റിപ്പോർട്ടേഴ്സ് കളക്ടീവിനെതിരെ ഐടി വകുപ്പ്: സ്വതന്ത്ര മാധ്യമ പ്രവർത്തനം പ്രതിസന്ധിയിലേക്ക്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

അന്വേഷണാത്മക മാധ്യമ പ്രവർത്തന രംഗത്ത് ശ്രദ്ധേയമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്ന ഡിജിറ്റൽ മാധ്യമ സ്ഥാപനമായ ‘ദി റിപ്പോർട്ടേഴ്‌സ് കളക്ടീവി’ന്റെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാക്കി ആദായ നികുതി (ഐടി) വകുപ്പ്. സ്ഥാപനത്തിന്റെ ‘നോൺ പ്രോഫിറ്റ് പദവി’ (non-profit status) ഐടി വകുപ്പ് റദ്ദാക്കിയതായി ജനുവരി 28ന് പുറത്തിറക്കിയ പ്രസ്താവനയിൽ റിപ്പോർട്ടേഴ്സ് കളക്ടീവ് ‌വെളിപ്പെടുത്തുന്നു. ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന നികുതി ഇളവുകൾ ഇതോടെ റിപ്പോർട്ടേഴ്‌സ് കളക്ടീവിന് ലഭിക്കാതെയാകും. മാധ്യമ പ്രവർത്തനം പൊതു ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതല്ലെന്നും അതിനാൽ ഇന്ത്യയിൽ ലാഭേച്ഛയില്ലാത്ത ഒരു പ്രവർത്തനമായി ഇത് കണക്കാക്കാൻ കഴിയില്ലെന്നും ഐ.ടി വകുപ്പ് അറിയിച്ചതായി റിപ്പോർട്ടേഴ്സ് കളക്ടീവ് പറയുന്നു. 2021 ജൂലൈ മുതൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത ട്രസ്റ്റിന്റെ ഉടമസ്ഥതയിലാണ് റിപ്പോർട്ടേഴ്സ് കളക്ടീവ് പ്രവർത്തിക്കുന്നത്.

അഞ്ച് വർഷത്തിലേറെയായി വിശദമായ അന്വേഷണാത്മക റിപ്പോർട്ടുകൾ പല ഫോർമാറ്റുകളിലും ഭാഷകളിലുമായി റിപ്പോർട്ടേഴ്സ് കളക്ടീവ് പ്രസിദ്ധീകരിക്കുന്നുണ്ട്. അന്വേഷണാത്മക റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനായി മാധ്യമ പ്രവർത്തകരെ പരിശീലിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഈ കൂട്ടായ്മ നടത്തുന്നു.

ദി റിപ്പോർട്ടേഴ്‌സ് കളക്ടീവിന്റെ വെബ്സൈറ്റ്

“മാധ്യമ പ്രവർത്തനം ശരിയായി ചെയ്യുമ്പോൾ, നമ്മുടെ ജനാധിപത്യത്തിന് അത്യാവശ്യമായ ഒരു പൊതു സേവനമാണതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ശരിയായി ചെയ്യുന്ന മാധ്യമ പ്രവർത്തനം ഒരു പൊതുനന്മയാണ്. ശക്തരായവരെ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുന്ന അന്വേഷണാത്മക മാധ്യമ പ്രവർത്തനം അടിസ്ഥാനപരമായി പൗരരെ, പ്രത്യേകിച്ച് ദരിദ്രരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയുമാണ് പിന്തുണയ്ക്കുന്നത്. ലാഭേച്ഛയില്ലാതെയും എല്ലാ ഇന്ത്യൻ നിയമങ്ങളും പാലിച്ച്, ഭയമോ പക്ഷപാതമോ ഇല്ലാതെ ഒരു പൊതുലക്ഷ്യത്തിനായി ഞങ്ങൾ സ്ഥിരമായി പ്രവർത്തിച്ചിട്ടുണ്ട്. നോൺ പ്രോഫിറ്റ് പദവി റദ്ദാക്കിയ ഈ ഉത്തരവ് തൊഴിലെടുക്കാനുള്ള ഞങ്ങളുടെ സാഹചര്യത്തെ സാരമായി ബാധിക്കുകയും സ്വതന്ത്രവും, പൊതുലക്ഷ്യത്തോടെയുള്ളതുമായ മാധ്യമ പ്രവർത്തനം രാജ്യത്ത് അസാധ്യമാക്കുകയും ചെയ്യുന്നു.” ‘ദി റിപ്പോർട്ടേഴ്‌സ് കളക്ടീവ്’ പുറത്തിറക്കിയ പ്രസ്താവനയിലെ ഈ വാക്കുകൾ അവരുടെ നോൺ പ്രോഫിറ്റ് പദവി റദ്ദാക്കപ്പെട്ടതിലെ അവരുടെ നിലപാട് വ്യക്തമാക്കുന്നു.

