലിന്‍റെ ആഖ്യാനരീതിയില്‍ കാണാനാകുന്ന ഒരു സവിശേഷ പ്രവണതയെയാണ് ഉദ്ദേശിക്കുന്നത്. കൊളോണിയല്‍ ആധുനികതയുടെ കഥാകാലത്തിലും പോയ്പ്പോയ/ അസ്ത പ്രായമായ ഗോത്രസംസ്കാര കഷ്ടകാലത്തിന്റെ ദലിത്/ആദിവാസി കഥാപാത്രങ്ങളെ/ ജീവിതപരിസരങ്ങളെ പ്രകടനപരതയോടെ പിന്തുടരുകയും ആധുനികോത്തര ആഖ്യാനതന്ത്രങ്ങളുടെ പ്രയോഗ അരങ്ങായി അവരുടെ തുച്ഛജീവിതങ്ങളെ വിചിത്ര സൗന്ദര്യവല്ക്കരിക്കുകയും (exoticizing) ചെയ്യുന്ന രീതി സമകാലിക മലയാള നോവലില്‍ മടുപ്പുളവാക്കുംവിധം ആവര്‍ത്തിക്കുന്നുണ്ട് എന്ന് ഈ ലേഖകന് വിമര്‍ശനമുണ്ട്. ഒരര്‍ത്ഥത്തില്‍ പോസ്റ്റ്‌കൊളോണിയല്‍ ആഖ്യാനങ്ങളില്‍ വിപരീതാര്‍ത്ഥത്തില്‍ ചേക്കേറിയ ഓറിയന്റലിസ്റ്റ് വിധേയത്വത്തിന്റെ കേരളീയ വകഭേദമാണ് ഇന്ന് മുഖ്യധാരാ സാഹിത്യത്തില്‍ നിഗൂഢവല്‍ക്കരിക്കുന്ന അരികുജീവിതങ്ങള്‍. എവിടെയാണ് ഈ ആവിഷ്കാരങ്ങള്‍ സാമൂഹികജീവിതവുമായി ഏതെങ്കിലും നിലയില്‍ കണ്ണിചേരുന്നത് എന്ന ചോദ്യം വിമര്‍ശകലോകം ഉന്നയിക്കുന്നില്ല എന്നിടത്താണ് ഈ രചനാരീതി പൊതുസമ്മതിയുടെ കുറുക്കുവഴിയായിത്തീരുന്നത്.
തേവന്‍ പുലയന്റെ പിന്നീടുള്ള ജീവിതതാളം അത്തരം പ്രലോഭനത്തിനു വേണ്ടത്ര അവസരം ഒരുക്കിയേനെ. അതെന്തായാലും ഇവിടെ നോവലിസ്റ്റ് ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ ഒറ്റത്തവണയായി അത് ഒതുക്കുന്നു.
“വൃദ്ധനായ തേവന്‍പുലയന്‍ ഇന്നും ആ പാടത്തിന്‍റെ വരമ്പില്‍ അലഞ്ഞുനടക്കുകയാണ്. പഴയ ശംഖും കവടിയും ഒരിക്കലും കൈമോശം വരികയില്ല. പതമുള്ള മണ്ണില്‍ കളം വരച്ച്, ശംഖുനിരത്തി കളിയാണ്. അതങ്ങനെ തുടരും. പൈതൃകമായ വേലത്താന്‍ പണിയുടെ അംഗീകാരം നേടാത്ത ഒരാവര്‍ത്തനമാണത്.”
കണ്ടങ്കോരനില്‍ അച്ഛനെ കുറിച്ചുള്ള ഓര്‍മ്മ വേദനയും കടപ്പാടായും പടരുന്നത് വ്യക്തമാണ്. തന്‍റെയും അന്നക്കിടാത്തിയുടെയും കുഞ്ഞിന് തന്‍റെ അപ്പന്‍റെ പേരുതന്നെ ഇടണമെന്നും മാര്‍ക്കം കൂടിയതൊന്നും അതിനൊരു തടസ്സമല്ലെന്നും അയാള്‍ തീരുമാനിക്കുന്നു.
