Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
നാലു വയസ്സു തികയും മുന്നെ പ്രീ-പ്രൈമറി ക്ലാസ്സിൽ ചേർക്കപ്പെട്ട കുഞ്ഞായിരുന്നു ഞാൻ. നാട്ടിൽ തന്നെയുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കായിരുന്നെങ്കിലും, വീടിനപ്പുറത്തെ ലോകത്തേക്കുള്ള ആ പുറന്തള്ളൽ ഭീതിദമായിരുന്നു. സ്കൂബീഡെ ബാഗും, വള്ളിയുള്ള വാട്ടർബോട്ടിലിൽ നിറയ്ക്കും ടാങ്കിന്റെ ഓറഞ്ച് ജ്യൂസും, സ്നാക്ക്സ് ബോക്ക്സിലെ വട്ട മുഖങ്ങളുള്ള മിൽക്ക് ബിക്കീസ് ക്രീം ബിസ്ക്കറ്റുകളും എന്റെ പാഠശാലാ പ്രചോദനങ്ങളായില്ല. എന്നുമാത്രമല്ല യൂണിഫോം അണിയിക്കുവാൻ ഉമ്മയെന്നും വല്ലാതെ കഷ്ടപ്പെട്ടു. നിലവിളിച്ചു കരയുന്ന എന്നെ കുട്ടികളെ കുത്തി നിറച്ച ജീപ്പിൽ കയറ്റി പറഞ്ഞയക്കുവാൻ അവർക്കെന്നും ജീപ്പ് ഡ്രൈവറെ വീട്ടിലേക്കു വിളിക്കേണ്ടി വന്നു. ആരാണെന്നറിയാത്ത ആ മനുഷ്യൻ ഒരൊറ്റ നോട്ടം കൊണ്ടുതന്നെ ആരെയും നിശബ്ദനാക്കും, അയാളുടെ കൈകളിലേക്ക് ഉപ്പ എന്നെ ഏൽപ്പിക്കും. തിരിഞ്ഞു നോക്കാതെ ഞാൻ അയാളുടെ കൂടെ പടിയിറങ്ങും. ജീപ്പിന്റെ പിൻവാതിൽ അടഞ്ഞു കഴിഞ്ഞാൽ വിങ്ങിക്കിടന്ന കരച്ചിൽ തികട്ടിവരും. എന്റെ നിലവിളിയുമായി ജീപ്പ് സ്കൂളിലേക്കു കുതിക്കും.
ഓരോ സ്കൂൾ തുറപ്പിനും ഈ കഥ ആരുടെയെങ്കിലും നാവിലൂടെ ആ ജീപ്പു പോലെ വീട്ടിലേക്കെത്തും. കഴിഞ്ഞ തവണ, വല്യമ്മാവന്റെ രണ്ടു മക്കൾ, ഗൾഫിൽ വളർന്നവർ, കോവിഡ് കാലത്ത് ഫ്ലാറ്റിൽ അകപ്പെട്ടവർ, മൊബൈൽ ഫോണിൽ ഓൺലൈൻ ക്ലാസ്സിലൂടെ ആദ്യമായി സ്കൂളിനെ അറിഞ്ഞവർ, നാട്ടിലെ പ്രീ-പ്രൈമറിയിലേക്കുള്ള ഓട്ടോറിക്ഷയും കാത്ത് തറവാട്ടുവീടിൻ പടിക്കൽ നിന്നു. യൂണിഫോമും ബാഗുമണിഞ്ഞ് നിന്ന അവർ എന്നാൽ ഓട്ടോറിക്ഷ കണ്ടതും കരച്ചിൽ ആരംഭിച്ചു. പ്രതിഷേധ പ്രകടനങ്ങളെ കീഴ്പ്പെടുത്താനുള്ള വല്ല്യാത്തയുടെ പരിശ്രമങ്ങളെ ചെറുത്തു തോൽപ്പിച്ചുകൊണ്ട് അവരിൽ മൂത്തവൻ ഓടി വന്നണഞ്ഞത് തൊട്ടടുത്തു തന്നെയുള്ള ഞങ്ങളുടെ വീട്ടിൽ. അവൻ ഒളിയിടം കണ്ടെത്തിയത് രണ്ടാം നിലയിൽ ഞാൻ കിടക്കും മുറിയിലെ ബാത്ത്റൂമിൽ. ഏതോ പുസ്തകം വായിച്ചു കിടക്കുകയായിരുന്ന ഞാൻ എന്തു ചെയ്യണമെന്നറിയാതെ ബാത്ത്റൂമിന്റെ വാതിൽ തുറന്നു നോക്കിയതും അകത്തു കണ്ടത്, സ്കൂളിലേക്ക് കൊണ്ടു പോകാൻ വരുന്ന ജീപ്പിന്റെ മുരൾച്ച കേട്ട് പാതിരാവിൽ ഞെട്ടിയുണർന്നു കരഞ്ഞു വിറച്ചിരുന്ന നാലുതികയാത്ത എന്റെ മുഖം! എന്നാൽ മുറിയുടെ ജനാലയ്ക്കു താഴെ വീടിന്റെ അടുക്കളപ്പുറത്തെത്തി അവനെ കൊണ്ടുപോകാൻ കമ്പൊടിച്ചുകൊണ്ട് ഉച്ചത്തിൽ വിളിക്കുന്ന വല്യാത്ത മുകളിലേക്കു കയറി വരും മുന്നെ അവനെ താഴെ എത്തിക്കേണ്ടിയിരുന്നു എനിക്ക്. ആശ്വസിപ്പിക്കാനായി ഞാൻ പറഞ്ഞ വാക്കുകൾക്കൊന്നും അവന്റെ കരച്ചിലിനെക്കാൾ മുഴക്കമുണ്ടായിരുന്നില്ല. എന്നെ പിടിച്ചുകെട്ടി ജീപ്പ് ഡ്രൈവറെ ഏൽപ്പിച്ചിരുന്ന ഉപ്പയെ പോലെ എനിക്കവനെ വരിഞ്ഞു മുറുക്കേണ്ടി വന്നു; കുറ്റബോധത്തോടെ, നിസ്സഹായതയോടെ.
ഇന്നലെ യാദൃച്ഛികമെന്നോണം ഇടശ്ശേരിയുടെ ‘പള്ളിക്കൂടത്തിലേക്കു വീണ്ടും’ (കാവിലെ പാട്ട്) എന്ന കവിത വീണ്ടും വായിച്ചു. മലയാളത്തിലെ പൊതുകവിതകളുണ്ടാക്കുന്ന മടുപ്പിനെ മറികടക്കാൻ ഇടയ്ക്ക് ഇടശ്ശേരിയിലുമെത്തുന്നു. ഇക്കുറി വീണ്ടും സ്കൂൾ തുറക്കുമ്പോൾ അവനിങ്ങോട്ട് ഓടി വന്നേക്കുമോ എന്ന സന്ദേഹം എന്നോട് ചോദിച്ചു, ഇക്കുറിയും നീ അവനെ പിടിച്ചു കൊടുക്കില്ലെ ?
ആവർത്തന ചാരുതയാൽ പ്രചോദിതനായാണ് ഇടശ്ശേരി ‘പള്ളിക്കൂടത്തിലേയ്ക്ക് വീണ്ടും’ എന്ന കവിത എഴുതുന്നത്. അല്ലിമലരിനെ ഉഷസെന്ന പോലെ തന്റെ കുഞ്ഞനിയനെ ഉണർത്തുന്ന ചേച്ചിയെ കണ്ട്, അമ്പതു വർഷം മുമ്പ് അതു പോലെ തന്നെ ഉണർത്തിയൊരുക്കി സ്കൂളിലേക്ക് കൊണ്ടുപോയ ചേച്ചിയുടെ ഓർമയിലാണ് കവി ഉത്സുകനാവുന്നത്. ഈ ആവർത്തനങ്ങൾക്കിടയിലെ അമ്പതു കൊല്ലക്കാലത്തെ മാറ്റങ്ങളെ മനസ്സിലാക്കുവാനും ആദ്യമായി സ്കൂളിലേക്കു പോകുന്ന മകനെ അഭിമുഖീകരിക്കുവാനും ശ്രമിക്കുന്ന അച്ഛനാണ് കവിതയുടെ ആഖ്യാതാവ്. ഇക്കുറി ‘പള്ളിക്കൂടത്തിലേയ്ക്ക് വീണ്ടും’ എന്ന കവിത വായിക്കുമ്പോഴാകട്ടെ എനിക്കു മുന്നിലുള്ളത് സ്കൂളിലേയ്ക്ക് പോകുവാനുള്ള വിസ്സമതത്തിന്റെ രണ്ടു പതിറ്റാണ്ടിനും അപ്പുറത്തെ ആവർത്തനവും ! പുത്തനുടുപ്പും പുതിയ ബുക്കും, പുത്തനാം സ്ലേറ്റുമായ് നിൽക്കുന്ന കവിതയിലെ കുഞ്ഞിനാകട്ടെ മിഴികളിൾ അമ്പരപ്പാണുള്ളത്. വിസമ്മതത്തിന്റെ പ്രതിരോധങ്ങളൊന്നും തന്നെ ആ കുഞ്ഞിനില്ല, അതിനു കാരണം ഇടശ്ശേരിക്കവിതയിൽ എങ്ങും കാണുന്ന ചേച്ചിയുടെ കണ്ണുകളിലെ സ്നേഹവായ്പ്പു തന്നെ. എന്നാൽ ഒട്ടും പ്രത്യാശയോടെയല്ല ആ അച്ഛൻ തന്റെ ഇളയകുഞ്ഞിനെ സ്കൂളിലേയ്ക്ക് പറഞ്ഞയക്കുന്നത്.
