മോ​ദിയോടും ​ഗോദി മീഡിയയോടും കലഹിച്ച രവീഷിന്റെ ന്യൂസ് റൂം

“തീർത്തും ഒറ്റപ്പെട്ടിരിക്കുമ്പോൾ നിങ്ങൾ ആരുടെ ശബ്ദമാണ് കേൾക്കുക?” തന്റെ മാധ്യമ സ്ഥാപനത്തിലെ ഒരു ഇരുണ്ടമുറിയിൽ മൊബൈൽ ഫോൺ വെളിച്ചത്തിൽ നടന്നുകൊണ്ട് രവീഷ് കുമാർ ചോദിക്കുന്നു. ഗൗതം അദാനി ഏറ്റെടുക്കുന്നതുവരെ എൻ.ഡി.ടി.വി സീനിയർ എക്സിക്യൂട്ടീവ് എഡിറ്റർ ആയിരുന്ന രവീഷ്കുമാറിന്റെ ഈ ചോദ്യത്തോടെയാണ് While We Watched (നമ്മൾ കാഴ്ചക്കാർ മാത്രമായപ്പോൾ, 2022) എന്ന ഡോക്യുമെന്ററി ആരംഭിക്കുന്നത്. ഒരുവശത്ത് ഒരു വലിയനിര ആരാധകർ പിന്തുണക്കാനുള്ളപ്പോഴും ആരെങ്കിലും തന്റെ പരിപാടികൾ കാണുന്നുണ്ടോ എന്ന് ആകുലപ്പെടുകയും, എന്നാൽ സത്യം തുറന്നുകാട്ടേണ്ടതിന്റെ ആവശ്യകതയാൽ ഉള്ളുപിടഞ്ഞ് ആത്മസമർപ്പണം നടത്തുകയും ചെയ്യുന്ന രവീഷ് കുമാർ എന്ന അപൂർവ മാധ്യമ പ്രവർത്തകനെ നമുക്ക് ഈ ഡോക്യുമെന്ററിയിൽ ഉടനീളം കാണാം. 2022-ലെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഈ ചിത്രം ലോകമെമ്പാടും പ്രദർശിപ്പിക്കുകയും ആംപ്ലിഫൈ വോയ്‌സസ് അവാർഡ് നേടുകയും ചെയ്തിരുന്നു. 27-ാമത് ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ഏഷ്യൻ പ്രീമിയറിൽ, സിനിഫൈൽ അവാർഡ് നേടിയ ഈ ചിത്രം ഇപ്പോൾ ലോകമെമ്പാടുമുള്ള കാഴ്ച്ചക്കാരെ ആകർഷിച്ചുകൊണ്ടിരിക്കുകയാണ്. Bureaucracy Sonata (2011), An Insignificant Man (2016), തുടങ്ങിയ ഡോക്യുമുമെന്ററികൾ സംവിധാനം ചെയ്ത വിനയ് ശുക്ലയാണ് ഇതിന്റെ സംവിധായകൻ.

ഏകാധിപത്യത്തിന്റെയും ഹിംസയുടെയും ഇരുണ്ട ഇന്ത്യൻ വർത്തമാന കാലത്ത്, ഹിന്ദു ദേശീയവാദികൾ തീർക്കുന്ന ഭയവിഹ്വലതകളിൽ ‌സ്വയം എരിഞ്ഞണയാൻ വിസമ്മതിക്കുന്നത്തിലൂടെ ഒരു ജനതയ്ക്ക് പ്രത്യാശയേകുന്ന, രവീഷ്‌കുമാറിന്റെ മാധ്യമ പ്രവർത്തനകാലത്തെ അടയാളപ്പെടുത്തുന്നു ഈ ചിത്രം. പൂനെ പോലീസ് ‘അർബൻ നക്സൽ’ എന്ന് മുദ്രകുത്തി മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റുചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രൈം ടൈം വാർത്ത അവതരണമാണ് തുടക്കത്തിൽ കാണുന്നത്. എങ്ങനെയാണ് സ്വതന്ത്ര ചിന്തകരെ ദേശവിരുദ്ധരാക്കി മോദി സർക്കാർ തുറുങ്കിലടയ്ക്കുന്നത് എന്ന് വിശദീകരിക്കുന്ന രവിഷ്‌കുമാറിന്റെ ഷോ നടക്കുന്ന എൻ.ഡി.ടി.വിയുടെ സ്റ്റുഡിയോ ദൃശ്യങ്ങളിലൂടെ ഡോക്യുമെന്ററി പുരോ​ഗമിക്കുന്നു.

