സ്വയം കുഴിക്കുന്ന കുഴിയായിത്തീരുമോ ഈ മണൽവാരൽ ?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

സാമ്പത്തിക പ്രതിസന്ധിക്കുള്ള താത്കാലിക ആശ്വാസത്തിനായി സംസ്ഥാനത്തെ നദികളിൽ നിന്നും മണൽഖനനം നടത്താൻ വേണ്ടി നിയമഭേദഗതി കൊണ്ടുവരാൻ പോവുകയാണ് കേരള സർക്കാർ. 2001ലെ നദീതീരസംരക്ഷണവും മണൽവാരൽ നിയന്ത്രണവും നിയമം ഭേദഗതി ചെയ്യാനാണ് റവന്യൂ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. സാധ്യതകൾ വിലയിരുത്തി ഭേദഗതികൾ നിർദേശിക്കാനായി നിയമ സെക്രട്ടറിയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് അനുസൃതമായിട്ടാവും നിയമഭേദഗതി. സംസ്ഥാനത്തെ നദികളിലുള്ള മണലിന്റെ അളവ് മനസ്സിലാക്കുന്നതിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് രണ്ട് വർഷം മുമ്പ് 32 നദികളിൽ സാൻഡ് ഓഡിറ്റിം​ഗ് നടത്തിയിരുന്നു. 17 നദികളിൽ മണൽ നിക്ഷേപം ഉണ്ടെന്നും മൂന്ന് ലക്ഷം ടൺ വരെ മണൽ വാരാമെന്നുമാണ് ഈ ഓഡിറ്റിം​ഗിലൂടെ കണക്കാക്കിയത്. 14 നദികളിൽ മൂന്ന് വർഷത്തേക്ക് മണൽവാരൽ പാടില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഈ പട്ടിക അന്തിമമല്ല. ജില്ലാതല സർവ്വേ റിപ്പോർട്ടുകൾ അടിസ്ഥാനപ്പെടുത്തി മാത്രമേ മണൽവാരലിന് അനുമതി നൽകാനാവൂ എന്നാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നിർദ്ദേശം. ഓരോ നദിയിൽ നിന്നും മണലെടുക്കാൻ പ്രത്യേക പാരിസ്ഥിതികാനുമതി തേടണമെന്ന് 2012ലെ സുപ്രീം കോടതിയുടെയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും ഉത്തരവും നിലവിലുണ്ട്. എന്നാൽ സാമ്പത്തിക പ്രതിസന്ധിക്കുള്ള ആശ്വാസമെന്ന നിലയിൽ നദികളിൽ നിന്നുള്ള മണൽവാരൽ ഊർജ്ജിതമാക്കാനുള്ള സർക്കാരിന്റെ ഈ നീക്കം പുഴകളുടെ ആവാസവ്യവസ്ഥയേയും ജലലഭ്യതയേയും സാരമായി ബാധിക്കുമെന്ന ആശങ്കയും സൃഷ്ടിക്കുന്നുണ്ട്.

