Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
“സ്‌കോളര്‍ഷിപ്പ് ലഭിക്കാത്തതുകൊണ്ട് ഫീസ് അടക്കാന്‍ കഴിയുന്നില്ല. ഫീസ് അടക്കാത്തതിനാല്‍ എക്‌സാം എഴുതാന്‍ പറ്റില്ലെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്.” ബി.എസ്.സി നഴ്സിംഗിന് ആന്ധ്രയിലെ എസ്.എ.ആര്‍.എം കോളേജില്‍ പഠിക്കുന്ന പാലക്കാട് സ്വദേശിനി കാവ്യയുടെ പഠനത്തിന് നേരിടുന്ന പ്രയാസങ്ങൾ വിവരിച്ചു തുടങ്ങി. ഓട്ടോറിക്ഷ ഡ്രൈവറായ കുട്ടന്റെയും കൂലിപ്പണിക്കാരിയായ കുമാരിയുടെയും മൂത്തമകളാണ് കാവ്യ. പ്ലസ് ടുവില്‍ സയന്‍സ് വിഷയം പാസായ കാവ്യക്ക് നഴ്‌സ് ആകണമെന്നാണ് ആഗ്രഹം. കേരളത്തിലെ നഴ്‌സിങ് എന്‍ട്രന്‍സ് എക്‌സാമായ എല്‍.ബി.എസ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ആന്ധ്രയിലെ എസ്.എ.ആര്‍.എം കോളേജിൽ ബി.എസ്.സി നഴ്‌സിങിന് കാവ്യ ചേരുന്നത്. “പഠിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിവുണ്ടായിട്ടല്ല. അവരുടെ ഇഷ്ടവിഷയം പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുമെന്ന് അറിഞ്ഞതുകൊണ്ടാണ് രണ്ട് മക്കളെയും പഠിപ്പിക്കാമെന്ന് വിചാരിച്ചത്. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ പെരുവഴിയിലാണ്.” കാവ്യയുടെ അമ്മ കുമാരി നിസഹായത നിറഞ്ഞ ശബ്ദത്തോടെ പറഞ്ഞു.
കാവ്യയുടെ സഹോദരി നവ്യയും ആന്ധ്രയിലെ കടപ്പയിലുള്ള സായികൃപ കോളേജില്‍ ബി.എസ്.സി നഴ്‌സിങ് വിദ്യാര്‍ത്ഥിനിയാണ്. സര്‍ക്കാരില്‍ നിന്നുള്ള സ്‌കോളര്‍ഷിപ്പ് തുക രണ്ട് വര്‍ഷമായി വരാതായതോടെ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുമോയെന്ന ഭയത്തിലാണ് ഈ സഹോദരിമാര്‍. ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിനായി ലഭ്യമാക്കുന്ന സ്‌കോളര്‍ഷിപ്പാണ് പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍. ന്യൂനപക്ഷവിഭാഗങ്ങളായ എസ്.സി/എസ്ടി, ഒ.ബി.സി, ഒ.ഇ.സി, എന്നീ വിഭാഗക്കാര്‍ക്കാണ് ഇത് ലഭ്യമാകുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടിലധികം വര്‍ഷമായി കേരളത്തിന് പുറത്തുള്ള യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും പഠിക്കുന്ന എസ്.സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് ലഭ്യമാകുന്നില്ല.