രവീഷ് കുമാറും സംവിധായകൻ വിനയ് ശുക്ലയും. കടപ്പാട് : www.instagram.com

സംവിധായകൻ വിനയ് ശുക്ലയും സഹപ്രവർത്തകരും ഏതാണ്ട് അഞ്ച് വർഷം ചെലവഴിച്ചാണ് ഈ ചിത്രം പൂർത്തിയാക്കിയത്. ഇടയ്ക്ക് കോവിഡ് കാലം ചിത്രീകരണത്തെ തടസ്സപ്പെടുത്തുന്നുണ്ട്. കൂടുതൽ ദൃശ്യങ്ങൾ എൻ.ഡി.ടി.വിയുടെ ന്യൂസ്‌ റൂമിൽ ആയിരിക്കുമ്പോഴും രവീഷ്‌കുമാറിന്റെ പൊതുജീവിതവും യാത്രകളും കുടുംബ ജീവിതവും ഒക്കെ വളരെ സമർത്ഥമായി ചിത്രത്തിൽ വിളക്കിച്ചേർത്തിട്ടുണ്ട്. ഒരു പൊതുസ്ഥലത്ത് ആകസ്മികമായി രവീഷ്‌കുമാറിനെ കണ്ടുമുട്ടുന്ന, അദ്ദേഹത്തിന്റെ പ്രോഗ്രാം സ്ഥിരമായി കാണുന്ന ഒരു വ്യക്തിയുമായുള്ള അദ്ദേത്തിന്റെ സംഭാഷണരംഗത്തിലൂടെ രവീഷ്‌കുമാർ എന്ന മാധ്യമപ്രവർത്തകന്റെ സാധാരണ മനുഷ്യരോടുള്ള പെരുമാറ്റവും ലാളിത്യവും ഹൃദയസ്പർശിയായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹം നിർവഹിക്കുന്ന സുപ്രധാന ദൗത്യം എങ്ങനെ വ്യക്തി ജീവിതത്തിലെ ഉത്തരവാദിത്തം കൂടിയാകുന്നു എന്നും എങ്ങനെ അത് തന്റെയും കുടുംബത്തിന്റെയും ജീവിതത്തിന്റെ അവിഭാജ്യ ഘടകമാകുന്നു എന്നും ഡോക്യുമെന്ററിയിൽ കാണാൻ കഴിയും. തന്റെ പ്രിയപ്പെട്ട അച്ഛന് എന്തോ വലിയ ദുരന്തം സംഭവിക്കാൻ പോവുന്നു എന്ന് ഉറക്കത്തിൽ വിളിച്ചുപറയുന്ന മകളെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ പറയുന്നത് ഏറെ നൊമ്പരമുണർത്തുന്ന രംഗമാണ്.

ഒരു ദേശസ്നേഹി ആയിരിക്കുക എന്നത് ഒരു മാധ്യമപ്രവർത്തകന് അനിവാര്യമായും ഉണ്ടായിരിക്കേണ്ട കാര്യമാണെന്ന് പറഞ്ഞ് പാക്കിസ്ഥാനെതിരെയും മുസ്ലിം ജനവിഭാഗത്തിനെതിരെയും അങ്ങേയറ്റം ഹിംസാത്മകവും അക്രമണോൽസുകവുമായ ഭാഷയിൽ റിപ്പബ്ലിക്ക് ടി.വിയിലൂടെ അർണാബ് ഗോസ്വാമി എന്ന മോദി ഭക്തൻ വിദ്വേഷത്തിന്റെ ഉഗ്രവിഷം ചീറ്റുന്നത് പല തവണ ഡോക്യുമെന്ററിയിൽ കാണാം. തൊട്ടടുത്ത രംഗത്തിൽ രവീഷ്‌കുമാർ എന്ന യഥാർത്ഥ ദേശസ്‌നേഹി നീതിയുടെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പക്ഷം ചേർന്നുകൊണ്ട് നിർഭയം ചോദ്യങ്ങൾ ഉന്നയിക്കുന്നതും നമുക്ക് കാണാൻ കഴിയും. ഒരുപക്ഷെ ഈ രണ്ട് വിരുദ്ധ ധ്രുവങ്ങളുടെ കൂടിച്ചേരൽ പ്രേക്ഷകന് നൽകുന്ന കാഴ്ച്ചാനുഭവം വളരെ തീവ്രമായ തിരിച്ചറിവുകളും ഒപ്പം ഭീതിതമായ രീതിയിൽ വർഗീയവൽക്കരിക്കപ്പെട്ട ഇന്ത്യൻ മാധ്യമരംഗത്തെക്കുറിച്ചുള്ള ഉത്കണ്ഠകളും കൂടിയാണ്. ഇങ്ങനെ ദേശീയതയുടെ പേരിൽ ഇന്ത്യയെ വിഭജിച്ച് നിർത്തിയും വർഗീയതയുടെ വിഷവിത്തുകൾ പാകിയും ഭൂരിപക്ഷ ദേശീയതയ്ക്കും കോർപ്പറേറ്റ് രാജിനും ഒത്താശ ചെയ്യുന്ന ആജ് തക്കിലെ സുധീർ ചൗധരിയെയും ന്യൂസ് 18 ഇന്ത്യയിലെ അമിഷ് ദേവഗാനെയും പോലുള്ള മാധ്യമ പ്രവർത്തകരുടെ ഒരു നീണ്ടനിര തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. ജനാധിപത്യത്തിനും മത സാഹോദര്യത്തിനും വിലകൽപ്പിക്കുന്ന ഒരു പ്രേക്ഷകനെ ദേശീയതയുടെ പേരിൽ നടക്കുന്ന ഈ കപട നാടകങ്ങളുടെയും വാചക കസർത്തുകളുടെയും ആവർത്തനം മനംപുരട്ടലിന്റെ അസ്വസ്ഥതകളിലേക്ക് എത്തിച്ചേക്കാം. ഒരുവശത്ത് Between Us and Them എന്ന് അടിവരയിട്ട് പറഞ്ഞുകൊണ്ട് ദേശത്തെ വിഭജിക്കുന്ന അർണാബ് ഗോസ്വാമി, മറുവശത്ത് എൻ.ഡി.ടി.വിക്കെതിരെ സാമ്പത്തിക കുറ്റാന്വേഷങ്ങളും ബഹിഷ്ക്കരണവും നടത്തുന്ന ഭരണകൂടം. ഇതിനിടയിൽ സധൈര്യം മാധ്യമ ധർമ്മം നിർവ്വഹിക്കുന്ന രവീഷ്‌കുമാറിന്റെ ആത്മസംഘർഷങ്ങളെ ഈ ഡോക്യുമെന്ററി അടയാളപ്പെടുത്തുന്നു. ഗൗരി ലങ്കേഷ്, എം.എം കൽബുർഗി, നരേന്ദ്ര ധബോൽക്കർ തുടങ്ങിയ സ്വതന്ത്ര ചിന്തകർ കൊല്ലപ്പെടുന്നതും ഉമർ ഖാലിദ് എന്ന വിദ്യാർത്ഥി ദേശദ്രോഹി എന്ന് ചാപ്പകുത്തി അക്രമിക്കപ്പെടുന്നതും ഒരു ഇന്ത്യക്കാരനും മറവിയിലാഴ്ത്താതെ മനസ്സിൽ കാത്തുസൂക്ഷിക്കണമെന്ന് ഈ ഡോക്യുമെന്ററി ഓർമ്മപ്പെടുത്തുന്നു. അതുപോലെ പുൽവാമ സ്ഫോടനം എങ്ങനെ ഗോദി മീഡിയ ആഘോഷമാക്കി എന്നും നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.

