Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
തിരുവനന്തപുരം ജില്ലയിലെ പുതിയതുറ എന്ന കടലോരഗ്രാമത്തിൽ നിന്നും ഉപജീവനം തേടി അനധികൃതമായി യൂറോപ്പിലേക്ക് നാടുവിടുന്നവരെക്കുറിച്ചും ഈ സാഹസിക കുടിയേറ്റങ്ങളുടെ പിന്നിലെ സാമ്പത്തിക-സാമൂഹിക കാരണങ്ങളെക്കുറിച്ചും അന്വേഷിക്കുന്ന പരമ്പര തുടരുന്നു. (ഭാഗം – 2)
“ഇവിടുന്ന് ഒരുപാട് പേർ പോകുന്നുണ്ട്, പോയവർക്കൊക്കെ അവിടെ ജോലി കിട്ടി എന്നൊക്കെ പറഞ്ഞാണ് ഞങ്ങടെ മോൻ വന്നത്. നല്ലതാണോ, നീ ശരിക്കും അന്വേഷിച്ചോ എന്നൊക്കെ ഞങ്ങൾ വീണ്ടും വീണ്ടും ചോദിച്ചു. നല്ലതാണെന്ന് അവൻ ഉറപ്പും നൽകി. നല്ലതല്ലെങ്കിൽ പോകരുതെന്ന് കുറേ പറഞ്ഞതാ. അവനത്രയും പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ അവസാനം ഇങ്ങനെ വരുമെന്ന് നമ്മളാരും കരുതീല്ല.” വിറ്റുപോയ വീടിനുള്ളിലിരുന്ന് ദിലീപിന്റെ അമ്മ വത്സല (പേര് രണ്ടും യഥാർത്ഥമല്ല) പോർച്ചുഗലിലേക്ക് പോയ മകനെക്കുറിച്ച് പറഞ്ഞു തുടങ്ങി.
പുതിയതുറ തീരത്ത് നിന്നും എകദേശം അഞ്ഞൂറ് മീറ്റർ അപ്പുറത്തായിരുന്നു അവരുണ്ടായിരുന്നത്. തിങ്ങിക്കൂടി നിൽക്കുന്ന വീടുകൾക്ക് നടുവിലെ ചെറിയ വഴികളിലൂടെ കുറേ ഉള്ളിലേക്ക് നടന്ന ശേഷമാണ് ദിലീപിന്റെ വിറ്റുപോയ വീട്ടിലേക്കെത്തിയത്. രണ്ട് സെന്റിനുള്ളിലെ ആ വീട് ഏറെ വർഷങ്ങളായി അമ്മയും അച്ഛനും മക്കളുമടങ്ങുന്ന അഞ്ച് പേരുടെ അഭയകേന്ദ്രമായിരുന്നു. മക്കളെ അവരാഗ്രഹിക്കുന്ന വിഷയങ്ങൾ പഠിപ്പിക്കാൻ ശ്രമിച്ചിരുന്ന മാതാപിതാക്കളായിരുന്നു അവർ. സ്വന്തമായുണ്ടായിരുന്ന വള്ളവും മെഷീനും 2013ലെ കടലാക്രമണത്തിൽ തകർന്നു പോയതോടെയാണ് ഇവരുടെ സാമ്പത്തിക ഭദ്രത തകിടം മറിഞ്ഞത്.
“ലോണെടുത്ത് വാങ്ങിയതായിരുന്നു ആ വള്ളവും മെഷീനും. ഇൻഷുറൻസ് ഉള്ളോണ്ട് അത് നശിച്ചപ്പോൾ ലോൺ തിരിച്ചടക്കേണ്ടി വന്നില്ല. വലയൊക്കെ എല്ലാം പോയി. ആകെ ഒരു എഞ്ചിൻ മാത്രമാണ് ഇൻഷുറൻസിൽ കിട്ടിയത്.” വത്സല അന്നത്തെ അവസ്ഥ വിശദീകരിച്ചു. തകർന്ന വള്ളത്തിനും മെഷീനും പകരം മറ്റൊന്ന് വാങ്ങുന്നതിനെക്കുറിച്ച് അന്ന് ചിന്തിക്കാൻ കഴിയുമായിരുന്നില്ല. അതോടെയാണ് ആ വീട്ടിലെ വരുമാനമുണ്ടായിരുന്ന ഏക അംഗമായ ദിലീപിന്റെ അച്ഛൻ ദിവസക്കൂലിക്ക് മറ്റ് വള്ളങ്ങളിൽ പണിക്ക് പോകാൻ തുടങ്ങിയത്. ദിലീപിന്റെ ജ്യേഷ്ഠ സഹോദരൻ അന്ന് നൂറൽ ഇസ്ലാം യൂണിവേഴ്‌സിറ്റിയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിന് പഠിക്കുകയായിരുന്നു. കുട്ടികളുടെ പഠനം ഒരു കാരണവശാലും മുടങ്ങരുതെന്ന് വാശിയുണ്ടായിരുന്ന വീട്ടുകാർ വിദ്യാഭ്യാസ ആവശ്യത്തിനായി രണ്ടേ മുക്കാൽ ലക്ഷം രൂപ കടമെടുക്കുകയും ചെയ്തു. പഠനശേഷം ജയ്പൂരിൽ മെർച്ചന്റ് നേവി കോഴ്‌സിന് ചേർന്ന ജ്യേഷ്ഠൻ സെമിനാരിയിൽ ചേരണം എന്ന ആഗ്രഹവുമായാണ് പിന്നീട് തിരിച്ചെത്തിയത്. അതിനും വീട്ടുകാർ എതിർപ്പ് നിന്നില്ല. പക്ഷേ അപ്പോഴേക്കും പഠനാവശ്യത്തിനായി എടുത്ത ലോൺ പലിശയും കൂട്ടുപലിശയുമായി ഒരു വലിയ തുകയായി മാറിയിരുന്നു. അതേ കാലഘട്ടത്തിലാണ് ദിലീപ് ബി.എ മലയാളം ആന്റ് മാസ് കമ്യൂണിക്കേഷൻ എന്ന കോഴ്സ് പൂർത്തിയാക്കുന്നത്. പഠനം കഴിഞ്ഞതോടെ കുടുംബത്തിന്റെ ഭാരിച്ച കടബാധ്യതകൾ ദിലീപിന്റെ മേലെ വന്നുചേർന്നു. അതിന് ഒരു പരിഹാരം എന്ന നിലയിലാണ് സുഹൃത്തുക്കൾ യൂറോപ്പിൽ എത്തിപ്പെട്ടതുപോലെ ഒരു ഭാഗ്യപരീക്ഷണത്തിന് ദിലീപ് തയ്യാറായത്.
