Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
അദാനി ഗ്രൂപ് എൻ.ഡി.ടി.വി ഏറ്റെടുത്ത പശ്ചാത്തലത്തിൽ സീനിയർ എക്‌സിക്യൂട്ടീവ് എഡിറ്റർ രവീഷ് കുമാർ ആ സ്ഥാപനത്തിൽ നിന്നും രാജിവയ്ക്കുകയുണ്ടായി. സ്ഥാപകരായ പ്രണോയ് റോയ്, ഭാര്യ രാധിക റോയ് എന്നിവർ ഡയറക്ടർ ബോർഡിൽ നിന്നും രാജിവച്ചു. മികച്ച റിപ്പോർട്ടിംഗിലൂടെയും വാർത്താ അവതരണത്തിലൂടെയും ശ്രദ്ധേയനായ രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകനാണ് രവീഷ് കുമാർ. അദ്ദേഹത്തിന്റെ രാജിയുടെയും എൻ.ഡി.ടി.വിയെ അദാനി ഗ്രൂപ്പ് വിഴുങ്ങുന്നതിന്റെയും പശ്ചാത്തലത്തിൽ ‘ദി ടെലഗ്രാഫ്’ എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ ആർ രാജഗോപാൽ സംസാരിക്കുന്നു.
എൻ.ഡി.ടി.വി പ്രമോട്ടർ കമ്പനിയായ ആർ.ആർ.പി.ആർ (RRPR) ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാരായി പ്രണോയ് റോയിയും രാധിക റോയിയും രാജിവച്ചതിന് തൊട്ടുപിന്നാലെ, എൻ.ഡി.ടി.വി ഇന്ത്യയിലെ സീനിയർ എക്‌സിക്യൂട്ടീവ് എഡിറ്റർ രവീഷ് കുമാർ രാജിവച്ചു. നവംബർ 28 ന് RRPR ഹോൾഡിംഗ് അതിന്റെ ഇക്വിറ്റി മൂലധനത്തിന്റെ 99.5% വരുന്ന ഓഹരികൾ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിശ്വപ്രധാൻ കൊമേഴ്‌സ്യലിലേക്ക് കൈമാറിയതായി അറിയിച്ചതിനെ തുടർന്നാണ് അദ്ദേഹം പുറത്തേക്കു പോകുന്നത്. ഒരുതരത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ വളരെ ശക്തമായ സാന്നിധ്യമായി മാധ്യമ രംഗത്ത് ഉണ്ടായിരുന്ന രവീഷ് കുമാർ എൻ.ഡി.ടി.വി വിടുമ്പോൾ എന്താണ് ഒരു മുതിർന്ന മാധ്യമ പ്രവർത്തകനായ താങ്കൾക്കു തോന്നുന്നത് ?
എൻ.ഡി.ടി.വി ഇംഗ്ലീഷ് ചാനലിൽ കുറേ നാളായി ഒരു പ്രതിസന്ധി നിലനിൽക്കുന്നതായി അവരുടെ രീതികളിൽ വന്ന മാറ്റം ശ്രദ്ധിച്ചാൽ മനസിലാകും. രവീഷ്‌കുമാർ അപ്പോഴും സ്വതന്ത്രമായി തന്നെ തുടർന്നു. അദ്ദേഹം എൻ.ഡി.ടി.വി വിട്ടതിൽ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല. പക്ഷെ അദ്ദേഹം മാധ്യമ പ്രവർത്തനം നിർത്തരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. അദ്ദേഹം മാതൃകയാക്കാവുന്ന ഒരു മാധ്യമ പ്രവർത്തകനാണ്. നന്നായി ഗവേണഷണം നടത്തി മാത്രമേ ഓരോ വിഷയവും അവതരിപ്പിക്കാറുള്ളൂ. മൂന്നും നാലും ദിവസം എടുത്താണ് അദ്ദേഹം ഒരു സ്റ്റോറി ചെയ്യാറുള്ളത്. അങ്ങനെ ചെയ്യാൻ അദ്ദേഹത്തിന് ഒരുകൂട്ടം ആളുകളുടെ പിന്തുണ നൽകാൻ കഴിയുന്ന സംവിധാനം വേണം. നല്ല ഗവേഷണം ചെയ്യാനുള്ള ആളുകൾ വേണം. ഗൗരവമായി ഇടപെടുന്ന ഒരു മാധ്യമ പ്രവർത്തകന് എങ്ങനെ ഒരു സ്ഥാപനം ഇല്ലാതെ പ്രവർത്തിക്കാൻ കഴിയും എന്നത് ഞാൻ ആശങ്കയോടെ കാണുന്നു. മറ്റൊരു ടെലിവിഷൻ ചാനൽ ഉണ്ടാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അദ്ദേഹം യുട്യൂബ് പോലുള്ള മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ നമുക്ക് ഏതൊക്കെ രീതിയിൽ പിന്തുണക്കാൻ കഴിയും എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. താങ്കൾ പറഞ്ഞതുപോലെ അദ്ദേഹം മാധ്യമ രംഗത്ത് പ്രധാനവും അതുല്യമായ ഒരു ഇടം ഉണ്ടാക്കിയിരുന്നു. അത് നിലനിൽക്കേണ്ടത് വളരെ ആവശ്യവുമാണ്.