ഡോക്യുമെന്ററിയിൽ നിന്നുള്ള ദൃശ്യം.കടപ്പാട് : www.netflixmovies.com

വിലയ്ക്ക് വാങ്ങാനാവാത്ത നിശ്ചയദാർഢ്യം

ഇന്ന് മാധ്യമ പ്രവർത്തന മേഖലയിൽ നടക്കുന്നത് മാധ്യമ ധർമ്മമല്ലെന്ന് തന്റെ പരിപാടിയിൽ പലതവണ പ്രേക്ഷകരെ ഓർമ്മിപ്പിക്കുന്നുണ്ട് 2019 ലെ മാഗ്സസേ അവാർഡ് ജേതാവ് കൂടിയായ രവീഷ്‌കുമാർ. അതേസമയം താൻ ദീർഘകാലമായി പ്രവർത്തിച്ചുവരുന്ന എൻ.ഡി.ടി.വിയുടെ പതനത്തിലേക്കുള്ള കാൽവയ്പ്പുകൾ അദ്ദേഹത്തെ നിസ്സഹായനുമാക്കുന്നുണ്ട്. അതിനിടയിൽ കറുത്ത ഹാസ്യം പോലെ ശുക്ലയുടെ സിനിമയിൽ ഓരോ പത്ത് മിനിറ്റിലും ഒരു കേക്ക് മുറിച്ച് യാത്രയയപ്പ് നടക്കുന്നുണ്ട്. ഓരോ കേക്കുമുറിയിലും കൂടുതൽ കൂടുതൽ നിരാശനായ രവീഷിനെ നിങ്ങൾ കാണുന്നു. അതിനിടയിൽ രവീഷിനെ ഏറ്റവും വേദനിപ്പിച്ചത് അദ്ദേഹത്തിന്റെ മുതിർന്ന നിർമ്മാതാവായ സ്വരോലിപിയുടെ രാജിയാണ്. എൻ.ഡി.ടി.വിക്കെതിരെ സർക്കാർ നടപടികൾ തുടരുകയും രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുകയും ചെയ്യുമ്പോൾ ഡോക്യുമെന്ററിയുടെ ഒരു രം​ഗത്ത്, ‘ഒരു ചെറിയ പത്രത്തിന്റെ എഡിറ്റർ’ രവീഷിനെ വിളിച്ച് ചോദിക്കുന്നു, “ഇത് നമ്മുടെ ഭാവിയായി അംഗീകരിക്കുകയും നമ്മുടെ തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യണമെന്നുമാണോ?” രവീഷ് നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു, “ഞാൻ 26 വർഷമായി അധികാരത്തിന് വഴങ്ങാതെ പ്രവർത്തിക്കുന്നു. നിങ്ങൾ അനുഭവിക്കുന്ന ധർമ്മസങ്കടവും ആശയക്കുഴപ്പവും എനിക്കും ഉണ്ട്.” അതേ രംഗത്തിൽ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം, ”ഇല്ല, സർക്കാർ ആഗ്രഹിക്കുന്നത് ഞങ്ങൾ ചെയ്യില്ല” എന്ന് നിരാശയുടെയും അരക്ഷിതത്വത്തിന്റെയും അഴിമുഖത്തിരുന്ന് രവീഷ് നിശ്ചയദാർഢ്യത്തോടെ പറയുന്നത് നിങ്ങൾ കാണുന്നു. ചിലപ്പോൾ യഥാർത്ഥ പത്രപ്രവർത്തനത്തിനും ജോലി നിലനിർത്തുന്നതിനും ഇടയിൽ ഒരു പാത നമ്മൾ തിരഞ്ഞെടുക്കേണ്ടിവരുമെന്നും, ഇതിനർത്ഥം ഒരു യുദ്ധവും വലിയ വിലകൊടുക്കാതെ നടക്കാറില്ലെന്നുമാണെന്നും അദ്ദേഹം ആത്മഗതം ചെയ്യുന്നു.