“ഒരു ലക്ഷം രൂപയോളമാണ് ഒരു വര്‍ഷം പഠിച്ചിറങ്ങാന്‍ വേണ്ടത്. ആദ്യത്തെ രണ്ട് വര്‍ഷം 82,000 രൂപ വീതം ലഭിച്ചിരുന്നു. ഇപ്പോള്‍ പാലക്കാട് എസ്.സി/എസ്.ടി ജില്ലാ ഓഫീസില്‍ അന്വേഷിക്കുമ്പോള്‍ ഫണ്ട് വന്നിട്ടില്ല എന്നാണ് പറയുന്നത്. 2020 മുതലുള്ള സ്‌കോളര്‍ഷിപ്പ് കിട്ടാനുണ്ട്.” കാവ്യ പറയുന്നു. കോളേജ് ഫീസ് അടക്കാന്‍ നിരന്തരമായ സമ്മര്‍ദ്ദമാണ് കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. ഇത്ര വലിയ തുക എങ്ങനെ കണ്ടെത്തുമെന്നാണ് രക്ഷിതാക്കള്‍ ചോദിക്കുന്നത്. “ഇപ്പോള്‍ എല്ലാത്തിനും മെഷീനുകള്‍ ഉള്ളത് കൊണ്ട് ഞങ്ങൾക്ക് പണി കുറവാണ്. കടം വാങ്ങി കുറച്ചു കാശ് ഹോസ്റ്റല്‍ ഫീസായി അടച്ചിട്ടുണ്ടെങ്കിലും ബാക്കി തുക എങ്ങനെ കണ്ടെത്താനാണ്? കാവ്യയുടെ അമ്മ കുമാരി ചോദിക്കുന്നു. നാല് സെന്റിനുള്ളിലെ രണ്ട് മുറിവീടിനുള്ളില്‍ കഴിയുന്ന ഇവര്‍ക്ക് ബാങ്ക് ലോണ്‍ പോലും കിട്ടാത്ത അവസ്ഥയാണുള്ളത്. ഫണ്ട് വന്നാല്‍ ഉടന്‍ സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കാമെന്ന എസ്.സി/എ.സ്ടി ജില്ലാ ഓഫീസ് അധികൃതര്‍ നല്‍കുന്ന ഉറപ്പിലാണ് ഈ കുടുംബത്തിൻ്റെ പ്രതീക്ഷ.
ഇത് കാവ്യ, നവ്യ എന്ന സഹോദരിമാരുടെ മാത്രം പ്രശ്‌നമല്ല. കേരളത്തിന് പുറത്തുള്ള യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലുമായി പഠിക്കുന്ന അനേകായിരം ദലിത്-ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നമാണ്. പട്ടികജാതി പട്ടികവര്‍ഗത്തില്‍പ്പെട്ട കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിലേക്ക് എത്തിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പിന്റെ ഉദ്ദേശലക്ഷ്യം. അതിനായി ഓരോ വര്‍ഷത്തെയും പഠനം നടത്താന്‍ സഹായിക്കേണണ്ടത് സംസ്ഥാന സർക്കാരിൻ്റെ ഉത്തരവാദിത്വമാണ്. 60 ശതമാനം സ്‌കോളര്‍ഷിപ്പ് തുക കേന്ദ്രസര്‍ക്കാരും, 40 ശതമാനം തുക സംസ്ഥാനസര്‍ക്കാരുമാണ് പദ്ധതിക്കായി ചിലവഴിക്കേണ്ടത്.
“സ്‌കോളര്‍ഷിപ്പ് നൽകാത്ത കാര്യത്തിൽ സര്‍ക്കാര്‍ പ്രധാനമായും ഉന്നയിക്കുന്ന വാദം സാമ്പത്തിക പ്രശ്‌നമാണ്. ഒരു വര്‍ഷം മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനുള്ള തുക കേന്ദ്രം ഒന്നിച്ച് അനുവദിക്കുകയാണ്. അങ്ങനെ 350 കോടി രൂപയോളമാണ് ഓരോ വര്‍ഷവും അനുവദിക്കപ്പെടുന്നത്. കേന്ദ്ര സര്‍ക്കാര്‍ കൊടുക്കുന്ന തുകയെങ്കിലും കുട്ടികള്‍ക്ക് കൊടുക്കാമല്ലോ. അല്ലെങ്കില്‍ വിതരണം ചെയ്യാത്ത തുക തിരിച്ചടക്കട്ടെ, നടപ്പിലാക്കാത്ത പദ്ധതിയുടെ പേരില്‍ കാശ് വെച്ചേക്കേണ്ടതില്ലല്ലോ.” പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് ലഭിക്കാത്ത വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന സാമൂഹ്യപ്രവർത്തകനും വെൽഫെയർ പാർട്ടിയുടെ നേതാവുമായ അനീഷ് പാറമ്പുഴ ചോദിക്കുന്നു. “എസ്.സി/എ.സ്ടി വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് കൊടുക്കില്ലെന്നല്ല. പക്ഷേ, ഒരുമിച്ച് നല്‍കില്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നാണ് കഴിഞ്ഞ പ്രാവശ്യത്തെ നിയമസഭാ സമ്മേളനത്തില്‍ എ.കെ ബാലന്‍ വിഷയത്തോട് പ്രതികരിച്ചത്. എന്നാല്‍ ഒന്നിച്ച് കൊടുക്കണമെന്ന് വിദ്യാര്‍ഥികളാരും തന്നെ ഇവിടെ ആവശ്യപ്പെടുന്നില്ല. പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന്റെ രീതിയുമതല്ല.” ഒരിക്കലും കൃത്യമായ സമയങ്ങളിൽ സ്കോളർഷിപ്പുകൾ നല്കാറില്ലെന്ന പ്രശ്നമാണ് കേരളത്തിനകത്തും പുറത്തും പഠിക്കുന്ന വിദ്യാർത്ഥികൾ/ ഗവേഷകർ ഉന്നയിക്കുന്നത്.
