

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ഞാൻ ജയചന്ദ്രൻ നായർ സാറിനെ കാണുന്നത് 90കളുടെ തുടക്കത്തിൽ തിരുവനന്തപുരം കലാകൗമുദി ഓഫീസിൽ വെച്ചാണ്. അന്ന് കേരള യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിൽ കഥാരചനയ്ക്ക് ഞാൻ എഴുതിയ കഥയ്ക്കാണ് സമ്മാനം കിട്ടിയത്. സാഹിത്യ നിരൂപകനായ പി.കെ രാജശേഖരനും എന്റെ അധ്യാപകൻ ഡോ. ദേശമംഗലം രാമകൃഷ്ണൻ മാഷും അന്നെന്നോട് പറഞ്ഞു, ഈ കഥ ജയചന്ദ്രൻ നായരുടെ കയ്യിൽ കൊടുക്കണം, അദ്ദേഹം ഇത് വായിച്ചിട്ട് അത് പ്രസിദ്ധീകരിക്കുമോ ഇല്ലയോ എന്ന് പറയും. അന്ന് ജേർണലിസം വിദ്യാർത്ഥിയായ ഞാൻ ഈ കഥ കൊടുക്കാനാണ് തിരുവനന്തപുരം പേട്ടയിലെ കലാകൗമുദി ഓഫീസിൽ എത്തുന്നത്. അദ്ദേഹത്തെ കാണുകയും ജേർണലിസം വിദ്യാർത്ഥിയാണെന്നും ഈ കഥ തരാൻ വന്നതാണെന്നും പറഞ്ഞു. അദ്ദേഹം കഥ വായിച്ചിട്ട് പറയാം എന്ന് പറഞ്ഞു. ഞാൻ അവിടെ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോൾ അദ്ദേഹം ചോദിച്ചു, ജേർണലിസം പഠിക്കുകയാണല്ലോ, ചില സംഭവങ്ങൾ ഏൽപ്പിച്ചാൽ ചെയ്യാൻ പറ്റുമോ? ഞാൻ ചെയ്യാം എന്ന് പറഞ്ഞു. തിരുവനന്തപുരം വേളി യൂത്ത് ഹോസ്റ്റലിൽ കേരള യൂണിവേഴ്സിറ്റിയുടെ ജേർണലിസം ക്യാമ്പ് നടക്കുന്നുണ്ട്, പ്രശസ്ത മാധ്യമ പ്രവർത്തകനായ കുൽദീപ് നയ്യാറാണ് ഉദ്‌ഘാടകൻ, ആ ക്യാമ്പ് ഒന്ന് കവർ ചെയ്ത റിപ്പോർട്ട് തയ്യാറാക്കാനും അദ്ദേഹത്തിന്റെ ഇന്റർവ്യൂ എടുക്കാനും അദ്ദേഹം എന്നോട് പറഞ്ഞു. അങ്ങനെ ഞാൻ യൂത്ത് ഹോസ്റ്റലിലെ ആ ജേർണലിസം ക്യാമ്പ് കവർ ചെയ്ത് അതിന്റെ റിപ്പോർട്ട് കൊടുക്കുകയും തൊട്ടടുത്താഴ്ച അത് കലാകൗമുദിയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത്തരത്തിൽ എന്നെ പോലെയുള്ള നിരവധി ചെറുപ്പക്കാർ യാതൊരുവിധ ആമുഖവുമില്ലാതെ അദ്ദേഹത്തിന്റെ പത്രാധിപത്യത്തിലുള്ള കലാകൗമുദി വാരികയിലേക്ക് കടന്നുചെല്ലുകയും പത്രപ്രവർത്തനത്തിലേക്ക് അദ്ദേഹം കൈപിടിച്ചുയർത്തുകയും ചെയ്തിട്ടുണ്ട്.