വിദ്യാവിലാസിനിയെ കൈപിടിച്ചു കൊണ്ടുവരാൻ ഒരുങ്ങുന്ന തന്റെ മകൻ മുഗ്ധയായ ആ വധു എത്രമാത്രം മുത്തിയാണെന്ന് തിരിച്ചറിയുന്നില്ലല്ലോ എന്ന സത്യം അവനെ കൊണ്ടുപോകുന്ന പെങ്ങളുടെ ചുണ്ടത്ത് അദമ്യമായ് പൊങ്ങുന്ന കുഞ്ഞു കുസൃതി ചിരിയായി കാണുന്നു അച്ഛൻ. അതച്ഛനെ വേദനിപ്പിക്കുന്നു. പുത്തനുടുപ്പും, പുതിയ സ്ലേറ്റുമെല്ലാം മകന് വാങ്ങിച്ച് കൊടുത്ത അച്ഛൻ, അമ്പരപ്പോടെ അവൻ സ്കൂളിൽ പോകുന്നതു കാണവെ ദുഃഖിക്കുന്നത് വിരുദ്ധോക്തിയായി തോന്നാം എങ്കിലും ആ ദുഃഖത്തിന്റെ വിശദാംശങ്ങളാണ് കവിതയെ നയിക്കുന്നത്. അതിൽ ആദ്യത്തേതാണ് ഏറെ പഴകിയ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തെയാണ് തന്റെ മകൻ കൂടെ കൊണ്ടുവരാൻ പോകുന്നതെന്നത്. ഈ കവിത പ്രസിദ്ധീകരിച്ച 1961 ൽ നിന്നും നമ്മുടെ വിദ്യാഭ്യാസരീതിയ്ക്ക് ബാഹ്യമായ പല മാറ്റങ്ങളും സംഭവിച്ചിരിക്കുന്നു എങ്കിലും ഈ വിമർശനം ഇന്നും പ്രസക്തമാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് ആന്തരികമായ പരിവർത്തനം സംഭവിച്ചിട്ടുണ്ടോ എന്ന വീണ്ടു വിചാരത്തിന് ഉതകുന്നതുമാണ്.
ഓർമയിൽ അധിഷ്ടിതമാണ് ഇന്നും നമ്മുടെ വിദ്യാഭ്യാസ രീതി എന്നതിനാൽ കടലാസുകൾ പ്രചാരത്തിൽ വരുന്നതിനും മുൻപ് ശ്ലോകങ്ങൾ ഉരുവിട്ടു മനഃപാഠമാക്കിയിരുന്ന സമ്പ്രദായത്തിൽ നിന്നും അടിസ്ഥാനപരമായ ഒരു വ്യതിയാനം കൈവരിക്കാൻ നമ്മുടെ വിദ്യാഭ്യാസത്തിനു കഴിഞ്ഞിട്ടുണ്ടോ ? ഓർമശക്തി കൂടിയവർക്ക് ഉയർന്ന മാർക്കു ലഭിക്കുന്ന പരീക്ഷകളുടെ പരീക്ഷണങ്ങൾക്ക് എന്തു മാറ്റമാണ് ഉണ്ടായിട്ടുള്ളത് ? ധിഷണാപരവും, സർഗാത്മകവുമായ വ്യത്യസ്ത കഴിവുകളെ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഒരു വിദ്യാഭ്യാസത്തിലേക്കു വളരാൻ ഇനിയും എത്ര കാലം വേണം ? ഏതു വിവരവും വിരൽ തുമ്പിൽ ലഭ്യമായ ഇക്കാലത്തും ഓർമയെ കേന്ദ്രമാക്കിയുള്ള നമ്മുടെ വിദ്യാഭ്യാസം മുഗ്ധയായ മുത്തി തന്നെയല്ലേ ?
”പൂട്ടുപൊളിക്കും ദൃഢമന്നത്തെ പ്രഭാതത്തിൽ
നിർദ്ദയപരീക്ഷതൻ തീവ്രദൃഷ്ടികൾ നിന്നെ ! ”
1936 ൽ ‘ സ്കൂൾ പൂട്ടുമ്പോൾ ‘ എന്ന കവിതയിൽ പി. കുഞ്ഞിരാമൻ നായർ ഉയർത്തുന്ന ഈ ആവലാതിയും ചേർത്തു വായിക്കാം. 1936 ലെ നിർദ്ദയപരീക്ഷകൾക്ക് 2023 ൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ ? പരീക്ഷകളിലെ പരാജയം വിഷാദത്തിലും ആത്മഹത്യയിലും ഒടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂടിയിട്ടല്ലേയുള്ളു ?