മതംമാറ്റത്തിന്‍റെ സാമൂഹ്യ പരിതസ്ഥിതി
പുതിയ മതം പുലയനെന്താണ് നല്‍കുന്നത് എന്ന ചരിത്രപരമായ ചോദ്യം നോവല്‍ ശക്തമായി ഉന്നയിക്കുന്നുണ്ട്. തങ്ങള്‍ അനുഭവിച്ചുവന്ന ജാതീയ/അടിമത്ത വിവേചനങ്ങളില്‍ നിന്നുള്ള മോചനമാര്‍ഗ്ഗം എന്നതാണ്, അല്ലാതെ വിശേഷിച്ചെന്തെങ്കിലും ആത്മീയദര്‍ശനം മൂലമൊന്നുമായിരുന്നില്ല ‘അധകൃത’രെന്നു മുദ്രകുത്തപ്പെട്ടവര്‍ മതംമാറ്റത്തിനു തുനിഞ്ഞത്.
“തനതായി നാഴിമണ്ണ് അവകാശപ്പെടാനില്ലാത്ത പറയനും പുലയനും പള്ളിയില്‍ ചേരുന്നതിനു ഒരുദ്ദേശ്യമുണ്ട്. അത് സ്വര്‍ഗ്ഗത്തില്‍ പോകാമെന്ന വ്യാമോഹമല്ല. സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അവിടെയും മുന്‍കയ്യെടുക്കുന്നത് മേല്‍ജാതിക്കാരായ ക്രിസ്ത്യാനികളായിരിക്കും. അവര്‍ അങ്ങേ ലോകത്തില്‍ വെച്ചുമാത്രം അധീശത്വം കയ്യൊഴിയുമെന്നു വിചാരിച്ചുകൂടാ. ദൈവം അവരുടെ ഭാഗത്തായിരിക്കില്ലെന്ന് എങ്ങനെയറിയും? അപ്പോള്‍ പുലയന്‍ പള്ളിയില്‍ ചേരുന്നത് മിഷന്‍വക സെമിത്തേരിയില്‍ കുഴിച്ചുതാക്കാനാണ്. ആ സൗകര്യം അവനു നല്കാന്‍ മിഷന്‍ വക പള്ളികള്‍ക്കേ കഴിയൂ. നിത്യവും ജോലി ചെയ്തു തളരുന്ന പുലയനു ശവക്കുഴിയല്ലാതെ വേറെന്താണ് സ്വപ്നം കാണാനുള്ളത്?”
എന്നാല്‍, പുരാതന മഹത്വം ഘോഷിക്കുന്ന സുറിയാനി ക്രിസ്ത്യാനികള്‍ വാസ്തവത്തില്‍ മിഷന്‍വക സൗജന്യവും ദുരുപയോഗിക്കുകയായിരുന്നു:
“മിഷന്‍സ്ഥലം വിദേശത്തുനിന്നു വന്ന മിഷനറി സായിപ്പന്മാര്‍ സമ്പാദിച്ചു കൊടുത്തതാണ്. അവര്‍ അതു തേടിവെച്ചത് ഈ നാട്ടിലെ പാവപ്പെട്ട
പുതുക്രിസ്ത്യാനികള്‍ക്കു താമസിക്കാനാണ്. ജാതിയുടെ പേരില്‍ പുതു ക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന പരാധീനതകള്‍ കണ്ടു നല്ലവരായ ആ മിഷനറിമാര്‍ ചെയ്ത പുണ്യകര്‍മ്മം. അവരോട് ഒട്ടിനിന്ന് കര്‍ത്തൃസ്ഥാനത്ത് വലിഞ്ഞു കയറുകയാണ് സുറിയാനി ക്രിസ്ത്യാനികള്‍.”
എന്നാല്‍ സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള ജാതീയ അടിമത്തം അങ്ങനെ കുടഞ്ഞുകളയാന്‍ ആവുമായിരുന്നില്ല.
“കുന്നുമ്മോളില്‍ സഭയില്‍ സുറിയാനി ക്രിസ്ത്യാനികള്‍ എന്നും തമ്പ്രാക്കന്മാരായിരുന്നു. പറയനും പുലയനും മാമോദീസാ ഏറ്റെങ്കിലും തീണ്ടലുള്ളവര്‍ തന്നെയായിരുന്നു. ആ നില ഇന്നും തുടരുന്നു.”
