‘വ്യക്തി’ വിജയങ്ങളിലല്ല, കൂട്ടായ പോരാട്ടങ്ങളിലാണ് ക്വിയർ വിമോചനം

ന്യൂനപക്ഷവത്കരിക്കപ്പെട്ട പശ്ചാത്തലങ്ങളിൽ നിന്നുമുള്ള വ്യക്തികൾ നേടുന്ന വിജയങ്ങൾ സ്വാഭാവികമായും വിമോചനപരമാകുമെന്ന ധാരണ പരക്കേയുണ്ട്. വ്യക്തികളെ രക്ഷിച്ച് വ്യവസ്ഥയെ പുതുക്കാനുള്ള ശ്രമങ്ങൾ ഉടലെടുക്കുന്നത് ഈ സാഹചര്യത്തിലാണ്. ഈ ശ്രമങ്ങൾ അടിയന്തര പിന്തുണ വേണ്ട വ്യക്തികളെ സഹായിക്കാൻ ഉപകരിക്കുമെങ്കിലും വ്യവസ്ഥാപരമായ വിമർശനമായി ഇവയൊന്നും വളരുന്നേയില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കണം. വ്യക്തികളെ രക്ഷിച്ചുകൊണ്ട് ചൂഷിക വ്യവസ്ഥയെ നേരിടാനാകില്ല, വ്യവസ്ഥയെ ചോദ്യം ചെയ്യാനും തകർക്കാനുമുള്ള ശ്രമങ്ങളുടെ ആവശ്യകത ഈ സാഹചര്യത്തിലാണ് ഉയർന്നുവരുന്നത്. ക്വിയർ മുന്നേറ്റത്തിന്റെ അരാഷ്ട്രീയവത്കരണത്തിൽ വ്യക്ത്യധിഷ്ഠിതയ്ക്കുള്ള (Individualism) പങ്കിനെക്കുറിച്ച് സാമാന്യമായ ചില നിരീക്ഷണങ്ങൾ ‘ഹിന്ദുത്വത്തോട് സന്ധി ചെയ്ത് ക്വിയർ വിമോചനം സാധ്യമല്ല!’ എന്ന ലേഖനത്തിൽ മുന്നേ ഞാൻ എഴുതിയിരുന്നു. ഒരു നിലയ്ക്ക്, ആ വിഷയത്തിന്മേലുള്ള കുറേക്കൂടി സൂക്ഷ്മവും വിശദവുമായ ആലോചനകളാണ് ഈ ലേഖനത്തിൻ്റെ പരിധിയിലുള്ളത്. ഒരു പ്രസ്ഥാനത്തിന്റെ സ്വഭാവം കൈവിട്ട് വ്യക്തിഗത താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന മട്ടിൽ ക്വിയർ രാഷ്ട്രീയം മാറുമ്പോൾ വിമോചനത്തെ കുറിച്ചുള്ള കൂട്ടായ്മാവബോധത്തിൽ (Collective consciousness) ഊന്നേണ്ടത് രാഷ്ട്രീയ ബാധ്യതയാണെന്ന തിരിച്ചറിവാണ് ഈ ലേഖനത്തിൻ്റെ കാതൽ.

ക്വീർ ‘കമ്യൂണിറ്റി’ എന്ന രാഷ്ട്രീയഭാവന

‘ക്വീർ കമ്മ്യൂണിറ്റി’ എന്ന് നമ്മൾ പലപ്പോഴായി കേട്ടിട്ടുണ്ടാകും. പ്രത്യേകിച്ചും കേരളത്തിൻ്റെ ദേശഭൂപടത്തിനുള്ളിൽ ഈ വാക്ക് എന്താണ് അർത്ഥമാക്കുന്നത് ? ഇനിയും രൂപമെടുക്കാത്ത കൂട്ടായ്മാവബോധത്തെയും ഈ ബോധത്തിലേക്ക് എത്താനുള്ള ഭാവനാത്മകമായ പരിശ്രമത്തെയുമാകുമോ ഈ വാക്ക് പേറുന്നത്? ചുരുക്കത്തിൽ ക്വീർ ‘കമ്മ്യൂണിറ്റി’യെ ഒരു രാഷ്ട്രീയഭാവനയെന്നോണം കണക്കാക്കാം. ഈ രാഷ്ട്രീയ ഭാവനയുടെ അസാധ്യതയിലും അനിശ്ചിതത്വത്തിലുമാണ് ഈ ഭാഗം ഊന്നുന്നത്. ലൈംഗികതയുടെയും ശരീരങ്ങളുടെയും അനുഭവങ്ങളും രൂപങ്ങളും ബഹുവിധമാകയാൽ ഏകശിലാരൂപത്തിലുള്ള ക്വീർ കമ്മ്യൂണിറ്റി എന്ന ആശയം ഒരു സാങ്കൽപ്പിക നിർമ്മിതിയാണെന്ന് മനസ്സിലാക്കാം. കമ്മ്യൂണിറ്റിയെ ഒരു ഏകീകൃത അസ്തിത്വമായി പരാമർശിക്കാനാകില്ല. അത്തരം ലളിത യുക്തികൾ വ്യക്തികൾക്കിടയിലുള്ള സങ്കീർണ്ണതകളെയും വൈവിധ്യത്തെയും അവഗണിക്കുന്നതാണ്. ആ നിലയ്ക്ക് രാഷ്ട്രീയമായ അടിയന്തരാവശ്യങ്ങളാണ് കമ്മ്യൂണിറ്റിയെ ഭാവന ചെയ്യുന്നത്. ഈ ഭാവന ആരുടേതാകും?‌

