

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


നാടോടികളുടെ ഗോത്രമാണ് ബഞ്ചാര. വന-ചാര അഥവാ വനത്തിലൂടെ അലയുന്നവർ. ബഞ്ചാര ഭാഷയായ ഗോർ ബോലിയിൽ ‘ബാൽഡെർ ബൻഡി’ എന്ന് വിളിക്കുന്ന കാളവണ്ടികളിലായിരുന്നു നൂറ്റാണ്ടുകളായി ബഞ്ചാരക്കാരുടെ ജീവിതയാത്ര. ചരിത്രപരമായി രാജസ്ഥാനികളായ ബഞ്ചാരകൾ ഇടയന്മാരും നാടോടികളായ കച്ചവടക്കാരുമായിരുന്നു. ഇന്ത്യയുടെ ജിപ്സികൾ എന്ന് അറിയപ്പെടുന്ന ബഞ്ചാരക്കാർ നാടോടി ജീവിതം പൂർണ്ണമായും ഉപേക്ഷിച്ച് തണ്ടകളിൽ ജീവിച്ച് തുടങ്ങിയിട്ട് ഏതാണ്ട് അരനൂറ്റാണ്ടിലേറെയായി. നാടോടിത്തത്തിൽ നിന്നും കുടിയേറ്റത്തിലേക്കുള്ള പരിണാമത്തിനിടെ ബഞ്ചാരക്കാർ ഇന്നും കടന്നുപോകുന്നത് കഠിന പാതകളിലൂടെയാണ്. ബഞ്ചാരക്കാരുടെ ഭാഷയായ ഘോർ ബോലിയ്ക്ക് ലിപിയില്ല. എന്നാൽ തെലുങ്കു ലിപി ഉപയോഗിച്ച് ഗോർ ബോലിയിൽ എഴുതുന്ന ഒരു യുവസാഹിത്യകാരനുണ്ട്. കവിയും കഥാകൃത്തുമായ രമേഷ് കാർത്തിക്ക് നായക്. ബഞ്ചാര ജീവിതത്തിൽ നിന്നുള്ള കാർത്തിക്കിന്റെ കഥകളുടെ സമാഹാരമായ ധാവ്ലോയ്ക്കാണ് 2024 ലെ കേന്ദ്രസാഹിത്യ അക്കാഥമിയുടെ യുവപുരസ്ക്കാർ ലഭിച്ചത്. ബഞ്ചാര സമൂഹത്തിൽ നിന്നും ആദ്യമായി ഇംഗ്ലീഷിൽ ഒരു കവിതാസമാഹാരം പ്രസിദ്ധീകരിക്കുന്നതും രമേഷ് കാർത്തിക്ക് നായകാണ്. 2018 ൽ പ്രസിദ്ധീകരിച്ച ‘ബാൽഡെർ ബാൻഡി’ എന്ന ആദ്യ കവിതാസമാഹാരത്തിലൂടെ തന്നെ കാർത്തിക്ക് തെലുങ്കു സാഹിത്യത്തിൽ അടയാളപ്പെടുത്തപ്പെട്ടു. ആറ് വർഷങ്ങൾക്കിപ്പുറം തെലുങ്കു സാഹിത്യത്തിന്റെ യുവമുഖമായി മാറിക്കഴിഞ്ഞ രമേഷ് കാർത്തിക്ക് നായക് ഒരു ബഞ്ചാരക്കാരന്റെ സമകാലിക ജീവിതവും, സാഹിത്യസങ്കൽപ്പങ്ങളും പങ്കുവെക്കുന്നു.
ഗോത്ര സമൂഹത്തിൽ പിറന്ന് പിന്നീട് നഗരത്തിൽ വളർന്നതിനാൽ ഒരു ഹൈബ്രിഡ് ഗോർ എന്നാണല്ലോ കാർത്തിക്ക് സ്വയം വിശേഷിപ്പിക്കുന്നത്, എന്നാൽ കാർത്തിക്ക് എഴുതുമ്പോൾ ഈ വേർതിരിവ് മാഞ്ഞുപോകുന്നില്ലേ?
