Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ ജീവിതം എവിടേക്കാണ് സഞ്ചരിക്കുന്നത് എന്നുള്ളതിന്റെ ഏറ്റവും വലിയ ആപൽ സൂചനയാണിത്. നവ ഫാസിസം പ്രവർത്തിക്കുന്നത് ക്ലാസിക്കൽ ഫാസിസത്തിന്റെ ഫോട്ടോകോപ്പി ആയിട്ടല്ല. ക്ലാസിക്കൽ ഫാസിസം പാർലിമെന്റ് ചുട്ടുകരിച്ചും ട്രെയ്ഡ് യൂണിയൻ നിരോധിച്ചും രാഷ്ട്രീയ പാർട്ടികളെ നിരോധിച്ചും ഒക്കെയാണ് അതിന്റെ പ്രവർത്തനം നടത്തിയിട്ടുള്ളത്. എന്നാൽ ഇന്ത്യയിൽ അതിനേക്കാൾ ഭീകരമായിട്ടുള്ള പ്രവർത്തനമാണ് നടക്കുന്നത്. ജർമനിയും ഇറ്റലിയും പോലെയുള്ള രാജ്യമല്ല ഇന്ത്യ. നിരവധി ഭാഷകൾ, അമ്പരപ്പിക്കുന്ന വൈവിധ്യങ്ങൾ ഒക്കെ ഉള്ളതുകൊണ്ട് പെട്ടെന്ന് ഇന്ത്യയാകെ നിശ്ചലമാക്കാൻ ഈ കേന്ദ്ര ഭരണംകൊണ്ട് മാത്രം കഴിയില്ല. 29 സംസ്ഥാനങ്ങൾ ഉള്ളതിൽ നിന്നും ഒരു സംസ്ഥാനം എടുത്തുമാറ്റിക്കൊണ്ട് അവർ അവരുടെ ശക്തി പ്രഖ്യാപിച്ചു കഴിഞ്ഞു, എങ്കിൽ തന്നെയും അത് ഘട്ടം ഘട്ടമായിട്ട് നടപ്പിലാക്കുകയാണ്. രാഹുൽ ഗാന്ധിയുടെ അറസ്റ്റ് ഒരു സാങ്കേതിക പ്രശ്നമല്ല. മറിച്ച് ഇന്ത്യയിലെ നവ ഫാസിസത്തിന്റെ പ്രവർത്തനം എപ്രകാരമാണ് ഇന്ത്യൻ ജീവിതത്തെ അപകടപ്പെടുത്തിക്കൊണ്ടിരിക്കുന്നത് എന്നുള്ളതിന്റെ തെളിവാണ്.
പാർലമെന്റ് നിലനിർത്തിക്കൊണ്ട് തന്നെ പാർലമെന്റിനെ നിർവീര്യമാക്കി കഴിഞ്ഞു. നിയമങ്ങളൊന്നും വേണ്ടവിധം പാർലമെന്റ് ചർച്ച ചെയ്യുന്നില്ല. മാത്രമല്ല അവിടെ പാർലമെന്റ് ചുട്ടു കരിച്ചെങ്കിൽ ഇവിടെ പുതിയൊരു പാർലമെന്റ് സെൻട്രൽ വിസ്റ്റ പ്രൊജക്ടിലൂടെ പണിയുകയാണ്. അതുപൊലെ തന്നെ അവിടെ പാർലമെന്റ് വ്യവസ്ഥയെ തന്നെ വെല്ലുവിളിക്കുകയാണെങ്കിൽ ഇവിടെ അതിന്റെ കവാടത്തിൽ സാഷ്ടാംഗം പ്രണമിച്ചുകൊണ്ടാണ് മോദി കയറിയത്. മാധ്യമങ്ങളെ നിരോധിക്കുകയല്ല, പകരം മാധ്യമങ്ങളെ വിലക്കുവാങ്ങുകയും മാധ്യമങ്ങളിൽ നുഴഞ്ഞു കയറുകയും, അവയുടെ അജണ്ട തിരുത്തുകയുമാണ്.