“തുമ്പയിൽ നിന്നുള്ള അജിത് (പേര് യഥാർത്ഥമല്ല) എന്ന ചേട്ടനാണ് പോർച്ചുഗലിലേക്ക് പോകുന്നതിനെക്കുറിച്ച് എന്നോട് ആദ്യം പറയുന്നത്. വർക്ക്‌ഷോപ്പിലും കടലിലും പണിയെടുത്ത് കടം വീട്ടാൻ പറ്റില്ലെന്ന് എനിക്കറിയാമായിരുന്നു. എങ്ങനെയും പോയേക്കാമെന്ന് അതുകൊണ്ടുതന്നെ ഞാനുറപ്പിച്ചു. എന്റെ ബന്ധു കൂടിയായ സ്റ്റെഫിനോടും ഞാൻ ഇക്കാര്യം പറഞ്ഞു. അവന്റെ വീട്ടിലെ സാമ്പത്തിക സ്ഥിതിയും ഇതേ അവസ്ഥയായതുകൊണ്ട് അവനും എന്റെയൊപ്പം കൂടി. അങ്ങനെയാണ് ഞങ്ങൾ മൂന്ന് പേരും ഹോണറേറിയം വിസയിൽ സെർബിയയിലേക്ക് പോകുന്നത്.” ദിലീപ് വിവരിച്ചു.
സ്റ്റെഫിന്റെയും സമാനമായ അവസ്ഥ
സ്റ്റെഫിന്റെ വീട്ടിലെ സാഹര്യവും വ്യത്യസ്തമായിരുന്നില്ല. അച്ഛനും അമ്മയും രണ്ട് ഇളയ സഹോദരങ്ങളുമടങ്ങുന്നതാണ് സ്‌റ്റെഫിന്റെ കുടുംബം. കോവിഡ് വ്യാപനത്തോടെ അച്ഛന്റെ ബിസിനസ് നഷ്ടത്തിലാവുകയും മീൻ മാർക്കറ്റിൽ ഐസ് എത്തിക്കുന്ന ജോലിയിലേക്ക് അദ്ദേഹത്തിന് മാറേണ്ടി വരുകയും ചെയ്തു. ഡിഗ്രിക്കും പ്ലസ് ടുവിനും പഠിച്ചു കൊണ്ടിരിക്കുന്ന അനുജൻമാരെയും കുടുംബത്തെയും പിന്തുണയ്ക്കാനാണ് സി.എയ്ക്ക് പഠിച്ചുകൊണ്ടിരുന്ന സ്റ്റെഫിൻ പോർച്ചുഗലിലേക്ക് പോകാമെന്ന് ഒടുവിൽ തീരുമാനിച്ചത്.”എനിക്കിതിനെപ്പറ്റി ഡിറ്റെയിൽ ആയി അറിയത്തില്ലായിരുന്നു. ദിലീപ് എന്റെ റിലേറ്റീവാണ്. അവനാണ് ഇങ്ങനെ പോകാമെന്ന് പറഞ്ഞത്. വീട്ടിലെ സാഹചര്യങ്ങൾ കൂടിയായപ്പോൾ പോയി നോക്കാമെന്ന് ഞാനും കരുതി”. സ്‌റ്റെഫിൻ പറഞ്ഞു.
“ചെന്നൈയിൽ നിന്ന് ഫ്‌ളൈറ്റ് കയറിയ ഞങ്ങൾ സെർബിയയിൽ രാവിലെ ഏഴ് മണിയോടെ എത്തിയിരുന്നു. പക്ഷേ ചെക്കിങ് ഒക്കെ കഴിഞ്ഞിറങ്ങിയപ്പോൾ വൈകുന്നേരം നാല് മണിയായി. പുറത്ത് നല്ല മഴയുണ്ടായിരുന്നു. അവിടുത്തെ ചിലവിനുള്ള കാശ് ഞങ്ങളുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നു. പക്ഷെ അത് മാറിക്കിട്ടാൻ മണി എക്‌സ്‌ചേഞ്ചുകളൊന്നും അടുത്തെങ്ങുമുണ്ടായിരുന്നില്ല. കുറെ കടകളിലും മറ്റും കയറിയിറങ്ങി ഞങ്ങൾ ചോദിച്ചു. അവസാനം ഒരു കടയിൽ നിന്നും ഇന്ത്യൻ റുപ്പി മാറി കിട്ടി. ബെൽഗ്രേഡിൽ തന്നെ ഒരു ഹോട്ടലിൽ റൂമെടുത്തു. ഒരു രാത്രി സ്‌റ്റേ ചെയ്യുന്നതിന് 10,000 രൂപയാണ് കൊടുക്കേണ്ടി വന്നത്. മഴ കാരണം ചെലവ് കുറഞ്ഞ ഹോട്ടലുകൾ നോക്കാനൊന്നും ഞങ്ങൾ മെനക്കെട്ടില്ല. ലഗ്ഗേജുകൾ എവിടെങ്കിലും വെച്ച് ഒന്ന് റെസ്റ്റ് എടുത്താൽ മതിയെന്നായിരുന്നു ഞങ്ങൾക്ക്.”