നാടോടികളായ ഞങ്ങളുടെ ഗോത്രസമൂഹം ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് കുടിയേറുക പതിവായിരുന്നു, എന്നാൽ 1970 ന് ശേഷം അവർ സ്ഥിരതാമസക്കാരായി തുടങ്ങി. ഞാൻ ജനിച്ചത് 1997 ലാണ്. അതുകൊണ്ട് എൻ്റെ മാതാപിതാക്കൾ എന്നെ ഒരു പ്രൈവറ്റ് സ്കൂളിൽ ചേർത്തു. അന്നുമുതൽ ഞങ്ങളുടെ തണ്ടയിൽ നിന്നും വളരെ അകലെയാണ് ഞാൻ. ഞങ്ങളുടെ ഗ്രാമത്തിന് പുറത്താണ് വളർന്നതെങ്കിലും എന്റെ ചിന്തകൾ എല്ലായ്പ്പോഴും എൻ്റെ ആളുകളെക്കുറിച്ചായിരുന്നു. ഞങ്ങളുടെ നാട്ടുത്സവങ്ങളും വളർത്തുമൃഗങ്ങളായ കോഴികളും ആടുകളും പശുക്കളുമെല്ലാം എന്റെയുള്ളിൽ മേഞ്ഞുനടന്നു. എന്നാൽ ഇതേവരെ ഞാൻ എഴുതിയിട്ടുള്ള കവിതകൾക്കും കഥകൾക്കുമൊന്നും ബഞ്ചാര സമൂഹത്തെ പൂർണ്ണമായും ആവിഷ്ക്കരിക്കാൻ കഴിഞ്ഞിട്ടില്ല. ഈ സമൂഹത്തെ കുറിച്ച് വളരെ കുറച്ച് കാര്യങ്ങൾ സൂചിപ്പിക്കുവാൻ മാത്രമെ എനിക്ക് കഴിഞ്ഞിട്ടുള്ളു. ഏറെ വാമൊഴി പാരമ്പര്യങ്ങളുള്ള, ഏറെ സാംസ്കാരിക പാരമ്പര്യങ്ങളുള്ള ഒരു സമൂഹമാണ് ബഞ്ചാര. സത്യത്തിൽ എനിക്കിനിയും ഒരുപാട് എഴുതാനുണ്ട്. ‘സംഘർഷന’ എന്നാണ് അഭിലാഷം എന്നതിന് ഞങ്ങൾ പറയുക. ബഞ്ചാരയുടെ ജീവിതം മുഴുവൻ ആവിഷ്ക്കരിക്കാനുള്ള തീവ്രാഭിലാഷം എനിക്കുണ്ട്. എൻ്റെ ഭാഷയോടും എൻ്റെ സംസ്‌കാരത്തോടും എൻ്റെ ജനതയോടും എനിക്ക് അത്രമേൽ അതികാംക്ഷയുണ്ട്. അതിനാലാവാം എന്റെ കവിതകളിലും കഥകളിലും ബഞ്ചാര ജീവിതം മാത്രം കാണപ്പെടുന്നത്.


ബഞ്ചാരയിലും, തെലുങ്കുവിലും, ഇംഗ്ലീഷിലും ഉൾപ്പെടെ വിവിധ ഭാഷകളിൽ ഒരു നാടോടിയെ പോലെ കാർത്തിക്ക് വസിക്കുന്നു. തെലുങ്കുവിലാണ് കാർത്തിക്ക് എഴുതി തുടങ്ങിയത് അല്ലെ? എന്നാൽ ഒരു തെലുങ്കുവല്ല, ബഞ്ചാരയാണെന്ന തിരിച്ചറിവാണ് കാർത്തിക്കിന്റെ എഴുത്തിന് ദിശാബോധം നൽകിയത്. ആ ഒരു തിരിച്ചറിവിലെത്തിയത് എങ്ങനെയായിരുന്നു? എങ്ങനെയാണ് ആ പരിണാമത്തിലൂടെ കടന്നുപോയത്?
