Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
സൂപ്പർ ബൈക്കിൽ സഞ്ചരിക്കുന്ന, ഇംഗ്ലീഷ് ഭാഷ ഒഴുക്കോടെ സംസാരിക്കുന്ന, എന്തിനെക്കുറിച്ച് ചോദിച്ചാലും പൊടിക്ക് നർമ്മം ചേർത്ത് കുലുങ്ങി ചിരിച്ചുകൊണ്ട് യുക്തിപരമെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ മറുപടി പറയുന്ന ആത്മീയ ഗുരു. ലോകപ്രശസ്ത സെലിബ്രിറ്റികളുൾപ്പടെ അനുയായികൾ, 5,600 ഓളം മുഴുവൻ സമയ സന്നദ്ധപ്രവർത്തകരും 16 ദശലക്ഷത്തിലധികം പാർട് ടൈം സന്നദ്ധപ്രവർത്തകരും. സംസ്കൃത ഭാഷയിൽ ‘സദ്ഗുരു’ എന്നാൽ യഥാർത്ഥ ഗുരു എന്നാണർത്ഥം. എന്നാൽ ആത്മീയതക്ക് വളക്കൂറുള്ള ഇന്ത്യയിലെ പ്രശസ്തനായ ഈ ആത്മീയ ഗുരു സ്വയം സദ്ഗുരു എന്ന് വിളിക്കുമ്പോഴും പറയുന്നത് താനൊരു ജ്ഞാനമില്ലാത്ത ഗുരുവാണെന്നാണ്. ജഗദീഷ് വാസുദേവ് എന്ന ജഗ്ഗി വാസുദേവ്, സദ്ഗുരു എന്ന ഗ്ലോബൽ ആത്മീയ ഗുരുവായതും ഇത്തരത്തിൽ വൈരുധ്യങ്ങളേറെയുള്ള കഥയാണ്. ’MAN, MYSTIC, MISSION’ ഇഷ ഫൗണ്ടേഷൻ വെബ്സൈറ്റിന്റെ ഹോം പേജിൽ ജഗ്ഗി വാസുദേവിന്റെ മൂന്ന് ചിത്രങ്ങൾക്കൊപ്പം എഴുതിയിരിക്കുന്ന വാക്കുകളാണിവ. സ്വയം മിസ്റ്റികായി അവരോധിക്കുന്ന ജഗ്ഗി വാസുദേവിന്റെ ആത്മീയ ജീവിതവും വ്യക്തി ജീവിതവും എല്ലാക്കാലത്തും ആരോപണങ്ങൾ നിറഞ്ഞതാണ്.
തന്റെ രണ്ട് പെൺമക്കളെ സദ്ഗുരുവിന്റെ ഇഷ ഫൗണ്ടേഷനിൽ തടഞ്ഞുവെച്ചിരിക്കുന്നു എന്നാരോപിച്ച് ഡോ.എസ് കാമരാജ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിലെ നടപടികൾ സുപ്രീം കോടതി റദ്ദാക്കിയത് 2024 ഒക്ടോബർ 18 നാണ്. ഹർജിയിൽ പറഞ്ഞ സ്ത്രീകൾ പിതാവിന്റെ ആരോപണം നിഷേധിക്കുകയും സ്വന്തം ഇഷ്ട പ്രകാരമാണ് ആശ്രമത്തിൽ താമസിക്കുന്നതെന്നും കോടതിക്ക് മൊഴി നൽകുകയും ചെയ്തു. തുടർന്ന് സ്ത്രീകൾ പ്രായപൂർത്തിയായവരും അവരുടെ സ്വന്തം ഇഷ്ടപ്രകാരം ആശ്രമത്തിൽ താമസിക്കുന്നവരുമാണെന്ന് കോടതി വ്യക്തമാക്കി. പെൺകുട്ടികളുടെ പിതാവ് നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി നേരത്തെ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഹർജിയുടെ അടിസ്ഥാനത്തിൽ മദ്രാസ് ഹൈക്കോടതി ഫൗണ്ടേഷനെതിരെ നടത്താൻ നിർദ്ദേശിച്ച അന്വേഷണവും സുപ്രീംകോടതി റദ്ദാക്കി. എന്നാൽ, ഈ ഉത്തരവ് ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് നടത്തുന്ന മറ്റ് അന്വേഷണങ്ങളെ ബാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഈ സംഭവത്തോടനുബന്ധിച്ച് ഇഷ ഫൗണ്ടേഷനെതിരെ തമിഴ്നാട് പൊലിസിന്റെ മറ്റൊരു റിപ്പോർട്ട് പുറത്തുവന്നു. ഇഷ ഫൗണ്ടേഷനിൽ പോയ പലരേയും കാണാതിയിട്ടുണ്ടെന്നും ഫൗണ്ടേഷന്റെ പരിസരത്ത് തന്നെ ഒരു ശ്മശാനമുണ്ടെന്നും തമിഴ്നാട് പൊലീസ് സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 2016 ലും തന്റെ മകനെ തടവിൽ പാർപ്പിക്കുന്നുവെന്നാരോപിച്ച് ഒരമ്മ ഇഷ ഫൗണ്ടേഷനെതിരെ പരാതിയുന്നയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. ഇഷ ഫൗണ്ടേഷനെതിരെയുള്ള ആരോപണങ്ങൾ സദ്ഗുരുവിന്റെ അനുയായികളെ ആശങ്കയിലാഴ്ത്തി. എന്നാൽ ഇഷക്കും ജഗ്ഗിക്കും ഇത്തരം ആരോപണങ്ങൾ പുതുമയല്ല.
1957ൽ ഇന്ത്യയിലെ മൈസൂരിൽ കുടിയേറി താമസിച്ചിരുന്ന ഒരു തെലുങ്ക് കുടുംബത്തിൽ ജനിച്ച ജഗദീഷ് വാസുദേവ് നാല് മക്കളിൽ ഏറ്റവും ഇളയവനായിരുന്നു. അച്ഛൻ ഇന്ത്യൻ റെയിൽവേയിലെ നേത്രരോഗ വിദഗ്ധനായിരുന്നു.13 -ാം വയസുമുതൽ യോഗ അഭ്യസിക്കാൻ തുടങ്ങിയ ജഗദീഷ് സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മൈസൂർ സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. പഠനത്തിന് ശേഷം കോഴിക്കച്ചവടം തുടങ്ങിയെങ്കിലും ഇരുപത്തഞ്ചാം വയസിൽ ചാമുണ്ഡി മലമുകളിൽ ധ്യാനിച്ചുകൊണ്ടിരിക്കെ ആത്മീയ അനുഭവമുണ്ടായെന്നും വ്യത്യസ്തതരത്തിലുള്ള പരമാനന്ദം താനനുഭവിച്ചുവെന്നും അത് വിവരണാതീതം ആയിരുന്നുവെന്നുമൊക്കെയാണ് വാസുദേവ് നൽകുന്ന വിശദീകരണം. അതിനെ തുടർന്നാണ് 1992 ൽ ഇഷ ഫൗണ്ടേഷൻ സ്ഥാപിക്കുന്നത്. വാസുദേവിന്റെ യോഗ ശൈലി ഗുരുവായ ഋഷി പ്രഭാകറിൽ നിന്ന് കടംകൊണ്ടതാണെന്നും ആരോപണമുണ്ട്. 1997-ൽ വാസുദേവിന്റെ ഭാര്യ വിജിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് വിജിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ വിജി മഹാസമാധിയിലായെന്നാണ് വാസുദേവ് പറയുന്നത്.
വനഭൂമി കയ്യേറി സ്ഥാപിച്ച ആത്മീയ സാമ്രാജ്യം
ഇഷ ഫൗണ്ടേഷനും ആശ്രമവും സ്ഥിതി ചെയ്യുന്ന സ്ഥലം ആനത്താര ആയിരുന്നുവെന്നും സംരക്ഷിത വനമേഖല കൈയ്യേറിയാണ് ജഗ്ഗി വാസുദേവ് ഇഷ എന്ന ആത്മീയ ആശ്രമം നിർമ്മച്ചതെന്നുമുള്ള ആരോപണങ്ങളും അത് സംബന്ധിച്ച വാർത്തകളും കേസുകളും നിരവധിയാണ്. എന്നാൽ കാലങ്ങളായി ഇത് നിഷേധിക്കുകയാണ് വാസുദേവ്. ഇഷയുടെ വെബ്സൈറ്റിലും ഈ ആരോപണങ്ങൾ തെറ്റാണെന്ന വിശദീകരണം നൽകിയിട്ടുണ്ട്. ജഗ്ഗിവാസുദേവും തെലുങ്ക് യുവ നടൻ വിജയ് ദേവരകൊണ്ടയും തമ്മിലുള്ള അഭിമുഖത്തിനിടയിൽ ആരോപണങ്ങളെക്കുറിച്ച് വിജയ് ദേവരകൊണ്ട ചോദിക്കുമ്പോൾ ഒരിഞ്ച് ഭൂമി കയ്യേറിയിട്ടുണ്ടെങ്കിൽ രാജ്യം വിട്ട് പോകാൻ താൻ തയ്യാറാണെന്ന് വാസുദേവ് പറയുന്നുണ്ട്.
