Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
പരിഭാഷ: ആദിൽ മഠത്തിൽ
രാജ്യദ്രോഹമായോ രാജ്യത്തിന് എതിരായുള്ള യുദ്ധമായോ എന്റെ വാക്കുകൾ തിരഞ്ഞെടുക്കാത്ത മാധ്യമപ്രവർത്തകർ നിറഞ്ഞിരിക്കുന്ന ഈ മുറി എനിക്ക് സംസാരിക്കാൻ സുരക്ഷിതമായ ഇടമായി തോന്നുന്നു.
ഈ ബഹുമതിക്ക് നാഷണൽ പ്രസ്സ് ക്ലബ്ബിനും ജെന്നിനും ബില്ലിനും ഒരുപാട് നന്ദി.
ജെൻ പറഞ്ഞു, ഈ വർഷത്തെ ഒബുഷ്വൻ (Aubuchon) അവാർഡ് ജേതാവ് ഞാൻ ആണെന്ന് അറിയിക്കാനായി എന്നെ വിളിച്ച ദിവസം ഞാൻ ഒളിവിലായിരുന്നു. എന്റെ സുഹൃത്തും സഹപ്രവർത്തകരിൽ ഒരാളും എന്നോടൊപ്പം ഒരു കേസിൽ പ്രതി ചേർക്കപ്പെടുകയും ചെയ്തിട്ടുള്ള ഒരു മാധ്യമപ്രവർത്തകൻ നാലു വർഷങ്ങൾക്കു മുമ്പത്തെ ഒരു ട്വീറ്റു കാരണം അഴികൾക്ക് അകത്തായിരുന്നു. വിരോധാഭാസം തന്നെയല്ലേ? വംശഹത്യകൾക്ക് നേതൃത്വം നൽകുന്നവരെ ലോകം മുന്നിൽ നിർത്തുമ്പോൾ അധികാരത്തോട് സത്യം പറയുന്നവർക്ക് ഒളിച്ചു കഴിയേണ്ടിവരുന്നു. നാം ജീവിക്കുന്ന കാലത്തിന്റെ അടയാളമാണത്.
പറഞ്ഞു തുടങ്ങുമ്പോൾ, വലിയൊരു അംഗീകാരമാണ് എനിക്കിത്. വാഷിങ്ടൺ പോസ്റ്റിനോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. 2014 ൽ മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി കഴിഞ്ഞപ്പോൾ ഞാൻ പ്രതിപക്ഷത്തെ സഹായിച്ചതിനാൽ, പണിയെടുത്ത ഇടങ്ങളിൽ, ഇന്ത്യയിലെ മാധ്യമപ്രവർത്തകരും മുൻനിര എഡിറ്റർമാരും ഞാൻ ജീവിച്ചിരിക്കുന്നില്ല എന്നു നടിച്ചപ്പോൾ എന്നെ പിന്തുണച്ചതിന്, കഠിന കാലത്ത് കൂടെ നിന്നതിന്, വാഷിങ്ടൺ പോസ്റ്റിന് നന്ദി പറയുന്നു.
നമുക്കിടയിൽ ഇല്ലാത്ത ഒരാൾക്ക് ഈ പുരസ്ക്കാരം സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.അവളുടെ പേര് ഷിറീൻ അബു അഹ്ലെ, കൊല്ലപ്പെട്ട പത്രപ്രവർത്തക. ഷിറീൻ മരിക്കേണ്ടിയിരുന്നില്ല, ഷിറീൻ കൊല്ലപ്പെടേണ്ടിയിരുന്നില്ല. ഇവിടെ ഇപ്പോൾ നമ്മോടൊപ്പം അവൾ ഉണ്ടാവേണ്ടിയിരുന്നു. തന്റെ ജീവിതത്തിലും മരണത്തിലും ഷിറീൻ മനുഷ്യാവകാശങ്ങൾക്കു മേലുള്ള ലോകത്തിന്റെ കാപട്യവും ഇരട്ടത്താപ്പും തുറന്നുകാട്ടി. അത് നാം എല്ലാവരും എന്നത്തേക്കാളും അംഗീകരിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ട ഒരു സത്യമാണ്.
ഞാൻ അമേരിക്കയിൽ എത്തുന്ന ഓരോ തവണയും ഇന്ത്യയിൽ നിന്നാണു വരുന്നത് എന്നു പറയുമ്പോൾ ആളുകൾ ഇന്ത്യയെ കുറിച്ചു പറഞ്ഞു തുടങ്ങും.
