Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളിലൊന്നായിരുന്ന മതേതരത്വത്തിന്റെ ഉന്മൂലനപ്രക്രിയ വേഗത്തിലാക്കിയ ബാബറി ധ്വംസനം സംഭവിച്ച് മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം, 1991-ൽ പുറത്തിറങ്ങിയ രാം കേ നാം വീണ്ടും കാണുമ്പോൾ ഒരോ രംഗങ്ങൾക്കും സംഭാഷണങ്ങൾക്കും വിശാലമായ അർത്ഥതലങ്ങളും പ്രയോഗതലത്തിൽ സന്നിഹിതമായ ഉദാഹരണങ്ങളും തൽക്ഷണം ബന്ധപ്പെടുത്തിയെടുക്കാൻ സാധിക്കും. സമകാലിക ഇന്ത്യയിലെ രാഷ്ട്രീയ വ്യവഹാരങ്ങളെയും ആഖ്യാനങ്ങളെയും നിരന്തരം വക്രീകരിച്ചുകൊണ്ടിരിക്കുകയും ജനാധിപത്യ മൂല്യങ്ങളെ ഏകാധിപത്യ രാജസങ്കൽപ്പത്തിലധിഷ്ഠിതമായ ഹിന്ദുരാഷ്ട്ര ആഖ്യാനങ്ങൾക്കനുസൃതമായി മാറ്റിയെടുക്കുകയും ചെയ്യുന്ന ന്യൂനപക്ഷ അപരവത്കരണ പദ്ധതികളുടെയും അയോധ്യയിലെ രാമക്ഷേത്രം പോലെയുള്ള മതരാഷ്ട്രീയവത്കരണ പദ്ധതികളുടെയുമെല്ലാം രൂപീകരണത്തിന്റെയും പരിണാമത്തിന്റെയും കലർപ്പില്ലാത്ത ചിത്രീകരണമാണ് ആനന്ദ് പട്‌വര്‍ധന്റെ രാം കെ നാം. മികച്ച ഡോക്യുമെന്ററിക്കുള്ള ഫിലിം ഫെയർ പുരസ്കാരവും മികച്ച അന്വേഷണാത്മക ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്കാരവുമടക്കം നിരവധി പുരസ്കാരങ്ങൾ നേടുകയും അന്താരാഷ്ട്ര തലത്തിൽ ചർച്ചചെയ്യപ്പെടുകയും ചെയ്ത രാം കെ നാം ഇന്ത്യയിൽ വിവാദമാകുകയും, ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യാൻ ആനന്ദ് പട്‌വര്‍ധന് ദീർഘമായ നിയമപോരാട്ടം ആവശ്യമാവുകയും ചെയ്തിരുന്നു.
രാജ്യത്തെ മതസഹവർതിത്വത്തിന്റെയും മതേതരത്വത്തിന്റെയും അവശേഷിക്കുന്ന സാധ്യതകളെയും ഉന്മൂലനം ചെയ്യാൻ ശേഷിയുള്ള അയോധ്യയിലെ രാമക്ഷേത്രം കേന്ദ്രീകരിച്ച് നരേന്ദ്ര മോദിയും സംഘപരിവാറും ആവിഷ്കരിച്ചെടുക്കുന്ന വിശാലമായ ഹിന്ദുരാഷ്ട്ര പദ്ധതിയിലൂടെ സാമാന്യവത്കരിക്കപ്പെടുകയും നിസ്സാരവത്കരിക്കപ്പെടുകയും ചെയ്ത മതത്തിന്റെ രാഷ്ട്രീയവത്കരണവും ചരിത്രത്തിന്റെ വർഗീയവത്കരണവും ആൾകൂട്ട വർഗീയതയുടെ തന്ത്രപരമായ നിർമാണവുമെല്ലാം രാമക്ഷേത്ര നിർമാണത്തിനുവേണ്ടി 1991-ൽ കർസേവകരെ ഉന്മത്തരാക്കി ഗുജറാത്തിലെ സോമനാഥ് മുതൽ അയോധ്യ വരെ എൽ.കെ അദ്വാനി നടത്തിയ കുപ്രസിദ്ധമായ രഥയാത്രയുടെ പശ്ചാത്തലത്തിലൊരുക്കിയ രാം കെ നാം അടയാളപ്പെടുത്തുന്നുണ്ട്. വ്യക്തമായ അധികാരരാഷ്ട്രീയ താൽപര്യത്തോടെ രൂപം നൽകപ്പെട്ട ബ്രഹ്മാണ്ഡ വർഗീയ പദ്ധതിയിലെ മുഖ്യ കഥാപാത്രം മാത്രമായിരുന്നു വിശ്വഹിന്ദു പരിഷത്തും ബജ്റംഗദളും ബി.ജെ.പിയുമടങ്ങുന്ന സംഘപരിവാരത്തിന് രാമനെന്ന് കൃത്യമായി തെളിയിക്കുന്നതാണ് ഡോക്യുമെന്ററി.