കോയമ്പത്തൂർ ജില്ലയുടെ പശ്ചിമഘട്ട അതിരിലുള്ള വെള്ളയങ്കിരി മലനിരകളുടെ താഴ്‌വരയിലാണ് ഇഷ ഫൗണ്ടേഷൻ്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്. 150 ഏക്കർ വിസ്തൃതിയുള്ള ആസ്ഥാനത്ത് ഇഷ ആശ്രമം ഉൾപ്പെടെ എഴുപത്തേഴോളം കെട്ടിടങ്ങളുണ്ട്. നീലഗിരി ബയോസ്ഫിയർ റിസർവിലെ ആനകളുടെ ആവാസ കേന്ദ്രമായ ബോലാമ്പട്ടി റിസർവ് ഫോറസ്റ്റിനും തനികണ്ടി-മരുതമലൈ ആനത്താരയ്ക്കും അടുത്താണ് ഇഷ ആശ്രമം. അതിനാൽ തന്നെ ഈ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നത് 1990-ൽ രൂപീകരിച്ച ഹിൽ ഏരിയ കൺസർവേഷൻ അതോറിറ്റി (HACA) ആണ്. തമിഴ്‌നാട്ടിലെ വനനിബിഡമായ മലമേഖലയിലെ വന്യജീവികളെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനായി രൂപീകരിച്ചതാണ് അതോറിറ്റിയാണ് HACA. ഗ്രാമപഞ്ചായത്തിൻ്റെ അനുമതിയോടെ 1994 നും 2008 നും ഇടയിലായി ബോലുവാംപട്ടി ഗ്രാമത്തിൽ 32,856 ചതുരശ്ര അടി വിസ്തീർണത്തിൽ ഇഷ ഫൗണ്ടേഷൻ നിരവധി കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്. എന്നാൽ HACA യിൽ നിന്ന് എൻ.ഒ.സി വാങ്ങാതെയാണ് നിർമ്മാണം നടത്തിയത്. 2003 ലെ സർക്കാർ ഉത്തരവ് പ്രകാരം 300 സ്ക്വയർ മീറ്ററിലധികം വിസ്തീർണ്ണമുള്ള ഭൂമിയിൽ വ്യവസായിക കെട്ടിടങ്ങളോ, ഓഫീസ് കെട്ടിടങ്ങളോ നിർമ്മിക്കുന്നതിന് HACA യുടെ അനുമതി നിർബന്ധമാണ്. 32,855 സ്ക്വയർ മീറ്ററിൽ നിർമ്മാണം നടത്താൻ പഞ്ചായത്ത് അനുമതി ലഭിച്ചുവെന്നാണ് കാലങ്ങളായി ഇഷയും വാസുദേവും ആവർത്തിക്കുന്നത്.
2011 ജൂലൈയിലെ വനംവകുപ്പ് രേഖ പ്രകാരം 63,380 ചതുരശ്ര മീറ്ററിൽ നിർമ്മാണം കഴിഞ്ഞ കെട്ടിടങ്ങൾക്കും 28582.52 ചതുരശ്ര മീറ്ററിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാനും അനുമതി നൽകണമെന്ന് ഇഷ HACA യോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2012 ഫെബ്രുവരിയിൽ കോയമ്പത്തൂർ ഫോറസ്റ്റ് ഓഫീസറായിരുന്ന വി തിരുനാവുക്കരശു ഇഷ ആശ്രമം സന്ദർശിച്ചപ്പോൾ പുതുതതായി അനുമതി ചോദിച്ച 28,582.52 ചതുരശ്ര മീറ്റർ പ്ലോട്ടിൽ ഇഷ അനധികൃതമായി നിരവധി കെട്ടിടങ്ങൾ നിർമ്മിച്ചതായി കണ്ടെത്തി. 2012 ൽ എം.എസ് പ്രതിപൻ എന്ന ഫോറസ്റ്റ് റേഞ്ചറും ഇഷ സന്ദർശിച്ചിരുന്നു. രണ്ട് ഉദ്യാഗസ്ഥരും ഇഷയുടെ അനധികൃത കെട്ടിടങ്ങളും മതിലുകളും വൈദ്യുത വേലികളും ആനകളെ ബുദ്ധിമുട്ടിലാക്കുന്നുവെന്നും ആനകൾ ജനവാസ മേഖലയിലേക്ക് പോകുന്നതിനും മനുഷ്യ വന്യജീവി സംഘർഷത്തിനും കാരണമായെന്നും വ്യക്തമാക്കിയതിന്റെ രേഖകൾ ന്യൂസ് ലോണ്ടറി വെബ് പോർട്ടൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മതപരമായ ഉപയോഗത്തിനായി ഇഷ 33 ബിൽഡിങ്ങുകൾ നിർമ്മിച്ചിട്ടുണ്ട്. തമിഴ്‌നാട് സർക്കാരിന്റെ പ്ലാനിങ് നിയമങ്ങൾ പ്രകാരം പൊതു കെട്ടിടങ്ങളായി കണക്കാക്കപ്പെടുന്ന ഇത്തരം നിർമ്മിതികൾക്ക് ജില്ലാ കളക്ടറുടെയും ടൗൺ ആന്റ് കൺട്രി പ്ലാനിങ്ങ് ഡെപ്യൂട്ടി ഡയറക്ടറുടെയും അനുമതി ആവശ്യമാണ്. 2011 ലാണ് ഇഷ പ്ലാനിങ് ഡിപ്പാർട്ട്മെന്റിന്റെ അനുമതി തേടുന്നത്. അനുമതി നേടാതെ നിർമ്മിച്ച കെട്ടിടങ്ങൾ കൂടാതെ പുതിയ 27 കെട്ടിടങ്ങൾക്കുള്ള അനുമതിയും ഇഷ ആവശ്യപ്പെട്ടിരുന്നു. അപേക്ഷ പൂർണ്ണമല്ലെന്നും 2012 ഫെബ്രുവരിക്കുള്ളിൽ പുതിയ അപേക്ഷ സമർപ്പിക്കാനും ഇഷയോട് ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടു. എന്നാൽ ഏഴ് മാസം കഴിഞ്ഞാണ് ഇഷ പുതിയ അപേക്ഷ സമർപ്പിച്ചത്. 2012 ൽ പ്ലാനിങ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിച്ചപ്പോൾ അനുമതി ഇല്ലാതെ തന്നെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം നടക്കുന്നതായി കണ്ടെത്തുകയും എല്ലാത്തരം നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ആവശ്യപ്പെട്ട് 2012 നവംബറിൽ നോട്ടീസ് നൽകുകയും ചെയ്തു. എന്നാൽ അത് ഗൗനിക്കാതിരുന്ന ഇഷ ഫൗണ്ടേഷനോട് ഒരു മാസത്തിനുള്ളിൽ എല്ലാ അനധികൃത നിർമ്മാണങ്ങളും പൊളിച്ചുകളയണമെന്ന് ആവശ്യപ്പെട്ട് പ്ലാനിങ് ഡിപ്പാർട്ട്മെന്റ് 2012 ഡിസംബറിൽ വീണ്ടും നോട്ടീസ് അയച്ചു.
അനധികൃത നിർമ്മാണങ്ങളും ആശ്രമത്തിലേക്കുള്ള ഭക്തരുടെ തിരക്കും മനുഷ്യ-വന്യജീവി സംഘർഷം വർദ്ധിക്കുന്നതിന് കാരണമായതായി കോയമ്പത്തൂർ ഫോറസ്റ്റ് ഓഫീസർ 2012ൽ വ്യക്തമാക്കി. ചൂട് കൂടുതലുള്ള മാർച്ച്-ഏപ്രിൽ മാസങ്ങളിൽ മഹാശിവരാത്രി ആഘോഷത്തിനുവേണ്ടി ഏകദേശം രണ്ട് ലക്ഷം ആളുകൾ എത്തുന്നതും വെളിച്ചം കൂടിയ ലൈറ്റുകളും ഉയർന്ന ഡെസിബൽ ഓഡിയോയും ആശ്രമത്തിൽ സ്ഥാപിച്ചതും സ്ഥിതി കൂടുതൽ വഷളാക്കിയതായും കോയമ്പത്തൂർ ഫോറസ്റ്റ് ഓഫീസർ പറയുന്നതായി രേഖകളിലുണ്ട്.
