ഭവന നിർമ്മാണ തട്ടിപ്പിൽ കുരുങ്ങുന്ന അട്ടപ്പാടിയിലെ ആദിവാസി ജീവിതം

“2015-16 ലാണ് എ.ടി.എസ്.പി (Additional Tribal Sub Plan- ATSP) പ്രകാരം ഞങ്ങൾക്ക് വീടുകൾ പാസാകുന്നത്. പദ്ധതി പ്രകാരം വീട് നിർമ്മാണത്തിനായി നാല് ലക്ഷത്തോളം രൂപ ലഭിക്കും. ഈ വിവരം അന്നത്തെ വാർ‍ഡ് മെമ്പർ ജാക്കിറിലൂടെയാണ് ഞങ്ങൾ അറിയുന്നത്. അയാൾ പരിചയപ്പെടുത്തുന്ന കോൺട്രാക്ടർക്ക് നിർമ്മാണ ചുമതല നൽകുകയാണെങ്കിൽ വേഗത്തിൽ വീട് പണി പൂർത്തിയാക്കി തരാം എന്ന വാഗ്ദാനവും നൽകി. അങ്ങനെയാണ് നിലമ്പൂർ സ്വദേശികളായ ഗഫൂറിനെയും ബഷീറിനെയും ജാക്കിർ ഞങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. ഈ പരിസരത്തുള്ള 25 വീട്ടുകാരിൽ 15 കുടുംബങ്ങൾ അവർക്ക് കോൺട്രാക്ട് കൊടുക്കാം എന്ന അർഥത്തിൽ ഉറച്ചുനിന്നു. ഞങ്ങൾ സ്വന്തം നിർമ്മിച്ച, നല്ല കെട്ടുറപ്പുള്ള ഓടിന്റെ വീടുകളായിരുന്നു എല്ലാം. ടെറസിന്റെ പുതിയ വീട് കിട്ടുമെന്ന ആശ്വാസമായിരുന്നു എല്ലാവരുടെ മുഖത്തും. അങ്ങനെ നിലവിലുണ്ടായിരുന്ന വീടുകളെല്ലാം അവർ പൊളിച്ചുനീക്കി. ആദ്യമാസം തന്നെ 52,500 രൂപ ആദ്യ ഘട്ടം ക്യാഷ് കയറുന്നു. മറ്റൊന്നും ആലോചിക്കാതെ പണം കോൺട്രാക്ടർമാർക്ക് കൈമാറുന്നു. അഞ്ച് ഘട്ടമായിട്ടാണ് പണം ലഭിച്ചത്. എല്ലാം കൃത്യമായി അവർക്ക് കൈമാറി. മൂന്ന് മാസം കൊണ്ട് പണി പൂർത്തിയാക്കി തരാം എന്നായിരുന്നു അവരുടെ വാഗ്ദാനം. പക്ഷേ, മൂന്ന് വർഷമെടുത്ത് 2018ലാണ് പണി അവസാനിപ്പിക്കുന്നത്. 3,82,500 രൂപക്ക് മാന്യമായ സൗകര്യമുള്ള വീട് നിർമ്മിച്ച് തരാം എന്നതായിരുന്നു ‍എഗ്രിമെന്റ്. പക്ഷേ, പണി പാതി വഴിയിൽ ഉപേക്ഷിച്ച്, പണി പൂർത്തിയാക്കിയെന്ന് പറഞ്ഞ് വീടിന് മുമ്പിൽ ബോർഡും വെച്ച് കോൺട്രാക്ടർമാർ മുങ്ങി.” ഭൂതിവഴി ഊരിൽ ഭവന നിർമ്മാണത്തിന്റെ പേരിൽ വഞ്ചിക്കപ്പെട്ടവരിൽ ഒരാളായ കലാമണി അനുഭവം വിശദീകരിച്ചു.

കലാമണി വീടിനു മുന്നിൽ. ( കോൺട്രാക്ടർമാർ സ്ഥാപിച്ച ബോർഡ് കാണാം). ഫോട്ടോ. വി.പി.എം സ്വാദിഖ്.

മണ്ണാർക്കാട് നിന്ന് ഏകദേശം 40 കിലോമീറ്റർ ദൂരെയാണ് അഗളി പഞ്ചായത്തിലെ ദൂതിവഴി ഊര് സ്ഥിതി ചെയ്യുന്നത്. ഇരുള വിഭാഗത്തിൽപ്പെട്ട ആദിവാസികൾ തിങ്ങി താമസിക്കുന്ന ഇടം. ഏകദേശം മുന്നോറോളം കുടുംബങ്ങളാണ് ഊരിലുള്ളത്. ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പിനാണ് ഭൂതിവഴി ഊരിലെ കുറച്ച് കുടുംബങ്ങൾ ഇരയായിത്തീർന്നത്. കുറ്റവാളികളാകട്ടെ, രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തി കേസിൽ നിന്നും രക്ഷപ്പെടുകയും നാട്ടിൽ സ്വൈരവിഹാരം നടത്തുകയും ചെയ്യുന്നു. കേവലം അഞ്ച് ദിവസം മാത്രമാണ് ഒന്നാം പ്രതി റിമാൻഡിൽ കിടന്നത്. മുഖ്യപ്രതികളിലൊരാൾ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ തെരഞ്ഞെ‍ടുപ്പ് പ്രചാരണ കമ്മിറ്റി കൺവീനറായി പ്രവർത്തിച്ചു. അപ്പോഴും മഴയത്ത് ചോർന്നൊലിക്കുന്ന വീടിന് എന്തെങ്കിലും പരിഹാരമുണ്ടാകണമെന്ന ആവശ്യവുമായി ആദിവാസി സ്ത്രീകൾ കോടതി കയറിയിറങ്ങുകയായിരുന്നു.  