സര്‍ക്കാരിന്റെ വിചിത്രവാദങ്ങള്‍
കേരളത്തിന് പുറത്ത് ബി.എസ്.സി നഴ്‌സിങ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കാത്തതിനെ സംബന്ധിച്ച് വളരെ വിചിത്രമായ വാദങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. 2017 മുതലാണ് എസ്.സി/എസ്ടി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിപുലമായി സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തുടങ്ങിയത്. രണ്ടരലക്ഷം രൂപ വരെ രക്ഷകര്‍ത്താവിന് വാര്‍ഷിക വരുമാനം, സംസ്ഥാനത്തിന് പുറത്ത് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ അഡ്മിഷന്‍ എന്നിവയായിരുന്നു സ്‌കോളര്‍ഷിപ്പ് ലഭ്യമാകാന്‍ വേണ്ട മാനദണ്ഡങ്ങള്‍. എന്നാല്‍, ഇതുകൂടാതെ 2018-19 വര്‍ഷങ്ങളില്‍ അലോട്ട്‌മെന്റ് മെമ്മോ ഹാജരാക്കണമെന്ന പുതിയ നിയമം സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുകയാണ്. ഈ നീക്കത്തെ 2018ല്‍ തന്നെ കേരള ഹൈക്കോടതിയില്‍ വിദ്യാർത്ഥികൾ ചോദ്യം ചെയ്യുകയും പത്രത്തില്‍ പരസ്യം കൊടുത്ത് അഡ്മിഷന്‍ എടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് പ്രശ്‌നങ്ങളില്ല എന്ന് കേന്ദ്ര സർക്കാർ അഭിഭാഷകർ സത്യവാങ്മൂലം ഹാജരാക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഇന്ത്യയില്‍ ഒരിടത്തും നടക്കാത്ത രീതിയില്‍ അനാവശ്യമായി സംസ്ഥാന സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്നതില്‍ ഇടപെടുകയാണ് ചെയ്യുന്നത്.
“റിസര്‍വേഷനിലും മെറിറ്റിലും സീറ്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കി വരുന്നത്. നീറ്റ് പോലുള്ള ഏതെങ്കിലും പൊതുപ്രവേശന പരീക്ഷ വിദ്യാര്‍ത്ഥി പാസായിരിക്കണം. മാനേജ്‌മെന്റ് സീറ്റിൽ വലിയ തുക നല്‍കി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. എന്നാല്‍ സുതാര്യമായ ഒരു പ്രോസസിലൂടെ വരുന്ന കുട്ടികളെ, ഫീസ് റെഗുലേറ്ററി കമ്മിറ്റി അപ്രൂവ് ചെയ്താല്‍ മാത്രമേ സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കാനാകൂ.” ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ സിന്ധു പരമേശ്വരന്‍ ബി.എസ്.സി നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് പ്രതികരിച്ചത് ഇങ്ങനെയാണ്.
പൊതുപ്രവേശന പരീക്ഷ പാസായി വന്നാൽ മാത്രമേ സ്കോളർഷിപ്പ് നൽകുകയുള്ളൂ എന്ന് പറയുന്നത് കടുത്ത വിവേചനമാണെന്നാണ് രക്ഷിതാക്കളും സാമൂഹ്യപ്രവർത്തകരും പറയുന്നത്. “ഇവിടെ പട്ടികജാതി/വർഗക്കാര്‍ മാത്രം പരീക്ഷ എഴുതി പാസായി വരണമെന്നാണ് ഡിപ്പാർട്ട്മെൻ്റ് പറയുന്നത്. എന്നാല്‍ ഇതേ പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് ഇവിടുത്തെ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കുന്നുമുണ്ട്. ഇത് കൃത്യമായ ജാതിയാണ്”. എസ്.എ.ആർ.എം ഗ്രൂപ്പ് ഓഫ് നഴ്സിംഗ് കോളേജസിന്റെ അക്കാദമിക് ഡയറക്ടർ രമേശൻ പറഞ്ഞു.
“കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ എടുക്കുന്നത് മെറിറ്റിലൂടെയല്ല, മാനേജ്‌മെന്റ് സീറ്റിലും സ്‌പോട്ട് അഡ്മിഷനിലൂടെയുമാണ്. അങ്ങനെയുള്ളവര്‍ക്ക് എന്തിനാണ് സ്‌കോളര്‍ഷിപ്പ് എന്ന് അവര്‍ ചോദിക്കുന്നു. പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ എവിടെ, എങ്ങനെ പഠിച്ചാലും അവരുടെ വിദ്യാഭ്യാസം ഭരണഘടനാപരമായ അവകാശമാണ്. അത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണ്. സ്‌റ്റേറ്റ് പറയുന്ന മാനദണ്ഡത്തിലൂടെ മാത്രമേ സ്‌കോളര്‍ഷിപ്പ് നല്‍കാവൂ എന്നില്ല. കേരളത്തിലുള്ള പട്ടികജാതി ഓഫീസുകളിലെ ജീവനക്കാര്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരല്ല. അവര്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ അനാവശ്യമായി തോന്നുന്നത്.” അനീഷ് പാറമ്പുഴ പറഞ്ഞു. “പാലക്കാട് ജില്ലാ പട്ടിക ജാതി ഓഫീസര്‍ ആയിരുന്ന സജീവനാണ് ആദ്യം ഇതിനെതിരെ ഡിവിഷന്‍ എഴുതുന്നത്. അദ്ദേഹമാണ് ഇപ്പോഴത്തെ പട്ടിക ജാതി വികസനവകുപ്പിന്റെ അഡീഷണല്‍ ഡയറക്ടര്‍. മന്ത്രിക്കോ എം.എല്‍.എമാര്‍ക്കോ ഇതൊന്നും ഒരു വിഷയമല്ല. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിനായി 50,000 രൂപ ജില്ലാ പഞ്ചായത്ത് സ്‌കോളര്‍ഷിപ്പ് ഉണ്ടായിരുന്നു. അത് കഴിഞ്ഞ വര്‍ഷം മുതല്‍ നിര്‍ത്തലാക്കി. ഈ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസം നേടരുതെന്ന അജണ്ടയാണ് ഇതിന് പിന്നിലുള്ളത്. ഇത് കൃത്യമായ ജാതിയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളർഷിപ്പിന്റെ പിന്തുണകൊണ്ടുതന്നെ പഠിച്ചിറങ്ങാന്‍ കഴിയും. കമ്യൂണിറ്റിക്ക് തന്നെ വലിയ രീതിയില്‍ മാറ്റമുണ്ടാക്കുന്ന പദ്ധതിയാണിത്.” അനീഷ് വിശദമാക്കി.
എസ്.സി-എസ്.ടി വിദ്യാർഥികൾക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് നൽകാൻ സംസ്ഥാന സർക്കാരിന്റെ കൈവശം പണമില്ലെന്ന വിവരം പട്ടികജാതി ഡയറക്ടറുടെ കത്തിലൂടെ തന്നെ ഒക്ടോബർ മാസം പുറത്തുവന്നിരുന്നു. 2022-23 വർഷം പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് വിതരണത്തിനായി കേന്ദ്ര പ്ലാൻ വിഹിതം -162 കോടി, സംസ്ഥാന പ്ലാൻ വിഹിതം- 108 കോടി, അഡീഷനൽ പ്ലാൻ – 60 കോടി എന്നിങ്ങനെ ആകെ 330 കോടിയാണ് വകയിരുത്തിയത്. എന്നാൽ, സംസ്ഥാന വിഹിതത്തിൽ അലോട്ട്മന്റെ് സീലിങ് ഉള്ളതിനാൽ യഥാസമയം ബില്ലുകൾ മാറി വിദ്യാർഥികൾക്ക് ആനുകൂല്യം അനുവദിക്കുന്നതിന് സാധിക്കുന്നില്ലെന്നാണ് പട്ടികജാതി ഡയറക്ടർ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്. മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. 2021-22 അദ്ധ്യയന വർഷത്തെ ഹോസ്റ്റൽ ഫീസ് ഉൾപ്പെടെ തുക വിതരണം ചെയ്യുന്നതിന് ഇത് തടസ്സമായി തീർന്നു.
