Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ലോകം കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിന് ഭോപ്പാൽ സാക്ഷിയായിട്ട് 40 വർഷം പിന്നിടുന്നു. ഇന്നും ദുരന്തത്തിന്റെ അനന്തരഫലം തലമുറകളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. 1984 ഡിസംബര്‍ 2 ന് രാത്രിയിലാണ് അമേരിക്കൻ രാസവ്യവസായ ഭീമനായ യൂണിയൻ കാർബൈഡ് കമ്പനിയുടെ ഭോപ്പാലിലെ കീടനാശിനി നിർമ്മാണശാലയിൽ വൻ ദുരന്തമുണ്ടാവുന്നത്. അന്ന് രാത്രിയിലും അടുത്ത പകലിലും മാത്രം ഏകദേശം 3,787 പേര്‍ക്ക് ജീവന്‍ നഷ്ടമായി. അഞ്ച് ലക്ഷത്തിലധികം പേരെ ദുരന്തം ബാധിച്ചു. 42 ടണ്‍ വരുന്ന മീഥൈല്‍ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കില്‍ വെള്ളം കയറുകയും പിന്നീട് നടന്ന രാസപ്രവര്‍ത്തനങ്ങളുടെ ഫലമായി ടാങ്കിനുള്ളിലെ താപനില 200 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുകയും ചെയ്തു. തുടര്‍ന്ന് ഫോസ്ജീന്‍, ഹൈഡ്രജന്‍ സയനൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡുകള്‍ എന്നീ വിഷവാതകമിശ്രിതങ്ങളും മീഥൈല്‍ ഐസോസയനേറ്റും അന്തരീക്ഷത്തില്‍ വ്യാപിക്കുകയായിരുന്നു. ഉടൻ ശ്വാസംമുട്ടൽ, റിഫ്ലക്സോജനിക് ബ്ലഡ് സർക്കുലറേറ്ററി തകർച്ച, പൾമണറി എഡിമ എന്ന കാരണങ്ങളാൽ ആയിരക്കണക്കിന് മനുഷ്യജീവനുകൾ ഇല്ലാതെയായി. ദുരന്തത്തിന് ശേഷം ജനിച്ച കുട്ടികളിലും ശാരീരിക മാനസിക വൈകല്യങ്ങള്‍ വന്‍തോതില്‍ ഉണ്ടായി. തിരിച്ചുവരവ് സാധ്യമല്ലാത്തവിധം പാരിസ്ഥിതിക നാശത്തിലേക്ക് ആ മേഖല എത്തിച്ചേർന്നു. യൂണിയന്‍ കാര്‍ബൈഡ് പ്ലാന്റില്‍ നിന്ന് ചോര്‍ന്ന വിഷം പ്രദേശത്തെ ജലത്തിലും മണ്ണിലും കലർന്നതിനാൽ ഇന്നും അവിടെയുള്ള ജനങ്ങള്‍ക്ക് കരൾരോഗവും കാന്‍സറും രക്തസമ്മര്‍ദ്ദവുമടക്കമുള്ള അസുഖങ്ങള്‍ ഉണ്ടാകുന്നുണ്ട്.
നാല്പത് വർഷം പിന്നിട്ടിട്ടും യൂണിയൻ കാർബൈഡ് ദുരന്തത്തെ അതിജീവിച്ചവർക്കും വിഷബാധയേറ്റവർക്കും നീതി ലഭിച്ചിട്ടില്ല. നീതിക്ക് വേണ്ടിയുള്ള ഇരകളുടെ പോരാട്ടം തുടരുകയാണ്. ദുരന്തത്തിന് കാരണക്കാരായ ഡൗ കെമിക്കല്‍സ് ആകട്ടെ അവരുടെ വ്യാപാരവും മാര്‍ക്കറ്റും ഓരോ വർഷവും വിപുലപ്പെടുത്തുകയാണ്.