2015-16 ലാണ് എ.ടി.എസ്.പി പദ്ധതി പ്രകാരം നിരവധി ആദിവാസി കുടുംബങ്ങൾക്ക് വീട് പാസാകുന്നത്. ഭൂതിവഴി ഊരിലെ കുടുംബങ്ങൾക്ക് വീട് പാസായി എന്ന വിവരം ലഭിച്ച ഉടനെ തന്നെ അന്നത്തെ വാർഡ് മെമ്പറായിരുന്ന ജാക്കിർ ഇവരെ ബന്ധപ്പെടുകയും നിലമ്പൂർ സ്വദേശികളായ ഗഫൂർ, ബഷീർ എന്നീ കോൺട്രാക്ടർമാരെ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പദ്ധതി പ്രകാരം ലഭിക്കുന്ന 3,82,500 രൂപക്ക് മാന്യമായ സൗകര്യങ്ങളുള്ള വീട് നിർമ്മിച്ചു തരാം എന്നായിരുന്നു കരാർ. ഊരിൽ നിന്ന് കലാമണിയെക്കൊണ്ട് മാത്രമാണ് കരാറിൽ ഒപ്പ് വയ്പ്പിച്ചത്. കോൺട്രാക്ടർമാർ ആരും അതിൽ ഒപ്പിട്ടിട്ടുമില്ല. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ പണി ഒരുപാട് പൂർത്തിയാകാനുണ്ടല്ലോ, ഇടയ്ക്ക് എപ്പോഴെങ്കിലും ഒപ്പുവെക്കാമെന്നായിരുന്നു മറുപടി. 25 കുടുംബങ്ങൾ ആദ്യം മുന്നോട്ടുവന്നെങ്കിലും 15 കുടുംബങ്ങൾ മാത്രമാണ് നേരത്തെ സൂചിപ്പിച്ച കോൺട്രാക്ടർമാരെ തന്നെ നിർമ്മാണം എൽപ്പിക്കാം എന്ന രൂപത്തിൽ ഉറച്ചുനിന്നത്. ഘട്ടംഘട്ടമായി തങ്ങൾക്ക് ലഭിച്ച 3,82,500 രൂപ ഒരു വിശ്വാസത്തിന്റെ പുറത്ത് കോൺട്രാക്ടർമാർക്ക് എടുത്ത് കൊടുക്കുകയാണ് ഉണ്ടായത്. 15 കുടുംബങ്ങളിൽ നിന്നായി 5,73,7,500 രൂപ ഇവർ കൈക്കലാക്കി. ഓരോ ഘട്ടത്തിലും സ്വന്തം അക്കൗണ്ടിൽ പണം കയറിയെന്നറിയുന്നത് കോൺട്രാക്ടർ വന്ന് പറയുമ്പോഴാണ്. ഈ വിവരം അറിയിക്കേണ്ട ചുമതല ഐ.ടി.ഡി.പിയിലെ ഉദ്യോഗസ്ഥർക്കാണെന്നിരിക്കെ കോൺട്രാക്ടർമാർ ഇതെങ്ങനെ കൃത്യമായി അറിഞ്ഞു എന്നതിൽ തട്ടിപ്പിന് ഇരയായവർക്ക് സംശയമുണ്ട്.

കലാമണിയും കോൺട്രാക്ടർമാരും തമ്മിലെ കരാർ. (കോൺട്രാക്ടർ ഒപ്പുവെച്ചിട്ടില്ല).

2018ൽ നിർമ്മാണം പാതി വഴിയിൽ ഉപേക്ഷിച്ച് വീടുപണി അവസാനിച്ചുവെന്ന് പറഞ്ഞ് ഓരോ വീടിനു മുമ്പിലും ബോർഡ് സ്ഥാപിച്ച് കോൺട്രാക്ടർമാർ തടിതപ്പി. അന്നത്തെ വീടിന്റെ അവസ്ഥയെക്കുറിച്ച് ഭൂതിവഴി ഊരിലെ ശാന്തയാണ് സംസാരിച്ചത്.

“പണി പൂർത്തിയാക്കി വീടിനു മുമ്പിൽ സൂചനാ ബോർഡുകൾ വെച്ചപ്പോൾ അക്ഷരാർഥത്തിൽ ഞങ്ങൾ സ്തംഭിച്ചുപോയി. കാരണം പണി പാതി വഴിയിലാണെന്ന് ഏത് ചെറിയ കുട്ടിക്ക് പോലും മനസ്സിലാകുന്ന രൂപത്തിലായിരുന്നു അന്ന് വീടിന്റെ അവസ്ഥ. മുൻ ഭാഗത്തും അടുക്കള ഭാഗത്തും മാത്രമാണ് അന്ന് വാതിൽ വെച്ചത്. ചിലയിടത്ത് വയറിംഗിന്റെ പൈപ്പ് ഇട്ടിട്ടുണ്ട്, വയറിംഗ് നടത്തിയിട്ടില്ല. വയറിംഗ് നടത്താത്തിടത്ത് വൈദ്യുതിയെക്കുറിച്ച് പറയേണ്ടതില്ലല്ലോ. വീട് വൈറ്റ് വാഷ് ചെയ്തിട്ടില്ല. ഈയൊരവസ്ഥയിലാണ് വീട് പണി പൂർത്തിയാക്കി എന്ന് അവർ പറഞ്ഞത്. ഇവർക്ക് കൊടുത്തതിന് പുറമെ കയ്യിൽ നിന്ന് സ്വന്തം ക്യാഷെടുത്തിട്ടാണ് ഞങ്ങളെല്ലാവരും വീടിന്റെ വയറിംഗും വൈറ്റ് വാഷും പൂർത്തിയാക്കിയത്.  ഇതുമായി ബന്ധപ്പെട്ട് ആദ്യം പരാതി പറഞ്ഞപ്പോൾ ഉദ്യോഗസ്ഥരും മറ്റും ആ സമയത്ത് കൈ മലർത്തുകയാണ് ഉണ്ടായത്.” ശാന്ത പറഞ്ഞു.

താത്കാലികമായുണ്ടാക്കിയ അടുക്കളയിൽ ശാന്തി . ഫോട്ടോ : വി.പി.എം സ്വാദിഖ്.

”വീട്ടിൽ പെൺകുട്ടികളൊക്കെ ഉള്ളതല്ലേ മോനേ, അവർക്ക് സ്വകാര്യമായി വസ്ത്രം മാറാനും മറ്റും അടച്ചുറപ്പുള്ള വാതിലുള്ള ഒരു മുറിയില്ലാതെ എങ്ങനെയാ ശരിയാകുക. ഞങ്ങൾ തൊഴിലുറപ്പിന് പോയി കിട്ടിയ പണം ഉപയോഗിച്ചാണ് ബാക്കി മുറികൾക്കെല്ലാം വാതിൽ വെച്ചത്.” കലാമണി കൂട്ടിച്ചേർത്തു.