എന്നാൽ 2020 ജൂണിൽ ദേശീയ ഹരിത ട്രൈബ്യൂണലിന് സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് നൽകുന്ന വിശദീകരണം, ആനകളുടെ ആവാസ കേന്ദ്രമായ റിസർവ് വനത്തോട് ചേർന്നാണ് ഇഷ ആശ്രമമെങ്കിലും അത് ആനത്താരയല്ലെന്നും വർഷത്തിലൊരിക്കൽ മാത്രം ആനകൾ ഇഷാ ആശ്രമം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപത്ത് കൂടി കടന്നുപോയിരുന്നുവെന്നുമാണ്. ഇഷ ആശ്രമവും അനധികൃത നിർമ്മാണങ്ങളും മഹാശിവരാത്രി ആഘോഷവുമൊക്കെ മനുഷ്യ വന്യജീവി സംഘർഷങ്ങൾക്ക് കാരണമായി എന്ന് പറഞ്ഞ അതേ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ഉന്നത സ്ഥാനത്ത് നിന്നുമുണ്ടായ ഈ അഭിപ്രായം ഇഷക്ക് അനുകൂലമായി മാറി. 2017 ൽ ഇഷ HACA അംഗീകാരത്തിനായി അപേക്ഷിച്ചതിനെത്തുടർന്ന് പരിശോധനക്കായി രൂപീകരിച്ച കമ്മിറ്റി ഇഷയുടെ നിർമ്മാണങ്ങൾ വന്യജീവികൾക്കും പരിസ്ഥിതിക്കും ദോഷകരമാണെന്ന് കണ്ടെത്തിയിരുന്നു. 2017ൽ പുറത്തുവന്ന കൺട്രോളർ ആന്റ് ഓഡിറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടും ആനത്താരയുൾപ്പെടുന്ന സംരക്ഷിത വനമേഖലയിൽ HACAയുടെ അനുമതിയില്ലാതെയാണ് 2012 മുതൽ കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത് എന്ന് പറയുന്നു. എന്നാൽ സിഎജി റിപ്പോർട്ടിന് മറുപടിയായി, 2017 മാർച്ച് 16 ന് എല്ലാ നിർമ്മിതിക്കൾക്കും അനുമതി കിട്ടിയെന്നാണ് ഇഷയുടെ വാദം.
കോയമ്പത്തൂർ ജില്ലയിലെ ഇരുള ആദിവാസി വിഭാഗത്തിൽപ്പെട്ട മുത്തമ്മ താനുൾപ്പടെയുള്ള ആദിവാസി വിഭാഗത്തിന്റ 44 ഏക്കർ ഭൂമി ഇഷ ഫൗണ്ടേഷൻ കയ്യടക്കി വെച്ചതിനെതിരെ കാലങ്ങളായി സമരത്തിലാണ്. ഭൂദാൻ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രദേശത്തെ ആദിവാസികൾക്ക് ലഭിച്ച 44 ഏക്കറിനായി മുത്തമ്മ, All India Democratic Women’s Association (AIDWA), ദലിത് സംഘടനകൾ, സി.പി.ഐ (എം), പരിസ്ഥിതി പ്രവർത്തകർ എന്നിവർ ചേർന്ന് സമരം നടത്തിയപ്പോൾ ഭൂമി ആരും കൈയ്യേറ്റം ചെയ്യാതെയിരിക്കാൻ ഇഷ ഫൗണ്ടേഷൻ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങുകയായിരുന്നു. എന്നാൽ ആശ്രമത്തിനെതിരെ സമരം ആരംഭിച്ച മുത്തമ്മക്ക് നഷ്ടമായത് സ്വന്തം കുടുംബത്തെയാണ്. മുത്തമ്മയും ഭർത്താവും മക്കളും മുമ്പ് ഇഷ ആശ്രമത്തിൽ ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്നു. എൻജിഒ സംഘങ്ങൾ വഴി മറ്റൊരു ജോലി ലഭിച്ചപ്പോൾ ആശ്രമത്തിലെ ജോലി മുത്തമ്മ ഉപേക്ഷിച്ചു. പിന്നീടാണ് ആദിവാസി ഭൂമി കയ്യേറിയ കാര്യം തിരിച്ചറിഞ്ഞ മുത്തമ്മ ഇഷ ഫൗണ്ടേഷനെതിരെ രംഗത്ത് വരുന്നത്. എന്നാൽ മുത്തമ്മ ഇഷ ആശ്രമത്തിനെതിരെ സമരം നടത്തിയത് ആശ്രമ ജോലിയിൽ ഏർപ്പെട്ടിരുന്ന കുടുംബാംഗങ്ങളിൽ ഭയമുണ്ടാക്കുകയും അവർ മുത്തമ്മയെ ഉപേക്ഷിക്കുകയും ചെയ്തു. മുത്തമ്മയും ഇരുന്നൂറോളം ആദിവാസി കുടുംബങ്ങളും വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകി 44 ഏക്കർ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് നേടിയെടുത്തു. തുടർന്ന് തങ്ങൾക്ക് ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തെ സമീപിച്ചു. ബോലുവാംപെട്ടിയിലെ തണ്ണീർത്തടങ്ങളിൽ ആശ്രമം അനധികൃതമായി കെട്ടിടങ്ങൾ നിർമ്മിച്ചെന്നാരോപിച്ച് Vellingiri Hill Tribal Protection Society മദ്രാസ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയിരുന്നു. കാലങ്ങളായി ഇത്തരം ആരോപണങ്ങളും ആദിവാസി സമൂഹത്തിൻ്റേത് ഉൾപ്പടെയുള്ള പ്രതിഷേധങ്ങളും നിലനിൽക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇഷ ഫൗണ്ടേഷന്റെ ക്യാമ്പസിനുള്ളിൽ നിർമ്മിച്ച 112 അടി ഉയരത്തിലുള്ള ശിവ പ്രതിമ ഉദ്ഘാടനം ചെയ്യാനെത്തിയത്.
2017 ഫെബ്രുവരി 17ന് Vellingiri Hill Tribal Protection Society യും മുത്തമ്മാളും ചേർന്ന് ശിവ പ്രതിമ സ്ഥാപിച്ചത് ഡിപ്പാർട്ട്മെന്റ് അനുമതി വാങ്ങാതെയാണ് നിർമ്മിച്ചതെന്നും പ്രതിമ നീക്കം ചെയ്ത് പ്രദേശത്തെ തണ്ണീർത്തടങ്ങൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. അനുമതി നേടിയിട്ടില്ലെന്ന ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് ഡെപ്യൂട്ടി ഡയറക്ടർ ആർ സെൽവരാജിന്റെ മറുപടി എത്തുമ്പോഴേക്കും 2017 ഫെബ്രുവരിയിൽ 24 ന് നരേന്ദ്ര മോദി പ്രതിമ അനാവരണം ചെയ്തു കഴിഞ്ഞു. പ്രധാനമന്ത്രി വന്ന ദിവസം മുത്തമ്മയെ പുറത്ത് പോകാൻ അനുവദിക്കാതെ പൊലീസ് വീട്ട് തടങ്കലിൽ വെച്ചു. നരേന്ദ്ര മോദി ശിവ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനെതിരെ കോയമ്പത്തൂരിൽ പ്രകടനം നടത്താൻ ശ്രമിച്ച 500 ഓളം പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. കർഷകരുടെയും ഗോത്രവർഗക്കാരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ മോദി പരാജയപ്പെട്ടുവെന്ന് പ്രതിഷേധക്കാർ മോദിക്കെതിരെ മുദ്രാവാക്യം മുഴക്കി. ഇഷ ഫൗണ്ടേഷൻ നടത്തിയ പരിസ്ഥിതി ലംഘനങ്ങളിൽ പ്രതിഷേധിച്ചാണ് പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധക്കാർ സംഘടിച്ചത്. തന്റെ അനുയായികളുടെ ചോദ്യങ്ങൾക്കെല്ലാം ചിരിച്ചു കൊണ്ട് മറുപടി നൽകാറുള്ള ജഗ്ഗി ബിബിസി തമിഴ് ചാനലിലെ അഭിമുഖത്തിനിടയിൽ വനഭൂമി കയ്യേറ്റവും അനധികൃത നിർമ്മാണങ്ങളും സംബന്ധിച്ച് ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ക്ഷുഭിതനായി വീഡിയോ ഓഫ് ചെയ്യാൻ ആവശ്യപ്പെടുകയാണുണ്ടായത്.
ജഗ്ഗിയുടെ പരിസ്ഥിതി സ്നേഹ ‘പ്രകടനങ്ങൾ’
തെലുങ്ക് യുവനടൻ വിജയ് ദേവരകൊണ്ടയുമായുള്ള അഭിമുഖത്തിനിടയിൽ യുഎൻ ഇക്കളോജിക്കൽ ചാംപ്യൻ ഓഫ് ദി വേൾഡ് എന്ന പദവി നൽകി ആദരിച്ചെന്നും രാജ്യത്തെ പരമോന്നത പരിസ്ഥിതി അവാർഡ് ആയ ഇന്ദിരാ ഗാന്ധി പരിയാവരണ പുരസ്കാർ ലഭിച്ചിട്ടുണ്ടെന്നും അഭിമാനത്തോടെ വാസുദേവ് പറയുന്നുണ്ട്. പ്ലാനറ്റ് കോൺഷ്യസ് എന്നൊരു സെക്ഷൻ തന്നെയുണ്ട് ഇഷ ഫൗണ്ടേഷന്റെ വെബ്സൈറ്റിൽ. സേവ് സോയിൽ, റാലി ഫോർ റിവേഴ്സ്, കാവേരി കാളിംഗ് എന്നീ പദ്ധതികളാണ് പരിസ്ഥിതി സംരക്ഷണത്തിനായി നടത്തുന്നത്.