അന്ന് ക്ലാസിക്കൽ ഫാസിസ്റ്റുകൾക്ക് ഉണ്ടായിരുന്നതിനേക്കാൾ ഇന്ത്യൻ ഫാസിസ്റ്റുകൾക്കുള്ള ശക്തി എന്താണെന്നാൽ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി ഇന്ത്യൻ ഫാസിസമാണ്. കേരളത്തിൽ 30 സീറ്റു കിട്ടിയാൽ തങ്ങൾ ഭരിക്കും എന്ന് പറയാനുള്ള കാരണം, ആ ഉറപ്പ്, ജനശക്തിയുടെ ഉറപ്പല്ല, സമ്പത് ശക്തിയുടെ ഉറപ്പാണ്. അതായത് മറ്റുള്ളവരെ എത്ര കോടി കൊടുത്തും വാങ്ങാൻ പണമുണ്ട് എന്നു തന്നെയാണ് ആ പ്രഖ്യാപനം. ക്ലാസിക്കൽ ഫാസിസത്തെ ആയുധക്കമ്പനികൾ സഹായിച്ചിട്ടുണ്ട്, കുത്തകകൾ അവർക്ക് ഒപ്പം നിന്നിട്ടുണ്ട്. പക്ഷെ ഇത്രയേറെ സമ്പത്ത് സ്വരൂപിക്കാൻ ക്ലാസിക്കൽ ഫാസിസത്തിന് അക്കാലത്ത് കഴിഞ്ഞിട്ടില്ല. അവരെയും വെല്ലുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയിലെ ഫാസിസ്റ്റുകൾ.
ഇറ്റലിയിൽ പാർലമെന്റ് അംഗമായിരുന്ന മാറ്റിയോട്ടിയെ അവർ അടിച്ചുകൊന്നു. ഇവിടെ അതിന്റെ ആവശ്യമില്ല, ഇവിടെ പണം കൊടുത്ത് വിലക്കു വാങ്ങാൻ പറ്റും. ക്ലാസിക്കൽ ഫാസിസത്തിന് സ്വപ്നം കാണാൻ കഴിയാത്ത തരത്തിലുള്ള പുതിയ പ്രവർത്തന പദ്ധതികളാണ് ഇന്ത്യയിൽ ബി.ജെ.പി. ഗവൺമെന്റ് നടപ്പിലാക്കുന്നത്. വിരമിച്ച ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്നു. വിരമിച്ച ജഡ്ജിമാരെയാണ് ഭീഷണിപ്പെടുത്തുന്നത് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വിരമിച്ചവർക്കുള്ള ഭീഷണിയല്ലത്, അതൊരു അജണ്ടയാണ്. ഇന്ത്യയിൽ ഇപ്പോൾ പരിമിതമായ തോതിൽ ജുഡീഷ്വറി പ്രവർത്തിക്കുന്നുണ്ട് പക്ഷെ പ്രവർത്തിപ്പിച്ചുകൊണ്ട് തന്നെ അതിനെ പരിമിതപ്പെടുത്തുന്ന രീതിയിലാണ് ഇവിടെ ഫാസിസം നടപ്പിലാക്കുന്നത്.