സ്റ്റോൺവാൾ. കടപ്പാട്:bbc.com

യൂറോപ്യൻ സാഹചര്യത്തിൽ ക്വിയർ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ പ്രധാന നാഴികക്കല്ലായി മാറുന്നത് സ്റ്റോൺവാൾ വിമോചന സമരമാണ്. കറുത്ത വർഗ്ഗക്കാരായ ട്രാൻസ് മനുഷ്യർ ഈ സമരത്തിൻ്റെ മുഖ്യ ശക്തികേന്ദ്രമായി തിരിച്ചറിയപ്പെടുന്നുണ്ട്. ഭരണകൂടത്തിനും പൊലീസിനും എതിരെയുള്ള ഈ കലാപം കീഴാള പശ്ചാത്തലത്തിൽ നിന്നുമാണ് ഉടലെടുക്കുന്നത്. വർഗ്ഗം, വംശം തുടങ്ങിയവയെ പരിഗണിച്ചുള്ള കൃത്യമായ രാഷ്ട്രീയ നിലപാടുകൾ ഈ സംഘാടനങ്ങളെ നിയന്ത്രിച്ചിരുന്നു. മാർഷ പി. ജോൺസനിൻ്റെയും സിൽവിയ റിവെറയുടെയും ഇടപെടലുകൾ ഇത് വ്യക്തമാക്കുന്നതാണ്. മുതലാളിത്ത-വംശീയ ഘടനയ്ക്കുള്ളിലെ സമത്വം സമത്വമല്ലെന്ന തിരിച്ചറിവ് ഈ കൂട്ടം പങ്കുവെച്ചിരുന്നു. ക്വിയർ മുന്നേറ്റത്തിൻ്റെ പല സന്ദർഭങ്ങളിലും ലിബറൽ സ്വത്വവാദത്തിൻ്റെ പരിധികൾ അതിലംഘിക്കുന്ന വിമോചന നിലപാടുകൾ കണ്ടെടുക്കാനാകും. ഫാക്ടറി തൊഴിലാളികളുമായും ബ്ലാക്ക് പാന്തറുമായും സംഖ്യങ്ങളുണ്ടാക്കി സജീവ സമരങ്ങളിലേർപ്പെട്ട ക്വിയർ മുന്നേറ്റം പിൽക്കാലത്താണ് മാന്യതാരാഷ്ട്രീയത്തിലേക്കും വ്യക്തിവത്കരണ അജണ്ടകളിലേക്കും നീങ്ങുന്നത്. സ്റ്റോൺവാളിന് ശേഷം ക്വിയർ മുന്നേറ്റത്തിൻ്റെ മുഖ്യധാര മുതലാളിത്ത ദാസ്യത്തിലേക്ക് ചെന്നുപെട്ടതിനോടുള്ള വിയോജിപ്പ് സിൽവിയ ജീവിതാവസാനം വരെ ഉന്നയിച്ചിരുന്നു. 1973- ജൂൺ 24-ന് ക്രിസ്റ്റഫർ സ്ട്രീറ്റ് ഡേ ലിബറേഷൻ റാലിയിൽ റിവേറെ നടത്തിയ “Y’all Better Quiet Down” പ്രസംഗത്തിൽ ഈ വിമർശനത്തിൻ്റെ സാരമുണ്ട്. അക്കാലത്ത് പ്രബലമായിരുന്ന LGB സംഘടനകൾ എപ്രകാരമാണ് കീഴ് തട്ടിലുള്ള ട്രാൻസ് മനുഷ്യരെ ഒറ്റിയതെന്ന് റിവേറെ വ്യക്തമാക്കുന്നുണ്ട്. വളരെയേറെ പണിപ്പെട്ടാണ് ഈ റാലിയിൽ സംസാരിക്കാനുള്ള അവസരം പോലും റിവേറെയ്ക്ക് കിട്ടിയത്.

