Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
മധുരൈ സ്വദേശിയായ ആർ.പി അമുദന്റെ ഡോക്യുമെന്ററികൾ തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ ശബ്ദങ്ങളെയും പ്രതിരോധങ്ങളെയും അടയാളപ്പെടുത്തുന്നവയാണ്. ആക്റ്റിവിസ്റ്റ് കൂടിയായ അമുദൻ ഡോക്യുമെന്ററി എന്ന മാധ്യമം ഉപയോഗിക്കുന്നത് ഇന്ത്യൻ ഡോക്യുമെന്ററികളിൽ വ്യത്യസ്ത ശബ്ദങ്ങൾ ഉൾപ്പെടണം എന്ന ആഗ്രഹത്തോടെയും ആവശ്യത്തോടെയുമാണ്. 1996ൽ മധുരൈയിൽ ‘മറുപക്കം’ എന്ന കൂട്ടായ്മ സ്ഥാപിച്ച് സിനിമാ പ്രദർശനങ്ങളും ഫിലിം ഫെസ്റ്റിവലുകളും ശിൽപശാലകളും അദ്ദേഹം സംഘടിപ്പിക്കുന്നു. പ്രശ്നാധിഷ്ഠിതമായ ഡോക്യുമെന്ററികൾ നിർമ്മിക്കുകയും ചെയ്തു ‘മറുപക്കം’. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആയിരത്തിലേറെ സിനിമാ പ്രദർശനങ്ങളും നൂറ് ഫിലിം ഫെസ്റ്റിവലുകളും നടത്തിയിട്ടുണ്ട് മറുപക്കം. പെരിയാർ ഇ.വി രാമസ്വാമിയുടെയും ഡോ. ബി.ആർ അംബേദ്കറുടെയും ആശയങ്ങൾ പിന്തുടരുന്ന അമുദൻ ‘സോഷ്യൽ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവൽ’ എന്ന പേരിൽ വിവിധ സംസ്ഥാനങ്ങളിലായി ഡോക്യുമെന്ററി ഫെസ്റ്റിവലുകൾ നടത്തുന്നുണ്ട്. ഷിറ്റ്, മെർക്കുറി ഇൻ ദ മിസ്റ്റ്, റേഡിയേഷൻ സ്റ്റോറീസ്, ഡോളർ സിറ്റി എന്നിവയാണ് അമുദന്റെ ഡോക്യുമെന്ററികൾ. സ്പെഷ്യൽ ഇക്കണോമിക് സോണിന് വേണ്ടിയുള്ള സർക്കാരിന്റെ കൃഷിഭൂമി കയ്യേറ്റത്തിനെതിരായ സമരങ്ങളെക്കുറിച്ച് ചെയ്ത കോമൺ ലാൻഡ് ആണ് അമുദൻ അടുത്തിടെ പുറത്തിറക്കിയ ഡോക്യുമെന്ററി. തിരുവനന്തപുരത്ത് നടന്ന പതിനാറാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ആന്റ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ‘വോയ്‌സസ്, വിസ്‌പേഴ്‌സ് ആൻഡ് സൈലൻസസ്’ എന്ന ഡോക്യുമെന്ററി ഫിലിം പാക്കേജ് ക്യൂറേറ്റ് ചെയ്യാനെത്തിയ അമുദൻ കേരളീയത്തിന് നൽകിയ അഭിമുഖം വായിക്കാം.
പതിനാറാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ‘വോയ്‌സസ്, വിസ്‌പേഴ്‌സ് ആൻഡ് സൈലൻസസ്’ എന്ന ഡോക്യുമെന്ററി ഫിലിം പാക്കേജ് താങ്കൾ ക്യൂറേറ്റ് ചെയ്തിരുന്നല്ലോ. സിനിമകൾ തെരഞ്ഞെടുക്കുന്ന ക്യൂറേഷൻ പ്രക്രിയയെക്കുറിച്ച് പറയാമോ?
