Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
മിഗ്വൽ ഡി സെർവാന്റസിന്റെ ഡോൺ ക്വിയോതെയുടെയും ഗബ്രിയേൽ ഗാർസിയ മാർക്വേസിന്റെ ലവ് ഇൻ ദ ടൈം ഓഫ് കോളറയുടെയും വിവർത്തനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട എഡിത്ത് ഗ്രോസ്മൻ ലാറ്റിനമേരിക്കൻ, സ്പാനിഷ് എഴുത്തുകാരുടെ പ്രധാന കൃതികളിൽ ഇംഗ്ലീഷിലേക്ക് വിവത്തനം ചെയ്തു. ഈ കൃതികളുടെ വിവർത്തനങ്ങൾ സമകാലിക ക്ലാസിക്കുകളായി കണക്കാക്കപ്പെടുന്നു.
ഫിലാഡൽഫിയയിൽ ജനിച്ച ഗ്രോസ്മാൻ പെൻസിൽവാനിയ സർവകലാശാലയിലും ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലും പഠിച്ചു. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. ന്യൂയോർക്ക് സർവ്വകലാശാലയിൽ അധ്യാപികയായി.അർജന്റീനിയൻ അവാന്റ്-ഗാർഡ് എഴുത്തുകാരൻ മാസിഡോണിയോ ഫെർണാണ്ടസിന്റെ കഥകളുടെ വിവർത്തനത്തിലൂടെ 1972 ൽ വിവർത്തനം ആരംഭിച്ചു.1990 കളിൽ മുഴുവൻ സമയ വിവർത്തകയായി. എഡിത്ത് ഗ്രോസ്മാന്റെ വിവർത്തന വിചാരങ്ങൾ വിവരിക്കുന്ന വൈ ട്രാൻസ്ലേഷൻ മാറ്റേർസ് എന്ന പുസ്തകവും പ്രസിദ്ധമാണ്.
വിവർത്തനത്തിനുള്ള PEN/Ralph Manheim മെഡൽ, വിവർത്തനത്തിനുള്ള 2022-ലെ Thornton Wilder Prize എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഗ്രോസ്മാൻ നേടിയിട്ടുണ്ട്. സ്‌പെയിനിലെ രാജാവായ ഫിലിപ്പെ ആറാമനിൽ നിന്ന് ഓഫീസേഴ്‌സ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് സിവിൽ മെറിറ്റും അവർക്ക് ലഭിച്ചു.87-ആം വയസ്സിൽ പാൻക്രിയാറ്റിക് ക്യാൻസർ ബാധിച്ച് മാൻഹട്ടനിലെ വീട്ടിൽവെച്ച് ഗ്രോസ്മാൻ അന്തരിച്ചു.
എഡിത്ത് ഗ്രോസ്മാനെ കുറിച്ച് വിവർത്തക ഇ.വി ഫാത്തിമ എഴുതുന്നു..
വിവർത്തനങ്ങളുടെ പ്രാധാന്യത്തെ കുറിച്ചും, വിവർത്തകരുടെ പങ്കിനെ കുറിച്ചും നിരന്തരം എഴുതിയ, “ഇംഗ്ലീഷിലെ എൻ്റെ ശബ്ദം” എന്ന് മാർക്വേസ് വിശേഷിപ്പിച്ച, വിഖ്യാത വിവർത്തകയായ എഡിത്ത് ഗ്രോസ്മാൻ തൻ്റെ എൺപത്തിയേഴാം വയസ്സിൽ വിടവാങ്ങുമ്പോൾ, വായനക്കാർ നെഞ്ചേറ്റിയ ഉയർന്ന നിലവാരം പുലർത്തുന്ന ഒരു പറ്റം വിവർത്തന ക്ലാസിക്കുകൾ മാത്രമല്ല അവർ അവശേഷിപ്പിക്കുന്ന പൈതൃകം. മാനവരാശിയുടെ നിലനിൽപ്പിനും സംസ്കാരങ്ങളുടെ പങ്കിടലിനും പാരസ്പര്യത്തിനും വിവർത്തനങ്ങൾ എത്രമാത്രം നിർണായകമാണ് എന്ന ഓർമ്മപ്പെടുത്തലും കൂടിയാണ്.
സാംസ്കാരിക-ഭാഷാ മേൽക്കോയ്മകൾ പിൻപറ്റി വിവർത്തന സാഹിത്യത്തോട് മുഖം തിരിച്ചു നിന്ന ആംഗ്ലോ-അമേരിക്കൻ പ്രസാധകരുടെ ‘linguistic isolation’ ന്നെതിരെ എഡിത്ത് സന്ധിയില്ലാതെ കലഹിച്ചത്, 1980-കളിലും 90-കളിലുമായി അവർ പരിചയപ്പെടുത്തിയ സ്പാനിഷ്, ലാറ്റിൻ അമേരിക്കൻ കൃതികളുടെ ബഹുസ്വരതയും, മാജിക്കൽ റിയലിസത്തിൻ്റെ മാസ്മരികതയും ലോകത്തിന് സമർപ്പിച്ചുകൊണ്ടായിരുന്നു.
