

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


പട്ടുനൂൽപ്പുഴു എന്ന നോവലിൽ, പട്ടുനൂൽകൃഷി എന്ന ആശയമല്ല, പുഴുവിൻ്റെ എകാന്തതയും നിസ്സഹായതയും പീഡനാവസ്ഥയും അതിന് ശേഷം ബാക്കിയാവുന്ന പട്ടിൻ്റെ തിളക്കവും മസൃണതയും കണ്ടെത്താനുള്ള ശ്രമമാണ് നടത്തേണ്ടത്. അതുകൊണ്ട് ഹരീഷിന്റെ പട്ടുനൂൽപ്പുഴുവിനെ കണ്ടെത്താൻ നിങ്ങൾ ചൈനയിലേക്ക് പോകേണ്ട, കാശ്മീരിലേക്കും കാഞ്ചീപുരത്തേക്കും പോകേണ്ട, മൈസൂരിലെ മൾബെറി തോട്ടങ്ങളിലേക്കും നെയ്ത്തുശാലകളിലേക്കും പോകേണ്ട. ഇനി നോവലിലേയ്ക്ക് അടയിരുന്നാൽ മതി.
പട്ടുനൂലിന്റെ രചനയിൽ പല സവിശേഷതകളും ഉണ്ട്. തുടക്കത്തിൽ ഒരേ സ്വപ്നം രണ്ടുപേർ കാണുന്നു. ഒരാൾ കൂടെ കണ്ടു എന്ന് തോന്നുന്നിടത്താണ് കഥ വായനക്കാരനെ പിടികൂടുന്നത്. പിന്നെ അത് ആവേശിക്കുകയായി. തുടക്കത്തിലെ ‘ഇലയട’ തിന്നുനടക്കുന്ന വിവരണം മുതൽ എല്ലാം വ്യത്യസ്തമാണ്. സാധാരണ എഴുത്തുകാർ ഒരിഴ അത്രയൊന്നും നീളത്തിൽ കൊണ്ടുപോകാറില്ല. അടയുടെ അധികം വേവാത്ത വക്കാണ് ആദ്യം അവൻ കഴിക്കുന്നത് (അതിൽ ഒരു കൗടില്യശാസ്ത്രം ഉണ്ട്. ഭക്ഷണം ആദ്യം വക്കിൽ നിന്ന് കഴിക്കണം. അക്രമണവും ആദ്യം വക്കത്തുനിന്നുതന്നെ തുടങ്ങണം – നടുവിൽ എപ്പോഴും ഒരു കേന്ദ്രമുണ്ട് അവിടെയെല്ലാം ഭദ്രമായിരിക്കും. കഠിനവുമായിരിക്കും. ചിലപ്പോൾ കൂടുതൽ മധുരവും അവിടെ ആയിരിക്കും).
നടത്തത്തിന്നിടയിൽ അവൻ ഓരോരുത്തരുടെ വീട് കാണുന്നു. അപ്പോഴും അട തിന്നൽ കഴിയുന്നില്ല, അതിനിടയ്ക്കുള്ള ആലോചനകൾ വളരെ കൗതുകകരമാണ്. അത് കൗതുകം മാത്രമല്ല എന്നറിയുന്നത് വഴിയേയാണ്. അച്ഛന്റെ കടയിൽ എത്തുന്നതുവരെ ദാമു പറയുന്ന ചില വിവരങ്ങളാണ് അവനെ പിന്തുടരുന്നത്. പിന്നീടത് അവസാനം വരെ കഥയുടെ ഗതി നിയന്ത്രിക്കുന്നുണ്ട് – അയാളുടെ ഒരു പെങ്ങൾ മരിച്ചതും അതിനെ കുഴിച്ചിട്ടതും ആ സ്ഥലം പണ്ട് അവരുടെയായിരുന്നു എന്നുമുള്ള വിവരങ്ങൾ ഒരു ആഘാതം പോലെയാണ് അവന്റെ മനസ്സിൽ വീഴുന്നത്. പിന്നീട് വീട്ടിലെത്തി ജനലിലൂടെ നോക്കുമ്പോഴും അവിടെയാണല്ലോ അയാൾ രണ്ടാമത് എറിഞ്ഞ മൺകട്ട വീണത് എന്നവൻ വിചാരിച്ചു ഭയപ്പെടുന്നു. പിന്നെ കാണുന്ന പലരോടും ചോദിക്കുന്നു: ഈ സ്ഥലം പണ്ട് ഇയാളുടെ ആയിരുന്നുവോ? ദാമുവിന്ന് ഒരു പെങ്ങളുണ്ടോ? ദാമുവിൻ്റെ പെങ്ങൾ മരിച്ചിട്ടുണ്ടോ? എന്നൊക്കെ.