ഇലക്ടറൽ ബോണ്ട് അഴിമതിയുടെ ഉള്ളറകൾ അന്വേഷിക്കുന്ന പരമ്പര, സൈനിക് സ്‌കൂളുകൾ ആർ.എസ്.എസിനും ബി.ജെ.പിയുടെ സഖ്യകക്ഷികൾക്കും അനധികൃതമായി നൽകിയത്, കോവിഡ് പ്രതിസന്ധിയുടെ മറവിൽ നടന്ന തട്ടിപ്പുകൾ, സംസ്ഥാനങ്ങളുടെ നികുതിവിഹിതം കുറയ്ക്കാൻ പ്രധാനമന്ത്രി രഹസ്യമായി നടത്തിയ ഇടപെടലുകൾ, പതഞ്ജലി ഗ്രൂപ്പിന്റെ ബാബാ രാംദേവ് നടത്തിയ ഭൂമി തട്ടിപ്പുകൾ, വേദാന്ത ഗ്രൂപ്പിന്റെ പരിസ്ഥിതി നിയമ ലംഘനങ്ങൾ, പൊതുവിതരണ സമ്പ്രദായം സ്വകാര്യവൽക്കരിക്കാൻ നീതി ആയോഗ് സർക്കാരിനെ പ്രേരിപ്പിച്ചത്, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ അദാനി ഗ്രൂപ്പിന് വേണ്ടി നടത്തിയ നിയമവിരുദ്ധ ഇടപെടലുകൾ തുടങ്ങി നിരവധി അന്വേഷണാത്മക റിപ്പോർട്ടുകൾ ‘ദി റിപ്പോർട്ടേഴ്‌സ് കളക്ടീവ്’ പുറത്തുകൊണ്ടുവന്നു. മിക്ക റിപ്പോർട്ടുകളും കേന്ദ്ര സർക്കാരിന്റെയും ബി.ജെ.പിയുടെയും അഴിമതി തുറന്നുകാണിക്കുന്നവയാണ്. നോൺ പ്രോഫിറ്റ് പദവി റദ്ദാക്കിയ ആദായ നികുതി വകുപ്പിന്റെ ഇടപെടലിന് പിന്നിൽ ഇത് ഒരു സമ്മർദ്ദമായി മാറിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. കാരണം, നികുതി ഇളവുകൾ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നോട്ടീസ്, ബംഗളൂരു ആസ്ഥാനമായി കന്നഡ വെബ്‌സൈറ്റായ ‘ദി ഫയലി’നും 2024 ഡിസംബറിൽ ഐടി വകുപ്പ് നൽകിയിരുന്നു. “ഞങ്ങളുടെ വെബ്‌സൈറ്റ് പരിശോധിച്ച ഐ.ടി വകുപ്പ്, ഞങ്ങൾ ഒരു വാണിജ്യ സംരംഭമാണെന്നും ഞങ്ങളുടെ വെബ്‌സൈറ്റ് വരുമാനം നേടുന്നുണ്ടെന്നും തീർപ്പുകൽപ്പിച്ചു. പരസ്യങ്ങളില്ലാത്ത ഒരു വെബ്സൈറ്റ് ആയതിനാൽ ഇത് പൂർണ്ണമായും അസത്യമാണ്. ഈ തീരുമാനത്തിനെതിരെ ഞങ്ങൾ അപ്പീൽ ഫയൽ ചെയ്തിട്ടുണ്ട്.” ദി ഫയലിന്റെ സ്ഥാപകനും എഡിറ്ററുമായ ജി. മഹന്തേഷ്, മാധ്യമ സ്ഥാപനമായ ന്യൂസ് മിനിട്ടിനോട് പറഞ്ഞു.

കേരളീയം ബിജു എസ് ബാലന്‍ അനുസ്മരണ പരിപാടിയിൽ സംസാരിക്കുന്ന നിഥിൻ സേത്തി.

കേരളീയം ഏർപ്പെടുത്തിയ ബിജു എസ് ബാലന്‍ അനുസ്മരണ പരിസ്ഥിതി മാധ്യമ ഫെലോഷിപ്പ് വിതരണം ചെയ്യുന്നതിനും അനുസ്മരണ പ്രഭാഷണം നടത്തുന്നതിനുമായി ‘ദി റിപ്പോർട്ടേഴ്‌സ് കളക്ടീവ്’ ട്രസ്റ്റിയും മാധ്യമ പ്രവർത്തകനുമായ നിഥിൻ സേത്തി 2024ൽ തൃശൂർ എത്തിയിരുന്നു. സ്വതന്ത്ര മാധ്യമ പ്രവർത്തനം ഇന്ത്യയിൽ നേരിടുന്ന ഭീഷണികളെക്കുറിച്ചുള്ള ആശങ്ക അദ്ദേഹം അന്ന് പങ്കുവച്ചിരുന്നു. മാധ്യമ പ്രവർത്തനം പൊതു ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതല്ലെന്നും അതിനാൽ ലാഭേച്ഛയില്ലാത്ത ഒരു പ്രവർത്തനമായി ഇത് കണക്കാക്കാൻ കഴിയില്ലെന്നുമുള്ള ഐ.ടി വകുപ്പിന്റെ നിലപാട് സാമൂഹിക അനീതികൾ പരിഹരിക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിക്കുന്ന സ്വതന്ത്ര മാധ്യമങ്ങൾക്ക് ഒരു വെല്ലുവിളിയായും മാറും.

Also Read

3 minutes read January 29, 2025 12:12 pm