“ആദ്യഘട്ടത്തിൽ ഊരിലെ 15 കുടുംബങ്ങൾക്ക് കിട്ടിയ നാല് ലക്ഷത്തോളം രൂപ വീട് പണി പൂർത്തിയാക്കി തരാം എന്ന ഭാവേന കോൺട്രാക്ടറും വാർഡ് മെമ്പറും ചേർന്ന് കൈക്കലാക്കുകയായിരുന്നു. ഇത് പൊലീസ് എഫ്.ഐ.ആറിലും ചാർജ് ഷീറ്റിലും പറയുന്നുണ്ട്. എന്റെ അഭിപ്രായത്തിൽ ഏകദേശം രണ്ട് ലക്ഷം രൂപക്കുള്ള പണി അവർ അവിടെ എടുത്തിട്ടുണ്ടാകും. ബാക്കി ഈ സാധുക്കളെ പറ്റിച്ച് കൊള്ളയടിച്ചുവെന്ന് പറയേണ്ടി വരും.” വസ്തുതാന്വേഷണ സംഘത്തിന്റെ ഭാഗമായി ഊരിലെത്തിയ ഗ്രീൻ മൂവ്മെന്റ് ജനറൽ സെക്രട്ടറി ടി.വി രാജൻ കേരളീയത്തോട് പറഞ്ഞു.

അധിക വിഹിതവും തട്ടിയെടുത്തു

കരാർ പ്രകാരം ഏറ്റ മുഴുവൻ പണവും നൽകിയിട്ടും കോൺട്രാക്ടർമാർ പണി പാതി വഴിയിൽ ഉപേക്ഷിച്ച് പോയതോടെ ഇവർ ഓഫീസുകൾ കയറി ഇറങ്ങാൻ തുടങ്ങി. ഏറെ പരാതിപ്പെട്ട ശേഷമാണ് ട്രൈബൽ ഓഫീസർ ഇവരുടെ വീട് സന്ദർശിക്കുന്നത്. വീടിന്റെ ദുരവസ്ഥ കണ്ട ട്രൈബൽ ഓഫീസറാണ് വീട് പണി പൂർത്തിയാക്കാൻ വേണ്ടി അധിക വിഹിതമായി ഒന്നേ കാൽ ലക്ഷം കൂടി നൽകാമെന്ന് വാഗ്ദാനം ചെയ്യുന്നത്. അധിക വിഹിതമായി പണം അക്കൗണ്ടിൽ കയറുന്നു എന്ന വിവരം കിട്ടുന്ന മുറക്ക് വാർഡ് മെമ്പറും പഴയ കോൺട്രാക്ടർമാരും ഇവരെ വീണ്ടും സമീപിക്കുന്നു. ബാക്കി വന്ന പണി തീർക്കാൻ സഹായിക്കാം എന്ന് പറ‍ഞ്ഞാണ് ഇവരുടെ വരവ്. ഇത് ഊരിലെ കുടുംബങ്ങളെ ബോധ്യപ്പെടുത്താൻ വാർഡ് മെമ്പറായ ജാക്കിറും മുന്നിലുണ്ടായിരുന്നു. പിന്നീട് നടന്നത് വലിയ സാമ്പത്തിക തട്ടിപ്പായിരുന്നു. അന്നത്തെ സംഭവം കലാമണി ഓർത്തെടുത്ത് പറയുന്നുണ്ട്.

“അവർ ഞങ്ങളെ വിളിച്ച വർഷവും മാസവും ദിവസവും എനിക്ക് നല്ല ഓർമയുണ്ട്. അത്ര പെട്ടെന്നൊന്നും അത് മറക്കാനാകില്ല. 2018 ജൂലൈ 5ന് വൈകുന്നേരമാണ് വാർഡ് മെമ്പറോടൊപ്പം കോൺട്രാക്ടർ ബഷീർ ഞങ്ങളുടെ ഊരിലേക്ക് വീണ്ടും വരുന്നത്. ഞങ്ങൾ ഏഴ് കുടുംബങ്ങളോട് മാത്രം പിറ്റേന്ന് രാവിലെ പത്ത് മണിയാകുമ്പോഴേക്ക് ബാങ്കിലെത്താൻ നിർദേശം നൽകുന്നു. പാസ്ബുക്കും ആധാറും കയ്യിൽ കരുതണമെന്നും അക്കൗണ്ടിനെ ആധാറുമായി ലിങ്ക് ചെയ്താലേ അക്കൗണ്ടിലെ പണം ലഭിക്കൂ എന്നുമാണ് അന്ന് അവർ പറഞ്ഞത്. ഞങ്ങൾ ബാങ്കിലെത്തിയപ്പോഴേക്കും ഞങ്ങളുടെ പാസ്ബുക്കും ആധാറും അവർ വാങ്ങി. മാനേജറുടെ അടുത്ത് നിന്ന് ഏഴ് സ്ലിപ്പുകൾ വാങ്ങി. ഏഴ് പേരെക്കൊണ്ടും ഒപ്പിടീപ്പിച്ചു. എന്നിട്ട് സ്ലിപ്പ് മാനേജറുടെ അടുത്ത് കൊണ്ടുപോയി കൊടുത്തതിന് ശേഷം സ്ലിപ് ഞങ്ങൾക്ക് തിരിച്ചുതന്നു. അതിലെന്താണ് രേഖപ്പെടുത്തിയതെന്ന് അന്ന് ഞങ്ങൾക്ക് മനസ്സിലായിരുന്നില്ല. തങ്ങളുടെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടുണ്ടെന്ന് കരുതി ഞങ്ങളെല്ലാം വരി നിന്നപ്പോൾ ബഷീർ ഞങ്ങളെ തിരിച്ചുവിളിച്ചു. പാസായ പണം തന്റെ അക്കൗണ്ടിലേക്ക് കയറിയിട്ടുണ്ടെന്ന് പറഞ്ഞ് ഞങ്ങൾക്ക് ഓരോരുത്തർക്കും 500 രൂപ വീതം നൽകി തിരിച്ച് അയാളുടെ കാറിൽ ഞങ്ങളെ ഊരിൽ കൊണ്ടിറക്കി. സംശയം തോന്നി പിറ്റേന്ന് ബാങ്കിൽ പോയി അന്വേഷിക്കുമ്പോഴാണ് തങ്ങളുടെ ഓരോരുത്തരുടെ അക്കൗണ്ടിലും ക്യാഷ് വന്നിരുന്നെന്നും, അതെല്ലാം കബളിപ്പിച്ച് ബഷീറിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നെന്നും മനസ്സിലാകുന്നത്. അതിന്റെ രേഖ ഞങ്ങളുടെ കയ്യിലുണ്ട്. അന്ന് പണവും കൊണ്ട് പോയ ബഷീറും സംഘവും പിന്നീട് ഈ ഊരിലേക്ക് കയറിയിട്ടില്ല.”