എൽ.കെ അദ്വാനിയുടെ ചിത്രവും ആയിരം വർഷങ്ങൾക്ക് ശേഷം രാമൻ ഇതാ തിരിച്ചെത്തിയിരിക്കുന്നു എന്ന എഴുത്തുമുള്ള ഒരു ബാനർ കാണിച്ചുകൊണ്ടാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്. തങ്ങളുടെ നിക്ഷിപ്ത അധികാര-വർഗീയ താൽപര്യങ്ങളെ ദേശീയ തലത്തിൽ വൈകാരികമായി സ്വാധീനം ചെലുത്താൻ ശേഷിയുള്ള ഒന്നായി പരിവർത്തനം ചെയ്യാൻ രാമൻ എന്ന ഇതിഹാസത്തെ അപഹരിച്ചെടുക്കൽ അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവിലാണ് എൽ.കെ അദ്വാനി രഥവുമായി പുറപ്പെടുന്നത്. രഥയാത്ര ആരംഭിക്കുന്നതിന് മുമ്പ് തന്നെ രാമനെ വിശ്വാസിഹൃദയങ്ങളിൽ പ്രതിഷ്ഠിക്കാൻ 1980-കളിലെ ബി.ആർ ചോപ്രയുടെ ദൂരദർശൻ ചാനലിൽ സംപ്രേക്ഷണം ചെയ്യപ്പെട്ടിരുന്ന രാമായണ സീരിയലിന് സാധിച്ചിരുന്നു. ദൃശ്യമാധ്യമം വഴി തന്നെയാണ് അയോധ്യ മൂവ്മെന്റും വളരുന്നത്. 1949 -ൽ ഒരു സന്യാസിയുടെ സ്വപ്നത്തിലൂടെ ദൈവിക പുത്രനായി (രാം ലല്ല) അവതരിച്ചുകൊണ്ട് രാമൻ ബാബരി മസ്ജിദിൽ ഇറങ്ങിവരുന്ന രംഗമടങ്ങുന്ന ചിത്രീകരണം രാമായണ സീരിയൽ മാതൃകയിൽ വിശ്വാസി ഹൃദയങ്ങളിൽ മസ്ജിദ് ധ്വംസനത്തിനും തൽസ്ഥലത്ത് രാമക്ഷേത്ര നിർമാണത്തിനും സാധൂകരണം നേടിയെടുക്കുന്നതിനുള്ള മാനസിക പിൻബലം നിർമിച്ചെടുക്കുകയായിരുന്നു. ടി.വിക്ക് മുന്നിലിരുന്നുകൊണ്ട് ചിത്രം കണ്ട് വൈകാരികമായി മുഖം ചലിപ്പിക്കുന്ന ചെറുപ്പക്കാരെ ഡോക്യുമെന്റെറിയിൽ ചിത്രീകരിച്ചിട്ടുണ്ട്.