കേരളത്തിൽ ലിറ്റററി ജേർണലിസത്തിൽ എം.ടി വാസുദേവൻ നായരുടെ പേര് പറയുന്നത് പോലെ തന്നെ ഉന്നത ശീർഷനായ ലിറ്റററി എഡിറ്റർ ആരാണെന്ന് ചോദിച്ചാൽ ജയചന്ദ്രൻ നായരുടെ പേര് പറയാൻ കഴിയും. അദ്ദേഹത്തിന്റെ സമഗ്രമായ വായന, ഏറ്റവും പുതിയതും ഏറ്റവും നല്ലതുമായ സിനിമകൾ കാണുന്നതിനുള്ള താത്പര്യം, ഇവ മറ്റുള്ളവരെ കാണിക്കുന്നതിലും, വായിക്കുന്ന നല്ല പുസ്തകങ്ങൾ ചെറുപ്പക്കാർക്ക് നൽകുന്നതിലും അദ്ദേഹം കാണിച്ചിരുന്ന താത്പര്യം വളരെ വലുതായിരുന്നു.
വ്യക്തിപരമായി, തുടക്കകാലത്ത് നാലഞ്ച് വർഷം അദ്ദേഹത്തിന്റെ കൂടെ കലാകൗമുദിയിൽ പത്രാധിപ സമിതിയിൽ ജോലിചെയ്യാൻ കഴിഞ്ഞ സമയം അത്ഭുതത്തോടെ ഓർക്കാൻ കഴിയും. കേരളത്തിന്റെ സാംസ്കാരിക അന്തരീക്ഷത്തിൽ ഇത്രമാത്രം സ്വാധീനമുണ്ടായിരുന്ന പത്രാധിപർ ഈ നാല് പതിറ്റാണ്ടുകൾക്കിടയിൽ കാണാൻ കഴിഞ്ഞിട്ടില്ല. കേരളത്തിലെ ഏറ്റവും പുതിയ എഴുത്തുകാരെ കണ്ടെത്തുന്നതിലും ഏറ്റവും പുതിയ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിലുമൊക്കെ അദ്ദേഹം കാണിച്ച നിഷ്ഠ അത്ഭുതമാണ്. സാഹിത്യത്തിന്റെ വിവിധ സ്വഭാവത്തിലുള്ള എഴുത്തുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. ആധുനികതയുടെ കാലത്തെ മലയാളത്തിലെ ഏറ്റവും പ്രശസ്തരായ മുഴുവൻ എഴുത്തുകാരെയും അദ്ദേഹം കലാകൗമുദിയിലൂടെയാണ് കൊണ്ടുവന്നത്. ഒ.വി വിജയൻ, എം.പി നാരായണപ്പിള്ള, എം സുകുമാരൻ തുടങ്ങിയ മഹാരഥന്മാരായ എഴുത്തുകാർക്ക് മുഴുവൻ മലയാള സാഹിത്യത്തിൽ ഉന്നതമായ സ്ഥാനം ലഭിക്കുന്ന തരത്തിലുള്ള പ്രസിദ്ധീകരണ സാധ്യതകൾ തുറന്നുകൊടുത്തത് കലാകൗമുദിയുടെ പത്രാധിപകാലത്താണ്.
വ്യക്തിപരമായ അദ്ദേഹത്തിന്റെ ബന്ധങ്ങൾ ഊഷ്മളമായിരുന്നു. ‘പിറവി’ സിനിമയുടെ കാലം, അതിന്റെ സംവിധായകൻ ഷാജി എൻ കരുൺ എല്ലാ ദിവസവും കലാകൗമുദിയുടെ ഓഫീസിൽ വരികയും അവിടെയിരുന്ന് സംസാരിക്കുകയും ചെയ്യും. ‘സ്വം’ ന്റെ എഴുത്ത് സമയത് ഞങ്ങളൊക്കെ അവിടെയുണ്ട്. ആ സമയത്ത് അദ്ദേഹം സിനിമയോട് കാണിക്കുന്ന അടുപ്പം വളരെ വലുതാണ്. എം.ടി ‘രണ്ടാമൂഴം’ എഴുതിക്കഴിഞ്ഞപ്പോൾ മറ്റേത് പ്രസിദ്ധീകരണത്തെ ഏല്പിച്ചാലും അത് പ്രസിദ്ധീകരിക്കാൻ ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല. പക്ഷേ, എം.ടി അത് കൊടുത്തത് കലാകൗമുദിയിലേക്കാണ്. അതിൽ നിന്ന് കിട്ടുന്ന പ്രതിഫലമായിരുന്നില്ല എം.ടിയുടെ ആകർഷണം, പകരം ജയചന്ദ്രൻ നായർ എന്ന വ്യക്തിയോടുള്ള ആത്മബന്ധമായിരുന്നു. അദ്ദേഹവും എം.ടിയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളിലും എഴുതുന്ന കത്തുകളിലും ഈ ആത്മബന്ധം വ്യക്തമായിരുന്നു. പത്രാധിപർ എന്ന നിലയിൽ എം.ടി സാധാരണ ചുരുങ്ങിയ വാക്കുകളിലാണ് കത്തെഴുതുക. പക്ഷേ, ജയചന്ദ്രൻ നായരുമായി ഒന്നും രണ്ടും പേജ് വരെയുള്ള കത്തുകൾ എഴുതും.