ഓ… ആയുർവേദത്തിന്റെയും, ധ്യാനത്തിന്റെയും, യോഗയുടെയും നാട്ടിൽ നിന്നാണല്ലോ നിങ്ങൾ. അതെ, ശരിയാണ് പാമ്പാട്ടികളുടെയും… അതെ 1.3 ബില്ല്യൺ ആളുകൾ ഉള്ള ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെയും ജനസംഖ്യയിലെ 200 മില്യൺ വരുന്ന മുസ്ലിങ്ങൾ വംശഹത്യയുടെ വക്കോളം എത്തിനിൽക്കുന്ന ഒരു രാജ്യത്ത് നിന്നുതന്നെയാണ് ഞാൻ വരുന്നത്.
ഇവിടെയുള്ള സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ അധികാരികളും അമേരിക്കയുടെ ഉന്നതാധികാരികളും ചോദിക്കുന്നു, റാണാ എന്താണ് സംഭവിക്കുന്നത് ? എന്നേക്കാൾ നന്നായി നിങ്ങൾക്ക് അറിയാമല്ലോ അല്ലേ എന്ന് ഞാൻ തിരിച്ചു ചോദിക്കുമ്പോൾ എന്നോട് പറയുന്നു, ഇന്ത്യയിൽ എന്തു സംഭവിക്കുന്നു എന്ന് ഞങ്ങൾക്കറിയാം. പക്ഷെ ഉഭയകക്ഷി ബന്ധം, ചൈനയുമായും റഷ്യയുമായും വിസ… മനുഷ്യാവകാശങ്ങൾ തുലഞ്ഞു. ജേർണലിസ്റ്റുകൾ തുലഞ്ഞു.
യാത്ര ചെയ്യുമ്പോൾ എം.ബി.എസിന് നൽകിയ പ്രതിരോധശേഷിയെക്കുറിച്ച് രണ്ടാഴ്ച മുമ്പ് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ചോദ്യം ചെയ്യപ്പെട്ടിരുന്നു. അവർ നരേന്ദ്ര മോദിയെ ചൂണ്ടി കാണിച്ചു, അദ്ദേഹത്തിന് പോലും സമാനമായ പ്രതിരോധശേഷി നൽകിയിട്ടുണ്ട്, അങ്ങനെ ഒരുതരത്തിൽ അവർ എന്റെ പണി ചെയ്തു. നരേന്ദ്ര മോദിയെ എം.ബി.എസിനോട് താരതമ്യപ്പെടുത്തുന്നതിലൂടെ അതുതന്നെയാണ് സംഭവിച്ചത്. അതുതന്നെയാണ് ഞാൻ ലോകത്തോട് പറയാൻ ശ്രമിക്കുന്നത്. നിങ്ങൾ എക്കോണമിസ്റ്റിന്റെയും ടൈംമിന്റയും മുഖചിത്രമാക്കിയ മനുഷ്യന്റെ കൈകളിൽ രക്തം പുരണ്ടിരിക്കുന്നു.
2002 ൽ മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നപ്പോൾ രണ്ടു നാളുകൊണ്ട് ഒരായിരം മുസ്ലിങ്ങളാണ് കൂട്ടക്കൊലചെയ്യപ്പെട്ടത്. തമാശയക്ക് ഒരുവട്ടം പോലും ഞങ്ങൾ ആരും വിചാരിച്ചില്ല, ഇയാൾ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തീരുമെന്ന്. അതുപോലെ തന്നെ, യുണൈറ്റഡ് സ്റ്റേറ്റുകൾ അയാളെ അമേരിക്കയിലേക്കു കടക്കാൻ അനുവദിക്കുമെന്നും. എന്നാൽ ഇപ്പോൾ നോക്കൂ, ജി -20 യുടെ പ്രസിഡന്റ് പദവി അയാൾ കൈക്കലാക്കിയിരിക്കുന്നു.