മുന്നോട്ടുള്ള കഥാഗതിയിൽ അവിടവിടെ വായനക്കാരനെ അത്ഭുതപ്പെടുത്തുന്ന ഒരുപാട് സൂക്ഷ്മമായ നിരീക്ഷണങ്ങൾ ഉണ്ട്.
1. അങ്ങനെയത് പിന്നോട്ട് കലണ്ടറുകൾ കണ്ടുപിടിക്കാത്ത കാലം വരെ തുടരുന്നുണ്ട്.
2. പൊങ്ങല്ല്യ മരങ്ങളുടെ ചില്ലകളിൽ നിന്ന് നോട്ടത്തിൽപ്പെടാത്ത കുഞ്ഞുപുഴുക്കൾ നൂലുകളിൽ തൂങ്ങി താഴേക്ക് ഇറങ്ങുന്നു.
3. ഇലു രണ്ടുപേരെ കണ്ടതുപോലെ കുരച്ച് വാലാട്ടി.
4. മലയാളഭാഷയിലെ ഒരു പ്രയോജനവും ഇല്ലാത്ത ഋ കഴിഞ്ഞതിന്നുശേഷമുള്ള അക്ഷരമാണ് ഇലു.
5. പല്ലുതേക്കുന്നതിന് മുമ്പ് കുടിക്കുന്നതാണ് കട്ടൻകാപ്പി.
6. നവജാതർക്ക് നനഞ്ഞ ബിസ്ക്കറ്റിന്റെ മണമാണ്.
7. ഭ്രാന്ത് ഉള്ളവർക്ക് വിശപ്പ് കൂടുതലാണ്.
8. സ്വന്തം പറമ്പിലേക്ക് കയറിയപ്പോൾ എല്ലാം മറ്റൊരാൾ കൂടി കാണുന്നതായി അവന് തോന്നി.
9. കഥകളിൽ മാത്രമുള്ള ഭീമാകാര മനുഷ്യരെപ്പോലെ ക്ഷീണിതരായ വലിയ മരത്തടികൾ കിടന്നുറങ്ങുന്നു
10. ഇരുട്ട്, പഴയകാലം ഉണ്ടായിരുന്നില്ലെന്ന് പറയുന്നതുപോലെ നിശ്ചലമായി കിടന്നു.
സാംസ എന്ന കുട്ടിയാണ് ഇതിലെ ഏകാകിയായ പട്ടുനൂൽപ്പുഴു എന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. അവൻ ഒരുപാട് നൊമ്പരങ്ങൾ ഉള്ളിൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. അവയുടെ ഭാരം അവൻ സ്വയം ഏറ്റികൊണ്ട് നടക്കുകയാണ്. മറ്റൊരാളുമായി പങ്കിടാൻ കഴിയാതെ, മറ്റൊരാളിൽനിന്ന് ഉത്തരം കിട്ടാതെ, അതെല്ലാം അവന്റെ മനസ്സിൽ പെരുത്തുകൊണ്ടിരിക്കയാണ്. ചില വിവരണങ്ങളുടെ ആവർത്തനങ്ങൾ സാംസയുടെ ഹൃദയസ്പന്ദനം പോലെയാണ് തോന്നുക. ആ വീട് എവിടെയാണ്? പെൺകുട്ടി എവിടെയാണ്? പാടം എവിടെയാണ്? പലരും താമസിക്കുന്ന വീടുകളൊക്കെ പണ്ട് സാധാരണക്കാരിൽ നിന്ന് ഇന്നുള്ളവർ വാങ്ങിയതാണ്.