പിന്നീട് ജയചന്ദ്രൻ നായർ കലാകൗമുദി വിട്ട്, ഇന്ത്യൻ എക്സ്പ്രസ്സ് തുടങ്ങിയ സമകാലിക മലയാളം എന്ന വാരികയുടെ പത്രാധിപരായി പോയി. മലയാളത്തിലെ എഴുത്തുകാർ മുഴുവൻ അദ്ദേഹത്തിന്റെ ഒപ്പം നിന്നത് അവിടുന്ന് കിട്ടുന്ന പ്രതിഫലത്തിന്റെ ബലത്തിലായിരുന്നില്ല. പകരം, വ്യക്തിപരമായി തന്നെ എഴുത്തുകാരുമായി ബന്ധമുണ്ടായിരുന്ന പത്രാധിപർ നമ്മൾ ജീവിച്ചകാലത്ത് മറ്റൊരാൾ ഉണ്ടായിരുന്നില്ല.
കേരളത്തിന്റെ സാംസ്കാരിക ലോകത്തിനും സാഹിത്യലോകത്തിനും ജയചന്ദ്രൻ നായർ നൽകിയ സംഭാവനയ്ക്ക് നന്ദി സൂചകമായി തിരിച്ചൊന്നും കേരളം നൽകിയില്ല എന്ന് സി.പി.എം നേതാവ് സുരേഷ് കുറുപ്പ് എന്നോട് പറയുകയുണ്ടായി. അത് തീർത്തും സത്യമാണ്. നമ്മൾ ജീവിച്ച കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ കേരളത്തിലെ മാധ്യമചരിത്രം പരിശോധിക്കുമ്പോൾ എസ് ജയചന്ദ്രൻ നായരപോലെ തലമുറകളെ വാർത്തെടുക്കുന്നതിൽ ഇത്രമാത്രം സംഭാവന നൽകിയ ഒരു പത്രാധിപരില്ല. എന്നാൽ കേരളം ആ രീതിയിലൊന്നും അദ്ദേഹത്തെ തിരിച്ച് ആദരിക്കാൻ തയ്യാറായില്ല എന്നത് സങ്കടകരമായ കാര്യമാണ്. കേരളത്തിലെ ഭാഷയ്ക്കും സംസ്കാരത്തിനും സംശുദ്ധമായ രാഷ്ട്രീയത്തിനും വേണ്ടി എല്ലാക്കാലത്തും അദ്ദേഹത്തിന്റെ പേനയും മനസ്സും ബുദ്ധിയും ഉപയോഗിച്ച പത്രാധിപരാണ്. അദ്ദേഹം ഒരിക്കലും മാനേജ്മെന്റിന് സ്തുതിപാടുന്ന ഒരാൾ ആയിരുന്നില്ല. ജനങ്ങൾക്ക് ഒപ്പം നിൽക്കാനാണ് അദ്ദേഹത്തിലെ പത്രാധിപർ എല്ലാക്കാലത്തും ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടാവാം, കേരളത്തിൽ മാറിമാറി വന്ന സർക്കാരുകൾ ഒന്നും തന്നെ അദ്ദേഹത്തിന്റെ സംഭാവനകളെ വേണ്ടവിധത്തിൽ കാണുന്നതിനോ, അദ്ദേഹത്തിന് നൽകാവുന്ന ആദരവുകൾ നൽകാനോ തയ്യാറായില്ല. അദ്ദേഹം നല്ല പത്രാധിപരായിരുന്നു എന്നതിനുള്ള തെളിവാണ് അധികാര സ്ഥാനങ്ങളിലുള്ളവർ അദ്ദേഹത്തോട് കാലാതീതമായ അനിഷ്ടം സൂക്ഷിക്കുന്നതിലൂടെ മനസ്സിലാവുന്നത്. സന്ധി ചെയ്യുക എന്നത് പലതരത്തിലുള്ള നേട്ടങ്ങൾ ഉണ്ടാക്കാൻ വേണ്ടി പലരും ചെയ്യാറുണ്ട്. പക്ഷേ, അത്തരം കാര്യങ്ങൾക്കുവേണ്ടി അദ്ദേഹം നിന്നില്ല.