ഈ പ്രസംഗം കേട്ടാൽ എന്റെ രാജ്യം പറയും ഞാൻ രാജ്യസ്നേഹമില്ലാത്ത ഒരുവളാണെന്ന്. ലോകത്തെ മറ്റ് ഏതു രാഷ്ട്രത്തെക്കാളും ഇന്ത്യയെ സ്നേഹിക്കുന്നുണ്ട് ഞാൻ എന്ന് എനിക്കറിയാം. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു, അതിനാലാണ് ഞാൻ ഇവിടെ എല്ലാം അപകടപ്പെടുത്തിക്കൊണ്ട് സംസാരിക്കുന്നത്. എന്തെന്നാൽ ഇന്ത്യയ്ക്ക് പുറത്തേക്കുള്ള എന്റെ അവസാനത്തെ യാത്രയായിരിക്കാം ഇത്. പതിമൂന്നിന്, ഒരാഴ്ച്ചയ്ക്കകം ഞാൻ എന്റെ വിധി എന്താണ് എന്നറിയും. ജാമ്യമില്ലാത്ത ഒരു വാറന്റ് എന്റെ പേരിൽ അയക്കപ്പെട്ടാൽ, എനിക്കറിയില്ല ഞാൻ ചെന്നിറങ്ങിയാൽ ഉടനെ അറസ്റ്റു ചെയ്യപ്പെടുമോ എന്ന്. ഞാൻ ഇവിടെ എത്തിച്ചേർന്ന ഉടനെ എനിക്കെതിരെ ഫയൽ ചെയ്ത ഒരു ചാർജ് ഷീറ്റ് എനിക്കു കിട്ടി. അതിനർത്ഥം ഇനി എനിക്ക് ഇന്ത്യ വിട്ടുപോവാൻ കഴിയില്ലെന്നാണ്.
അതുകൊണ്ട് ഇന്ത്യയുടെ കഥ പറയാൻ ഈ അവസരം ഞാൻ ഉപയോഗിക്കുകയാണ്. അതൊരു വലിയ കഥയാണെന്ന് എനിക്കറിയാം. വളരെ ചുരുക്കി ഞാൻ പറയാം. എന്തെന്നാൽ ഞാൻ പോയിക്കഴിഞ്ഞാൽ നിങ്ങളിൽ ചിലരെങ്കിലും ലോകം അടിയന്തിരമായി കേൾക്കേണ്ട ഈ കഥ പറയും എന്ന് എനിക്കുറപ്പുണ്ട്.
മുസ്ലിം ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്തതിന്റെ കഥ മാത്രമല്ല ഇത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം ഒരു ഫാസിസ്റ്റ് വാഴ്ച്ചയിലേക്കു വഴുതുന്നതിന്റെ കഥയാണിത്.
ഇന്ത്യയുടെ ഹോം മിനിസ്റ്റർ അമിത് ഷാ, ഭാഗ്യവശാലോ നിർഭാഗ്യവശാലോ ഞാൻ നടത്തിയ അന്വേഷണം-സ്ക്കൾ റിപ്പോർട്ട് പ്രസിദ്ധീകരിച്ചപ്പോൾ 2010 ൽ അഴികൾക്കുള്ളിലായി. എനിക്ക് ഇരുപത്തഞ്ചോളം പ്രായമായിരുന്നു അന്ന്. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് കോൺസെർവേറ്ററിക്കായി ഒരു ഹിന്ദുരാഷ്ട്രവാതിയായ യുവതിയുടെ വേഷത്തിൽ ശരീരത്തിൽ എട്ടോളം ക്യാമറകളുമായി ഞാൻ രഹസ്യാന്വേഷണത്തിന് ഇറങ്ങി. നരേന്ദ്ര മോദി ഉൾപ്പെടെ, മോദി സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരെ എല്ലാം ഞാൻ കണ്ടു. ഇന്ത്യയിലെ ഓരോ എഡിറ്ററെയും പ്രസാധകനെയും ചെന്നു കണ്ടതിനു ശേഷം ആ അന്വേഷണം കൊല ചെയ്യപ്പെട്ടു. അവർ പറഞ്ഞു, റാണാ, വാട്ടർഗേറ്റ് സ്കാൻഡൽ പോലെ ഇതും വഴിവെട്ടുന്ന ഒന്നാണ്. ഞാൻ ചോദിച്ചു, ശരി നിങ്ങൾ ഇത് പ്രസിദ്ധീകരിക്കും അല്ലെ ?
ഞങ്ങൾക്കാവും എന്നാൽ നിനക്ക് അറിയാമല്ലോ, കാര്യങ്ങൾ കടുത്തതാണ്. അത് എനിക്ക് മനസ്സിലാവും, സ്വതന്ത്ര പത്രപ്രവർത്തനം ഇനി ഇന്ത്യയിൽ സാധ്യമല്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പ്രധാനമന്ത്രി കഴിഞ്ഞ എട്ടു വർഷമായി ഒരൊറ്റ പ്രസ്സ് കോൺഫ്രൻസ് പോലും അഭിമുഖീകരിച്ചിട്ടില്ല. ഇന്ത്യയുടെ ഹോം മിനിസ്റ്റർ, ഏറ്റവും ശക്തനായ മനുഷ്യൻ, ഈയടുത്ത് പറഞ്ഞു, 2002 ലെ മുസ്ലിം കൂട്ടക്കൊലയിലൂടെ മോദി ദേശദ്രോഹികൾക്ക് ഒരുപാഠം നൽകിയെന്ന്.