ദുരന്തബാധിതരുടെ ആവശ്യങ്ങൾ
ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരും, അന്താരാഷ്ട്ര സന്നദ്ധ പ്രവർത്തകരും, പരിസ്ഥിതി-സാമൂഹ്യനീതി-മനുഷ്യാവകാശ ഗ്രൂപ്പുകളും ഉൾപ്പെടുന്ന കൂട്ടായ്മയായ ഇൻ്റർനാഷണൽ ക്യാമ്പയിൻ ഫോർ ജസ്റ്റിസ് ഇൻ ഭോപ്പാൽ (ICJB) തയ്യാറാക്കിയത്.
ക്രിമിനൽ ജസ്റ്റിസ്
(കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചെയ്യേണ്ടത്)
1. വാതകദുരന്തവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ ഡൗ കെമിക്കൽസിനെതിരെ പ്രോസിക്യൂഷൻ, സിബിഐ എന്നിവർ കടുത്ത നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
2. യൂണിയൻ കാർബൈഡിൻ്റെ ഇന്ത്യൻ ഉപസ്ഥാപനത്തിനും അതിൻ്റെ എക്സിക്യൂട്ടീവുകൾക്കുമെതിരായ ക്രിമിനൽ നടപടികൾ വേഗത്തിലാക്കാൻ പ്രോസിക്യൂഷൻ ഏജൻസി ഒരു പ്രത്യേക സെൽ രൂപീകരിക്കുന്നുവെന്ന് ഉറപ്പാക്കുക.
3. ഭോപ്പാൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം യൂണിയൻ കാർബൈഡിന്റെ ഉത്പന്നങ്ങൾ വിൽക്കുന്നത് വിലക്കിയിട്ടിട്ടും ഇവ വിൽക്കുന്ന ഗെയിൽ, ഒഎൻജിസി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഗുജറാത്ത് അൽക്കലീസ് ക്ലോറൈഡ്സ് ലിമിറ്റഡ്, തമിഴ്നാട് ഇന്ത്യൻ അഡിറ്റീവ്സ് ലിമിറ്റഡ്, മധ്യപ്രദേശ് വിന്ധ്യ ടെലിലിങ്ക്സ് ലിമിറ്റഡ് തുടങ്ങിയ ഇന്ത്യൻ കമ്പനികളെയും പൊതുമേഖല സ്ഥാപനങ്ങളെയും കുറിച്ച് സിബിഐ അന്വേഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
നഷ്ടപരിഹാരം നൽകുക
(യൂണിയൻ കാർബൈഡ് / ഡൗ കെമിക്കൽസ് ചെയ്യേണ്ടത്)
1. ദുരന്ത ബാധിതരായ മാതാപിതാക്കളുടെ കുട്ടികളിലെ വൈകല്യങ്ങൾ, വളർച്ചാ മാന്ദ്യം, രോഗപ്രതിരോധ ശേഷിയിലെ തകരാറുകൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുക.
2. ഉപേക്ഷിക്കപ്പെട്ട യൂണിയൻ കാർബൈഡ് ഫാക്ടറി സൈറ്റിലും സമീപ പ്രദേശങ്ങളിലുമുള്ള മണ്ണിനും ഭൂഗർഭജലത്തിനും സംഭവിച്ച മലിനീകരണത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ട ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം നൽകുക.
(കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചെയ്യേണ്ടത്)
1. ആശുപത്രി രേഖകളെയും ശാസ്ത്രീയ പഠനങ്ങളെയും അടിസ്ഥാനമാക്കി, യൂണിയൻ കാർബൈഡും ഡൗ കെമിക്കലും ദുരന്ത ബാധിതരായ മാതാപിതാക്കളുടെ കുട്ടികൾക്ക് നഷ്ടപരിഹാരം നൽകണം.
2. സുപ്രീം കോടതിയുടെ 1991 ലെ ഉത്തരവ്, 5,21,232 പേരെ ബാധിച്ച വാതക ദുരന്തത്തിന് നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെടുന്നുണ്ട്. ഓരോ ഇരയ്ക്കും ആജീവനാന്ത നഷ്ടങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നൽകണം.
