Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
മികച്ചൊരാശയം, സൂക്ഷ്മവും സംവേദനാത്മകവുമായ ആവിഷ്ക്കരണം. നെഹ്റുവിനും ശങ്കറിനും, അവരെയും രാഷ്ട്രത്തെയും നിർവചിച്ച അര്‍ദ്ധ-വിഗ്രഹഭജ്ഞക കാലത്തിനും അക്കാലത്തെ ലോകത്തിന്റെ പലഭാഗങ്ങൾക്കുമുള്ള ഉചിതമായ ഒരു സമർപ്പണം. ബെന്യാമിന്റെ സൂക്ഷ്മദൃഷ്ടിയും അയത്ന ലളിതമായ ശൈലിയിൽ കാലികതയുമായി ഇഴചേർക്കാനുള്ള മിടുക്കും ഈ ആഖ്യാനത്തെ ഏറെ ആസ്വാദകരമാക്കിയിരിക്കുന്നു. നെഹ്റുവിനെ അനുഗമിക്കുന്ന ചൂട്ടുപിടുത്തക്കാരുടെ ക്രമം ഏതാണ്ട് കൃത്യമായി മുൻകൂട്ടിക്കണ്ട, ദീർഘദൃഷ്ടിയുള്ള ആ കാർട്ടൂണിനെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. ബെന്യാമിന്റെ നോട്ടത്തെ പിടിച്ചുനിർത്തിയ ഓരോ കാർട്ടൂണും വിശദീകരിക്കപ്പെടുമ്പോൾ അവയ്ക്കെല്ലാം സമകാലികതയുമായി ശക്തമായ അനുരണനങ്ങൾ കാണാനാകുന്നു.
നെഹ്റുവിന്റെ ജന്മവാർഷികമായിരുന്നു ചടങ്ങ്. നെഹ്റുവിന്റെ സഹിഷ്ണുത തന്നെയായിരുന്നു ശ്രദ്ധാകേന്ദ്രം. ദയാരഹിതമായ ശങ്കറിന്റെ സ്ട്രോക്കുകളും സമകാലിക ഇന്ത്യയിൽ അവയുടെ സവിശേഷ പ്രസക്തിയും (റൈസീന കുന്നിന് ചുറ്റുമുള്ള കെട്ടിടങ്ങളിൽ മാത്രം വ്യവഹാരങ്ങൾ നടത്തിയിരുന്ന റിപ്പബ്ലിക്കിനെക്കുറിച്ചു മാത്രമല്ല, സ്വേച്ഛാധിപതികൾ നയിച്ചിരുന്ന ചെറിയ പ്രവിശ്യകളെ കുറിച്ചും) വിയോജിപ്പിന്റെ പ്രാധാന്യം (പരിഹാസത്തിന്റെ ആധാരശില) അടിവരയിടുന്നുണ്ട്. ശങ്കറിന്റെ അവസാന വർഷങ്ങളിൽ അദ്ദേഹം അനുഭവിച്ച ചില ദൗർബല്യങ്ങളിലേക്കും ഞാൻ ശ്രദ്ധ ക്ഷണിക്കട്ടെ, സംശയം, വിയോജിപ്പ്, സംവാദം എന്നിവയെ പരിപോഷിപ്പിക്കുന്നില്ലെങ്കിൽ സഹജീവനത്തിനായി നമുക്ക് കളങ്കമില്ലാത്ത വിശുദ്ധരോ തെറ്റുപറ്റാത്ത അമാനുഷികരോ ആയിത്തീരേണ്ടതില്ലെന്നും (ആയിത്തീരാനാവില്ലെന്നും) അപൂർണ്ണതകളെല്ലാം മാനുഷികമാണെന്നും നിർദ്ദേശിക്കുക മാത്രമാണ് എന്റെ ലക്ഷ്യം. കൂടാതെ പത്രപ്രവർത്തകരും അവരുടെ വിഷയങ്ങളും (അവർ കവർ ചെയ്യുന്ന വ്യക്തികൾ) തമ്മിലുള്ള ബന്ധം തന്ത്രപരവും പലപ്പോഴും വഞ്ചനാപരവുമായ ഒരു സ്ഥലിയാണ്. മുറിവുകൾ വരുത്താതെ കൈകാര്യം ചെയ്യാൻ കുറച്ചു പേർക്കേ പറ്റൂ. 2002 ൽ ‘രൂപ’ പ്രസിദ്ധീകരിച്ച ഒ.വി വിജയന്റെ പുസ്തകം ‘A Cartoonist Remembers’ൽ നിന്നും ഞാൻ ഉദ്ധരിക്കട്ടെ, ഇത് എല്ലാ ജേർണലിസം വിദ്യാർത്ഥികൾക്കും ശുപാർശ ചെയ്യണമെന്ന് ഞാൻ വിചാരിക്കുന്നു. 