നദികളുടെ ശോചനീയാവസ്ഥയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി വാസുദേവ് നയിച്ച, 2017 സെപ്തംബർ 3ന് ആരംഭിച്ച് ഒക്ടോബർ 2 ന് അവസാനിച്ച റാലി ഫോർ റിവേഴ്‌സ് (RFR) യാത്ര ഇന്ത്യയുടെ തെക്കേ അറ്റം മുതൽ ഹിമാലയം വരെ 16 സംസ്ഥാനങ്ങളിലൂടെ 9,300 കിലോമീറ്ററിലധികം സഞ്ചരിച്ചുവെന്നും 146 പരിപാടികളും 700-ലധികം മാധ്യമ ഇടപെടലുകളും നടത്തിയെന്നും 162 ദശലക്ഷം ആളുകൾ 30 ദിവസത്തിനുള്ളിൽ പിന്തുണ നൽകിയതായും ഇഷ ഫൗണ്ടേഷൻ വെബ്സൈറ്റിൽ പറയുന്നുണ്ട്. 80009 80009 എന്ന ടോൾ ഫീ നമ്പറിൽ മിസ്‌ഡ് കോളുകൾ നൽകി പിന്തുണ നൽകാനുള്ള ക്യാമ്പയിനും പദ്ധതിയുടെ ഭാഗമായി ഉണ്ടായിരുന്നു. സെലിബ്രിറ്റികളുൾപ്പടെയുള്ളവരുടെ വൻ പിന്തുണ പദ്ധതിക്ക് ലഭിച്ചു. ഇന്ത്യയിലെ നദികളെ പുനരുജ്ജീവിപ്പിക്കാനുള്ള ഏക മാർഗം നദീതീരങ്ങളിൽ ഒരു കിലോമീറ്റർ വീതിയിൽ മരങ്ങൾ വെച്ചുപിടിപ്പിക്കുക എന്നതാണ് ജഗ്ഗിയുടെ തിയറി. നദീതീരങ്ങളിലെ കൃഷിയിടങ്ങളിൽ പഴവർഗങ്ങളിൽപ്പെട്ട മരങ്ങളും സർക്കാർ ഭൂമിയിൽ വനവൃക്ഷങ്ങളും നടുക. മരങ്ങൾ മഴയുടെ അളവ് വർധിപ്പിക്കുകയും മണ്ണൊലിപ്പ് തടയുകയും ഭൂഗർഭ ജലം വർധിപ്പിക്കുകയും ചെയ്യുന്നത് വഴി നദി സംരക്ഷിക്കാൻ സാധിക്കുമെന്നാണ് വിശദീകരണം. എന്നാൽ നദീ മലിനീകരണത്തിന്റെ യഥാർത്ഥ കാരണങ്ങളെ ഈ പരിഹാരം അഭിസംബോധന ചെയ്യുന്നില്ല എന്ന് പരിസ്ഥിതി ശാസ്ത്രജ്ഞർ വിമർശനം ഉന്നയിച്ചു. വൃക്ഷത്തൈകൾ നടുന്നത് ചിലപ്പോൾ ഗുണത്തക്കാളേറെ ദോഷം ചെയ്യുമെന്നും ഇന്ത്യൻ നദികളുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണമായ സങ്കീർണ്ണമായ പ്രശ്നങ്ങളെ വളരെ ലളിതമായി കൈകാര്യം ചെയ്യാനാണ് ഇഷ ഫൗണ്ടേഷൻ ശ്രമിക്കുന്നതെന്നും വനനശീകരണം, മലിനീകരണം, മണൽ ഖനനം, ജലം വഴിതിരിച്ചുവിടൽ പോലെയുള്ള പ്രശ്നങ്ങളെ അഡ്രസ് ചെയ്യുന്നില്ലെന്നും പരിസ്ഥിതി ശാസ്ത്രഞ്‍ജർ ആരോപിക്കുന്നു. ഈ റാലിക്കായി, വാസുദേവ് Mercedes AMG G63 SUV, ഒപ്പമുള്ളവർ 20 Mahinda XUV500 എന്നീ ആഢംബര വാഹനങ്ങളിലാണ് സഞ്ചരിച്ചത്. ഏകദേശം 26,194 കിലോഗ്രാം കാർബൺ ഡൈ ഓക്സൈഡ് എങ്കിലും പുറത്ത് വിടുന്ന ഈ റാലി മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം നികത്താൻ എട്ട് ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കേണ്ടിവരുമെന്ന് ദി ക്വിൻ്റ് റിപ്പോർട്ട് ചെയ്യുന്നു. ഈ വൈരുധ്യം റാലി ഫോർ റിവേഴ്സിന്റെ സ്പോൺസർമാരിലും കാണാം – പ്രകൃതി ചൂഷണത്തിന് പേര് കേട്ട അദാനി ഗ്രൂപ്പും, ഓയിൽ ആന്റ് നാച്വറൽ ഗ്യാസ് കോർപ്പറേഷനും, മഹീന്ദ്ര ഗ്രൂപ്പും. പ്രശസ്ത ഹോളിവുഡ് നടൻ ലിയനാർഡോ ഡികാപ്രിയോ പദ്ധതിക്ക് പിന്തുണയുമായി രംഗത്തെത്തിയപ്പോൾ Coalition for Environmental Justice in India യുടെ നേതൃത്വത്തിൽ 90-ലധികം പരിസ്ഥിതി സംഘടനകൾ ലിയനാർഡോ ഡികാപ്രിയോയ്ക്ക് പദ്ധതിയുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നൽകി.
2022 മാർച്ചിൽ ഇന്ത്യ വിട്ട് ‘ഗ്ലോബൽ പ്രകൃതി സ്നേഹ’ത്തിനിറങ്ങിയ വാസുദേവ് നദി വിട്ട് മണ്ണായിരുന്നു ഏറ്റുപിടിച്ചത്. ജഗ്ഗിയുടെ ആത്മീയ ഗുരു പദവിക്ക് ആഗോള പിന്തുണ കിട്ടാൻ ‘സേവ് സോയിൽ’ എന്ന പുതിയ ക്യാമ്പയിൻ കാരണമായി എന്ന് പറയാം. ലണ്ടനിൽ നിന്ന് പുറപ്പെട്ട് 100 ദിവസം കൊണ്ട് 24 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റർ താണ്ടി കോയമ്പത്തൂരിലെത്തുന്ന BMW K1600 GT സ്പോർട്ട്സ് ബൈക്ക് യാത്രയായിരുന്നു ക്യാമ്പയിൻ. 2022 ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ നഗരങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ‘വിസ്ഡം പാനലിൽ’ പങ്കെടുക്കാനായി ഇടക്ക് ബൈക്ക് യാത്രയിൽ നിന്ന് ഇടവേളയെടുത്തു. ദാവോസിലെ വിസ്ഡം പാനലിൽ വെച്ച് 65 ദിവസമായ ‘സേവ് സോയിൽ’ യാത്രയിൽ 467 ഇവൻ്റുകളിൽ പങ്കെടുത്തുവെന്നും കഴിഞ്ഞ 65 ദിവസത്തിനുള്ളിൽ 2.1 ബില്യൺ ആളുകൾ മണ്ണിനെ അഡ്രസ് ചെയ്തുവെന്ന് സോഷ്യൽ മീഡിയ മെട്രിക്സ് കാണിക്കുന്നുവെന്നും അവകാശപ്പെടുന്ന വാസുദേവിന് കൈയ്യടി ലഭിക്കുന്നുണ്ട്. എന്നാൽ കർഷകരെയോ, പ്രാദേശിക-തദ്ദേശീയ സമൂഹങ്ങളെയോ ഉൾക്കൊള്ളാത്തതായിരുന്നു വാസുദേവിന്റെ മണ്ണ് സംരക്ഷണ യജ്ഞം എന്നതാണ് മറ്റൊരു വിരോധാഭാസം. സേവ് സോയിൽ വീഡിയോ കണ്ടത് 5.6 മില്യൺ പേരാണ്. ബൈക്ക് യാത്ര ആരംഭിക്കുന്നതിൻ്റെ തലേദിവസം ലണ്ടനിൽ നടന്ന ഒരു പ്രഭാഷണത്തിൽ, ഈ പ്രചാരണം ഒരു ‘പ്രതിഷേധമല്ല’ എന്നും മണ്ണിന്റെ പേരിൽ കോർപ്പറേറ്റുകളെയോ വ്യക്തികളെയോ കുറ്റപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു വാസുദേവ് പറഞ്ഞത്.