ചരിത്ര അധ്യാപികയായ രവീഷ്‌കുമാറിന്റെ ഭാര്യ നയന ദാസ്ഗുപ്തയെ നമ്മൾക്ക് ഡോക്യുമെന്ററിയിൽ അപൂർവ്വമായി കാണാൻ കഴിയുന്നുണ്ട്. തന്റെ പങ്കാളി കടന്നുപോകുന്ന സംഘർഷങ്ങൾ അവരും പങ്കുവയ്ക്കുന്നെങ്കിലും അദ്ദേഹത്തിനെ സുരക്ഷയുടെ പേരിൽ തന്റെ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിക്കാനോ അതിൽ തിരുത്തൽ വരുത്താനോ അവർ മുതിരുന്നില്ല. അതുപോലെ തന്നെ മാരകമായ ഭീഷണികളുടെ പശ്ചാത്തലത്തിൽ രവീഷ് കുമാറിന്റെ ‘കുപ്രസിദ്ധി’ അദ്ദേഹത്തിന്റെ കുട്ടികളിൽ ചെലുത്തിയ സ്വാധീനം ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. പകരം, അവരുടെ ഇളയ മകളുമായുള്ള ഊഷ്‌മള ബന്ധം, ഒന്നിച്ചു പാട്ടുപാടുന്നതിൽ കണ്ടെത്തുന്ന ആനന്ദം ഒക്കെ സിനിമ കാട്ടിത്തരുന്നുണ്ട്. അച്ഛന്റെയും മകളുടെയും കഥ കൂടിയാണ് ചിത്രം. അത്ര പ്രശസ്തരല്ലാത്ത രവീഷിന്റെയും സഹപ്രവർത്തകരുടെയും കഥ കൂടിയാണ് ചിത്രം. അതുകൊണ്ട് സിനിമയ്ക്കുള്ളിൽ ഒരുപാട് മുഖങ്ങൾ കാണാം; രവീഷ് കഥ മുന്നോട്ട് കൊണ്ടുപോകാനുള്ള ഒരു മാധ്യമം ആണെങ്കിലും ഇത് അദ്ദേഹത്തിന്റെ മാത്രം കഥയല്ല.

സംഘർഷഭരിതമായ ന്യൂസ് റൂം

നാനാവിധമായ പ്രതിസന്ധികളിൽപ്പെടുന്ന എൻ.ഡി.ടി.വിയിൽ നിന്നും പലരെയും പിരിച്ചുവിടുകയോ ചിലർ സ്വയം പിരിഞ്ഞുപോവുകയോ ചെയ്യുന്ന കാര്യം രവീഷ്‌കുമാറിന്റെ പ്രൊഡ്യൂസർ സൂചിപ്പിക്കുമ്പോൾ ഇന്റെലെക്ച്വൽ ക്യാപിറ്റൽ ഇല്ലെങ്കിൽ എന്ത് ന്യൂസ് റൂം എന്ന് അദ്ദേഹം പറയുന്നുണ്ട്. എൻ.ഡി.ടി.വി എന്ന മാധ്യമ സ്ഥാപനം തങ്ങളുടെ ന്യൂസ് റൂമിനകത്തെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താത്ത വിധത്തിൽ ചിത്രീകരണം നടത്താൻ സംവിധായകന് അനുമതി നൽകിയില്ലായിരുന്നെങ്കിൽ While We Watched എന്ന ഡോക്യുമെന്ററിയിയുടെ കാഴ്ച്ചാനുഭവം മറ്റൊന്നാവുമായിരുന്നു. ഒരുപക്ഷേ വിദ്വെഷത്തിന്റെയും ഹിംസയുടെയും മോദിക്കാലത്തെ ഇത്രയും തീവ്രമായി അവതരിപ്പിക്കാൻ കഴിയില്ലായിരുന്നു. ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തിയും കൊലപ്പെടുത്തിയതും രാജ്യത്ത് നടക്കുന്ന ഓരോ വിധ്വംസക പ്രവത്തനങ്ങളുടെ വാർത്തകൾ വരുമ്പോഴും അസ്വസ്ഥമാക്കുന്ന, രോഷാഗ്നി പടരുന്ന ഒരു ന്യൂസ് റൂമിന്റെ നേർക്കാഴ്ച്ചയും നമുക്ക് ലഭ്യമാകുന്നുണ്ട്. അതെ സമയം റിപ്പബ്ലിക്ക് ടി.വിയുടെയും ആജ് തക്കിന്റെയും ഒക്കെ ന്യൂസ് റൂമിനകത്ത് എന്തായിരിക്കും സമാന്തരമായി നടക്കുന്നുണ്ടാവുക എന്നത് ഏറെ നടുക്കത്തോടെയല്ലാതെ കാഴ്ചക്കാരന് ചിന്തിക്കാൻ കഴിയാത്തവിധം യാഥാർഥ്യങ്ങൾ സംയോജിപ്പിച്ച് വയ്ക്കുന്നതിൽ ഡോക്യുമെന്ററി വിജയിച്ചിരിക്കുന്നു. തുടക്കം മുതൽ ഒടുക്കം വരെ ഒരു ദൃശ്യം പോലും അനാവശ്യമായി ചേർക്കാതെയും വൈകാരികതയും ബൗദ്ധിക വ്യാപാരങ്ങളും പല മാനങ്ങളിലും തീവ്രതയിലും പകർത്തിയിരിക്കുന്ന ഈ ചിത്രം ഇന്ത്യയുടെ ബഹുസ്വരത നേരിടുന്ന നിലവിളി ഞരമ്പുകളിലേക്ക് പടർത്തി ഓരോ കാഴ്ചക്കാരനെയും ശ്വാസം മുട്ടിക്കുന്ന അവസ്ഥയിൽ കൊണ്ടെത്തിക്കും.

