മരണം കുറച്ചുകൂടി സാവധാനത്തിൽ വന്നിരുന്നെങ്കിൽ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഉണരുമ്പോൾ ഞാൻ ആദ്യം ചെയ്യുക ഫോൺ പരിശോധിക്കലാണ്. സന്ദേശങ്ങൾക്ക് നീല ടിക്കുകൾ വന്നുകാണുമെന്ന പ്രതീക്ഷയോടെ വാട്സ്അപ് തുറക്കും. ഒരു ഗ്രേ ടിക്ക് മാത്രം കിട്ടിയ സന്ദേശങ്ങൾ മരണത്തിന്റെ മുന്നോടിയാണ്. രണ്ട് ചാരനിറത്തിലുള്ള ടിക്കുകൾ കൂടുതൽ മോശം സന്ദേശമാണ് നൽകുന്നത്. ആശയവിനിമയം നടന്നിട്ടുണ്ട് എന്നാൽ നിങ്ങളുടെ സുഹൃത്ത് ജീവനോടെയിരിപ്പില്ല എന്നാണത് വ്യക്തമാക്കുന്നത്. “അടിസ്ഥാനപരമായി ഗാസ ഫ്യൂഡൽ ഉപരോധത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്”, യു.എൻ.ആർ.ഡബ്ല്യു.എയുടെ (United Nations Relief and Works Agency for Palestine Refugees in the Near East) പ്രതിനിധി സാം റോസ് ചൊവ്വാഴ്ച ഹൗസ് ഓഫ് കോമൺസ് ഇന്റർനാഷണൽ ഡവലപ്‌മെന്റ് കമ്മിറ്റിയിൽ ഇങ്ങനെ പറഞ്ഞു. “ഇങ്ങനെയൊന്നു ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല”. വൈദ്യുതിയും ഇന്ധന വിതരണവും വിച്ഛേദിക്കപ്പെട്ടു, ഊർജ സംവിധാനം തകർന്നു. “ഇന്ധനമാണ് ഏറ്റവും പ്രധാനമായും വേണ്ടത്, കാരണം അതില്ലാതെ ഒന്നും നടക്കില്ല. അതില്ലാതെ കടൽവെള്ളത്തിൽ നിന്ന് ഉപ്പ് നീക്കം ചെയ്യുന്ന പ്ലാന്റുകൾക്ക് പ്രവർത്തിക്കാൻ കഴിയില്ല, അതില്ലാതെ ബേക്കറികൾക്ക് റൊട്ടി ഉണ്ടാക്കാൻ കഴിയില്ല. ആശയവിനിമയ സംവിധാനം മുഴുവൻ ഇല്ലാതായി.” ജനങ്ങൾ വെള്ളത്തിനായി ജെറി ക്യാനുകളുമായി നടക്കുന്നു. പാചക എണ്ണയില്ല, അരിയില്ല. അവിടേക്ക് എത്തുന്ന സഹായത്തിന്റെ അളവ് ആ സമൂഹത്തിന്റെ ആവശ്യങ്ങൾക്ക് തികയുന്നത്രയുമില്ല. സാംക്രമിക രോഗങ്ങൾ പടർന്നുകൊണ്ടിരിക്കുന്നു.

“ആളുകൾ പട്ടിണികിടക്കാൻ തുടങ്ങുന്നത് ഞങ്ങൾ കാണുന്നു”, നോർവീജിയൻ അഭയാർത്ഥി കൗൺസിലിലെ ഷൈന ലോ പറഞ്ഞു. ഗാസയിലെ വീടുകളുടെ അമ്പത് ശതമാനം കേടുപാടുകൾ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. “നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത തോതിൽ സംഖ്യകൾ വളരെ വലുതും കൃത്യതയില്ലാത്തതുമാണ്” – റോസ് പറയുന്നു. 2021-ൽ പോലും സേവ് ദി ചിൽഡ്രൻ റിപ്പോർട്ട് അനുസരിച്ച് 80 ശതമാനം കുട്ടികളും ഇവിടെ വിഷാദത്തോടെയും, ദുഃഖത്തോടെയും, ഭയത്തോടെയും ജീവിക്കുന്നു. ഗാസയിൽ ജനസംഖ്യയുടെ പകുതിയും 18 വയസ്സിന് താഴെയുള്ളവരാണ് എന്നതും ഇതിനോടൊപ്പം ശ്രദ്ധിക്കേണ്ടതാണ്.

