Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ആഗസ്റ്റ് വിപ്ലവത്തിൻ്റെ പ്രാധാന്യം എക്കാലത്തും പ്രസക്തമാണ്. കാരണം, അത് ഉയർത്തിപ്പിടിച്ച രാഷ്ട്രീയ മുദ്രാവാക്യമാണ് “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക”. സ്വാതന്ത്ര്യത്തിന് വേണ്ടിയിട്ടുള്ള അന്തിമ പോരാട്ടത്തിലെ വിപ്ലവ വീര്യത്തെ അത് അടയാളപ്പെടുത്തുന്നു. ആ മുദ്രാവാക്യം പിറന്നിട്ട് 81 വർഷങ്ങൾ കഴിഞ്ഞെങ്കിലും സമകാലീന ഇന്ത്യൻ പരിസരത്തിൽ അതിൻ്റെ പ്രധാന്യം നിലനിൽക്കുന്നു. സ്വാതന്ത്ര്യത്തിനുള്ളിൽ നിന്നുകൊണ്ട് രാഷ്ട്രീയ ജനാധിപത്യത്തിന്റെയും, സാമൂഹിക ധാർമ്മികതയുടെയും, സാമ്പത്തിക സമത്വത്തിന്റെയും വീണ്ടെടുപ്പിന് വേണ്ടി ആ മുദ്രവാക്യത്തെയാണ് ഇന്ത്യ ഇന്ന് ആവശ്യപ്പെടുന്നത്, “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക.”
ഹിംസയുടെ രാഷ്ട്രീയമാണ് ഇന്ന് രാജ്യത്തെ പിടിക്കൂടിയിരിക്കുന്നത്. അന്ന്, അധിനിവേശ ശക്തികളോടായിരുന്നു ഏറ്റുമുട്ടേണ്ടി വന്നതെങ്കിൽ ഭരണകൂട നയങ്ങൾക്ക് എതിരെയാണ് ഇന്ന് പൊരുതേണ്ടത്. സ്വാതന്ത്ര്യത്തിലേക്കുള്ള വഴികൾ ശക്തിപ്പെട്ടത് സാമ്രാജ്യത്വ ശക്തിയോടുള്ള ഏറ്റുമുട്ടലിലൂടെയാണ്. ഇന്ത്യയെ അറിഞ്ഞുകൊണ്ടുള്ള രാഷ്ട്രീയ ഇടപെടലുകളായിരുന്നു അവ.
ഗാന്ധിജി അതിൻ്റെ മുൻനിരയിൽ നിന്നത് പൂർണ്ണ മതവിശ്വാസിയായിട്ടാണ്. ചിന്നി ചിതറിയ വിശാല ഭൂപ്രദേശങ്ങളിലെ ഗോത്ര സംസ്കൃതിയിലും, അനാചാരങ്ങളെ ഗർഭം ധരിച്ച ആചാരങ്ങളുടെ ശേഷിപ്പുകൾക്കിടയിലും എല്ലാ മനുഷ്യരെയും സ്വാതന്ത്ര്യം എന്ന ബോധത്തിലേക്ക് നയിക്കാൻ ഗാന്ധിജി ഉപയോഗിച്ച രീതി അഹിംസയാണ്. അതിൻ്റെ രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്നതിലും, സാമൂഹ്യമായി വികസിപ്പിക്കുന്നതിലും, മതേതരത്വത്തെയാണ് എക്കാലത്തും ഗാന്ധിജി മുന്നിൽ നിർത്തിയത്. അതേ മതേതരത്വത്തെ നിരാകരിച്ചുകൊണ്ടാണ് ഇന്ന് ഹിന്ദുത്വരാഷ്ട്രീയം രാജ്യത്തെ ജീവവായുവിൽ പോലും വിദ്വേഷത്തിൻ്റെ വിത്ത് പാകുന്നത്. അവിടെ മതേതരത്തത്തോടൊപ്പം ജനാധിപത്യത്തിന്റെ രാഷ്ട്രീയ നൈതികതയെയും മൂല്യത്തെയും മതത്തെ മുൻനിർത്തി ഭരണകൂടം നിരാകരിക്കുകയാണ്. അതുണ്ടാക്കിയത് ഗുരുതരമായ സാമൂഹിക പ്രതിസന്ധികളാണ്.