2022 ൽ കൈലാസ മാനസരോവർ ദർശനത്തിനായി ലിമി ലാപ്ച വഴി (നേപ്പാൾ) ഇഷ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ1000 ത്തിലധികം പേരെത്തുമെന്നറിഞ്ഞ് അത് പ്രാദേശിക പരിസ്ഥിതിക്കുണ്ടാകാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഇഷ ഫൗണ്ടേഷന് മെയിൽ അയച്ചെങ്കിലും മറുപടി നൽകിയില്ല എന്ന് ജീവശാസ്ത്രജ്ഞനും Himalayan Wolves Project ഡയറക്ടറുമായ നരേഷ് കുസി ചൂണ്ടിക്കാട്ടുന്നു. ലിമി ലാപ്ചയുടെ പരിസ്ഥിതിയേയും ജീവജാലങ്ങയേയും പരിഗണിക്കുന്നതിനും പാരിസ്ഥിതിക ആഘാതങ്ങൾ കുറയ്ക്കുന്നതിനുമുള്ള നിർദ്ദേശങ്ങളുമായിരുന്നു മെയിലിന്റെ ഉള്ളടക്കം. ഭാവിയിൽ ഇവിടേക്കുള്ള യാത്രയിൽ വരുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും അങ്ങനെ ചെയ്യുന്നത് ആ ഭൂമിയോടും അതിൻ്റെ ജീവിതരീതികളോടും ഉള്ള ശരിയായ ബഹുമാനമാണ് അർത്ഥമാക്കുന്നതെന്നും മെയിലിൽ വ്യക്തമാക്കിയിട്ടും ഇഷ ഫൗണ്ടേഷൻ മറുപടി നൽകാതെ ഇരുന്നത് സങ്കടകരമെന്നാണ് നരേഷ് കുസി പറയുന്നത്. യാത്രക്കായി അഞ്ച് പേരെ വെച്ച് എത്തിക്കുന്നതിനായി 240 പ്രാവശ്യം ഹെലികോപ്റ്റർ ഉപയോഗിച്ചതുകൊണ്ട് മാത്രം 15 ടൺ കാർബൺ പുറന്തള്ളിയിട്ടുണ്ടെന്നും കുസി പറയുന്നു. യാത്രക്കായി എത്തിയ ഓരോ വ്യക്തിയിൽ നിന്നും ഇഷ ഫൗണ്ടേഷൻ നാല് ലക്ഷം എന്ന നിരക്കിൽ 1,175 യാത്രികരിൽ നിന്ന് 470,000,000 ഓളം രൂപ 2022 ൽ കൈപറ്റിയിട്ടുണ്ടെന്നും എന്നാൽ ഇതിന്റെ 0.3 ശതമാനം മാത്രമാണ് ലിമി ലാപ്ചയുടെ പ്രാദേശിക സമ്പത്ത് വ്യവസ്ഥയിലേക്ക് എത്തപ്പെട്ടതെന്നും നരേഷ് കുസി ചൂണ്ടിക്കാട്ടുന്നു.
തൂത്തുക്കുടിയിലെ വേദാന്ത സ്റ്റെർലൈറ്റ് പ്ലാന്റിന്റെ മലിനീകരണത്തിനെതിരെ നടന്ന സമരത്തിന് നേരെയുണ്ടായ പൊലീസ് വെടിവയ്പിൽ 14 പേർ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ചുള്ള പ്രകൃതി സ്നേഹിയായ സദ്ഗുരുവിന്റെ ട്വീറ്റ് ഇങ്ങനെയാണ്: “ഞാൻ ചെമ്പ് ഉരുക്കുന്നതിൽ വിദഗ്ദ്ധനല്ല, പക്ഷേ ഇന്ത്യയ്ക്ക് ചെമ്പിന് വളരെയധികം ഉപയോഗമുണ്ടെന്ന് എനിക്കറിയാം. നമ്മൾ സ്വന്തമായി ഉൽപാദിപ്പിക്കുന്നില്ലെങ്കിൽ, തീർച്ചയായും ചൈനയിൽ നിന്ന് വാങ്ങണം. പാരിസ്ഥിതിക ലംഘനങ്ങളെ നിയമപരമായി നേരിടാം. വൻകിട ബിസിനസുകാരെ സംഘടിതമായി ഇല്ലാതാക്കുന്നത് സാമ്പത്തിക ആത്മഹത്യയാണ്.”
ലോകത്ത് ഏറ്റവും കൂടുതൽ പ്രകൃതി ചൂഷണം നടത്തുന്ന വൻകിട കോർപ്പറേറ്റുകളെ പിണക്കാൻ തയ്യാറല്ലാത്ത ആത്മീയ ഗുരവിന്റെ പ്രകൃതി സംരക്ഷണ ക്യാമ്പയിനുകളെല്ലാം ശാസ്ത്രീയ അടിത്തറയില്ലാത്തതും വിദഗ്ധ അഭിപ്രായങ്ങളെ മാനിക്കാത്തതും വെറും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുന്നതിനുമുള്ള പരിസ്ഥിതി സ്നേഹമാണെന്ന് ചുരുക്കം.
ആത്മീയതയിൽ ഒളിച്ചുകടത്തുന്ന ഹിന്ദുത്വ രാഷ്ട്രീയം
ഭരണഘടനയിലെ മൗലിക കർത്തവ്യങ്ങൾ-ആർട്ടിക്കിൾ 51എ(h) പ്രകാരം(to develop the scientific temper, humanism and the spirit of inquiry and reform) ശാസ്ത്ര അവബോധം പ്രോൽസാഹിപ്പിക്കേണ്ടതാണ്. ഇന്ത്യയിലെ ഭൂരിപക്ഷം ആത്മീയ ഗുരുക്കളും പ്രചരിപ്പിക്കുന്നത് അന്ധവിശ്വാസങ്ങളാണെന്നിരിക്കെ കാലങ്ങളായി രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികളൊന്നും തന്നെ ബാബാമാരെയോ അവർ ഉയർത്തുന്ന അന്ധവിശ്വാസങ്ങളെയോ ശക്തമായി എതിർക്കാറില്ല. ആത്മീയ ഗുരുക്കളുടെ ഭക്തരുടെ വോട്ടിനാണ് എല്ലാവരും പ്രാമുഖ്യം നൽകിയത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വ്യക്താക്കളായ ബി.ജെ.പി 1990-കളിൽ അധികാരത്തിലെത്തിയത് ശ്രീ ശ്രീ രവി ശങ്കർ, സദ്ഗുരു, ബാബാ രാം ദേവ് പോലെയുള്ള ആത്മീയ ഗുരുക്കളുടെ വളർച്ചക്ക് കാരണമായി. 2014-ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിലെത്തിയത് ഇന്ത്യയിലെ ആൾ ദൈവങ്ങളുടെയും ആത്മീയ ഗുരുക്കളുടെയും സ്വാധീനം വർധിക്കുന്നതിന് കാരണമായി. ഭക്തനായ ഹിന്ദുവായി തന്നെ അവതരിപ്പിക്കുന്ന മോദി ഇത്തരം ആത്മീയ ഗുരുക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആൻഡ് കോൺഫ്ലിക്റ്റ് സ്റ്റഡീസിലെ ഗവേഷകനായ അംഗ്ഷുമാൻ ചൗധരിയുടെ Why Hindutva Nationalists Need a Sadhguru എന്ന ലേഖനത്തിൽ സദ്ഗുരുവിനെ “ഇന്ത്യയുടെ ഹൈപ്പർനാഷണലിസ്റ്റ് ബിജെപി അനുകൂല സംഘത്തിൻ്റെ അനുഗ്രഹം” എന്നാണ് വിശേഷിപ്പിക്കുന്നത്. തനിക്ക് രാഷ്ട്രീയമേ ഇല്ലെന്ന് ആവർത്തിക്കുന്ന ജഗ്ഗി വാസുദേവ് സമകാലിക രാഷ്ട്രീയ വിഷയങ്ങളിലെ അഭിപ്രായങ്ങളിലെല്ലാം ഹിന്ദുത്വ ദേശീയത ഒളിച്ചുകടത്തുന്നതായി കാണാം.
2019 ഡിസംബർ 11ന് പൗരത്വ നിയമ ഭേദഗതി പാസാക്കിയതിന് പിന്നാലെ രാജ്യത്തുടനീളമുണ്ടായ വൻ പ്രതിഷേധങ്ങളെ പ്രതിരോധിക്കാനും പൊതുസമ്മതിക്കുമായി ബി.ജെ.പി സമൂഹ മാധ്യമങ്ങളിലുൾപ്പടെ ക്യാമ്പയിനുകൾ നടത്തിയിരുന്നു. 2019 ഡിസംബർ 28 ന് സദ്ഗുരുവിന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ ജഗ്ഗി വാസുദേവിനോട് സിഎഎയെ കുറിച്ച് ഒരു യുവതി ചോദ്യം ഉന്നയിക്കുമ്പോൾ, “ഞാൻ നിയമം പൂർണ്ണമായി വായിച്ചിട്ടില്ല…” എന്ന് പറഞ്ഞ് തുടങ്ങുന്ന 21 മിനിറ്റ് ദൈർഘ്യമുള്ള മറുപടി അവസാനിക്കുന്നതാകട്ടെ “സർവ്വകലാശാലകളിലെ നിരക്ഷരരായ യുവാക്കൾ വന്യമായി പ്രവർത്തിച്ചു” എന്ന് പറഞ്ഞുകൊണ്ടാണ്. ഡിസംബർ 30 ന് സദ്ഗുരു ജഗ്ഗി വാസുദേവിൻ്റെ സിഎഎ സംബന്ധിച്ച വ്യക്തമായ ഈ വിശദീകരണം കേൾക്കൂ എന്ന ക്യാപ്ഷനോടെ #IndiaSupportsCAA campaign ഹാഷ്ടാഗ് നൽകി പ്രധാന മന്ത്രി ഈ വീഡിയോ പങ്കുവെച്ചു. അതേ ദിവസം തന്നെ ഇഷ ഫൗണ്ടേഷൻ സിഎഎ-എൻആർസിക്ക് എതിരെ നടക്കുന്ന പ്രതിഷേധങ്ങൾ ശരിയോ, തെറ്റോ എന്ന ചോദ്യമുന്നയിച്ചുകൊണ്ട് അഭിപ്രായ സർവെ നടത്തുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായും സദ്ഗുരുവിന്റെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. വസ്തുതാപരമായി നിരവധി തെറ്റുകളുള്ളതായിരുന്നു ജഗ്ഗിയുടെ സിഎഎ സംബന്ധിച്ച ഈ സംഭാഷണം. എന്ത് പ്രശ്‌നമുണ്ടായാലും പൊതുമുതൽ നശിപ്പിക്കാൻ ആർക്കും അവകാശമില്ലെന്നും, കത്തിക്കുന്ന ബസുകൾ സർക്കാരിൻ്റേതല്ലെന്നും നികുതിപ്പണം നൽകുന്നവരുടേതാണെന്നും അതിനാൽ പൊതുമുതൽ നശിപ്പിക്കുന്ന എല്ലാവരുടെയും സ്വത്തുക്കൾ കണ്ടുകെട്ടണമെന്നാണ് സിഎഎ പ്രതിഷേധത്തെക്കുറിച്ചുള്ള 2019 ലെ വാസുദേവിന്റെ ട്വീറ്റ്.