ഡോക്യുമെന്ററിയിൽ നിന്നുള്ള ദൃശ്യം.കടപ്പാട് : www.screendaily.com

വർത്തമാനകാല ഇന്ത്യൻ ജനാധിപത്യ സംവിധാനങ്ങളെ ജീർണ്ണിപ്പിച്ച ശേഷം അതിന്റെ മാലിന്യം വഹിക്കുന്ന ഭരണകൂട നൃശംസതകളെ ഒരു മാധ്യമ പ്രവർത്തകന്റെ ജീവിതത്തിലൂടെ രേഖപ്പെടുത്താൻ വിനയ് ശുക്ല എന്ന സംവിധായകൻ കാണിച്ച പ്രതിജ്ഞാബദ്ധതയും സംവിധാനത്തിലെ മികവും എടുത്തുപറയേണ്ടത് തന്നെയാണ്. അഞ്ച് വർഷങ്ങൾ എടുത്ത് ചിത്രീകരണം പൂർത്തിയാക്കിയ ദൃശ്യങ്ങളിൽ നിന്നും രൂപംനൽകിയ ഒരു മണിക്കൂർ ഇരുപത്തി മൂന്ന് മിനുട്ടുള്ള ഈ ഡോക്യുമെന്ററിയിൽ, മുൻ‌കൂർ തയ്യാറാക്കിയ തിരക്കഥയ്ക്ക് അതീതമായി അനുദിനം വികസിച്ചുവരുന്ന സംഭവ വികാസങ്ങളെയും അപ്രതീക്ഷിത വഴിത്തിരിവുകളെയും വളരെ ഒതുക്കത്തോടെ അടുക്കിവച്ചിരിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഇരുണ്ട ഭൂമികയിൽ ഒരു കൂട്ടം മാധ്യമപ്രവർത്തകർ സത്യത്തിന് വേണ്ടി നിലകൊണ്ടതിന്റെ ദൃശ്യാവിഷ്‌കാരം അതിന്റെ അന്തഃസത്തയും ദൃശ്യാനുഭവത്തിന്റെ വിവിധ സാധ്യതകളും ചോർന്നുപോകാതെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. കണിശതയുടെയും ചാരുതയുടെയും തുലനത്തിൽ ആഖ്യാനത്തിന് ഇടർച്ച തട്ടാതെ മനോഹരമായി ദൃശ്യങ്ങൾ ക്രമീകരിച്ചിരിക്കുന്നതിൽ അഭിനവ് ത്യാഗി എന്ന എഡിറ്ററുടെ മികവാർന്ന മനഃസാന്നിധ്യത്തെ പ്രശംസിക്കാതെ വയ്യ. പരമ്പരാഗത ഡോക്യുമെന്ററി ഫോർമാറ്റ് പിന്തുടരുന്ന സാക്ഷ്യപത്രങ്ങൾ, ക്യാമറ ഫ്രെയിമുകൾ, വോയ്‌സ്‌ഓവറുകൾ എന്നിവയിൽ സ്രുഷ്ടിപരമായ ഇടപെടലുകൾ നടത്തിക്കൊണ്ട് സിനിമയ്ക്ക് വ്യത്യസ്തമായ ഘടനയും ആഖ്യാനവും നൽകുക കൂടി ചെയ്തിട്ടുണ്ട്. മികച്ച ഡോക്യുമെന്ററി നിർമ്മാതാക്കളായ ആനന്ദ് പട്‌വർധൻ, ദീപാ ധനരാജ് എന്നിവരുടെ ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്നു While We Watched. സാധാരണ മനുഷ്യർക്ക്‌ ആസ്വദിക്കാൻ കഴിയുന്ന ഭാഷയിലും വ്യാകരണത്തിലും ആണ് വിനയ് ശുക്ല ഈ ചിത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