ഇതിനെല്ലാം വലിയ വെല്ലുവിളിയായ ഒരു സാന്നിധ്യം എന്ന നിലയക്ക് തന്നെയാണ് രാഹുൽ ഗാന്ധി പ്രസക്തമാകുന്നത്. രാഹുൽ ഗാന്ധി ഈ നവ ഫാസിസത്തിനെതിരെ ഇന്ത്യക്ക് അകത്തു മാത്രമല്ല, ഇന്ത്യക്കു പുറത്തും സമരമുഖം തീർക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കേംബ്രിഡ്ജ് പ്രഭാഷണം നടത്തുന്നത്. കേംബ്രിഡ്ജ് പ്രഭാഷണം ഒക്കെ ഇന്ത്യൻ ഫാസിസ്റ്റുകളെ വളരെ ചകിതരാക്കിയിട്ടുണ്ട്. ഇന്ത്യക്ക് അകത്തും പുറത്തും എവിടെയൊക്കെ മനുഷ്യരുണ്ടോ, അവിടെയൊക്കെ രാഹുൽ ഗാന്ധി നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് പാർലമെന്റിൽ നിന്നുള്ള പുറത്താക്കൽ. അതുപോലെ തന്നെ കശ്മീരിലൂടെ കടന്നു പോയപ്പോൾ അതിലൂടെ കടന്നു പോകാൻ കഴിയില്ല എന്ന പ്രചാരണം ആണ് നടത്തിയിരുന്നത് എന്നാൽ കശ്മീരിൽ രാഹുൽ ഗാന്ധിയുടെ കടന്നു വരവ് ഇന്ത്യൻ ഫാസിസ്റ്റുകളെ പരിഭ്രമിച്ചിട്ടുണ്ട്. അതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിക്ക് എതിരെയുള്ള ഈ നീക്കം. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്ക് അപ്പുറത്ത് അത്യന്ത ഗൗരവമായി ഇന്ത്യൻ ജനത നോക്കിക്കാണേണ്ടതാണ് ഈ വിഷയം.
വിമത ശബ്ദങ്ങളെ ഇല്ലാതാക്കുന്നതിനോടൊപ്പം തന്നെ പമ്പര വിഡ്ഢിത്തങ്ങളുടെ ഒരു പരമ്പര ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഉയർന്ന പദവിയിലുള്ള ജഡ്ജിമാർ പശുക്കളെ കുറിച്ച് പറയുന്നത്, സയൻസ് കോൺഗ്രസ് സംഘടിപ്പിച്ചിട്ട് നരേന്ദ്ര മോദിയൊക്കെ നടത്തിയിട്ടുള്ള പ്രസംഗങ്ങൾ. അതായത് സൂക്ഷ്മമായ രാഷ്ട്രീയ വിമർശനങ്ങൾ ഉയർത്തുന്നവരെ നിർവീര്യമാക്കാനുള്ള ശ്രമം ഒരു വശത്തു നടത്തുമ്പോൾ, ഔദ്യോഗികമായി വിഡ്ഢിത്തങ്ങൾക്ക് പ്രചാരം കൊടുക്കുന്ന പ്രവണത വർദ്ധിക്കുന്നുണ്ട്. ഇത് ഒരു സമാന്തര പ്രവർത്തിയാണ്. പാർലമെന്റിനെ നിലനിർത്തിക്കൊണ്ട് തന്നെ പാർലമെന്റിനെ പരിമിതപ്പെടുത്തുന്നതിന്റെ പല ഘട്ടങ്ങളുടെ തുടർച്ചയായി വേണം രാഹുൽ ഗാന്ധിക്ക് എതിരെയുള്ള അയോഗ്യതാനീക്കത്തെ കാണാൻ.
സംഘപരിവാറിനെ സംബന്ധിച്ചെടുത്തോളം അവർക്കു തന്നെ അറിയാവുന്ന ഒരു കാര്യം ഇന്ത്യൻ ജനതയിൽ ഭൂരിപക്ഷം ഇത്തരത്തിലുള്ള ഭീകരതകളോട് പൊരുത്തപ്പെടുന്നവരല്ല. രണ്ടു മൂന്ന് കാരണങ്ങളുണ്ട്, ഒന്ന് ദൈനംദിന ജീവിതത്തിന് വേണ്ടി പിടയുന്നവരാണ് ഇന്ത്യൻ ജനതയുടെ ഭൂരിപക്ഷവും. അന്നന്നത്തെ ജീവിതം തള്ളിനീക്കാൻ പിടയുന്ന ഒരു ജനതക്ക് സത്യത്തിൽ ഈ വർഗീയതയെ ഒരു ആഡംബരം ആയിട്ടു പോലും അംഗീകരിക്കാൻ കഴിയില്ല. എന്നാൽ അവരെ ഇതിലേക്ക് വഴിതിരിച്ചു വിടുകയാണ്. ജീവിത പ്രശ്നങ്ങളിൽ നിന്നും കൃത്രിമ പ്രശ്നങ്ങളിലേക്ക് വഴിതിരിച്ചു വിടാനുള്ള പരമാവധി ശ്രമമാണ് അവർ നടത്തുന്നത്.