കഴിഞ്ഞ അഞ്ച് വർഷങ്ങളായി ഞാൻ സാമൂഹ്യനീതിയെ കുറിച്ചുള്ള ഫിലിം ഫെസ്റ്റിവലുകൾ നടത്തുന്നു. ഇതുവരെ ഡൽഹി, തൃശൂർ, തിരുവനന്തപുരം, ബംഗളൂരു, ചെന്നൈ, ട്രിച്ചി, മധുരൈ എന്നിവിടങ്ങളിലായി ഇരുപത്തിമൂന്നോളം ഫിലിം ഫെസ്റ്റിവലുകൾ ഞാൻ സംഘടിപ്പിച്ചിട്ടുണ്ട്. സാമൂഹ്യനീതിയെക്കുറിച്ചുള്ള ഫിലിം ഫെസ്റ്റിവൽ നടത്താനുള്ള ആലോചന മുന്നോട്ടുവെച്ചാൽ ആളുകൾ താൽപര്യം പ്രകടിപ്പിക്കാറുണ്ട്. സാമൂഹ്യനീതിയെക്കുറിച്ചാണ് എന്നത് തന്നെയാണ് അതിന് കാരണം. ഇത്തരത്തിൽ ഒരു പ്രത്യേക വിഷയത്തിൽ സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവലുകൾ ആകർഷണീയമാണ്. പ്രത്യേക വിഷയാടിസ്ഥാനത്തിലുള്ള തീമാറ്റിക് ഫിലിം ഫെസ്റ്റിവലുകളിൽ ഒരു ഫോക്കസ് ഉണ്ടായിരിക്കും. നിങ്ങൾക്കൊരു പ്രധാന വിഷയത്തിൽ ശ്രദ്ധയുണ്ടായിരിക്കും. വിഷയാധിഷ്ഠിത (തീമാറ്റിക്) ഫിലിം ഫെസ്റ്റിവലുകൾ അതീവ പ്രാധാന്യമുള്ളതാണ്. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഞാൻ വിഷയാധിഷ്ഠിത ഫിലിം ഫെസ്റ്റിവലുകൾ ചെയ്തിട്ടുണ്ട്, സ്ത്രീകൾ, തൊഴിലാളികൾ, വെള്ളം, വനം, എഴുത്തുകാർ, കലാകാർ, സംഗീതം തുടങ്ങിയ നിരവധി വിഷയങ്ങളിൽ. പല വിഷയങ്ങളിലുള്ള സിനിമകളുടെ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതിന്റെയും വിഷയാധിഷ്ഠിത ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതിന്റെയും സന്തോഷം ഞാൻ അനുഭവിച്ചിട്ടുണ്ട്. തീമാറ്റിക് ഫിലിം ഫെസ്റ്റിവലിലെ സിനിമകൾ ഒരു പ്രത്യേക വിഷയത്തിൽ ഊന്നിയുളളതായിരിക്കും. അതിനുചുറ്റും ഒരു ആൾക്കൂട്ടവും ആശയസംവാദങ്ങളും നടക്കാനുള്ള സാധ്യതകൾ ഉണ്ടാകുന്നു. സിനിമാ സംവിധായകർ, ഗവേഷകർ, ആക്റ്റിവിസ്റ്റുകൾ എന്നിവരെല്ലാം കൂട്ടംചേരുന്ന, സംസാരിക്കാൻ ക്ഷണിക്കപ്പെടുന്ന വേദികളും ഉണ്ടാകുന്നു. അതേത്തുടർന്ന് ബൗദ്ധികമായ ഇടപെടലുകൾ രൂപപ്പെടും.
സാമൂഹ്യനീതി എന്നത് എല്ലാവരുടെയും ജീവിതത്തെ ബാധിക്കുന്ന ഒരു പ്രധാന കാര്യമാണ്. സാമൂഹ്യനീതി എന്നത് സ്വാഭാവിക നീതി എന്നതിൽനിന്ന് വ്യത്യസ്തമായ സങ്കൽപമാണ്. നമ്മളൊന്നും തുല്യർ അല്ല എന്ന കാര്യത്തെ അംഗീകരിക്കുന്ന ആശയമാണ് സാമൂഹ്യനീതി. ഇവിടെ സമത്വം ആവശ്യമാണ്, നമ്മളാരും തുല്യരല്ല, ലോകത്ത് അസമത്വം നിലനിൽക്കുന്നു. ഈ ആശയത്തോട് പലരും യോജിക്കണമെന്നില്ല. പക്ഷേ അസമത്വത്തിലാണ് നമ്മൾ ജീവിക്കുന്നത്. സാമൂഹ്യനീതി എന്താണ് എന്ന് മനസ്സിലാക്കുക എന്നതൊരു ഉത്തരവാദിത്തമാണ്. അസമത്വം ഉണ്ട് എന്ന് നമ്മൾ അംഗീകരിക്കുന്നു, എങ്ങനെയാണ് ആ പ്രശ്‌നത്തെ നേരിടുക? ഫിലിം ഫെസ്റ്റിവലുകളിൽ ജാതി, വർഗം, ലിംഗം, വംശം, പ്രായം, ഡിസബിലിറ്റി, ലൈംഗിക സ്വത്വം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം നേരിടുന്ന മനുഷ്യരുടെ അനുഭവങ്ങളെക്കുറിച്ചുള്ള സിനിമകൾ കൊണ്ടുവരാൻ ഞാൻ ശ്രമിക്കുന്നു. ഇവയെയെല്ലാം മനസ്സിലാക്കുന്നതിൽ നമ്മുടെ സ്വത്വം വലിയ പങ്കുവഹിക്കുന്നുണ്ട്. ഈ പാക്കേജ് ക്യൂറേറ്റ് ചെയ്തപ്പോൾ ഞാൻ പ്രതിനിധീകരിക്കാൻ ശ്രമിക്കുന്ന മേഖലകൾ ഇതെല്ലാമാണ്.