മതംമാറ്റത്തെ ശരിക്കും ആത്മീയാനുഭവം തന്നെയായി കാണുന്ന പൗലോസിനുപോലും അക്കാര്യം താമസിയാതെ ബോധ്യമാകുന്നു. ‘പൂച്ച ക്രിസ്ത്യാനികള്‍’ എന്ന വിളി അയാള്‍ക്കും ബാധകമാകുന്നു. ‘ഞങ്ങായെ അടിമകളാക്കാനാണോ പള്ളീലോട്ടു ചേര്‍ത്തെ?’ എന്ന് അയാളും ചോദിക്കുന്നുണ്ട്-
കാളിപ്പറയനെ പോലുള്ളവര്‍ എന്നും പറഞ്ഞുവന്ന കാര്യം. വാസ്തവത്തില്‍, ക്രിസ്തുമതത്തിലെ ജാതിവ്യവസ്ഥയെന്ന യാഥാര്‍ത്ഥ്യത്തിന്‍റെ പ്രതീകമാണ് പള്ളികമ്മിറ്റി അംഗം എന്ന സ്ഥാനം വെറും അലങ്കാരമായിമാത്രം കൊണ്ടുനടക്കാന്‍ കഴിയുന്ന, നിര്‍ണ്ണായ തീരുമാനങ്ങളിലൊന്നും ഒരു പങ്കുമില്ലാത്ത പൗലോസ്. ചരിത്രപരമായി ഇതെല്ലാം സത്യമായിരുന്നു എന്നതും നോവലിന്‍റെ കാലമായ 1930-’40 കളുടെ കൊളോണിയല്‍ കേരളത്തിലെന്നപോലെ പില്‍ക്കാലത്തും ആ അവസ്ഥക്ക് വലിയ മാറ്റം സംഭവിച്ചിട്ടില്ല എന്നതും, ആറു പതിറ്റാണ്ടിനിപ്പുറവും പുസ്തകം ചര്‍ച്ച
ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു. തോമയായി മാറി അന്നക്കുട്ടിയെ വിവാഹം ചെയ്യുന്ന കണ്ടങ്കോരന് പക്ഷെ ഒരുഘട്ടത്തിലും മതംമാറ്റത്തില്‍ അമിത പ്രതീക്ഷകള്‍ ഒന്നുമില്ല എന്നത്, വരാനിരിക്കുന്ന കാലത്തെകുറിച്ചുള്ള യാഥാര്‍ത്ഥ്യ ബോധത്തിന്‍റെ കൂടി സൂചകമാണ്. അന്നക്കിടാത്തിയെ സ്വന്തമാക്കുക എന്നതിനപ്പുറം ഒരു ആത്മീയലക്ഷ്യവും മതംമാറ്റത്തിനു പിന്നില്‍ അയാള്‍ക്കില്ല. അയാള്‍ക്കറിയാം അധ്വാനത്തിന്‍റെ ഉടയോനായ തനിക്ക് ബാക്കിയാകുക വിയര്‍പ്പു ചിന്താന്‍ പാകത്തില്‍ വിശാലമായി മലര്‍ന്നുകിടക്കുന്ന പാടങ്ങളാണ്.
അയാള്‍ എന്നും വേദനിച്ചത് അപ്പനെ ഓര്‍ത്തുമാത്രമായിരുന്നു. പാരമ്പര്യവും മകന്‍റെ പ്രണയവും കൊമ്പുകോര്‍ത്തപ്പോള്‍ പഴമയുടെ കെട്ടുപാടുകള്‍ ഭേദിക്കാനാകാതെ ഒറ്റയാന്‍ വഴിയിലേക്ക് ഇറങ്ങിപ്പോയവന്‍. ആ കടപ്പാടിന്‍റെ മുമ്പില്‍മാത്രം അയാള്‍ക്കൊരു അര്‍ച്ചനയുണ്ട്: അതാണ് ആ അപ്പന്‍റെ പേരിട്ടു വളര്‍ത്തുന്ന മകന്‍. തിരുവഞ്ചൂര്‍ പുലയന്‍ എന്ന പേര് പള്ളിക്കാര്‍ സമ്മതിക്കുമോ എന്നു ഭയപ്പെടുന്ന അന്നക്കിടാത്തിയോട് അയാള്‍ക്ക് ഉറച്ച മറുപടിയുണ്ട്:
“പള്ളീക്കാരു സമ്മതിക്കുന്നില്ലേ മേണ്ടാടീ. ഞാന്‍ ഏന്‍ ക്ടാത്തനെ അപ്പേരിലേ വിളിക്കത്തൊള്ളൂ.”