കലാമണിയുടെ പാസ്ബുക്ക്. (ബഷീറിന്റെ അക്കൗണ്ടിലേക്ക് പണം മാറിയത് കാണാം).

എ.ടി.എസ്.പി പദ്ധതി പ്രകാരം ലൈഫ് മിഷന്റെ ഭാഗമായി അധികവിഹിതമായി ലഭിച്ച പണം ഒരു ദയയുമില്ലാതെ ബഷീറും സംഘവും തട്ടിയെടുത്ത കഥയാണ് കലാമണി പറഞ്ഞുവെക്കുന്നത്. അഞ്ച് പേർക്ക് 1,22,500 രൂപയും രണ്ട് പേർക്ക് 1,12,500 രൂപയുമായിരുന്നു അക്കൗണ്ടിലേക്ക് കയറിയിരുന്നത്. ആകെ 8,37,500 രൂപ. പഞ്ചായത്തിൽ ചെന്ന് അന്നത്തെ വാർഡ് മെമ്പറോട് സംസാരിച്ചപ്പോൾ എനിക്കൊന്നുമറിയില്ല എന്നാണ് മറുപടി തന്നതെന്ന് ഭൂതിവഴി ഊരിലെ വഞ്ചിക്കപ്പെട്ട കുടുംബാംഗങ്ങൾ ഒരേ സ്വരത്തിൽ പറയുന്നു. നേരത്തേ കോൺട്രാക്ട് കൊടുത്ത 15 പേരിൽ ഏഴ് പേർ വീണ്ടും വ‍ഞ്ചിക്കപ്പെട്ടതുകൊണ്ട് മറ്റുള്ളവർ ബാക്കി പണം കോൺട്രാക്ടർമാരെ ഏൽപിക്കാൻ നിന്നില്ല. അക്കൗണ്ടിൽ നിന്ന് പണമെടുത്ത് വീടിന്റെ പണികൾ അവർ സ്വയം തീർക്കുകയായിരുന്നു. തങ്ങൾ പൂർണമായും വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലായതോടെയാണ് ഏഴ് കുടുംബങ്ങൾ (റങ്കി, രേശി, കലാമണി, പാപ്പാൾ, കാളികാടൻ, ശാന്തി, ചെല്ലി) ഗത്യന്തരമില്ലാതെ കേസിന് പോകാൻ ഒരുങ്ങുന്നത്. പരാതി നൽകിയതിനെത്തുടർന്ന് അഗളി പോലീസ് അബ്ദുൽ ഗഫൂറിനെ ഒന്നാം പ്രതിയും ബഷീറിനെ രണ്ടാം പ്രതിയും വാർഡ് മെമ്പർ ജാക്കിറിനെ മൂന്നാം പ്രതിയും ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറായിരുന്ന എം നിസാറുദ്ദീനെ നാലാം പ്രതിയുമാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നുണ്ട്. പിന്നീട് അന്വേഷണത്തിൽ ടി.ഇ.ഒയെ വെറുതെ വിടുകയാണ് ചെയ്യുന്നത്.  

കേസ് അട്ടിമറിക്കാൻ ഉന്നതതല രാഷ്ട്രീയ ഇടപെടലുണ്ടായതോടെ അന്നത്തെ പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലനെ കണ്ട് ഇവർ പരാതി പറഞ്ഞു. മന്ത്രി എ.കെ ബാലന്റെ ഇടപെടലിലാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ക്രൈം ബ്രാഞ്ച് പി.എം ബഷീറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. അറസ്റ്റിലായ ബഷീറും ഗഫൂറും അഞ്ച് ദിവസം റിമാന്റിൽ ജയിലിലായിരുന്നു. എന്നാൽ, കേസിന്റെ വിചാരണ നടപടി നീട്ടികൊണ്ടുപോകാൻ നീക്കമുണ്ടായതോടെ തട്ടിപ്പിനിരയായ കലാമണി ഹൈക്കോടതിയെ സമീപിച്ചു. മൂന്ന് മാസത്തിനകം വിചാരണ നടപടികൾ പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതിനിടെ പി.എം ബഷീർ ഹൈക്കോടതിയെ സമീപിച്ച് വിചാരണക്ക് സ്റ്റേ നേടുകയായിരുന്നു. സ്റ്റേ നീക്കാൻ ഇതുവരെയും ഹൈക്കോടതിയെ സമീപിക്കാതെ സർക്കാർ ബഷീർ അടക്കമുള്ള പ്രതികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സ്‌റ്റേ നീക്കി വിചാരണ ആരംഭിക്കാൻ കലാമണി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഈ കാലത്തിനിടയിൽ തട്ടിപ്പിനിരയായ പാപ്പാൾ, കാളികാടൻ എന്നിവർ മരണപ്പെട്ടു. അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ഇരുവരും യാത്രയായത്.

വിണ്ടുകീറിയ വീടുകളിൽ ഇനിയെത്രനാൾ?

അതിദയനീയമാണ് ഭൂതിവഴി ഊരിൽ ഭവന നിർമാണ തട്ടിപ്പിനിരയായവരുടെ വീടുകളുടെ അവസ്ഥ. എല്ലാ വീടുകളും ചോർന്നൊലിക്കുന്നുണ്ട്. ആവശ്യമായ സൺഷെയ്ഡ് ഒരു വീടിനും ഇല്ലാത്തതുകൊണ്ട് ചെറിയൊരു മഴ വന്നാൽ തന്നെ വീട്ടിനുള്ളിൽ വെള്ളമെത്തും. കോൺട്രാക്ടർമാർ സ്ഥാപിച്ച വാതിലുകൾ നിലവാരം കുറഞ്ഞതായതുകൊണ്ട് മഴവെള്ളം തട്ടി എല്ലാം നശിച്ചുതുടങ്ങി. ഗുണമേന്മയില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചാണ് വീട് നിർമ്മിച്ചതെന്ന് ഓരോ കോണിലും വ്യക്തം. ആവശ്യമായ സിമന്റോ മണലോ പോലും ഒരു വീട്ടിലും ഉപയോഗിച്ചിട്ടില്ല. വാർപ്പിന്റെ മുകളിൽ കയറി കൈ കൊണ്ട് കോരിയാൽ മണൽ കയ്യിൽ പോരുന്ന രീതിയിലാണ് മെയിൻ സ്ലാബിന്റെ നിർമ്മാണം. അതുകൊണ്ടുതന്നെ ചെറിയ മഴ പെയ്താൽ പോലും സ്ലാബിലൂടെ വെള്ളം ചോരുന്നുണ്ട്.