2014 ൽ ഞാൻ പ്രസിദ്ധീകരിക്കാൻ ആഗ്രഹിച്ച എൻ്റെ ആദ്യ കവിതാ സമാഹാരത്തിന്റെ കൈയ്യെഴുത്തു പ്രതി ആകസ്മികമായി നഷ്ടപ്പെട്ടു. അക്കാലത്ത് എഴുതിക്കൊണ്ടിരുന്ന സാധാരണ കവിതകളായിരുന്നു അവയെല്ലാം. ഒരു കവിതയിലും ബഞ്ചാര സമൂഹത്തെ കുറിച്ച് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതിനാൽ കാലം ആ സമാഹാരം മനപ്പൂർവ്വം മായ്ച്ചു കളഞ്ഞതാണെന്ന് ഞാൻ കരുതുന്നു. എന്നിട്ട് സ്വയം എഴുതാനായി കാലം തീരുമാനിച്ചിരിക്കാം. ആ കവിതകൾ നഷ്ട്ടപ്പെട്ടതോടെ പിന്നീട് ഞാൻ വീണ്ടും എഴുതാൻ തുടങ്ങി. എന്റെ സാഹിത്യം എന്റെ സമൂഹത്തെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങി. തെലുങ്കു സാഹിത്യത്തിൽ ദളിത് വാദ, മുസ്ലീം വാദ, ദളിത് ക്രിസ്ത്യാനിറ്റി, ഫെമിനിസം എന്നിങ്ങനെ കുറെയേറെ വാദങ്ങളുണ്ട്. എന്നാൽ ആദിവാസികളുടെയും തദ്ദേശീയ സാഹിത്യത്തിൻ്റെയും കാര്യം വരുമ്പോൾ അങ്ങനെയൊന്നും തന്നെ കണ്ടെത്താനായില്ല. വളരെ കുറച്ച് കഥകൾ, ഒന്നോ രണ്ടോ മാത്രം. അവ എഴുതിയത് ആദിവാസികളുമല്ല. ആദിവാസി ജീവിതം പ്രമേയമാക്കി മറ്റുള്ളവർ എഴുതിയതാണവ. സ്മാർട്ട്ഫോൺ ഉപയോഗിച്ച് തുടങ്ങിയപ്പോൾ വായിക്കാൻ ആഗ്രഹിക്കുന്നവയെല്ലാം ഞാൻ ഇന്റർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് വായിച്ചുതുടങ്ങി. അങ്ങനെയാണ് ടോണി മോറിസൺ എന്ന എഴുത്തുകാരിയെ കണ്ടുമുട്ടുന്നത്. വളരെ പ്രശസ്തമായ അവരുടെ ഒരു വാചകം ഉണ്ട്, “നിങ്ങൾക്ക് വായിക്കാൻ താൽപ്പര്യമുള്ള ഒരു പുസ്തകമുണ്ടെങ്കിൽ, ആ പുസ്തകം ഇതുവരെ എഴുതപ്പെട്ടില്ലെങ്കിൽ, നിങ്ങൾ ആ പുസ്തകം എഴുതുക”. കവിതയുടെയും ചെറുകഥകളുടെയും രൂപങ്ങളിലെല്ലാം ഞാൻ ആ അന്വേഷണം തുടങ്ങി. എന്നാൽ എനിക്ക് തൃപ്തികരമായ ഒന്നും തന്നെ കണ്ടെത്താനായില്ല. അങ്ങനെ ബഞ്ചാര സമുദായത്തെ കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങൾ ഞാൻ എഴുതാൻ തുടങ്ങി. കവിതകൾ എഴുതി ഫേസ്ബുക്ക് വാളിൽ പോസ്റ്റ് ചെയ്തു. പിന്നീട് ചില ഫേസ്ബുക്ക് കവിതാ ഗ്രൂപ്പുകളിൽ ചേർന്നു. പലരും എന്നെ വായിക്കാൻ തുടങ്ങി, വായനക്കാർക്കിടയിൽ പെട്ടന്ന് തന്നെ ഞാൻ ഒരു നായക്ക് ആയി അറിയപ്പെട്ടു. തെലുങ്കിൽ സാധാരണയായി ബഞ്ചാരകളെ സൂചിപ്പിക്കുന്ന വാക്കാണിത്. ഞാൻ അതെന്റെ പേരിനൊപ്പം ചേർത്തു. രമേഷ് കാർത്തിക് നായക് എന്ന പേരിൽ കവിതകൾ മാസികകളിലേക്ക് അയക്കാൻ തുടങ്ങി. കാർത്തിക്ക് എന്നായിരുന്നു എന്റെ യഥാർത്ഥ പേര്, രമേഷ് എന്ന് ഞാൻ പിന്നീട് ചേർത്തതാണ്. നായക്ക് എന്നത് ആളുകൾ വിളിച്ചതുമാണ്, അതിനാൽ പിന്നീട് രമേഷ് കാർത്തിക്ക് നായക് എന്റെ തൂലികാനാമമായി മാറി. ബഞ്ചാര സമുദായത്തെ കുറിച്ച് എഴുതി തുടങ്ങിയതോടെ ഞാൻ തെലുങ്കിലെ എല്ലാ ഗോത്രവർഗങ്ങളെയും അന്വേഷിക്കാൻ തുടങ്ങി, 35 ഗോത്ര സമുദായങ്ങൾ തെലുങ്കിലുണ്ട്. പക്ഷേ ബഞ്ചാര, ഗോണ്ട്, കോയ, നായക്‌പോഡു, സവര തുടങ്ങിയ നാലോ അഞ്ചോ ആദിവാസി സമൂഹങ്ങളെ കുറിച്ച് മാത്രമേ മിക്കവർക്കും അറിയൂ. അതിനാൽ ഞാൻ മറ്റ് സമൂഹങ്ങളെ കുറിച്ചും അന്വേഷിച്ചു തുടങ്ങി. ഇതുവരെ 5 ആദിവാസി എഴുത്തുകാർ മാത്രമാണ് തെലുങ്കിൽ നിന്നുള്ളത്. മല്ലിപുരം ജഗദേഷ്,പദം അനസൂയ, പ്രൊഫ. സൂര്യ ധനഞ്ജയ്, ഡോ. ധനഞ്ജയ് നായക്, രമേഷ് കാർത്തിക് നായക്… ഈ ഗോത്ര സമൂഹത്തെ പ്രതിനിധീകരിച്ച് ഏതാനും നോവലുകൾ മുൻപ് എഴുതപ്പെട്ടിട്ടുണ്ടെങ്കിലും ആ എഴുത്തുകാർ ഈ സമുദായങ്ങളിൽപ്പെട്ടവരായിരുന്നില്ല.