എന്നാല്‍, അപ്പനോ താനോ അനുഭവിച്ചതൊന്നും അവന്‍ അനുഭവിക്കരുതെന്നും അയാള്‍ക്കു നിര്‍ബന്ധമുണ്ട്:
“എന്‍റെ മകനെ ഞാന്‍ പഠിപ്പിച്ചു കേമാനാക്കും. അവനെ കൂലിപ്പണിക്ക് വിടുകേലാ..”
പള്ളിക്കമ്മിറ്റിയില്‍ പുരാതന ക്രിസ്ത്യാനികളും പുതു ക്രിസ്ത്യാനികളും തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങളും യൂണിയന്‍ രാഷ്ട്രീയത്തിന്‍റെ വളര്‍ച്ചക്കെതിരെ പള്ളിയുടെ നിലപാടുകളും തുടങ്ങി പുതിയൊരു കാലത്തിന്‍റെ കാറ്റുവീശിത്തുടങ്ങുന്നത് വലിയ ശുഭാപ്തിയോടെയാണ് നോവലിസ്റ്റ് നോക്കിക്കാണുന്നത്. തോമായും അന്നക്കുട്ടിയും തങ്ങള്‍ക്കുണ്ടാകുന്ന കുഞ്ഞിനെ സ്നാനം ചെയ്യിക്കേണ്ടതില്ലെന്നും അവനു ക്രൈസ്തവപ്പേര് ഇടേണ്ടതില്ലെന്നും തീരുമാനിക്കുന്നിടത്താണ് നോവല്‍ അവസാനിക്കുന്നത്. എന്നാല്‍ ശുഭാപ്തിയുടെ നിറവ് തുടക്കം മുതലേ നിഷേധിയായിരുന്ന കണ്ടങ്കോരനിലൂടെമാത്രം മതിയാക്കാതെ അതിനെ ഒരു സാമൂഹിക പരിവര്‍ത്തന നാന്ദിയായിത്തന്നെ അടയാളപ്പെടുത്തുന്ന ഒരന്ത്യവാചകവും നോവലിസ്റ്റ് കുറിക്കുന്നു:
“പുതിയ തലമുറ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു.”
കേവല പ്രചോദനപരതക്കപ്പുറം ‘സംസാരിക്കുക’ എന്ന പ്രയോഗത്തിന്‍റെ രാഷ്ട്രീയം കീഴാളന് സംസാരിക്കാനാകുമോ?’ എന്ന ചോദ്യത്തിലേക്കുകൂടി ചേര്‍ന്നു നില്‍ക്കുന്നുണ്ട് എന്നുപറയാം. അനുസരണവും മൗനവും ഭാഷയാക്കപ്പെട്ട ഒരു ജനതയെ സംബന്ധിച്ച് സംസാരം എന്നതുതന്നെ അടിച്ചേല്‍പ്പിക്കപ്പെട്ട/ ആരോപിക്കപ്പെട്ട കീഴാളതയുടെ സക്രിയ നിഷേധമാണല്ലോ.
തലമുറകള്‍ തമ്മിലുള്ള വിടവ് പ്രതീക്ഷാഭരിതമായ നാളുകളുടെ നാന്ദിയാണ് എന്ന ആശയം തുടക്കം മുതലേ നോവലിസ്റ്റ് താലോലിക്കുന്നുണ്ട്.
“പുതു ക്രിസ്ത്യാനികളുടെ കാര്യം. അവര്‍ക്ക് ഈ വക കാര്യങ്ങളില്‍ അഭിപ്രായമില്ല. അഥവാ, ഉണ്ടെങ്കില്‍ പറയുകയുമില്ല. അവര്‍ വെറും കേള്‍വിക്കാരല്ലാതെ മറ്റാരാണ്?”, “ആ നിസ്സാരനായ മനുഷ്യനു ഭാഷയില്ല”എന്നൊക്കെ അനുസരണയും മൗനവും ശീലിച്ച പഴയ തലമുറ കാലഹരണപ്പെടുമെന്ന പ്രഖ്യാപനം, പ്രഥമ അധ്യായത്തിന്‍റെ ഒടുവില്‍ത്തന്നെ നോവല്‍ നടത്തുന്നു:
“വരുംതലമുറയിലെ ആ പണിയാളന്‍ ചിലപ്പോള്‍ തമ്പുരാനെ ധിക്കരിച്ചെന്നുമിരിക്കും. അതൊരു സമരത്തിന്‍റെ തുടക്കമാകും.”