എന്നാൽ എൻ.ഡി.ടി.വിയിൽ പെട്ടെന്ന് ഒരു സംഭവം ഉണ്ടായി, എന്തൊക്കെയോ പെട്ടെന്ന് സംഭവിച്ചു എന്ന തോന്നൽ ശരിയല്ല. 2009 ൽ അമേരിക്കയിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയോട് അനുബന്ധിച്ചാണ് ഇവിടെയും ഷെയർ മാർക്കറ്റിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതും എൻ.ഡി.ടി.വിയിലും അതിന്റെ പ്രതിഫലനങ്ങൾ ഉണ്ടാകുന്നതും. അത് നേരിടാൻ അവർ അന്ന് ലോൺ എടുത്തത് തന്നെ വലിയ പാളിച്ചയായിരുന്നു. അത് കാണാതെ പെട്ടെന്ന് അദാനി വന്നു കയ്യടക്കി എന്ന് പറയുന്നത് ശരിയല്ല. പലിശയില്ലാതെ ഒരു സ്ഥാപനത്തിൽ നിന്നും ലോൺ എടുക്കുന്നതിൽ തന്നെ ചില അപാകതകൾ കാണാൻ കഴിയും. അന്ന് തുടങ്ങിയ പാളിച്ചകൾ ഇന്ന് ഇങ്ങനെ ഒരു ദുരന്തത്തിൽ അവസാനിച്ചു എന്നെയുള്ളൂ.
ഒരു ദശാബ്ദത്തിനേറെ മുമ്പ്, എൻ.ഡി.ടി.വി സ്ഥാപകരായ രാധികയും പ്രണോയ് റോയിയും വി.സി.പിഎല്ലിൽ നിന്ന് 4 ബില്യൺ രൂപ വായ്പയെടുത്തു. പണം തിരിച്ചടയ്ക്കാത്ത പക്ഷം ന്യൂസ് ഗ്രൂപ്പിൽ 29.18 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ കമ്പനിയെ അനുവദിച്ചുകൊണ്ട് ഉള്ളതായിരുന്നു അതിലെ വ്യവസ്ഥകൾ. അത്തരം ഒരു കരാർ ഭാവിയിൽ ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ പ്രണോയ് റോയിയെപ്പോലെയുള്ള ഒരാൾ മനസിലാക്കിയില്ല എന്നത് അത്ഭുതപ്പെടുത്തുന്നതല്ലെ?
എനിക്ക് അദ്ദേഹത്തെ പരിചയമില്ല. എന്താണ് അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചതെന്ന് അറിയില്ല. ഞാൻ ബഹുമാനിക്കുന്ന ഒരു മാധ്യമ പ്രവർത്തകനാണ് അദ്ദേഹം. എനിക്കറിയാവുന്ന പരിമിതമായ സാമ്പത്തിക അറിവ് വച്ച് നോക്കുകയാണെങ്കിൽ ആദ്യം അവർ ലോൺ എടുത്തത് ഇന്ത്യ ബുൾസ് എന്ന കമ്പനിയിൽ നിന്നാണ്. 2009 ൽ എൻ.ഡി.ടി.വിയുടെ സ്റ്റോക് മാർക്കറ്റ് വലിയ ഇടിവ് നേരിട്ടിരുന്നു. ആ തകർച്ച കണ്ട ഇന്ത്യ ബുൾസ് കടം തിരിച്ചു ചോദിച്ചു കാണും. അത് തിരിച്ചടക്കാൻ വേണ്ടി അദ്ദേഹം ഐ.സി.ഐ.സി ബാങ്കിൽ നിന്നും ലോൺ എടുത്തു. അത് വലിയ പലിശയായ 19 ശതമാനത്തിന് ആയിരുന്നു. അപ്പോഴാണ് Vishvapradhan Commercial Pvt Ltd പലിശ രഹിതമായി കടം നൽകുന്നത്. ഇത് തീർത്തും അസാധാരണവും സംശയം ജനിപ്പിക്കുന്നതുമായ നടപടിയാണ്. ഇത് ലോൺ ആയിരുന്നോ അതോ വിൽപ്പന ആയിരുന്നോ എന്ന സംശയം സ്വാഭാവികമായും ഉണ്ടാവുന്നുണ്ട്. ഈ കരാർ സമയത്ത് മാധ്യമരംഗത്ത് അദ്ദേഹം ഏറ്റവും ശോഭിച്ചു നിൽക്കുന്ന സമയം ആയിരുന്നു. അത് അദ്ദേഹത്തിന്റെ ഒരു റിട്ടയേർമെൻറ് പ്ലാൻ ആയിരുന്നോ എന്ന് തോന്നിപ്പോകുന്നു. എന്നാൽ അതിനുവേണ്ട തെളിവൊന്നും നമ്മുടെ കയ്യിൽ ഇല്ല. വേറൊരു കാര്യം, പിന്നീട് പല സമയത്തും എൻ.ഡി.ടി.വിയെ അധികാര സ്ഥാപനങ്ങൾ ഉപദ്രവിക്കുമ്പോൾ ആവശ്യമായ സഹായം മാധ്യമ സമൂഹം നൽകിയിട്ടുണ്ട്. എന്നാൽ മാധ്യമ പ്രവർത്തകർ പൊതു പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമ്പോൾ എൻ.ഡി.ടി.വി യിൽ നിന്നും വേണ്ടത്ര പങ്കാളിത്തം ഉണ്ടാകാറുണ്ടായിരുന്നോ എന്ന് സംശയവുമാണ്. അവർ കാഴ്ചക്കാരായി മാറി നില്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. ഇപ്പോൾ തന്നെ ഇത്രയും മാധ്യമ പിന്തുണ കിട്ടിയിട്ടും പ്രണോയ് റോയ് പുറത്തേക്കു വന്നു കാര്യങ്ങൾ വിശദീകരിച്ചിട്ടില്ല എന്നാണു ഞാൻ മനസ്സിലാക്കുന്നത്. അദ്ദേഹം ചിലപ്പോൾ ഒരു മാധ്യമ പ്രവർത്തകന്റെയും ചിലപ്പോൾ ഒരു സ്ഥാപന ഉടമയുടെയും വേഷം അണിയുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ച് ഞങ്ങൾക്ക് ഒരുപാട് സംശയങ്ങൾ ഉണ്ട്.