മനുഷ്യരുടെ ജീവിക്കാനുള്ള അവകാശങ്ങളെ നിഷേധിക്കുമ്പോൾ സ്വാതന്ത്ര്യം എന്നത് തോന്നലായി മാറുന്നു, അനുഭവമായി മാറുന്നില്ല. ഭരണഘടനയിൽ എഴുതിച്ചേർക്കപ്പെട്ട പൗരാവകാശങ്ങൾ അനുഭവിക്കാൻ കഴിയാത്ത വിധം ഭരണകൂടങ്ങളുടെ സഹായത്തോടുകൂടി മതാധികാരത്തിന്റെ ബലത്തിൽ ന്യൂനപക്ഷങ്ങളും ആദിവാസി ഗോത്ര സമൂഹങ്ങളും യഥാർത്ഥ ഭൂമിയുടെ അവകാശികളായ മനുഷ്യരെ അതി ക്രൂരമായി ഉന്മൂലനം ചെയ്യുമ്പോൾ മണിപ്പൂർ അന്വേഷിക്കുന്നത് ആഗസ്റ്റ് വിപ്ലവത്തിൽ ഉയർത്തപ്പെട്ട മുദവാക്യത്തിൻ്റെ സാധ്യതയേയാണ്. സർവ്വശക്തമായ ഭരണകൂട കോട്ടകൾക്ക് മുന്നിൽ തളം കെട്ടിക്കിടക്കുന്ന മൗനങ്ങളുടെ മഹാസമുദ്രം നിറഞ്ഞ് പടരുന്നത് നിരപരാധികളുടെ രക്തം കൊണ്ടാണ്. അപ്പോഴും നിസ്സംഗരായ മനുഷ്യരുടെ നിലവിളിക്ക് മുമ്പിൽ നിന്നാണ്, ആ രാഷ്ട്രീയ ശൂന്യതയിൽ നിന്നാണ് പ്രതിപക്ഷ പാർട്ടികൾ പുതിയ ഇന്ത്യ എന്ന ആശയത്തെ അവതരിപ്പിക്കുന്നത്.
1942 ആഗസ്റ്റ് എട്ടാം തീയതിയാണ് ബോംബെയിൽ സമ്മേളിച്ച എ.ഐ.സി.സി യോഗത്തിൽ വെച്ച് ജവഹർലാൽ നെഹ്റു ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിക്കുന്നത്. ഗാന്ധിജി ആഹ്വാനം ചെയ്ത പ്രസ്താവനയിലെ ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകണമെന്ന ആ രാഷ്ട്രീയ പ്രഖ്യാപനത്തിൻ്റെ ഊർജ്ജം എന്നത് “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” എന്നതായിരുന്നു. ഈ ആഹ്വാനത്തെ ബ്രിട്ടീഷ് സാമ്രാജ്യത്വം കൃത്യമായി നേരിടുന്നുണ്ട്. ഗാന്ധിജി ജയിലിൽ അടക്കപ്പെട്ടു. അബുൽ കലാം ആസാദ് ആയിരുന്നു അന്ന് കോൺഗ്രസ് പ്രസിഡന്റ്. പതിവ് പോലെ സമര പോരാട്ടങ്ങളിൽ സോഷ്യലിസ്റ്റുകളുടെ ഇടപെടൽ സംഭവിച്ചു. ഡോക്ടർ റാം മനോഹർ ലോഹ്യ, ജയപ്രകാശ് നാരായണൻ, എസ്.എം ജോഷി, അരുണാ ആസഫ് അലി, അച്യുത് പട് വർദ്ധൻ തുടങ്ങിയവർ സമരത്തെ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. ആഗസ്റ്റ് വിപ്ലവത്തിന്റെ ആശയ അടിത്തറയെ വിപ്ലവ വീര്യത്തിലേക്ക് സന്നിവേശിപ്പിക്കുന്നതിൽ ഇന്ത്യൻ സോഷ്യലിസ്റ്റുകൾ നടത്തിയ ഇടപെടൽ ഇക്കാലത്തും പ്രസക്തമാണ്. പിന്നീട് അടിയന്തിരാവസ്ഥ കാലത്തും നാം അത് കണ്ടു. എന്നാൽ കാലാന്തരത്തിൽ ഇന്ത്യൻ സോഷ്യലിസ്റ്റുകൾക്ക് സംഭവിച്ച അപചയങ്ങൾ കൂടിയാണ് ഇന്നത്തെ അവസ്ഥക്ക് കാരണം. എങ്കിലും പുതിയ ഇന്ത്യ എന്ന ആശയത്തിൽ സോഷ്യലിസ്റ്റുകളുടെ കൈയ്യൊപ്പ് കാണാം.