എന്നാൽ ‘പത്മാവത്’ എന്ന ഹിന്ദി ചിത്രത്തിനെതിരെ രാജ്പുത് കർണി സേന നടത്തിയ പ്രതിഷേധത്തെക്കുറിച്ച് 2018 ൽ നടി കങ്കണ റണാവത്ത് ചോദിക്കുമ്പോൾ, “മതത്തിന്റെയും ഭാഷയുടെയും പേരിൽ ഒന്നിച്ച് ചേർന്ന് പ്രതിഷേധിക്കുമ്പോൾ ശ്രദ്ധ കിട്ടാനാണ് ബസ് കത്തിക്കുന്നത്” എന്ന് വളരെ ചിരിയോടെ വിശദീകരിക്കുന്ന ആത്മീയ ഗുരുവിനെ കാണാം. പുൽവാമ ആക്രമണ കാലത്ത് ആർട്ടിക്കിൾ 370 പിൻവലിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടും വാസുദേവ് ട്വീറ്റ് ചെയ്തിരുന്നു. ഒരു നേതാവിൻ്റെയും രാഷ്ട്രീയ പാർട്ടിയുടെയും ആരാധകനല്ലെന്ന് എടുത്തുപറയുന്ന വാസുദേവ് പക്ഷേ മോദിയെ പ്രശംസിക്കുകയും, അധികാരത്തിലിരിക്കുന്ന സർക്കാർ ആയതിനാൽ താൻ ഇന്ത്യയുടെ ഭരണകക്ഷിയെ പിന്തുണയ്ക്കുന്നുവെന്ന് പറയുകയും ചെയ്യുന്നു. ഈ സ്നേഹം തിരിച്ചറിഞ്ഞ ബി.ജെ.പി സർക്കാർ 2017 ൽ രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷൺ നൽകി വാസുദേവിനെ ആദരിക്കുകയും ചെയ്തു.
2019 മാർച്ചിൽ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ‘Youth and Truth: Unplug with Sadhguru’ എന്ന ഇവന്റുമായി ബന്ധപ്പെട്ട് നടന്ന സ്വകാര്യ സംഭാഷണത്തിനിടയിൽ മുസ്ലീം വിദ്യാർത്ഥിയെ താലിബാനി എന്ന് വാസുദേവ് വിളിച്ചതായി മാധ്യമ റിപ്പോർട്ടുകളുണ്ട്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് സ്റ്റുഡന്റ്സ് യൂണിയൻ വാസുദേവിന്റെ പരാമർശം ഇസ്ലാമോഫോബിയ ആണെന്ന് വിമർശിക്കുകയും സംഭവത്തിന്റെ വീഡിയോ പുറത്തുവിടുകയും ചെയ്തു. തുടർന്ന് വാസുദേവ് നൽകിയ വിശദീകരണം സ്വകാര്യ വീഡിയോ എഡിറ്റ് ചെയ്ത് പുറത്ത് വിട്ടതാണെന്നും ‘താലിബാൻ’ എന്ന വാക്കിന്റെ അറബി ഭാഷയിലെ അർത്ഥം വിദ്യാർത്ഥിയെന്നാണെന്നും ഇന്ത്യയിൽ ‘താലിബാൻ’ എന്ന വാക്കിനെ അത്യുൽസാഹി (over-enthusiastic) എന്ന രീതിയിലാണ് ഉപയോഗിക്കുന്നതെന്ന് പറയുന്നു. എന്നാൽ വാസുദേവിന്റെ വിശദീകരണത്തെ നിരാകരിക്കുകയും ഇന്ത്യയിൽ ‘താലിബാൻ’ എന്നതിന് അത്യുൽസാഹിയെന്ന തരത്തിൽ ഉപയോഗിക്കുമെന്നതിനെ സാധൂകരിക്കുന്ന റിപ്പോർട്ടുകളൊന്നുമില്ലെന്നും യൂണിയൻ ആരോപിക്കുന്നു.
പ്രമുഖ മാധ്യമ പ്രവർത്തകയായ ബർക്ക ദത്ത് ബീഫ് നിരോധനം സംബന്ധിച്ച് ചോദിക്കുമ്പോൾ “പശുവിന്റെ പാൽ കുടിച്ചാൽ പിന്നെ പശു അമ്മക്ക് തുല്യമാണെന്നും അമ്മയെ കൊന്ന് തിന്നുന്നത് ഈ നാട്ടിലെ ആളുകൾക്ക് ദഹിക്കാത്ത കാര്യമാണെന്നും” പറയുന്നു വാസുദേവ്. സസ്യാഹാര വാദം പ്രോത്സാഹിപ്പിക്കുന്നതിനായി വാസുദേവ് പറയുന്നതെല്ലാം ശാസ്ത്രീയമല്ലാത്ത കാര്യങ്ങളാണ്. ജാതി, സസ്യാഹാര വാദം, ശബരിമല സ്ത്രീ പ്രവേശനം തടയൽ, ഗോസംരക്ഷണം എന്നിവയെല്ലാം മഹത്തായ നാഗരികതയുടെ അടയാളങ്ങളായി കാണുന്ന വരേണ്യ ഹിന്ദു പാരമ്പര്യങ്ങളിൽ വേരൂന്നിയ വാസുദേവിന്റെ ആത്മീയത എങ്ങനെയാണ് മുസ്ലീം വിരുദ്ധതയുടെ ആക്കം കൂട്ടുന്നതെന്ന് ‘How Jaggi Vasudev has helped strengthen fears about Muslims’ ലേഖനം ചൂണ്ടിക്കാട്ടുന്നു.
മാധ്യമങ്ങളും ജഗ്ഗി വാസുദേവും
ഇഷ ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് കൂടാതെ തന്നെ ഇഷ ഫൗണ്ടേഷന്റെ പേരിൽ 2.27 മില്യൺ സബ്സ്ക്രൈബേർസ് ഉള്ള ഔദ്യോഗിക യൂട്യൂബ് ചാനലിൽ യോഗയും മഹാശിവരാത്രി ആഘോഷങ്ങളും റാലി ഫോർ റിവറും ചാരിറ്റി പ്രവർത്തനങ്ങളും സംബന്ധിച്ച 1500 വീഡിയോകളുണ്ട്.
”ഇന്നർ എഞ്ചിനീയറിംഗ് വൈയക്തികമായ വളർച്ചയെ മാത്രം ലക്ഷ്യം വെച്ചുള്ള പ്രോഗ്രാം ആണ്. പുരാതന യോഗ ശാസ്ത്രങ്ങളിലൂന്നിക്കൊണ്ട്, അവനവനെ തന്നെ സൃഷ്ടിച്ചെടുക്കുക. യോഗിയും മിസ്റ്റിക്കുമായ സദ്ഗുരു രൂപ കല്പന ചെയ്ത ഈ പ്രോഗ്രാം, ജോലി സ്ഥലത്തും, വീട്ടിലും, സമൂഹത്തിലും, എല്ലാത്തിനുമുപരി അവനവന്റെ ഉള്ളിലും, അർത്ഥപൂർണവും നിറവുള്ളതുമായ ബന്ധങ്ങളുണ്ടാക്കാനുള്ള താക്കോൽ വാഗ്ദാനം ചെയ്യുന്നു. ഒരു യോഗിയും ആത്മജ്ഞാനിയും ദീർഘദർശിയുമായ സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിൻറെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തിൽ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിൻറെ ഒരു ഓർമ്മപ്പെടുത്തലാണ്.”