അമ്പതു കൊല്ലം മുമ്പ് കഴിഞ്ഞു പോയ തന്റെ സ്കൂൾ പ്രവേശനത്തിൽ നിന്നും, തന്റെ ഇളയ കുഞ്ഞിനെ സ്കൂളിലേക്ക് പറഞ്ഞയക്കുമ്പോൾ അച്ഛൻ നേരിട്ടു കാണുന്ന മാറ്റങ്ങൾ രണ്ടേ രണ്ടാണ്.
” പെങ്ങൾക്കൊരെള്ളിൻപൂവൊത്ത മൂക്കിൽ
തൂങ്ങിന പൊൻഞാത്തുണ്ടായിരുന്നു –
ആങ്ങളതൻമുഖം പൗഡർപൂശി
മിന്നിത്തിളങ്ങിയിരുന്നുമില്ല. “
തന്റെ പെങ്ങളുടെ എള്ളിൻപൂവൊത്ത മൂക്കിൽ ഉണ്ടായിരുന്ന പൊൻഞാത്തും, തന്റെ മുഖത്തില്ലാതിരുന്ന പൗഡറും എന്നീ രണ്ടേരണ്ടു വസ്തുക്കളിലൂടെ തന്റെയും തന്റെ കുഞ്ഞുങ്ങളുടെയും ബാല്യത്തെ കവി താരതമ്യപ്പെടുത്തുകയും
” രണ്ടു മിഴികളിൽ അമ്പരപ്പും
രണ്ടു മിഴികളിൽ സ്നേഹവായ്പും
ഏന്തിത്തുളുമ്പും തുളുമ്പലുകൾ
ഏറെയുമില്ല കുറവുമില്ല. “
എന്നു താദാത്മ്യപ്പെടുത്തുകയും ചെയ്യുന്നു. ഈ താരതമ്യത്തിന്റെയും താദാത്മ്യത്തിന്റെയും വ്യത്യസ്ത വിതാനങ്ങൾ കവിതയിൽ ഉടനീളം കാണാം. എന്നാൽ 62 വർഷങ്ങൾ പിന്നിട്ട കേരളത്തിന്റെ ബാല്യകാലത്തിന്റെ വ്യതിയാനം ഇന്ന് ആ കുഞ്ഞുങ്ങളെയും അമ്പരപ്പിക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലുണ്ടായ സാങ്കേതിക പുരോഗതി കേരളത്തിന്റെ ബാല്യാനുഭവത്തിലും കുഞ്ഞുങ്ങളുടെ മനോഭാവത്തിലും എത്രമാത്രം മാറ്റം വരുത്തി എന്ന് താരതമ്യം ചെയ്യേണ്ടതുണ്ട്. എന്നാൽ ആദ്യം, മകനെ പള്ളിക്കൂടത്തിലേക്കു യാത്രയാക്കുമ്പോൾ ദൂനചിത്തനായ അച്ഛനെ കേൾക്കേണ്ടതുണ്ട്. സ്വതേ സത്തയിൽ യഥാർത്ഥ്യോന്മുഖനായ ഇടശ്ശേരി തന്മയത്വത്തോടെ തന്റെ കവിതയിൽ കാൽപ്പനികാംശങ്ങൾ ഉൾച്ചേർക്കുന്നതിന്റെ ഉദാഹരണം കൂടിയാണിത്.
‘കൊച്ചുസുഹൃന്മണേ’ എന്ന് വിളിച്ചുകൊണ്ട് കവി തന്റെ കുഞ്ഞിന്റെ കാഴ്ച്ചയെ വീട്ടുമുറ്റത്തേക്ക് ക്ഷണിക്കുന്നു. കൊച്ചുസുഹൃന്മണേ എന്ന വിളിക്ക് അത്യന്തം പ്രധാന്യമുള്ളതിനാൽ അതു പരാമർശിക്കാതെ മുന്നോട്ടു പോകാനാവില്ല. കവിതയുടെ ഒടുവിൽ പ്രകാശിക്കുന്ന ദർശനത്തിലേക്ക് ഇടശ്ശേരിയെ നയിക്കുന്നതും ഈ അഭിസംബോധനയിലെ മനോഭാവം തന്നെയാണ്. അത് തീർച്ചയായും കുഞ്ഞുങ്ങളെ കുറിച്ചുള്ള ജിബ്രാന്റെ മഹത് വചനത്തിനു സമാനമാണ്. തന്റെ ഉടമസ്ഥതയിലുള്ള ഒരാളായിട്ടല്ല, തന്റെ സുഹൃത്തായ ഒരുവനായിട്ടാണ് ഇടശ്ശേരി തന്റെ ഇളയകുഞ്ഞിനെ പരിഗണിക്കുന്നത്. കവിതയുടെ ഒടുവിൽ അതു പൂർണ്ണാർത്ഥത്തിൽ പ്രേജ്വലിക്കുന്നതിനാൽ ഇവിടെ വിശദമാക്കുന്നില്ല.