ഒരര്‍ത്ഥത്തില്‍ ഈ പ്രഖ്യാപനത്തിന്‍റെ പൂര്‍ത്തീകരണം തന്നെയാണ് നോവലന്ത്യം സാധിക്കുന്നതും. പ്രസ്തുത ശുഭാപ്തിയോടൊപ്പം നവോത്ഥാന പുരോഗമാനകാലഘട്ടം ഉത്പാദിപ്പിച്ച സോദ്ദേശ സാഹിത്യത്തിന്‍റെ മുഴക്കങ്ങളും നോവലില്‍ അങ്ങിങ്ങു പ്രകടമാണ്.
“ഇന്നത്തെ സമുദായനീതി സമ്മതിക്കാത്തതുമൂലം. പണിചെയ്യുന്നവന് അവകാശം നിഷേധിക്കുന്ന ഈ വ്യവസ്ഥിതി മാറണം”.
അവകാശബോധത്തിലേക്ക് ഉണരുന്ന തലമുറയെ കുറിച്ചുള്ള ഭയം കൊണ്ടുതന്നെയാണ് വേദപുസ്തകത്തിലെ ‘അലറുന്ന സാത്താനായ സിംഹ’മായി കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ മുളപൊട്ടുന്നതിനെപ്പോലും കപ്യാരും പള്ളിയും എതിര്‍ക്കുന്നത്.
“അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്ന തോന്നല്‍പോലുമില്ല. ആ തോന്നല്‍ ഉണ്ടായാലല്ലേ പരാതിപ്പെടാന്‍ കഴിയൂ?”
നേരിട്ടു ബാധിക്കുന്നില്ലെങ്കിലും നവോത്ഥാനം മുന്നോട്ടുവെച്ച മാനവികതയുടെ സന്ദേശം ചെവിയോര്‍ക്കുന്ന ചുരുക്കം കഥാപാത്രങ്ങളെങ്കിലും ‘പുലയത്തറ’യിലുണ്ട് എന്നതും പ്രധാനമാണ്.
“ആരും എന്നെ ‘തമ്രാ’നെന്നു വിളിക്കണ്ട. ഞാനത് ഇഷ്ടപ്പെടുന്നില്ല” എന്ന് വിലക്കുന്ന അധ്യാപകന്‍ അതിലൊരാളാണ്. വ്യക്തിപരമായി വലിയ നഷ്ടം സഹിച്ചും പള്ളിയിലെ വിവേചനത്തിനെതിരെ തുറന്നടിക്കുന്ന പിള്ളേച്ചന്‍ എന്ന ചായക്കടയുടമ കൂടുതല്‍ തിളക്കമുള്ള കഥാപാത്രമാണ്:
“പാവപ്പെട്ട പറേനേം പെലേനേം പള്ളീല്‍ ചേര്‍ക്കും. എന്നിട്ട് പൂച്ച ക്രിസ്ത്യാനീന്നു വിളിക്കും. ഇതൊന്നും ഈശ്വരനു നിരക്കുവേലെന്ന് ഓര്‍ത്തോ”.
യോഗം ചേരാനുള്ള പുതു ക്രിസ്ത്യാനികളുടെ അവകാശത്തെയും അയാള്‍ ഉയര്‍ത്തിപ്പിടിക്കുന്നു.
“പെലേരു പള്ളീച്ചേര്‍ന്നേന്നും കണ്ട് അവരിന്നും വേറെ കൂട്ടരാ. നിങ്ങളും അവരും തമ്മില്‍ യാതൊരു മമതേം ബന്ധോമില്ല. അവര്‍ക്കൊരു യോഗം ചേരണം. അതിലെന്താ തെറ്റ്”?