വിജയൻ ആനിയെ കണ്ടെത്തുന്നത്, വിവാഹം കഴിക്കുന്നത്, സാംസ എന്ന മകൻ ജനിക്കുന്നത്, ഒക്കെ പിന്നെയാണ് വരുന്നത്. സാംസ എന്ന പേര് മാർക്കിന്റെ വായനാനുഭവത്തിൽ നിന്നാണ് വീണുകിട്ടുന്നത് എന്നതും ആശ്ചര്യം ഉണ്ടാക്കുന്നു. ഒരുപാട് അധ്യായങ്ങൾ കഴിഞ്ഞും നമ്മൾ വായിക്കുന്നത് സാംസയുടെ കൊച്ചു മനസ്സിലെ അതേ ചിന്തകൾ തന്നെയാണ്. എവിടെയാണ് അവളെ കുഴിച്ചിട്ടത്? ആ പെൺകുട്ടി ആരാണ്? എങ്ങനെയാണ് അവൾ മരിച്ചത്? എന്തായിരിക്കും അവളുടെ പേര്? കഥ മുന്നോട്ടുപോകുന്തോറും കൂടുതൽ കഥാപാത്രങ്ങൾ വന്നുപോകുമ്പോഴും കൂടുതലായി ഒന്നും സംഭവിക്കുന്നില്ല. ചിന്തകൾ കനക്കുന്നതും ഏകാന്തത ഭാരമാകുന്നതും അതിൽ ഉത്കണ്ഠകൾ പെരുകുന്നതും നോവലിൻ്റെ സ്വഭാവമാകുന്നു.
ഒരു ബാലമനസ്സിന്റെ ഓർമ്മകളിൽ കുടുങ്ങിക്കിടക്കുന്ന ഒരു പെൺകുട്ടിയുടെ മരണം കഥയുടെ കാതലായി മാറുന്നു. അതിൽത്തന്നെ ചുറ്റിക്കൊണ്ട് അവന്റെ ചിന്തകളും ഭയങ്ങളും വിഭ്രാന്തികളും തുടരുന്നു. ഒരുപക്ഷേ ഇങ്ങനെയാവാം പുസ്തകത്തിന്റെ പേര് പട്ടുനൂൽപ്പുഴുവിൻ്റെ സ്വഭാവത്തിലേയ്ക്ക് എത്തുന്നത്. പുഴുവിൻ്റെ ധ്യാനാവസ്ഥയിൽ അതിന്റെ പുറത്ത് ചുറ്റപ്പെടുന്ന നൂലുകൾ അതിൻ്റെ രക്ഷാകവചം ആകുന്നതിന് പകരം അതിനെ ഞെരുക്കുകയാണ്. എന്നാൽ എന്റെ വായനയിൽ ഈ കുട്ടിയുടെ മനസ്സിലെ വേവലാതികളും ഭയങ്ങളും സംശയങ്ങളും എല്ലാം അവനെ വരിഞ്ഞു മുറുക്കി കുത്തിനോവിക്കുമ്പോൾ, അവൻറെ കടച്ചിൽ ആയി മാറുന്ന നിമിഷങ്ങൾ, വായനയുടെ പട്ടുനൂലായി മാറുകയാണ്.


കൂടുതൽ സന്ദർഭങ്ങളിലേക്ക് കഥ നീളുമ്പോഴും ഭൂതവും വർത്തമാനവും കൈകോർക്കുമ്പോഴും മാർക്കും സ്റ്റീഫനും മരിക്കുമ്പോഴും സാംസയുടെ മനസ്സിലെ പെൺകുട്ടി മരിക്കുന്നില്ല. അവൻ മരിച്ച പെൺകുട്ടിയോട് സംസാരിച്ച് തുടങ്ങുന്നു. മരിച്ച പെൺകുട്ടി ജീവനുള്ള ഒരു കഥാപാത്രമായി സാംസയെ മാത്രമല്ല വായനക്കാരനെയും ഭരിക്കുന്നു.