മസഡോണിയയിലേക്കുള്ള തീരാത്ത നടത്തം
അന്നവിടെ ഉറങ്ങുമ്പോൾ യൂറോപ്പിൽ എത്തിയ ശേഷം ഒരു നല്ല മുറിയിൽ കിടക്കാൻ കഴിയുന്ന അവസാന സാഹചര്യമായിരിക്കും അതെന്ന് അവർ ഒരിക്കലും കരുതിയിരുന്നില്ല. പിന്നീടുള്ള ദിവസങ്ങളിൽ അവരെ കാത്തിരുന്നത് തികച്ചും അപ്രതീക്ഷിതമായ സംഭവങ്ങളായിരുന്നു. പിറ്റേന്ന് രാവിലെ ഹോട്ടൽ റൂം ചെക്ക് ഔട്ട് ചെയ്ത് അവർ നോർത്ത് മസഡോണിയയിലേക്കുള്ള ബസിനായി ബസ് സ്‌റ്റോപ്പിൽ എത്തി. അജിത്തിന് പരിചയമുള്ള കൂടെയുണ്ടായിരുന്ന ട്രാവൽ ഏജന്റായിരുന്നു എങ്ങോട്ടേക്കാണ് പോകേണ്ടതെന്നുള്ള വിവരങ്ങൾ ഇവർക്ക് നൽകിക്കൊണ്ടിരുന്നത്. ബെൽഗ്രേഡിൽ നിന്നും നോർത്ത് മസഡോണിയയിൽ എത്തിയ അവർ സെൽഫിയെടുത്ത് നാട്ടിലുള്ള ട്രാവൽ ഏജന്റിന് അയച്ചു കൊടുത്തു. രാത്രി 12 മണിയോടെയാണ് ഒരു ടാക്‌സി ഡ്രൈവർ ട്രാവൽ ഏജന്റ് അയച്ചുകൊടുത്ത ആ സെൽഫി വച്ച് ഇവരെ കണ്ടെത്തുന്നത്. ഇരുവശത്തും കാട് നിറഞ്ഞ ഒറ്റവരി റോഡിലൂടെ അയാൾ അവരെ അയൽ രാജ്യമായ നോർത്ത് മസഡോണിയയുടെ ബോർഡർ വരെ എത്തിച്ചു. എന്നിട്ട് ഇറങ്ങി നടക്കാൻ പറഞ്ഞു.
“ചെക്ക് പോസ്റ്റിൽ രണ്ട് പോലീസുകാരും രണ്ട് പട്ടികളും നിൽക്കുന്നത് ദൂരെ നിന്നേ ഞങ്ങൾ കണ്ടു. ഞങ്ങൾക്ക് തൊട്ട് മുന്നിലൂടെ ആളുകൾ നടക്കുന്നുണ്ടായിരുന്നു. എല്ലാവരെയും പോലീസുകാർ ചെക്ക് ചെയ്യുന്നുണ്ട്. അവർ ചോദിച്ചാൽ പാകിസ്ഥാനികളോ ശ്രീലങ്കക്കാരോ ആണെന്ന് പറയണമെന്ന് ടാക്‌സി ഡ്രൈവറാണ് ഞങ്ങളോട് പറഞ്ഞത്. കൈയിലുണ്ടായിരുന്ന കാശും പാസ്‌പോർട്ടുമൊക്കെ ഷൂവിനടിയിലും മറ്റും ഒളിപ്പിച്ചുവെച്ചു. ഞങ്ങൾ പോലീസിന്റെ അടുത്തെത്തിയതും അവർ ഞങ്ങളെ ചോദ്യം ചെയ്യാൻ തുടങ്ങി. എവിടെ നിന്നാണെന്ന് ചോദിച്ചപ്പോൾ പാകിസ്ഥാൻ എന്നാണ് ഞങ്ങൾ പറഞ്ഞത്. അവർ ഞങ്ങളോട് കാശ് ചോദിച്ചു. കൈയിൽ കാശ് ഇല്ലെന്ന് പറഞ്ഞതും അവർ ഞങ്ങളോട് ഓടാൻ പറഞ്ഞു. ഞങ്ങൾ ആവതും വേഗത്തിൽ ബോർഡർ ഓടിക്കയറി. കുറേ ദൂരം കഴിഞ്ഞാണ് ഓട്ടം നിർത്തിയത്. അപ്പോഴേക്കും ട്രാവൽ ഏജന്റ് അടുത്ത ലൊക്കേഷൻ അയച്ചുതന്നിരുന്നു. നിറയെ വീടുകൾ ഉള്ള ഒരു പ്രദേശമായിരുന്നു അത്. അവിടെ ഒരു കെട്ടിടത്തിന് പിന്നിൽ ഞങ്ങൾ മൂന്ന് പേരും ഒളിച്ചു നിന്നു. കുറച്ചു നേരം കഴിഞ്ഞതും വെളുത്ത് പൊക്കമുള്ള ഒരു മസഡോണിയൻകാരൻ വന്നു. അയാൾ ഞങ്ങളെ കുതിരയെ വളർത്തുന്ന ഒരു ഫാമിലേക്ക് കൊണ്ടുപോയി. അതിനോട് ചേർന്നുതന്നെ ഒരു ചെറിയ വീട് ഉണ്ടായിരുന്നു. വൈക്കോലും പുല്ലുമൊക്കെ അതിൽ കൂട്ടിയിട്ടിരുന്നു. ഹാളിൽ ഒരേയൊരു സോഫ, അതിലാണ് ഞങ്ങൾ മൂന്നുപേരും കിടന്നത്.’