നിർമ്മാണത്തിലെ അപാകത ചൂണ്ടികാട്ടുന്ന ശാന്തി. ഫോട്ടോ : വി.പി.എം സ്വാദിഖ്.

അടുക്കളയുടെ പണി ഒരു വീട്ടിലും ഇപ്പോഴും പൂർത്തിയാട്ടില്ല. ഗ്യാസ് സിലിണ്ടറോ മറ്റോ വെക്കാൻ പറ്റാത്ത ഉയരത്തിൽ അടുപ്പോ മറ്റോ നിർമിക്കാതെ ഒരു സ്ലാബ് മാത്രം നിർമ്മിച്ച് വെച്ചിരിക്കുകയാണ്. ചുമരുകളും മെയിൻ സ്ലാബും വിണ്ടുകീറിയിട്ടുണ്ട്. മരണപ്പെട്ട പാപ്പാളിന്റെ വീടിന്റെ അവസ്ഥയാണ് അതിദയനീയം. ചുമര് വിണ്ടുകീറി അപ്പുറത്തേക്ക് കാണാവുന്ന അവസ്ഥയിലാണ് വീടുള്ളത്. മേൽക്കൂര അടർന്ന് വീഴാതിരിക്കാൻ വലിയൊരു മരക്കൊമ്പ് റൂമിനുള്ളിൽ വെച്ചിരിക്കുന്നു. കേവലം ഒരടിയാണ് വീടുകളുടെ തറകളുടെ താഴ്ച. പലരുടെയും തറ ഭാഗം വിണ്ടുകീറി പൊട്ടിത്തുടങ്ങിയിരിക്കുന്നു. അകം ഉറവ് വന്ന് വെളുത്തിരിക്കുന്നതും പല വീടുകളിലും കാണാം. പ്രായമായി ഒറ്റക്ക് താമസിക്കുന്ന റങ്കിയുടെ വീടിന്റെ അകം മുഴുവൻ പൊട്ടി തകർന്നിരിക്കുന്നു.    

“അടുക്കളയിൽ പാത്രം വെക്കാനോ അടുപ്പ് കൂട്ടാനോ ഉള്ള സൗകര്യങ്ങളില്ല. എന്തിനാണിവർ അടുക്കളയിൽ ഇത്ര താഴ്ചയിൽ ഒരു തിണ്ട് ഉണ്ടാക്കിയതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഞങ്ങൾ അടുപ്പ് കൂട്ടുന്നത് വീടിന്റെ പുറത്താണ്. മഴ വരുമ്പോൾ ഉള്ളിലേക്ക് വെള്ളം കയറുന്നതിനാലാണ് വാതിലിനോട് ചേർന്ന് ഈ ചാക്ക് ഇട്ടിരിക്കുന്നത്. ശക്തമായ മഴയാണെങ്കിൽ ഈ ചാക്ക് കൊണ്ടും വലിയ കാര്യമില്ല. വസ്തുക്കൾ അടുക്കി വെക്കാനും മറ്റും കഴിയുന്ന നമ്മെപ്പോലുള്ളവർ എങ്ങനെയെങ്കിലും ജീവിക്കും. ഈ പ്രായമായ റങ്കിയും മറ്റും എന്തു ചെയ്യും?” ഒറ്റക്ക് താമസിക്കുന്ന പ്രായമായി റങ്കിയെ ചൂണ്ടി പരാതിക്കാരികളിലൊരാളായ ശാന്തി ചോദിച്ചു.

“എന്റെ വീട്ടിലെ ബാത്ത്റൂമിന് വേണ്ടി ഫൗണ്ടേഷൻ കെട്ടിയതിന്റെ പകുതിയിൽ മാത്രമാണ് അവർ ബാത്ത് റൂം നിർമ്മിച്ചത്. മര്യാദക്ക് ഒന്നു തിരിയാനുള്ള ഇടം പോലുമില്ല. രണ്ട് റിംഗ് മാത്രമുള്ള ടോയ്ലറ്റ് കുഴിയും. വീടിന്റെ പുറത്ത് കോണിയും സ്ഥാപിച്ചിട്ടില്ല. മുകളിൽ എന്തെങ്കിലും പറ്റിയിട്ടുണ്ടോ എന്ന് നോക്കാൻ പോലും സൗകര്യമില്ല. ഞങ്ങളുടെ കൂടെ വീട് ലഭിച്ച, സ്വന്തമായി വീടുപണി കഴിപ്പിച്ച എല്ലാവരും സുഖമായി ജീവിക്കുന്നു. ഇപ്പഴും അവരുടെ വീടുകൾ ഒരു കേടുപാടും പറ്റാതെ നിലനിൽക്കുന്നു. ഇനി ഞങ്ങളന്താ ചെയ്യണ്ടേ, ഏത് ഉദ്യോഗസ്ഥന്റെ വാതിലാണ് മുട്ടേണ്ടത്, അഞ്ച് ആറ് വർഷമായി ഞങ്ങളീ കേസിന്റെ പിറകെ നടക്കുന്നു.” ഇത് പറയുമ്പോൾ കേസുമായി ധൈര്യത്തോടെ മുന്നോട്ടു പോകുന്ന കലാമണിയുടെ മുഖത്ത് മ്ലാനത പടർന്നിരുന്നു.

പാപ്പാളിന്റെ വീടിന്റെ ചുമരിലെ വിള്ളൽ. ഫോട്ടോ : വി.പി.എം സ്വാദിഖ്.