എൻ.ഡി.ടി.വി കടം എടുത്ത Vishvapradhan Commercial Pvt Ltd. എന്ന സ്ഥാപനത്തെ തന്നെ വിലക്കെടുത്ത്, കമ്പനിയുടെ ഉടമയായി മാറി കൊണ്ട് അദാനി എന്ന ലോകത്തിലെ നാലാമത്തെ ധനികൻ എൻ.ഡി.ടി.വിയുടെ ഷെയറുകൾ കൈക്കലാക്കുകയും അതിന്റെ അധികാരം പിടിച്ചെടുക്കുകയും ചെയ്യുന്ന ഒരു രീതി മുൻപ് കേട്ടുകേൾവിയില്ലാത്ത ഒന്നല്ലേ?
ഇവിടെ നടന്നത് മുഴുവൻ സംശയാസ്പദമായ കാര്യങ്ങളാണ്. വിശ്വപ്രധാൻ എന്ന സ്ഥാപനത്തിന് ബന്ധമുണ്ടായിരുന്നത് അംബാനിക്കായിരുന്നു. അന്ന് സംഭവിച്ച പലതിനും ഒരു റിലയൻസ് ബന്ധം കാണാൻ കഴിയും. നീരാ റാഡിയയുടെ ടേപ്പിൽ പ്രണോയ് റോയിയെപ്പറ്റിയുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നു. അതിനെപ്പറ്റി കാരവൻ വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതൊക്കെ ചേർത്തു വായിക്കുമ്പോൾ തങ്ങളോട് ആരും കൂടിയാലോചിച്ചില്ല എന്ന് എൻ.ഡി.ടി.വി പറയുന്നതിൽ അതിശയോക്തി ഉള്ളതായി തോന്നുന്നു. എല്ലാം നേരത്തെ ഉണ്ടാക്കിയ ഒരു തിരക്കഥ അനുസരിച്ച് നടക്കുന്നതായാണ് തോന്നുന്നത്.
കോർപ്പറേറ്റുകൾ മാധ്യമ സ്ഥാപനങ്ങളുടെ ഷെയറുകൾ കൈക്കലാക്കുകയും അതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നത് ആദ്യ സംഭവമല്ല. എന്നാൽ കടം വാങ്ങിയ സ്ഥാപനത്തെ സ്വന്തമാക്കാൻ വേണ്ടി അവർക്ക് വായ്പ നൽകിയ സ്ഥാപനത്തെ വിലക്കെടുത്തു കൊണ്ട് അതിന്റെ നിയന്ത്രണം കൈക്കലാക്കുന്ന രീതി മുൻപ് സംഭവിക്കാത്ത ഒന്നല്ലേ? പ്രത്യേകിച്ച് രവീഷ് കുമാറിന്റെ മാധ്യമ ഇടപെടലുകൾ മോദി ഭരണകൂടത്തിന് ഒരു വലിയ ഭീഷണിയായി നിലനിൽക്കുമ്പോൾ അദാനി നടത്തിയത് സമാനതകളില്ലാത്ത ഒരു ഇടപെടൽ ആണെന്ന് തോന്നുന്നുണ്ടോ?
അങ്ങനെയല്ല. ടിവി 18 ന്റെ കാര്യത്തിലും സമാനമായ കാര്യങ്ങളാണ് സംഭവിച്ചത്. അതിന്റെ കൂടുതൽ വിവരങ്ങൾ അറിയില്ല. എങ്കിലും സമാനതകൾ ഏറെയുണ്ട്. പണ്ട് സിനിമ രംഗത്ത് പ്രതിസന്ധിയുണ്ടായപ്പോൾ നല്ല രീതിയിൽ നടന്നിരുന്ന പല തിയേറ്ററുകളും ഒരു ബാങ്കിങ് ഗ്രൂപ്പിന്റെ കീഴിലായതിന് സമാനമായ അവസ്ഥയാണ്. ഇത് പണ്ടേ ഉണ്ടായിരുന്ന രീതിയാണ്. പ്രശ്നം ഉണ്ടാവുമ്പോൾ ഒരാളെ സഹായിക്കുക, എന്നിട്ട് അയാളുടെ സ്വത്തു കൈക്കലാക്കുക എന്ന രീതി. ഞാൻ ഇതിനെ ലഘൂകരിക്കുകയല്ല. പക്ഷെ ഇതൊരു പുതിയ സംഭവം അല്ലെന്നു പറയുകയായിരുന്നു. പക്ഷെ നമ്മൾ അന്വേഷിക്കേണ്ടത് ഈ പ്രശ്നത്തിലേക്ക് ബോധപൂർവ്വം പോയതാണോ എന്നാണ്. അങ്ങനെയെങ്കിൽ നമ്മൾ മോദിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. 2002 ൽ ഗുജറാത്ത് കലാപം നടന്നപ്പോൾ ഏറ്റവും ശക്തമായി റിപ്പോർട്ട് ചെയ്തത് എൻ.ഡി.ടി.വി ആയിരുന്നു. സ്വാഭാവികമായും നരേന്ദ്ര മോദിക്ക് എൻ.ഡി.ടി.വി യോട് നല്ല ബന്ധം ആയിരിക്കുകയില്ല. പക്ഷെ അദ്ദേഹം ഒരു ഗൂഢാലോചനയിൽ പങ്കാളിയായി എന്ന് പറയാൻ കഴിയില്ല. അതിന്റെ ആവശ്യം അവിടെ ഇല്ല. എൻ.ഡി.ടി.വി തന്നെ സ്വയം കീഴടങ്ങാൻ തയ്യാറയി നിൽക്കുകയായിരുന്നു. രണ്ടു ദിവസം മുൻപ് അദാനി ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്, സർക്കാരിനെ എതിർക്കുമ്പോൾ തന്നെ ചെയ്യുന്ന നല്ല കാര്യങ്ങളും ഒരു മാധ്യമം റിപ്പോർട്ട് ചെയ്യണം എന്ന്. ഇതൊക്കെ നോക്കുമ്പോൾ ഗൂഢാലോചനയ്ക്കു പകരം തയ്യാറാക്കിയ തിരക്കഥയായിട്ടാണ് തോന്നുന്നത്.