ആരോഗ്യ പരിചരണവും റിസർച്ചും
(കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചെയ്യേണ്ടത്)
1. ഭോപ്പാലിൽ അതിജീവിച്ചവരുടെ ആരോഗ്യ, സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക പുനരധിവാസത്തിനായി 1000 കോടി രൂപയുടെ കോർപ്പസ് ഫണ്ട് ഉപയോഗിച്ച് കേന്ദ്ര സർക്കാർ 2008 ജൂൺ മാസത്തിൽ അംഗീകരിച്ച ഭോപ്പാലിനായുള്ള എംപവേർഡ് കമ്മീഷൻ രൂപീകരിക്കുന്നത് ഉറപ്പാക്കുക.
2. ഭോപ്പാലിലെ എയിംസും ബിഎംഎച്ച്ആർസിയും തമ്മിലുള്ള ലയനപദ്ധതി റദ്ദാക്കുക, അത് അതിജീവിച്ചവരുടെ ആരോഗ്യ സംരക്ഷണത്തിന് വിനാശകരമാണ്.
3. സുപ്രീം കോടതി നിയമിച്ച, മെഡിക്കൽ പുനരധിവാസ കമ്മിറ്റിയുടെ ശുപാർശകളുടെ നടപ്പാക്കൽ ഉറപ്പാക്കുക. അതിന്റെ ഭാഗമായി പരിക്കേറ്റവരുടെയും അവരുടെ ആശ്രിതരുടെയും ആരോഗ്യ പുനരധിവാസത്തിന്റെ ഉത്തരവാദിത്തമുള്ള ഏജൻസികളുമായി ബന്ധിപ്പിക്കുക.
4. യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ നിന്നുള്ള അപകടകരമായ മാലിന്യങ്ങൾ മൂലം മലിനമാക്കപ്പെട്ട ഭൂഗർഭജലവുമായി സമ്പർക്കം പുലർത്തുന്ന താമസക്കാർക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക.
5. പുനരധിവാസ സംഘടനകളുടെ ആവശ്യ പ്രകാരം സ്ഥാപിച്ച എൻഐആർഇഎച്ച് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഓൺ എൻവയോൺമെന്റൽ ഹെൽത്ത്) അതിന്റെ യഥാർത്ഥ ഉത്തരവാദിത്തം പാലിക്കുന്നുവെന്നും യൂണിയൻ കാർബൈഡിന്റെ വിഷവസ്തുക്കളുമായുള്ള സമ്പർക്കത്തിൽ നിന്നുണ്ടാകുന്ന ദീർഘകാല ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ഗവേഷണം പുനരാരംഭിക്കുന്നുവെന്നും ഉറപ്പാക്കുക.
സാമ്പത്തികവും സാമൂഹികവുമായ പുനരധിവാസം
(സംസ്ഥാന സർക്കാർ ചെയ്യേണ്ടത്)
1. ദുരന്തത്തെ അതിജീവിച്ചവർക്കും അവരുടെ കുട്ടികളുടെയും ജോലി നൽകാനും പെൻഷനുമായി നീക്കിവച്ച ബാക്കി 129 കോടി രൂപ അടിയന്തരമായി വിനിയോഗിക്കുമെന്ന് ഉറപ്പാക്കുക.
2. ജനുവരി 2023-ൽ ജില്ലാ ഭരണകൂടം ഒഴിപ്പിച്ച, ഭൂഗർഭജല മലിനീകരണം ബാധിച്ച എല്ലാവർക്കും പകരം വീടുകൾ നൽകുന്ന കാര്യം ഉറപ്പാക്കുക.