ഭാരതപ്പുഴയിലെ മണൽവാരൽ. കടപ്പാട്:wikipedia

പുഴ മണലിന്റെ മൂല്യം

പുഴകൾ സുദീർഘമായ ഓർമകൾ (long memories) കാത്തുസൂക്ഷിക്കുന്നവയാണ്. ഓരോ കാലഘട്ടത്തെയും അടയാളപ്പെടുത്തിക്കൊണ്ടാണ് പുഴ ഒഴുകുന്നത്. ഒരുപക്ഷേ മനുഷ്യനുണ്ടാകുന്നതിനും മുമ്പ് ഭൂമിയിൽ ഉണ്ടായിരുന്ന പുഴകൾ ഇന്നും നിലനിൽക്കുന്നതിന്റെ പ്രധാനഘടകം അവയെ സംരക്ഷിച്ചുപോരുന്ന മണൽ ആണ്. വെള്ളത്തിന്റെ ഒഴുക്ക്, ഗുണനിലവാരം, അളവ്, സസ്യജന്തുജാലങ്ങൾ, ഭൂഗർഭജലനിരപ്പ് തുടങ്ങി ആവാസവ്യവസ്ഥയുടെ വിവിധ പാരിസ്ഥിതിക ഘടകങ്ങളെയും ദീർഘകാലാടിസ്ഥാനത്തിൽ ജനങ്ങളുടെ സാമൂഹിക സാമ്പത്തിക അവസ്ഥകളെയും സ്വാധീനിക്കുന്നതിൽ പുഴ മണലിന് പ്രധാന പങ്കുണ്ട്. പക്ഷേ മണലിന്റെ ഉപയോഗങ്ങൾ എന്തെല്ലാം എന്ന ചോദ്യത്തിന് കെട്ടിടനിർമാണം, റോഡ് നിർമാണം തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാമെന്ന ഭൗതികമായ (materialistic) ഉത്തരമാണ് പലപ്പോഴും ലഭിക്കുക. മനുഷ്യന്റെ അത്യാഗ്രഹങ്ങൾക്കും കൈയേറ്റങ്ങൾക്കും പുഴകൾ എപ്പോഴും ഇരയാകപ്പെട്ടുകൊണ്ടേയിരിക്കുന്നതിന്റെ തെളിവ് കൂടിയാണ് ഇത്തരം ഉത്തരങ്ങൾ.

പല തരത്തിലുള്ള കൈയേറ്റങ്ങൾ പുഴകളിൽ നടക്കാറുണ്ടെങ്കിലും അനിയന്ത്രിതമായ മണൽവാരൽ പുഴയിലെ ആവാസവ്യവസ്ഥയുടെ ഘടനയ്ക്കും അതിന്റെ പ്രവർത്തനങ്ങൾക്കും വിനാശകരമാണ്. കേരളത്തിലെ നദികളിൽ മുൻകാലങ്ങളിൽ അനിയന്ത്രിതമായി നടത്തിയിരുന്ന മണൽവാരൽ പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങളാണ് പാരിസ്ഥിതിക ഘടകങ്ങൾക്ക് വരുത്തിയിട്ടുള്ളത്. ജനങ്ങൾ ഇത് തിരിച്ചറിയുകയും കേരളത്തിന്റെ ഭരണനേതൃത്വം പുഴ സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയുകയും ചെയ്തതിന്റെ ഭാ​ഗമായാണ് 2001ൽ നദീതീരസംരക്ഷണവും മണൽവാരൽ നിയന്ത്രണവും നിയമം നിലവിൽ വരുന്നത്. പുഴ

മണലിനെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന നിർമ്മാണ മേഖലയെയാണ് ഈ നിയന്ത്രണം സാരമായി ബാധിച്ചത്. ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനം, വിദേശ നിക്ഷേപത്തിലുണ്ടായ വർദ്ധനവ് (foreign remittances), ബാങ്കിങ് നയങ്ങളിലെ ഉദാരവത്കരണം എന്നിവ കാരണം 1970 കൾ മുതൽ നിർമ്മാണരംഗത്ത് വലിയ കുതിച്ചുചാട്ടം (construction boom) ഉണ്ടായിട്ടുള്ള സംസ്ഥാനമാണ് കേരളം. ഇത് കേരളത്തിൽ അനിയന്ത്രിത മണൽവാരൽ/ഖനനത്തെ പ്രോത്സാഹിപ്പിച്ചു. കേരളത്തിലെ 44 നദികളിൽ ഭൂരിഭാഗത്തെയും അപകടകരമാം വിധം നാശത്തിലേക്ക് തള്ളിവിട്ടതിന് ശേഷമാണ് മണൽവാരലിനെതിരെ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. എങ്കിലും മണലിനായുള്ള സമ്മർദ്ദം നിർമ്മാണ മേഖലയിൽ നിന്നും നിരന്തരം ഉണ്ടായിക്കൊണ്ടേയിരുന്നു.