ഒരു ഫിലിം ഫെസ്റ്റിവലിൽ നിങ്ങളുടെ സിനിമയുടെ ഗുണനിലവാരവും ഘടകമാണ്. ഒരു ക്ലാസ് മുറിയിലോ ചെറിയ ആൾക്കൂട്ടം മാത്രം കാണികളായെത്തുന്ന പരിപാടികളിലോ ആശയത്തിനാണ് പ്രാധാന്യം, അതിൽ ഗുണനിലവാരം കൂടുതൽ നിർണായകമാകുന്നില്ല. ഒരു വിഷയത്തിൽത്തന്നെ കുറേ സിനിമകൾ ചിലപ്പോൾ ലഭ്യമായിരിക്കും. എന്നാൽ അതിൽ നിന്നും ചിലതെല്ലാം ഒഴിവാക്കേണ്ടിവരും. സിനിമകളുടെ ലഭ്യതയനുസരിച്ച് അതും തീരുമാനിക്കേണ്ടിവരും. ഇത്തരം ഫിലിം ഫെസ്റ്റിവലുകളിൽ സംവിധായകർക്ക് സിനിമകളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല, സിനിമയുടെ രാഷ്ട്രീയം എത്ര മികച്ച രീതിയിലാണ് വാദങ്ങൾ ഉന്നയിക്കുന്നത് എങ്കിലും. പ്രൊഫഷണൽ ആയി നിർമ്മിച്ച നിരവധി സിനിമകൾക്കൊപ്പം ഇവയും പ്രദർശിപ്പിക്കുമ്പോൾ കാണികൾ അതിലെ സാങ്കേതികതയും താരതമ്യം ചെയ്യും. ഫെസ്റ്റിവൽ സംഘാടകരും നിരാശപ്പെടും. ക്യാമറ, ശബ്ദം, സിനിമ നിർമ്മിക്കുന്നതിനായി നടത്തിയ ഗവേഷണം ഇതെല്ലാം വിലയിരുത്തപ്പെടും.
ഞാൻ പറഞ്ഞ വിഷയങ്ങൾക്ക് സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ മുൻഗണനയുണ്ടാകും. എന്നെ സംബന്ധിച്ച് പ്രായവും ഒരു ഐഡന്റിറ്റി തന്നെയാണ്. മറ്റുള്ളവരിൽനിന്ന് നിങ്ങൾക്ക് അമിത നേട്ടം (advantage) നൽകുന്ന ഏതൊരു കാര്യവും – ശാരീരികമായി വലിയ വലിപ്പവും വണ്ണവും ഉള്ളൊരാൾ, വളരെ മെലിഞ്ഞ ഒരാൾ, ഇവരെല്ലാം വിവേചനങ്ങൾ നേരിടുന്നുണ്ട് എന്നാണ് ഞാൻ കരുതുന്നത്. അവർ നേടിയെടുത്ത സ്വത്വമല്ല അത്, അതവരുടെ ശരീരപ്രകൃതമാണ്. ഞാനതിനെ നോക്കിക്കാണുന്നത് അങ്ങനെയാണ്. ഫെസ്റ്റിവൽ നടക്കുന്ന സമയം, കാണികൾ, നഗരം, ഫിലിം ഫെസ്റ്റിവൽ നടക്കുന്ന സംസ്ഥാനം എന്നിവയെല്ലാം എന്റെ പരിഗണനകളിൽ വരും. ഞാൻ ഏതെങ്കിലും സംവിധായകരെ കൂടുതലായോ കുറവായോ പ്രതിനിധീകരിക്കുകയില്ല. ഇന്ത്യൻ, അന്താരാഷ്ട്ര സിനിമകളെ തുല്യമായാണ് ഞാൻ ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കുന്നത്, 70 ശതമാനം പുതിയ സിനിമകളും 30 ശതമാനം പഴയ സിനിമകളും. ഞാനെപ്പോഴും പഴയ സിനിമകൾ ഫെസ്റ്റിവലിൽ ഉൾപ്പെടുത്തും. പഴയ സിനിമകൾ അവ പ്രതിനിധീകരിക്കുന്ന കാലഘട്ടത്തെക്കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചയാണ് നൽകുക.