വിജയന്റെ പരാധീനതകളും അയാൾ വാങ്ങിക്കൂട്ടിയ കടങ്ങളും അതുകൊണ്ടുണ്ടായ നഷ്ടങ്ങളും അയാളുടെ പരാജയങ്ങളായി മാറുമ്പോഴും അയാൾ വിജയനായി തുടരുന്നു. ഈ വൈരുദ്ധ്യം എഴുത്തുകാരൻ ഏറ്റെടുത്ത ഒരു ദൗത്യമാവുന്നു. ആനി എന്ന സാംസയുടെ അമ്മയുടെ പശ്ചാത്തലവും വായനക്കാരൻ്റെ ആധിയാവുന്നുണ്ട്. ഭ്രാന്തന്മാരുടെ മൂലയിലെ ചില ഒറ്റപ്പെട്ട നിമിഷങ്ങൾ മനസ്സിൽ ഒരു നോവായി വളരുമ്പോൾ സ്റ്റീഫനും മോനും നമ്മെ പിന്തുടരാനും തെറിവിളിക്കാനും കല്ലെറിയാനും തുടങ്ങുന്നു.
കൂട്ടത്തിൽ കാറൽ മാർക്സ്, മിൽട്ടൻ്റെ പാരഡൈസ് ലോസ്റ്റിനെ പറ്റി പറഞ്ഞ ഒരു വാക്യം ഓർക്കുന്നു. “മിൽട്ടൻ പാരഡൈസ് ലോസ്റ്റ് എഴുതിയത് പട്ടുനൂൽപ്പുഴു പട്ട് ഉണ്ടാക്കുന്നതുപോലെയാണ്.” അത്രയും ലോലമായ, സുന്ദരമായ, ഉറപ്പുള്ള ഒരു നൂൽ ഉണ്ടാക്കാൻ അത് ചെയ്ത ത്യാഗം വലുതാണ്. അത് സഹിച്ച കാത്തിരിപ്പ്, കടച്ചിൽ, വേദന എത്രയാണെന്ന് മാർക്സ് കാണിച്ചിട്ടുണ്ട്. പാടത്തെ മൾബറി ഇലകൾ ഒരു പുഴുവിന്റെ വയറ്റിലൂടെ അതിന്റെ പുറത്ത് നൂലുകളായി മാറുന്നതും അതൊരു രക്ഷാകവചമായി മാറുന്നതും പിന്നീട് ആ പുഴുവിനെ കൊന്നശേഷം, ആവി പറക്കുന്ന വെള്ളത്തിൽ ഇട്ട് കൊന്നശേഷം മനോഹരമായ ഒരു വസ്തുവാക്കി മാറ്റുന്നതിനെപ്പറ്റിയും. അവതരണത്തിലെ പുതുമ സാങ്കേതികതയുടെ ക്രമമില്ലായ്മയിലൂടെ ഒരു ബാലമനസ്സിലെ സങ്കീർണ്ണചിന്തകൾ ആവർത്തിക്കുന്നതിലൂടെ അപരിചിതമായ ആ രചനാതന്ത്രം ഒരു സിൽക്ക് മേജിക്ക് ആയി മാറുന്നു.
സാംസ എന്ന ഒരു കാഫ്കൻ പേരിന്റെ പകുതിയും നടാഷ എന്ന ഒരു റഷ്യൻ കഥാപാത്രത്തിന്റെ തുടർച്ചയും ഈ നോവലിൻ്റെ ഒഴുക്കിന് പാരസ്പര്യങ്ങളുടെ വളവുതിരിവുകൾ സമ്മാനിക്കുന്ന ഒരു തന്ത്രമായി പരിണമിക്കുന്നു. മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുന്ന ചിന്താശകലങ്ങളും ഭാവനകളും വിഭ്രാന്തികളും സമതലത്തിൽ നിന്ന് വായനക്കാരനെ അപരിചിതമെങ്കിലും അനിവാര്യമായ അഗാധതയിലേയ്ക്ക് എത്തിക്കുന്നു.