ബാൽഡെർ ബാൻഡി എന്ന കവിതാ സമാഹാരം ഞാൻ പ്രസിദ്ധീകരിക്കുകയുണ്ടായി. ആ പുസ്തകം വളരെയേറെ സ്വീകരിക്കപ്പെട്ടു. ബിരുദ പഠനത്തിനും ബിരുദാനന്തരബിരുദ പഠനത്തിനും അതിലെ കവിതകൾ തിരഞ്ഞെടുക്കപ്പെട്ടു. എൻ്റെ സുഹൃത്തുക്കൾ ക്രൗഡ് ഫണ്ട് ചെയ്താണ് ആ പുസ്തകം പ്രസിദ്ധീകരിച്ചത്. അതിനാൽ ഇതൊരു കൂട്ടായ്മയുടെ പുസ്തകമാണ്. ഈ പുസ്തകം പ്രസിദ്ധീകരിക്കാൻ എന്തെങ്കിലും സംഭാവന ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും അവകാശപ്പെട്ടതാണിത്. ബാൽഡെർ ബാൻഡി പ്രസിദ്ധീകരിച്ചതോടെ കൂടുതൽ എഴുതണം എന്ന് ഞാൻ തീർച്ചപ്പെടുത്തി. എന്നാൽ ഇപ്പോഴും ആളുകൾ എന്നോട് പറയുന്നു, ”നിങ്ങൾ ഒരു ബഞ്ചാര എഴുത്തുകാരനായി മുദ്രകുത്തപ്പെടുകയാണ്, നിങ്ങൾ ഈ തോട് പൊട്ടിച്ച് പുറത്തുകടക്കണം.” സാധാരണ സാഹിത്യം എഴുതണം എന്നാണ് അവർ എന്നോട് പറയുന്നത്. സാധാരണ സാഹിത്യം എഴുതാനും എനിക്ക് കഴിയും, പക്ഷെ പിന്നെ ആരാണ് ഈ ബഞ്ചാര ജനതയെക്കുറിച്ച് എഴുതുക? ബഞ്ചാര സമൂഹത്തെ പറ്റി കുറച്ച് കാര്യങ്ങൾ എനിക്കറിയാം, സാധാരണ സാഹിത്യം എഴുതുന്നവരെക്കാൾ നന്നായി തന്നെ അറിയാം, അതിനാൽ എനിക്ക് എന്റെ ജനതയെ പ്രതിനിധീകരിക്കേണ്ടതുണ്ട്. നഗരജീവിതവും മെട്രോ ജീവിതവും എല്ലാം എഴുതാൻ എനിക്ക് കഴിയും, എന്നാൽ ഈ പുറംപോക്കിലുള്ള ആളുകൾക്ക് അവരുടെ ജീവിതം എഴുതാൻ കഴിയുന്നില്ല, ഞാൻ അതെഴുതുന്നു. പിന്നീട് സമ്മേട്ട ഉമാദേവി എന്ന തെലുങ്കു എഴുത്തുകാരി ബഞ്ചാര ജീവിതം പ്രമേയമായ കഥകളുടെ ഒരു സമാഹാരം പ്രസിദ്ധീകരിച്ചു. പ്രൊഫസർ സൂര്യ ധനഞ്ജയുമായി ചേർന്ന് എഡിറ്റ് ചെയ്തു ബഞ്ചാര സമുദായവുമായി ബന്ധപ്പെട്ട ചെറുകഥകളുടെ സമാഹാരം ഉൾപ്പെടെ നാല് പുസ്തകങ്ങൾ ഞാൻ എഴുതിക്കഴിഞ്ഞു.