പിന്നെ എൻ.ഡി.ടി.വി മാത്രമല്ല, ഏതെങ്കിലും ഒരു മാധ്യമ സ്ഥാപനം ബി.ജെ.പിയെ പോലുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് വലിയ ഭീഷണി ഉയർത്തുന്നു എന്ന് പറയുന്നത് ശരിയല്ല. അങ്ങനെ ഒരു സ്ഥാപനം ഭീഷണി ആകേണ്ട കാര്യവുമില്ല. പൗരന്മാരെ കാര്യങ്ങൾ അറിയിക്കുക എന്നത് മാത്രമാണ് മാധ്യമത്തിന് ചെയ്യാനുള്ളത്. ഭരണകൂടം മാധ്യമത്തെ ഭയപ്പെടുന്നു എന്നത് ഒരു നല്ല കാര്യവുമല്ല. മാധ്യമ സ്ഥാപനം അധികാര കേന്ദ്രമായി മാറാനും ഭയം സൃഷ്ടിക്കാനും പാടില്ല. അതല്ല അതിന്റെ ധർമ്മം.
അങ്ങനെയാണെങ്കിലും രവീഷ്‌കുമാർ അവതരിപ്പിക്കുന്ന പരിപാടികൾ ഒരുപാട് സാധാരണ മനുഷ്യരെ സ്വാധീനിക്കുന്നുണ്ടായിരുന്നു എന്നത് വസ്തുതയല്ലേ? പൗരത്വ നിയമത്തിനെതിരെ നടന്ന സമര സമയത്താണെങ്കിലും കർഷക സമര സമയത്താണെങ്കിലും രവീഷ്‌കുമാറിനെ കേൾക്കാൻ ഒരു വലിയ വിഭാഗം ജനങ്ങൾ ഉണ്ടായിരുന്നു. രവീഷ്‌കുമാറിന്റെ ധീരമായ ഇടപെടലുകൾ സർക്കാരിനെ അലോസരപ്പെടുത്തിയിട്ടുണ്ടാവില്ലേ? അതും കൂടുതൽ ആളുകൾ കേൾക്കുന്ന ഹിന്ദി ഭാഷയിലൂടെ അവതരിപ്പിക്കുമ്പോൾ അതിന്റെ സ്വാധീനം വലുതായിരിക്കുമല്ലോ? മാത്രവുമല്ല എൻ.ഡി.ടി.വി അതിനുള്ള സ്വാതന്ത്ര്യം നൽകിയിരുന്നു എന്ന് രവീഷ് കുമാർ തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ പറയുന്നുമുണ്ട്. അതിന് പ്രണോയ് റോയ് തടസം നിന്നില്ല എന്നല്ലേ മനസ്സിലാക്കേണ്ടത്?
പ്രണോയ് റോയ് ഒരു നല്ല മാധ്യമ പ്രവർത്തകൻ തന്നെയാണ്. അദ്ദേഹം ഒരു സംരംഭകൻ മാത്രമായിരുന്നില്ല. എൻ.ഡി.ടി.വി ഇന്ത്യൻ മാധ്യമ രംഗത്തിന് നൽകിയ സംഭാവനകളെ ഒരിക്കലും കുറച്ചു കാണാൻ കഴിയില്ല. കൂടാതെ രവീഷ് കുമാർ സ്വന്തം നിലയിൽ ഉണ്ടാക്കിയെടുത്ത വിശ്വാസ്യതയേയും കാണാതിരുന്നു കൂടാ. അദ്ദേഹം ഇന്ത്യയിലെ വളരെ പ്രമുഖനായ മാധ്യമപ്രവത്തകൻ തന്നെയാണ്. അദ്ദേഹം ഒരു പൊതു പ്രവർത്തകൻ കൂടി ആയിരുന്നു. നല്ല ആത്മാർത്ഥതയുള്ള, നന്നായി സംസാരിക്കാൻ കഴിയുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. മറ്റു പലരും അദ്ദേഹത്തെപ്പോലെ ചെയ്യുന്നില്ല. എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അത്രയും ശക്തമായി ഇടപപെടാൻ പലർക്കും കഴിയുന്നില്ല എന്നത് ഒരു വസ്തുതതയാണ്. അദ്ദേഹം സച്ചിൻ കളിക്കുന്നത് പോലെ ഒന്നിനെപറ്റിയും വേവലാതിയില്ലാതെയാണ് ജോലി ചെയ്യുന്നത്. അദ്ദേഹം ഒരു പൂർണ്ണ മാധ്യമപ്രവർത്തകനായിട്ടാണ് നിൽക്കുന്നത്.
താങ്കൾ പറയുന്ന ഒരു കാര്യത്തോട് എനിക്ക് യോജിപ്പില്ല. ഏതെങ്കിലും ഭാഷയിലുള്ള മാധ്യമപ്രവർത്തനം ഭരണകൂടത്തിന് ഒരു ഭീഷണിയാണെന്നുള്ളതിന് ഇന്ത്യയിൽ നമുക്ക് തെളിവുകൾ ഒന്നും ഇല്ല. ബോഫോഴ്സ് കേസ് വാർത്തകൾ ഏറ്റവും കൂടുതൽ വന്നത് ഇംഗ്ലീഷ് പത്രങ്ങളിൽ ആയിരുന്നു. എന്നാൽ രാജീവ് ഗാന്ധിക്ക് കൂടുതൽ തിരിച്ചടിയുണ്ടായത് വടക്കേ ഇന്ത്യയിൽ നിന്നും. അടിയന്തിരാവസ്ഥ സമയത്തും ഈ വൈരുധ്യം കാണാം. കർഷക സമരത്തിൽ രവീഷ് കുമാർ നന്നായി ഇടപെട്ടു എന്നത് ശരിയാണ്. എന്നാൽ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ അത് സ്വാധീനിച്ചില്ല എന്ന് കാണാൻ കഴിയും. ഇത് മാധ്യമ പ്രവർത്തനത്തിന്റെ പരിമിതിയായി കാണേണ്ട കാര്യമില്ല. പല ഘടകങ്ങൾ ചേർന്നാണ് ഒരു സമൂഹത്തെ സ്വാധീനിക്കുന്നത്.