മാലിന്യക്കൂമ്പാരങ്ങളിൽ നിന്നും ഭക്ഷണം കണ്ടെത്തുന്ന മനുഷ്യരുണ്ട്, അവരുടെ വിഷയം ഉയർത്താതെ കാളയുടെ ഇറച്ചി തിന്നാൻ പറ്റുമോ പശുവിന്റെ ഇറച്ചി തിന്നാൻ പറ്റുമോ തുടങ്ങിയ വ്യാജ ചോദ്യങ്ങളാണ് ഉയർത്തുന്നത്. അതേസമയം തന്നെ ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്നതും ബി.ജെ.പി. ഭരിക്കുന്ന ഉത്തർ പ്രദേശിൽ നിന്നുമാണ്. അതിലൂടെ കോടികൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ വൈരുധ്യങ്ങളിലൂടെയാണ് അവർ വളരുന്നത്. ഈ വൈരുധ്യങ്ങളിലേക്ക് എന്നെങ്കിലും കാലത്ത് ഇന്ത്യൻ ജനത കണ്ണു തുറന്നാൽ ഇവരുടെ നിലനിൽപ്പ് അവസാനിക്കും. അതുകൊണ്ട് ഈ വൈരുധ്യം ഇന്ത്യൻ ജനതയുടെ കണ്ണിൽ പെടാതിരിക്കാൻ അതിവൈകാരിക പ്രശ്നങ്ങൾ ഉണ്ടാക്കിയെടുക്കുകയാണ്. കൃത്രിമ വിപരീതങ്ങളുടെ ഒരുതരം വെള്ളപ്പൊക്കമാണ് ഉണ്ടായിരിക്കുന്നത്.
മിശ്രവിവാഹം, അനുരാഗ വിവാഹം, പ്രീതി വിവാഹം എന്നുള്ളവയെ ഒക്കെ ലൗ ജിഹാദാക്കി മാറ്റി. അതുപോലെ ഭാഷയിലെ സമന്വയത്തിന്റെ കൂടിച്ചേരലുകളുണ്ട്. മഹാത്മാ ഗാന്ധി പറഞ്ഞ ഹിന്ദുസ്ഥാനി, ആ ഹിന്ദുസ്ഥാനി പൊളിച്ചു. മാത്രമല്ല ഗോഡ്സെ ഗാന്ധിയെ കൊല്ലാൻ പറഞ്ഞ പല കാരണങ്ങളിലൊന്ന് മഹാത്മാ ഗാന്ധി ഹിന്ദുസ്ഥാനി എന്ന ജാര ഭാഷയ്ക്കു വേണ്ടി പ്രവർത്തിച്ചു എന്നാണ്. ഗസലുകളിൽ, ഹിന്ദി സിനിമാ ഗാനങ്ങളിൽ ഒക്കെ നിരവധി ഹിന്ദി വാക്കുകൾ വരും. ഉറുദു വാക്കുകളൊക്കെ കലർപ്പാണ്, അതൊക്കെ കുത്തി മാറ്റണം എന്നാണ് വിദ്യഭ്യാസ വിചക്ഷണൻ ആയിട്ടുള്ള ദീനാ നാഥ് ബത്ര ആവശ്യപ്പെടുന്നത്. ദോസ്ത് വരെ വെട്ടിമാറ്റണം എന്നാണ് ആവശ്യപ്പെട്ടത്. കാരണം അതിൽ ഉറുദു കലർപ്പുണ്ട്. ഗാന്ധിയുടെ ഹിന്ദുസ്ഥാനിയല്ല സംസ്കൃത വത്കരിക്കപ്പെട്ട ഹിന്ദിയാണ് അവർ മുന്നോട്ട് വെക്കുന്നത്. പ്രാദേശിക മൊഴിഭേദങ്ങളുള്ള നിരവധി ഹിന്ദികളുണ്ട്, അവയെ ഒന്നും ഉൾപ്പെടുത്തുന്നില്ല. എന്നാൽ ഹിന്ദി എന്നുള്ള വൈകാരികത ഉണ്ടാക്കുമ്പോൾ ആ വൈകാരികതയിലേക്ക് വഴുതിപോകുന്ന മനുഷ്യർക്ക് തങ്ങൾ ദൈനംദിനം സംസാരിക്കുന്ന ഹിന്ദി ഇതിൽ പെടുന്നില്ല എന്നു പോലും മനസ്സിലാവുന്നില്ല.