സാമൂഹ്യനീതി എന്നത് ഒരു അന്താരാഷ്ട്ര ആശയമാണ്. ലോകത്ത് വിവിധയിടങ്ങളിലായി സാമൂഹ്യനീതി എന്ന വിഷയത്തിൽ ഫിലിം ഫെസ്റ്റിവലുകൾ നടക്കുന്നുണ്ട്. നമ്മുടെ കാണികളെ അങ്ങനെയുള്ള ഫിലിം ഫെസ്റ്റിവലുകളിലെ സിനിമകൾ കാണിക്കാൻ കഴിയണം. ഓരോ വർഷവും ഞാൻ രണ്ട് ഫിലിം ഫെസ്റ്റിവലുകൾ ക്യൂറേറ്റ് ചെയ്യുന്നുണ്ട്, ചെന്നൈ ഇന്റർനാഷണൽ ഡോക്യുമെന്ററി ഫെസ്റ്റിവൽ, മധുരൈ ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ. വിവിധ വിഷയങ്ങളിലുള്ള അമ്പത് മുതൽ നൂറോളം സിനിമകൾ എനിക്ക് കിട്ടാറുണ്ട്. ഈ സിനിമകളെ ഞാൻ വിവിധ വിഭാഗങ്ങളിലായി കാറ്റലോഗ് ചെയ്ത് സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ എന്റെ കയ്യിൽ വലിയൊരു കളക്ഷൻ തന്നെ ഉണ്ട്, അത് ഉപയോഗിക്കാൻ കഴിയുക എന്നതാണ് പ്രധാനം. ഫിലിംമേക്കറുടെ സമ്മതം ഇതിൽ വലിയൊരു ഘടകമാണ്. ഞാൻ അവരുടെ സിനിമ കുറേയധികമായി സ്‌ക്രീൻ ചെയ്യുന്നു എന്ന് ചിലപ്പോൾ ഒരാൾക്ക് തോന്നാം. ചെറിയ ഇടങ്ങളിൽ അവരുടെ സിനിമകൾ പ്രദർശിപ്പിക്കേണ്ട എന്ന് ചിലർ എന്നോട് പറയും. ഒരു കോളേജിലോ ബുക് ഷോപ്പിലോ ഇരുപതോളം കാണികൾ മാത്രം ഉള്ള വേദികളിൽ സിനിമ സ്‌ക്രീൻ ചെയ്യാൻ താൽപര്യമില്ലാത്ത സംവിധായകരുണ്ട്. അവർക്ക് അവരുടെ സിനിമകൾ വലിയ സ്‌ക്രീനിൽ പ്രദർശിപ്പിച്ചാൽ മതി.
ഫിലിം ഫെസ്റ്റിവൽ നടത്താനുള്ള പ്രൊപ്പോസൽ കിട്ടുമ്പോൾ, അതിന്റെ സിനോപ്‌സിസ് വായിച്ച് നോക്കുമ്പോൾ വിവാദപരമായ എന്തെങ്കിലും കണ്ട് സംഘാടകർ പ്രശ്‌നമുന്നയിക്കുന്ന സാഹചര്യം ഉണ്ടാകാം. അവർ പ്രശ്‌നമുന്നയിക്കുന്ന ഒരു പ്രത്യേക സിനിമ പ്രദർശിപ്പിക്കണമെന്ന് എനിക്ക് നിർബന്ധിക്കാൻ കഴിയില്ല. അവരുടെ നഗരത്തിലാണ് അവർ ഈ പ്രദർശനം നടത്തുന്നത്. ഞാൻ നിർബന്ധിക്കുകയാണെങ്കിൽ എന്റെ ഉദ്ദേശ്യം എന്താണ് എന്നുള്ള ചോദ്യം അവർ ഉന്നയിക്കും. രാഷ്ട്രീയമായി വളരെ സജീവമായ സംസ്ഥാനമാണ് കേരളം. ഫെസ്റ്റിവൽ ഡയറക്റ്റർ ചിലപ്പോൾ ഒരു പ്രത്യേക വിഷയം ഒഴിവാക്കാൻ പറയും. ഈ അടുത്ത കാലത്തായി എന്തെങ്കിലും വിവാദത്തിന് കാരണമായൊരാളാണെങ്കിൽ അയാളുടെ സിനിമ ഫെസ്റ്റിവലിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് ഫെസ്റ്റിവൽ ഡയറക്ടർ പറയും. ഞാൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുമ്പോൾ അത്തരത്തിൽ ഏതെങ്കിലും വിവാദത്തിന് കാരണമായൊരാളെ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടിയാൽ ഞാനതേക്കുറിച്ച് അന്വേഷിക്കും. നടൻ ദിലീപിന്റെ കേസിൽ സംഭവിച്ചതുപോലെ, എ.എം.എം.എ അതിൽ ദിലീപിന്റെ കൂടെ നിൽക്കുകയല്ലേ ചെയ്തത്? വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും അവർ അതിലൊരു നിലപാടെടുത്തിട്ടില്ലല്ലോ. എനിക്ക് അങ്ങനെ ചെയ്യാൻ കഴിയുകയില്ല. അങ്ങനെ എന്തെങ്കിലും കേട്ടാൽ ഞാൻ ഉടനെ അതിനെക്കുറിച്ച് അന്വേഷിക്കും. എന്തെങ്കിലും പ്രശ്‌നമുള്ളതായി തോന്നിയാൽ അവരുടെ സിനിമ ഞാൻ ഫെസ്റ്റിവലിൽ ഉപയോഗിക്കുകയില്ല.