രവീഷ് കുമാർ എന്ന കാതലുള്ള ധിക്കാരി

സാമ്പ്രദായിക അതിർവരമ്പുകൾ ഭേദിച്ചുകൊണ്ട്, പുതിയ മൂല്യങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് മാധ്യമപ്രവർത്തന മേഖലയുടെ സാധ്യതകളെ കൂടുതൽ വിശാലമാക്കുന്നുകൂടിയുണ്ട് രവീഷ് കുമാർ. അദ്ദേഹത്തിന് മാധ്യമപ്രവർത്തനം ഉപജീവനാർത്ഥമുള്ള ഒരു തൊഴിൽ മാത്രമല്ല, അത് നിർവ്വഹിക്കാൻ അദ്ദേഹം ‘നിക്ഷ്പക്ഷത’ എന്ന മാധ്യമ പാഠശാലയിലെ മാർഗനിർദ്ദേശ തത്വത്തെ കാലോചിതമായി പരിഷ്‌ക്കരിക്കുന്നുണ്ട്. ഒരു ജനതയുടെ അന്തസ്സുറ്റ ജീവിതത്തിന് കടുത്ത ഭീഷണിയായി പ്രവർത്തിക്കുന്ന ഒരു സർക്കാർ എന്തെകിലും പ്രയോജനകരമായ പ്രവർത്തനങ്ങൾ ചെയ്തോ എന്ന് ഗവേഷണം ചെയ്യാൻ അദ്ദേഹം സമയം പാഴാക്കുന്നില്ല. അങ്ങനെ ‘നിക്ഷ്പക്ഷത’ യുടെ മാന്യത അദ്ദേഹം നീതിക്കുവേണ്ടി നിർഭയം ഉപേക്ഷിക്കുന്നു. തികച്ചതും വിധ്വംസകവും അപകടകരവുമായ ഒന്നിനകത്ത് എന്തെകിലും നന്മയുണ്ടോ എന്നന്വേഷിച്ച് ‘വസ്തുനിഷ്ഠത’ തെളിയിക്കാനും അദ്ദേഹം മെനക്കെടുന്നുമില്ല. അതുകൊണ്ടുതന്നെ മോദി സർക്കാരിനെതിരെയുള്ള നിശിതമായ വിമർശനങ്ങൾ, ഭൂരിപക്ഷം മാധ്യമങ്ങളും അവഗണിക്കുന്നതും മറച്ചുവയ്ക്കുന്നതുമായ യാഥാർഥ്യങ്ങൾ, കള്ള പ്രചാരണങ്ങൾ എന്നിവയാണ് അദ്ദേഹത്തിന്റെ ആനുകാലിക വിഷയം എന്ന് കാണാനാകും. ഓരോ ദിവസവും മാധ്യമങ്ങൾ നടത്തുന്ന കള്ള പ്രചാരങ്ങൾ സാധാരണ മനുഷ്യരെ സ്വാധീനിക്കുന്നതും അവരെ അക്രമാസക്തരാക്കുന്നതും അലോസരപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ സഹപ്രവർത്തകരെ കൂടിയാണ്.

രവീഷ് കുമാർ. കടപ്പാട് : thenationalbulletin.​in

തന്റെ ന്യൂസ്‌റൂമിൽ അദ്ദേഹം കെട്ടിപ്പടുത്ത ഊഷ്‌മളമായ മനുഷ്യ ബന്ധങ്ങളും സഹപ്രവർത്തകരുമായി പങ്കുവയ്ക്കുന്ന മൂല്യങ്ങളും അവബോധങ്ങളും കൂടിചേർന്നാണ് രവീഷ്‌കുമാർ എന്ന മാധ്യമപ്രവർത്തകന് നിർഭയം നിവർന്നു നിന്ന് പ്രവർത്തിക്കാനുള്ള ഉള്ളടക്കങ്ങളും സാങ്കേതിക സഹായങ്ങളും യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞത് എന്ന് കാണാൻ കഴിയും. വളരെ വൈകാരികമായ അടുപ്പം അദ്ദേഹം തന്റെ സഹപ്രവർത്തകരുമായി പങ്കിടുന്ന നിരവധി ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ ഈ ഡോക്യുമെന്ററി ഒപ്പിക്കിയെടുത്തിട്ടുണ്ട്. തനിക്ക് നേരെ ഉയരുന്ന വർഗീയ വാദികളുടെ കൊലവിളികളെ, അധിക്ഷേപങ്ങളെ, പാക്കിസ്ഥാനിലേക്ക് പോകാനുള്ള ആഹ്വാനങ്ങളെ ഒക്കെ പ്രതിരോധിക്കാനും സുരക്ഷിതനായി ഇക്കാലം വരെ ജീവിക്കാനും അദ്ദേഹത്തിന് കഴിയുന്നത് വൈകാരികമായും ബൗദ്ധികമായും തന്നോട് ഇഴുകി ചേർന്ന സഹപ്രവർത്തകരുടെ പിന്തുണകൊണ്ടാണെന്ന് കൂടി ഈ ചിത്രം വരച്ചുകാട്ടുന്നു. തന്റെ സഹപ്രവർത്തകൻ സൗരവ് ശുക്ല ചെയ്ത അഭിമുഖത്തിൽ പശുവിനെ കൊന്നതിനാൽ താൻ ഒരു മുസ്ലീമിനെ വകയിരുത്തി എന്ന് ഒരു ഹിന്ദു മതഭ്രാന്തൻ തുറന്നുപറയുന്ന വാർത്ത ആ ദിവസത്തെ തന്റെ പരിപാടിയിൽ ഉൾപ്പെടുത്താൻ രവീഷ് തീരുമാനിക്കുന്നു. കൊലയാളിയെ പോലീസിന് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യേണ്ടി വരുന്നത് ആ ദിവസത്തെ പരിപാടിയിൽ ആ അഭിമുഖം മുഖ്യവിഷയമായി ചർച്ച ചെയ്ത് ജനശ്രദ്ധ നേടിയപ്പോൾ ആയിരുന്നു. ഇതുപോലെ രവീഷ് നടത്തിയ നിരവധി ഇടപെടലുകൾ, സഹപ്രവർത്തകരുമായി നടത്തുന്ന സംഭാഷണങ്ങൾ, വിഭവ പരിമിതിമൂലം നിസ്സഹായനായി പോകുന്ന നിമിഷങ്ങൾ ഒക്കെ അടങ്ങിയ അതി സങ്കീർണ്ണമായ ന്യൂസ് റൂമിന്റെ അദൃശ്യ യാഥാർഥ്യങ്ങൾ കൂടിയാണ് കാഴ്ചക്കാരിലേക്കെത്തിക്കുന്നത്.