3. വാതക ദുരന്തം മൂലം വിധവകളായ സ്ത്രീകൾക്ക് നൽകുന്ന 1000 രൂപയുടെ മാസ പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കുന്നെന്ന് ഉറപ്പാക്കുക. ദുരന്തബാധികരായി ഔദ്യോഗികമായി അംഗീകരിച്ച 530 സ്ത്രീകൾക്ക് മാസ പെൻഷൻ കിട്ടാതെ പോകുന്നുണ്ട്. ഇവരെയും പെൻഷനിൽ ഉൾപ്പെടുത്തുക.
പാരിസ്ഥിതിക പരിഹാരം
(യൂണിയൻ കാർബൈഡ് / ഡൗ കെമിക്കൽസ് ചെയ്യേണ്ടത്)
1. ഡൗ കെമിക്കൽ ഇന്ത്യയുടെയും അമേരിക്കയുടെയും നിയമങ്ങൾ പാലിക്കണം. അതിന്റെ അനുബന്ധ സ്ഥാപനമായ യൂണിയൻ കാർബൈഡ് അപകടകരമായ മാലിന്യങ്ങൾ അശ്രദ്ധമായി തള്ളിയത് കാരണം മണ്ണിനും ഭൂഗർഭജലത്തിനുമുണ്ടായ നാശം പരിഹരിക്കണം.
2. യൂണിയൻ കാർബൈഡിന്റെ പ്രവർത്തനങ്ങൾ മൂലം സംഭവിച്ച പാരിസ്ഥിതിക നാശത്തിന് പരിഹാരമായി ഡൗ കെമിക്കൽ നഷ്ടപരിഹാരം നൽകണം.
(കേന്ദ്ര സർക്കാർ ചെയ്യേണ്ടത്)
1. ഉപേക്ഷിക്കപ്പെട്ട യൂണിയൻ കാർബൈഡ് ഫാക്ടറി സൈറ്റിലും ചുറ്റുപാടുമുള്ള മണ്ണിലും ഭൂഗർഭജലത്തിലും മലിനീകരണം മൂലം ഉണ്ടായ പാരിസ്ഥിതിക നാശത്തിനും ആരോഗ്യ നാശത്തിനും പരിഹാരമായി ഡൗ കെമിക്കലിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുക.
2. മണ്ണിലും ഭൂഗർഭജലത്തിലും ഉള്ള മലിനീകരണത്തിന്റെ സമഗ്രമായ ശാസ്ത്രീയ വിലയിരുത്തലിന് യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ സഹായം തേടുക.
3. യൂണിയൻ കാർബൈഡിൻ്റെ 337 മെട്രിക് ടൺ അപകടകരമായ മാലിന്യങ്ങൾ പിതാംപൂരിൽ കത്തിച്ചുകളയാനുള്ള പദ്ധതി റദ്ദാക്കുക, അത് വളരെയേറെ ജനങ്ങളെ അപകടത്തിലാക്കും.
(സംസ്ഥാന സർക്കാർ ചെയ്യേണ്ടത്)
1. മലിനമായ ഫാക്ടറി സൈറ്റിൽ കോൺക്രീറ്റ് ഒഴിച്ചുവയ്ക്കുന്നതിനുള്ള പദ്ധതി റദ്ദാക്കുക, അതുവഴി ഡൗ കെമിക്കലിന്റെ പാരിസ്ഥിതിക നാശം മറയ്ക്കുക.
2. ഉപേക്ഷിക്കപ്പെട്ട യൂണിയൻ കാർബൈഡ് സൈറ്റിന് ചുറ്റും 4.5 കിലോമീറ്റർ അകലെയുള്ള എല്ലാ സമൂഹങ്ങൾക്കും ശുദ്ധമായ പൈപ്പ് ലെെൻ വഴി കുടിവെള്ളം നൽകുക.
3. മധ്യപ്രദേശ് ഹൈക്കോടതി നിർദ്ദേശിച്ചപോലെ ഫാക്ടറി പ്രദേശവും സൗരോർജ്ജ ബാഷ്പീകരണ കുളങ്ങളുടെ പരിസരവും സുരക്ഷിതമാക്കുക.