​ഗാസയിലെ കുട്ടികൾ. കടപ്പാട്: aljazeera

“ഇതൊരു മനുഷ്യനിർമിത മാനുഷിക ദുരന്തമാണ്,” ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ യുകെ ഡയറക്ടർ യാസ്മിൻ അഹമ്മദ് പറയുന്നു. “ഇസ്രായേൽ ഗവൺമെന്റ് സമ്പൂർണ്ണ ഉപരോധം ഏർപ്പെടുത്തിയതിന്റെ നേരിട്ടുള്ള ഫലമാണിത്. ഒരു രാജ്യം നിയമലംഘനം നടത്തുന്നതോ, ഒരു യുദ്ധകുറ്റകൃത്യം ചെയ്യുന്നതോ, യുദ്ധക്കുറ്റങ്ങളും ലംഘനങ്ങളും സ്വയം ചെയ്യാൻ എതിർകക്ഷിക്ക് അനുമതി നൽകുന്നില്ല. ഹമാസിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഗാസയിലെ മുഴുവൻ ഫലസ്തീൻ ജനതയുടെയും മേലുള്ള കൂട്ട ശിക്ഷയാണ് ഞങ്ങൾ ഇതുവരെ കണ്ടതെന്നും കൂട്ട ശിക്ഷ യുദ്ധക്കുറ്റമാണെന്നും ഞങ്ങൾ വളരെ വ്യക്തമായി പറയുന്നു.”

കഴിഞ്ഞ ഞായറാഴ്ച ഞാൻ ഒരു ഗാസ ഐക്യദാർഢ്യ പരിപാടിക്ക് പോയിരുന്നു. 550 സീറ്റുകളും യുവത്വവും വ്യത്യസ്തതയും നിറഞ്ഞ ഒരു ജനാവലി വാങ്ങിച്ചിരുന്നു. ഞങ്ങൾ, 200 മീറ്റേഴ്സ് എന്ന ചിത്രം കണ്ടു. ഭർത്താവിന് വെസ്റ്റ് ബാങ്ക് ഐഡന്റിറ്റി കാർഡ് ആയതിനാലും, ഭാര്യക്ക് ജറുസലേം ഐഡന്റിറ്റി കാർഡ് ആയതിനാലും ഭാര്യയുടെയും കുട്ടികളുടെയും ഒപ്പം താമസിക്കാൻ കഴിയാത്ത ഒരാളുടെ കഥ പറയുന്ന സിനിമയാണിത്. ബാൽക്കണിയിൽ നിന്ന് ഫ്ലാഷ് ലൈറ്റുകൾ തെളിച്ചുകൊണ്ട് അവർ എട്ട് മീറ്റർ ഉയരമുള്ള മതിലിന് മുകളിലൂടെ ആശയവിനിമയം നടത്തുന്നു.
എല്ലാ ദിവസവും പെർമിറ്റുകൾ അനുവദിച്ചുകൊണ്ട് അവൻ ജോലിക്കായി ചെക്ക്പോസ്റ്റുകളിലൂടെ കടന്നുപോകുന്നു. എന്റെ ജീവിതത്തിൽ രണ്ടുതവണ ഇസ്രായേൽ അതിർത്തിയിൽ നിന്ന് എന്നെ തിരിച്ചയക്കുകയും മൂന്ന് തവണ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്, ഒരിക്കൽ ഏഴു മണിക്കൂർ ചോദ്യം ചെയ്തു. അവസാന തവണ ഇസ്രായേൽ ഉദ്യോഗസ്ഥൻ പറഞ്ഞു: “നിങ്ങൾ എപ്പോഴെങ്കിലും ഒരു ഇസ്രായേലി സൈനികനെതിരെ പ്രവർത്തിച്ചാൽ, നിങ്ങൾ താമസിക്കുന്നത് എവിടെയായാലും ഞങ്ങൾ നിങ്ങളെ കണ്ടെത്തും.” അത് വളരെ വ്യക്തമായ ഭീഷണിയായിരുന്നു. പക്ഷേ, മറ്റുള്ളവരുടെ അനുഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അത് ഒന്നുമായിരുന്നില്ല. ഞാൻ പ്രത്യേക പരിഗണന ലഭിക്കുന്ന ക്യാപിറ്റൽ പി കാർഡുള്ള ഒരു പലസ്തീനിയാണ്.