എൻ.ഡി.ടി.വി മാധ്യമ പ്രവർത്തകർ തന്നെ തുടങ്ങിയ ഒരു സ്ഥാപനം ആണല്ലോ. ആ രീതിയിൽ ഏറെക്കുറെ നന്നായി പ്രവർത്തിക്കാനും അവർക്കു കഴിഞ്ഞു. ഇന്ത്യയിൽ സ്വതന്ത്ര മാധ്യമ പ്രവർത്തതിന് ഇനി ഒരു സാധ്യതയുമില്ല എന്ന് കൂടിയാണോ അദാനിയുടെ ഈ കടന്നുവരവ് നൽകുന്ന സന്ദേശം?
അദാനിയും അംബാനിയും വരുന്നതിന് മുൻപും മാധ്യമങ്ങൾ വലിയ ബിസ്സിനസുകാരുടെ കൈയിൽ താന്നെയായിരുന്നു. കേരളത്തിലെ മിക്ക പത്രങ്ങളും അങ്ങനെയായിരിന്നു. ചിലത് വലിയ കുടുംബ സ്വത്തുക്കളായിരുന്നു. ഇതിനെ കളിയാക്കിയാണ് നെഹ്‌റു ‘ജൂട് പ്രസ്’ (jute press) എന്ന് വിളിച്ചത്. ചണ കച്ചവടക്കാരുടേത് എന്ന അർത്ഥത്തിലും, ‘ജൂട്’ എന്നാൽ ഹിന്ദിയിൽ കള്ളം പറയുന്നവർ എന്ന അർത്ഥത്തിലുമാണ് നെഹ്‌റു കളിയാക്കിയത്. സത്യത്തിൽ സ്വതന്ത്ര മാധ്യമ പ്രവർത്തനം എന്നാൽ എന്താണെന്ന് എനിക്ക് അറിയില്ല. എല്ലാ പാർട്ടികൾക്കും തുല്യ പരിഗണന നൽകലാണോ? എന്തായാലും ഞാൻ ഒരു സ്വതന്ത്ര മാധ്യമത്തിലും ജോലി ചെയ്തിട്ടില്ല. പിന്നെ പറയാവുന്നത് സത്യം പറയുന്നു എന്നതാണ്. എന്താണ് സത്യം എന്നതും ആപേക്ഷികമാണ്. ഞാൻ പറയുന്ന സത്യം മോദിയോ പിണറായി വിജയനോ അംഗീകരിക്കണം എന്നില്ല. അതുകൊണ്ട്, അദാനി വന്നതുകൊണ്ട് മാധ്യമ രംഗം അപ്പാടെ തകരുന്നു എന്ന തോന്നൽ എനിക്കില്ല. എന്നാൽ എൻ.ഡി.ടി.വിക്ക് അതിന്റെ വിശ്വാസ്യത നഷ്ടപ്പെടുകയാണെങ്കിൽ അത് ആശയങ്കയുണ്ടാക്കുന്നതാണ്.
എന്നാൽ അധികാര സ്ഥാപനങ്ങൾക്ക് വിധേയരാകാത്ത, ഭരണകൂടത്തെ ചോദ്യം ചെയ്യുന്ന മാധ്യമ പ്രവർത്തകരും മാധ്യമങ്ങളും നേരത്തെ കൂടുതൽ ഉണ്ടായിരുന്നു എന്നത് യാഥാർഥ്യമല്ലേ? അടിയന്തിരാവസ്ഥ കാലത്തെ മാറ്റി നിർത്തിയാൽ അധികാരത്തോട് മാധ്യമങ്ങൾ ഇത്രയും ചേർന്നു നിൽക്കുന്ന മറ്റൊരു കാലം ഇന്ത്യയിൽ ഉണ്ടായിരുന്നോ?
കേരളത്തിൽ എത്ര മാധ്യമങ്ങൾ അധികാരത്തെ ചോദ്യം ചെയ്യുന്നുണ്ട്? വിഴിഞ്ഞം സമരത്തിൽ എത്ര മാധ്യമങ്ങൾ ജനങ്ങളുടെ പക്ഷത്തുണ്ട്? വേണ്ട ചോദ്യങ്ങൾ അവർ ചോദിക്കുന്നുണ്ടോ? ഏതു കാലത്താണ് മാധ്യമങ്ങൾ വ്യവസ്ഥയ്ക്ക് എതിര് നിന്നിട്ടുള്ളത് ? ആത്യന്തികമായി മാധ്യങ്ങൾ അധികാരത്തെ പിന്തുണയ്ക്കുക തന്നെയാണ് ചെയ്തുകൊണ്ടിരുന്നത്. ഒരു കാലത്ത് ഇന്ത്യൻ എക്സ്പ്രസ്സ് അധികാരത്തെ ചോദ്യം ചെയ്തിട്ടുണ്ട്. മറ്റു മിക്ക പത്രങ്ങളും ചില വിഷയങ്ങളിൽ രാഷ്ട്രീയ പാർട്ടികളെ എതിർത്തിട്ടുണ്ടാവും, അല്ലാത്തെ അധികാരത്തെ അല്ല.
പക്ഷെ മോദി അധികാരത്തിൽ വന്ന ശേഷം ജുഡീഷ്യറിയും മാധ്യമങ്ങളും സ്വതന്ത്രമായി പ്രവർത്തിക്കാൻ ഭയപ്പെടുന്ന ഒരു അവസ്ഥ ഉണ്ടായിട്ടില്ലേ?