ഞാനൊരു ജാതിവിരുദ്ധ സാമൂഹ്യ പ്രവർത്തകനാണ്. അതെന്റെ മുൻഗണനാവിഷയമാണ്. എപ്പോഴും ജാതിയെ ചോദ്യം ചെയ്യുന്ന സിനിമകൾ ഞാൻ പ്രദർശിപ്പിക്കും. ഞാൻ അത്തരം സിനിമകൾ ശേഖരിക്കാറുണ്ട്. ജെൻഡർ, ലൈംഗിക ന്യൂനപക്ഷം എന്നിവയെക്കുറിച്ച് ചർച്ചകൾ സജീവമാകുമ്പോഴും ജാതിയെക്കുറിച്ച് നമ്മുടെ രാജ്യത്ത് കൂടുതൽ ചർച്ചകൾ ഉണ്ടാകുന്നില്ല. ജാതി നമ്മുടെ ജീവിതങ്ങളെ ബാധിക്കുന്നുണ്ട്, എല്ലാവരും ജാതിയാൽ അനുകൂലമായും പ്രതികൂലമായും ബാധിക്കപ്പെടുന്നവരാണ്. ജാതിയെക്കുറിച്ച് എനിക്കുള്ളത് തുറന്ന കാഴ്ചപ്പാടാണ്, ജാതിയെക്കുറിച്ച് സംസാരിക്കുന്നതിൽ ഞാൻ സന്തോഷം കണ്ടെത്തുന്നുണ്ട്. കാരണം അതേക്കുറിച്ച് കൂടുതൽ ആരും സംസാരിക്കുന്നില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രധാന പ്രത്യേകത എന്നത് എനിക്ക്, ഒരാൾക്ക് എന്തിനെക്കുറിച്ചും പറയാൻ സ്വാതന്ത്ര്യം ഉണ്ടായിരിക്കണം എന്നാണ്. മറ്റൊരാളുടെ വൈകാരികതയെ കുറ്റപ്പെടുത്താനുള്ള അവകാശവും എനിക്കുണ്ട്. ഞാൻ പറയുന്നത് നിങ്ങളെ വൈകാരികമായി ബാധിച്ചാലും അത് എനിക്കെതിരെ ഉപയോഗിക്കപ്പെടരുത്. നിങ്ങളുടെ വികാരങ്ങളാണ് മുറിപ്പെടുന്നത്, എനിക്ക് നിങ്ങളെ വേദനിപ്പിക്കാനുള്ള അവകാശമുണ്ട്, എനിക്ക് എന്റെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്. അതിൽ ഞാൻ ക്ഷമ സൂക്ഷിക്കേണ്ട കാര്യമില്ല. ജാതിയെക്കുറിച്ച് സംസാരിക്കുമ്പോൾ ആളുകളുടെ വികാരങ്ങൾ വ്രണപ്പെടാറുണ്ട്. ആളുകളുടെ വികാരങ്ങൾ വ്രണപ്പെടുത്താൻ എനിക്ക് അവകാശവുമുണ്ട്.
പതിനാറാമത് ഐ.ഡി.എസ്.എഫ്.എഫ്‌കെയിൽ 30 ശതമാനം ജാതിവിരുദ്ധ സിനിമകളാണ് ഞാൻ തെരഞ്ഞെടുത്തത്. മധ്യപ്രദേശിൽ നിന്നുള്ള ബോണ്ടഡ് എന്ന സിനിമ ജാതിയുടെ അടിസ്ഥാനത്തിൽ നടക്കുന്ന തൊഴിൽ ചൂഷണത്തെ കുറിച്ചാണ്. ഒരു ജന്മിയുടെ കീഴിൽ കർഷകത്തൊഴിൽ ചെയ്യുന്ന ദലിത് കർഷകനെ കുറിച്ചാണ് ‘ബന്ധുവ’ അല്ലെങ്കിൽ ബോൺഡഡ് എന്ന സിനിമ. ഈ തൊഴിൽബന്ധനത്തിൽനിന്ന് പുറത്തുകടന്ന് അയാൾ ഗ്രാമത്തിൽനിന്നും രക്ഷപ്പെടുന്നത് എങ്ങനെയെന്നാണ് സിനിമ കാണിക്കുന്നത്. നമ്മൾ ദക്ഷിണേന്ത്യക്കാരെ സംബന്ധിച്ച് ഈ സിനിമ ഏറെ പ്രാധാന്യമുള്ളതാണ്. കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും വരുന്ന കുടിയേറ്റ തൊഴിലാളികളുടെ തൊഴിലിന്റെ ഗുണഭോക്താക്കളാണ് നമ്മൾ. അതുകൊണ്ട് ഈ കുടിയേറ്റ തൊഴിലാളികൾ ആരൊക്കെയാണ് എന്ന് നമ്മൾ അറിയേണ്ടതുണ്ട്. ചിലപ്പോൾ അവരും ഇതുപോലുള്ള തൊഴിൽ സാഹചര്യങ്ങളെ രക്ഷപ്പെട്ട് വരുന്നതായിരിക്കാം. അവരെക്കുറിച്ച് ചില കാര്യങ്ങൾ അറിയാൻ നമ്മളെ ഈ സിനിമ സഹായിക്കും.