ഗോദി മീഡിയ എന്ന പേര്

മോദിയുടെ മടിയിലെ കളിപ്പാവകൾ ആയി മാധ്യമങ്ങൾ മാറുന്നത് കണ്ട് രവീഷ്‌കുമാർ അതിന് നൽകിയ പേരാണ് ഗോദി മീഡിയ. അങ്ങനെ അത് വ്യാപകമായി പ്രചാരം നേടുകയും ചെയ്തു. ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ ചെയ്തികളെ തുറന്നുകാട്ടുന്നതോടൊപ്പം തന്നെ സത്യം പുറത്തുകൊണ്ടുവരാൻ ബാധ്യസ്ഥരായ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന നുണകളുടെ മറുപുറം കൂടി ജനങ്ങളിലെത്തിക്കാനുള്ള അധിക ബാധ്യത ഏറ്റെടുക്കേണ്ടിവന്ന സവിശേഷ സാഹചര്യമാണ് അദ്ദേഹത്തിന് നേരിടേണ്ടിവരുന്നത്. അതിനുവേണ്ടി ന്യൂസ് റൂമിന് പുറത്ത് തെരുവിലെ മനുഷ്യരോടും കലാലയങ്ങളിലെ വിദ്യാർത്ഥികളോടും ഒക്കെ ആയി എതിരാളികളുടെ ഭീഷണികൾ വകവയ്ക്കാതെ അദ്ദേഹം നിർഭയം സംവദിക്കുന്നുണ്ട്. ഉജ്വലമായി ചിത്രീകരിച്ച ഒരു രംഗത്തിൽ, രവീഷ് കുമാർ ഒരു പ്രാദേശിക സർവ്വകലാശാലയിൽ ഒരു പ്രസംഗം നടത്തുന്നതിനിടയിൽ വിദ്യാർത്ഥികളോട് ‘’ഇത് നിങ്ങൾ സ്വപ്നം കാണുന്ന ഇന്ത്യയാണോ’’ എന്ന് ധൈര്യത്തോടെ ചോദിക്കുന്നു. അവർ “അല്ല!” എന്ന് ശക്തമായി മറുപടി നൽകുന്നു. രാജ്യ സ്നേഹത്തിന്റെ പേരിൽ ഗോദി മീഡിയകളിലൂടെ കൊലവിളികൾ നടത്തുന്ന ടെലിവിഷൻ അവതാരകാരിൽ നിന്നും വ്യത്യാസത്യമായ നിലപാടുകളുമായി രവീഷ്‌കുമാർ ഒഴുക്കിനെതിരെ നീന്തുന്നത് നമ്മൾ കാണുന്നു. ഗോദി മീഡിയ അവഗണിക്കുന്ന തൊഴിലില്ലായ്മ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, തെരുവുകളിൽ കുന്നുകൂടുന്ന മാലിന്യങ്ങൾ, വിലക്കയറ്റം തുടങ്ങിയ മനുഷ്യരുടെ അടിസ്ഥാന പ്രശ്നങ്ങളിൽ ഉത്തരവാദിത്തത്തോടെ പ്രതികരിക്കാൻ അദ്ദേഹം തന്റെ പ്രേക്ഷകരോട് ആവശ്യപ്പെടുന്നു. അതോടൊപ്പം അദ്ദേഹത്തിന് ദിവസേന ലഭിക്കുന്ന തുടർച്ചയായ ഒന്നിലധികം വധഭീഷണി വരെ മുഴക്കുന്ന ഫോൺ കോളുകളും സന്ദേശങ്ങളും വിനയ് ശുക്ല പകർത്തിയിട്ടുണ്ട്.

എന്നാൽ അതിമാനുഷനായ ഒരു ഹീറോയുടെ പ്രതിച്ഛായ നിർമ്മിച്ചെടുക്കാൻ ഈ ഡോക്യുമെന്ററി ശ്രമിക്കുന്നില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. രവീഷ്‌കുമാർ എന്ന മാധ്യമ പ്രവർത്തകന് പലതും ചെയ്യാൻ കഴിഞ്ഞത് അദ്ദേഹത്തിന് എൻ.ഡി.ടി.വി എന്ന മാധ്യമ സ്ഥാപനവും മൂല്യങ്ങൾ മുറുകെപ്പിടിച്ച ഒരുകൂട്ടം സഹപ്രവർത്തകരും നൽകിയ പിന്തുണയുടെ ആത്മബലത്തിലാണെന്ന യാഥാർഥ്യം മറച്ചുവയ്ക്കാൻ സംവിധായകൻ ശ്രമിക്കുന്നില്ല എന്നത് എടുത്തുപറയേണ്ടതാണ്. തന്റെ സഹപ്രവർത്തകർക്ക് അർഹിക്കുന്ന ബഹുമാനവും സ്നേഹവും പ്രശംസയും ഒരു വിവേചനവും മറയുമില്ലാതെ രവീഷും പങ്കുവയ്ക്കുന്നുണ്ട്, പ്രത്യേകിച്ച് വനിതാ സഹപ്രവർത്തകരോട്. മാധ്യമ പ്രവർത്തനരംഗത്തും മറ്റ് തൊഴിലിടങ്ങളിലും ഉന്നത സ്ഥാനത്തിരിക്കുന്നവർക്കുള്ള വലിയ ഒരു സന്ദേശം കൂടിയാണ് ഇത്.