പിറ്റേ ദിവസം തന്നെ അടുത്ത സ്ഥലത്തേക്ക് കാറിലോ ട്രക്കിലോ എത്തിക്കാമെന്നായിരുന്നു ഇവരോട് ട്രാവൽ ഏജന്റ് പറഞ്ഞിരുന്നത്. പക്ഷെ അതിർത്തിയിൽ ചെക്കിങ് ശക്തമാക്കിയതോടെ ഇവർക്ക് പിറ്റേ ദിവസം യാത്ര ചെയ്യാനായില്ല. കുടിവെള്ളമോ ഭക്ഷണമോ കറണ്ടോ ഇല്ലാത്ത ആ ഫാമിൽ ഒമ്പത് ദിവസമാണ് ഇവർക്ക് ചിലവഴിക്കേണ്ടി വന്നത്.
“ആദ്യത്തെ ദിവസം അവിടെയുണ്ടായിരുന്ന ആൾ രണ്ട് നേരം ബർഗറും കുടിക്കാനുള്ള വെള്ളവും കൊണ്ട് തന്നു. പിന്നീടുള്ള ദിവസങ്ങളിൽ ഒരു ബർഗർ മാത്രമാണ് കഴിക്കാൻ കിട്ടിയത്. ഫോണിൽ ഇന്റർനാഷണൽ ഓഫർ ചെയ്തിട്ടിരുന്നതുകൊണ്ട് വീട്ടിലേക്ക് വിളിക്കാൻ പറ്റിയിരുന്നു. അവിടുത്തെ അവസ്ഥ വിളിച്ചു പറഞ്ഞതും വീട്ടുകാർ പേടിച്ചു പോയി. അജിത്താണ് ഇനി വിളിക്കുമ്പോൾ സേഫാണെന്ന് പറഞ്ഞാൽ മതിയെന്ന് പറഞ്ഞത്. വെറുതെ വീട്ടുകാരെ പേടിപ്പിക്കുന്നത് എന്തിന്?” സ്റ്റെഫിൻ പറഞ്ഞു.” ഏഴാം ദിവസം ഒരു ചേട്ടനും രണ്ട് സ്ത്രീകളും ഒരു കുഞ്ഞ് കുട്ടിയുമടങ്ങുന്ന ഒരു ഫാമിലി അവിടേക്ക് വന്നു. അവർ പഞ്ചാബികൾ ആണെന്നാണ് തോന്നിയത്. അവരും നമ്മളോടൊപ്പം കൂടി. പിന്നെയും രണ്ട് ദിവസം കഴിഞ്ഞാണ് ഞങ്ങൾ യാത്ര തുടങ്ങിയത്.” സ്റ്റെഫിൻ യാത്ര വിവരിക്കാൻ തുടങ്ങി.
“പിറ്റെ ദിവസം വൈകുന്നേരത്തോടെ തന്നെ ഞങ്ങൾ പുറപ്പെട്ടു. അവർ പറഞ്ഞിരുന്നത് പോലെ കാറോ, ട്രക്കോ ഒന്നുമുണ്ടായിരുന്നില്ല. കാട്ടിലൂടെ ഞങ്ങൾ നടന്നു തുടങ്ങി. ആ രാത്രി മുഴുവൻ ഇരുട്ട് നിറഞ്ഞ കാട്ടുവഴിയിലൂടെ ഞങ്ങൾ പേടിച്ച് നടന്നു. ഞങ്ങൾ എത്തി നിന്നത് ഒരു റെയിൽവേ ട്രാക്കിന്റെ മുന്നിലായിരുന്നു. ആ ട്രാക്ക് കടന്നുപോയാലേ ഉദ്ദേശിക്കുന്ന സ്ഥലമെത്തൂ. പക്ഷെ അപ്പുറത്ത് പോലീസ് ചെക്കിങ് ഉണ്ടെന്ന് പറഞ്ഞ് കൂടെ വന്നിരുന്നവർ തിരിച്ചു പോകാമെന്ന് പറഞ്ഞു. കുറെ ദൂരം നടന്ന് ഒരു പഴയ കെട്ടിടത്തിൽ ഞങ്ങളെത്തി. അന്ന് അവിടെക്കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ അഞ്ച് മണിക്ക് വീണ്ടും അവർ ഞങ്ങളോട് നടക്കാൻ ആവശ്യപ്പെട്ടു. ആ റെയിൽവേ ട്രാക്ക് കടന്ന് വീണ്ടും കാട്ടിലൂടെ യാത്ര തുടർന്നു. പകുതി വഴിയിലെത്തിയപ്പോൾ കാട്ടിൽ തന്നെ വെയ്റ്റ് ചെയ്താൽ മതിയെന്നും ഇനിയുള്ള യാത്ര ടാക്‌സി കാറിലാണെന്നും അവർപറഞ്ഞു. ടാക്‌സി വന്നതും ലഗേജൊക്കെ അവിടെ വെച്ചിട്ട് കാറിൽ കയറാൻ പറഞ്ഞു. പാസ്‌പോർട്ടും, കാശും, ഫോണും മാത്രമെടുത്തിട്ട് ഞങ്ങൾ ആ കുഞ്ഞ് കാറിൽ കയറി.”