അത് വളരെ ശരിയാണ്. അതാണ് യാഥാർഥ്യം. ഈ ഭയമാണ് പുതിയ കാര്യം. പലതും ചോദ്യം ചെയ്യാൻ മാധ്യമങ്ങൾ ഭയക്കുന്നു. മാധ്യമപ്രവത്തകർക്ക് മാത്രമല്ല. വിദ്യാർത്ഥികൾക്കും, പൊതു പ്രവർത്തകർക്കും ഈ ഭയം ഉണ്ട്. എത്രയോ മാധ്യമ പ്രവർത്തകർ, പൊതുപ്രവർത്തകർ, ഉമർ ഖാലിദിനെ പോലുള്ള വിദ്യാർത്ഥികൾ കാരാഗൃഹത്തിൽ കഴിയുന്നു. ഇതിനെപ്പറ്റിയൊക്കെ മാധ്യമങ്ങൾ എന്താണ് ചെയ്തത് ? കേരളത്തിൽ അലനെയും താഹയെയും വീണ്ടും ജയിലിൽ ഇടാൻ നോക്കുമ്പോൾ മാധ്യമങ്ങൾ എന്താണ് ചെയ്യുന്നത്? അപ്പോൾ എവിടെയാണ് സ്വതന്ത്ര മാധ്യമ പ്രവർത്തനം ഉള്ളത് ? സ്റ്റാൻ സ്വാമി ജയിലിൽ കിടന്നു മരിച്ചില്ലേ? രണ്ടു ദിവസം സ്റ്റോറി ചെയ്തിട്ടുണ്ടായിരിക്കും. അത്രയല്ലേ ഉള്ളൂ. ഭയം ചെറുപ്പക്കാർക്കടക്കം ബാധിച്ചു കഴിഞ്ഞു. എന്നാൽ പലരും അതിനെ മറികടന്നു പ്രവർത്തിക്കുന്നു എന്നതും ഒരു യാഥാർത്ഥ്യമാണ്.
ഈ ഭയം നിറഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ, മാധ്യമ പ്രവർത്തന രംഗത്തേക്ക് കടന്നുവരുന്ന പുതിയ തലമുറയെ അത് എങ്ങനെയായിരിക്കും ബാധിക്കുക? അവർക്കു നിർഭയം പ്രവർത്തിക്കാൻ കഴിയുന്ന ഒരു സാഹചര്യം അല്ലല്ലോ ഇപ്പോൾ ഉള്ളത് ?
മാധ്യമ പ്രവർത്തനം വെറും ഒരു പ്രൊഫഷൻ ആയി എടുക്കുകയാണെങ്കിൽ അവരെ അത് ബാധിക്കും. എന്നാൽ ഇത് ഒരു പൊതു സേവന മേഖല കൂടി അല്ലെ? നേരത്തെ എന്തുവേണമെങ്കിലും എഴുതാം എന്ന സാഹചര്യം ആയിരുന്നു. ഇപ്പോൾ അതില്ല. മോദിക്ക് മുൻപ് മൻമോഹൻ സിംഗിനെക്കുറിച്ചൊക്കെ എന്തൊക്കെ എഴുതി? 2000 -2014 കാലത്ത് നമ്മുടെ മാധ്യമ പ്രവത്തനം വളരെ താഴ്ന്ന നിലവാരത്തിൽ ആയിരുന്നു. ഉത്തരവാദിത്തമില്ലാതെ പലതും റിപ്പോർട്ട് ചെയ്ത കാലം കൂടിയായിരുന്നു അത്. ഇപ്പോൾ അങ്ങനെ പറ്റില്ല. മാധ്യമ സ്വാതന്ത്ര്യം കുറെ ദുരുപയോഗം ചെയ്തിട്ടുമുണ്ട്. ഇപ്പോൾ സൂക്ഷമതയോടെ മാത്രമേ എന്തെങ്കിലും പറയാൻ പറ്റൂ. സത്യത്തിൽ ഇപ്പോഴും അങ്ങനെ ചെയ്താൽ ഭയക്കേണ്ട സാഹചര്യം ഇല്ല. ഭയം ചിലപ്പോൾ നല്ല ഫലവും ഉണ്ടാക്കും. അമേരിക്കയിൽ അത് മാധ്യമ പ്രവർത്തനത്തിന്റെ ഗുണം വർധിപ്പിക്കുകയാണ് ചെയ്തത്. നമുക്കും അത് സാധ്യമാക്കാവുന്നതേ ഉള്ളൂ. അത് നടക്കും എന്നാണു എന്റെ പ്രതീക്ഷ.
സാങ്കേതികവിദ്യ ഒരുപാട് മാറിയ ഒരുകാലത്ത് സൂക്ഷ്മമായും തെറ്റുകൾ കുറച്ചും പ്രവർത്തിക്കാൻ മാധ്യമ പ്രവർത്തകർക്ക് കഴിയേണ്ട? വേണ്ടത്ര ഡാറ്റ ശേഖരിക്കാനും അത് വിശകലനം ചെയ്യാനും, പല മേഖലകളെ കുറിച്ച് അന്വേഷിക്കാനും കൃത്യതയോടെ വിവരങ്ങൾ ശേഖരിക്കാനും ഈ കാലത്തു കഴിയേണ്ടതല്ലേ? താങ്കൾ പറഞ്ഞ നിലവാര തകർച്ച എന്തുകൊണ്ടായിരിക്കും സംഭവിക്കുന്നത്?