ബഞ്ചാരക്കാർ ഇന്ന് നാടോടികളായി അലയുന്നില്ല. പലയിടങ്ങളിലായി തണ്ടകളിൽ പാർക്കുന്നു. എന്നാൽ കാർത്തിക്കിന്റെ കവിതയുടെ സ്വത്വത്തിൽ ഭൂതകാലത്തിലെ ഈ നാടോടിത്തത്തോടുള്ള തീവ്രമായ അഭിവാഞ്ഛയുണ്ട്. അതേസമയം പൂർണ്ണമായും മുഖ്യധാരാ സമൂഹത്തിന്റെയോ പാരമ്പര്യസമൂഹത്തിന്റെയോ ഭാഗമാകാൻ കഴിയാതെയുള്ള കാർത്തിക്കിന്റെ വ്യക്തിസ്വത്വത്തിന് കൂട്ടം തെറ്റിയ ഒരു നാടോടിയുടെ പ്രകൃതമുണ്ട്. അതിനാൽ കാർത്തിക്കിന്റെ ഉള്ളിൽ അലയുന്ന ആ നാടോടിയെ കുറിച്ച് അറിയാൻ കൗതുകമുണ്ട്…
നാടോടികളെന്ന പേരിൽ വളരെ പ്രശസ്തരാണ് ബഞ്ചാരക്കാർ, അതായത് സ്ഥിരവിലാസമില്ലാത്തവരെ, യാത്ര തുടരുന്നവരെയെല്ലാം ഹിന്ദി സിനിമകളിൽ ബഞ്ചാര എന്ന് വിളിക്കുന്നത് കാണാം. ബഞ്ചാര എന്ന വാക്കിന്റെ പ്രശസ്തമായ നിർവചനമാണത്. നാടോടിത്തത്തിന്റെ ഈ പാരമ്പര്യം അവസാനിച്ചു എങ്കിലും തെലങ്കാനയിലെയും ആന്ധ്രയിലെയും വിദൂര പ്രദേശങ്ങളിൽ നിന്നെല്ലാം തങ്ങൾക്കുവേണ്ടി എന്തെങ്കിലും സമ്പാദിക്കുന്നതിനായി മുംബൈ, ഹൈദരാബാദ്, ദുബായ് തുടങ്ങിയ നഗരങ്ങളിലേക്ക് ധാരാളം ബഞ്ചാരകൾ കുടിയേറുകയുണ്ടായി. അങ്ങനെയാണ് ഇന്ന് ബഞ്ചാരക്കാരുടെ പലായനം തുടരുന്നത്. നാടോടിത്തത്തിൽ നിന്നും ആശ്രിത കുടിയേറ്റത്തിലേക്ക് ബഞ്ചാരക്കാരുടെ സഞ്ചാരവും പരിണമിച്ചിരിക്കുന്നു. ഒരിടത്തും അടങ്ങിയിരിക്കാൻ കഴിയാത്ത പ്രകൃതമാണ് എന്റേത്. ഒരിടത്ത് നിന്നും എപ്പോഴും മറ്റൊരിടത്തേക്ക് അലയുന്ന, അപ്രത്യക്ഷമാകുന്ന മനസ്സ്. ബഞ്ചാരക്കാർ നാടോടിത്തം അവസാനിപ്പിച്ചുവെങ്കിലും എന്റെ മനസ്സ് ഒരിടത്തും കുടിയിരിക്കുന്നില്ല. എന്റെ ആത്മാവ് ഇടയ്ക്കിടെ രൂപം മാറുന്നു . ചിലപ്പോൾ ഓർമ്മയുടെ രൂപമെടുക്കുന്നു. അല്ലെങ്കിൽ ഒരു തുമ്പിയുടെ, മറ്റൊരിക്കൽ മേഘമായും പിന്നെ മഴയായും മാറുന്നു. എന്റെ പൂർവികരെ പോലെ ഈ ഭൂമിയുടെ ഓരോ തരിയും ആസ്വദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ എന്റെ എഴുത്തിൽ ഈ നാടോടിത്തം എത്രമാത്രമുണ്ടെന്ന് പറയേണ്ടത് വായനക്കാരാണ്.