ജീവനക്കാരുടെ അനാസ്ഥകള്‍
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ എം.ഫില്‍ സ്‌കോളറായ ഒ ഹരികൃഷ്ണന് വർഷങ്ങളാണ് തന്റെ പഠനാവശ്യത്തിനായുള്ള ഫെല്ലോഷിപ്പ് നേടിയെടുക്കാന്‍ ചിലവഴിക്കേണ്ടി വന്നത്. എംഫില്ലിന് ജോയിൻ ചെയ്ത അന്നേ ദിവസം തന്നെ അപ്ലൈ ചെയ്തിരുന്നെങ്കിലും ജില്ലാ പട്ടികജാതി ഓഫീസര്‍ ലീവിലാണെന്ന ഒറ്റ കാരണത്താല്‍ ആപ്ലിക്കേഷന്‍ വൈകിപ്പിക്കുകയായിരുന്നു. ‘അറ്റന്‍ഡൻസ് റെക്കോര്‍ഡ് വേണമെന്ന് പറഞ്ഞപ്പോള്‍ ഞാനത് ഹാജരാക്കിയിരുന്നു. എന്നാല്‍ പിന്നീട് അത് കാണാനില്ലെന്ന് പറഞ്ഞ് അധികൃതര്‍ വീണ്ടും വൈകിപ്പിച്ചു. അധികൃതരുടെയും ജീവനക്കാരുടെയും തികഞ്ഞ അനാസ്ഥയാണ് ഇതിന് പിന്നില്‍. രണ്ടാമത് അറ്റന്‍ഡസ് സബ്മിറ്റ് ചെയ്യുമ്പോള്‍ റെക്കോര്‍ഡ് കൈപ്പറ്റിയെന്ന് എഴുതി ഒപ്പിട്ട് തരണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. അത്ര അശ്രദ്ധയോടെയാണ് ഡോക്യുമെന്റുകള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കൈകാര്യം ചെയ്യപ്പെടുന്നത്.” ഹരികൃഷ്ണന്‍ സാക്ഷ്യപ്പെടുത്തുന്നു.
ഒരു വര്‍ഷ കോഴ്‌സായ എംഫില്‍ കഴിഞ്ഞിട്ടും ഹരികൃഷ്ണന്റെ ഫയല്‍ ജില്ലാ ഓഫീസില്‍ തന്നെ കുടുങ്ങിക്കിടന്നതോടെയാണ് ഹരികൃഷ്ണന്‍ മാധ്യമങ്ങളിലൂടെ തന്റെ പ്രശ്‌നം പുറംലോകത്തെ അറിയിക്കുന്നത്. ‘ഓണ്‍ലൈന്‍ ആയതുകൊണ്ട് ഒരു ക്ലിക്കില്‍ അധികൃതര്‍ക്ക് ആപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്യാവുന്നതേയുള്ളൂ. ഇ-ഗ്രാന്റ്‌സ് ചെയ്യുന്ന സ്റ്റാഫില്ല എന്നൊക്കെയാണ് കുറേക്കാലം പറഞ്ഞുകൊണ്ടിരുന്നത്. ഫെല്ലോഷിപ്പ് വൈകിയതോടെ വീടിന്റെ വാടക, ഭക്ഷണം, ഫീല്‍ഡ് വര്‍ക്ക്, യാത്ര ഒക്കെ പ്രശ്‌നത്തിലായി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ഹോസ്റ്റല്‍ ഇല്ലാത്തതിനാല്‍ വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഒരു പേപ്പര്‍ പബ്ലിഷ് ചെയ്യാന്‍ മാത്രം 2000-3000 രൂപയോളമാണ് ആകുക. മാസാമാസം ആ ഗ്രാന്റസ് കിട്ടിയിരുന്നെങ്കില്‍ സ്‌കോളേഴ്‌സിന് ഉപകാരമായിരുന്നു. ഞങ്ങള്‍ പഠിക്കാനല്ലേ പൈസ ചോദിക്കുന്നത്?” ഹരികൃഷ്ണന്‍ ചോദിക്കുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് അവകാശപ്പെട്ട സ്‌കോളര്‍ഷിപ്പുകളും, ഫെല്ലോഷിപ്പുകളും നിരന്തരം സമരം ചെയ്ത് പൊരുതി നേടിയെടുക്കേണ്ട ഗതികേടിലാണ് എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികളുള്ളത്. സാമ്പത്തികശേഷി കുറഞ്ഞ, സാമൂഹ്യ പശ്ചാത്തലത്തിൽ നിന്നെത്തുന്ന വിദ്യാര്‍ത്ഥികളോട് സര്‍ക്കാരും പട്ടികജാതി വികസന ബോര്‍ഡുമൊക്കെ കടുത്ത നീതിനിഷേധമാണ് നടത്തുന്നത്. അധികൃതര്‍ ഒരുതരം ഔദാര്യമായാണ് സ്‌കോളര്‍ഷിപ്പുകളെ കാണുന്നതെന്നും ഹരികൃഷ്ണന്‍ ആരോപിക്കുന്നു. “വിദ്യാഭ്യാസത്തിനുള്ള ഫണ്ട് കിട്ടാനാണ് ബുദ്ധിമുട്ട്. വിദ്യാഭ്യാസം കിട്ടിയാല്‍ തിരിച്ച് ചോദ്യം ചോദിക്കുമെന്ന് അവര്‍ക്ക് അറിയാം. അതുകൊണ്ടാണ് ഇവിടെ കോഴിയും ആടും കൊടുക്കാനുള്ള ഫണ്ട് എളുപ്പത്തിൽ പാസാകുകയും, പഠിക്കാനുളള ഫണ്ടിന് വേണ്ടി സമരം ചെയ്യേണ്ടിയും വരുന്നത്.”