1949 ഡിസംബർ 22 ന് ബാബറി മസ്ജിദിൽ ഫൈസാബാദ് കളക്ടറായിരുന്ന മലയാളിയായ കെ.കെ നായരുടെ ആശീർവാദത്തോടെ വിഗ്രഹം സ്ഥാപിക്കപ്പെട്ടതു മുതൽ തന്നെ രാമനെ ഹിന്ദുത്വദേശീയതക്ക് അനുഗുണമായി മുതലെടുക്കുന്നതിനുള്ള കളമൊരുങ്ങിയിരുന്നു. 1984-ൽ വിശ്വഹിന്ദു പരിഷത്തിന് കീഴിൽ നടന്ന ധർമ സൻസദിൽ മതധ്രുവീകരണം സൃഷ്ടിച്ച് ഹിന്ദുവികാരം ഇളക്കിമറിക്കാൻ സാധിക്കുന്ന 3000 ത്തോളം ഹിന്ദു-മുസ്ലിം തർക്കപ്രദേശങ്ങളെ അടയാളപ്പെടുത്തുകയും ലിസ്റ്റിൽ അയോധ്യക്കും മധുരക്കും കാശിക്കും പ്രഥമ പരിഗണന നൽകുകയുമായിരുന്നു. 83 ശതമാനം വരുന്ന ഹിന്ദു ജനസംഖ്യയെ വൈകാരിക ആഖ്യാനങ്ങളിലൂടെയും അപരവിദ്വേഷ നിർമാണത്തിലൂടെയും എങ്ങനെ ചേർത്തുനിർത്താമെന്നും അതുവഴി തങ്ങളുടെ ഹിന്ദുരാഷ്ട്ര സങ്കൽപ്പം എങ്ങനെ യാഥാർത്ഥ്യത്തിൽ കൊണ്ടുവരാമെന്നുമാണ് സംഘപരിവാർ കണക്കുക്കൂട്ടിയിരുന്നത്. കാൾ ഷ്മിറ്റ് വ്യക്തമാക്കുന്നത് പോലെ രാഷ്ട്രീയമെന്നത് അടിസ്ഥാനപരമായി ഹിംസാത്മകമാണ്. ശത്രു, മിത്രം ദ്വന്ദ്വങ്ങളിലൂടെയാണ് അത് വളരുന്നത്. ഹിന്ദുത്വ വംശീയ ആഖ്യാനങ്ങളിലൂടെയാണ് സംഘപരിവാർ അപരനെ നിർമിക്കുന്നത്. ഇത്തരത്തിൽ വർഗീയ വിളവെടുപ്പിന് പാകപ്പെടുത്തിയ ഇരുണ്ട പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് അദ്വാനിയുടെ രഥയാത്രയുടെ വരവും ഹിന്ദുത്വ ദേശീയതയുടെ ഭാവമാറ്റങ്ങളെ ഒപ്പിയെടുക്കുന്ന ആനന്ദ് പട്‌വര്‍ധന്റെ ചിത്രീകരണവും.
സാമൂഹിക ഘടനയുടെ താഴേക്കിടയിൽ കണക്കാക്കപ്പെടുന്ന താഴ്ന്ന ജാതിവിഭാഗങ്ങളിൽപ്പെട്ട മനുഷ്യരും വർഗീയ ആഖ്യാനങ്ങൾക്കും മതവൈകാരികതക്കും അതിവേഗത്തിൽ അടിമപ്പെട്ട മധ്യവർഗ-ഉയർന്ന ജാതി വിഭാഗങ്ങളിൽ പെട്ടവരും പള്ളി പൊളിക്കലിന് തടസ്സം നിൽക്കുന്നവരെ നേരിടാൻ സായുധരായി ഇറങ്ങിയ പ്രാദേശിക ഹിന്ദുത്വസേനകളും മത സഹവർതിത്ത്വത്തിന്റെ ഓർമകൾ അയവിറക്കുന്ന പ്രദേശവാസികളായ ഹിന്ദുപൂജാരികളും മുസ്ലീം വിശ്വാസികളുമെല്ലാം പട്‌വര്‍ധന്റെ ഫ്രെയിമിൽ വരുന്നുണ്ട്. ഹിന്ദുത്വ രാഷ്ട്രീയം കെട്ടിപ്പടുത്ത വ്യാജ മതകീയ സങ്കൽപ്പവും ഹിംസാത്മകതയും സാഹോദര്യവും സ്നേഹവുമടക്കമുള്ള അടിസ്ഥാന മതമൂല്യങ്ങളുടെ അസാന്നിധ്യവും വിശ്വാസികളും ഭക്തരും ചോദ്യം ചെയ്യുന്നുണ്ട്.