തൊഴിലില്ലായ്മ മാത്രമല്ല, ജാതിയിൽ നിന്നുള്ള, ചൂഷണത്തിൽനിന്നുള്ള, വിവാഹത്തിൽ നിന്നുള്ള, കടത്തിൽനിന്നുള്ള, ജന്മിത്ത പീഡനങ്ങളിൽനിന്നുള്ള രക്ഷപ്പെടൽ കൂടിയായിട്ടായിരിക്കാം ഇവർ നമ്മുടെ സംസ്ഥാനങ്ങളിലേക്ക് വരുന്നത്. കുടിയേറ്റ തൊഴിലാളികളുടെ ഗുണഭോക്താക്കളെന്ന നിലയിൽ നമ്മൾ തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കും കർണാടകത്തിലേക്കും തൊഴിലന്വേഷിച്ച് വരുന്ന ഈ തൊഴിലാളികളെ മനസ്സിലാക്കണം. ഇത്തരം സിനിമകൾ അവരുടെ സാമൂഹ്യ സ്ഥിതികൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാൻ നമ്മളെ സഹായിക്കും. നമ്മൾക്ക് അവരോട് കൂടുതൽ സൗഹൃദവും സ്‌നേഹവും രൂപപ്പെടാനും അവരെ കേൾക്കാനും ഇത്തരം സിനിമകൾ സഹായിക്കും.
ദലിത് ഫെമിനിസത്തെ കുറിച്ചുള്ള ജ്യോതി നിഷയുടെ ‘ഡോ. ബി.ആർ അംബേദ്കർ നൗ ആൻഡ് ദെൻ’ ആണ് ഞാൻ തെരഞ്ഞെടുത്ത മറ്റൊരു ഡോക്യുമെന്ററി. ബ്രാഹ്‌മണ്യ പുരുഷാധിപത്യ വ്യവസ്ഥയെക്കുറിച്ചുള്ള ദലിത് സ്ത്രീയുടെ രാഷ്ട്രീയം സംസാരിക്കുന്ന സിനിമയാണത്. ബ്രാഹ്‌മണ്യത്തിന്റെ ഏറ്റവും കൊടിയ പീഡനങ്ങൾ അനുഭവിക്കേണ്ടിവരുന്നത് ദലിത് സ്ത്രീക്കാണ്. ബ്രാഹ്‌മണ്യ പുരുഷാധിപത്യത്തെ പൂർണമായും തകർത്തുടച്ച്, അടച്ചുറപ്പോടെയുള്ളൊരു തുറന്ന ചർച്ചയ്ക്ക് വിധേയമാക്കുന്നുണ്ട് ഈ ഡോക്യുമെന്ററി. വലുതാണെങ്കിലും ഞാൻ ഈ സിനിമ ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുത്തു. പല ഫിലിം ഫെസ്റ്റിവലുകളും അവരുടെ പൊതുവായ തെരഞ്ഞെടുപ്പിൽ ഈ ഡോക്യുമെന്ററിയെ പരിഗണിക്കാറില്ല, അതിന്റെ ദൈർഘ്യം ആണ് ഇങ്ങനെ ഒഴിവാക്കപ്പെടാൻ കാരണം. തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ഭാഗമായവർക്ക് തെരഞ്ഞെടുക്കാനുള്ള സിനിമകളുടെ മൊത്തം ദൈർഘ്യം ആയി 15 മണിക്കൂർ ആണ് നൽകുന്നത്. സെലക്ഷൻ കമ്മിറ്റിക്ക് ഇഷ്ടപ്പെടുന്ന സിനിമകളിൽ ചിലതിന് ദൈർഘ്യം കൂടുതൽ ആണെങ്കിൽ, ഉദാഹരണത്തിന് രണ്ട് മണിക്കൂർ ദൈർഘ്യം ഉണ്ടെങ്കിൽ ആ സമയം കൊണ്ട് ഓരോ മണിക്കൂർ ദൈർഘ്യമുള്ള രണ്ട് സിനിമകൾ തെരഞ്ഞെടുക്കാമെന്നാണ് അവർ കണക്കുകൂട്ടുക. ഒരു ഫിലിം പ്രധാനമല്ല എന്ന് അവർക്ക് തോന്നിയേക്കാം. അതീവ പ്രാധാന്യമുള്ള ഒന്നല്ല എന്ന് തോന്നിയേക്കാം. നമുക്കവരെ ചോദ്യം ചെയ്യാൻ കഴിയില്ല. ഞാനാ ഡോക്യുമെന്ററി തെരഞ്ഞെടുത്തത് അത് മറ്റൊരു ഫിലിം ഫെസ്റ്റിവലിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്നതുകൊണ്ടാണ്. ഇനി ഞാൻ ഈ ഡോക്യുമെന്ററിയെ മറ്റെല്ലാത്തിനും മുമ്പായി തെരഞ്ഞെടുക്കും. എല്ലാ ഫെസ്റ്റിവലിലും ഞാനിത് പ്രദർശിപ്പിക്കും. ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളെ കുറിച്ചുള്ള ബ്ലൂ ഐഡി, ഡിസേബിൾഡ് ആയ മനുഷ്യർ സിനിമകൾ നിർമ്മിക്കുന്നതിനെ കുറിച്ച് ഒരു സിനിമ, അമേരിക്കയിൽ സാമൂഹ്യനീതിക്കായുള്ള ആഫ്രിക്കൻ അമേരിക്കൻ മനുഷ്യരുടെ പോരാട്ടങ്ങൾ ഇവയെല്ലാം ഉൾപ്പെടെ എട്ട് സിനിമകളാണ് ഞാൻ തെരഞ്ഞെടുത്തത്.