“രണ്ട് വർഷം മുമ്പ് ഒരു മഴക്കാലത്താണ് എന്റെ ചെറിയ കുട്ടി മരണപ്പെടുന്നത്. ജനിച്ചത് മുതലേ വളർച്ചാ വൈകല്യമുള്ള കുട്ടിയായിരുന്നു. വീട്ടിനുള്ളിൽ വെള്ളമായതിനാൽ മൃതദേഹം വീട്ടിൽ കയറ്റി കിടത്താനുള്ള സൗകര്യം പോലുമില്ലായിരുന്നു. എന്നിട്ട് ബന്ധുവീട്ടിൽ വെച്ചായിരുന്നു ബാക്കി ചടങ്ങുകളെല്ലാം നടത്തിയത്. എത്രനാൾ ഞങ്ങളിവിടെ ജീവിക്കുമെന്നറിയില്ല. ഈ മഴക്കാലത്ത് ചോർന്നൊലിക്കുന്ന ടെറസിന്റെ വീട്ടിൽ കുട്ടികളെയും കൊണ്ട് ഞങ്ങളെങ്ങനെ ജീവിക്കാനാ. ഇനി നല്ലൊരു മഴ വന്നാൽ മിക്കവാറും ഈ വീട് തകർന്ന് ഞങ്ങളെല്ലാം മരിക്കും.” സങ്കടവും അമർശവും ഇടകലർന്നതായിരുന്നു ചെല്ലിയുടെ സംസാരം.

“വീട് മുഴുവനും പൊളിഞ്ഞു തുടങ്ങി. മഴക്കാലത്ത് അകം നന‍ഞ്ഞിട്ട് ഒന്ന് നടക്കാൻ പോലും സാധിക്കുന്നില്ല. കയ്യിൽ ക്യാഷില്ലാത്തതുകൊണ്ട് റിപ്പയറിംഗിനും കഴിയുന്നില്ല. അരി മാത്രം ഫ്രീയായി കിട്ടുന്നത് കൊണ്ട് ജീവിച്ചുപോകുന്നു. വീടുമായി ബന്ധപ്പെട്ട വല്ലതും ചോദിച്ചാൽ കേസിലായതുകൊണ്ട് ‍ഞങ്ങൾക്ക് കൂടുതലൊന്നും ചെയ്യാനില്ലാ എന്നാണ് ഉദ്യോഗസ്ഥരുടെ സംസാരം. കേസും വക്കാണവും എന്നാണാവോ തീരുക. ഒരു പിടുത്തവുമില്ല”. മരണപ്പെട്ട കാളിമൂപ്പന്റെ വീട്ടിൽ താമസിക്കുന്ന വടുകി നിരാശയോടെ പറഞ്ഞു.

നിലം തകർന്ന വീട്ടിൽ റങ്കി. ഫോട്ടോ : വി.പി.എം സ്വാദിഖ്.

എത്ര കൈകഴുകാൻ ശ്രമിച്ചാലും ഐ.ടി.ഡി.പിയിലെ ഉദ്യോഗസ്ഥരിൽ ചിലരുടെയെങ്കിലും പൂർണ ഒത്താശയോടെയാണ് ഈ പകൽക്കൊള്ള നടന്നതെന്ന് വ്യക്തം. അഗളി പഞ്ചായത്തിലെ മുൻ വി.ഇ.ഒ സൗദാമിനി ഇക്കാര്യം ഉന്നയിക്കുന്നുണ്ട്. “എ.ടി.എസ്.പി ഫണ്ട് ഉപയോഗിച്ചാണ് ആദിവാസി ഊരുകളിലെ മുഴുവൻ വീടുപണികളും നടക്കുന്നത്. ട്രൈബൽ ഡിപ്പാർട്ട്മെന്റിനാണ് ഇതിന്റെ പൂർണ ചുമതല. എ.ടി.എസ്.പി ഭവനപദ്ധതി ​ഗുണഭോക്താക്കളെ കണ്ടെത്തുന്നതും കരാർ വെച്ച് ഭവനനിർമാണ ആനുകൂല്യം നൽകുന്നതും ഭവനനിർമാണ പുരോ​ഗതി പരിശോധിക്കുന്നതും ഐ.ടി.ഡി.പി മുഖേനയാണ്”.

ഭൂതിവഴി ഊരിലെ നിലവിലെ വാർഡ് മെമ്പർ മിനിയും ഇക്കാര്യം സൂചിപ്പിക്കുന്നു. വീട് പണിയുടെ ഓരോ ഘട്ടവും വിലയിരുത്തിയ ശേഷമാണ് അടുത്ത ഘട്ടത്തിലേക്കുള്ള ഫണ്ട് അനുവദിക്കുന്നത്. വീടിന്റെ ഒരു ഘട്ടവും പൂർണമാക്കാതെയാണ് കോൺട്രാക്ടർമാർ അടുത്ത ഘട്ടത്തിലേക്ക് കടന്നത്. പണിക്ക് ഉപയോഗിച്ചതാകട്ടെ, നിലവാരം കുറഞ്ഞ മെറ്റീരിയലുകളും. ഇതൊന്നും പരിശോധിക്കാതെയാണോ അന്നത്തെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറും എസ്.ടി പ്രമോട്ടറും റിപ്പോർട്ട് കൊടുത്തത്. പിന്നെ ആർക്കു വേണ്ടിയാണ് ഈ പാവങ്ങളുടെ പണം അപഹരിക്കാൻ ഇവർ കൂട്ടുനിന്നതെന്ന ചോദ്യം പ്രസക്തമാണ്.