ലഗേജെല്ലാം പിന്നീട് എത്തിക്കാമെന്ന് അവർക്ക് ഉറപ്പു നൽകിയിരുന്നെങ്കിലും ആ ലഗേജൊന്നും സ്റ്റെഫിനും കൂട്ടുകാരും പിന്നീട് കണ്ടിട്ടില്ല. ചെറിയ കാറിലെ അവരുടെ ആ യാത്ര ദാരുണമായിരുന്നു. സ്ഥലമില്ലാത്തതിനാൽ ദിലീപിനെയും മറ്റൊരാളെയും കാറിന്റെ ഡിക്കിയിലാണ് കിടത്തിയിരുന്നത്. ബാക്ക് സീറ്റിൽ ഇരുന്ന നാല് പേരുടെ മടിയിൽ കിടന്നാണ് സ്റ്റെഫിൻ യാത്ര ചെയ്തത്. ഇരുമ്പ് വേലികൾക്കിടയിലെ വഴിയിലൂടെ കാർ മുന്നോട്ടുപോയി. വീണ്ടും ഒരു കാട്ടിലാണ് ആ യാത്ര അവസാനിച്ചത്. കാട്ടിലൂടെ നടന്ന് അവർ ഒരു തുരങ്കപാതയിലെത്തി. അവിടെ നിയമവിരുദ്ധമായി അതിർത്തി കടക്കാൻ ശ്രമിക്കുന്ന നിരവധി പേർ തമ്പടിച്ചിരുന്നു. ഒരു മലമുകളിലുള്ള ഷെഡിലേക്കായിരുന്നു പിന്നീട് നടന്നത്. അവിടെയും നിരവധിയാളുകൾ ഇവരെപോലെ എത്തിയിരുന്നു. അവിടെ കുറച്ചു നാൾ വെയ്റ്റ് ചെയ്യണമെന്നാണ് സബ് ഏജന്റായിരുന്ന മനുഷ്യൻ പറഞ്ഞത്. പക്ഷെ സ്റ്റെഫിനും കൂട്ടുകാർക്കും വല്ലാതെ മടുത്ത് തുടങ്ങിയിരുന്നു. അവർ സബ് ഏജന്റിന്റെ സഹായമില്ലാതെ ടാക്‌സി പിടിച്ച് പോകാമെന്ന് അറിയിച്ചു.
“ഇതിനിടയിൽ ഞങ്ങളുടെയൊപ്പം വന്ന സ്ത്രീയുടെ ഭർത്താവ് ഗ്രീസിൽ നിന്ന് വന്ന് അവരെ വിളിച്ചു കൊണ്ട് പോയി. അയാളോട് ഞങ്ങൾ രക്ഷിക്കാൻ സഹായം ചോദിച്ചിരുന്നു. അയാൾ ഒരു ലൊക്കേഷൻ അയച്ചു തന്നിട്ട് അവിടേക്ക് വന്നാൽ ഭക്ഷണം തരാമെന്ന് പറഞ്ഞു. പിറ്റേ ദിവസം രാവിലെ തന്നെ ഞങ്ങൾ നടന്ന് തുടങ്ങി. അതേസമയം മുമ്പ് ഞങ്ങൾക്ക് ലൊക്കേഷൻ അയച്ചുകൊണ്ടിരുന്ന ട്രാവൽ ഏജന്റും മറ്റൊരു ലൊക്കേഷൻ അയച്ചു തന്നു. ഞങ്ങൾ നിന്ന സ്ഥലത്ത് നിന്ന് 15 കിലോമീറ്റർ മാറിയായിരുന്നു ആ സ്ഥലം. ഞങ്ങൾ അവിടേക്ക് നടന്നു തുടങ്ങി. കൈയിൽ ഇന്ത്യൻ റുപ്പീ മാത്രമുണ്ടായിരുന്നതുകൊണ്ട് ടാക്‌സി പിടിക്കാനൊന്നും പറ്റില്ലായിരുന്നു. നടത്തിനിടയിൽ പോലീസുകാരെ കാണുമ്പോൾ ഞങ്ങൾ ഓടി കാട്ടിൽ ഒളിക്കും. ഏഴെട്ട് കിലോമീറ്റർ കഴിഞ്ഞപ്പോൾ ഭക്ഷണം അറേഞ്ച് ചെയ്യാമെന്ന് പറഞ്ഞിരുന്ന സ്ഥലത്ത് ഞങ്ങളെത്തി. പക്ഷേ അവിടെയുണ്ടായിരുന്ന പട്ടികൾ ഞങ്ങളെ വിരട്ടിയോടിച്ചു. അവിടെ വെയ്റ്റ് ചെയ്താൽ ഒരാൾ ഞങ്ങളെ കൊണ്ടുപോകാൻ ഒരാൾ വരുമെന്ന് ഏജന്റ് പറഞ്ഞു. പക്ഷേ കുറേ കാത്തുനിന്നിട്ടും ആരും വന്നില്ല. വേറെ ഗതിയില്ലാതെ മലമുകളിലെ ഷെഡിലേക്ക് തന്നെ തിരിച്ചുപോകാമെന്ന് ഞങ്ങൾ തീരുമാനിച്ചു.” സ്‌റ്റെഫിൻ അന്ന് അനുഭവിച്ച നിരാശ വാക്കുകളിൽ വ്യക്തമായിരുന്നു.
എങ്ങോട്ടാണ് പോകുന്നതെന്നോ നടത്തം എത്ര നേരം തുടരേണ്ടി വരുമെന്നോ അറിയാത്ത യാത്രയായി അത് മാറി. ഭക്ഷണം കഴിക്കാതെയുള്ള നടത്തം അവരെ വല്ലാതെ അവശരാക്കി. ക്ഷീണിച്ച് റോഡരികിൽ തന്നെ അവർ മഴയത്ത് കിടന്നുറങ്ങി. അതിരാവിലെയാണ് പിന്നീട് എഴുന്നേറ്റത്. മുമ്പ് താമസിച്ചിരുന്ന ഷെഡിനടുത്തുള്ള ഹോട്ടലിന്റെ പിറകിൽ എത്തിയതും മുമ്പ് സബ് ഏജന്റായിരുന്നവർ എത്തി സഹായിക്കാമെന്ന് പറഞ്ഞു. പക്ഷെ അവരുടെ സഹായം സ്റ്റെഫിനും കൂട്ടുകാരും നിരസിച്ചു. അവർക്ക് നൽകാനുള്ള പണമുണ്ടായിരുന്നില്ല എന്നതായിരുന്നു കാരണം. ട്രാവൽ ഏജന്റ് അയച്ചുകൊടുത്ത ലൊക്കേഷനിലേക്ക് അവർ വീണ്ടും നടക്കാൻ തുടങ്ങി.