കല പ്രത്യക്ഷമായി രാഷ്ട്രീയം പറയുന്നത് കലയുടെ സ്വഭാവത്തിന് വിരുദ്ധമാണ് എന്നത് കേരളത്തിന്റെ കലാലോകത്ത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രബലമായിക്കൊണ്ടിരിക്കുന്ന ഒരു വാദമാണ്. ആദ്യമായി സിനിമ സംവിധാനം ചെയ്യുന്ന സ്ത്രീകളുടെ സിനിമകൾ ലൗഡ് ആയി രാഷ്ട്രീയം സംസാരിക്കുന്നു എന്ന വിമർശനം ഉൾപ്പെടെ നിലവിലുണ്ട്. സിനിമകൾ രാഷ്ട്രീയം സംസാരിക്കണോ വേണ്ടയോ എന്നുള്ള ചോദ്യത്തെ കുറിച്ച് എന്താണ് പറയാനുള്ളത്?
അതൊരു ചോയ്‌സ് ആണ്. ഒരു സിനിമ എങ്ങനെ രാഷ്ട്രീയത്തെ കൈകാര്യം ചെയ്യണം എന്ന് എനിക്ക് ആരോടും ആവശ്യപ്പെടാൻ കഴിയില്ല. അത് അവരുടെ തെരഞ്ഞെടുപ്പാണ്. ഒരാൾക്ക് രാഷ്ട്രീയ സിനിമ നിർമ്മിക്കാൻ താൽപര്യമില്ലെങ്കിൽ നമുക്കത് അയാളുടെ മേൽ അടിച്ചേൽപിക്കാൻ കഴിയില്ല. വളരെ ഉറക്കെ രാഷ്ട്രീയം സംസാരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്ന ഒരാളോട് അങ്ങനെ ചെയ്യരുത് എന്ന് പറയാനും ആർക്കും അവകാശമില്ല. അങ്ങനെയുള്ള സിനിമകളെ ആരെങ്കിലും തള്ളിപ്പറയുന്നുവെങ്കിൽ അതവരുടെ പ്രിവിലേജിന്റെ പ്രകടനം കൂടിയാകുകയാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നവരെ നമ്മൾ എപ്പോഴും ചോദ്യം ചെയ്യേണ്ടതാണ്. അവരുടെ സാമൂഹ്യ പശ്ചാത്തലം എന്താണ്, അവർ കാര്യങ്ങളെ നേരിട്ടിരുന്ന രീതി എങ്ങനെയാണ് എന്നെല്ലാം അന്വേഷിക്കണം. ലോകത്ത് രണ്ട് തരത്തിലുള്ള മനുഷ്യരുണ്ട്, ഒന്ന് യാഥാസ്ഥിതികതയെ സൂക്ഷിക്കുന്നവർ, അല്ലെങ്കിൽ സാമൂഹ്യ നിർമ്മിതികൾ മാറ്റമില്ലാതെ തുടരണമെന്ന് ആഗ്രഹിക്കുന്നവർ. അവരെ നമ്മൾ എപ്പോഴും തിരിച്ചറിയണം. അവരുമായി കാര്യങ്ങൾ ചർച്ച ചെയ്യാൻ നമുക്ക് കഴിയില്ല. അവരുടെ ശക്തി മുഴുവൻ കിടക്കുന്നത് യാഥാസ്ഥിതികത്വത്തിൽ തന്നെയാണ്. ഞാനൊരു നമ്പൂതിരിയാണ്, ഞാനൊരു മേനോൻ ആണ്, ഞാനൊരു നായർ ആണ്, ഞാനൊരു മാർത്തോമാ ക്രിസ്ത്യൻ ആണ് എന്നെല്ലാം നിങ്ങൾ പറയുകയാണെങ്കിൽ അതിൽ എനിക്കൊന്നും ചെയ്യാനില്ല. അവരുടെ പ്രിവിലേജ് അവർ എപ്പോഴും നമുക്കുമേൽ അടിച്ചേൽപ്പിക്കാൻ നോക്കും.