മറ്റൊരു എഴുത്തുകാരന്റെ ഒരു കഥാപാത്രത്തിന്റെ പേര് ഈ നോവലിലെ ഒരു കുട്ടിക്ക് കൊടുക്കേണ്ടി വന്നതിന്ന് ന്യായീകരണങ്ങൾ കണ്ടെത്താൻ വായനക്കാരൻ്റെ യുക്തി തയ്യാറാവുന്നു. അങ്ങനെ മറ്റൊരു ഭാഷയിൽ നിന്ന് ദത്തെടുത്ത രണ്ടുപേരുകൾ ഈ നോവലിൻ്റെ അനുഭവപരിസരത്തിൽ അഭിനയമുദ്രകൾ ആയി സാദ്ധ്യതകൾ തേടുന്നു. ആ പേര് തെരഞ്ഞെടുത്ത ‘മാർക്ക്’ എന്ന കഥാപാത്രം കൂടുതൽ ശ്രദ്ധ അർഹിക്കുന്നു. അയാൾക്ക് എഴുത്തുകാരൻ ആ പേര് കൊടുത്തത് കരുതിക്കൂട്ടിയാവണം. പുസ്തകങ്ങളെയും കഥാപാത്രങ്ങളെയും അയാൾ വേണ്ടപോലെ മാർക്ക് ചെയ്യുന്നു. അയാൾ അടയാളപ്പെടുത്തിയ പുസ്തകങ്ങളാണ് ആ നാട്ടിലെ ആൾക്കാർ വായിക്കുന്നത്. ആ നാട്ടിലെ കുട്ടികൾക്ക് അയാളാണ് പേരുകൾ നിർദ്ദേശിക്കുന്നത്. ഒരു നാട്ടിലെ കുട്ടികൾക്ക് പേരിടാൻ മാത്രം ആ നാട്ടിലെ ഗ്രന്ഥപ്പുരയുടെ മേൽനോട്ടക്കാരന് സാധിക്കുന്നു എന്നത് പുസ്തകത്തെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമുള്ള അയാളുടെ നിലപാടുകളേയും കാഴ്ചപ്പാടുകളേയും ആദരണീയമാക്കുന്നു. അയാളുടെ മരണത്തിന് ശേഷം സാംസ ആ ജോലി അഭിനയിക്കുന്നു എന്ന് എഴുതിയത് എഴുത്തുകാരൻ്റെ കാഴ്ചപ്പാടാണ്. ഇങ്ങനെ കുറെപ്പേർ അഭിനയിക്കുന്നതാണ് ജീവിതം എന്ന് എഴുത്തുകാരൻ്റെ കണ്ടെത്തൽ അഭിനന്ദനീയമാണ്.
ആശയപരമായി ഹരീഷിൻ്റെ ആദ്യ നോവൽ ‘മീശ’ കുറേക്കൂടി കഠിനമായ ഒരു മനുഷ്യാവസ്ഥയാണ് കാണിച്ചുതരുന്നതെങ്കിലും കാലഘട്ടത്തിലേയ്ക്കും ദേശപ്പെരുമയിലേയ്ക്കും ചുരുങ്ങാതെ കഥാപാത്രങ്ങളിലേയ്ക്ക് കേന്ദ്രീകൃതമാവുന്ന വിചിത്രമായ ഒരിഴ ഇതിലുണ്ട് എന്നു വ്യക്തമാണ്. അത് ഒരു ലോല മനസ്സിൻ്റെ ആകുലതകളിലൂടെയാണ് നീളുന്നത്. അവഗണിക്കപ്പെടുന്ന ബാലമനസ്സിൻ്റെ വിഭ്രാന്തികളിലൂടെ, ഉത്കണ്ഠകളിലൂടെ ഒറ്റപ്പെടലിൻ്റെ വിഷാദസംഗീതമായി, വിഹ്വലതയുടെ സ്പന്ദനമായി വായനാനുഭവത്തിൽ പട്ടുനൂലുകളായി മാറുന്നു. അതിൻ്റെ തിളക്കവും മസൃണതയും അനുഭവപ്പെടുത്തുന്നു.
