ഉരുളെടുത്ത നാട്

വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമായി മുന്നോട്ടുപോവുകയാണ്. ആയിരത്തിലധികം കുടുംബങ്ങൾ ജീവിച്ചിരുന്ന ഈ പ്രദേശം വീടും വഴിയും തിരിച്ചറിയാൻ പറ്റാത്തവിധം ചെളിയും വെള്ളവും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ദുരന്തത്തിൽ നിലവിൽ 200 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടുതൽ സ്ഥലങ്ങളിലേക്ക് തിരച്ചിൽ പുരോ​ഗമിക്കുമ്പോഴേക്കും മരണസംഖ്യ ഇനിയും ഉയരാം. 255 പേരെ കാണാതായതായി റവന്യൂ വകുപ്പ് ഔദ്യോ​ഗികമായി അറിയിക്കുന്നു. മുണ്ടക്കൈ പ്രദേശത്ത് ഇനിയും കൂടുതൽ പേർ ജീവനോടെയുണ്ടെന്നാണ് പ്രതീക്ഷ ഇവരെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമം സൈന്യത്തിന്റെ നേതൃത്വത്തിൽ അതിവേ​ഗം പുരോ​ഗമിക്കുകയാണ്. ദുരന്തസ്ഥലത്തേക്കുള്ള ഭക്ഷണസാധനങ്ങൾ അടക്കം മേപ്പാടിയിൽ തടഞ്ഞതിനെ തുടർന്ന് നാട്ടുകാരും മന്ത്രിമാരുടെ സംഘവും തമ്മിൽ ഇന്ന് ഉച്ചയോടെ തർക്കമുണ്ടായി.

മേപ്പാടി പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത കണക്കുപ്രകാരം 540 വീടുകളാണ് മുണ്ടക്കൈയിൽ ഉണ്ടായിരുന്നത് അതിൽ 25 ഓളം വീടുകൾ മാത്രമാണ് അവശേഷിക്കുന്നതെന്നാതെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. മുണ്ടക്കൈയിലും ചൂരൽമലയിലുമായി എത്ര പേരെ കാണാതായെന്ന് ഇനിയും കണക്കില്ല. ചാലിയാറിൽ കൂടുതൽ മൃതദേഹങ്ങൾ ഇപ്പോഴും ഒഴുകിയെത്തി കൊണ്ടിരിക്കയാണ്. 32 മൃതദേഹങ്ങളാണ് ചാലിയാർ പുഴയുടെ തീരത്തടിഞ്ഞത്, കരയ്ക്കടിയാതെ ഒഴുകിപോയത് അതിലേറെയാവാം. 25 ശരീരഭാ​ഗങ്ങളും ഇതിനൊപ്പം കണ്ടെടുത്തിട്ടുണ്ട്. കൈയിൽകിട്ടിയ മൃതദേഹങ്ങൾ പ്ലാസ്റ്റിക് കവറിലും ചാക്കിലുമായാണ് രക്ഷാപ്രവർത്തകർ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. അട്ടമല എസ്റ്റേറ്റിൽ കുടുങ്ങിയവരെയെല്ലാം ര​ക്ഷപ്പെടുത്തി എന്നാണ് റിപ്പോർട്ടുകൾ. കുടുങ്ങിക്കിടന്ന 150 ഇതരസംസ്ഥാന തൊഴിലാളികളെയാണ് പുഴയുടെ മറുകരയിലെത്തിച്ചത്.

മേപ്പാടിയിലെ എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി ആയിരത്തിലധികം പേരാണുള്ളത്. മേപ്പാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോട്ടനാട് സ്‌കൂള്‍, സെന്റ് ജോസഫ് സ്‌കൂള്‍, നെല്ലിമുണ്ട അമ്പലം ഹാള്‍, തൃക്കൈപ്പറ്റ ജി.എച്ച്.എസ്, കാപ്പംകൊല്ലി അരോമ ഇന്‍, മൗണ്ട് ടാബോര്‍ സ്‌കൂള്‍ എന്നിവയാണ് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ സഹായങ്ങൾ കേരളത്തിന്റെ പല ഭാ​ഗങ്ങളിൽ നിന്നും എത്തിച്ചേരുന്നുണ്ട്.

രണ്ട് ദിവസമായി ഈ മേഖലയിൽ പെയ്യുന്ന അതിതീവ്ര മഴയാണ് ദുരന്തത്തിലേക്ക് വഴി തെളിച്ചത് എന്നാണ് നി​ഗമനം. വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലുമായി 24 മണിക്കൂറിനിടെ പെയ്തത് 37 സെന്റി മീറ്റർ മഴയും, 48 മണിക്കൂറിനുള്ളിൽ 576 മില്ലിമീറ്റർ മഴയുമാണ് ഇവിടെ പെയ്തത്. 24 മണിക്കൂറിനിടെ 20 സെന്റിമീറ്ററിലേറെ മഴ തന്നെ അതിതീവ്രമാണെന്ന് കണക്കാക്കുമ്പോൾ, രണ്ടു പ്രദേശങ്ങളിലുമായി പെയ്തത് ഇരട്ടി മഴയാണ്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത കൂടുതലുള്ള പ്രദേശമായതിനാൽ മുണ്ടക്കൈ മേഖലയിൽ ഈ മഴ ദുരന്തമായി മാറുകയായിരുന്നു. വടക്കൻ കേരളത്തിൽ ദിവസങ്ങളായി പെയ്യുന്ന അതിതീവ്ര മഴയ്ക്ക് കാരണം കേരളം മുതൽ ​ഗുജറാത്ത് വരെ നീളുന്ന ശക്തമായ ന്യൂനമർദ്ദപാത്തിയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉരുൾപ്പൊട്ടലിന്റെ തൊട്ടടുത്ത ദിവസങ്ങളിലായി കനത്തമഴ പെയ്തത് രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കി. ബെയ്ലി പാലത്തിന്റെ നിർമ്മാണം വേ​ഗത്തിലാക്കാനുള്ള ശ്രമങ്ങൾ സൈന്യത്തിന്റെ ഭാ​ഗത്ത് നിന്ന് നടക്കുന്നുണ്ട്. ഇത് രക്ഷാപ്രവർത്തനം കൂടുതൽ വേ​ഗത്തിലാക്കാൻ സഹായിക്കും.

Photo: Special Arrangement

മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനം

രക്ഷാപ്രവർത്തകർ വെള്ളാർമല സ്കൂളിന് സമീപം

മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനം
രക്ഷാപ്രവർത്തനത്തിനായി കെട്ടിയുണ്ടാക്കിയ താത്കാലിക പാലം
മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനം
മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനം
രക്ഷാപ്രവർത്തനത്തിനായി മുണ്ടക്കൈയിലേക്ക് എത്തുന്നവർ
മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനം
മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനം
രക്ഷാപ്രവർത്തനത്തിനായി മുണ്ടക്കൈയിലേക്ക് എത്തുന്ന നേവിയുടെ ഹെലികോപ്റ്റർ

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read