എഡിത്ത് ഗ്രോസ്മാൻ പരിചയപ്പെടുത്തിയ എഴുത്തുകാരിൽ, ഇന്ന് ലോകത്തിൻ്റെ തന്നെ എഴുത്തുകാരായി കരുതപ്പെടുന്ന മാർക്വേസ്, ഇസബെൽ അയ്യൻഡെ, കാർലോസ് ഫ്യൂന്റസ്, ലോറ എസ്ക്വിവൽ, മരിയ വർഗാസ് യോസ എന്നിവരും ഉൾപ്പെടുന്നു. ഇംഗ്ലീഷ് ഭാഷയിലേക്ക് മൊഴിമാറ്റി, ഇംഗ്ലീഷ് വിവർത്തനത്തിലൂടെ മറ്റ് ഭാഷകളിലേക്കും ഇവരുടെ കൃതികൾക്ക് പ്രവേശനം നൽകിയതിൽ എഡിത്ത് ഗ്രോസ്സ്മൻ്റെ വ്യാപകമായി വായിക്കപ്പെട്ട പരിഭാഷകൾക്ക് പ്രഥമ സ്ഥാനമുണ്ട്.
വിവർത്തകർ വെറും ‘വിനയാന്വിത സിൻഡറെല്ലകൾ’ അല്ല എന്ന് ഓർമ്മിപ്പിച്ച എഡിത്ത് വിവർത്തകരുടെ പേര് പുസ്തകത്തിൻ്റെ കവർ പേജിൽ തന്നെ വേണം എന്ന് നിർബന്ധം പിടിച്ചു. അവരുടെ പ്രസിദ്ധമായ ‘ഡോൺ ക്വിയോതെ’ വിവർത്തനത്തിൻ്റെ കവർ പേജിൽ എഴുത്തുകാരൻ്റെ ഒപ്പം തന്നെ വിവർത്തകയുടെ പേരും ചേർത്തുകൊണ്ട് ഒരു പ്രസാധക സംസ്കാരത്തിന് തുടക്കം കുറിച്ചു.
വിവർത്തനം ഒരു ‘ necessary evil’ അല്ലെങ്കിൽ ‘minor art’ മാത്രമാണ് എന്ന ഇകഴ്ത്തലുകൾ ഒന്നും തരിമ്പും വകവെച്ചുകൊടുക്കാതെ, സാഹിത്യ പ്രഭവങ്ങളുടെ കേന്ദ്രസ്ഥാനത്ത് തന്നെ വിവർത്തനത്തെ പ്രതിഷ്ഠിക്കുന്നതിൽ അവർ പുലർത്തിയ ശാഠ്യം, വിവർത്തനകൃതികളുടെ പ്രസാധനത്തിലും, സ്വീകാര്യതയിലും വലിയ മുന്നേറ്റങ്ങളായി പിന്നീട് ഉരുത്തിരിഞ്ഞുവന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
വിവർത്തകർ എന്നത് ഒരു ‘also ran’ അഥവാ ‘invisible mediators/ facilitators’ എന്ന പൊതുബോധ-സാഹിത്യ നിർമ്മിതികളെ തൻ്റെ സമാനതകളില്ലാത്ത വിവർത്തനങ്ങളിലൂടെയും, ‘Why Translation Matters’ എന്ന പുസ്തകത്തിലൂടെയും എഡിത്ത് ഗ്രോസ്സ്മൻ വെല്ലുവിളിച്ചു.
ആത്മാഭിമാനമുള്ള വിവർത്തകരുടെ അപ്പോസ്തലയായും, വിവർത്തനങ്ങളുടെ അശ്രാന്ത പോരാളിയായും കൂടിയാവും എഡിത്ത് ഗ്രോസ്മാൻ എന്നും ഓർമ്മിക്കപ്പെടുക. വിവർത്തനം ഒരു സർഗാത്മക കലയായി ഉയർത്തിക്കൊണ്ടുവന്നതിൽ എഡിത്ത് ഗ്രോസ്മാൻ നടത്തിയ സാഹിത്യ-ബൗദ്ധിക ഇടപെടലുകൾ എടുത്തുപറയേണ്ടതാണ്. വിവർത്തനത്തിന് ഇന്ന് ലോകമെമ്പാടും കൈവന്നിട്ടുള്ള വ്യാപകമായ അംഗീകാരം എഡിത്ത് ഗ്രോസ്മാന് കൂടി അവകാശപ്പെട്ടതാണ്.