ഡാറ്റ സുലഭമായി ലഭിക്കുന്നു എന്നതിനോട് യോജിപ്പില്ല. 2010 വരെ ഇന്ത്യയിൽ ലഭിക്കുന്ന ഡാറ്റ പൊതുവെ വിശ്വാസയോഗ്യമായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. ഡാറ്റ ലഭ്യമല്ല എന്നതാണ് യാഥാർത്ഥ്യം. എൻ.ഡി.ടി.വിക്കു പണം നൽകിയ Vishvapradhan Commercial Pvt Ltd ന്റെ ഉടമസ്ഥൻ ആരായിരുന്നു എന്ന് ഇപ്പോഴും നമുക്കറിയില്ല. പതിമൂന്ന് വർഷമായി പലരും അത് അന്വേഷിക്കുന്നുണ്ട്. വിവരാവകാശ നിയമം ഉണ്ടായിട്ടും ഇന്ത്യയിൽ ശരിയായ വിവരങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടാണ്. 2014 ന് ശേഷം ഡാറ്റയുടെ ഗുണനിലവാരം വളരെ കുറഞ്ഞു. തൊഴിലില്ലായ്മയെ കുറിച്ച് ശരിയായ വിവരങ്ങൾ നമുക്ക് ലഭ്യമാണോ ? ഗുജറാത്തിൽ ഒരുപാട് നിക്ഷേപങ്ങൾ വന്നിട്ടുണ്ട് എന്ന് തെളിയിക്കാൻ എന്ത് ഡാറ്റയാണ് ഉള്ളതാണ്?
രവീഷ് കുമാർ തന്റെ വിടവാങ്ങൽ പ്രസംഗത്തിന്റെ ഒടുക്കം പറയുന്നത് നമുക്ക് യുട്യൂബിൽ കാണാം എന്നാണ്. മുൻപും ഇത്തരം സ്ഥാപനങ്ങളിൽ നിന്നും പുറത്തുപോയവർ സ്വന്തമായി ഇത്തരം പ്ലാറ്റുഫോമുകൾ, പുതിയ ഓൺലൈൻ സംരംഭങ്ങൾ ഒക്കെ തുടങ്ങുകയാണ് ചെയ്തിട്ടുള്ളത്? ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ദിനംപ്രതി ഉണ്ടായിവരുമ്പോൾ എന്തുമാത്രം ഫലവത്തായി അതിന് പ്രവർത്തിക്കാൻ കഴിയും ?
ഇത് ഏറെ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ള ഒരു മേഖലയാണ്. രാഹുൽ ഗാന്ധി അടക്കം ചിലർ പറയുന്നത് അവർക്ക് മുഖ്യധാരാ മാധ്യമങ്ങൾ വേണ്ടത്ര പരിഗണ നൽകുന്നില്ല എന്നാണ്. നരേന്ദ്ര മോദിക്ക് അറിവില്ലായ്മകൊണ്ടോ, തെറ്റിദ്ധരിപ്പിക്കപ്പെട്ടതുകൊണ്ടോ ഒരു വോട്ടെങ്കിലും ലഭിച്ചതായി കരുതാൻ കഴിയുമോ? 2014 ൽ വേണമെങ്കിൽ അങ്ങനെ സംഭവിച്ചതായി പറയാം. 2019 ൽ അങ്ങനെയാണോ? മോദിക്ക് വേണ്ടി വോട്ട് ചെയ്തവരെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ഭരണം ‘കാര്യക്ഷമമാണ്’. എന്നാൽ ന്യൂനപക്ഷങ്ങളെ ആശങ്കാകുലരാക്കുന്ന ഇത്രയും വിദ്വേഷമുള്ള സമയം ഇതിന് മുൻപ് ഉണ്ടായിട്ടുണ്ടോ?മോദിക്ക് വോട്ടു ചെയ്തവർ വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് വോട്ട് ചെയ്തത്. എന്നാൽ ആ ബോധ്യമില്ലാത്ത വലിയൊരു വിഭാഗമുണ്ട് . അവർക്കു കാര്യങ്ങൾ എത്തിച്ചുകൊടുക്കുകയാണ് മാധ്യമങ്ങൾ ചെയ്യേണ്ടത്. അതിനപ്പുറം ഒരു ദേശത്തെ ജനങ്ങളുടെ ഗുണനിലവാരമാണ് പ്രധാനം. അതില്ലാതെ ഒരു മാധ്യമത്തിനും ഒന്നും ചെയ്യാൻ പറ്റില്ല.
പക്ഷെ മാധ്യങ്ങൾ ഉപയോഗിച്ച് പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകളും വർഗീയ വിദ്വേഷവും സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നില്ലേ ?
അത് നടക്കുന്നുണ്ട്. പക്ഷെ അത് വിജയിക്കുന്നത് ജനങ്ങൾ അതൊക്കെ വിശ്വസിക്കാൻ തയ്യാറായതുകൊണ്ടാണ്. എന്ത് പറഞ്ഞാലും വിശ്വസിക്കാൻ ചെറുപ്പക്കാർ വരെ തയ്യാറായി നിൽക്കുകയാണ്. പല അബദ്ധങ്ങളും പറയുന്ന ചില മലയാള വെസ്ബ്‌സൈറ്റുകൾക്കൊക്കെ കിട്ടുന്ന സ്വീകാര്യത എത്ര വലുതാണെന്ന് നോക്കൂ. എന്നാൽ ഗുണപരമായ പല ഉള്ളടക്കങ്ങൾക്കും കിട്ടുന്നത് അതിന്റെ തുലോം തുച്ഛമാണ്.
ഈ വിദ്വേഷ പ്രചാരണങ്ങൾ സാമൂഹ്യ മാധ്യങ്ങൾ കൂടാതെ മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുക്കുമ്പോൾ, അവർ അതുപോലെ ജനങ്ങൾ അറിയേണ്ട കാര്യങ്ങൾ മനപൂർവ്വം നൽകാതിരിക്കുമ്പോൾ informed citizen ആകാനുള്ള സാധ്യത ഒരാൾക്ക് നഷ്ടമാവുന്നില്ലേ?