ലോകം നടുങ്ങേണ്ടതല്ലേ ? ലോകത്തെ നടുക്കാൻ ഇനി എന്തുണ്ടാവണം ? ഞാൻ അമേരിക്കയിൽ എത്തുമ്പോഴും ഓരോ രാജ്യങ്ങളിൽ ചെല്ലുമ്പോഴും ഓരോ തവണയും ആലോചിക്കും, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തിലേക്കാണ് നാം നോക്കുന്നത് എന്ന് ലോകത്തിന് തിരിച്ചറിവുണ്ടാവാൻ ഇനി എന്തുണ്ടാവണം ? ഗാന്ധിയുടെ ദേശം എന്നാണല്ലോ അല്ലെ ?! പക്ഷെ ഈ കാലം, അദ്ദേഹത്തിന്റെ കൊലയാളികളാണ് ആരാധിക്കപ്പെടുന്നത്. ഗാന്ധി കൊലയാളിയുടെ പ്രതിമ സ്ഥാപിക്കുകയാണ് ആളുകൾക്ക് വേണ്ടത്. മുസ്ലിങ്ങൾക്കെതിരെ നിരന്തരം ഓരിയിടുന്ന ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. നിങ്ങൾ ഇവിടെ ബീഫ് കഴിക്കുന്നവരാണല്ലോ അല്ലെ? ബീഫ് സ്റ്റേക്ക്? നിങ്ങൾ ഇന്ത്യയിലാണെങ്കിൽ ഇതിനു കൊല്ലപ്പെട്ടേക്കാം! നിങ്ങൾ ഒരു മുസ്ലീം കൂടിയാണെങ്കിൽ ഉറപ്പായും. നിയമവിരുദ്ധമായി ബീഫ് കഴിച്ചതിന്റെ പേരിൽ മാത്രം എത്രയോ മുസ്ലിങ്ങളാണ് കഴിഞ്ഞ എട്ടു വർഷക്കാലത്തെ മോദിയുടെ ഭരണത്തിൽ കൊത്തിനുറുക്കപ്പെട്ടത്. ഭരണകൂടം ഇന്ത്യയിലെ ന്യൂനപക്ഷ മുസ്ലിങ്ങളെ കൈകാര്യം ചെയ്യുന്ന രീതികളിൽ ഒന്നു മാത്രമാണിത്.
എന്തുകൊണ്ടാണ് ഞാൻ ഇത്രമാത്രം വേട്ടയാടപ്പെട്ടത് ? ഭാഗ്യവശാൽ, നിർഭാഗ്യവശാൽ ഞാനും ഒരു മുസ്ലീം ആണ്, പിന്നെ ഒരു പെണ്ണും. എന്തു ധൈര്യത്തിലാണ് ഞാൻ സംസാരിക്കുന്നത് ? തുല്യതയോടെ എന്നെ പരിഗണിക്കാത്ത ഒരു രാജ്യത്ത് എന്ത് ധൈര്യത്തിലാണ് ഞാൻ സംസാരിക്കുക? രണ്ടാം തരം പൗരയായി എന്നെ കണക്കാക്കുന്ന ഒരു രാജ്യത്ത് എന്ത് ധൈര്യത്തിലാണ് ഞാൻ സംസാരിക്കുക ?
അതിനാൽ, ഞാൻ ഇതാ ഇവിടെ യുണൈറ്റഡ് സ്റ്റേറ്റിൽ ഈ അവർഡു സ്വീകരിച്ചുകൊണ്ട്, ഒറ്റപ്പെട്ടെന്ന തോന്നലിൽ നിന്നു രക്ഷപ്പെടാൻ ശ്രമിച്ചുകൊണ്ട് സംസാരിക്കുന്നു. വളരെയേറെ ഒറ്റപ്പെട്ടുവെന്ന് എനിക്ക് തോന്നുന്നുണ്ട്. ഈ വർഷം സർക്കാർ ഞാൻ കള്ളപ്പണം വെളുപ്പിച്ചു എന്ന് എനിക്കെരെ കേസുണ്ടാക്കിയപ്പോൾ ഇന്ത്യൻ മാധ്യമങ്ങൾ എന്നെ അവരുടെ സ്വന്തം കഥയാക്കി മാറ്റി. എന്റെ മുഴുവൻ ജീവിതവും എന്റെ കുടുംബം മുഴുവനും എല്ലാവർക്കും സൗജന്യമായി വീതിക്കപ്പെട്ടു. എന്റെ വീടിന് എതിരെ തന്നെ ടെലിവിഷൻ ക്യാമറകൾ സ്ഥാപിക്കപ്പെട്ടു.
“റാണാ അയ്യൂബിന്റെ വീടിന്റെ ആദ്യ ദൃശ്യങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്…”
എനിക്ക് ഒരു സ്വകാര്യജീവിതം ഇല്ല. ഞാൻ ഒന്നു നടക്കാൻ പോകുമ്പോൾ എന്റ അയൽക്കാർ എന്നെ നോക്കും, അവർ എന്നെ അളക്കുകയാണോ എന്ന് എനിക്കു തോന്നും. എനിക്ക് അങ്ങനെ തന്നെ എപ്പോഴും തോന്നും. എന്റെ സഹോദരങ്ങൾ ഇരുവർക്കും അവരുടെ ജോലി നഷ്ടമായി. ഒരു ജേർണലിസ്റ്റ് ആവാനുള്ള ഉൾവിളി ഞാൻ പിന്തുടർന്നതു കൊണ്ട് മാത്രം പ്രസാധകരായിരുന്ന എന്റെ രണ്ടു സഹോദരന്മാർക്കും ഇനി അവരുടെ ഓഫീസുകളിൽ ഇരിപ്പിടമില്ല. കാരണം അവർ എന്റെ സഹോദരങ്ങളാണെന്ന് തിരിച്ചറിയപ്പെട്ടു. ഇന്ത്യയിൽ ഇപ്പോൾ എനിക്ക് എന്തു സംഭവിക്കുന്നു എന്നതിന്റെ ഒരു സൂചന മാത്രമാണ് ഇതെല്ലാം.
മോദി ഗവർൺമെന്റും മന്ത്രിമാരും എന്റെ ചിത്രം മോർഫ്ചെയ്ത പോൺ വീഡിയോ ഇന്ത്യയൊട്ടാകെ പ്രചരിപ്പിക്കുകയുണ്ടായി. സ്ക്രീൻ ഷോട്ടുകളിൽ എന്റെ ഫോൺ നമ്പറും എന്റെ വിലാസവും സാമൂഹ്യമാധ്യമങ്ങളിലെത്തി. മോദിയുടെ പാർട്ടി വക്താവ് ട്യീറ്റ് ചെയ്തു, ജർമ്മനിയിലെ ഒരു ലൈംഗികതൊഴിലാളിയെ റാണയുടെ പിതാവ് വശീകരിക്കുന്നു എന്ന്. ഒരിക്കൽ പോലും രാജ്യം വിട്ടു പോയിട്ടില്ലാത്ത എൻ്റെ അച്ഛൻ. മറവി ബാധിച്ചൊരാൾ..
ഓരോ ദിവസത്തെയും എന്റെ ജീവിതം എന്താണ് എന്നു കാണാനുള്ള ഒരു ചെറുവാതിൽ മാത്രമാണിത്.
ഗുജറാത്ത് ഫയൽസ് – രഹസ്യാന്വേഷണത്തിന്റ വിവരങ്ങളെല്ലാം പുറത്തുവിട്ട പുസ്തകം – എന്റെ സഹപ്രവർത്തക ഗൗരി ലങ്കേഷിന് അത് പ്രാദേശിക ഭാഷയിലേക്കു വിവർത്തനം ചെയ്യണമായിരുന്നു. അവർ പറഞ്ഞു, റാണാ നമുക്ക് ഈ പുസ്തകം പുറത്തുകൊണ്ടുവരണം. തീർച്ചയാണോ എന്ന് ഞാൻ ചോദിച്ചു. അപ്പോഴും അവർ പറഞ്ഞു, അതെ. ആ സമയത്ത് ഇന്ത്യൻ ഗവൺമെന്റിൽ നിന്നും ഒരുപാട് വെറുപ്പ് കിട്ടിക്കൊണ്ടിരുന്നു എനിക്ക്. അവർ എന്നെ വിളിച്ചു ചോദിച്ചു, നീ ഓക്കെയാണോ?ഞാൻ പറഞ്ഞു, എനിക്കു കുഴപ്പമൊന്നുമില്ല. അപ്പോൾ അവർ പറഞ്ഞു, ഇവരെല്ലാം പടുവിഡ്ഢികളാണ്, വെറും കടലാസു പുലികളാണ്. കാര്യമായെടുക്കേണ്ട. പിറ്റേന്നാൾ വീടിനു മുന്നിൽ അവർ വെടിയേറ്റു വീണു!