ചാലക്കുടിപ്പുഴയിലെ മണൽവാരൽ. കടപ്പാട്:wikipedia

മണലിന്റെ അളവ് കണക്കാക്കുന്നു

“സെസ് (സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്) അല്ലെങ്കിൽ സി.ഡബ്ല്യു.ആർ.ഡി.എം (സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡവലപ്മെന്റ് ആന്റ് മാനേജ്മെന്റ്) മണൽ ഓഡിറ്റ് നടത്തണമെന്നാണ് ഹൈക്കോടതി ഉത്തരവ്. അവരുടെ ഓഡിറ്റിൽ മണൽ കണ്ടെത്തിയാൽ മാത്രമേ ലേലത്തിന് കൊടുക്കാൻ പാടുള്ളൂ എന്ന് പറയുന്നുണ്ട്. എന്നാൽ ഈ രണ്ട് ഏജൻസികളെ കൊണ്ടും ഓഡിറ്റിങ് നടത്തിയിട്ടില്ല. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പോലുള്ള സർക്കാരിനെ പിന്താങ്ങുന്ന ചില സംഘടനകളെ കൊണ്ടാണ് ഓഡിറ്റ് നടത്തിയിരിക്കുന്നത്. ഇതിന് പുറമേ ജിയോളജി ഐഛിക വിഷയമായിട്ടുള്ള പി.ജി കോഴ്സുകളുള്ള കോളേജുകളിലെ വിദ്യാർത്ഥികളെ കൊണ്ടും ഓഡിറ്റിങ് നടത്തിയതായി അറിയുന്നുണ്ട്. ഇവരൊന്നും തന്നെ ഇതിന് ക്വാളിഫൈഡ് അല്ല. സർക്കാരിന് വരുന്ന തെരഞ്ഞെടുപ്പുകളിലേക്ക് ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയിട്ടുള്ള ഒരു ഷോർട്ട് കട്ടാണ് നടത്തിയിരിക്കുന്നത്. ഇത് നിയമവിരുദ്ധമാണ്.” ഗ്രീൻ മൂവ്മെന്റിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയും നദീസംരക്ഷണ സമിതിയുടെ കമ്മിറ്റി മെമ്പറുമായ ടി.വി രാജൻ ആരോപിച്ചു.

ടി.വി രാജൻ

കേന്ദ്രത്തിന്റെ പുതിയ നിർദ്ദേശ പ്രകാരം ജില്ലാതല സർവേ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കി മാത്രമേ മണൽ വാരലിന് അനുമതി നൽകാനാകൂ. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ നദിക്കും വെവ്വേറെ പാരിസ്ഥിതികാനുമതിയും തേടുകയും വേണം. അനുമതി ലഭിച്ചാൽ മണൽ ഖനനപദ്ധതി തയ്യാറാക്കി തദ്ദേശസ്ഥാപനങ്ങൾക്ക് കടവുകൾ ലേലം ചെയ്യാനാകും. ജി.പി.എസ് മാപ്പിങ്, സാറ്റലൈറ്റ് സർവേ എന്നിവയിലൂടെ പുഴകളിൽ അടിഞ്ഞ മണൽ, എക്കൽ എന്നിവയുടെ അളവ് നിർണ്ണയിക്കുന്ന പ്രവർത്തനമാണ് ഇനി കേരളത്തിൽ നടക്കേണ്ടത്. ഫെബ്രുവരി-മെയ് മാസങ്ങളിൽ നേരിട്ടുള്ള പരിശോധനയും നടത്തുമെന്നാണ് അറിയാൻ കഴിയുന്നത്.