രവീഷിന്റെ ഭാഷ

പ്രേക്ഷകർക്ക് മുഖസ്തുതികൾ നൽകി തന്റെ കാഴ്ചക്കാരുടെ എണ്ണം കൂട്ടുന്ന പതിവ് അവതാരകരുടെ രീതിയിൽ നിന്നും മാറി തന്റെ പ്രേക്ഷകരെ വിമർശിക്കുകയും അവരെ ഉത്തരവാദിത്തമുള്ള പൗരന്മാരായി മാറ്റിയെടുക്കാനുള്ള പ്രവർത്തനവും കൂടി അദ്ദേഹം നടത്തുന്നത് കാണാം. അവരോട് ടി.വി കാണുന്നത് നിർത്തിയാൽ കൂടുതൽ നല്ല ജീവിതം സാധ്യമാകും എന്നുവരെ തന്റെ അവതരണത്തിനിടയിൽ പറയുന്നത് കേൾക്കാനാകും. ഭരണകൂടത്തെ മാത്രമല്ല, തന്റെ പ്രേക്ഷകരെയും ചോദ്യമുനയിൽ നിർത്തുന്നു അദ്ദേഹം. വെറും ശബ്ദകോലാഹലങ്ങൾ മാത്രമായി മാറിയ ടി.വി വാർത്ത പരിപാടികൾ കാരണം തന്റെ സുഹൃത്തുക്കൾ ടി.വി കാണുന്നത് നിർത്തുന്നു എന്നറിഞ്ഞപ്പോഴാണ് രവീഷ്‌കുമാറിന്റെ വ്യത്യസ്തമായ മാധ്യമ പ്രവർത്തനത്തേക്കുറിച്ച് ഡോക്യുമെന്ററി നിർമ്മിക്കാൻ ആലോചിച്ചത് എന്ന് ഡോക്യുമെന്ററി സംവിധായകനും പറയുന്നുണ്ട്.

രാജ്യസ്നേഹത്തിന്റെ പേരിൽ കൊലവിളികൾ നടത്തുന്ന ഗോദി മീഡിയകളിലെ അവതാരകാരിൽ നിന്നും വ്യത്യാസത്യമായി സ്നേഹത്തിന്റെയും വിവേകത്തിന്റെയും നിലപാടുകളുമായി രവീഷ് കുമാർ വ്യത്യസ്തനാവുന്നു. ദേശ സ്നേഹത്തിന്റെ പേരിൽ മാസ് ഹിസ്റ്റീരിയ സൃഷ്ടിക്കുന്നതിന് പകരം ഒരു ജനതയുടെ അടിസ്ഥാന പ്രശ്നങ്ങളിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തന്റെ ജോലിയെ ഗൗരവമായി കാണുകയും എന്നാൽ മികച്ച നർമ്മ ബോധം സൂക്ഷിക്കുകയും ചെയ്യുന്ന ഒരു മാന്യ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ഫേസ്ബുക്കിൽ തന്റെ ഫോൺ നമ്പർ ചോർന്നതിന് ശേഷം അപരിചിതർ നിരന്തരം സെൽഫോണിൽ വിളിക്കുമ്പോൾ, അവരുടെ ഭീഷണികളെ ‘സാരെ ജഹാംസേ അച്ഛാ’ എന്ന ദേശഭക്തി ഗാനം പാടി അദ്ദേഹം മറുപടി പറയുന്നത് കാണാനാകും.

ഡോക്യുമെന്ററി പോസ്റ്റർ

വർഷങ്ങളായുള്ള തന്റെ മാധ്യമ ഇടപെടലിലൂടെ നേടിയെടുത്ത വിശ്വാസ്യതയ്ക്ക് മാറ്റുകൂട്ടുന്ന ഹൃദയ നൈർമല്യവും ലാളിത്യവും കാത്തുസൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ബീഹാറിൽ നിന്നും ദില്ലിയിലെ മഹാ നഗരത്തിൽ എത്തിയിട്ടും സാധാരണ മനുഷ്യരുടെ ഹൃദയം കവരാനുള്ള ഭാഷയും വൈകാരികതയും അദ്ദേഹത്തിന് കൈമോശം വന്നിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ ഓരോ വാർത്താ അവതരണവും. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ അദ്ദേഹം നേരിടുന്നത് ബൗദ്ധിക വ്യവഹാരങ്ങളിലൂടെ മാത്രമല്ലെന്നും ഹൃദയത്തിന്റെ ഭാഷയിൽ വികസിപ്പിച്ചെടുത്ത ഉള്ളടക്കങ്ങളിലൂടെയാണെന്നും കാണാം. അത് വിവേകം നഷ്ടപ്പെട്ടിട്ടില്ലാത്ത മനുഷ്യരുടെ മനസിനെ സ്വാധീനിക്കുന്നു. അങ്ങനെ അതിലെ ഉദ്ദേശശുദ്ധി തിരിച്ചറിയുന്ന ഒരു വലിയ വിഭാഗം പിറവിയെടുക്കുന്നു. മതഭ്രാന്തന്മാരുടെ വെറുപ്പിന്റെയും നാടുകടത്തിൽ-കൊലവിളി ഭീഷണികൾക്കുമിടയിൽ ലക്ഷക്കണക്കിന് മനുഷ്യരുടെ സ്നേഹവും കരുതലും അദ്ദേഹത്തിന് ഉപഹാരമായി ലഭിക്കുന്നു. അതിന് സർവ്വ യോഗ്യനായ രവീഷ്‌കുമാർ എന്ന മനുഷ്യനോടുള്ള ആദരവ് കൂടിയാകുന്നുണ്ട് വിനയ് ശുക്ലയുടെ ഈ ചിത്രം. ഒപ്പം ഈ ചെറിയ കുറിപ്പും.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

September 21, 2023 11:49 am