തിരുസഭയുടെ ചട്ടം ലംഘിക്കപ്പെടുകയാണ് എന്ന ആരോപണത്തിനും അയാള്‍ക്ക് മറുപടിയുണ്ട്: “പിന്നെന്തിനാ നിങ്ങളവരെ പുതു ക്രിസ്ത്യാനികളാക്കി വെച്ചോണ്ടിരിക്കുന്നെ?”
പ്രാമാണിക ദലിത് സാഹിത്യമെന്നത് അതേ ജനവിഭാഗത്തില്‍ നിന്നുതന്നെ എഴുതപ്പെട്ടതാണ് എന്നിരിക്കെ, “തിരുവിതാകൂറിൽ മതപരിവർത്തനത്തിന് വിധേയമായവരിലെ ആദ്യത്തെ ആളാകുന്ന ദൈവത്താന്‍റെ പിന്മുറക്കാരൻ” (സിതാര ഐ. പി, ‘പുലയത്തറയിലെ അടിയാള ജീവിതങ്ങൾ’, Ala/അല, A Kerala Studies Blog, Issue 69) എന്ന നിലയില്‍ ദലിത് ജീവിതത്തിന്‍റെ അകവും പുറവും അറിയാവുന്ന നോവലിസ്റ്റിന്‍റെ ആത്മാംശം നോവലിലുണ്ട് എന്നുപറയാം. എങ്കിലും ദലിത് എന്ന പദം നോവലിന്‍റെ പാഠത്തിനു തീര്‍ത്തും അന്യമാണ്; 1958 ല്‍ സംഘടിപ്പിക്കപ്പെട്ട മഹാരാഷ്ട്ര ദലിത് സാഹിത്യസംഘം കൃത്യമായും ആ പദം പ്രയോഗിച്ചുവെങ്കിലും മലയാളി പരിസരത്തില്‍ അത് പിന്നെയും വൈകിയാണ് പ്രയോഗത്തിലെത്തിയത്. ‘മുഖ്യധാരാ മലയാളത്തില്‍ ദലിത് സാഹിത്യമെന്ന ധാര ശ്രദ്ധേയമാകുന്നത് ഭാഷാപോഷിണി ഒരു ‘ദലിത് സാഹിത്യ പതിപ്പ്’ പ്രസിദ്ധീകരിക്കുന്നതോടുകൂടിയാണ്’ എന്ന് എം.ആര്‍ രേണുകുമാര്‍ രേഖപ്പെടുത്തുന്നു.
ദലിത് കഥാപാത്രങ്ങളെ, വിശേഷിച്ചും ദലിത് ക്രിസ്ത്യന്‍ കഥാപാത്രങ്ങളെ, അവതരിപ്പിക്കുന്ന നോവലുകള്‍ ‘ഘാതകവധം’ തൊട്ടു മലയാളത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയെല്ലാം ക്രിസ്തു മതത്തിലേക്കുള്ള മാറ്റത്തിലൂടെ സമൂലമായ പുരോഗതി കൈവരിക്കുന്നവരായാണ് അവരെ ചിത്രീകരിച്ചത്. ‘ഘാതകവധ’ത്തിലെ മാനകഭാഷ സംസാരിക്കുകയും ക്രിസ്തുമാര്‍ഗ്ഗത്തിന്‍റെ വിശുദ്ധിയെ കുറിച്ച് വാചാലരാകുകയും ചെയ്യുന്ന പുലയ ക്രിസ്ത്യാനികളുടെ പിന്മുറക്കാര്‍. എന്നാല്‍ അത്തരം ആദര്‍ശവല്‍ക്കരണങ്ങള്‍ ‘വെളുത്തവന്‍റെ ഭാര’മായ (‘Whiteman’s Burden’) ‘പ്രാകൃതരെ സംസ്കരിക്കുന്ന സാംസ്കാരിക ദൗത്യ’മെന്ന (Civilizing the Savages) കൊളോണിയല്‍ കാപട്യത്തിന്‍റെ പ്രാദേശിക വകഭേദമെന്നതിനപ്പുറം യാഥാര്‍ത്ഥ്യബോധമുള്ളതായിരുന്നില്ല.