“2016ലും 2020 ലും കേന്ദ്രപരിസ്ഥിതി വകുപ്പ് രണ്ട് മാർഗനിർദേശങ്ങൾ ഇറക്കിയിട്ടുണ്ട്. ഒരു ജില്ലയിലുള്ള മണൽ പോലുള്ള പ്രകൃതി വിഭവങ്ങൾ എത്രമാത്രം ഉണ്ടെന്ന് കണക്കാക്കി ജില്ലാതല സർവ്വേ റിപ്പോർട്ട് തയാറാക്കണം. ഈ റിപ്പോർട്ടുകൾ ശാസ്ത്രീയമായിട്ടും മാർഗനിർദേശങ്ങൾക്കനുസരിച്ചുമാണോ തയ്യാറാക്കിയിട്ടുള്ളത് എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. വാസ്തവത്തിൽ ഈ റിപ്പോർട്ടുകൾ പബ്ലിക് ഡൊമൈനിൽ ലഭ്യമാക്കുകയും പബ്ലിക് കൺസൾട്ടേഷൻ നടത്തുകയും ചെയ്യേണ്ടതാണ്. എന്നിട്ടാണ് തീരുമാനത്തിലെത്തേണ്ടത്.” ചാലക്കുടിപ്പുഴ സംരക്ഷണ സമിതി സെക്രട്ടറി രവി എസ്.പി വിവരിച്ചു.

പറശ്ശിനിപ്പുഴയിലെ മണൽവാരൽ. കടപ്പാട്:wikipedia

മണൽവാരലിന് സാധ്യതയുണ്ടോ?

കേരളത്തിലെ പുഴകൾ മണൽവാരലിന് അനുയോജ്യമല്ലെന്നാണ് വിദഗ്ദധർ അഭിപ്രായപ്പെടുന്നത്. നാല്പത് വർഷങ്ങൾ കൊണ്ടുള്ള മണൽവാരലിലൂടെ പുഴകൾക്ക് സംഭവിച്ച കോട്ടങ്ങൾ ഇതുവരെ ഭാഗികമായെങ്കിലും പരിഹരിക്കാനോ, പുഴയെ പൂർവ്വസ്ഥിതിയിലെത്തിക്കാനോ കഴിഞ്ഞിട്ടില്ല. പല സ്ഥലങ്ങളിലും സമുദ്രനിരപ്പിനേക്കാൾ താഴെയാണ് പുഴയുടെ അടിത്തട്ട് (riverbed) എന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

“2013ൽ ഞങ്ങൾ സാന്റ് ഓഡിറ്റിങ് നടത്തുന്ന സമയത്ത് ചാലക്കുടിപ്പുഴയുടെ പല സ്ഥലങ്ങളിലും റിവർ ബെഡിന്റെ ആഴം ജലനിരപ്പിനേക്കാൾ എട്ട് പത്ത് മീറ്റർ താഴ്ന്നിട്ടുണ്ടായിരുന്നു. ജലനിരപ്പാകട്ടെ മൂന്ന് നാല് മീറ്റർ താഴെയായിരുന്നു. പുഴയെ സംബന്ധിച്ച് റിവർ ബെഡിൽ മണലുണ്ടാവുക എന്നത് അക്വാട്ടിക് ഇക്കോളജി നിലനിർത്താനും പുഴയുടെ പരിസരങ്ങളിലെ വാട്ടർ ടേബിൾ നിലനിർത്താനും ജല ശുദ്ധീകരണം നടത്താനും അത്യാവശ്യമാണ്. ഓരോ പുഴയ്ക്കും അവയുടെ പാരിസ്ഥിതിക ആരോഗ്യം നിലനിർത്താനും പരിസര പ്രദേശങ്ങളിലെ ഭൂഗർഭജലനിരപ്പ് ഉചിതമായ അളവിൽ ഉയർത്താനും എത്ര മണലാണ് ആവശ്യമുണ്ടെന്നതിനെ കുറിച്ചുള്ള ശാസ്ത്രീയമായ പഠനമാണ് നമുക്ക് ആദ്യം വേണ്ടത്. അതിനനുസരിച്ചുള്ള അളവ് നിർണിയിക്കുകയും അതിനേക്കാൾ മുകളിൽ മണൽ ഒഴുകി എത്തുന്നുവെങ്കിൽ അത് എടുക്കുകയുമാണ് ചെയ്യേണ്ടത്. എന്നാൽ പുഴയിൽ മുമ്പ് സ്വാഭാവികമായി ഉണ്ടായിരുന്ന മണൽ ശേഖരത്തിന്റെ അടുത്തൊന്നും നിലവിൽ ഉണ്ടായിട്ടില്ല.” രവി എസ്.പി അഭിപ്രായപ്പെട്ടു.