ബഞ്ചാരക്കാർ അവരുടെ പാരമ്പര്യം വിട്ട് മുഖ്യധാരയുടെ ഭാഗമായി മാറുന്നതിൽ കാർത്തിക്ക് അനുഭവിക്കുന്ന നഷ്ടബോധം യഥാർത്ഥത്തിൽ ആ നാടോടി സമൂഹത്തിന്റെ സംസ്കൃതിയുടെ ക്ഷയമാണ്. നൂറ്റാണ്ടുകളായുള്ള നാടോടിത്തത്തിലൂടെ ബഞ്ചാരകൾ രൂപപ്പെടുത്തിയ ജീവിതശൈലി എങ്ങനെയായിരുന്നു?
നാടോടിത്തം അവസാനിച്ചതിനാൽ ബഞ്ചാരയുടെ പാരമ്പര്യ വസ്ത്രം ധരിക്കുന്നതും, പച്ചകുത്തുന്നതും, ഒട്ടകത്തിന്റെ രോമം കൊണ്ട് നെയ്ത മുടി ധരിക്കുന്നതും പോലെ ബഞ്ചാര സാംസ്കാരത്തിന്റെ ഭാഗമായിരുന്ന അടയാളങ്ങൾ എല്ലാം ഉപേക്ഷിക്കപ്പെട്ടു. അതിനാൽ കഥകളിലും കവിതകളിലും അവയെ ഉൾപ്പെടുത്താൻ ഞാൻ ശ്രമിക്കുന്നു. ഒരിടത്ത് സ്ഥിരതാമസമാക്കിയ ബഞ്ചാരക്കാർ ജോലി തേടി മറ്റ് സ്ഥലങ്ങളിലേക്ക് പോകാൻ തുടങ്ങി. കാരണം യഥാർത്ഥത്തിൽ ഞങ്ങൾ കർഷകരല്ല. ഞങ്ങൾക്ക് ഭൂമിയില്ല. ഞങ്ങൾ കാളകളെ ആശ്രയിച്ച് ഉപ്പും മറ്റ് ചില സാധനങ്ങളുമെല്ലാം എല്ലാം ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് കൊണ്ട് നടന്ന് വിറ്റിരുന്നവരാണ്. ഒരിടത്ത് സ്ഥിര താമസമാക്കിയതോടെ ആഹാരം കണ്ടെത്താനായി മറ്റുള്ളവരെ പോലെ ബഞ്ചാരക്കാരും കൃഷി ചെയ്യാൻ തുടങ്ങി. അതോടുകൂടി മറ്റുള്ളവരുടെ ഭാഷയും വസ്ത്രങ്ങളും ആഘോഷങ്ങൾ പോലും ബഞ്ചാരക്കാരും അനുകരിച്ചു തുടങ്ങി. ഹിന്ദി, തെലുങ്കു വാക്കുകളുടെ അതിപ്രസരത്താൽ ഞങ്ങളുടെ ഘോർ ബോലി എന്ന ഭാഷ പോലും മലിനമായിരിക്കുന്നു. തണ്ടകളിൽ കുടിയിരിക്കും മുമ്പ് ഓരോ കുടുംബത്തിനും ഒന്നോ രണ്ടോ കാളവണ്ടികൾ ഉണ്ടായിരുന്നു, അതിൽ അവർ സഞ്ചരിക്കും, ഉറങ്ങും, ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കും. ഈ കാളവണ്ടികളെ കാരവൻ എന്നു വിളിച്ചിരുന്നു. ബഞ്ചാരക്കാരിൽ ഓരോ വ്യക്തിക്കും ഒരു പാത്രം മാത്രമേ ഉണ്ടായിരുന്നുള്ളു. അതൊരു വലിയ പാത്രമാണെങ്കിൽ കച്ചോലോ എന്നും ചെറുതാണെങ്കിൽ കച്ചോലി എന്നും പറയും. ഓരോരുത്തർക്കും സ്വന്തമായി ഒരു പാത്രമുണ്ടാകും. അതിൽ അവർ ആഹാരം കഴിക്കും. ആ പാത്രം അവർക്ക് മാത്രം അവകാശപ്പെട്ടതാണ്. അതിൽ കൂടുതലൊന്നും അവർക്ക് ഉണ്ടായിരുന്നില്ല. രണ്ട് കൂട്ടം വസ്ത്രങ്ങൾ മാത്രമേ അവർക്ക് ഉണ്ടായിരുന്നുള്ളൂ. ഒന്നുടുക്കും മറ്റൊന്ന് ട്രങ്ക് പെട്ടിയിലൊ മറ്റോ സൂക്ഷിക്കും. പലതരത്തിൽ ഉപയോഗിച്ചിരുന്ന മാർക്കിങ്ങ് നട്ടുകൾ അവർ കരുതിയിരുന്നു. അത് പരിപ്പിലിട്ട് കഴിക്കും, പരിക്ക് പറ്റിയാൽ അത് കത്തിക്കും. കത്തുമ്പോൾ അതിൽ നിന്നും എണ്ണ ഒലിച്ചിറങ്ങും. തീക്കല്ലുകളും, അരിവാളുകളും മറ്റും അവർ കൂടെ കരുതിയിരുന്നു. അരിവാളുകൊണ്ട് മരച്ചില്ലകൾ വെട്ടി കന്നുകാലികൾക്ക് ഇട്ടുകൊടുക്കും. അത്രയൊക്കെയെ അവർക്കുണ്ടായിരുന്നുള്ളു. പിന്നെ കാളകളോടൊപ്പം കോഴികളും മറ്റും കാണും.