അഭമില്ലാതെയായ മനുഷ്യർ. കടപ്പാട്:nbcnews

വിളിക്കാറുള്ളതിന്റെ എണ്ണം നോക്കിയാൽ ഗാസയിലുള്ള സുഹൃത്തുക്കളുമായുള്ള സമ്പർക്കത്തിന്റെ കാര്യത്തിൽ ഞാൻ അവരുമായി അത്ര അടുപ്പത്തിലല്ല. പക്ഷേ എന്നിൽ ചെലുത്തിയ സ്വാധീനത്തിന്റെ കാര്യത്തിൽ അവർ പ്രധാനപ്പെട്ടവരാണ്. അവർ അസാധാരണമായ ജനതയാണ്. ഞാൻ കണ്ടതുപോലെ, അസാധ്യമെന്ന് അവർ പറഞ്ഞുകേട്ട കാര്യങ്ങൾ സംഭവ്യമാക്കാനുള്ള കഴിവ് അവർക്കുണ്ടായിരുന്നു. ചില പുരുഷന്മാർ ജയിലിൽ എങ്ങനെ പാചകം ചെയ്യാമെന്നു പഠിച്ചു, തട്ടുകളുള്ള കട്ടിലുകളിൽ കിടക്കുന്നതും സുൽത്താൻ ഇബ്രാഹിം (കിളി മീൻ) എന്നറിയപ്പെടുന്ന ചുവന്ന കടൽമത്സ്യത്തിന്റെ രുചി കൂട്ടുന്നതും, ഒരു സുഹൃത്തിന്റെ മുൻ സെൽ മേറ്റ് എന്നോട് പറഞ്ഞു, “ചിലപ്പോൾ ഞങ്ങൾ ജയിലിൽ ടോയ്‌ലറ്റ് റോളുകൾ കത്തിച്ച് ഞങ്ങളുടെ ഭക്ഷണം ചൂടാക്കിയിട്ടുണ്ട്, അത് രസകരമായിരുന്നു-” അയാൾ ചിരിച്ചു. അയാളുടെ പല്ലുകൾ നല്ലതല്ലായിരുന്നെങ്കിലും ആ ഭാവം എനിക്കിഷ്ടപ്പെട്ടു. അറബ് വേഷം ധരിച്ച് (കഫിയേ, ശിരോവസ്ത്രം, അയഞ്ഞ രൂപത്തിലുള്ള വേഷം), ഐലൈനർ ഉപയോഗിച്ച് രണ്ട് പല്ലുകൾ കറുപ്പിച്ച്, നരച്ച പൗഡർ മുഖത്തിട്ട്, ഒരു കുഞ്ഞിന്റെ പാവ ചുമന്ന് കരയുക, ഈ Tik-Tok ട്രെൻഡ് ഇസ്രായേലിൽ ഇപ്പോഴുണ്ട്. ‘നമുക്ക് ചിരിക്കാൻ എന്തെങ്കിലും വേണം’. ‘ഇതിനുവേണ്ടിയാണ് എന്റെ അമ്മയെ അണിയിച്ചൊരുക്കിയതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല!’ ചിരിയുടെ ഇമോജികളോടെയുള്ള കരച്ചിലുകൾ.

അടുത്തയാഴ്ച, അന്താരാഷ്ട്ര മാനവിക നിയമത്തെക്കുറിച്ച് സംസാരിക്കാനുള്ള അഭ്യർത്ഥനകൾ എനിക്ക് ലഭിക്കുന്നുണ്ട്. ആശുപത്രികളുടെ കാര്യത്തിൽ അവർക്ക് പ്രത്യേക താൽപ്പര്യമുണ്ട്, എപ്പോഴാണ് അവയുടെ സംരക്ഷിത പദവി നഷ്ടപ്പെടുന്നത് എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. എപ്പോഴാണ് സ്വീകാര്യമായ രീതിയിൽ ഒരു ആശുപത്രി ആക്രമിക്കാനോ ബോംബെറിയാനോ ഇസ്രായേലിന് കഴിയുക? ‘ദൈവമേ!, എത്രത്തോളം നിയമാനുസൃതമാണത്? എന്നതു ഭയങ്കരമാണ്’ എന്ന് അന്താരാഷ്ട്ര മാനവിക നിയമ വിദഗ്ധനായ ഒരു പ്രൊഫസർ ഒരു വെബിനാറിന്റെ തുടക്കത്തിൽ പറയുകയുണ്ടായി. താമസിയാതെ ചാറ്റിൽ ആശുപത്രികളെക്കുറിച്ചുള്ള ചോദ്യങ്ങൾ നിറഞ്ഞു. പക്ഷേ അവിടെയൊരു ബങ്കറുണ്ട്. അവരെപ്പോഴാണ് അതിലേക്കെത്തുക?