ഈ വാദങ്ങളോട് ചെറിയ വിയോജിപ്പും യോജിപ്പും രേഖപ്പെടുത്തിയാണ് ഐ.ടി.ഡി.പിയിലെ നിലവിലെ പ്രൊജക്ട് ഓഫീസർ സാദിഖ് അലി സംസാരിച്ചത്. “വർഷം അഞ്ച് കോടി രൂപ വരെ ഭവന നിർമാണത്തിനായി ആദിവാസി ഊരുകളിൽ ചെലവഴിക്കുന്നുണ്ട്. നിലവിൽ 2.5 ലക്ഷം രൂപ വീട് റിപ്പയറിംഗിനായി 300 കുടുംബങ്ങൾക്ക് കൊടുത്തു കഴിഞ്ഞു. എല്ലാം ബെനിഫിഷ്യറിയുടെ അക്കൗണ്ടിലേക്ക് നേരിട്ട് അയക്കുകയാണ് ചെയ്യാറ്. അവരുടെ സമ്മതമില്ലാതെ ആർക്കും അവരുടെ പണം പിൻവലിക്കാൻ സാധ്യമല്ല. ഓരോ ഘട്ടം കഴിഞ്ഞാലും അതിന്റെ ഫോട്ടോയും റിപ്പോർട്ടും ഡിപാർട്ട്മെന്റിൽ സമർപ്പിച്ചാലേ അടുത്ത ഘട്ടത്തിലേക്കുള്ള പണം അനുവദിക്കൂ. അന്ന് എസ്.ടി പ്രൊമോട്ടറുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടാകണം. ടി.ഇ.ഒക്ക് അതിൽ വലിയ റോളൊന്നുമില്ല. പിന്നെ ആരെങ്കിലും സ്വന്തം താൽപര്യമെടുത്ത് ചെയ്താലേ ഉള്ളൂ. അന്നത്തെ ടി.ഇ.ഒ നിസാറുദ്ദീനെക്കുറിച്ച് നല്ല ആരോപണം നിലനിന്നിരുന്നു. പണിഷ്മെന്റ് ട്രാൻസ്ഫറിന്റെ ഭാഗമായാണ് അന്ന് അയാളെ ഇവിടുന്ന് സ്ഥലം മാറ്റുന്നത്.” സാദിഖലി പറഞ്ഞുനിർത്തി. വീടു പണിക്കായി അക്കൗണ്ടിലേക്ക് ക്യാഷ് അയച്ചാലും മറ്റ് ആവശ്യങ്ങൾക്കായി അതിനെ ഉപയോഗിക്കുന്നവർ നിരവധിയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

ആദിവാസികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പഞ്ചായത്തിനോ വാർഡ് മെമ്പർക്കോ കാര്യമായെന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന അന്വേഷണത്തിനാണ് ഭൂതിവഴി ഊര് ഉൾക്കൊള്ളുന്ന പ്രദേശത്തിന്റെ വാർഡ് മെമ്പർ മിനിയെ കാണുന്നത്. “ഭൂതിവഴി ഊരിൽ ഭവന നിർമ്മാണ തട്ടിപ്പിനിരയായ വീടുകളിൽ മിക്കതും ഈ മഴക്കാലത്ത് തകർന്നു വീഴും. എ.ടി.എസ്.പിയുടെ ഫണ്ടായതിനാൽ പഞ്ചായത്തിന് അതിൽ ഒന്നും ചെയ്യാനില്ല. ഇത് കേസിൽ കിടക്കുന്നതിനാൽ ഇവർക്ക് മറ്റു ആനുകൂല്യങ്ങളും ലഭിക്കില്ല. ഇവർക്ക് ഇപ്പോൾ ആകെ ചെയ്യാവുന്നത് ഇനി വീട്ടിൽ ചെയ്യാനുള്ള വർക്കിന്റെ എസ്റ്റിമേറ്റ് എടുത്ത് കോടതിയിൽ സമർപ്പിച്ച് കോടതി മുഖാന്തിരം കോൺട്രാക്ടർമാരെക്കൊണ്ട് ചെയ്യിപ്പിക്കുക എന്നത് മാത്രമാണ്.”

ഭവനനിർമ്മാണ തട്ടിപ്പിൽ പ്രധാന പങ്കുവഹിച്ച മുൻ വാർഡ് മെമ്പർ ജാക്കിറിനെക്കുറിച്ചും മിനി സംസാരിച്ചു. “ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ പ്രതിയാണ് പരാമർശിക്കപ്പെട്ട ജാക്കിർ. ചില രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയുള്ളതു കൊണ്ടാണ് അവർ ഇപ്പോഴും സുഖമായി ഇവിടെ വിലസുന്നത്.” ഭവനനിർമാണ തട്ടിപ്പുകൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ വാർഡ് തലത്തിൽ ഒരു ആക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നതിനെക്കുറിച്ച് അവർ സൂചിപ്പിച്ചു. വാർഡ് മെമ്പർ, എസ്.സി പ്രൊമോട്ടർ, ടെക്നിക്കൽ ഓഫീസർ, ലീഗൽ അഡ്വൈസർ എന്നിവരടങ്ങുന്ന ആക്ഷൻ കമ്മിറ്റിക്ക് ഒരുപരിധി വരെ ഇത്തരം തട്ടിപ്പുകളെ തടയാൻ കഴിയുമെന്ന പ്രത്യാശയാണ് അവർ പങ്കുവെച്ചത്.

ഭൂതിവഴി ഊരിൽ ഭവന തട്ടിപ്പിന് ഇരയായവർ. ഫോട്ടോ: വി.പി.എം സ്വാദിഖ്.

ഭൂതിവഴി ഊരിൽ നടന്ന പകൽ‍ക്കൊള്ള പുറലോകം അറിയുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അട്ടപ്പാടി പ്രദേശത്ത് വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന ഇത്തരം ഭവന നിർമ്മാണ തട്ടിപ്പിലേക്കും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് നടക്കുന്ന ഭൂമി തട്ടിപ്പിലേക്കുമാണ് സാമൂഹ്യപ്രവർത്തകരായ മുരുകേശനും സുകുമാരനും വിരൽചൂണ്ടിയത്.

“2010ൽ അന്നത്തെ മന്ത്രി എ.കെ ബാലന് അട്ടപ്പാടിയിലെ വള്ളക്കുളത്ത് നൂറ് ഏക്കറിലേറെ ഭൂമിയുള്ളതായി ആരോപണമുണ്ടായിരുന്നു. പക്ഷേ, അങ്ങോട്ട് എത്താൻ നല്ല റോഡില്ലാത്ത പ്രശ്നം അവരെ വല്ലാതെ അലട്ടിയിരുന്നു. അങ്ങനെയാണ് അതിന് പരിസരത്തെ വെച്ചപ്പതി, വെള്ളക്കുളം, മൂലഗംഗൽ ഊരുകളിൽ വീട് വെച്ചുകൊടുക്കാനുള്ള ഒരു പദ്ധതി അദ്ദേഹം തയ്യാറാക്കുന്നത്. അവിടെ നിർമ്മിച്ച വീടുകളുടെ അവസ്ഥ ഭൂതിവഴി ഊരിനെക്കാൾ കഷ്ടമാണ്. തീപ്പെട്ടി വലിപ്പത്തിലുള്ള വീടുകൾ. 2010ലാണ് വീടുകൾ നിർമിച്ചത്. വലിയ ചോർച്ചയാണ് എല്ലാ വീടുകളിലും.” മുരുകേശൻ പറഞ്ഞു. ഭൂതിവഴി ഊരിലേത് പുറത്തുവന്ന വളരെ അപൂർവം പ്രശ്നങ്ങളിലൊന്നാണ്. അതുതന്നെ റോഡരികിൽ ആയതുകൊണ്ട്. ഉൾപ്രദേശങ്ങളി‍ൽ ഭവന തട്ടിപ്പിനിരയായി നരകജീവിതം നയിക്കുന്ന അനേകം കുടുംബങ്ങൾ താമസിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

മുരുകേശൻ അട്ടപ്പാടി.