മാർഷ പി. ജോൺസൻ, സിൽവിയ റിവെറ. കടപ്പാട്:reuters

റിവേറെ സംസാരിച്ച് തുടങ്ങുമ്പോൾ ചുറ്റുമുള്ള വൈറ്റ്-സിസ്-ക്വിയർ വ്യക്തികൾ കൂക്കുന്നുണ്ടായിരുന്നു. ‘നിങ്ങളെല്ലാവരും മിണ്ടാതിരിക്കുന്നതാണ് നല്ലത്’ റിവേറെ ആക്രോശിച്ചു. ക്വിയർ മുന്നേറ്റം കൂട്ടായ ലക്ഷ്യങ്ങളിൽ നിന്നും വഴി തെറ്റുന്നതിലുള്ള അമർഷം സിൽവിയ വേദിയിൽ വിളിച്ചുകൂകുന്നുണ്ട്; ‘’ മിണ്ടാതിരിക്കുന്നതാണ് നല്ലത്. ഞാൻ നിങ്ങളുടെ സഹോദരങ്ങൾക്കായി സംസാരിക്കാനിവിടെ കേറിപ്പറ്റാൻ കുറെ നേരമായി ശ്രമിക്കുന്നു. ജയിലിൽ നിന്ന് സഹായം ചോദിച്ച് എല്ലാ ആഴ്ച്ചയിലും അവരെനിക്ക് കത്തെഴുതാറുണ്ട്. നിങ്ങളവർക്ക് വേണ്ടിയൊന്നും ചെയ്തില്ല. നിങ്ങളെപ്പോഴെങ്കിലും ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ടോ? മർദ്ദിക്കപ്പെട്ടിട്ടുണ്ടോ? റേപ്പിനിരയായിട്ടുണ്ടോ? ഇനി, അതിനെ കുറിച്ച് ചിന്തിക്കൂ. പുറത്തുവരാനും സെക്‌സ് ചെയ്ഞ്ചിനുമായി കൈയിലുള്ള മുഴുവൻ പണവും ജയിലിൽ ചെലവഴിച്ചിട്ടും അവർ മർദ്ദിക്കപ്പെട്ടു, റേപ്പ് ചെയ്യപ്പെട്ടു. അവർ സ്ത്രീകൾക്കല്ല എഴുതിയത്. അവരെഴുതിയത് സ്റ്റാറിനാണ്. അവർ ആണുങ്ങൾക്കല്ല കത്തെഴുതിയത്, സ്റ്റാറിനാണ്. അതെ, ഞങ്ങളവർക്ക് വേണ്ടി ചിലത് ചെയ്യാനാഗ്രഹിക്കുന്നു. ഞാൻ ജയിലിൽ കിടന്നിട്ടുണ്ട്. ആണുങ്ങളാൽ ഒന്നിലധികം തവണ മർദ്ധിക്കപ്പെട്ടിട്ടുണ്ട്. റേപ്പിനിരയായിട്ടുണ്ട്. അതേ, ഹെറ്ററോസെക്ഷ്വലായ ആണുങ്ങളാൽ തന്നെ. പക്ഷെ, നിങ്ങളെനിക്കായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ ? ഇല്ല. നിങ്ങളെന്നോട് എന്റെ വാൽ എന്റെ കാലുകൾക്കുള്ളിൽ ഒളിപ്പിക്കാനാണ് പറയുക. ഈ ചതി ഞാൻ പൊറുക്കില്ല. എനിക്കടി കിട്ടിയിട്ടുണ്ട്. എന്റെ മൂക്ക് തകർന്നിട്ടുണ്ട്. ഞാൻ ജയിലിൽ കിടന്നിട്ടുണ്ട്. എനിക്ക് ജോലി നഷ്ടമായി. എനിക്കെന്റെ കിടപ്പാടം നഷ്ടമായി-എല്ലാം ഗേ ലിബറേഷന് വേണ്ടി. എന്നിട്ടും നിങ്ങളെന്നോട് ഇതാണോ ചെയ്യുന്നത്. നിങ്ങൾക്കെന്താണ് കുഴപ്പം? നിങ്ങളതേപ്പറ്റി ചിന്തിക്കൂ. ഞാനിപ്പോ വിപ്ലവത്തിൽ വിശ്വസിക്കുന്നില്ല, നിങ്ങൾക്ക് വിശ്വാസമുണ്ടാകും. ഗേ പവറിൽ ഞാൻ വിശ്വസിക്കുന്നു. ഞാൻ നമ്മുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ തീർച്ചയായും വിശ്വസിക്കുന്നുണ്ട്. അങ്ങനെയല്ലെങ്കിൽ ഞാനിത്രയും പൊരുതില്ലായിരുന്നു. എനിക്കിതേ നിങ്ങളോട് പറയാനുള്ളൂ. ജയിലിൽ കിടന്നവരെ കുറിച്ചറിയണമെങ്കിൽ വരിക. 640 ഈസ്റ്റ് ട്വൽത്ത് സ്ട്രീറ്റിലെ അപാർട്മെന്റ് പതിനാലിലെ സ്റ്റാർ ഹൗസിലേക്ക് വരിക. Bambi L’Amour,
Andorra Marks, Kenny Messner നേയും ജയിലിൽ കിടന്ന മറ്റു പലരെയും നിങ്ങൾ മറക്കരുത്. വൈറ്റ് മിഡിൽ ക്ലാസ്സിൽപ്പെട്ട സ്ത്രീ-പുരുഷന്മാരല്ല,നമുക്കെല്ലാവർക്കും വേണ്ടി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്ന ആളുകളാണ്! നിങ്ങളെല്ലാം ഉൾക്കൊള്ളുന്നതവിടെയാണ്.
റവലൂഷ്യൻ നൗ !
Gimme a ‘G’! Gimme an
‘A’! Gimme a ‘Y’! Gimme a ‘P’! Gimme an ‘O’! Gimme a ‘W’! Gimme an ‘E! Gimme an ‘R’!
ഗേ പവർ!!
ഇനിയുമുറക്കെ ഗേ പവർ!”

അവകാശ സമരങ്ങൾക്കായി ട്രാൻസ് മനുഷ്യരനുഭവിച്ച യാതനകളെക്കുറിച്ചും ഗേ റൈറ്റ്‌സ് മൂവ്മെന്റിന്റെ ട്രാൻസ് വിരുദ്ധതയെയും വർണ്ണവെറിയേയും റിവേറെ മരണം വരെയും വിമർശിക്കുകയുണ്ടായി. സ്റ്റോൺവാൾ വിമോചന സമരത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികമായി ആഘോഷിക്കപ്പെട്ട 1994-ലെ ന്യൂയോർക്ക് പ്രൈഡിൽ റിവേറെ ആദരിക്കപ്പെടുകയുണ്ടായി. 1995 ൽ ന്യൂയോർക്ക് ടൈംസിന് നൽകിയ ഒരു അഭിമുഖത്തിൽ റിവേറെ അതേപ്പറ്റി ഇപ്രകാരം പറഞ്ഞു; “പ്രസ്ഥാനം എന്നെ ഷെൽഫിൽ വെച്ചിരിക്കുകയായിരുന്നു, ആവശ്യം വന്നപ്പോൾ അവർ എന്നെ താഴെയിറക്കി പൊടിതട്ടിയെടുത്തു… പക്ഷേ, പ്രൈഡ് പരേഡ് മനോഹരമായിരുന്നു. ഞാൻ 58-ാം സ്ട്രീറ്റിലൂടെ നടന്നു, ചെറുപ്പക്കാർ നടപ്പാതയിൽ നിന്ന് വിളിച്ചു, ‘സിൽവിയ, സിൽവിയാ, നന്ദി, നിങ്ങൾ ചെയ്തതെന്താണെന്ന് ഞങ്ങൾക്കറിയാം.”