അഭമില്ലാതെയായ മനുഷ്യർ. കടപ്പാട്:nbcnews

1.7 ദശലക്ഷം ആളുകളെ ഗാസയിൽ നിന്നും പുറത്താക്കിയത്, 350 കിലോമീറ്റർ വിസ്തൃതിയിൽ ആഴ്ചയിൽ ആറായിരം ബോംബുകൾ വർഷിച്ചത്, വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചതിന്റെ തെളിവുകൾ, മാധ്യമപ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, യുഎൻ ജീവനക്കാർ, കുട്ടികൾ, പ്രായമായവർ, എന്നിവരെ കൊലപ്പെടുത്തിയതിന്റെ തെളിവുകൾ മറക്കുക. വൈകല്യങ്ങളോടെ, ഗാസയുടെ തെക്ക് ഭാഗത്തേക്ക് നിർദേശമനുസരിച്ച് പലായനം ചെയ്യുന്ന ആളുകളെ ലക്ഷ്യമാക്കിയുള്ള ആക്രമത്തിന്റെ റിപ്പോർട്ടുകൾ അവഗണിക്കുക. സ്‌കൂളുകൾ, പള്ളികൾ, മോസ്‌ക്കുകൾ, പാർപ്പിട അപ്പാർട്ട്‌മെന്റ് ബ്ലോക്കുകൾ എന്നിവയിൽ നടത്തിയ ബോംബാക്രമണത്തിന്റെ തെളിവുകളും അവഗണിക്കുക. കൃത്യതയ്ക്കല്ല നശിപ്പിക്കലിനാണ് ഊന്നൽ നൽകുന്നതെന്ന ഐഡിഎഫ് വക്താക്കളുടെ പ്രഖ്യാപനങ്ങൾ അവഗണിക്കുക. പലസ്തീൻ പൗരരെക്കുറിച്ച് ചോദിക്കുന്നവർക്ക് കുഴപ്പമുണ്ടെന്ന മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ ക്ഷുഭിത നിർദ്ദേശം മറക്കുക.”വർഷങ്ങളായി ഗാസയ്ക്കുവേണ്ടി പോരാടിയ എല്ലാവർക്കും പ്ലോട്ടുകൾ വിതരണം ചെയ്യുമെന്ന” ഇസ്രായേലി പൈതൃക മന്ത്രിയുടെ വാഗ്ദാനം മറക്കുക. പൊളിഞ്ഞുവീഴാറായ ആരോഗ്യകേന്ദ്രത്തിന് കീഴെ, ഒരു എലിവേറ്റർ ഷാഫ്റ്റിന് താഴെ തിന്മയുടെ ഭൂഗർഭവ്യൂഹം ഉണ്ടെന്ന് പറയുമ്പോൾ ആരാണിതൊക്കെ ശ്രദ്ധിക്കുന്നത്?

എനിക്ക് ഒരു സുഹൃത്ത് ഉണ്ട്, ഗസ്സൻ അബു സിത്ത. ​ഗാസയിലെ ഷിഫ ഹോസ്പിറ്റലിൽ ഡോക്ടറായി ജോലി ചെയ്യുന്നതിനായി അദ്ദേഹം ലണ്ടൻ വിട്ടു. ഒരു സഹോദരനായി, എനിക്ക് ഏറ്റവും അടുത്തത് അവനാണ്. കുവൈറ്റിൽ താമസിക്കുമ്പോൾ ഞങ്ങൾ ഒരുമിച്ചാണ് സ്കൂളിൽ പോയിരുന്നത്. അവൻ എന്റെ മക്കളുടെ തലതൊട്ടപ്പനാണ്, എന്റെ വിവാഹത്തിന് അവൻ സാക്ഷിയായിരുന്നു. ഞങ്ങൾ ഒരിക്കൽ ഡാൾസ്റ്റണിൽ ഒരുമിച്ച് താമസിച്ചിട്ടുണ്ട്. ആശയവിനിമയം മുടങ്ങുമ്പോൾ, എന്റെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ ചിലപ്പോൾ ചുവന്നു തുടിക്കുന്ന ഹൃദയ രൂപത്തിലുള്ള സ്മൈലി മാത്രമാകും. മറ്റൊന്നിനും പ്രതികരിക്കാൻ അദ്ദേഹത്തിന് സമയമില്ലെന്ന് എനിക്കറിയാം. ബോംബിങ്ങിൽ തകർക്കപ്പെട്ട കെട്ടിടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയെടുത്ത കുഞ്ഞുങ്ങളുടെ പുഴുവരിച്ചുതുടങ്ങിയ ശരീരങ്ങളിൽ ശസ്ത്ക്രിയ ചെയ്യുന്നതിനെക്കുറിച്ച് വിവരിക്കുന്ന, ഡോക്ടർമാരിൽനിന്നും എനിക്ക് കിട്ടുന്ന സന്ദേശങ്ങൾ എന്നിൽ നിന്നും വാക്കുകളെ ഇല്ലായ്മചെയ്യാറുണ്ട്.