ഇന്നർ എഞ്ചിനീയറിങ്ങിനെ കുറിച്ച് സദ്ഗുരുവെന്ന പേരിലുള്ള 360K സബ്സ്ക്രൈബേർസുള്ള മലയാളം യൂട്യൂബ് ചാനലിൽ നൽകിയിരിക്കുന്ന വിശദീകരണമാണ്. സദ്ഗുരു എന്ന പേരിൽ 12.1 മില്യൺ സബ്സ്ക്രൈബേർസ് ഉള്ള ഇംഗ്ലീഷ് യൂട്യൂബ് ചാനലിൽ ഏകദേശം 3700 വീഡിയോകളാണുള്ളത്. എമിനന്റ് സയന്റിസ്റ്റ് ആന്റ് ഡോക്ടർസ് വിത്ത് സദ്ഗുരു, ഫുഡ്, മെന്റൽ ഹെൽത്ത്, സെക്സ്, നല്ല വിവാഹ ജീവിതത്തിനുള്ള നിർദ്ദേശങ്ങൾ, പ്രണയം, സൗഹൃദം, യൂത്ത് ആന്റ് ട്രൂത്ത്, സയൻസ് ആന്റ് സ്പിരിച്ചാലിറ്റി പോലെയുള്ള വീഡിയോകളാണതിൽ.
തമിഴ്, തെലുങ്ക്, ഒഡിയ, ഗുജറാത്തി എന്നിങ്ങനെ ഇന്ത്യൻ ഭാഷകളിൽ മാത്രമല്ല അറബി, പോർച്ചൂഗീസ്, ചൈനീസ്, കൊറിയ, തായി ഉൾപ്പടെ 28 ഭാഷകളിൽ സദ്ഗുരുവിന്റെ പേരിൽ യൂട്യൂബ് ചാനലുകളുണ്ട്. ഇന്നർ എഞ്ചിനിയറിങ്ങ് യൂട്യൂബ് ചാനൽ, ഇഷ ഫൗണ്ടേഷൻ യുഎസ്എ എന്നിങ്ങനെ പോകുന്നു യൂട്യൂബ് ചാനലുകൾ. ഇവ കൂടാതെ സദ്ഗുരു റേഡിയോ പ്രോഗ്രാമുമുണ്ട്. യുവതലമുറയുടെ പങ്കാളിത്തം കൂടുതലുള്ള ഇൻസ്റ്റഗ്രാമിൽ 12.7 മില്യൺ ഫോളോവേഴ്സും എക്സിൽ നാല് മില്യൺ ഫോളോവേഴ്സുമാണ് നിലവിലുള്ളത്. സോഷ്യൽ മീഡിയ കാലത്തിന്റെ സാധ്യതകളെ നന്നായി ഉപയോഗിച്ച ആത്മീയ ഗുരുവാണ് ജഗ്ഗി വാസുദേവ് എന്ന് വേണമെങ്കിൽ പറയാം. എന്നാൽ മാധ്യമങ്ങളും ജഗ്ഗിയുമായുള്ള ബന്ധം സമൂഹ മാധ്യമ കാലത്തിന് മുൻപേ ആരംഭിച്ചതാണ്. ജഗ്ഗിയിൽ നിന്നും സദ്ഗുരുവിലേക്കുള്ള വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ചത് ഈ മാധ്യമ ബന്ധങ്ങളായിരുന്നു.
1997 ‘ആനന്ദ വികടൻ’ എന്ന തമിഴ് വാരികയിൽ സുഖബോധാനന്ദ എന്ന പേരിൽ ‘മനസേ റിലാക്സ് പ്ലീസ്’ എന്ന തലക്കെട്ടിൽ കോളമെഴുതി തുടങ്ങിയ ജഗ്ഗി വാസുദേവിനെ അന്ന് വായനക്കാർക്ക് അത്ര പരിചിതമായിരുന്നില്ല. എന്നാൽ തമിഴ്നാട്ടിൽ ഏറെ പ്രചാരത്തിലുള്ള മാസികയായ ആനന്ദ വികടനിൽ തന്നെ 2004-ൽ ‘അത്തനൈയ്ക്കും ആസൈപാട്’ (the desire for everything) എന്ന തലക്കെട്ടിൽ രണ്ടാമത്തെ ആദ്ധ്യാത്മിക പരമ്പര എഴുതുമ്പോഴേക്കും അനുയായികളായി കഴിഞ്ഞിരുന്നു. മാധ്യമങ്ങളുടെ സ്വാധീനം മനസിലാക്കിയ വാസുദേവ് 2007 ൽ തന്നെ ‘കാട്ടുപൂ’ എന്ന പേരിൽ മാസിക ആരംഭിച്ചു. ഇത് കരുണാനിധിയെപ്പോലെയുള്ളവരുമായി രാഷ്ട്രീയ ബന്ധം സ്ഥാപിക്കുന്നതിന് ജഗ്ഗിയെ സഹായിച്ചു.
2008 ൽ സ്റ്റാർ വിജയ് എന്ന തമിഴ് എന്റർടെയ്ൻമെന്റ് ചാനൽ, ‘അത്തനൈയ്ക്കും ആസൈപാട്’ എന്ന പേരിൽ ആത്മീയത, സാമൂഹിക പ്രശ്‌നങ്ങൾ, യോഗ, സംസ്‌കാരം, ആഗോളതാപനം, പ്രണയം, വിവാഹമോചനം, സസ്യാഹാരം എന്നിവ സംബന്ധിച്ച് രാഷ്ട്രീയ, സിനിമ, സാഹിത്യ, സംഗീത മേഖലകളിൽ നിന്നുള്ള അതിഥികളും ജഗ്ഗി വാസുദേവുമായി സംവദിക്കുന്ന പ്രോഗ്രാം ഞായറാഴ്ച രാവിലെ അരമണിക്കൂർ സംപ്രേക്ഷണം ആരംഭിച്ചു. ഈ പ്രോഗ്രാമിന്റെ ആശയം ഉൾക്കൊണ്ട് 2010 നവംബറിൽ, ഇഷാ ഫൗണ്ടേഷൻ ‘ഇൻ കോൺവർസേഷൻ വിത്ത് ദി മിസ്റ്റിക്’ എന്ന പേരിൽ തത്സമയ പ്രോഗ്രാം ചിത്രീകരിക്കാൻ തുടങ്ങി. അതിഥികളായെത്തിയതാകട്ടെ ജൂഹി ചൗള, അനുപം ഖേർ, കിരൺ ബേദി, ബർക്ക ദത്ത്, അർണാബ് ഗോസ്വാമി തുടങ്ങിയവരായിരുന്നു. പിന്നീട് അതിഥികൾക്കൊപ്പം ടിക്കറ്റ് വെച്ചുള്ള പരിപാടികൾ വരെ സംഘടിപ്പിക്കപ്പെട്ടു. ഇത്തരം പരിപാടികളുടെ പ്രധാന ആകർഷണം സെലിബ്രിറ്റികൾ തന്നെയായിരുന്നു. ഇന്ത്യൻ സിനിമ രാഷ്ട്രീയ കായിക മേഖലയിലുള്ള പ്രമുഖരൊക്കെ ജഗ്ഗി അഥിതികളായി എത്തി എന്ന് മാത്രമല്ല ജഗ്ഗി വാസുദേവിനെ തങ്ങളുടെ ആത്മീയ ഗുരുവായി കാണുന്ന സെലിബ്രിറ്റികൾ ഇഷയുടെയും ജഗ്ഗിയുടെയും പ്രചാരകരായി മാറി.
ഇന്ന് ഇന്ത്യൻ സെലിബ്രിറ്റികൾ മാത്രമല്ല, ആഗോള തലത്തിൽ ജഗ്ഗി വാസുദേവിനെ ആത്മീയ ഗുരുവായി കാണുന്ന നിരവധി സെലിബ്രിറ്റികളുണ്ട്. 2020 ഒക്ടോബറിൽ സദ്ഗുരു എന്ന ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വാസുദേവ് ഹോളിവുഡ് നടൻ വിൽസ്മിത്തിന്റെ വീട് സന്ദർശിക്കുന്നതും വിൽസ്മിത്തും മകളുമായി സമയം ചെലവഴിക്കുന്നതും കാണാം. അതിൽ താൻ സദ്ഗുരുവിന്റെ അനുയായിയാണെന്ന് വിൽസ്മിത്ത് വെളിപ്പെടുത്തുന്നുമുണ്ട്. അമേരിക്കൻ നടൻ മാത്യു ഡേവിഡ് മക്കോനാഗെ, ഇറ്റാലിയൻ സംഗീതജ്ഞൻ ആൻഡ്രിയ ബോസെല്ലി, സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ ലോഗൻ പോൾ, ട്രെവർ നോഹന്റെ The Daily Show, ജോ റോഗനൊപ്പമുള്ള പോഡ്കാസ്റ്റ് എന്നിവരുമൊത്തുള്ള സംഭാഷണങ്ങൾ ജഗ്ഗി വാസുദേവിന്റെ ഗ്ലോബൽ ആത്മീയ ഗുരു ഇമേജിന് മുതൽക്കൂട്ടായി. ഗൂഗിൾ, മൈക്രോസോഫ്റ്റ് ഇന്ത്യ, വേൾഡ് ബാങ്ക്, വേൾഡ് ഇക്കണോമിക് ഫോറം, ഐക്യരാഷ്ട്ര സഭയുടെ Convention to Combat Desertification എന്നിവയിലെ സാന്നിദ്ധ്യവും വാസുദേവിന് അന്താരാഷ്ട്ര തലത്തിൽ ഗുണം ചെയ്തു. കണ്ടന്റും ക്രിയേറ്ററും ഒരുപോലെ ആഘോഷിക്കപ്പെടുന്ന സമൂഹ മാധ്യമ കാലഘട്ടത്തിന്റെ സാധ്യതകളെ ജനപ്രിയതയ്ക്കായി ഉപയോഗിക്കുന്നതിൽ ജഗ്ഗി വാസുദേവിന്റെ പി.ആർ ടീം വിജയിച്ചു.