സ്‌കോളര്‍ഷിപ്പ് ലഭിക്കുമെന്ന ഉറപ്പിലാണ് തമിഴ്‌നാട്ടിലെ ഗാന്ധിഗ്രാം റൂറല്‍ ഇന്‍സിസ്റ്റ്യൂട്ടില്‍ രേഷ്മ രാജന്‍ എന്ന വിദ്യാര്‍ത്ഥി കഴിഞ്ഞ ഒക്ടോബറില്‍ പി.എച്ച്.ഡിക്ക് ചേരുന്നത്. എന്നാല്‍ ജില്ലാ പട്ടികജാതി ഓഫീസില്‍ നിന്നും നല്‍കിയ അപേക്ഷാ ഫോമില്‍ പി.എച്ച്.ഡി എന്ന ഓപ്ഷന്‍ ഇല്ല. അങ്ങനെയൊരു ഓപ്ഷനില്ലാതെ എങ്ങനെ മറ്റ് സ്‌കോളര്‍ഷിപ്പുകളൊന്നും കൈപ്പറ്റുന്നില്ലെന്ന് സക്ഷ്യപ്പെടുത്താൻ കഴിയുമെന്ന് കോളേജ് അധികൃതര്‍ രേഷ്മയോട് ചോദിക്കുന്നു. “സ്‌കോളര്‍ഷിപ്പിന് മാസാമാസം ക്ലെയിം ചെയ്യണമെന്നാണ് ഓഫീസ് അധികൃതര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ആപ്ലിക്കേഷന്‍ ഫോമില്‍ ബി.എ, എം.എ തുടങ്ങിയ ഡിഗ്രികള്‍ മാത്രമേ ഉള്ളൂ. പി.എച്ച്.ഡി എന്ന ഓപ്ഷന്‍ പറയുന്നില്ല. അതില്ലാതെ സര്‍ട്ടിഫിക്കേറ്റ് കോളേജില്‍ നിന്ന് ലഭ്യമാകുമോ എന്ന് തന്നെ സംശയമാണ്.” രേഷ്മ രാജന്‍ ആശങ്കകള്‍ പങ്കുവെച്ചു. “ആപ്ലിക്കേഷന്‍ കാലാവധി ഒരു വര്‍ഷമായത് കൊണ്ട് തന്നെ വീണ്ടും പുതുക്കേണ്ടി വരും. ഓഫ്‌ലൈനായി ചെയ്യേണ്ടതുകൊണ്ട് എവിടെയാണ് നമ്മുടെ ആപ്ലിക്കേഷന്‍ പെന്‍ഡിങ് ആയി കിടക്കുന്നതെന്ന് കണ്ടുപിടിക്കാനും കഴിയില്ല.” പി.എച്ച്.ഡി വിദ്യാര്‍ത്ഥികള്‍ക്ക് 23,250 രൂപയാണ് മാസം സ്‌കോളര്‍ഷിപ്പായി ലഭിക്കുന്നത്. എന്നാല്‍ ഇത്തരം അനാസ്ഥകളാല്‍ സ്‌കോളര്‍ഷിപ്പ് ലഭ്യമാകാതെ പോകുമോയെന്ന് രേഷ്മയെ പോലുള്ള നിരവധി ഗവേഷക വിദ്യാര്‍ത്ഥികള്‍ ഭയപ്പെടുന്നുണ്ട്.