രവി എസ്.പി

സെഡിമെന്റ് നിക്ഷേപം, പുഴയുടെ ഒഴുക്ക്, പ്രാദേശിക ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങൾ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് നദികളിൽ മണൽ രൂപപ്പെടുന്നത്. ഇതിന് വർഷങ്ങളോ പതിറ്റാണ്ടുകളോ ആണ് വേണ്ടി വരുക. കാലാവസ്ഥാ, ഭൂവിനിയോഗം, മനുഷ്യന്റെ ഇടപെടൽ തുടങ്ങിയ ഘടകങ്ങൾ ഈ പ്രക്രിയെ സ്വാധീനിക്കാറുമുണ്ട്. നെൽപ്പാടങ്ങൾ ഇല്ലാതായത്, വനനശീകരണം, ഡാം മാനേജ്മെന്റ് തുടങ്ങിയ മനുഷ്യ ഇടപെടലുകൾ വളരെ മോശമായി ജലവിഭവങ്ങളെ സ്വാധീനിച്ചിട്ടുമുണ്ട്.

പ്രളയം മണൽ കൊണ്ടുവന്നോ?

“പുഴകളിൽ മണൽ അടിഞ്ഞ് കൂടിയിരിക്കുന്നത് കൊണ്ടാണ് 2018ലെ പ്രളയവും 2019ലെ വെള്ളപ്പൊക്കവുമുണ്ടായത്” – കേരളത്തിൽ പ്രബലമായി നിലനിൽക്കുന്ന ഒരു പൊതുജനാഭിപ്രായമാണിത്. പ്രത്യേകിച്ച് പുഴകളോ, തോടുകളോ ഉള്ള പ്രദേശങ്ങളിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഈ വാദത്തെ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ജനങ്ങളുടെ അജ്ഞതയുടെ മേലെയുള്ള ചില സ്ഥാപിത താൽപര്യക്കാരുടെ ഇടപെടലുകളുടെ ഫലമായാണ് അടിസ്ഥാനരഹിതമായ ഇത്തരം അഭിപ്രായരൂപീകരണമുണ്ടായിരിക്കുന്നത് എന്നാണ് വിദ​ഗ്ധർ പറയുന്നത്.

“2018ലെയും 2019ലെയും വെള്ളപ്പൊക്കത്തിൽ വലിയ തോതിൽ എക്കലും ചെളിയും അടിഞ്ഞു കൂടി എന്ന് പറഞ്ഞുകൊണ്ടാണ് ‘റൂം ഫോർ റിവർ’ എന്ന സംവിധാനം വരുന്നത്. നെതർലൻഡ്സ് മാതൃകയിൽ വിഭാവനം ചെയ്ത പദ്ധതിയായിരുന്നു അത്. 2020 ൽ ജലസേചനവകുപ്പ് നടത്തിയ വർക്ക്ഷോപ്പിൽ ഞാനും പങ്കെടുത്തിരുന്നു. അന്ന് അവർ പുഴയുടെ ആഴം കൂട്ടൽ (deepening), വീതി കൂട്ടൽ (widening) തുടങ്ങിയ കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. ഡീപ്പനിങ് അഴിമുഖത്തോട് ചേർന്ന പ്രദേശത്ത് മാത്രമാണെന്ന് അവർ കൃത്യമായിട്ട് പറയുന്നുണ്ട്. അവർക്കതിൽ സംശയമില്ല. പക്ഷേ ഇവിടെ പുഴയുടെ അടിത്തട്ട് സമുദ്രനിരപ്പിനേക്കാൾ താഴ്ന്ന് നിൽക്കുന്ന സാഹചര്യത്തിലാണ് പിന്നെയും പിന്നെയും കോരിത്താഴ്ത്താൻ ശ്രമിക്കുന്നത്. ഇത് വെള്ളപ്പൊക്കം ഒഴിവാക്കുകയില്ല എന്ന് മാത്രമല്ല, വേനൽക്കാലത്ത് വരൾച്ച വളരെ കൂട്ടുകയും ചെയ്യും. അഴിമുഖങ്ങളിൽ മണൽ വന്നടിഞ്ഞ് അഴി മൂടിപ്പോകാറുണ്ട്. അങ്ങനെയുള്ള സ്ഥലങ്ങളിൽ ഡ്രെഡ്ജ് ചെയ്ത് മാറ്റുന്നതിൽ തെറ്റില്ല.” രവി എസ്.പി വിശദമാക്കി.