നികുതി ഈടാക്കപ്പെടാത്ത ‘സംഭാവനകൾ’
ഇന്ത്യയിലെ ഇഷ ഫൗണ്ടേഷന്റെ വരുമാനം സംബന്ധിച്ച് ഔദ്യോഗിക രേഖകളൊന്നുമില്ല. ഇഷയുടെ വരുമാന മാർഗങ്ങളിൽ പ്രധാനപ്പെട്ടതാണ് യോഗ ക്ലാസുകളും ഇന്നർ എൻജിനിയറിംഗ് കോഴ്സുകളും. മറ്റൊന്ന് ഇഷയുടെ ഇ-കൊമേഷ്യൽ സൈറ്റ് വഴി വിൽക്കുന്ന സാധനങ്ങളിൽ നിന്നുള്ള വരുമാനമാണ്. എന്നാൽ ഇത്തരം വസ്തുക്കൾ വിൽക്കുമ്പോഴും വാങ്ങിയ വസ്തുക്കൾക്ക് ബില്ല് നൽകാതെ ഡൊണേഷൻ രസിപ്റ്റ് നൽകിയതിന്റെ അനുഭവങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു . ഇഷ ഫൗണ്ടേഷൻ ഒരു പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റായതിനാൽ ഡൊണേഷൻ ലഭിക്കുന്ന തുക ഇൻകം ടാക്സ് ആക്ട് പ്രകാരം നികുതിയിനത്തിൽപ്പെടുന്നതല്ല. നികുതി വെട്ടിക്കാനാണ് ഇത്തരത്തിൽ വിൽക്കുന്ന സാധനങ്ങളും ഡൊണേഷനായി രേഖപ്പെടുത്തുന്നത്.
മഹാശിവ രാത്രി ജഗ്ഗി വാസുദേവിനൊപ്പം ആഘോഷിക്കനായി സീറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നിരക്കുകൾ വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്. 500 മുതൽ 50,000 വരെയാണ് സീറ്റിന്റെ നിരക്ക്. ഏറ്റവും പിന്നിലത്തെ നിരയിലുള്ള സീറ്റുകൾ സൗജന്യമാണ്. കൈലാസ് മാനസ സരോവർ യാത്രക്കായി 50 ലക്ഷത്തിന്റെ വരെ പാക്കേജുകളുണ്ടെന്നും ബൈക്കിൽ ജഗ്ഗിക്കൊപ്പം 12 ദിവസത്തെ ഹിമാലയൻ യാത്രക്ക് 12 ലക്ഷവും ചാമുണ്ടി മലകളിൽ പേകുന്നതിന് 3-4 ലക്ഷവും ആണ് നിരക്കെന്നും ഏകദേശം ഒരു വർഷം 60 കോടിയോളം രൂപ ഇഷ ഫൗണ്ടേഷന് ലഭിക്കുന്നുണ്ടെന്നുമാണ് മാധ്യമ റിപ്പോർട്ടുകൾ. സദ്ഗുരുവിന്റെ ആത്മീയതക്കപ്പുറം ഇതൊക്കെ ബിസിനസ് കൂടിയാണെന്ന് ചുരുക്കം.
അപകടം നിറഞ്ഞ പിന്തിരിപ്പൻ വാദങ്ങൾ
മഹാശിവരാത്രി മതപരമായ ആഘോഷമല്ല, ബഹിരാകാശ സംബന്ധമായ ബന്ധമുണ്ടെന്ന ജഗ്ഗിയുടെ വാദം തെറ്റാണെന്ന് Astronomical Society of India Outreach and Education ട്വീറ്റ് ചെയ്തിരുന്നു. ചന്ദഗ്രഹണ സമയത്ത് ആഹാരം സംബന്ധിച്ചും ഇത്തരം തെറ്റായ വാദം ജഗ്ഗി ഉന്നയിക്കുന്നുണ്ട്. ഐ.ഐ.ടി മദ്രാസിൽ നടന്ന സംഭാഷണത്തിനിടയിൽ ജലത്തിന് ഓർമ്മയുണ്ടെന്ന വാദത്തെ ചോദ്യം ചെയ്തപ്പോൾ ജഗ്ഗി പറഞ്ഞ ലോജിക്കില്ലാത്ത മറുപടിക്ക് സാങ്കേതികവിദ്യാ പഠന രംഗത്ത് ഇന്ത്യയിലെ പ്രശസ്തമായ സ്ഥാപനത്തിൽ നിന്നും ഉയരുന്ന കയ്യടികൾ ആശങ്കയുളവാക്കുന്നതാണ്. ഐ.ഐ.ടി മദ്രാസ് മാത്രമല്ല ഇന്ത്യയിലെയും ലോകത്തിലെ തന്നെയും ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ജെ.എൻ.യു, ഐ.ഐ.ടി മുംബൈ, ഐ.ഐ.എം ബാംഗ്ലൂർ, ഐ.ഐ.ടി കാൺപൂർ, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ബാംഗ്ലൂർ, യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോ, ഹാർവാർഡ് യൂണിവേഴ്സിറ്റി, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് എന്നിവടങ്ങളിൽ ആത്മീയതയുടെ മറവിൽ അശാസ്ത്രീയതയും യുക്തിരഹിതവുമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ജഗ്ഗി വാസുദേവിന് സംവദിക്കാൻ അവസരമുണ്ടാകുന്നു എന്നുള്ളതും ഗൗരവപരമായ വിഷയമാണ്.
സ്ത്രീ അനുയായികളൊരുപാടുള്ള ജഗ്ഗി വാസുദേവിന്റെ ഫെമിനിസത്തോടുള്ള എതിർപ്പ് പല സംഭാഷണങ്ങളിലും വ്യക്തമാണ്. ഫെമിനിസം അമേരിക്കയിൽ നിന്നുള്ളതാണെന്നും ഫെമിനിസം പുരുഷനെ അനുകരിക്കാൻ ശ്രമിക്കുകയാണെന്നും ഫെമിനിസം/പുരുഷവാദം അല്ല വേണ്ടതെന്നും മാനവികതയാണ് ആവശ്യമെന്നുമൊക്കെയാണ് വാദം. ജഗ്ഗിയുടെ സ്ത്രീ സംബന്ധമായ സംഭാഷണങ്ങളെല്ലാം ഫെമിനിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ മനസിലാക്കാത്ത പിൻതിരിപ്പൻ ആശയങ്ങളിലൂന്നിയതാണ്. ‘How to Empower Women’ എന്ന ജഗ്ഗിയുടെ ലേഖനത്തിൽ മനുഷ്യകുലത്തിലെ പൂവാണ് സ്ത്രീയെന്നുള്ള ആശയം സ്ത്രീകളെ വസ്തുവത്കരിച്ച് കാണുന്ന ആൺചിന്തയുടെ ഉദാഹരണമാണ്.
ആത്മീയതക്കൊപ്പം വാക്ചാതുര്യം, ഇംഗ്ലീഷ് ഭാഷയിലെ മികവ്, സമൂഹ മാധ്യമങ്ങളിലെ സാന്നിദ്ധ്യം, സ്വയം മാർക്കറ്റ് ചെയ്യാനുള്ള കഴിവ്, രാഷ്ട്രീയ-സിനിമാ സാംസ്കാരിക ബന്ധം, ചാരിറ്റി, പരിസ്ഥിതി സ്നേഹം എന്നിവയെല്ലാം കൃത്യം പാകത്തിൽ ചേർത്ത് അവതരിക്കപ്പെട്ട സദ്ഗുരുവിന്റെ ആരാധരിലേറെയും ആധുനിക വിദ്യാഭ്യാസം ലഭിച്ച നഗരങ്ങളിൽ താമസിക്കുന്ന മധ്യവർഗ ഇന്ത്യക്കാരും വിദേശ ഇന്ത്യക്കാരുമാണ്. എന്നാൽ സ്വയം പ്രഖ്യാപിത സദ്ഗുരു സമാധാനത്തിൻ്റെയും സ്നേഹത്തിൻ്റെയും മറവിൽ ഒളിപ്പിച്ചുകടത്തുന്നത് അശാസ്ത്രീയ വാദങ്ങളും, പിന്തിരിപ്പൻ ആശയങ്ങശളും, ഹിന്ദുത്വ ദേശീയതയും, മുസ്ലീം വിരുദ്ധതയുമാണെന്ന് വ്യക്തം.