സാമ്പത്തിക സംവരണവും സ്കോളർഷിപ്പ് മുടക്കവും
“കഴിഞ്ഞ ഒരു എക്‌സാമില്‍ ഇ.ഡബ്ല്യു.എസ് (Economically Weaker Section) വിഭാഗത്തിന്റെ കട്ട് ഓഫ് മാര്‍ക്ക് എസ്.സി/എസ്ടി വിഭാഗത്തിനേക്കാള്‍ കുറവായിരുന്നു. കള്‍ച്ചറല്‍ മെറിറ്റ് ഉള്ള മനുഷ്യര്‍ക്കാണ് വീണ്ടും റിസര്‍വേഷന്‍ നല്‍കുന്നത്. സാമ്പത്തിക സംവരണം എന്ന് പറയുന്നത് തന്നെ തെറ്റാണ്. സവര്‍ണ സംവരണം എന്ന് തന്നെയാണ് പറയേണ്ടത്. കാരണം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും അത് നല്‍കുന്നില്ല. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് മാത്രമാണ് ഇ.ഡബ്ല്യൂ.എസ്. നാല് ഏക്കര്‍ ഉള്ളവരാണ് ദരിദ്രര്‍ എന്നുപറയുന്നിടത്ത് തന്നെ ഇത് തെറ്റാണ്. ഞാനടങ്ങുന്ന മനുഷ്യര്‍ ഇപ്പോഴും കോളനികളില്‍ നിന്നാണ് പഠിച്ചു വരുന്നത്.” ഹരികൃഷ്ണന്‍ ആത്മരോഷത്തോടെ പറഞ്ഞു. “ഇപ്പോഴും സെന്‍ട്രല്‍ യൂണിവേഴിസ്റ്റികളില്‍ പല ഡിപാര്‍ട്‌മെന്റുകളിലും എസ്.സി/എ.സ്ടി സീറ്റുകള്‍ വേക്കേന്റാണ്. എ.സ്ടി സ്‌കോളര്‍സ് ഒരാള് പോലുമില്ല. എന്തുകൊണ്ടാണ് അങ്ങനെയെന്ന് ആരും അന്വേഷിക്കുന്നില്ല. റിസര്‍വേഷന്‍ കൊടുത്തിട്ടും ആളുകള്‍ വരുന്നില്ല എന്നാണ് പരാതി. എന്തുകൊണ്ട് വരുന്നില്ല എന്ന ചോദ്യത്തെ ആരും അഡ്രസ് ചെയ്യുന്നില്ല.”
സംസ്ഥാന സര്‍ക്കാര്‍ ഒരു വശത്ത് സവര്‍ണ സംവരണം നടപ്പാക്കുകയും മറുവശത്ത് പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പുകള്‍ നല്‍കാതിരിക്കുകയും ചെയ്യുന്നത് ഒരുപോലെ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് ഈ വിദ്യാർത്ഥികൾ പറയുന്നു. ഉപരിപഠനം ചെയ്യുന്ന എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും കോഴ്‌സ് കഴിഞ്ഞാല്‍ പോലും സ്‌കോളര്‍ഷിപ്പ് ലഭിക്കാത്ത സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. ഇത് കാരണം പി.എച്ച്.ഡി ഗവേഷകരായിട്ടുള്ള വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ നിരവധിയാണ്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡി ചെയ്യുന്ന എ.സ്ടി വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥി അജിത് ശേഖരന്റെ വാക്കുകള്‍ താന്‍ കടന്നു പോകുന്ന നിരാശ പങ്കുവെക്കുന്നുണ്ട്. “കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പോലെ ഒരിടത്ത് എ.സ്ടി വിഭാഗത്തില്‍പപ്പെട്ട ഇടുക്കിയില്‍ നിന്നുള്ള എനിക്ക് അഡ്മിഷന്‍ കിട്ടി. സാമ്പത്തികമായ യാതൊരു പിന്തുണയുമില്ലാതെയാണ് ഞങ്ങള്‍ ഇവിടെ വരെയെത്തുന്നത്. എന്നാല്‍ ഇപ്പോള്‍ നിരന്തരമായ അഭിമാനക്ഷതമാണ് ഉണ്ടാകുന്നത്. എല്ലാത്തിനും ആളുകളോട് കൈ നീട്ടേണ്ടി വരുന്ന ഭീകരാവസ്ഥ. എപ്പോഴും എന്തിനും ഒരാളെ ആശ്രയിക്കേണ്ടി വരുന്നു.”