“ഞങ്ങളുടെ ഫോൺ സ്വിച്ച് ഓഫാകാറായിരുന്നു. അപ്പോഴാണ് എതിരെ ഒരു മനുഷ്യൻ വന്നത്. സാധാരണക്കാരനാണെന്ന് കരുതി ഞങ്ങൾ അയാളോട് പവർ ബാങ്കുണ്ടോ എന്ന് ചോദിക്കാൻ അടുത്തേക്ക് ചെന്നു. അടുത്തെത്തിയപ്പോഴാണ് അയാൾ പോലീസാണെന്ന് മനസിലായത്. അയാളുടെ കൈയിൽ തോക്കുണ്ടായിരുന്നു. ഓടാനുള്ള ധൈര്യം ഞങ്ങൾക്ക് ഉണ്ടായില്ല. ഞങ്ങൾ അയാൾക്ക് പിടികൊടുത്തു. ആ പോലീസുകാരൻ ഞങ്ങളെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.”
ഗ്രീസിലെ ദുരിത ജീവിതം
പോലീസുകാർ സ്‌റ്റെഫിനെയും കൂട്ടുകാരെയും ഗ്രീസ് ബോർഡറിൽ കൊണ്ടാക്കി. പിടിയിലാകുന്ന കുടിയേറ്റക്കാരെ നോർത്ത് മസഡോണിയൻ പോലീസുകാർ ഗ്രീസ് ബോർഡറിൽ കൊണ്ടിറക്കുമെന്ന് അപ്പോൾ മാത്രമാണ് സ്‌റ്റെഫിനും കൂടെയുള്ളവർക്കും മനസിലായത്. നിയമവിരുദ്ധമായി ആളെ കടത്തുന്ന ഏജന്റുമാർ പണം തട്ടാൻ വേണ്ടിയാണ് യാത്ര ഇത്ര ദുഷ്‌കരമാക്കുന്നതെന്നും പോലീസിനെ കണ്ടാൽ ഓടണമെന്ന് പറഞ്ഞ് പേടിപ്പിച്ചിരുന്നതെന്നും അവർക്ക് പതിയെ മനസിലായി. “ഏദൻസിലോട്ടുള്ള ബസ് കിട്ടുന്ന സ്‌റ്റോപ്പിലാണ് പോലീസ് ഞങ്ങളെ കൊണ്ടാക്കിയത്. കൈയിലിരിക്കുന്ന ഇന്ത്യൻ റുപ്പീസ് മാറിയാൽ മാത്രമേ ഏദൻസിലോട്ട് പോകാൻ കഴിയുമായിരുന്നുള്ളൂ. ഞങ്ങൾ പല കടകളിലും കയറിയിറങ്ങി. അവരാരും തന്നെ പറയുന്ന ഭാഷ ഞങ്ങൾക്ക് മനസിലായതേയില്ല. കൂടെയുണ്ടായിരുന്ന അജിത്തിന്റെ അക്കൗണ്ടിലേക്ക് കാശ് അയച്ച് ഞങ്ങൾ ഒരു എടിഎമ്മിൽ നിന്ന് ഇന്ത്യൻ റുപ്പീസ് മാറിയെടുത്തു. ഇല്ലീഗലായി കടക്കുന്ന ആളുകളുടെ എണ്ണം കൂടിയെന്ന് റിപ്പോർട്ട് വന്നതുകൊണ്ടും കൊറോണ സാഹചര്യം നിലനിൽക്കുന്നതുകൊണ്ടും ചെക്കിങ് ശക്തമാക്കിയിട്ടുണ്ടായിരുന്നുവെന്ന് ഏദൻസിലേക്കുള്ള യാത്രക്കിടയിലാണ് ഞങ്ങൾ അറിഞ്ഞത്. ഏദൻസിൽ ബസ് ഇറങ്ങിയതിനടുത്ത് ഇന്ത്യൻ ആളുകൾ പണിയെടുക്കുന്ന ഒരു ഫാമുണ്ടായിരുന്നു. ഞങ്ങൾ അവിടെ ആ രാത്രി തങ്ങി. അജിത് മുമ്പ് ഇതുപോലെ കയറ്റി വിട്ട ആൾ അവിടെയുണ്ടെന്ന് അപ്പോഴാണ് അറിഞ്ഞത്. അയാളെ കോൺടാക്ട് ചെയ്യുമ്പോഴാണ് ഇനിയും ഒരുപാട് റിസ്‌കുകൾ മറികടക്കാനുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നത്.” സ്റ്റെഫിൻ ദീർഘനിശ്വാസത്തോടെ പറഞ്ഞു നിർത്തി.
ഗ്രീസിൽ നിന്ന് ഡൊമസ്റ്റിക് ഫ്‌ളൈറ്റിൽ പോർച്ചുഗലിലോ ഇറ്റലിയിലോ പോയി ഇറങ്ങാം എന്നായിരുന്നു അവരുടെ ധാരണ. ഏറ്റവും എളുപ്പത്തിൽ ടി.ആർ.സി (ടെംപററി റെസിഡൻസ് കാർഡ്) ലഭിക്കുന്ന രാജ്യങ്ങളാണ് ഇവ. അഭയാർഥികളെ സ്വീകരിക്കണമെന്നും അവരെ സഹോദരരായി കാണണമെന്നുമുള്ള മാർപ്പാപ്പയുടെ സന്ദേശം നിലനിൽക്കുന്നത് കൊണ്ട് ഇറ്റലിയിൽ ടി.ആർ.സി ലഭിക്കാൻ കുറച്ചു കൂടെ എളുപ്പമാണ്. ഫേക്ക് ട്രാവൽ ഡോക്യുമെന്റ് തയ്യാറാക്കാൻ ഒരു ലക്ഷം രൂപയോളമാണ് ചിലവാക്കേണ്ടത്. ഇറ്റലിയിലേക്കുള്ള ടിക്കറ്റ് ചാർജ് 40,000 രൂപയോളവും.