ചാലക്കുടിപ്പുഴ 2018 പ്രളയത്തിന് ശേഷം. കടപ്പാട്:newindianexpress

“പ്രളയത്തിൽ കല്ലായിപ്പുഴ ഒഴികെയുള്ള 43 നദികളിൽ നിന്നും മണലും ചെളിയും വാരാൻ വേണ്ടി സർക്കാർ നേരത്തെ തന്നെ ഉത്തരവായിരുന്നു. ഓരോ ദിവസവും വാരിയ മണലിനെ കുറിച്ചുള്ള വിവരങ്ങൾ ജലസേചന വകുപ്പിന്റെ വെബ്സൈറ്റിലുണ്ട്. അതിന് പുറമെയാണ് ഇപ്പോഴത്തെ മണൽവാരൽ പദ്ധതിയിടുന്നത്. മണൽ വാരുന്നതിന് അനുകൂലമായി സർക്കാർ ഉത്തരവ് വന്നാൽ കോടതിയിൽ കേസ് കൊടുക്കുന്നത് പരിഗണിക്കുക തന്നെ ചെയ്യും.” ടി.വി രാജൻ പറഞ്ഞു.

നിയന്ത്രണമില്ലാത്ത മണൽവാരലിന് വഴിതുറക്കുന്ന ഒരു സാഹ​ചര്യം വീണ്ടും സൃഷ്ടിക്കപ്പെടരുത് എന്നതുകൊണ്ട് തന്നെ ശക്തമായ നിരീക്ഷണ സംവിധാനം വേണമെന്നാണ് ശാസ്ത്രസമൂഹം ആവശ്യപ്പെടുന്നത്. ഭൗമശാസ്ത്ര പഠന കേന്ദ്ര(സെസ്)ത്തിൽ നിന്നും വിരമിച്ച ശാസ്ത്രജ്ഞൻ ശ്രീകുമാർ ചതോപാധ്യ അത് വ്യക്തമാക്കുന്നു. “കേരളത്തിലെ ഒട്ടുമിക്ക പുഴകളിലെയും സാൻഡ് ഓഡിറ്റിങ് റവന്യൂ വകുപ്പ് നടത്തുന്നുണ്ട്. പക്ഷേ, ഒരു വർഷം പെയ്യുന്ന മഴയിൽ എത്ര മണൽ ഉണ്ടായി വരുമെന്നത് കണക്കാക്കാൻ നമുക്ക് ഇപ്പോഴും കഴിയില്ല. ഉദാഹരണത്തിന് ഈ വർഷം 200 സെന്റീമീറ്റർ മഴ ലഭിച്ചപ്പോൾ കിട്ടിയ മണൽ അടുത്ത വർഷം ഇതേ അളവിൽ മഴ ലഭിച്ചാൽ കിട്ടണമെന്നില്ല. വളരെ ദീർഘകാലാടിസ്ഥാനത്തിലുള്ള മോണിറ്ററിങ് ഇതിന് ആവശ്യമാണ്. സാറ്റലൈറ്റ് സർവ്വേ കൊണ്ട് അത് സാധിക്കില്ല. കേരളത്തിലെ മണൽശേഖരം മിക്കവാറും വെള്ളത്തിനടിയിലാണ്. സാറ്റലൈറ്റിന് ഉപരിതലത്തിലുള്ളത് മാത്രമേ എടുക്കാൻ കഴിയുള്ളൂ. അതുകൊണ്ട് തന്നെ ശാസ്ത്രീയമായ വിലയിരുത്തലിന് ശേഷം മാത്രമേ മണൽവാരലിന് അനുമതി നൽകാവൂ. മണൽ ആദായമുള്ള പ്രകൃതിവിഭവമായതുകൊണ്ട് പഞ്ചായത്തുകൾ തമ്മിൽ മൽസരമുണ്ടാകാനുള്ള സാധ്യതയുണ്ട്. അതിന്റെ പശ്ചാത്തലത്തിൽ സി.ഡബ്യൂ.ആർ.ഡി.എം പോലെ ഒരു ശാസ്ത്രീയ ഏജൻസി തേഡ് പാർട്ടിയായി മോണിറ്ററിങ് നടത്തണം. സാങ്കേതികമായ വൈദഗ്ധ്യമുള്ള പാർട്ടീസ് ഇക്കാര്യങ്ങൾ വിലയിരുത്തണമെന്നത് പ്രധാനമാണ്.”