പൂഴി മുറ്റത്തു നിന്റെ പേരിൽ, പൂക്കൾ തൂകി, പൂമ്പാറ്റകൾക്ക് ഒരു കുടീരമുണ്ടായിരിക്കുന്നുവെന്നും, കാഞ്ചന വെയിൽ നുണച്ചിറക്കുന്ന അലരിയുടെ ചില്ലയിന്മേൽ നിന്നെയും കാത്ത് പതിവു പോലെ വന്നിരിക്കുന്നുണ്ട് ഇളം കിളികളെന്നും പുറപ്പെടാൻ ഒരുങ്ങുന്ന മകനെ അച്ഛൻ ഓർമിപ്പിക്കുന്നു. ഇന്നലെ വരെ അവൻ തൊട്ടറിഞ്ഞിരുന്നതാണ് ഇതെല്ലാം, അതായിരുന്നു നിന്റെ ലോകമെന്ന് മകനെ ഓർമിപ്പിക്കുകയാണ് അച്ഛൻ. നിനക്ക് ഏറ്റവും പ്രിയപ്പെട്ട ആ കിളികളോട് യാത്ര പറയാനും അച്ഛൻ ആവശ്യപ്പെടുന്നു. തന്റെ മകനെ സ്കൂളിലയക്കുന്നതിൽ അച്ഛൻ അനുഭവിക്കുന്ന ദുഖത്തിന്റെ മറ്റൊരു വശം വെളിപ്പെടുന്നത് ഇവിടെയാണ്. സ്കൂളിലേക്ക് പോകുന്നതോടെ അതേവരെ അവൻ ഉല്ലസിച്ചിരുന്ന ജൈവപ്രകൃതിയിൽ നിന്നും പ്രകൃതത്തിൽ നിന്നും എന്നേക്കുമായവൻ പുറത്തു പോവുകയാണ് എന്ന കാര്യത്തിൽ സംശയമേതുമില്ല അച്ഛന്. എന്തെന്നാൽ ..
” നീ പോയ് പഠിച്ചു വരുമ്പോഴേയ്ക്കും
നിങ്ങളന്യോന്യം മറന്നിരിക്കും ! “
പ്രകൃതിയോട് ഇടപഴകാനുള്ള കുഞ്ഞുങ്ങളുടെ സഹജവാസനയും സംവദിക്കാനുളള ഭാഷയും വിദ്യാഭ്യാസത്തിലൂടെ ഇല്ലാതെയാവുന്നു എന്നു മാത്രമല്ല വിദ്യാഭ്യാസം നമ്മെ മാറ്റിത്തീർക്കുന്നതെങ്ങനെയെന്നും വിശദമാക്കുന്നു.
” പോയി നാമിത്തിരി വ്യാകരണം
വായിലാക്കീട്ടു വരുന്നു മന്ദം
നാവിൽ നിന്നെപ്പോഴേ പോയ്ക്കഴിഞ്ഞു
നാനാ ജഗന്മനോരമ്യഭാഷ ! “
വായിലാക്കീട്ടു വരുന്നു മന്ദം, എന്ന വരിയിൽ ആക്ഷേപഹാസ്യത്തോടെ പ്രസ്താവിക്കുന്ന രണ്ടു വാക്കുകളും ഇവിടെ സവിശേഷമാണ്. വായിൽ ഒതുങ്ങുന്ന അറിവുകളുടെ സൂചനയാണ് വായിലാക്കീട്ട് എന്ന പ്രയോഗം. അത് ദഹിക്കാത്ത, പാകപ്പെടാത്ത, പരുവപ്പെടുത്ത അറിവാണ് എന്നതിനാൽ അതുണ്ടാക്കുന്ന മന്ദതയാണ് തുടർന്നു വരുന്നത്. പിന്നീടുള്ള രണ്ടു വരികളിൽ അതിന്റെ ദൂശ്യഫലങ്ങളെ കൂടെ പറഞ്ഞുറപ്പിക്കുന്നു. വായിൽ നിറഞ്ഞ പുതിയ വ്യാകരണത്താലാണ് കുഞ്ഞുങ്ങൾക്ക് നാവിൽ നിന്നും ആ ജഗന്മനോരമ്യഭാഷ നഷ്ടമാവുന്നത്. പുതിയ വ്യാകരണമെന്നാൽ പുതിയ ഭാഷ തന്നെയാണല്ലോ. ആ ഭാഷയിൽ പ്രകൃതിയുമായി സംവദിക്കാനാവുന്ന