അത് ശരിയായിരിക്കാം. പക്ഷെ മാധ്യങ്ങൾ നൽകുന്നത് ജനങ്ങൾ ആവശ്യപ്പെടുന്നത് കൂടിയല്ലേ എന്നു ഒരു സംശയം കൂടിയുണ്ട്. അല്ലെങ്കിൽ എങ്ങനെയാണ് റിപ്പബ്ലിക്ക് ടി.വി പോലുള്ള സ്ഥാപങ്ങൾ നിലനിൽക്കുന്നത്? കാഴ്ചക്കാർ പറയും ടെലിവിഷൻ തരുന്നതാണ് ഞങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത് എന്ന്. മാധ്യങ്ങൾ പറയും ജനങ്ങൾക്കു വേണ്ടത് തങ്ങൾ നൽകുന്നു എന്നും. ഇപ്പോഴത്തെ ഉള്ളടക്കത്തിന്റെ ആവശ്യക്കാർ ഇല്ലാതായാൽ മാധ്യമരംഗം മാറും എന്നാണു ഞാൻ കരുതുന്നത്.
മാധ്യമങ്ങൾക്ക് മാത്രം ഒന്നും സംഭവിച്ചില്ല എന്നും ജനങ്ങളാണ് മാറേണ്ടത് എന്നുമാണോ ?
ജനങ്ങൾ തന്നെയാണ് പ്രശനം. അതിന്റെ ഭാഗമായി മാധ്യമങ്ങൾക്കും പ്രശ്നങ്ങൾ ഉണ്ട്. ഗുണനിലവാരം ആണ് പ്രശ്നം. കേരളത്തിലെ വിദ്യാഭ്യാസം എന്തുമാത്രം ഗുണനിലവാര തകർച്ചയാണ് നേരിടുന്നത് എന്ന് നോക്കൂ. കാലഹരണപ്പെട്ട സിലബസല്ലേ അവിടെയുള്ളത്. ഉന്നത വിദ്യാഭ്യാസത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. ഏതെങ്കിലും മാധ്യമത്തിന് ഇത് പറയാൻ ധൈര്യമുണ്ടോ? പ്രബുദ്ധ കേരളം എന്ന് പറയുകയല്ലാതെ നമ്മൾ പലപ്പോഴും വേണ്ട ചോദ്യങ്ങൾ ചോദിക്കാറില്ല.
മാധ്യമങ്ങളുടെയും മറ്റു സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും പരിതാപകരമായ ഈ അവസ്ഥയ്ക്ക് ഫിനാൻസ് കാപ്പിറ്റലിന്റെ സ്വാധീനം ഒരു വലിയ കാരണം അല്ലെ ?
വളരെ പ്രധാനപ്പെട്ട കാര്യം ആണത്. സ്വതന്ത്രം എന്ന വാക്ക് ഞാൻ ഉപയോഗിക്കുന്നില്ല. വിവേചനാധികാരമുള്ള (discretionary freedom) മാധ്യമം എന്നു വിളിക്കാനാണ് എനിക്ക് താത്പര്യം. അത് ഉണ്ടാകാൻ സാമ്പത്തിക സ്വാതന്ത്ര്യം വളരെ ആവശ്യമാണ്. എന്നാൽ ആ സ്വാതന്ത്ര്യം പരസ്യക്കാർക്ക് മാധ്യമങ്ങൾ അടിയറവച്ചു. എന്നിട്ടു വില കുറച്ചു പത്രങ്ങൾ വിൽക്കാൻ തുടങ്ങി. ഏഴു രൂപയ്ക്കു ഒരു ചായ പോലും കുടിക്കാൻ പറ്റുകയില്ല. എന്നാൽ ഒരു ബിയർ കുടിക്കാൻ വൻ തുക മുടക്കുന്ന ആളുകൾക്ക് പത്രം വാങ്ങാൻ പണം മുടക്കാൻ മടിയാണ്. ഈ സാഹചര്യത്തിൽ സർക്കാരിന്റെയും മറ്റ് കമ്പനികളുടെയും പരസ്യങ്ങളെ ആശ്രയിച്ച് മാധ്യമങ്ങൾ നിലനിൽക്കാൻ തുടങ്ങി. സർക്കാരിന്റെ പൈസ വാങ്ങിയിട്ട് എങ്ങനെ മാധ്യങ്ങൾ സർക്കാരിനെ വിമർശിക്കും?
2024 ൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണ്ണായകമായിരിക്കുമല്ലോ. മാധ്യമങ്ങൾ വഹിക്കാൻ പോകുന്ന പങ്ക് എന്തായിരിക്കും?
മാധ്യമങ്ങൾക്ക് എന്തെങ്കിലും പ്രത്യേകിച്ച് ചെയ്യാൻ ഉണ്ടെന്നു തോന്നുന്നില്ല. അല്ലെങ്കിൽ വാട്ടർ ഗേറ്റുപോലെ അസാധാരണമായി എന്തെങ്കിലും സംഭവിക്കണം. എന്നാലും പ്രതീക്ഷിക്കാൻ വയ്യ. അതുപോലെ ഒന്നായിരുന്നല്ലോ പെഗാസസ്. മുഖ്യധാരാ മാധ്യമങ്ങൾ വരെ അത് വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു. എന്നിട്ടും ഇവിടെ സർക്കാരിന് ഒന്നും സംഭവിച്ചില്ലല്ലോ. പൊതുജനത്തിന്റെയും പ്രതിപക്ഷത്തിന്റെയും കഴിവുകേട് ആണ് അത് സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ് ജനങ്ങളുടെ ഗുണനിലവാരം (quality of people) അതീവ നിർണ്ണായകമാണ് എന്ന് ഞാൻ പറഞ്ഞത്. അല്ലാതെ മാധ്യമങ്ങളെ കുറ്റം പറയാൻ പറ്റില്ലല്ലോ.