ജനാധിപത്യ മതനിരപേക്ഷ കാഴ്ച്ചപ്പാടുകളുമായി ബന്ധപ്പെട്ട വാക്കുകളെ ഇന്ത്യൻ ഫാസിസം പാർലമെന്റിൽ നിന്നും നിരോധിച്ചിട്ടുണ്ടല്ലോ. രണ്ടു നിലക്കാണ് നിരോധനം, ഒന്ന്, സംഘപരിവാറിന്റെ കൊള്ളരുതായ്മയെ പ്രശ്നവത്കരിക്കുന്ന വാക്കുകൾ. അഴിമതി തുടങ്ങിയ വാക്കുകൾ. രണ്ട് മതനിരപേക്ഷതയെ പുഷ്ടിപ്പെടുത്തുന്ന വാക്കുകൾ. മതനിരപേക്ഷത എന്ന വാക്ക് പ്രത്യക്ഷത്തിൽ നിരോധിച്ചിട്ടില്ല എങ്കിലും ആ വാക്കിന്റെ ഉള്ളടക്കം ചോർത്തുന്ന തരത്തിലുള്ള രീതിയിലാണ് ഈ സംഭവങ്ങളുണ്ടായത്.
പുസ്തകങ്ങളിൽ നിന്നും കൊത്തിക്കളയേണ്ട വാക്കുകൾ, തിരുത്തേണ്ട പാഠങ്ങൾ, ചരിത്രം തിരുത്തുവാൻ ഔദ്യോഗികമായ കമ്മിറ്റി 2018 മാർച്ചിൽ നിലവിൽ വന്നു. അനൌദ്യോഗികമായ തിരുത്തൽ നേരത്തേയുണ്ട്. ഇങ്ങനെ ഇന്ത്യൻ ജീവിതം അട്ടിമറിക്കപ്പെടുമ്പോൾ അത് തുറന്നു കാണിക്കുന്ന തരത്തിലുള്ള ആശയ പ്രചരണങ്ങളെ ഇന്ത്യൻ ഫാസിസ്റ്റുകൾ വല്ലാതെ ഭയപ്പെടുന്നുണ്ട്. അതിന്റെ പശ്ചാത്തലത്തിൽ തന്നെയാണ് ഈ ശ്രമം. അല്ലാതെ മോദി എന്നുള്ള ഒരു ജാതിയെ രാഹുൽ ഗാന്ധി ആക്ഷേപിച്ചു എന്നു പറഞ്ഞാൽ അസംബന്ധമാണ്. അങ്ങനെയൊരു ആക്ഷേപം നടത്തിയിട്ടില്ല. ഭാരത് ജോഡോ യാത്ര അവരെ പ്രകോപിപ്പിച്ചിട്ടുണ്ട്. കശ്മീരിൽ നടത്തിയ ഇടപെടൽ അവരെ വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്. അതുപോലെ വിദേശത്തു നടത്തിയിട്ടുള്ള ഇടപെടൽ.. ഇതെല്ലാം ഇന്ത്യൻ ഫാസിസ്റ്റുകളെ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്.