1960 കളുടെ തുടക്കത്തിൽ സ്വാതന്ത്ര്യത്തിന്റെ ഉന്മേഷം കഠിനമായ ചോദ്യങ്ങൾക്ക് വഴിയൊരുക്കിയപ്പോൾ (അങ്ങനെയായിരിക്കേണ്ടതു പോലെ) വിജയൻ എഴുതി; “ആചാര്യൻ (ശങ്കർ) മാറ്റത്തെക്കുറിച്ച് അറിയാതെ ഒരു സമയക്രമത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. രാഷ്ട്രീയ യാഥാർത്ഥ്യത്തെക്കുറിച്ച് എനിക്ക് മറ്റൊരു ധാരണയുണ്ടായിരുന്നു, അതുപോലെ അവളുടെ മഹത്തായ ഗാനത്തിൽ എനിക്കു കേൾക്കാൻ കഴിഞ്ഞു പരിഭ്രാന്തമായ അപസ്വരങ്ങൾ. ശങ്കർ അമ്പരന്നു. നിരാശയോടെ അദ്ദേഹം നെഹ്റുവിൽ അഭയം പ്രാപിച്ചു. നെഹ്റു തന്റെ ശുദ്ധമായ ജനാധിപത്യത്തിൽ അത്തരം ആത്മീയ പാലായനങ്ങൾ ചെയ്യുന്നവർക്ക് അഭയം നൽകിക്കൊണ്ടിരുന്നു എന്ന് ഇവിടെ പ്രതിപാദിക്കണം. എന്നാൽ പ്രധാനമന്ത്രി രാജഭരണത്തിന്റെ സൗമ്യപ്രഭയിൽ ഒരു നിസ്സഹായ നിഴലായി മാറുകയായിരുന്നു. രാജ്യം ജീർണ്ണിക്കുന്നിടത്തോളം ശങ്കർ തന്റെ വിശ്വാസം കാത്തുസൂക്ഷിച്ചു. എത്രത്തോളം അഴുകുന്നുവോ അത്രമേൽ സൗമ്യമായി മാറി പ്രതികരണങ്ങളും. അടിയന്തരാവസ്ഥ ശങ്കറിനെ ദേഷ്യം പിടിപ്പിച്ചില്ല, ദുഖിപ്പിച്ചു. ശരത്കാല ദുഖത്തിൽ ആ പ്രവർത്തി സാകൂതം വീക്ഷിക്കുന്നൊരു കാരണവരായി തീർന്നു. പ്രതാപകാലത്ത് രസകരമായിരുന്ന വീക്കിലി അങ്ങനെയല്ലാതായി. ശങ്കർ വീക്കിലി അടച്ചു.”
മുകളിൽ ഉദ്ധരിച്ചതൊന്നും ബെന്യാമിൻ എടുത്തുകാണിച്ചതിനെ എതിർക്കാനായുള്ളതല്ല. എന്നാൽ വിജയൻ കളത്തിനോരത്തു നിന്നുകണ്ട ഉൾക്കാഴ്ച്ചയോടെ അതിനെ പൂരകമാക്കുകയാണ് എന്റെ ലക്ഷ്യം. ശങ്കറിനെ കുറിച്ച് വിജയൻ എഴുതുന്നു, “തന്റെ മഹത്വത്തെ ലാഘവത്തോടെ ധരിച്ച ഈ മഹാനെക്കുറിച്ച് എനിക്ക് ധാരാളം സ്വകാര്യ സ്മരണകളുണ്ട്. അദ്ദേഹം എന്നെ കണ്ടെത്തി സംതൃപ്തമാർന്ന ഒരു കരിയറിൽ എത്തിച്ചു. (ശങ്കറിനെ നിരസിച്ചുകൊണ്ട് വിജയൻ സ്വന്തം ശൈലി വികസിപ്പിച്ചെടുത്തു) ആശ്ചര്യപൂർവ്വമായ താത്പര്യത്തോടെ അദ്ദേഹം വീക്ഷിച്ചു. എന്നാൽ പാരമ്പര്യവും തിരസ്ക്കരണവും വളർച്ചയുടെ വൈരുദ്ധ്യാത്മകതയിൽ അന്തർലീനമാണെന്ന് ഒരു ഗുരുവിനെ പോലെ തിരിച്ചറിഞ്ഞു. കൂട്ടിൽ നിന്ന് പറന്നുയരുന്നതു വരെ തടസ്സമേൽക്കാതെ വളരാൻ അനുവദിച്ചു, എന്റ വിധിയിലേക്കു പറന്നുയരാൻ പ്രാപ്തമാവോളം.”ശങ്കർ തന്റെ വിയോജിപ്പ് പ്രകടിപ്പിക്കുന്ന ശീലം ഉപേക്ഷിച്ചില്ലെങ്കിലും പൈതൃകത്തോട് അത്യന്തം സഹിഷ്ണുത പുലർത്തിയിരുന്നു, വിജയൻ അടിവരയിടുന്നു. “തന്റെ ശ്രദ്ധയാകർഷിക്കാത്ത കാർട്ടൂണുകളെ ഒരിക്കലും കൊന്നിട്ടില്ല”. വിജയൻ ഉപസംഹരിക്കുന്നു, “അന്വേഷണങ്ങളും അനുഭവങ്ങളും ഒഴുകിക്കൊണ്ടേയിരിക്കും എന്നാൽ ശങ്കറിനെ പോലെയുള്ള വലിയ മനുഷ്യർ ഒഴുക്കിനു മീതെ ഉയരും.”
അതെ, വലിയ മനുഷ്യർ എന്നേക്കുമായുള്ളതാണ്. നന്ദി ബെന്യാമിൻ, അവിസ്മരണീയമായ അധ്യായത്തിന്. ശങ്കറിനെ കുറിച്ച് വിജയൻ എഴുതിയത് പുനസന്ദർശനം നടത്താൻ എനിക്ക് അവസരം തന്ന കേരളീയത്തിനും. നമുക്കു നഷ്ടമായതും – നാം പാഴാക്കിയതും എന്തെന്നു നമ്മെ ബോധവാന്മാരാക്കുന്നുവെങ്കിലും, നന്ദി.
‘വിമർശനത്തിന്റെ സ്വാതന്ത്ര്യം’ വീഡിയോ കാണാം: