Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ജനുവരി പതിനഞ്ച് – യു.എൻ ഡെഡ്ലൈൻ അവസാനിക്കുകയാണ്. ഞങ്ങളാകെ അസ്വസ്ഥരായിരുന്നു. ശീതക്കാറ്റുകൾ എന്തുകൊണ്ടോ അന്ന് ആഞ്ഞുവീശിയില്ല. മറ്റൊരു മഹായുദ്ധത്തിന് സാക്ഷിയാവാൻ വീർപ്പടക്കിക്കഴിയുകയാണ് ജുദായിയാത്ത് അൽ അറാർ എന്ന വിജനമായ മരുപ്രദേശം. ഇറാഖ്-സൗദി അതിർത്തിയിലുള്ള ഈ ഗ്രാമം ആൾവാസമുള്ളതായിരുന്നു എട്ട് മാസങ്ങൾക്ക് മുമ്പ് വരെ. കുവൈത്തിലേക്ക് ഇറാഖ് സൈന്യം മാർച്ച് ചെയ്യുന്നതിന് മുമ്പേ ഇവിടം മുഴുവൻ ഒഴിപ്പിച്ചിരുന്നു. അവരൊഴിച്ചുപോയ വളർത്തു പട്ടികളും പൂച്ചകളും തണുപ്പും വിശപ്പും സഹിക്കാതെ മരിച്ചുകൊണ്ടിരുന്നു.
നോക്കിയാൽ കാണുന്നിടത്ത് ഒരു കി.മീ അകലെ അതിർത്തിയിൽ ഇറാഖ് സൈനികരുടെ കൂടാരങ്ങൾ കാണാം. വെറുതെ അലഞ്ഞു നടക്കുന്ന സൈനികരെയും, യുദ്ധത്തിലേക്ക് മണിക്കൂറുകൾ മാത്രമാണുള്ളതെങ്കിലും തങ്ങളെ അതൊട്ടും അലട്ടുന്നില്ലെന്നമട്ടിൽ.
രണ്ടുദിവസം മുമ്പ് ബാഗ്ദാദിൽ നിന്നും ഗൾഫ് പീസ് ടീമിന്റെ ഈ ക്യാമ്പിലേക്കുള്ള യാത്രാ മദ്ധ്യേ ഒരു യുദ്ധത്തിനൊരുങ്ങുന്ന ദൃശ്യം എവിടെയും കാണാൻ കഴിഞ്ഞിരുന്നില്ല. അവിടവിടെയായി ആന്റി എയർ ക്രാഫ്റ്റ് ഗണ്ണുകൾ മാത്രം ഭൂനിരപ്പിൽ നിന്നും തെറിച്ചു നിൽക്കുന്നു. മരുഭൂമിയിലത്രയും മണ്ണും കല്ലുകളും കൂട്ടി കൂറ്റൻ കൂനകൾ ഉണ്ടാക്കിവെച്ചിട്ടുണ്ട്. റോഡിനിരുവശവും ഭൂമിക്കടിയിലൂടെ കേബിൾ വയറുകൾ ഇടുന്ന പട്ടാളക്കാരെ ഒഴിച്ചാൽ മറ്റൊന്നും എവിടെയും ഉണ്ടായിരുന്നില്ല. കർബ്ബലയിൽ നിന്നും പത്തിരുപത് കി.മീ ദൂരം പിന്നിട്ടപ്പോൾ ഒരു മൺകൂനക്കകത്ത് നിന്നും ഒരു ടാങ്കർ ലോറി ഇറങ്ങിവരുന്നത് കാണാൻ കഴിഞ്ഞു. അപ്പോഴാണ് മനസ്സിലാവുന്നത് ഈ മൺകൂനകളിലും വൻവരമ്പുകളിലുമാണ് ഇറാഖി സൈന്യം മുഴുവനുമെന്ന്. ഒരു ടാങ്കുപോലും വഴിയിലെങ്ങും കാണാതിരുന്നതിന്റെ കാരണവും അപ്പോഴാണ് മനസ്സിലായത്. ഈ ഏരിയകൾ ഫോട്ടോകളെടുക്കുന്നത് കർശനമായി തടഞ്ഞിരുന്നു.
ക്യാമ്പിന് പുറത്ത് കാവൽ ഡ്യൂട്ടിയിലുള്ള സൈനികർ പന്തുകളിക്കുകയാണ്. എല്ലാം മറന്നു കളിക്കുന്ന കുട്ടികളെപ്പോലെ യഥാർത്ഥത്തിൽ കളിപ്രായം വിടാത്ത പതിനഞ്ചുകാരോ പതിനാറുകാരോ ആയിരുന്നു അവർ. ക്യാമ്പിനകത്തേക്ക് പ്രവേശിക്കാൻ അവർക്ക് അനു വാദമുണ്ടായിരുന്നില്ല. കമ്പിവേലിക്കപ്പുറത്ത് നിന്ന് ഭാഷയുടെ വേലികൾ മറികടന്നു മനസ്സുകൊണ്ടവർ സംസാരിച്ചു. എച്ചിൽ പൂപ്പുകൾ തടംകെട്ടിനിൽക്കുന്ന പല്ലുകൾ കാണിച്ച് നിഷ്കളങ്കമായവർ ചിരിച്ചു. അവർ സലാം പറഞ്ഞു. സിഗരറ്റ് ചോദിച്ചു. ചിലപ്പോൾ ബ്രെഡ്ഡും.
അവരുടെ പട്ടാള ഉടുപ്പുകൾ തേഞ്ഞതും കീറിയതുമായിരുന്നു. ഷൂസുകൾ പഴയതും പൊളിഞ്ഞതും. ഒരുതരം കുട്ടിത്തവും സാധാരണത്വവും എല്ലാ ഇറാഖി പട്ടാളക്കാരിലും കാണാവുന്നതാണ്. ഞങ്ങളുടെ ക്യാമ്പിലേക്ക് പ്രവേശനമുണ്ടായിരുന്നത് പ്രത്യേകം നിയോഗിക്കപ്പെട്ട അവരുടെ ഉയർന്ന ചില ഓഫീസർമാർക്ക് മാത്രമായിരുന്നു. ഈ ഓഫീസർമാർ വഴി മാത്രമാണ് ക്യാമ്പിന്റെ കമ്പിവേലിക്കു പുറത്ത് എന്തു നടക്കുന്നു എന്നറിയാൻ കഴിഞ്ഞിരുന്നത്. ബാഗ്ദാദുമായി ബന്ധപ്പെടാൻ മറ്റുയാതൊരു സംവിധാനവുമുണ്ടായിരുന്നില്ല. ലോകത്ത് നിന്നും പൂർണ്ണമായി ഒറ്റപ്പെട്ടദിനങ്ങളായിരുന്നു അവ. രാവിലെ പ്രത്യേക ക്യാമ്പ് മീറ്റിംഗ് ചേർന്ന് യുദ്ധത്തിന്റെ സാധ്യതയേയും സാധ്യതയില്ലായ്മയേയും, ബാക്കിനിൽക്കുന്ന മണിക്കൂറുകളിൽ രൂപപ്പെട്ടേക്കാവുന്ന സമാധാന സന്ധികളുടെ സാദ്ധ്യതകളെക്കുറിച്ചും യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ചർച്ച ചെയ്തു.
അന്ന് സന്ധ്യയ്ക്ക് കൂടാരങ്ങളിലെ ക്യാമ്പുകളിലൊന്നും വിളക്കുതെളിഞ്ഞില്ല. ബ്രിട്ടീഷ് ആർമിയിൽ സേവനമനുഷ്ഠിച്ചു റിട്ടയർ ചെയ്ത സദ്ദാല എന്ന ബ്രിട്ടീഷ് സമാധാനപ്രവർത്തകനും രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത മറ്റു രണ്ട് പ്രായമായ പ്രവർത്തകരും ചേർന്ന കമ്മിറ്റിയായിരുന്നു യുദ്ധകാല ക്യാമ്പ് നടപടികളെക്കുറിച്ച് തീരുമാനമെടുത്തിരുന്നത്. യുദ്ധമാരംഭിക്കും മുമ്പ് ഏതെങ്കിലുമൊരു സൈന്യം ഏതു സമയവും ഒഴിപ്പിച്ചേക്കാമെന്ന് അവർ സൂചിപ്പിച്ചിരുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കിൽ എന്തു നിലപാടെടുക്കുമെന്നുള്ള ചർച്ചയിൽ ചെറുത്തു നിൽക്കുക എന്ന ഏകാഭിപ്രായത്തിൽ ക്യാമ്പംഗങ്ങൾ ഉറച്ചുനിന്നു. ഉറങ്ങാൻ കഴിയാത്ത രാത്രിയായിരുന്നു അത്. റേഡിയോയ്ക്ക് ചുറ്റുമിരുന്ന് നേരം വെളുപ്പിച്ചു. ഒന്നും സംഭവിക്കാതെയാണ് 16-ാം തിയ്യതി പുലർന്നത്.
പകൽ മുഴുവൻ ശീതക്കാറ്റ് ആഞ്ഞുവീശിയിരുന്നു. സമാധാന ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതായി വാർത്തകളിൽ നിന്നും കേട്ടു. ആശങ്കയും ക്ഷീണവും കാരണം നേരത്തെതന്നെ എല്ലാവരും ഉറങ്ങിപ്പോയി.
ആകാശം ഇടിഞ്ഞുവീഴുന്ന ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്. എന്തു സംഭവിക്കുന്നുവെന്നറിയാതെ പരസ്പരം കെട്ടിപ്പിടിച്ചിരുന്നു. തലയ്ക്കു മുകളിൽ നിന്നും ചെവിയടപ്പിക്കുന്ന ഇരമ്പലുകൾ. പൊട്ടിത്തെറിയുടെ വിദൂരതയിൽ നിന്നുള്ള മുഴക്കം. ദൈവമേ, യുദ്ധമാരംഭിക്കുകയാണോ?
പെട്ടെന്ന് പാസ്പോർട്ടും, ഷൂസും. പുതപ്പും മാത്രമെടുത്ത് ലഗ്ഗേജുകൾ ഉപേക്ഷിച്ച് ഉടനെ പുറത്ത് കടക്കാൻ നിർദ്ദേശം വന്നു. ചെവിയോട് ചേർന്നു പതിഞ്ഞ സ്വരത്തിലാണ് നിർദ്ദേശങ്ങൾ കൈ മാറിയിരുന്നത്. ഭയം കാരണം ആർക്കും ചലിക്കാനുള്ള ശക്തിതന്നെ ഉണ്ടായിരുന്നില്ല. തൊട്ടടുത്ത ക്യാമ്പിൽ നിന്നും ആരോ കരയുന്നു. മറ്റു ചിലർ സംഘം ചേർന്ന് പ്രാർത്ഥിക്കുന്നത് കേൾക്കാം. ക്യാമ്പിന് പിന്നിലെ സെപ്റ്റിക്ക് ടാങ്കുകൾക്ക് പിറകിലേക്ക് എങ്ങനെയാണ് എത്തപ്പെട്ടതെന്ന് ആർക്കുമോർമ്മയില്ല. ആഞ്ഞുവീശുന്ന ശീതക്കാറ്റ് അസ്ഥികൾ തുളച്ച് കയറുന്നുണ്ടായിരുന്നു. ബാഗ്ദാദ് പട്ടണം സ്ഥിതി ചെയ്യുന്ന ദിശയിൽ ചക്രവാളത്തിൽ നിന്നും ആകാശത്തേക്ക് വെളിച്ചും തെറിക്കുന്നുണ്ടായിരുന്നു. മിന്നലുകളും ഇടിമുഴക്കങ്ങളും സൃഷ്ടിച്ചുകൊണ്ട് തലയ്ക്കു മുകളിലൂടെ പോർവിമാനങ്ങൾ ഇരമ്പി മറിയുന്നു. ഞാനും കരഞ്ഞേക്കുമെന്ന് തോന്നി. എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയാൻ സമയമെടുത്തു. മൂന്നാംലോക യുദ്ധത്തിന്റെ തുടക്കത്തിന് സാക്ഷിയാവുകയാണോ ഞാൻ?
ഇനിയെന്തിനെല്ലാം സാക്ഷിയാവണം. ഉറങ്ങാതിരുന്ന കുഞ്ഞുനാളുകളിൽ ഉറക്കാൻ പറഞ്ഞ കഥകളിലൂടെ എന്റെ സ്വപ്നത്തിലേക്കൊഴുകിയ ‘ബാഗ്ദാദ്’ പൊട്ടിത്തെറിക്കുന്നത് കൺമുന്നിൽ കാണേണ്ടിവരുന്നു. ഓമനത്വമുള്ള ബാഗ്ദാദിന്റെ കൊച്ചു മക്കൾ ഇപ്പോൾ കരിഞ്ഞു കത്തുകയാവും. കളിപറഞ്ഞൊഴുകുന്ന യൂഫ്രട്ടീസ് ഇപ്പോളൊഴുകുന്നത് ചുവന്നായിരിക്കുമോ?
ആകാശത്തിന് മുഴക്കം വർദ്ധിച്ചുകൊണ്ടേയിരുന്നു. ഞങ്ങൾക്ക് മുകളിൽ തീയുണ്ടകൾ മരണം കോരിയിടുന്നതും കാത്ത് ശ്വാസമടക്കി സെപ്റ്റിക്ടാങ്കിന്റെ ഇരുട്ടിൽ പരസ്പരം ചേർത്തുപിടിച്ച് കിടന്നു. ഇന്ത്യാക്കാരനും അമേരിക്കക്കാരനും ഇറാഖിയും ബ്രിട്ടീഷുകാരനും ജപ്പാൻകാരനും എല്ലാം എല്ലാം ഒന്നു ചേർന്ന് ഒരൊറ്റ മനുഷ്യനായി മാറി.
തൊട്ടടുത്ത അതിർത്തിയിൽ പക്ഷെ അനക്കമൊന്നും കണ്ടില്ല. ഒരു വെടിയൊച്ച പോലും കേൾക്കാനില്ലായിരുന്നു. വെളുപ്പിന് അഞ്ച് മണിയായപ്പോൾ ആകാശം ശാന്തമായി. ഒന്നുമറിയാത്തപോലെ ആകാശം പ്രസാദിച്ചു നിന്നു.
വേലിക്കപ്പുറത്ത് പട്ടാളക്കാരെ ആരെയും കണ്ടില്ല. അതിർത്തിയിലേക്കുള്ള റോഡിലൂടെ പട്ടാളട്രക്കുകളും സൈനിക കാറുകളും അതിവേഗതയിൽ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു കൊണ്ടിരുന്നു. വാഹനങ്ങളിലെല്ലാം മണ്ണുതേച്ചു പിടിപ്പിച്ചിട്ടുണ്ട്. ലൈറ്റിലും ഗ്ലാസ്സിലും എല്ലാം.
എന്താണ് സംഭവിച്ചതെന്നറിയാൻ എല്ലാവരും തിടുക്കപ്പെട്ടു. റേഡിയോകൾക്ക് ചുറ്റും വട്ടമിരുന്ന് കാത് കൂർപ്പിക്കുകയായിരുന്നു എല്ലാവരും. അന്ന് ക്യാമ്പ് ഒരു മരണവീട് പോലെ നിർജ്ജീവമായിരു ന്നു. എല്ലാ ദുഃഖങ്ങളിലും ഒരുതരം മ്ലാനത നിഴലിക്കുന്നുണ്ട്. അന്ന് പ്രഭാതഭക്ഷണം ആരും ഉണ്ടാക്കിയില്ല.
റേഡിയോയിൽ വാർത്തകൾ വന്നുകൊണ്ടേയിരുന്നു. ബി.ബി.സി. ചെയ്ത റിപ്പോർട്ടിൽ അമേരിക്കൻ സഖ്യശക്തികൾ യുദ്ധമാരംഭിച്ചതായും 48 മണിക്കൂറുകൾക്കകം യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്ന ബുഷിന്റെ പ്രസ്താവനയും ഉണ്ടായിരുന്നു. അമേരിക്ക വൻ വിജയം അവകാശപ്പെട്ടു. ബോംബർ വിമാനങ്ങൾക്കു മുമ്പേ പോയ വിമാനങ്ങൾ മാഗ്നറ്റിൽ തരംഗങ്ങളുപയോഗിച്ച് ഇറാഖി സത്യത്തിന്റെ കമ്മ്യൂണിക്കേഷൻ സിസ്റ്റം തകർത്തതു കാരണം ഇറാഖിന് പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്നും ഈയവസരമുപയോഗിച്ചാണ് കനത്ത ബോംബിങ്ങ് നടന്നതെന്നും വോയ്സ് ഓഫ് അമേരിക്ക വാർത്ത വായിച്ചു. ഇറാഖിന് വൻ നാശങ്ങൾ സംഭവിച്ചുവെന്നും വാർത്ത തുടർന്നു.
എത്ര ശ്രമിച്ചിട്ടും ഇറാഖ് റേഡിയോ കിട്ടിയില്ല. ഉച്ചയായപ്പോൾ ക്യാമ്പിലേക്ക് വാർത്തകൾ വന്നു. എട്ട് സ്ഥലങ്ങളിൽ അമേരിക്ക ബോംബിട്ടതായും ഏഴ് അമേരിക്കൻ വിമാനങ്ങൾ ഇറാഖ് വെടി വെച്ചു വീഴ്ത്തിയതായും വാർത്തകൾ വന്നു. പക്ഷെ അതിർത്തികൾ ശാന്തമാണെന്നും ഒരിടത്തും കരയുദ്ധം നടന്നിട്ടില്ലെന്നും അറിഞ്ഞു. അന്നുമുതൽ ഭക്ഷണത്തിൽ കുറവുവരുത്താനും ഭക്ഷണം രണ്ടുനേരമാക്കിക്കുറക്കാനും ക്യാമ്പിൽ തീരുമാനിച്ചു. യുദ്ധമാരംഭിച്ചതിനാൽ ഭക്ഷണസാധനങ്ങൾ ക്യാമ്പിലെത്തുവാനുള്ള സാദ്ധ്യത കുറവായതുകൊണ്ട് ഉള്ള ഭക്ഷണം സൂക്ഷിച്ചുപയോഗിക്കുക എന്നതായിരുന്നു തീരുമാനം. അന്ന് കുളിമുറിയിൽ ഒരു ബോർഡ് തൂക്കി “ഇത് നിങ്ങൾക്ക് ലഭിക്കുന്ന അവസാനതുള്ളിവെള്ളമായിരിക്കാം ഒരുപക്ഷെ, നിങ്ങൾ കുളിക്കുന്നത് വൃത്തിക്ക് വേണ്ടിയോ സുഖത്തിന് വേണ്ടിയോ? ഈ വസ്ത്രം അലക്കണമെന്ന് നിർബന്ധം തന്നെയോ? ഓർമ്മിക്കുക! ഓരോ തുള്ളി വെള്ളവും ഇപ്പോൾ വിലപ്പെട്ടതാണ്.”
സന്ധ്യയായിതുടങ്ങിയതേയുള്ളു. ജൂദായിയാത്തിന്റെ ആകാശം മൂടിക്കെട്ടിയതായിരുന്നു അന്ന് കിടിലം കൊള്ളിക്കുന്ന ശബ്ദം വിതറിക്കൊണ്ട് രണ്ട് വിമാനങ്ങൾ ക്യാമ്പിനു മുകളിലൂടെ പറന്നുപോയി. എല്ലാവരും കൂടാരങ്ങൾക്കകത്തേക്ക് ഓടി. പിന്നീട് നിരന്തരവും അസ്വസ്ഥകരവുമായ മുഴക്കങ്ങളാൽ മുഖരിതമായിരുന്നു അന്തരീക്ഷം. ആകാശം മുഴുവൻ കടന്നലുകൾ പോലെ വിമാനങ്ങൾ മൂളിപ്പറന്നു. അല്പം കഴിഞ്ഞ് മെയിൻ ടെന്റിൽ അടിയന്തിരയോഗം വിളിച്ചു. ഇറാഖി സൈന്യത്തിൽ നിന്നുള്ള ഒരു സന്ദേശം അറിയിക്കാനായിരുന്നു അത്. അൽപം മുമ്പ് ക്യാമ്പിനു മുകളിലൂടെ പറന്നത് അമേരിക്കൻ വിമാനങ്ങളായിരുന്നു എന്നും അവ ക്യാമ്പിന്റെ ചിത്രങ്ങളെടുത്തിട്ടുണ്ടെന്നും അതുകൊണ്ട് അമേരിക്കൻ സൈന്യം ഞങ്ങളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാനുള്ള സാദ്ധ്യതയുണ്ടെന്നുമായിരുന്നു അത്. അമേരിക്കൻ ഹെലികോപ്റ്ററുകൾ അതിർത്തികടന്നാൽ ഇറാഖി സേനക്ക് ഷൂട്ട് ചെയ്യേണ്ടി വരും. അപ്പോൾ ക്രോസ് ഫയറിങ്ങുണ്ടാകും മുൻകരുതലെടുക്കുക. ഇതുകൂടി സന്ദേശത്തിൽ തുടർന്നു.
കേരളത്തിന്റെ പല ഭാഗത്തും റസാഖിന്റെ ചവറ-നീണ്ടകര ചിത്രങ്ങളുടെ പ്രദർശനം നടന്നിരുന്നു. എന്നാൽ ഇന്ന് ഒരിടത്തും ആ ചിത്രങ്ങൾ കാണുന്നില്ല. മലയാളി ഫോട്ടോഗ്രഫിയുടെ ഏറ്റവും പ്രധാന സന്ദർഭങ്ങളിലൊന്നുതന്നെയാണ് ഈ ചിത്രങ്ങൾ മായ്ച്ചുകളയുമ്പോൾ നമ്മുടെ ഇമേജ് ചരിത്രത്തിൽ നിന്നും ഇല്ലാതാകുന്നത്.
(കടപ്പാട്: ‘കറുപ്പും വെളുപ്പും ഓർമ്മകൾ, റസാഖ് കോട്ടയ്ക്കൽ: കലയും ജീവിതവും’. എഡിറ്റർ: ഡോ. ഉമ്മർ തറമ്മേൽ. പ്രസാധനം: കേരള ലളിതകലാ അക്കാദമി).