ഐ.ഒ.എമ്മിൽ സറണ്ടർ ആകുന്നു
“ഇറ്റലിയിൽ എത്തിയിട്ട് അവിടുന്ന് ടാക്‌സിയിൽ പോർച്ചുഗലിലേക്ക് പോകാമെന്നായിരുന്നു ഞങ്ങളുടെ പ്ലാൻ. ആദ്യ തവണ ട്രൈ ചെയ്തപ്പോൾ ഉദ്യോഗസ്ഥർ ഞങ്ങളെ ബോർഡിങ് ചെയ്യുന്നതിന് പുറത്തുകൊണ്ട് നിർത്തി. ഞങ്ങൾ കൊടുത്ത ട്രാവൽ ഡോക്യുമെന്റ് അയാൾ കീറിക്കളഞ്ഞു. പാസ്‌പോർട്ട് തിരികെ നൽകി ഇറങ്ങിപ്പോകാൻ പറഞ്ഞു. പക്ഷേ ഞങ്ങളുടെ കൂടെ വന്ന അജിത്തിന് കയറിപ്പോകാൻ കഴിഞ്ഞു. വീണ്ടുമൊരിക്കൽ കൂടി ശ്രമിക്കാമെന്നായി ഞങ്ങൾ. ഞങ്ങൾ വീണ്ടും ട്രാവൽ ഡോക്യുമെന്റ് ഉണ്ടാക്കി രണ്ടാമതും ട്രൈ ചെയ്തു. പക്ഷേ ഫ്‌ളൈറ്റ് കയറാൻ നിന്നപ്പോൾ പിന്നേം ഞങ്ങളെ പുറത്താക്കി. അപ്പോഴേക്കും മൂന്ന് ലക്ഷം രൂപയോളം ടിക്കറ്റിനും ഡോക്യുമെന്റ് തയാറാക്കാനുമായി ചെലവായി കഴിഞ്ഞിരുന്നു. അതെല്ലാം വീട്ടുകാർ നാട്ടിൽ നിന്നും അയച്ചുതന്ന പണമായിരുന്നു. പിന്നെയും കാശ് കടം വാങ്ങാനില്ലാത്തതുകൊണ്ട് ദിലീപാണ് തിരിച്ചുപോകാമെന്ന് എന്നോട് പറഞ്ഞത്. ഇത്രയും കഷ്ടപ്പെട്ട സ്ഥിതിക്ക് എങ്ങനെയും പോർച്ചുഗല്ലിലേക്ക് കയറിപ്പോകണം എന്നായിരുന്നു എന്റെ ചിന്ത. പക്ഷേ അവൻ കൂടെയില്ലാത്തത് കൊണ്ട് ആ ഉദ്യമം ഞാനും ഉപേക്ഷിച്ചു. നാട്ടിൽ നിന്ന് ഇതുപോലെ വന്ന് പെട്ടുപോയ ദിലീപിന്റെ സുഹൃത്താണ് ഐ.ഒ.എമ്മിൽ പോയാൽ ഡീപോർട്ട് ചെയ്യാതെ തിരികെ നാട്ടിൽ പോകാൻ കഴിയുമെന്ന് പറഞ്ഞത്. എംബസിയിൽ പോയാൽ അവർ ഡീപോർട്ടാകും ചെയ്യുക. അഞ്ച് വർഷം ബാൻ ചെയ്യുകയും ചെയ്യും. അതുകൊണ്ട് ഞങ്ങൾ ഐ.ഒ.എമ്മിൽ പോയി സറണ്ടറായി. അവരുടെ ചിലവിൽ ഞങ്ങൾ തിരികെ നാട്ടിലെത്തി.” സ്‌റ്റെഫിൻ പറഞ്ഞു നിർത്തി.
കടം തീർക്കാൻ അറബ് നാട്ടിലേക്ക്
നാട്ടിലെത്തിയ സ്‌റ്റെഫിന് അധികനാൾ വീട്ടിൽ നിൽക്കാൻ കഴിഞ്ഞില്ല. കടം അത്രയധികമുണ്ടായിരന്നു. ജോബ് വിസയിൽ ഖത്തറിലേക്ക് പോയ സ്‌റ്റെഫിൻ ഇപ്പോൾ ഗിഫ്റ്റ് റാപ്പിങ് കമ്പനിയിൽ ജോലി ചെയ്യുകയാണ്. ദിലീപ് ഫയർ ആന്റ് സേഫ്റ്റി കോഴ്‌സ് ചെയ്ത് വിദേശത്ത് പോകാനൊരുങ്ങുന്നു. ഏകദേശം ഏഴ് ലക്ഷം രൂപയാണ് ഇവർക്ക് യൂറോപ്പിൽ നഷ്ടപ്പെടുത്തേണ്ടി വന്നത്. കടങ്ങളിൽ നിന്നുള്ള തൽക്കാല ആശ്വാസത്തിനായി ദിലീപിന്റെ കുടുംബം കണ്ടെത്തിയ പോംവഴിയായിരുന്നു ആകെയുണ്ടായിരുന്ന വീട് വിൽക്കുക എന്നത്. വർഷങ്ങളുടെ കഷ്ടപ്പാടിലൂടെ കെട്ടിയുണ്ടാക്കിയ വീട് വരെ വിറ്റിട്ടും ഇവരുടെ കടബാധ്യതകൾ തീർന്നതുമില്ല.
പക്ഷെ, ഈ കടം എങ്ങനെ തീർക്കും?
“കഴിഞ്ഞ ജനുവരി മുതൽ മൂത്ത മകന്റെ പഠനാവശ്യത്തിനായി ലോൺ എടുത്ത ബാങ്കിൽ നിന്ന് നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ്. സ്റ്റുഡന്റ് ലോൺ ആയത് കൊണ്ട് എഴുതിത്തള്ളാൻ കഴിയുമോന്ന് ശ്രമിച്ചിരുന്നു. പക്ഷേ അടക്കണമെന്ന് വാശിയിലാണ് അവർ. കിട്ടാക്കടത്തിൽ ഇടുമെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കുന്നുണ്ട്. ഒരുമാസം 9300 രൂപ വെച്ച് അടക്കണം. ഇളയമകൾ പ്ലസ് ടു കഴിഞ്ഞ് ഏവിയേഷൻ പഠിച്ചു. പക്ഷേ ഫീസടക്കാൻ ഇല്ലാത്തതുകൊണ്ട് അവസാന വർഷ എക്‌സാം കംപ്ലീറ്റ് ചെയ്തില്ല. ഇനി ഈ ജൂണിൽ 55,000 രൂപ അടക്കണം. എന്നാലേ അവൾക്ക് ആ എക്‌സാം എഴുതാൻ പറ്റൂ. ദിലീപ് പോയി വരാനായി അഞ്ചാറ് ലക്ഷം രൂപ പലിശയ്ക്ക് കടം വാങ്ങിയിരുന്നു. ഒരുമാസം ഒരു ലക്ഷം രൂപയ്ക്ക് രണ്ടായിരം രൂപ മാസം പലിശ കൊടുക്കണം. നാലഞ്ച് മാസമായി ഇപ്പോൾ പലിശ കൊടുക്കുന്നില്ല. കടം വാങ്ങിയാണ് പലിശ കൊടുത്തോണ്ടിരുന്നത്. അതുകൊണ്ടൊക്കെ തന്നെ കടം കൂടിവരുന്നതേയുള്ളൂ. പണിയെടുത്ത് കടം വീട്ടാമെന്ന് വെച്ചാൽ കടൽപ്പണി ഇപ്പോൾ വളരെ കുറവാണ്. ഒരു ദിവസം പണിയുണ്ടേൽ പത്ത് ദിവസം പണിയുണ്ടാകില്ല. കാറ്റും മഴയുമെന്നൊക്കെ പറഞ്ഞ് പഴയത് പോലെ കടൽപ്പണിക്ക് പോകാനും പറ്റുന്നില്ല. അവനെ വിദേശത്തേക്ക് വിടാമെന്ന് വെച്ചാൽ അതിനിനിയും കടം വാങ്ങേണ്ടി വരും.” നിറകണ്ണുകളോടെ ദിലീപിന്റെ അമ്മ വൽസല അവർ എത്തിച്ചേർന്ന അവസ്ഥ വിവരിച്ചു. തിരിച്ചടക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് ഈ അമ്മ കുടുംബശ്രീ പോലുള്ള സംരംഭങ്ങളിൽ നിന്ന് പോലും ഇപ്പോൾ ലോൺ എടുക്കാറില്ല.
സുജിത്തിന്റെയും വിനീതിന്റെയും ദിലീപിന്റെയും സ്റ്റെഫിന്റെയും സാഹചര്യങ്ങൾ അവർ നേരിടുന്ന സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥയാണ് വ്യക്തമാക്കുന്നത്. അരക്ഷിതാവസ്ഥകളിലേക്ക് അവർ എത്തിച്ചേരുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതും ഈ പിന്നോക്കാവസ്ഥയാണ്. ദുരിതപൂർണ്ണമായ ജീവിത സാഹചര്യങ്ങൾ മാറ്റിത്തീർക്കണം എന്ന അതിയായ ആഗ്രഹത്തോടെയാണ് ഈ യുവാക്കളെല്ലാം പുതിയതുറയിൽ നിന്ന് യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്നത്. അനധികൃതമായി കുടിയേറാൻ ശ്രമിച്ചവർക്ക് നേരിടേണ്ടിവന്ന കഷ്ടപ്പാടുകളെക്കുറിച്ച് അറിഞ്ഞിട്ടും പലരും ഇപ്പോഴും നാടുവിടാൻ തയ്യാറാണ്. അതല്ലാതെ രക്ഷയില്ലെന്ന് അവർ ഉറച്ച് വിശ്വസിക്കുന്നുമുണ്ട്. ഒരു ഭദ്രതയുമില്ലാത്ത ജീവിത സാഹചര്യങ്ങൾ അവർക്ക് മുന്നിൽ മറ്റ് പരിഹാരങ്ങളൊന്നും മുന്നോട്ടുവയ്ക്കുന്നില്ല. എന്നാൽ ഈ സാഹചര്യം മുതലെടുത്ത് ഇവരെ കബളിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുകയും വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് ഉചിതവും നിയമപരവുമായ അവസരങ്ങളൊരുക്കുകയും ചെയ്യേണ്ടത് തീർച്ചയായും സർക്കാർ സംവിധാനങ്ങളുടെ ബാധ്യതയാണ്. എന്താണ് അക്കാര്യത്തിൽ സർക്കാരിന് ചെയ്യാൻ കഴിയുന്നത്? തീരദേശ ജനത അതിനെ എങ്ങനെയാണ് കാണുന്നത്? പരമ്പര തുടരുന്നു.
(തുടരും)
ഭാഗം ഒന്ന് ലിങ്ക് : പുതിയതുറയിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ടവർ എവിടെ?
ഫീച്ചേർഡ് ഇമേജ്: പുതിയതുറ കടലോര ഗ്രാമം. ഫോട്ടോ: ആമോസ്