ഡോക്യുമെന്ററിയിൽ ചിത്രീകരിക്കപ്പെട്ടവരിൽ വർഗീയമനോഭാവവും യുക്തിരാഹിത്യവും ഏറ്റവും പ്രകടമാകുന്നത് വിദ്യാസമ്പന്നരിലാണെന്നതാണ് ഒരു വൈരുദ്ധ്യം. പാവപ്പെട്ടവരും കർഷകരും പ്രദേശവാസികളുമായ സാധാരണ ജനങ്ങളാണ് പരസ്പര സാഹോദര്യത്തിനും സ്നേഹത്തിനും വേണ്ടി വാദിക്കുന്നതും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രൊപഗണ്ടയെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിച്ചവരും. ഫ്രോയിഡ് വാദിക്കുന്നത് പോലെ മനുഷ്യൻ ആന്തരികമായി വെച്ചുപുലർത്തുന്ന മൃഗീയതയെ ചൂഷണം ചെയ്ത് തങ്ങൾക്കനുകൂലമാക്കി മാറ്റി ഒരു യുക്തിരാഹിത്യ ആൾകൂട്ടത്തെ രൂപപ്പെടുത്തി എടുക്കാൻ പ്രത്യയശാസ്ത്രങ്ങൾക്ക് എളുപ്പത്തിൽ സാധിക്കും. നാസിസവും ഫാസിസവും ഹിന്ദുത്വയുമടക്കമുള്ള ഹിംസാത്മക പ്രത്യയശാസ്ത്രങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതും ഇതുതന്നെയാണ്. അതിന്റെ നേർസാക്ഷ്യമാണ് ഡോക്യൂമെന്ററിയിലെ ഓരോ രംഗങ്ങളും. വി.പി സിങ് സർക്കാറിന് കീഴിൽ നടപ്പിലാക്കപ്പെട്ട മണ്ഡൽ കമ്മീഷനോടുള്ള മേൽ ജാതിക്കാരുടെ രോഷവും അമർഷവും സംഘപരിവാർ രാമക്ഷേത്ര നരേറ്റീവിനനകൂലമാക്കി വഴിതിരിച്ചുവിട്ടതും സാമ്പത്തികപരമായി ഉന്നതിയിൽ നിൽക്കുന്ന മധ്യവർഗത്തെയും കാനഡയും അമേരിക്കയുമടക്കമുള്ള പാശ്ചാത്യരാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിശ്വഹിന്ദു പരിഷത്തിന്റെ പ്രവാസികൂട്ടായ്മകളെ കേന്ദ്രീകരിച്ച് നടത്തിയ പ്രചാരണവുമായിരുന്നു അക്കാലയളവിൽ രാമജന്മഭൂമി മൂവ്മെന്റിന്റെ ഊർജ്ജം. ജനാധിപത്യ ബോധവും മനുഷ്യത്വവും ഉണ്ടാകാനുള്ള മാനദണ്ഡമായി വിദ്യാഭ്യാസത്തെ പരിഗണിക്കാൻ സാധിക്കില്ല എന്ന വസ്തുത കൂടി ഡോക്യുമെന്ററി തെളിയിക്കുന്നുണ്ട്. എന്നാൽ, സമകാലിക രാഷ്ട്രീയസാമൂഹിക സാഹചര്യത്തിൽ വിദ്യാസമ്പന്നർക്കു പുറമേ, ദലിതരും ആദിവാസികളും ഗോത്രവിഭാഗങ്ങളുമടക്കമുള്ള പിന്നോക്കവിഭാഗങ്ങളെയും സസൂക്ഷ്മം ആവിഷ്കരിക്കപ്പെട്ട വിശാലമായ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ക്യാൻവാസിൽ കൊണ്ടെത്തിക്കുന്നതിൽ സംഘപരിവാർ വിജയിച്ചിട്ടുണ്ട്.