സ്വരങ്ങളോ വാക്കുകളോ ഇല്ലാത്തതിനാൽ നാവിൽ നിന്നും മനോരമ്യമായ ജഗത്തിന്റെ ഭാഷ പൊയ്പ്പോകുന്നു. പിന്നെ അവശേഷിക്കുന്നതെന്താണ് ? ഒട്ടും രമ്യതയില്ലാത്ത സഹജമല്ലാത്ത ഒരഭ്യസ്ത ഭാഷ ! ഇതെല്ലാം വിദ്യാഭ്യാസത്തെ ദുഷിക്കാൻ വേണ്ടി വെറുതെ പറയുകയല്ലെന്നു വ്യക്തമാക്കുന്നതാണ് അടുത്ത ഖണ്ഡം. മകനെ അഭിമുഖീകരിച്ചിരുന്ന അച്ഛന്റെ നോട്ടം തന്നിൽ തറയുന്നു. അമ്പതു വർഷങ്ങൾക്കിപ്പുറത്ത് നിന്നുകൊണ്ടാണ് തന്നിലേക്കുള്ള ഈ നോട്ടം.
” അമ്പതുകൊല്ലം മുമ്പാരു തമ്മിൽ
കമ്പം പിടിക്കും കളിമ്പമാർന്നു.
പുസ്തകജ്ഞാനമവരെ മർത്ത്യ –
പുത്രനും തിര്യക്കുമാക്കി മാറ്റി !
ഇബ്ഭേദബുദ്ധിയാലാഭിജാത്യ –
ശപ്താഭിമാനവുമേകനാർന്നു.”
അമ്പതുകൊല്ലം മുമ്പ് മകനെ പോലെ കിളികളുടെയും മരങ്ങളുടെയും ഭാഷയറിഞ്ഞിരുന്ന, പ്രകൃതിയുമായി സല്ലപിച്ചിരുന്ന തന്നെ പുസ്തകജ്ഞാനം പ്രകൃതിയിൽ നിന്നും വ്യതിരക്തനാക്കി മാറ്റി എന്ന തിരിച്ചറിവിൽ നിന്നും, തന്നെ പോലെ തന്റെ മകനും ആ കളിമ്പം നഷ്ടപ്പെടുമെന്ന ബോധ്യത്തിൽ നിന്നുമാണ് മകനെയോർത്ത് അച്ഛൻ ആകുലപ്പെടുന്നത്. എന്തെന്നാൽ ആ കളിമ്പം നഷ്ടമാകുന്നതോടെ, മനുഷ്യനും തിര്യക്കുമെന്നു വേർതിരിക്കപ്പെടുന്നതോടെ മനുഷ്യൻ ചെന്നെത്തുന്നത് എവിടെയാണ് ? ശപിക്കപ്പെട്ട അഭിമാന ബോധത്തിലാണ്, അതാകട്ടെ മനുഷ്യനെ ഒറ്റപ്പെടുത്തുന്നു. പ്രകൃതിയിൽ നിന്നും ഒറ്റപ്പെട്ട മനുഷ്യന്റെ ശപ്താഭിമാനം തന്നെയല്ലേ പ്രകൃതിയെ ആശ്രയിച്ചു കഴിയേണ്ട മനുഷ്യനെ ചൂഷകനാക്കുന്നത് ? സ്വന്തം വേരുകൾ തന്നെ അറുത്തുള്ള പറത്തമല്ലേയിത് ? ഇത്തരം കുറ്റബോധങ്ങളൊന്നും വേണ്ട എന്നു വാദിക്കുന്ന, പ്രകൃതി ഒരു കാൽപ്പനികാശയമാണ് എന്നു പരിഹസിക്കുന്നവരെ ഉത്പാദിപ്പിക്കുന്ന ഈ വിദ്യഭ്യാസം ആത്യന്തികമായി മനുഷ്യനെ ഏകാകിയും വിഷാദിയുമാക്കുകയല്ലേ ?
ഈ ദുഃഖത്തെ, ഗ്വാട്ടിമാലയിൽ ഒരു കാല് (1975) എന്ന കവിതയിൽ കെ.എ ജയശീലൻ ഇങ്ങനെ വിവരിക്കുന്നു.
” സുഹൃത്തേ,
എന്റെ ദുഃഖത്തിന്റെ
കാരണമെന്താണെന്നോ,
എന്റെ ഞരമ്പുകൾ
എന്റെ വിരൽത്തുമ്പത്തുവന്ന്
അവസാനിക്കുന്നുവെന്നതാണ്.