ഇന്ത്യൻ സാഹചര്യത്തിൽ ക്വിയർ മുന്നേറ്റത്തിൻ്റെ നിലനിൽപ്പ് ഐ. പി. സി.377-ആം വകുപ്പിനെ ചുറ്റിപ്പറ്റിയായിരുന്നു. 2018-ലെ സുപ്രീംകോടതിവിധിയെ തുടർന്ന് ഈ വകുപ്പിനെ ചുറ്റിപ്പറ്റിയുണ്ടായ ചർച്ചാന്തരീക്ഷം മധ്യവർ​ഗ ഉള്ളടക്കമുള്ളതായിരുന്നു എന്ന വിമർശനം ഉയർന്നിട്ടുണ്ട്. ഈ ചർച്ചകൾ ഹിജ്രകളെയും ലൈംഗികതൊഴിലാളികളെയും എല്ലാം മുഖ്യധാരയുടെ സ്വീകാര്യതയ്ക്ക് മേലുള്ള തടസ്സമായാണ് എണ്ണിയത്. മുഖ്യധാര നവ് തേജ് ജോഹർ vs യൂണിയൻ ഓഫ് ഇന്ത്യ കേസിൽ ഉണ്ടായ വിധി വലിയ തോതിൽ ആഘോഷിക്കുകയുണ്ടായി. ഈ ആഘോഷങ്ങൾ നിശബ്ദമാക്കുന്ന ചരിത്രം ഏതാണെന്നും ആരുടേതാണെന്നും ഉള്ള ആലോചന ഈ സന്ദർഭത്തിൽ പ്രധാനമാണ്. ഐ.പി.സി.377-ന്റെ ഭരണഘടന വിരുദ്ധ സ്വഭാവം കണക്കിലെടുത്ത് എയ്ഡ്‌സ് വിവേചന വിരുദ്ധ മുന്നേറ്റങ്ങളാണ് ആദ്യമായി ഹൈക്കോടതിയെ സമീപിക്കുന്നത്. 1989-ൽ AIIMS ലെയും ICMR-ലെയും ആരോഗ്യപ്രവർത്തകർ ലൈംഗികതൊഴിലാളികളായ ചില സ്ത്രീകളെ പോലീസ് സഹായത്തോടെ നിർബന്ധിതമായി എച്ച്.ഐ.വി പരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ABVA (എയ്ഡ്സ് വിവേചന വിരുദ്ധ മുന്നേറ്റം) രൂപീകരിക്കപ്പെടുന്നത്. എയ്ഡ്‌സ് രോഗികളുടെയും ലൈംഗികതൊഴിലാളികളുടെയും ഇടയിൽ രൂപപ്പെട്ട ഈ മട്ടിലുള്ള ചെറിയ സംഘങ്ങളാണ് പിന്നീട് വലിയ തരത്തിലുള്ള സംഘടനാവബോധത്തിലേക്കുയരുന്നത്. പല ജയിലുകളിലും സ്വവർഗ്ഗലൈംഗികബന്ധം സജീവമായിരുന്നതിനാൽ ABVA ജയിലുകളിൽ കോണ്ടം വിതരണം ചെയ്യാനായുള്ള പദ്ധതികളുണ്ടാക്കി. ഐ.പി.സി 377 നിലനിൽക്കേ ഇത് സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഐ.പി.സി 37നെതിരെയുള്ള പ്രവർത്തനങ്ങളിൽ ABVA ഇടപെടുന്നത്. 1994-ൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് പെറ്റിഷൻ ഫയൽ ചെയ്‌തെങ്കിലും ABVA യ്ക്ക് കേസ് മുന്നോട്ട് കൊണ്ടുപോകാനായില്ല. അടിസ്ഥാനപരമായി ഈ മുന്നേറ്റം ലൈംഗികതൊഴിലാളികളോടും എയ്ഡ്‌സ് രോഗികളോടും ട്രാൻസ് മനുഷ്യരോടുമാണ് കടപ്പെട്ടിരിക്കുന്നതെന്ന് വിശദീകരിക്കാനാണ് മുതിർന്നത്. ഈ കൂട്ടായ്മാവബോധം പിന്നീട് അമാന്യമായി മാറി. നവ് തേജ് ജോഹർ വിധിയുടെ ആഘോഷം നിശബ്‌ദമാക്കിയത് ഈ അമാന്യ ചരിത്രങ്ങളെയാണ്. ഒരു മുന്നേറ്റമെന്ന നിലയിൽ നമുക്ക് വീണ്ടെടുക്കേണ്ടത് നിശ്ചയമായും ഈ ചരിത്രത്തെയാണ്.

നവ് തേജ് ജോഹർ

വ്യക്തി – വ്യവസ്ഥ

വ്യക്തിഗത വിജയങ്ങൾ വ്യവസ്ഥയെ തിരുത്തുമെന്ന തരം ആഖ്യാനങ്ങൾക്ക് പരക്കെ സ്വീകാര്യതയുണ്ട്. സാമൂഹിക മാറ്റത്തെ സംബന്ധിച്ചിടത്തോളം വ്യക്തികേന്ദ്രിതമായ ഈ നോട്ടം പരിമിതമാണ്. വ്യവസ്ഥാപരമായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിന് അസമത്വം നിലനിർത്തുന്ന അടിസ്ഥാന സാമ്പത്തിക – സാമൂഹിക – രാഷ്ട്രീയ ഘടനകളെ ആകമാനം പുതുക്കുന്ന ഇടപെടലുകൾ ആവശ്യമാണ്. ചരിത്രപരമായി അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ വ്യക്തിഗത വിജയങ്ങൾ പ്രാധാന്യമുള്ളതും പ്രചോദനാത്മകവുമാണെങ്കിലും പലപ്പോഴും വ്യവസ്ഥാപരമായ പ്രശ്നങ്ങളുടെ മൂലകാരണങ്ങളെ അഭിസംബോധന ചെയ്യാൻ അവ പര്യാപ്തമല്ല. ഉദാഹരണത്തിന്, പാർശ്വവൽക്കരിക്കപ്പെട്ട സമുദായത്തിൽ നിന്നുള്ള ഒരു വ്യക്തി അധികാര ശ്രേണിയുടെ മുകൾ തട്ടിൽ സ്ഥാനം നേടുന്നതിലൂടെ അതേ സമൂഹത്തിലെ മറ്റുള്ളവർ അഭിമുഖീകരിക്കുന്ന ഘടനാപരമായ തടസ്സങ്ങൾ അന്തർലീനമായി മാറണമെന്നില്ല. ആ വ്യക്തി താൻ ഉൾപ്പെടുന്ന സമുദായത്തിൻ്റെ താൽപ്പര്യങ്ങൾ തന്നെ ഉയർത്തിപ്പിടിക്കുമെന്ന് ശഠിക്കാനും നിവൃത്തിയില്ല. വ്യക്തിഗത നേട്ടങ്ങൾ പ്രതീകാത്മകമാണ്. വ്യവസ്ഥാപരമായ തടസ്സങ്ങൾ നിലവിലില്ല എന്ന് വാദിക്കാൻ ചിലപ്പോൾ ഈ വ്യക്തിഗത വിജയങ്ങൾ ഉപയോഗിക്കപ്പെട്ടേക്കാം. ഇതുവഴി സാമൂഹ്യമാറ്റത്തിനായുള്ള ആഹ്വാനങ്ങളെ ദുർബലപ്പെടുത്താനുമാകുന്നു. ഒരു ആദിവാസി രാഷ്ട്രപതിയുള്ള ഇന്ത്യ ജാതി-രഹിത ഇന്ത്യയായി എളുപ്പം മാറിയേക്കാം. ബരാക് ഒബാമയുടെ പ്രസിഡൻ്റ് പദവി അമേരിക്കയെ വംശീയാനന്തര സമൂഹമായി സ്ഥാപിച്ചെടുത്തത് ഉദാഹരണമാണ്. ഘടനാപരമായ മാറ്റങ്ങളിലേക്ക് നയിക്കാത്ത വ്യക്തിഗത വിജയങ്ങൾ ആത്യന്തികമായി ടോക്കണിസത്തിലേക്കാണ് നയിക്കുന്നത്. ഇവിടെ വിജയിച്ച ചുരുക്കം വ്യക്തികളുടെ സാന്നിധ്യം നിലവിലുള്ള വ്യവസ്ഥാപരമായ വിവേചനവും അസമത്വവും മറയ്ക്കാൻ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നു. വ്യക്തിഗത വിജയഗാഥകൾ വ്യവസ്ഥാപരമായ തടസ്സങ്ങൾ തിരിച്ചറിയുന്നതിനുപകരം വ്യക്തികളുടെ പരാജയങ്ങൾക്ക് കാരണം വ്യവസ്ഥയല്ലെന്ന മട്ടിലുള്ള ആഖ്യാനങ്ങൾ ബലപ്പെടുത്തുകയും ചെയ്യുന്നു.