പാരമ്പര്യത്തോട് വ്യത്യസ്തമായ നിലപാടുകൾ പുലർത്തുന്ന ഗോത്ര കവികളെ വായിച്ചിട്ടുണ്ട്. ഗോത്ര ജീവിതത്തിന്റെ ഭാഗമായ വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുന്നവരുണ്ട്. ഗോത്ര വിശ്വാസങ്ങളും ആചാരങ്ങളും എല്ലാം അന്ധവിശ്വാസങ്ങളാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ബഞ്ചാരയുടെ വിശ്വാസങ്ങളോടും ആചാരങ്ങളോടുമുള്ള കാർത്തിക്കിന്റെ സമീപനമെന്താണ്?
വളരെയധികം ബഞ്ചാരക്കാർ ഇപ്പോൾ ഹിന്ദുമതത്തിലേക്ക് പോകുന്നുണ്ട്. തങ്ങളാണ് യഥാർത്ഥ ഹിന്ദുവെന്നാണ് അവർ കരുതുന്നത്. യഥാർത്ഥത്തിൽ നാടോടികളായ ഈ ആദിവാസി സമൂഹത്തിന് പ്രത്യേക ജാതിയോ മതമോ ഒന്നുമില്ല. ബഞ്ചാരക്കാർ പ്രകൃതിയിൽ വിശ്വസിക്കുന്നവരാണ്. ആകാശത്തിനും വയലിനും കല്ലിനും മൃഗങ്ങളെ ബലിയർപ്പിക്കുന്നത് പോലെയുള്ള ആചാരങ്ങൾ അവർക്കുണ്ട്. എന്നാൽ അവരെ ഏതെങ്കിലും മതവിശ്വാസികളായി പരിഗണിക്കാൻ കഴിയില്ല. തണ്ടയിൽ നിന്നും വളരെ അകലെ വളർന്നതിനാൽ ഗോത്ര ജീവിതം ഞാൻ നേരിട്ട് അനുഭവിച്ചിട്ടില്ല. ഒരു മനുഷ്യനോ മൃഗത്തിനോ ഒരു കുഞ്ഞു പിറക്കുമ്പോഴുള്ള ആചാരങ്ങൾ പോലെയുള്ളവ എനിക്കറിയാം. എന്നാൽ ബഞ്ചാരക്കാർക്കിടയിൽ ഉണ്ടായിരുന്ന ഓരോ ആചാരങ്ങളും അന്വേഷിച്ചറിയാൻ എനിക്ക് ആഗ്രഹമുണ്ട്. അവയുടെ ദാർശനിക മാനങ്ങൾ മനസ്സിലാക്കുവാനും.


വരമൊഴിയില്ലെന്നാലും ഗോർ ബോലിയ്ക്ക് വാമൊഴിയായി തലമുറകൾ പങ്കുവെച്ച നാടോടി കഥകളുടെയും, ധാവ്ലോ പാട്ടുകളുടെയും ദീർഘ പാരമ്പര്യമുണ്ടല്ലോ. ഈ വാമൊഴി സാഹിത്യ പാരമ്പര്യം കാർത്തിക്കിന്റെ കവിതകളെ, കഥകളെ സ്വാധീനിച്ചിട്ടുണ്ടോ? എങ്കിൽ ഏറെ ആവേശിച്ച ഒരു കഥയെ കുറിച്ച്, പാട്ടിനെ കുറിച്ച് പറയാമോ?