ഈ കഥകൾ നിങ്ങൾക്ക് അറിയില്ല, ആ കൊലപാതകികൾ ഇപ്പോഴും പുറത്തുണ്ട്. ഇന്ത്യയെ കുറിച്ച് എനിക്ക് പറയാനുള്ളതിന്റെ ഒരു ചുരുക്കെഴുത്തു മാത്രമാണിത്. പക്ഷെ എനിക്കറിയാം എഡിറ്റർമാർ നിറഞ്ഞ ഒരു മുറിക്കുള്ളിലാണ് ഞാൻ ഇരിക്കുന്നത്. ഇന്ത്യയുടെ കഥകൾ പുറത്തുകൊണ്ടുവരാനായി നിങ്ങൾ നിങ്ങളുടെ പണിയെടുക്കും, എനിക്കുറപ്പുണ്ട്. ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു. എനിക്കു നിങ്ങളിൽ വിശ്വാസമുണ്ട്.
കഴിഞ്ഞ രണ്ടു മാസങ്ങൾ ശരിക്കും തളർത്തുന്നതായിരുന്നു. ഇന്ത്യയുടെ കാര്യത്തിൽ ലോകത്തിന് എന്തെങ്കിലും ചെയ്യാനാവും എന്നതിൽ എനിക്കു വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരുന്നു. പക്ഷെ ഇവിടെ ഇപ്പോൾ നമ്മൾ ജേർണലിസ്റ്റുകൾ, നാം ഓരോരുത്തരും ശല്യങ്ങളായുണ്ട്. ഒരുപാട് പേർക്കു ഞാൻ ഒരു ശല്യമാണെന്നതു പോലെ. ഇവിടെ ഞാൻ എന്റെ പ്രഭാഷണം നടത്താനായി പുറപ്പെടുമ്പോൾ എന്റെ അമ്മ പറഞ്ഞു, ഒരു അരിപ്പവെക്കാൻ നോക്ക്, വായിൽ വരുന്നതെല്ലാം പറയാതിരിക്കാൻ നോക്ക്. പക്ഷെ ഇങ്ങനെയാണു ഞാൻ, നിർഭാഗ്യവശാൽ ഇങ്ങനെയാണ് ഞാൻ. എനിക്കു തോന്നുന്നു ഞാൻ ഒരുപാട് ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കാൻ പാടില്ല എന്ന്. പക്ഷെ ഇവിടേക്ക് എന്നെ ക്ഷണിച്ചതിനു നന്ദി. എന്റെ ഹൃദയം തുറക്കാൻ എന്നെ അനുവദിച്ചതിനു നന്ദി. തനിച്ചല്ല ഞാൻ എന്നു തോന്നിച്ചതിനു നന്ദി.
എനിക്കു തിരിച്ചുപോകാനുള്ള എന്റെ രാജ്യത്ത് എന്റെ സുഹൃത്തുക്കൾ എന്നെ ഒരു കാപ്പി കുടിക്കാൻ അവരുടെ വീടുകളിലേക്കു മാത്രം ക്ഷണിക്കുന്നു, എന്നോടൊപ്പം ഒരു കോഫീ ഷോപ്പിലോ പൊതുസ്ഥലത്തോ കാണപ്പെടാൻ അവരാരും ആഗ്രഹിക്കാത്ത ഈ സമയത്ത് ഞാൻ എത്രത്തോളം ഒറ്റപ്പെടൽ അനുഭവിക്കുന്നു എന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. എന്റെ ഹൃദയം തുറന്നു കാണിച്ചാലും ഓരോ നാളും എന്നോട് രാജ്യസ്നേഹത്തിന്റെ തെളിവു ചോദിക്കുന്നൊരിടത്ത്, സ്വന്തം രാജ്യത്ത് ഒരു കുറ്റവാളിയെ പോലെ ജീവിക്കുന്ന എന്നെ കേട്ട നിങ്ങളോട് ഞാൻ നന്ദി പറയുന്നു.