ശ്രീകുമാർ ചതോപാധ്യ

സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനായി പ്രകൃതിവിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യാനുള്ള വഴികളൊരുക്കുന്നത് കേരളം പോലെ പ്രകൃതിദുരന്തങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സംസ്ഥാനത്തിന് അഭികാമ്യമല്ല. 2001ലെ നദീതീരസംരക്ഷണവും മണൽവാരൽ നിയന്ത്രണവും നിയമം ഭേദഗതി ചെയ്ത് മണൽ ഖനനം ഉദാരമാക്കിയാൽ കേരളത്തെ പാരിസ്ഥിതികമായി അത് എങ്ങനെയാണ് ബാധിക്കാൻ പോകുന്നത് എന്ന ആശങ്ക പരിഹരിക്കാൻ സർക്കാരിന് ബാധ്യതയുടണ്ട്. “വളരെയധികം രാഷ്ട്രീയാവബോധമുള്ള ജനതയായിട്ടാണ് അവർ സ്വയം കണക്കാക്കിയിരുന്നത്. ഉദാഹരണത്തിന് മണൽവാരലിന്റെ ദൂഷ്യവശങ്ങളെപ്പറ്റി ദിവസവും പത്രങ്ങളിൽ കൃത്യമായി വായിച്ചതിന് ശേഷമായിരുന്നു അന്നാട്ടിലെ മണൽവാരലുകാർ മണൽവാരാൻ പോയിരുന്നത്.” ‘മരിയ വെറും മരിയ’ എന്ന നോവലിൽ സന്ധ്യാ മേരി എന്ന എഴുത്തുകാരി അവരുടെ നാടിനെ വിവരിക്കുന്ന ഭാഗമാണിത്. സന്ധ്യാ മേരി സൂചിപ്പിക്കുന്നതുപോലെ അനിയന്ത്രിതമായ മണൽവാരലിന്റെ പ്രശ്നങ്ങളെക്കുറിച്ച് ബോധ്യമുള്ള ഒരു സമൂഹം കേരളത്തിൽ ഉയർന്നുവന്നിട്ടുണ്ട്. വളരെ ചെറുപ്രായത്തിൽ തന്നെ മണൽവാരലിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കേണ്ടുന്നതിനെക്കുറിച്ചും പാഠ്യവിഷയങ്ങളിലൂടെ പഠിപ്പിക്കുന്ന ഒരു സംസ്ഥാനത്ത് വീണ്ടും അതിന് വിപരീതമായി സർക്കാർ നീങ്ങുകയാണ് വ്യക്തമാക്കുന്നതാണ് റവന്യൂ വകുപ്പിന്റെ ഈ തീരുമാനം.

Also Read

7 minutes read January 9, 2024 12:05 pm