സുഹൃത്തേ,
നമ്മുടെ അകൽച്ചയുടെയും
ദുഃഖത്തിന്റെയും
നിദാനമെന്താണെന്നോ,
ഒരിക്കൽ വിശ്വമാകെപ്പടർന്നു നിന്ന
ഞരമ്പിന്റെ പടലം
എവിടെ വെച്ചോ
എങ്ങനെയോ
ആരെക്കൊണ്ടോ
കോടാനുകോടി ഖണ്ഡങ്ങളായി
മുറിഞ്ഞുപോയിയെന്നതാണ്. “
ഈ മുറിച്ചു മാറ്റലിനെയാണ്, ഒറ്റപ്പെടുത്തലിനെയാണ് ജ്ഞാനമെന്നും, വിദ്യാഭ്യാസമെന്നും നാം തെറ്റിദ്ധരിച്ചിരിക്കുന്നത്. ഈ വിദ്യാഭ്യാസത്തിലൂടെ എത്ര പണം സമ്പാദിച്ചാലും ഒരാൾ പൂർണ്ണനാവുകയില്ല. ഇന്ന് പള്ളിക്കൂടത്തിലേക്കു വീണ്ടും എന്ന കവിത പ്രസിദ്ധപ്പെടുത്തി 62 വർഷങ്ങൾക്കിപ്പുറത്തു നിന്നും വായിക്കുമ്പോൾ ഈ ദുഃഖം കുറേക്കൂടി കനപ്പെട്ടിട്ടില്ലേ ?
പൂമ്പാറ്റകളോടും, പൂക്കളോടും, അലരിയുടെ ചില്ലയിൽ വന്നിരിക്കുന്ന കിളികളോടും സഹവസിച്ചിരുന്ന ഭാഷയിൽ നിന്നും വിദ്യാഭ്യാസത്തിലൂടെ പ്രകൃതിയിൽ നിന്നും ബഹിഷ്കൃതരാവുന്ന ബാല്യത്തിന്റെ നിലവിലെ സ്ഥിതിയെന്താണ് ? കിളികളോടോ മരങ്ങളോടോ സഹവസിക്കാനുള്ള ജൈവവാസന ഇന്ന് കേരളത്തിലെ ബാല്യത്തിനുണ്ടോ ? ആനിമേറ്റഡ് ശലഭങ്ങളോടും പൂച്ചകളോടും സഹവസിക്കാൻ നിർബന്ധിതരായ, ടാബ്ലറ്റുകളിൽ വളരുന്ന ബാല്യത്തിന് കിളികളുടെ പേച്ച് വശമുണ്ടോ ? പത്തിൽ പരം പൂക്കളുടെ, മരങ്ങളുടെ പേരറിയാവുന്ന കുട്ടികളെയും, കൗമാരക്കാരെയും, യുവാക്കളെയും എന്തിന് കവികളെ പോലും ഇന്ന് അപൂർവമായെ കേരളത്തിൽ കണ്ടെത്താനാകു. എന്നാൽ ഏത് പൂവും കായും ഇലയും തിരിച്ചറിയാൻ ശേഷിയുള്ള ഗൂഗിൾ ലെൻസുകൾ ലഭ്യമായിരിക്കുന്നു. നാളെയത് കണ്ണടകളായി തന്നെ പ്രചാരത്തിലുണ്ടാവാം. ഈ കണ്ണടകൾ നമ്മെ വീണ്ടും പ്രകൃതിയിലേക്ക് അടുപ്പിക്കുമോ അതോ കുറേക്കൂടെ ഭ്രമാത്മകമയ ലോകങ്ങളിലേക്കു കൂട്ടിക്കൊണ്ടു പോവുകയും കൂടുതൽ ഒറ്റപ്പെടുത്തുകയും ചെയ്യുമോ ? നമ്മെ അടിമപ്പെടുത്താനായി രൂപപ്പെടുത്തിയിട്ടുള്ള ഈ സാങ്കേതികവിദ്യകൾ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുമെന്നു പ്രത്യാശിക്കാവുന്നതല്ല. എന്നാൽ സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ അതു സാധ്യമായ്ക്കൂടെന്നുമില്ല, എന്നാലതു യുക്തമായി കൈകാര്യം ചെയ്യാനുതകുന്ന വിദ്യാഭ്യാസം അനിവാര്യമായിരിക്കുന്നു.