“അത്തരം നോവലുകളിൽ നിന്നും തികച്ചും വ്യത്യസ്തമായി എന്താണോ യഥാർത്ഥത്തിൽ സംഭവിക്കുന്നത് അതിനെ പുസ്തക രൂപത്തിൽ പ്രകാശനം ചെയ്തിരിക്കുകയാണ് ഇവിടെ എഴുത്തുകാരൻ” (സിതാര ഐ.പി) എന്ന നിരീക്ഷണം ആ നിലക്ക് പ്രസക്തമാണ്. എന്നാല്‍, നോവലില്‍ ദലിതന്‍ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ – സാമൂഹിക തുല്യതാ നിഷേധം, ഭൂമിക്കുമേലുള്ള ഉടമസ്ഥത ഇല്ലായ്മ, മതപരമായ വിവേചനം, നേരിട്ടോ പ്രച്ഛന്നമായോ ഉള്ള തൊട്ടുകൂടായ്മ – ഒന്നും ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല എന്ന വസ്തുത, നോവലന്ത്യം മുന്നോട്ടുവെക്കുന്ന ശുഭാപ്തിയെ നിറം കെടുത്തുന്നുണ്ട്. നോവലിസ്റ്റ് ഈ സൂചന കൃതിയുടെ പാഠത്തില്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട് എന്ന് നിരീക്ഷിക്കാനാകും: ഭാവിയുടെ നിഷേധ ഭാവങ്ങളുടെ പ്രതീകമായ കണ്ടങ്കോരന്‍റെ പാത്രസൃഷ്ടിയില്‍ നേരത്തെ സൂചിപ്പിച്ചവിധം ലീനമായ യാഥാര്‍ത്ഥ്യബോധത്തില്‍ തന്നെയാണ് ഈ ശുഭാപ്തി നിരാസത്തിന്‍റെ സൂചനകള്‍ ഉള്ളത്.
തിരുവഞ്ചൂര്‍ പുലയന്‍ എന്ന പേര് മാര്‍ഗ്ഗംകൂടിയ പുതു ക്രിസ്ത്യാനിയുടെ മകനിടാന്‍ പള്ളിക്കാര്‍ സമ്മതിക്കുമോ എന്നതിലേറെ, കണ്ടങ്കോരന്‍ എന്ന തോമാ സങ്കല്‍പ്പത്തില്‍ കാണുമ്പോലെ, പുലയന്‍റെ ജീവിത ക്രമത്തില്‍നിന്ന് അടര്‍ത്തിമാറ്റപ്പെട്ടു വിദ്യാഭ്യാസം ചെയ്യിച്ചു വളരുന്ന മകന്‍ തന്നെയും ആ പേരിനോട് സഹിഷ്ണുത കാണിക്കുമോ എന്നും വരും കാലത്തെ സാക്ഷിയാക്കി നമുക്ക് ചോദിക്കാം. അവന്‍ ശരണ്‍കുമാര്‍ ലിംബാലെയുടെ ‘ഹിന്ദു’വിലെ ആഖ്യാതാവിനെ പോലെ രാഷ്ട്രീയശരി കുറഞ്ഞ പ്രതീകവല്‍ക്കരണമായ ഉടമ്പടികളുടെ ഹിജഡ ജീവിതത്തിലേക്കോ, കെ.ജെ ബേബിയുടെ നാടുഗദ്ദികയില്‍ മുഷിഞ്ഞു നാറുന്ന അപ്പനെതിരെ മുഖം തിരിച്ചു മറഞ്ഞുനില്‍ക്കുന്ന പഠിപ്പുള്ള ആദിവാസി യുവാവിന്‍റെ പരിഷ്കാരത്തിലേക്കോ കടന്നുപോവില്ലെന്ന് ആരാണ് അയാള്‍ക്ക് ഉറപ്പുകൊടുക്കുക!
അവലംബങ്ങള്‍:
1.Yogesh Maitreya. ‘Pulayathara: A Dalit Man’s Quest for Home and Love’, https://www.newsclick.in/pulayathara-
dalit-man-quest-home-love, 28 Feb 2022. Acccessed 21.07.2024
2.എം.ആര്‍ രേണുകുമാര്‍, ‘വീണ്ടെടുക്കപ്പെടുന്ന പുലയത്തറ’, മലയാള മനോരമ ‘പുലയത്തറ’
പതിപ്പിന്‍റെ ആമുഖം.
3.സിതാര ഐ. പി, ‘പുലയത്തറയിലെ അടിയാള ജീവിതങ്ങൾ’, Ala/അല, A Kerala Studies Blog, Issue 69