ഗോർ ബോലിയ്ക്ക് മാത്രമല്ല, മറ്റ് ഗോത്രഭാഷകൾക്കും വരമൊഴിയില്ല. പറയാൻ മാത്രമാണ് അവർക്ക് കഴിയുക. എന്നാൽ ചില ഗോത്ര സമൂഹങ്ങൾ അവരുടെ ഭാഷ എഴുതാനായി ദേവനാഗരി ലിപി ഉപയോഗിക്കുന്നുണ്ട്. തെലുങ്കുവും കന്നടയും പോലെയുള്ള പ്രാദേശിക ഭാഷകളുടെ ലിപികളും ഉപയോഗപ്പെടുത്തുന്നുണ്ട്. അനേകം പാട്ടുകൾ ബഞ്ചാരക്കാർക്കുണ്ട്. ജീവിതത്തിന്റെ ഏതൊരു സന്ദർഭത്തെയും ഒരു പാട്ടാക്കി മാറ്റാൻ അവർക്ക് കഴിയും. വയറു വേദനയെടുത്താലും കാല് കല്ലിൽ കൊണ്ട് മുറിഞ്ഞാലും ഒരു പാട്ടുണ്ടാവും. മൊഴിയുമായുള്ള ആഴത്തിലുള്ള ബന്ധം ഈ പാട്ടുകളിലൂടെയും കഥകളിലൂടെയും തിരിച്ചറിയാനാവും. പാടുന്നതിനായി ഒരു പ്രതേക സന്ദർഭമോ സമയമോ ഒന്നും അവർക്കില്ല. എപ്പോഴും പാടി നടക്കുന്നവരാണവർ. വെറുതെയിരിക്കുമ്പോഴും പാടും, പണിയെടുക്കുമ്പോഴും പാടും. പണിയെടുക്കുന്നതിന്റെ ആയാസം പാട്ടിലൂടെ അവർ മറന്നു പോകും. അങ്ങനെയാണവർ ജീവിക്കുന്നത്. ഒരു മാസം മുതൽ ഒരു വർഷം വരെ നീളുന്ന തരത്തിലാണ് ഞങ്ങളുടെ വിവാഹ ആഘോഷങ്ങൾ. മിക്കവാറും എല്ലാ ദിവസവും പാട്ടും നൃത്തവും കാണും. വധൂവരന്മാർ ഒന്ന് കണ്ണ് ചിമ്മിയാൽ പോലും അവിടെ അതേപറ്റി പാട്ടുണ്ടാവും. ധാവ്ലോ പാട്ടുകളെ പോലെ ഒരു പാട്ട് ഞാനും എഴുതിയിട്ടുണ്ട്. എന്നാൽ ഈ വാമൊഴിപാട്ടുവരികൾ തന്നെ കഥകളിൽ ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച് ഞാനിപ്പോൾ ആലോചിക്കുകയാണ്. ഈ പാട്ടുകൾക്ക് കാതോർക്കാനും പാടി നടക്കാനും എനിക്കിഷ്ടമാണ്. ഒരു മരത്തെ പോലെ നീ പാടല്ലേ എന്ന് അമ്മയെന്ന എപ്പോഴും ചീത്തവിളിക്കും. എന്നാൽ ഒരു ജിപ്സിയുടെ രക്തത്തിൽ പാട്ടുണ്ടാവും.


കാർത്തിക്കിനെ സവിശേഷമായി അടയാളപ്പെടുത്തിയ ഇംഗ്ലീഷ് കവിതാസമാഹാരമാണ് ‘ചക്ക്മക്ക്’. ചക്ക്മക്കിലൂടെ ഒരു പുതിയ വായനാ സമൂഹത്തെ കണ്ടെത്താൻ കഴിഞ്ഞോ?
തെലുങ്കുവിൽ ഞാൻ എഴുതിയ പുസ്തകങ്ങൾക്ക് ഒരു വായനാക്കുറിപ്പ് പോലും കിട്ടാതിരുന്നപ്പോൾ ഇംഗ്ലീഷിൽ എഴുതിയ ഈ പുസ്തകത്തിന് നിരവധി ആസ്വാദനങ്ങളാണ് പ്രമുഖ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടത്. ഞാൻ എന്താണ് എഴുതിയത് എന്ന് തെലുങ്കു വായനക്കാർ നോക്കുന്നതേയില്ല. ഞാൻ എവിടെ നിന്നാണ് വരുന്നത് എന്ന് മാത്രമാണ് അവർ കാണുന്നത്. സഹതാപത്തോടെയാണ് അവർ എന്നെ നോക്കുന്നത്. എന്നാൽ എനിക്ക് സഹതാപം വേണ്ടതില്ല. എന്റെ കവിതകളും കഥകളും എല്ലാം സാഹിത്യം എന്ന നിലയിൽ തന്നെയാണ് വായിക്കേണ്ടത്. അല്ലാതെ കീഴാള സാഹിത്യം എന്ന് പരിമിതപ്പെടുത്തിയല്ല.