പള്ളി പൊളിച്ച് രാമക്ഷേത്രം പണിയുന്നതിനുള്ള പ്രാദേശികവും താഴെ കിടയിലുമുള്ളതായ തയ്യാറെടുപ്പുകളെയും ആഖ്യാന പരിണാമത്തെയും ചിത്രീകരിക്കുന്ന രംഗങ്ങൾ രാമജന്മഭൂമിക്കായുള്ള വാദങ്ങളെല്ലാം തന്നെ ചരിത്ര പിൻബലമില്ലാത്തതും പൊള്ളയായതുമാണെന്ന് വ്യക്തമാക്കിത്തരുന്നുണ്ട്. രാമൻ ഏത് നൂറ്റാണ്ടിലാണ് ജനിച്ചതെന്ന ചോദ്യത്തിന് നിയമവിദ്യാർത്ഥിയടക്കമുള്ള ബജ്റംഗദൾ സേനയിലെ ഒരാൾക്കുപോലും മറുപടിയില്ല. ചോദ്യത്തിന് മറുപടിയായി രഥയാത്രയിൽ വാഹനത്തിലിരിക്കുന്ന ഒരു പൂജാരി പറഞ്ഞത് രാമൻ ആയിരക്കണക്കിന്, അല്ലെങ്കിൽ ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പാണ് ജനിച്ചതെന്നും ആധുനിക ചരിത്രത്തിന് അത് കണ്ടെത്താൻ സാധിക്കില്ലെന്നുമാണ്.
ഡോക്യുമെന്റെറിയിലെ ഒരു രംഗത്തിൽ തങ്ങൾ ഏത് പാർട്ടിയിലുള്ളവരാണെന്ന ആനന്ദ് പട്‌വര്‍ധന്റെ ചോദ്യത്തിന് പള്ളി പൊളിക്കാൻ മുദ്രവാക്യവും വിളിച്ച് മുൻനിരയിൽ നിൽക്കുന്നയാൾ മറുപടി പറയുന്നത് താൻ കോൺഗ്രസ് ഐ യുടെ പ്രവർത്തകനാണെന്നും എന്നാൽ മതത്തിന്റെ വിഷയം വരുമ്പോൾ ഹിന്ദുക്കൾ ഒരുമിക്കണമെന്നുമാണ്. വർഗീയവത്കരിക്കപ്പെട്ട കാലിക രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളികളിലൊന്നാണിത്. രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ വർഷത്തിൽ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തൊഴിലില്ലായ്മയും പണപ്പെരുപ്പവുമടക്കമുള്ള ജനജീവിതം താറുമാറാക്കുന്ന അടിസ്ഥാന വിഷയങ്ങളിൽ നിന്ന് മാറി ബി.ജെ.പി സൃഷ്ടിക്കുന്ന വർഗീയ ആഖ്യാനങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രചാരണമാണ് നടക്കുന്നതെങ്കിൽ കാര്യങ്ങൾ അപകടകരമാണെന്ന് നിസ്സംശയം പറയാൻ സാധിക്കും.
അയോധ്യയിലെ പ്രദേശവാസികളായ ഹിന്ദുക്കളും മുസ്ലീങ്ങളുമായ ജനവിഭാഗങ്ങളും ഡോക്യുമെന്ററിയിൽ കാണിക്കുന്ന പ്രദേശത്തെ പൂജാരിയും ഇമാമുമെല്ലാം 1949 ഡിസംബർ 22 ന് മുമ്പുള്ള അയോധ്യയെ സമാധാനപൂർണവും എങ്ങും ദൈവസാന്നിധ്യവുമുള്ള ദൈവത്തിന്റെ നഗരമായിട്ടാണ് ഓർത്തെടുക്കുന്നത്. പള്ളിപൊളിക്കലിന് വേണ്ടിയുള്ള മുറവിളികൾക്കിടയിലും പ്രദേശവാസികൾ കാത്തുസൂക്ഷിക്കുന്ന സാഹോദര്യവും സ്നേഹവും അഭിപ്രായങ്ങളിൽ പ്രകടമാണ്. രാമജന്മഭൂമി വാദത്തിനു മുമ്പ് അയോധ്യയിലെ നൂറുകണക്കിന് ക്ഷേത്രങ്ങളിലോരോന്നും രാമന്റെ ജന്മസ്ഥലമായിരുന്നുവെന്നും എല്ലായിടങ്ങളിലുമുണ്ടായിരുന്ന ദൈവസാന്നിധ്യമാണ് തകർക്കപ്പെട്ടെതെന്നും മുപ്പത്തഞ്ച് വർഷമായി അയോധ്യയിൽ ജീവിക്കുന്ന ഒരു ക്ഷേത്രത്തിന്റെ പൂജാരി പറയുന്നുണ്ട്.