അവസാന അധ്യായങ്ങളിലൊന്നിൽ വിജയൻ സ്ഥലംമാറി പോകുന്ന ഒരു വിവരണം ഉണ്ട്. “പട്ടണത്തിൽനിന്ന് ഒരു ബസ്സിലോ ലോറിയോ കയറി ദൂരേക്ക് പോകണം. വേറൊരുനാട്ടിൽ വേറൊരു മനുഷ്യനായി മാറണം. ഉള്ളിൽ ബാക്കിശേഷിച്ചതും പോകും വഴി ചോർത്തിക്കളഞ്ഞ് അയാൾ വേറൊരുസ്ഥലത്ത് മരിച്ച മനുഷ്യനായി ജീവിക്കും. മാർക്ക്, സ്റ്റീഫൻ എന്നിവരുടേതുപോലെത്തന്നെ അയാളുടെ അഭാവം കുറച്ചുദിവസങ്ങൾക്ക് ശേഷം ആരും ഓർമ്മിക്കാൻ പോകുന്നില്ല. എല്ലാവരും സ്മരിക്കുന്നത് അവരവരുടെ ഭൂതകാലത്തെക്കുറിച്ച് അല്ലെങ്കിൽ അതുമായി ബന്ധിപ്പിക്കുന്ന കാര്യങ്ങളെപ്പറ്റി മാത്രമാണ്. ആനിയുടെയും സാംസയുടെയും മനസ്സുകളിൽ അയാൾ ഇനിയുള്ള കാലം കടന്നുവരും. അതും അവരുടെ ഓർമ്മയിലെ വ്യക്തമായ രൂപമില്ലാത്ത മനുഷ്യനായി. അപ്പോഴും അത് അയാളല്ല മറ്റൊരുദേശത്ത് ജീവിക്കുന്ന മറ്റൊരു മനുഷ്യനാണ്.”
അങ്ങനെ ജീവിച്ചവർ, ഓർമ്മകൾ ബാക്കിയിട്ട് പോവുകയാണ്. ഓർമ്മകൾക്ക് മരിച്ചുപോയവരുടെ സുഗന്ധം അല്ലെങ്കിൽ കൊല്ലപ്പെട്ട പുഴുവിൽ നിന്ന് ബാക്കിയായ പട്ടുനൂലിന്റെ ഗുണം ഉണ്ടാവുകയാണ്. അതിനുശേഷം സാംസയുടെ മനസ്സിലും മാറ്റങ്ങൾ വരുന്നുണ്ട് അച്ഛൻ വീട്ടിൽ നേരത്തെ വരുന്ന രാത്രികളിലാണ് നല്ല സ്വപ്നങ്ങൾ ഉള്ള സുഖകരമായ ഉറക്കം എന്നവൻ ഓർക്കുന്നു. “അച്ഛൻ ഉള്ളപ്പോൾ ഇരുട്ടും മൃദുലമാണ്. പ്യൂപ്പാദശയിലെ പുഴു സുരക്ഷിതമായ കവചത്തിലെന്നപോലെ. ലൈറ്റ് അണച്ചുകഴിഞ്ഞാൽ തട്ടിൻപുറം ബഹളങ്ങൾ ഇല്ലാതെ ശാന്തമാണ്. വാതിൽ അടച്ചു കഴിഞ്ഞാൽ പുറത്തെ നിശബ്ദതയിൽ പാദപതനങ്ങൾ ഇല്ല. മരങ്ങളുടെ ചുവട്ടിലുള്ള നിഴലുകൾ കള്ളന്മാരുടെ കൈകൾ പോലെ പതിയെ നീണ്ടു വരില്ല.”
സാംസ അതിന് ശേഷം അവന്റെ അച്ഛൻ ഇല്ലാത്ത കടയുടെ ഉടമസ്ഥനാണ്. അതിന് മുമ്പേ, അച്ഛനെ തേടിക്കൊണ്ട് സാംസ യാത്ര ചെയ്യുന്നതും കാത്തിരിക്കുന്നതും എല്ലാം സാംസയിലെ ആകാംക്ഷയെയാണ് കാണിക്കുന്നത്. പരിചയമുള്ള വഴികളിലൂടെ തിരിച്ചുവീട്ടിലേയ്ക്ക് നടക്കുമ്പോഴും മരിച്ചുപോയ പെൺകുട്ടിയോട് സംസാരിക്കാനായി അവൻ വേഗത്തിൽ നടക്കുന്നുണ്ട്. ഇപ്പോൾ അവന് കൂട്ടായി ആരുമില്ല. മരിച്ചുപോയ ആ പെൺകുട്ടി മാത്രമാണ്.