ബരാക് ഒബാമ

വ്യവസ്ഥാപരമായ പ്രശ്നങ്ങൾ പലപ്പോഴും ബഹുമുഖമാണ്. ജാതി, വംശം, ലിംഗഭേദം, വർഗ്ഗം എന്നിങ്ങനെ അടിച്ചമർത്തലിൻ്റെ വിവിധ ഘടകങ്ങൾ ഉൾപ്പെടുന്ന ഒരു സഞ്ചയമാണിത്. ഈ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിന് ഈ ബഹുവിധമാനങ്ങളെ തിരിച്ചറിയുകയും അഭിസംബോധന ചെയ്യുകയും ചെയ്യുന്ന ഒരു സമഗ്രമായ സമീപനം ആവശ്യമാണ്. വ്യവസ്ഥാപരമായ മാറ്റം അടിച്ചമർത്തപ്പെട്ട സമൂഹത്തിന് മൊത്തത്തിൽ പ്രയോജനം ചെയ്യുന്ന വിധത്തിലാണ് ഭാവന ചെയ്യേണ്ടത്. ഇതിൽ വിഭവ വിതരണം, നിയമനിർമ്മാണ പരിഷ്കാരങ്ങൾ, സ്ഥാപനപരമായ മാറ്റങ്ങൾ, സാമൂഹികമായ മാറ്റങ്ങൾ എന്നിവ ഉൾപ്പെടുന്നു. വ്യക്തിഗത വിജയങ്ങൾ പ്രധാനമാണെങ്കിലും, ഘടനാപരമായ മാറ്റങ്ങളില്ലാതെ അവ ഒറ്റപ്പെട്ട വിജയങ്ങളായി തുടരുന്നു. സമഗ്രമായ വ്യവസ്ഥാപരമായ മാറ്റത്തിന് കൂട്ടായ പ്രവർത്തനവും അസമത്വത്തിൻ്റെയും അടിച്ചമർത്തലിൻ്റെയും മൂലകാരണങ്ങൾ തിരിച്ചറിയാനും പരിഹരിക്കാനും ഉള്ള പ്രതിബദ്ധതയും ആവശ്യമാണെന്ന് സാരം.

അരാഷ്ട്രീയത = രാഷ്ട്രീയം

‘രാഷ്ട്രീയം പാടില്ല’ – എന്ന താക്കീത് പല സന്ദർഭങ്ങളിലും ക്വിയർ മുന്നേറ്റങ്ങൾക്കകമേ ഉയർന്നുകേട്ടിട്ടുണ്ട്. രാഷ്ട്രീയം പറയാനുള്ള ഇടമല്ല ക്വിയർ പ്രൈഡ് മാർച്ചുകളെന്ന ആക്രോശം ഇന്ത്യയിലും കേരളത്തിലും പ്രതിധ്വനിച്ചിട്ടുണ്ട്. ക്വിയർ വിഷയങ്ങളെ ഒറ്റപ്പെട്ട വിഷയമായി അവതരിപ്പിച്ച്, സാമൂഹ്യ സ്വാധീനങ്ങളിൽ നിന്നെല്ലാം അടർത്തിമാറ്റി ജീവശാസ്ത്രപരമായ വിശദീകരണങ്ങളിലേക്ക് പരിമിതപ്പെടുത്താനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുന്നതിൻ്റെ ഉദാഹരണങ്ങൾ ഏറെയാണ്. കേരള പ്രൈഡ് മാർച്ചിൽ ഹാദിയയ്ക്ക് വേണ്ടി പ്ലാക്കാർഡ് ഉയർത്തിയത് സൃഷ്ടിച്ച വിവാദങ്ങളും, ബാബരി മസ്ജിദ് തകർച്ചയെ അപലപ്പിച്ചുകൊണ്ടുള്ള പോസ്റ്റർ ഒരു LGBT വാട്സ് ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തതിൻ്റെ ഭാഗമായി ഉണ്ടായ കോലാഹലങ്ങളും, മുംബൈ ക്വിയർ പ്രൈഡ് മാർച്ചും ‘രാഷ്ട്രീയം പറയരുത്’ എന്നാണ് നിരന്തരം ഉരുവിട്ടിരുന്നത്. രാഷ്ട്രീയം പറയരുതെന്നത് ഇവിടെ കേവലം രാഷട്രീയമില്ലായ്മയുടെ സൂചകമല്ല, മറിച്ച് കൃത്യമായ വലതുപക്ഷവത്കരണത്തിൻ്റെ അടയാളങ്ങളാണ് പേറുന്നത്.

പ്രൈഡ് റാലിയിൽ നിന്നും. കടപ്പാട്:ht

ക്വിയർ മുന്നേറ്റങ്ങളുടെ ചരിത്രത്തെ അപ്പാടെ മായ്ച്ചുകളയാനുള്ള ശ്രമം കൂടിയാണ് ഈ അരാഷ്ട്രീയ-വലതുപക്ഷവത്കരണ ശ്രമങ്ങൾക്ക് പിറകിലുള്ളത്. വ്യക്തിഗത അനുഭവങ്ങളിൽ അധിക ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വഴി മുന്നേറ്റം അരാഷ്ട്രീയവത്ക്കരിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. ഘടനാപരമായ അസമത്വങ്ങളെ വെല്ലുവിളിക്കുന്നതിൽ നിന്ന് മാറി വ്യക്തിസ്വത്വം ആഘോഷിക്കുന്നതിലേക്ക് ശ്രദ്ധ തിരിയുന്നത് അരാഷ്ട്രീയതയ്ക്ക് വെള്ളവും വളവും ഇടുന്നു. കാര്യമായ രാഷ്ട്രീയമാറ്റത്തിലേക്ക് വിവർത്തനം ചെയ്യാനൊക്കാത്ത വ്യക്ത്യധിഷ്ഠിത ആഘോഷങ്ങൾ വ്യവസ്ഥയ്ക്കകത്ത് സ്വന്തം നില മെച്ചപ്പെട്ടതാക്കാനുള്ള ഉദ്ദേശ്യത്തിൽ മാത്രം ഊന്നുന്നതാണ്. ആ നിലയ്ക്ക്, സ്വാർത്ഥതയുടെ രാഷ്ട്രീയം കൂടിയാണ് അരാഷ്ട്രീയതയുടേത്. അരാഷ്ട്രീയവത്ക്കരണം മുന്നേറ്റത്തിൻ്റെ ചരിത്രത്തെ രുചികരമായ ലിബറൽ ചട്ടക്കൂടിൽ അവതരിപ്പിക്കുകയും ഉപരിപ്ലവമായ സാംസ്കാരിക പ്രതിനിധാനങ്ങളിലേക്കും വ്യക്തിഗത നേട്ടങ്ങളിലേക്കും ചുരുക്കുകയും ചെയ്യുന്ന പണി കൂടി എടുക്കുന്നുണ്ട്.

വ്യവസ്ഥാപരമായ അസമത്വങ്ങളെ വെല്ലുവിളിക്കാനുള്ള ശേഷിയെ ദുർബലപ്പെടുത്തുന്ന ഈ ശ്രമങ്ങൾ രാഷ്ടീയബലങ്ങളെ നിർവീര്യമാക്കുകയും മുന്നേറ്റത്തെ വിശാലമായ മുതലാളിത്ത-വലതുപക്ഷ അജണ്ടയുമായി വിളക്കിചേർക്കുകയും ചെയ്യുന്നു. വലതുപക്ഷ പ്രസ്ഥാനങ്ങൾ വിമോചനാത്മക ഭാവിയെയും സാമൂഹിക മാറ്റങ്ങളെയും ചെറുക്കാനും യാഥാസ്ഥിതിക ഭൂതകാലത്തെ ആദർശവത്കരിക്കാനും ലക്ഷ്യമിടുന്നു. ക്വിയർ മുന്നേറ്റത്തിനകത്തും സുവർണ്ണ ഹിന്ദുഭൂതകാലത്തെ കുറിച്ചുള്ള ഗൃഹാതുരമായ ഓർമ്മകൾ ഉണ്ട്. ഈ ഭൂതകാലത്തേക്കുള്ള മടക്കമാണ് മുന്നേറ്റം ലക്ഷ്യം വെക്കേണ്ടതെന്ന് കരുതുന്നവരുണ്ട്. വ്യവസ്ഥാപരമായ അസമത്വങ്ങളെ വെല്ലുവിളിക്കാനും നിലവിലുള്ള അധികാര ഘടനകളെ തകർക്കാനുമുള്ള താൽപര്യമൊന്നും ഇവർക്കില്ല. വ്യവസ്ഥയുടെ വലിച്ചെറിയുന്ന എല്ലിൻ കഷണത്തിൽ അഭിരമിക്കാനാണ് ഇക്കൂട്ടർക്ക് ഇഷ്ടം. വ്യവസ്ഥയോട് കൂറ് കാട്ടേണ്ട സാഹചര്യങ്ങളിൽ വാലിളക്കാൻ മടിയില്ലാത്ത ഇക്കൂട്ടർക്ക് മുന്നേറ്റത്തെ എളുപ്പം ഒറ്റികൊടുക്കാനുമായേക്കും. 2020-ലെ മുംബൈ പ്രൈഡ് മാർച്ചിൽ ഏതുവിധത്തിലാണ് ഇക്കൂട്ടർ ഹിന്ദുത്വ ഭരണകൂടത്തിനായി മുന്നേറ്റത്തെ ഒറ്റികൊടുത്തതെന്ന് നമ്മൾ കണ്ടതാണ്. രാഷ്ട്രീയ തടവുകാർക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച ക്രിസ് ചുഡ്വാലയെ വളരെ എളുപ്പത്തിൽ തള്ളിപ്പറയാൻ ഈ ആക്ടിവിസ്റ്റുകൾക്ക് സാധിച്ചു. പ്രൈഡ് രാഷ്ട്രീയം കളിക്കാനുള്ള ഇടമല്ലെന്ന വാദമാണ് സംഘാടകർ ഉയർത്തിയത്. ക്വിയർ മുന്നേറ്റത്തിന്റെ മുഖ്യധാര എത്രത്തോളം ഹിന്ദുത്വവത്കരിക്കപ്പെട്ടിരിക്കുന്നുവെന്നത് ഈ സംഭവം വെളിപ്പെടുത്തിയിരുന്നു.