വിഗ്രഹ പ്രതിഷ്ഠക്ക് ശേഷം ബാബറി മസ്ജിദിൽ കോടതി നേരിട്ട് നിയമിച്ച ലാൽദാസ് എന്ന പൂജാരി സധൈര്യത്തോടെ ഉന്നയിച്ച ശക്തമായ അഭിപ്രായങ്ങളാണ് യഥാർത്ഥത്തിൽ രാം കേ നാമിന്റെ മർമ്മം. വിശ്വഹിന്ദു പരിഷത്തിന്റെ രാമക്ഷേത്ര നിർമാണാഖ്യാനങ്ങൾക്ക് പിന്നിൽ മതകീയ താൽപര്യങ്ങളല്ല മറിച്ച് രാഷ്ട്രീയവും സാമ്പത്തികവുമായ താൽപര്യങ്ങളാണെന്ന് തുറന്നടിക്കുന്ന ലാൽദാസ് എന്ന പൂജാരി വിശ്വഹിന്ദു പരിഷത്തിന്റെ നേതാക്കൾ ഒരു തവണ പോലും ആരാധനക്ക് വേണ്ടി ക്ഷേത്രം സന്ദർശിച്ചിട്ടില്ലെന്നത് കൂടി തുറന്നടിക്കുന്നുണ്ട്. മതത്തെ ഉപയോഗിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള സംഘപരിവാർ പദ്ധതിയെ കൃത്യമായി അടിവരയിടുന്ന വാക്കുകളായിരുന്നു ലാൽദാസിന്റേത്. വിമോചന ദൈവശാസ്ത്രത്തിന്റെ ഭാഷയിൽ മനുഷ്യത്വ സംരക്ഷണത്തിന്റെ അനിവാര്യതയും ആവശ്യകതയും സരളമായി തന്നെ ലാൽദാസ് പറഞ്ഞുവെച്ചു. എന്നാൽ, തന്റെ അഭിപ്രായപ്രകടനങ്ങൾക്ക് ലാൽദാസിന് നൽകേണ്ടി വന്നത് തന്റെ ജീവനാണ്. ഡോക്യമെന്ററി പുറത്തിറങ്ങി രണ്ട് വർഷത്തിനുള്ളിൽ തന്നെ ലാൽദാസ് കൊല്ലപ്പെടുകയായിരുന്നു. രാമക്ഷേത്രത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നതിനെതിരെ രംഗത്തുവന്നുകൊണ്ടിരിക്കുന്ന പൂരി ശങ്കരാചാര്യരെ പോലുള്ള ചുരുക്കം ചില സന്യാസിമാർ മോദി യുഗത്തിലും പ്രതികരിക്കുന്നുണ്ട്.