യൗവ്വനകാലത്ത് ഞാൻ കൂടുതലും തീവ്രമായി രാഷ്ട്രീയം സംസാരിക്കുന്ന സിനിമകളാണ് സംവിധാനം ചെയ്തിട്ടുള്ളത്. ഞാൻ മേൽജാതി സമുദായ പശ്ചാത്തലമുള്ളൊരു വ്യക്തിയല്ല. ഞാൻ വരുന്നത് നാഗരിക പ്രിവിലേജ് ഉള്ള പശ്ചാത്തലത്തിൽ നിന്നുമല്ല. ഒരു ഗ്രാമീണ, പിന്നോക്ക മധ്യവർഗ (lower middle class) വിഭാഗത്തിൽ നിന്നുമാണ് ഞാൻ വരുന്നത്. എനിക്കും അത്തരത്തിലുള്ള അനുഭവങ്ങളുണ്ട്. പക്ഷേ, ജീവിതത്തിൽ കാര്യങ്ങളെ വ്യത്യസ്തമായി കാണാൻ നിങ്ങൾ ശീലിക്കും. ചിലപ്പോൾ ഇനി ഞാൻ വ്യത്യസ്തമായ സിനിമകൾ ഉണ്ടാക്കിയേക്കാം, എന്റെ ആദ്യകാലത്തെ സിനിമകൾ കണ്ടാൽ നിങ്ങൾക്കറിയാം അവയെല്ലാം വളരെ തീവ്രവും ധീരവുമാണ്. അതേപോലുള്ള സിനിമകൾ ഞാൻ ഇനി ചെയ്യാൻ സാധ്യത കുറവാണ്. കുറേ കാര്യങ്ങൾ പഠിക്കുകയും എന്റെ തന്നെ വേഗം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. സമരസപ്പെടുകയും നെഗോഷിയേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഞാൻ മെച്ചപ്പെട്ടു എന്ന് പറയാൻ കഴിയുകയില്ല. ഞാൻ പലതിനോടും പൊരുത്തപ്പെട്ടു എന്നും പറയാം. I might have thought that i could manage by making quiet films.
ഡോക്യുമെന്ററി എന്നത് താരതമ്യേന വ്യത്യസ്ത ജെൻഡറിൽ ഉള്ളവരെ ഉൾക്കൊള്ളുന്ന മാധ്യമമാണ്. പക്ഷേ, അതിപ്പോഴും ജാതീയമായ ആധിപത്യം നിലനിൽക്കുന്ന മാധ്യമം തന്നെയാണ്. ഭൂരിപക്ഷം ഡോക്യുമെന്ററി സംവിധായകരും മേൽജാതി ഹിന്ദുക്കളാണ്, നാഗരികരും ഇംഗ്ലീഷ് സംസാരിക്കുന്നവരുമായ ഹിന്ദുക്കൾ. നമുക്ക് മുന്നിലുള്ള വലിയൊരു പ്രശ്‌നം അതാണ്. അതിനെ നമ്മൾക്ക് പ്രതിരോധിക്കണം. നമുക്ക് കൂടുതൽ സിനിമകൾ ആവശ്യമുണ്ട്. അതാണ് ഞാൻ സിനിമയുമൊത്തുള്ള യാത്രകളിലൂടെ ചെയ്യുന്നത്. ചെറുപട്ടണങ്ങളിൽ സിനിമയുമായി പോകുകയും സിനിമാ പ്രദർശനങ്ങൾ നടത്തുകയും സിനിമ ഷൂട്ട് ചെയ്യുകയും ചെയ്യുന്നതിലൂടെ വ്യത്യസ്ത പശ്ചാത്തലങ്ങളിൽനിന്നുള്ള മനുഷ്യരെ- മത്സ്യബന്ധന സമുദായങ്ങളിൽനിന്നുള്ളവരെ, ആദിവാസികളെ, ന്യൂനപക്ഷ വിഭാഗങ്ങളെ, ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളെ, ചില പ്രദേശങ്ങളിൽ മാത്രം കഴിയുന്നവരെ എല്ലാം സ്വാധീനിക്കാനും അവരെ പ്രചോദിപ്പിക്കുകയും ചെയ്യാൻ കഴിയും. പ്രിവിലേജുകളെയും യാഥാസ്ഥിതികതയെയും നമ്മൾ എതിർക്കണം. മറ്റുള്ളവരുടെ ശ്രമങ്ങളെ എതിർക്കുന്നതിലൂടെ അതിജീവിക്കുന്നവരാണ് അവർ. നമ്മൾ അവരുടെ ഇടങ്ങളെയും പ്രിവിലേജിനെയും ചോദ്യം ചെയ്തുകഴിഞ്ഞാൽ, അവർ സ്വയം എടുത്തണിയുന്ന ആധികാരികതയെ ചോദ്യം ചെയ്താൽ, ഇടങ്ങൾ അവർക്കുമാത്രം പറഞ്ഞുവെച്ചിട്ടുള്ളതാണ് എന്ന് അവർ കരുതും. ബഹുമാനിക്കപ്പെടേണ്ടവരാണ് എന്നാണ് അവർ സ്വയം കരുതുന്നത്. അവസരങ്ങളെല്ലാം ഞങ്ങൾക്കുള്ളതാണ് എന്നാണ് അവർ വിശ്വസിക്കുന്നത്. ഇന്ത്യയിൽ ചില സിനിമാ സംവിധായകരുണ്ട്, ഏത് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചാലും മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ് തനിക്കു കിട്ടണമെന്ന് കരുതുന്നവർ. സ്വന്തം ഡോക്യുമെന്ററിക്ക് അവാർഡ് നൽകണമെന്ന് ജൂറിയുമായി സംസാരിക്കുന്നവരും ഉണ്ട്. അവർ സ്വാധീനമുപയോഗിച്ച് അതെല്ലാം നേടിയെടുക്കും. അവരുടെ ജാതി പ്രിവിലേജിൽ നിന്നാണ് ഇതെല്ലാം ചെയ്യുന്നത്.