കൂട്ടായ്മാവബോധത്തിനും വ്യവസ്ഥാപരമായ മാറ്റത്തിനും മേലെ വ്യക്തിസത്തയെയും സ്വത്വ പ്രകടനങ്ങളെയും വിലമതിക്കുന്ന ഒരു നവലിബറൽ ചട്ടക്കൂട് പണിയാൻ അരാഷ്ട്രീയതയ്ക്കാകുന്നു. കൂട്ടായ ചെറുത്തുനിൽപ്പിനെ നിരുത്സാഹപ്പെടുത്തുകയും ഘടനാപരമായ പരിഷ്കാരങ്ങളുടെ ആവശ്യകതയിൽ നിന്ന് ശ്രദ്ധ തിരിക്കുകയും ചെയ്യുന്നതിനാൽ വലതുപക്ഷ പ്രത്യയശാസ്ത്രങ്ങൾ ഇതിൽ നിന്ന് പ്രയോജനം നേടുന്നു. അരാഷ്ട്രീയവത്കരണം വ്യവസ്ഥയ്ക്കകത്തേക്ക് സ്വാംശീകരിക്കപ്പെടാനും സ്വന്തം നില മെച്ചപ്പെടുത്താനും ഉള്ള ആഗ്രഹത്തിൻ്റെ കൂടി ഫലമാണ്. വ്യവസ്ഥയെ ചോദ്യം ചെയ്യേണ്ടതില്ലെന്ന ധാരണയെയാണ് അരാഷ്ട്രീയവത്കരണം പിൻപറ്റുന്നത്. വിമോചന സമരത്തിൻ്റെ അടിയന്തിരാവസ്ഥയെ പുറന്തള്ളിയും പുരോഗതിയെ സംബന്ധിച്ച ഉപരിപ്ലവമായ വിശദീകരണങ്ങൾ നൽകിയും മുന്നേറ്റത്തിൻ്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെ വഴി തെറ്റിക്കാൻ ഈ ശ്രമങ്ങൾക്കായേക്കും.

സ്വാഭിമാന ഘോഷയാത്ര. കടപ്പാട്:wiki

അരാഷ്ട്രീയത പലപ്പോഴും സവിശേഷാധികാരങ്ങളുടെ ഭാഗം കൂടിയാണ്. ചൂഷകവ്യവസ്ഥയുടെ ലാഭങ്ങൾ സ്വാഭാവികമായി ലഭിക്കുന്ന ശരീരങ്ങൾക്ക് വ്യവസ്ഥയ്ക്കെതിരെയുള്ള രാഷ്ട്രീയ ചോദ്യങ്ങളെ അനുകൂലിക്കാനാകണമെന്നില്ല. ഉദാഹരണത്തിന്, ഉപരിവർഗ്ഗ-മേൽ ജാതി സാഹചര്യങ്ങളുമള്ള ക്വിയർ ശരീരങ്ങൾക്ക് ജാതിയെയയും വർഗ്ഗത്തെയും ചോദ്യം ചെയ്യേണ്ടത് അടിയന്തര പ്രശ്നമായി തോന്നിയേക്കില്ല. വ്യവസ്ഥയുടെ മറ്റെല്ലാ ആനുകൂല്യവും പറ്റുന്ന ഇക്കൂട്ടർ ജാതി ചോദ്യത്തെ നേരിടുകയേയില്ല. മറ്റ് രാഷ്ട്രീയ കാര്യങ്ങൾ ഇക്കൂട്ടരെ ബാധിക്കുന്നേയില്ല. പൗരത്വഭേദഗതിയ്ക്ക് എതിരെ നടക്കുന്ന പ്രതിഷേധങ്ങളും രാഷ്ട്രീയ തടവുകാരുടെ മോചനവും ജാതി ഉന്മൂലനവും ഹിന്ദുത്വ ഭരണകൂട വിമർശനവും ഒന്നും ഇല്ലാതെ എൻ്റെ ശരീരം എൻ്റെ അവകാശം, ലവ് ഇസ് ലവ് തുടങ്ങിയ മുദ്രാവാക്യങ്ങളിലേക്ക് മുന്നേറ്റത്തിൻ്റെ താൽപര്യങ്ങളെ ചുരുക്കാൻ ഇവർക്ക് എളുപ്പം കഴിയുന്നു. മുംബൈ പ്രൈഡിൽ ക്വിയർ സഖാക്കളെ ഭരണകൂടത്തിന് എറിഞ്ഞുകൊടുക്കാൻ യാതൊരു മടിയും ഇക്കൂട്ടർക്ക് തോന്നാതിരുന്നതിൻ്റെ കാരണവും മറ്റൊന്നല്ല. വിവാഹ തുല്യതയും തിരശ്ചീന സംവരണവും ഉണ്ടാക്കിയ ചർച്ചകൾ നോക്കൂ. ദലിത് – ആദിവാസി – ബഹുജൻ ട്രാൻസ് മനുഷ്യരുടെ സംവരണാവകാശത്തെ കുറിച്ചുണ്ടായ ചർച്ച വലിയ തോതിൽ സ്വീകരിക്കപ്പെട്ടതേയില്ല. ഇതേ സമയം വിവാഹാവകാശം മുഖ്യധാരയിൽ വലിയ ചർച്ചകൾ സൃഷ്ടിക്കുകയും ചെയ്തു. വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയ ചോദ്യങ്ങളെ പേടിക്കുന്ന ന്യൂനപക്ഷത്തിൻ്റെ നേതൃത്വത്തിലാണ് ക്വിയർ മുന്നേറ്റത്തിൻ്റെ മുഖ്യധാര അകപ്പെട്ടിരിക്കുന്നത്. ഇതിനാൽ തന്നെ ഹിന്ദുത്വവും മുതലാളിത്തവും മുന്നേറ്റത്തിൻ്റെ ചങ്ങാതികളായില്ലെങ്കിലെ അത്ഭുതമുള്ളൂ.