കാശി മധുര ബാക്കി ഹേ
അയോധ്യ തോ ബസ് ജാങ്കി ഹേ, കാശി മധുര ബാക്കി ഹേ. ഡോക്യുമെന്ററി രംഗങ്ങളിലുടനീളം മുഴങ്ങിക്കേൾക്കുന്ന മുദ്രവാക്യമാണിത്. അയോധ്യ ആദ്യ പടിയാണെന്നും കാശിയും മധുരയും ബാക്കിയുണ്ടെന്നുമാണ് മുദ്രവാക്യം വ്യക്തമാക്കുന്നത്. ഹിന്ദുരാഷ്ട്ര നിർമാണത്തിനുള്ള സാമൂഹികവും രാഷ്ട്രീയവും നിയമപരവുമായ തടസ്സങ്ങളെല്ലാം ഒന്നൊന്നായി നീങ്ങികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പള്ളി പൊളിച്ച് ക്ഷേത്രം പണിയുന്നത് അയോധ്യയിൽ മാത്രം ഒതുങ്ങില്ലെന്ന ദുസ്സൂചനയാണ് നിരന്തരം മുഴങ്ങിക്കേൾക്കുന്ന ഈ മുദ്രാവാക്യം. വരാണസിയിലെ (കാശി) ജ്ഞാൻവ്യാപി മസ്ജിദ് നിലവിൽ തർക്കഭൂമിയായി മാറിയിരിക്കുകയാണ്. പള്ളിയിൽ നമസ്കരിക്കാൻ വരുന്നവർ അംഗശുദ്ധി വരുത്തുന്ന ജലാശയത്തിലെ ഫൗണ്ടേൻ ശിവലിംഗമാണെന്ന് വാദിച്ചുകൊണ്ട് ഒരു കൂട്ടം ഹിന്ദുത്വ പ്രവർത്തകർ രംഗത്തുവരികയായിരുന്നു. തുടർന്ന് ആരാധന ദിവസങ്ങളോളം തടസ്സപ്പെടുകയും വിഷയം കോടതിയിലെത്തുകയും കോടതി സർവേക്ക് ഉത്തരവിടുകയുമായിരുന്നു. ബാബറി ഒഴികെയുള്ള രാജ്യത്തെ എല്ലാ ആരാധാനാലയങ്ങളുടെയും സ്വാതന്ത്ര്യ സമയത്ത് ഉള്ള തൽസ്ഥിതിയിൽ തുടരണമെന്ന് അനുശാസിക്കുന്ന 1991-ലെ ആരാധാനാലയ നിയമമാണ് കോടതിയുടെ മേൽനോട്ടത്തിൽ തന്നെ ലംഘിക്കപ്പെട്ടത്. മധുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിലും നിലവിൽ സർവേ നടന്നുകൊണ്ടിരിക്കുകയാണ്. കൃഷ്ണജന്മഭൂമി ക്ഷേത്രത്തിനു സമീപമുള്ള ഈ പള്ളി ക്ഷേത്രത്തിന്റെ ഭാഗമായിരുന്നുവെന്നും കൃഷ്ണന്റെ ജന്മസ്ഥലത്താണ് പള്ളി നിലനിൽക്കുന്നതെന്നുമാണ് സംഘപരിവാർ വാദം. ഇത്തരത്തിൽ അയോധ്യക്ക് ശേഷം കാശിയും മധുരയും മാത്രമല്ല, മറിച്ച് രാജ്യത്തെ വിവിധയിടങ്ങളിലേക്ക് പൊളിക്കൽ-നിർമ്മാണ പരമ്പരയും വർഗീയ കലാപങ്ങളും വ്യാപിക്കാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.
ആശയപരമായ ചെറുത്തുനിൽപ്പും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഒളിയജണ്ടകളെ കൃത്യമായി മനസ്സിലാക്കി പ്രതിരോധിക്കലുമാണ് പരിഹാരം. ആനന്ദ് പട്‌വര്‍ധന്റെ രാം കേ നാം കാലക്രമേണ പ്രസക്തിയാർജിക്കുന്നതും ഈ പ്രൊപഗണ്ടയെ തുറന്നുകാട്ടുന്നതിനാലാണ്. പൂജാരി ലാൽദാസ് രാമായണത്തിലെ ഒരു ശ്ലോകം ഉദ്ധരിച്ച് വ്യകതമാക്കുന്നത് പോലെ “മഴക്കാലം ശക്തിപ്പെടുമ്പോൾ പുല്ലുകൾ വാനം മുട്ടെ തഴച്ചുവളർന്ന് യഥാർത്ഥ വഴിയെ മറച്ചുക്കളയും പോലെ, കപടന്മാർ സംസാരിക്കാൻ തുടങ്ങുമ്പോൾ സത്യവും മറക്കപ്പെടും. പക്ഷേ മഴക്കാലവും അവസാനിക്കാനുള്ളതാണ്. ഈ കാലവും അവസാനിക്കും, മനുഷ്യർ യുക്തികൊണ്ട് ചിന്തിക്കാനുള്ള ശേഷി വീണ്ടെടുക്കുകയും ചെയ്യും.”