നവംബർ എട്ടിന് ഞാനുണർന്നത് ഗാസയിലെ ഇന്തോനേഷ്യൻ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഡോ.ടെയ്സർ ഹനാൻ എന്ന സർജന്റെ ഒരു ഫോർവേഡഡ് വാട്സപ് സന്ദേശത്തിലേക്കാണ്. നമ്മളിപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന മുറിവുകൾ ഒരു മനുഷ്യമനസ്സിന് സ്വീകരിക്കുവാനോ സഹിക്കുവാനോ കഴിയാത്ത തരത്തിലുള്ളവയാണ്. ഡോക്ടർ എഴുതുന്നു, ‘ഏറ്റവും അടിസ്ഥാനപരമായ ആരോഗ്യരക്ഷ പോലും രോഗികൾക്ക് കിട്ടുന്നില്ല, മതിയായ മെഡിക്കൽ ടീം നമുക്കില്ല, റൂമുകൾ ഇല്ല, ഇന്ധനമില്ല, വെള്ളമില്ല, മരുന്നുകളില്ല, വൃത്തിയില്ല.’ എന്റെ തുടിക്കുന്ന ഹൃദയം, എത്തിപ്പെടാനുള്ള അനുവാദമില്ലായ്മയുടെ അടയാളമായ ഗ്രേ ടിക്കുകളിൽ കുടുങ്ങിക്കിടന്നു.

ബോംബാക്രമണത്തിന്റെ ഇടവേളകൾ. കടപ്പാട്:warchid

എന്റെ ഉള്ളിൽ അസ്വസ്ഥതയോടെ ഞാൻ ലണ്ടനിൽ ചുറ്റി സഞ്ചരിച്ചു. ഓരോ തവണ ടാപ് തുറക്കുമ്പോളും, പാചകം ചെയ്യാനോ കഴുകാനോ വെള്ളമില്ലാത്ത, ടോയ്‌ലറ്റുകൾ ഫ്ലഷ് ചെയ്യാൻ കഴിയാത്ത ആ ഫ്ലാറ്റുകളുടെ അവസ്ഥ എന്താണെന്ന് ഞാൻ അത്ഭുതപ്പെടുന്നു. എത്ര ദുർഗന്ധം വമിക്കുന്നു? നാൽപ്പത് പകലും നാൽപ്പത് രാത്രിയും ബോംബാക്രമണം കാരണം ഉറങ്ങാതിരിക്കുമ്പോൾ എങ്ങനെയായിരിക്കും? ഉണങ്ങിയ പയർ തിന്നുമ്പോഴും, അയൽക്കാർ മരിച്ചുവെന്ന് അറിയുമ്പോഴും സ്വന്തം ഊഴം കാത്ത് ഗോവണിപ്പടിയിൽ ഒതുങ്ങുമ്പോഴും എങ്ങനെയായിരിക്കും അവർക്ക് തോന്നുന്നത്? ‘മരണം കുറച്ചുകൂടി സാവധാനത്തിൽ വന്നിരുന്നെങ്കിൽ… എനിക്ക് ഒരുങ്ങാമായിരുന്നു’ ഒരു സുഹൃത്തിന്റെ 17 വയസ്സുള്ള മകൾ എഴുതിയ കവിത, അവളുടെ അമ്മ ഗാസ സിറ്റിയിൽ നിന്ന് എനിക്ക് അയച്ചുതന്നു.