വിമോചനത്തിലേക്ക് കുറുക്കുവഴികളില്ല

ചൂഷക വ്യവസ്ഥകളെല്ലാം പരസ്പര ബന്ധിതമായാണ് പ്രവർത്തിക്കുന്നത്. വ്യവസ്ഥയെ തകർക്കാൻ ഈ ബന്ധങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. മുതലാളിത്തത്തെയും ഹിന്ദുത്വത്തെയും പുരുഷാധികാരത്തെയും ജാതീയതയെയും നേരിടേണ്ടത് ക്വിയർ മുന്നേറ്റത്തിൻ്റെയും രാഷ്ട്രീയാവശ്യമാണ്. ചൂഷണം സാർവത്രികമായി തുടരുകയും പ്രതിഷേധങ്ങൾ പ്രാദേശികമായി ചുരുങ്ങുകയും ചെയ്യുന്ന സ്ഥിതി നിയോ-ലിബറൽ കാലഘട്ടത്തിൻ്റെ പ്രധാന സവിശേഷതകളിലൊന്നാണ്. ഈ വിഘടിതാവസ്ഥ അധീശ വ്യവസ്ഥയ്ക്ക് ലാഭം ഉണ്ടാക്കുന്നതാണ്. കൂട്ടായ്മകളെ ഇല്ലാതാക്കേണ്ടത് അധീശ വ്യവസ്ഥയുടെ നിലനിൽപ്പിന് അനിവാര്യമാണ്. സംഘാടനങ്ങൾ അധീശ വ്യവസ്ഥയെ ചോദ്യം ചെയ്യുമെന്നതിനാൽ അധീശ വ്യവസ്ഥ കൂട്ടായ സമരങ്ങളെ പേടിക്കുന്നു. വ്യക്തികൾക്ക് താൽക്കാലികമായ അപ്പ കഷ്ണങ്ങൾ എറിഞ്ഞു നൽകിയാണ് അധീശ വ്യവസ്ഥ കൂട്ടായ്മാവബോധത്തെ തകർക്കുന്നത്. ഇതിലൂടെ അധീശ വ്യവസ്ഥ വിമർശനാതീതമായി ഇടം പിടിക്കുന്നു. കൂട്ടായ്മയിലെ മറ്റ് അംഗങ്ങൾക്ക് അപ്പകഷ്ണം കൈപ്പറ്റുന്ന വ്യക്തികളോടുള്ള ഈർഷയും ശത്രുതയും വളരുകയും കൂട്ടായ്മകൾ തകരുകയും ചെയ്യുന്നു. കൂട്ടായ്മകളെ പ്രതീകാത്മകമായി ചിതറിക്കുന്ന ഈ പണി കൂട്ടായ്മാവബോധത്തെ അസാധ്യമാക്കുകയും വ്യക്തി വിജയങ്ങളിലേക്ക് മുന്നേറ്റത്തിന്റെ ലക്ഷ്യങ്ങളെ ചുരുക്കുകയും ചെയ്യുന്നു. ഇതിലൂടെ ഭരണ വർഗ്ഗത്തിനും ചൂഷക വ്യവസ്ഥയ്ക്കും പകരം തൊട്ടടുത്തുള്ള ആൾ എളുപ്പം നമ്മുടെ ശത്രുവാകുന്നു.

വ്യക്തിപരമായ നേട്ടങ്ങളും പ്രതീകാത്മകമായ ഉൾകൊള്ളലും ഒരു സമുദായമെന്ന നിലയിൽ ക്വിയർ മനുഷ്യരെ മൊത്തത്തിൽ രക്ഷിക്കുമെന്നത് ഒരു നുണയാണ്. ഇത്തരം മനസ്സിലാക്കലുകൾ ലിബറൽ സ്വത്വ രാഷ്ട്രീയത്തിന്റെ വലിയ പരിമിതികളിലൊന്നാണ്. ഇതിനാൽ തന്നെ വ്യക്തികളുടെ കേവലമായ നേട്ടങ്ങളെ കവിയുന്ന ഉദ്ദേശങ്ങൾ പ്രസ്ഥാനത്തിനുണ്ടാകേണ്ടതുണ്ട്. ചൂഷക വ്യവസ്ഥയുടെ സമ്മർദ്ദങ്ങളെ ചെറുക്കാനായി ക്വിയർ മുന്നേറ്റം പാർശ്വവൽക്കരിക്കപ്പെട്ട ഇതര വിഭാഗങ്ങളുമായി കൂടുതൽ സഖ്യമുണ്ടാക്കേണ്ടതുമുണ്ട്. സാമൂഹിക നീതിക്കായി വിശാലമായ അടിത്തറ സൃഷ്ടിക്കുകയാണ് ഈ കൂട്ടുകെട്ടുകൾ ലക്ഷ്യമിടുന്നത്. ചൂഷണത്തിൻ്റെ ബഹുമുഖ സ്വഭാവം അഭിസംബോധന ചെയ്യുന്നതിലൂടെ ഒരു വിഭാഗത്തിന് മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെട്ട് വിമോചനം സാധ്യമല്ലെന്ന് തിരിച്ചറിയാനാകും. ചൂഷണങ്ങൾ പരസ്പര ബന്ധിതമായിരിക്കെ നമ്മുടെ വിമോചനവും പരസ്പരം കെട്ടുപിണഞ്ഞിരിക്കുന്നു. ആ നിലയിൽ ക്വിയർ മുന്നേറ്റത്തിന്റെ മുഖ്യപരിഗണന വർഗ്ഗ- ജാതി രഹിത സമൂഹത്തിന്റെ നിർമ്മിതി കൂടിയാണ്. അടിച്ചമർത്തപ്പെട്ട എല്ലാ മനുഷ്യരുടെയും വിമോചനമാണ് നമ്മുടെ ലക്ഷ്യം. പലസ്തീൻ ജനതയ്ക്കൊപ്പം നിൽക്കേണ്ടത് നമ്മുടെ രാഷ്ട്രീയ ഉത്തരവാദിത്തം കൂടിയാണ്. വംശഹത്യയുടെ കാലത്ത് എന്റെ ശരീരത്തിലും ലൈംഗികതയിലും അഭിമാനിക്കാൻ യാതൊന്നുമില്ലെന്ന് വിളിച്ചുപറയേണ്ട രാഷ്ട്രീയബോധം ആർജ്ജിച്ചെടുത്തേ മതിയാകൂ. ഈ ജൂൺ മാസം നമ്മുടെ മഴവിൽ പതാക പലസ്തീൻ ജനതയുടെ രക്തത്താൽ ചുവന്നിരിക്കുന്നു. നമ്മുടെ ലക്ഷ്യം വ്യവസ്ഥയോടുള്ള കലഹമായിരിക്കട്ടെ, മുഴുവൻ മനുഷ്യരുടെയും വിമോചനമായിരിക്കട്ടെ.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

June 8, 2024 2:31 pm