ക്വിറ്റ് ഇന്ത്യ സമരത്തിൻ്റെ രാഷ്ട്രീയ സാഹചര്യത്തെ എങ്ങനെ 2014 ന് ശേഷമുള്ള ഇന്ത്യൻ രാഷ്ട്രീയ സാഹചര്യവുമായി കൂട്ടി വായിക്കാം. ഇന്നത് എളുപ്പത്തിൽ മനസ്സിലാക്കാവുന്നതാണ്. ആഗസ്റ്റ് വിപ്ലവകാലത്ത് ഇന്ത്യ ഭരിച്ചിരുന്ന ലിൻ ലിത് ഗോ പ്രഭുവിനെ വിമർശിക്കേണ്ടി വന്ന സ്റ്റേറ്റ്സ്മാൻ പത്രാധിപർ ആർതർ മൂറിന് തൻ്റെ പത്രാധിപസ്ഥാനം രാജിവെച്ച് ഒഴിയേണ്ടി വന്നു. കരണം, ഭരണകൂട വിമർശനങ്ങളായിരുന്നു.
അടിയന്തിരാവസ്ഥ കാലത്തും 2014 ന് ശേഷവും ഇന്ത്യയിൽ നാം കാണുന്ന മാധ്യമ ഇടപെടൽ പരിശോധിച്ചാൽ ചില കാര്യങ്ങൾ ബോധ്യപ്പെടും. മാധ്യമ വിധേയത്വങ്ങൾ ഇന്ത്യൻ മാധ്യമ ലോകത്തുണ്ടാക്കിയ മൂല്യച്യുതിയുടെ ആഴത്തെ അളക്കണമെങ്കിൽ ഓൺലൈനിൽ വരുന്ന വാർത്തകൾ ശ്രദ്ധിച്ചാൽ മതി. അടിമത്വ സമാന സാഹചര്യത്തിലേക്ക് രാജ്യത്തെ ജനാധിപത്യവും പൗരാവകാശ നിഷേധങ്ങളും എത്തപ്പെട്ടു. ഇതിൻ്റെ നിരവധി തെളിവുകൾ നമുക്ക് മുമ്പിലുണ്ട്.
സാമ്രജത്വ വിരുദ്ധ സമര പശ്ചാത്തലത്തിൽ ബ്രിട്ടീഷ് സാമ്രാജ്യം ഏറ്റവും വലിയ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിന് ഉപയോഗിച്ചത് മതത്തെയാണ്. മുസ്ലീങ്ങളിൽ നിന്നും സിക്കുമതക്കാരിൽ നിന്നും ഹിന്ദുക്കളെ അകറ്റി നിർത്തി. ശത്രുത വളർത്തി. അന്ന് അത് ചെയ്തത് വൈദേശിക ശക്തികൾ ആണെങ്കിൽ ഇന്നത് ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ സർക്കാറുകൾ തന്നെ നിർവഹിക്കുന്നു. അന്ന് അതിൻ്റെ കാരണമായിത്തീർന്നത് സാമ്രാജ്യത്വ അധിനിവേശമാണെങ്കിൽ ഇന്നതിന്റെ കാരണം ഹിന്ദുരാഷ്ട്രവൽക്കരണമാണ്. ഈയൊരു സാഹചര്യത്തെ കൃത്യമായി വായിച്ചെടുക്കുമ്പോഴാണ് പുതിയ ഇന്ത്യ എന്ന ആശയത്തിന്റെ രാഷ്ട്രീയ പ്രാധാന്യത്തെ ജനാധിപത്യ വിശ്വാസികൾ തിരിച്ചറിയുന്നത്.
“ഒരു അടിമയ്ക്ക് തൻ്റെ അടിമത്വം ന്യായീകരിക്കാനുള്ള ഉത്തരവാദിത്വമില്ല. അവൻ്റെ ഉത്തരവാദിത്വം അടിമത്തം തകർക്കുക മാത്രമാണ്” എന്ന് ആഗസ്റ്റ് വിപ്ലവകാലത്ത് പറഞ്ഞത് ജയപ്രകാശ് നാരായണനാണ്. ഇന്ന് ഇന്ത്യയിലെ ഓരോ പൗരനും നിർവഹിക്കാനുള്ളത് തൻ്റെ സ്വത്വത്തെ തെളിക്കലല്ല. മറിച്ച് ഭരണഘടനയിൽ അർപ്പിതമായ സാമൂഹിക ജനാധിപത്യവും രാഷ്ട്രീയ സ്വാതന്ത്ര്യവും തൻ്റെ ജന്മാവകാശമാണെന്ന് പറയാനുള്ള ധൈര്യം കാണിക്കുക എന്നുള്ളതാണ്. അത് പൗരാവകാശമാണ്, ഭരണകൂടത്തിന്റെ ഔദാര്യമല്ല.