അജിത് ശേഖരന്‍ പി.എച്ച്.ഡിക്ക് അഡ്മിഷൻ എടുത്തിട്ട് ആറ് മാസത്തോളമായി. മൂന്ന് മാസത്തിന് ശേഷം അജിത്തിന് പഠനത്തിനും ചിലവുകള്‍ക്കുമുള്ള തുക കണ്ടെത്താനായി മറ്റ് തൊഴിലുകള്‍ ചെയ്യേണ്ടി വന്നു. തന്റെ ഗവേഷണത്തിനായി ചെലവഴിക്കേണ്ട വിലപ്പെട്ട സമയത്തെയാണ് സർക്കാരിന്റെ അനാസ്ഥ കാരണം ഒരു വിദ്യാര്‍ത്ഥിക്ക് ഇവിടെ നഷ്ടപ്പെടുത്തേണ്ടി വരുന്നത്. “മൂന്നു മാസത്തിലൊരിക്കലെങ്കിലും ഫെല്ലോഷിപ്പ് തുക ലഭിച്ചാല്‍ വളരെ സുഗമമായി പഠനം തുടരാന്‍ സാധിക്കും. ഇത് എന്നെ പോലെ പല കുട്ടികളെയും സംബന്ധിക്കുന്ന പ്രശ്‌നമാണ്. എപ്പോള്‍ അന്വേഷിച്ചാലും വിദ്യാര്‍ത്ഥികള്‍ക്ക് ഫണ്ടില്ലെന്നാണ് പറയുന്നത്. കോടികള്‍ ഫണ്ട് വരുന്ന ഡിപ്പാർട്ട്മെൻ്റ് കൂടിയാണ് ട്രൈബല്‍ ഡിപ്പാര്‍ട്‌മെന്റ് എന്ന് കൂടി ഇവിടെ നാം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. 23,250 രൂപയാണ് ഫെല്ലോഷിപ്പ്. അത് ലഭിച്ചാല്‍ മാത്രമേ ഗവേഷണത്തിന് അടിസ്ഥാനപരമായി വേണ്ട സാധനങ്ങളും റീഡിങ് മെറ്റീരിയലുകളുമൊക്കെ വാങ്ങാന്‍ കഴിയൂ. മന്ത്രി രാധാകൃഷ്ണന്റെ കീഴില്‍ ഒരു പരാതി സെല്‍ പോലെ ഒരു പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ പരാതി അയച്ചാല്‍ പോലും മറുപടി ലഭിക്കാറില്ല.” അജിത് ശേഖരന്‍ പറയുന്നു.
വെബ് പോര്‍ട്ടലില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരേണ്ടി വന്നതുകൊണ്ടാണ് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കാന്‍ കാലതാമസം നേരിടുന്നതെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ സിന്ധു പരമേശ്വരൻ ഇതിന് മുറപടിയായി പറഞ്ഞത്. ആധാര്‍ ലിങ്ക് ചെയ്തിട്ടുള്ളവർക്ക് മാത്രമേ അപേക്ഷകള്‍ എന്റര്‍ ചെയ്യാന്‍ പറ്റുകയുള്ളൂവെന്നും അല്ലാതെ ആരുടെയും സ്‌കോളര്‍ഷിപ്പ് തടഞ്ഞുവെച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാത്ത രീതിയില്‍ സ്കോളർഷിപ്പ് നൽകണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് കൊടുത്തിട്ടുണ്ടെന്നും ട്രഷറിയിലെ അക്കൗണ്ട് ഫ്രീസായി പോയത് കൊണ്ടാണ് കാലതാമസം നേരിടുന്നതെന്നും ഒരാഴ്ചക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും അവര്‍ വ്യക്തമാക്കി.
പ്രശ്‌നം വേഗം പരിഹരിക്കപ്പെടുമെന്ന് സർക്കാർ പ്രതിനിധികൾ വ്യക്തമാക്കുന്നുണ്ടെങ്കിലും അർഹമായ പഠന സഹായം ലഭിക്കുന്നതിന് വേണ്ടി നാളുകളായി അലയുന്ന വിദ്യാർത്ഥികൾക്ക് പ്രതീക്ഷ നഷ്ടമായിരിക്കുകയാണ്. ഒരുവശത്ത് സാമ്പത്തിക സംവരണം നടപ്പിലാക്കും എന്ന് പറയുന്ന കേരള സർക്കാർ മറ്റൊരു വശത്ത് എസ്.സി-എസ്.ടി വിദ്യാർത്ഥി കളുടെയും ഗവേഷകരുടെയും സഹായങ്ങൾ നൽകാതിരിക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.