“ഭൂമി പ്രശ്നമാണ് അട്ടപ്പാടിയിലെ പ്രധാന പ്രശ്നം. വാർഡ് മെമ്പർ മുതൽ ഐ.എ.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥർ, സിനിമാ നടീനടന്മാർ, വലിയ രാഷ്ട്രീയ മേലാളന്മാർ വരെ അട്ടപ്പാടിയിൽ ഭൂമി വാങ്ങി തരം തിരിക്കുന്നുണ്ട്. അട്ടപ്പാടിയുടെ സമാധാന ജീവിതത്തെ ബാധിക്കുന്ന രൂപത്തിലാണ് അട്ടപ്പാടിയിലെ വികസനത്തിന്റെ പോക്ക്. ഷോളയാർ പഞ്ചായത്ത് ഭരിക്കുന്നതെല്ലാം ഭൂമാഫിയകളാണ്. പല വാർഡ് മെമ്പർമാരും ശതകോടീശ്വരന്മാർ. ഭൂതിവഴി ഊരുമായി ബന്ധപ്പെട്ട ജാക്കിർ ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ള ഭൂമാഫിയയുടെ ആളാണ്. അതുകൊണ്ടാണ് അയാൾക്ക് കേസുകളിൽ നിന്ന് വേഗത്തിൽ രക്ഷപ്പെടാൻ കഴിയുന്നത്.” മുരുകേശൻ കൂട്ടിച്ചേർത്തു.

ബിനാമി ഇടപാടിലെ രാഷ്ട്രീയ ബാന്ധവം തുറന്നുകാട്ടപ്പെടേണ്ടതാണെന്ന് കാലങ്ങളായി ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന പൊതുപ്രവർത്തകൻ സുകുമാരൻ അട്ടപ്പാടി പറയുന്നത്.

”ഭൂതിവഴി ഊരിലെ ഭവനനിർമാണ തട്ടിപ്പ് ചെറിയൊരു സൂചനയാണ്. അട്ടപ്പാടിയിൽ വർധിച്ചു വരുന്ന രാഷ്ട്രീയ-ഭൂമാഫിയ ഇടപാടുകളിലേക്കുള്ള സൂചന. പ്രത്യേകിച്ചും ഈയടുത്ത കാലത്തായി സി.പി.ഐയിൽ കയറിക്കൂടിയ വൻ ബിനാമി കൂട്ടുകെട്ടിലേക്കുള്ള സൂചന. അതിന് ഓശാന പാടാൻ ഉദ്യോഗസ്ഥരും മതമേലധ്യക്ഷന്മാരും മാധ്യമപ്രവർത്തകരും ഉണ്ട്.  കേസിലെ ഒന്നാം പ്രതി ബഷീറും മുൻ വാർഡ് മെമ്പർ ജാക്കിറുമെല്ലാം ഭൂമാഫിയയുടെ ചെറിയ ഭാഗം മാത്രം.”

സുകുമാരൻ അട്ടപ്പാടി.

ഭൂതിവഴി ഊരിൽ ഭവനത്തട്ടിപ്പിനിരയായവരുടെ യഥാർഥ പ്രശ്നം പഠിച്ച് ആവശ്യമായ പരിഹാരം കാണാൻ ഊരിലെത്തിയ ഗ്രീൻ മൂവ്മെന്റ് സെക്രട്ടറി ടി.വി രാജനും ഇക്കാര്യം സൂചിപ്പിച്ചു. “മഴയിൽ ചോർന്നൊലിക്കുന്ന വാസയോഗ്യമല്ലാത്ത വീടുകളിലാണ് ആദിവാസികൾ കഴിയുന്നത്. നീതിക്കായി എട്ട് വർഷമായി ഇവർ നിയമപോരാട്ടം നടത്തുകയാണ്.

അതേസമയം ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലെയും ഒന്നാം പ്രതിയായ സി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും നിലമ്പൂർ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ പി.എം ബഷീറിന് സംരക്ഷണം നൽകുകയാണ് സി.പി.ഐ നേതൃത്വം ചെയ്തത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പി.എം ബഷീറിനെ വയനാട് ലോക്‌സഭാ മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ നിലമ്പൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറാക്കുകയും ചെയ്തത് നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന നടപടിയാണ്. പ്രതികളെ സംരക്ഷിക്കുകയാണ് സി.പി.എം നേതൃത്വവും ചെയ്യുന്നത്.”

ടി.വി രാജൻ.

ചോർന്നൊലിക്കുന്നതും വിണ്ടുകീറിയതുമായ വീടുകളിൽ ഏകദേശം ആറ് വർഷമായി താമസിക്കുന്നവർ പൊലീസ് സ്റ്റേഷനും കോടതിയും പതിവായി കയറിയിറങ്ങുകയാണ്. ഹൈക്കോടതിയിലെ കേസ് തീർപ്പാക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഇവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും സർക്കാർ സഹായങ്ങളും കേസിന്റെ കാരണത്താൽ നിഷേധിക്കപ്പെടുന്നത് നീതീകരിക്കാനാകില്ല. മതിയായ നിർമ്മാണ സാമഗ്രികൾ ഉപയോഗിക്കാതെ വളരെ താഴ്ന്ന നിലവാരത്തിൽ കെട്ടിയുണ്ടാക്കിയ വീടുകളിൽ അറ്റകുറ്റപണികൾ എത്രത്തോളം സാധ്യമാണെന്ന ചോദ്യം നിലവിലുണ്ട്. അനുയോജ്യമായ തീരുമാനം കാണേണ്ടത് ട്രൈബൽ ഡിപാർട്ട്മെന്റും സർക്കാരുമാണ്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച്, ആദിവാസികളെ പറ്റിച്ച് പകൽക്കൊള്ളക്ക് നേതൃത്വം കൊടുക്കുന്നത് ആരൊക്കെയായാലും അവർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കേണ്ടതുണ്ട്

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read