എല്ലാകാലത്തും ഭരണകൂടം ഏകാധികാര രൂപത്തെ അതിൻ്റെ ശക്തിയായി അവതരിപ്പിക്കാറുണ്ട്. 1974 ൽ ഡി.കെ ബറുവ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിൽക്കുന്ന സമയത്താണ് ‘ഇന്ദിര എന്നാൽ ഇന്ത്യ, ഇന്ത്യ തന്നെ ഇന്ദിര’ എന്ന് പ്രഖ്യാപിച്ചത്. എന്നാൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക വഴി ഇന്ദിരാഗാന്ധി എന്ന അധികാര സ്ഥാപനം ഇന്ത്യൻ ജനാധിപത്യത്തിന് ഏൽപ്പിച്ച പരിക്കുകൾ ചെറുതായിരുന്നില്ല. ഈ സമാന സാഹചര്യം മോദിയെ മുൻനിർത്തിക്കൊണ്ട് സംഘപരിവാർ ശക്തികൾ രാജ്യത്ത് നിർവഹിക്കുകയാണ്. രണ്ടും ഒരേ പോലെ കാണേണ്ടതല്ല. എന്നാൽ ചരിത്രത്തിൽ എപ്പോഴൊക്കെ വ്യക്തി അധികാരത്തിന്റെ താക്കോലായി മാറിയിട്ടുണ്ടോ അവരൊക്കെ അധികാരത്തിൽ നിന്ന് മാത്രമല്ല ചരിത്രത്തിൽ നിന്ന് പോലും നിഷ്കാസനം ചെയ്യപ്പെട്ടിട്ടുണ്ട്. ലോകത്തെ വിറപ്പിച്ച ഹിറ്റ്ലറിൻ്റെയും, മുസോളിനിയുടെയും ചരിത്രം നമുക്ക് മുമ്പിലുണ്ട്. ഈ തിരിച്ചറിവിൽ നിന്നുകൊണ്ടാണ് ആഗസ്റ്റ് വിപ്ലവത്തിൻ്റെ ആശയത്തെ കടം കൊണ്ട് പുതിയ ഇന്ത്യ എന്ന രാഷ്ട്രീയപക്ഷത്ത് ജനാധിപത്യ വിശ്വാസികൾ ഒന്നിച്ചു നിൽക്കേണ്ടത്.
പുതിയ ഇന്ത്യ ആശയം മാത്രമല്ല, ജനാധിപത്യ, മതേതര മൂല്യങ്ങളുടെ വീണ്ടെടുപ്പ് കൂടിയാണ്. അവിടെ രണ്ട് വിഭാഗങ്ങളെ ഉള്ളൂ. ഒന്ന് മനുഷ്യപക്ഷത്ത് നിൽക്കുന്നവരും മറ്റൊന്ന് മനുഷ്യത്വ വിരുദ്ധ പക്ഷത്ത് നിൽക്കുന്നവരും. ഈ പോരാട്ടത്തിൽ ജനാധിപത്യത്തെ, നാനാത്വത്തെ തിരിച്ചുപിടിക്കാൻ ഒറ്റ വഴിയെ ഉള്ളൂ. വർഗ്ഗീയ ഫാസിസ്റ്റ് ശക്തിക്കൾക്ക് എതിരെ പ്രവർത്തിക്കുക. സ്വതന്ത്ര ഇന്ത്യയിൽ നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യത്തെ തിരിച്ചുപിടിക്കാൻ അഹിംസാ വഴിയിലൂടെ ഉയർത്തേണ്ട മുദ്രവാക്യമാണ്- ‘ഇന്ത്യക്ക് അകത്തെ ഇന്ത്യ വിരുദ്ധരെ തിരിച്ചറിയുക. അവരെ തോൽപ്പിക്കാൻ സമരസജ്ജരാക്കുക’. ജനാധിപത്യത്തെ വീണ്ടെടുപ്പിൻ്റെ സമരവേദിയാക്കുക. അത്തരമൊരിടത്താണ് ആഗസ്റ്റ് വിപ്ലവത്തിലെ മുദ്രാവാക്യങ്ങൾ ഇന്നും കരുത്തുറ്റതാകുന്നത്.