അവസാനഭാഗത്ത് വരുന്ന ഒരു കാര്യം ഇങ്ങനെയാണ്: മകളെ കുഴിച്ചിട്ടസ്ഥലം ഇരുട്ടിൽ ആനിക്ക് തിരിച്ചറിയാൻ പറ്റിയില്ല. ഒത്തിരിവർഷം മുൻപ് അവിടെ വേറൊരു വീടുണ്ടായിരുന്നു എന്ന കാര്യവും അവൾക്കറിയില്ല. ‘പതിമ്മൂന്നുവയസ്സും’ ‘ഒമ്പതാംക്ലാസും’ ഇതിൽ അവസാന പേജുകളിൽ ആനിയുടെ കാര്യത്തിൽ വീണ്ടും സംഭവിക്കുന്നു. വർഷങ്ങൾക്കുമുമ്പേ ദാമുവിന്റെ സംസാരത്തിലും പിറകെ മാർക്കിന്റെ നിരീക്ഷണത്തിലും ഇത് ആവർത്തിക്കുന്നുണ്ട്. ദിവസങ്ങളും സംഭവങ്ങളും ആവർത്തിക്കുന്നതാണ് ജീവിതം എന്ന് വീണ്ടും എഴുത്തുകാരൻ തിരിച്ചറിയുന്നുണ്ട്.
“എന്നെ ഈ പറമ്പിൽ കുഴിച്ചിട്ടാൽ മതി, സെമിത്തേരിയിലേക്ക് കൊണ്ടുപോകേണ്ട” എന്ന് ആനി പറയുന്നതും ഒരു ആവർത്തനമാണ്. ഒന്നും മനസ്സിലാകാതെ ക്ലാസ്സിലിരുന്നപ്പോഴും ആനി ആ പതിമ്മൂന് വയസ്സുകാരൻ കുട്ടിയോട് വർത്തമാനം പറഞ്ഞു. താൻ ഇപ്പോൾ ആലോചിച്ചു നോക്കി ആ കുട്ടിയുടെ മുഖം അവളുടെ ഉള്ളിൽ തെളിയുന്നത് സാംസയുടെ മുഖമായാണ്.” – ഇവിടെയും ഭൂതകാലവും വർത്തമാനവും ഒന്നിക്കുന്നുണ്ട്.
ആദ്യാധ്യായം പോലെ മനോഹരവും സൂക്ഷ്മവുമാണ് അവസാന അധ്യായവും. അതിലെ ഒരു ഭാഗം “നീ ഉണ്ടായ സമയത്ത് കൊച്ചിന് ഇടാൻ ഇവൻ കൊണ്ടുവന്ന പേരാണ് നടാഷ” പാപ്പൻ പറയുന്നുണ്ട്. “നല്ല പേരാണ് ഞാൻ അന്നേരം വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിലെ പേരാണ്.” “നടാഷ നല്ല പേരല്ലേ പ്രഭകുമാരിയുടെ പേരാണ്.”
ആവർത്തിക്കുന്ന സംഭാഷണങ്ങളിലൂടെ ഓർമ്മകളിൽ വീണ്ടും പുഴു ഉറപ്പുള്ള നൂൽകൊണ്ടു തന്നെയാണ് വരിഞ്ഞു കെട്ടുന്നത്. നടാഷ നല്ല പേരാണ് എന്ന് ആനി സമ്മതിക്കുമ്പോൾ വായനക്കാരും സമ്മതിച്ചുപോകുന്നു. സാംസയും നടാഷയും നല്ല പേരുകളാണ്. പേരുകൾക്ക് മാത്രമല്ല ജീവിതത്തിൽ അനുഭവിക്കുന്ന കഷ്ടതകൾക്കുശേഷം കിട്ടുന്ന സമാധാനത്തിന്ന് അവശേഷിക്കുന്ന പട്ടിന്റെ ഗുണമുണ്ട്. “Sweet are the uses of adversity” എന്ന് ഷെയ്ക്സ്പിയർ പറഞ്ഞിട്ടുണ്ട്.