ഒരു ഫോട്ടോയിൽ പോലും വന്ന് നിൽക്കാത്ത വ്യക്തിയായിരുന്നു ജയചന്ദ്രൻ നായർ. ഞാൻ കലാകൗമുദിയിൽ ജോലിചെയ്യുന്ന കാലത്ത് അവിടുത്തെ ആർക്കൈവ്സിൽ അദ്ദേഹത്തിന്റ ഒരു ഫോട്ടോ പോലും ഉണ്ടാവാറില്ല. ഫോട്ടോ എടുക്കുന്ന സന്ദർഭങ്ങളിൽ അതിൽ നിന്നും പലപ്പോഴും മാറിനിൽക്കാറുണ്ട്. ക്യാമറയ്ക്ക് മുമ്പിൽ നിൽക്കാനോ, മുൻനിരയിൽ നിന്ന് ശ്രദ്ധ നേടാനോ ശ്രമിക്കാത്ത പത്രാധിപരായിരുന്നു. മൂന്ന് വർഷം മുമ്പ്, അദ്ദേഹവുമായി സുദീർഘമായ ഒരു അഭിമുഖം നടത്തിയപ്പോൾ തന്റെ ജീവിതത്തിന്റെ ഇരുണ്ടകാലത്തെ കുറിച്ചും ജീവിതത്തിൽ അനുഭവിച്ചുവന്ന തിക്തതകളെ കുറിച്ചും പറയുകയുണ്ടായി. ഇതേക്കുറിച്ചു സംസാരിക്കുമ്പോൾ വേദനയോടെ അദ്ദേഹം പറഞ്ഞ പലകാര്യങ്ങളുമുണ്ട്. രാഷ്ട്രീയമായി പല കാര്യങ്ങളോടും എതിർ നിലപാട് സ്വീകരിച്ചത് വ്യക്തിയേയോ രാഷ്ട്രീയ പ്രസ്ഥാനത്തെയോ മുന്നിൽ കണ്ടുകൊണ്ടായിരുന്നില്ല. നേരിന്റെ പക്ഷത്തു നിൽക്കുക, ജനങ്ങൾക്കൊപ്പം നിൽക്കുക, ജനങ്ങൾക്കുവേണ്ടി സാംസ്കാരികമായി ഉന്നതമായ നിലപാടെടുക്കുക എന്നതാണ് ജയചന്ദ്രൻ നായരുടെ രീതി.
അദ്ദേഹത്തിന്റെ വേർപാട് അറിഞ്ഞതിന് ശേഷം അത്തരം ഓർമ്മകളാണ് മനസ്സിലൂടെ കടന്നുപോവുന്നത്. മാധ്യമ പ്രവർത്തനത്തിന്റെ ആരംഭത്തിൽ ആദ്യകാലം സമ്പൂർണമായി ചിലവഴിച്ചത് അദ്ദേഹത്തിന്റെ ഒപ്പമാണ്. അതിനു ശേഷവും എല്ലാകാര്യങ്ങളിലും അദ്ദേഹവുമായി ഗുരുതുല്യബന്ധം പുലർത്തിയിരുന്നു.