എൺപതോ തൊണ്ണൂറോ വർഷങ്ങൾക്കു മുമ്പ് ജർമനിയിൽ നിന്നും രക്ഷപ്പെട്ടവർക്ക്, മറ്റുള്ളവരെ വിട്ടുവന്നവർക്ക്, നോർത്ത്-വെസ്റ്റ് ലണ്ടനിൽ ഞാനിപ്പോൾ താമസിക്കുന്നതുപോലുള്ളൊരു ഫ്ലാറ്റിൽ കാത്തിരിക്കേണ്ടിവന്നിരുന്നത് എങ്ങനെയെന്ന് ഞാനിപ്പോൾ മനസ്സിലാക്കാൻ ശ്രമിക്കുകയാണ്. അങ്ങനെ അതിജീവിച്ചൊരാളായി ഞാൻ എന്നെത്തന്നെ സങ്കൽപിക്കുകയാണ്, കഫേകളിലും പബ്ബുകളിലും മറ്റുള്ളവരെ നോക്കിക്കൊണ്ട്, കുഞ്ഞുങ്ങളെ സ്കൂളിലേക്ക് നടത്തുന്നത്. 1930കൾ മുതൽ ഈ മാളികക്കെട്ടുകളിൽ പ്രതീക്ഷയോ കുറ്റബോധമോ നഷ്ടപ്പെടുത്താൻ കഴിയാത്ത ഭയത്തിൽ ജീവിച്ച താമസക്കാർ ഉണ്ടായിട്ടുണ്ട്. ബന്ദികളുടെ കുടുംബങ്ങൾക്കും ഇത് അനുഭവപ്പെടുന്നുണ്ടാകണം.‌

മരിച്ചവരെക്കുറിച്ച് വിവരിക്കാൻ നിങ്ങൾക്കൊരു കണക്കുകിട്ടുകയാണെങ്കിൽ (നമ്മളത് സൂക്ഷിക്കേണ്ടതുണ്ട്, പൊതുവായ മാനവികതയോടുള്ള ആദരവ് മാനിച്ചുകൊണ്ട്, പുഴമുതൽ കടൽ വരെയുള്ള എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ട്), 13,000 മുതൽ 15,000 വരെയാകാം ആ സംഖ്യ. കൊല്ലപ്പെട്ടവരുടെ എണ്ണം കൃത്യതയോടെ പറയേണ്ടതുണ്ട്. ഈ ജനതയുടെ ജനനങ്ങളെ സങ്കൽപിക്കാൻ നോക്കുകയാണ് ഞാൻ, അവരുടെ ശെെശവകാലത്ത് അവരെ എങ്ങനെ വൃത്തിയാക്കിയെടുത്തു, പല്ലുകൾ എങ്ങനെ തേച്ചുകൊടുത്തു, സ്കൂൾ ബാഗുകൾ എങ്ങനെ ഒരുക്കിക്കൊടുത്തു, വയറുകൾ എങ്ങനെ നിറച്ചുകൊടുത്തു, കുപ്പായക്കുടുക്കുകൾ എത്രവേഗത്തിൽ ഇട്ടുകൊടുത്തു, സർട്ടിഫിക്കറ്റുകൾ എങ്ങനെ നേടിയെടുത്തു, നഖം വെട്ടുകയും തൊലി മിനുക്കുകയും കവിളുകൾ ഷേവ് ചെയ്തതും എങ്ങനെയെന്ന്, ഫോൺ‍ കോളുകൾ അവരെത്തേടിവരുന്നതെങ്ങനെയെന്ന്, കെെകൾ ചേർത്തുപിടിച്ചതെങ്ങനെയെന്ന്, തമാശകൾ പങ്കുവെച്ചതെങ്ങനെയെന്ന്, ഉമ്മവെക്കപ്പെട്ട കഴുത്തുകളെക്കുറിച്ച്, പ്രേമിച്ചതെങ്ങനെയെന്ന്, ചുമലുകളിൽ കിടന്നുറങ്ങിയതെങ്ങനെയെന്ന്, അവർ സ്വപ്നങ്ങളായി വളർത്തിയ സ്വപ്നങ്ങൾ എന്തൊക്കെയെന്ന്, കേൾക്കപ്പെട്ട ഹൃദയങ്ങളെക്കുറിച്ച്.

പരിഭാഷ: നിഖിൽ വർ​ഗീസ്, മൃദുല ഭവാനി

Also Read

6 minutes read November 21, 2023 1:39 pm