” കാഞ്ചനക്കൂട്ടിലിന്നു ബദ്ധനായ് ഭവിച്ചല്ലോ
സ്വാതന്ത്യ വിഹായസ്സിലുയർന്നു പൊങ്ങേണ്ടും നീ “
ക്ലാസ്സ് മുറിയെ കുറിച്ച് പി. കുഞ്ഞിരാമൻ നായർ ‘സ്കൂൾ പൂട്ടുമ്പോൾ’ എന്ന കവിതയിൽ എഴുതിയ ഈ വരികൾ പുതിയ ക്ലാസ്സ് മുറികളായ ടാബ്ലറ്റുകളുടെയും മൊബൈൽ ഫോണുകളുടെയും കെണികളെയും അഭിസംബോധനം ചെയ്യുന്നുണ്ട്. ഇവയുടെ അനിയന്ത്രിതമായ ഉപയോഗം ശ്രദ്ധയും, ഏകാഗ്രതയും ശിഥിലമാക്കുമെന്നതിനാൽ അതു പഠനത്തെയും ജീവിതത്തെയും സംഭ്രാന്തമാക്കും. ഇവയുടെ ആസൂത്രണത്തിൽ തന്നെ കെണിയുണ്ട്, നമ്മൾ തിരഞ്ഞുകൊണ്ടേയിരിക്കുന്നു. തിരയുന്നതെന്താണെന്ന് മറന്നു പോകുന്നു, കിട്ടുന്നതെന്താണെന്ന് തിരിച്ചറിയുന്നുമില്ല, ഒരിക്കലും തിരച്ചിലൊടുങ്ങുന്നുമില്ല !
തന്റെ മുന്നിൽ അനുഗ്രഹത്തിനായി നമ്രശീർഷനായി കാത്തു നിൽക്കുന്ന മകനോട് പണ്ഡിതനല്ലാത്ത താൻ എന്ത് ആശംസിക്കുമെന്ന സംഘർഷമാണ് തുടർന്ന് അച്ഛൻ അഭിമുഖീകരിക്കുന്നത്. വിജ്ഞാനമെന്നാൽ എന്താണെന്ന് ലളിതമായി സംഗ്രഹിക്കുകയാണ് ഇവിടെ. അത് ആത്മാവിനുള്ള അസ്വസ്ഥതയും, വളർച്ചക്കെഴും വെമ്പലും, പൂർണ്ണതയ്ക്കള്ള തേങ്ങലുമാണ്. ആത്മാവിന്റെ അസ്വസ്ഥതയെ ശമിപ്പിക്കാത്ത, വളർച്ചയ്ക്കുതകാത്ത, പൂർണ്ണതയിലെത്തിക്കാത്ത ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് അത് തേടിപ്പുറപ്പെടുന്ന മകനെ എന്ത് ആശംസിക്കും എന്ന സംഘർഷം ഇന്നും ഉത്തരമില്ലാതെ അവശേഷിക്കുന്നു. ഈ വ്യവസ്ഥയുടെ പിരിമിതികളെ തിരിച്ചറിയുമ്പോഴും മക്കളെ സ്കൂളിലേക്ക് പറഞ്ഞയക്കേണ്ടി വരുന്ന ഓരോ രക്ഷിതാക്കളുടെയും മൂല്യസംഘർഷം തന്നെയാണത്. തന്റെ അച്ഛൻ തനിക്കു നൽകിയ കൽപ്പനയെ അപ്പോൾ ഓർത്തെടുക്കുന്നു. ‘കൈയ്യക്ഷരം നല്ലതാക്കൂ’ എന്നായിരുന്നു അനുഗ്രഹത്തോടൊപ്പമുള്ള ആ കൽപ്പന. അത് മുൾച്ചെടിച്ചാർത്തെന്നോ മുല്ലപ്പൂക്കൾ മൂടിവിരിച്ച വിരികളെന്നോ ഉള്ള വീണ്ടു വിചാരങ്ങളോടെയായിരുന്നില്ല എങ്കിലും ‘ഉള്ളതിൽ സ്വതന്ത്രമായൊരു ഉപദേശം’ മാത്രമായിരുന്നെന്നു സമീകരിക്കുന്നു. ‘മോശം കൈയ്യക്ഷരം അപൂർണ്ണമായ വിദ്യഭ്യാസത്തിന്റെ ലക്ഷണമാണ് ‘ എന്ന ഗാന്ധിവാക്യത്തിന്റെ പൊരുളറിഞ്ഞതു പോലെ, തന്റെ അച്ഛന്റെ തൃക്കഴലിൽ കവി കൈപ്പൂമൊട്ടുകൾ അർപ്പിക്കുന്നു, ഇന്നും ആ ചെത്തുവഴിയിലൂടെ നീങ്ങുകയാണ് തന്റെ കനപ്പെട്ട നാളുകൾ എന്ന തിരിച്ചറിവോടെ.
അച്ഛൻ തനിക്കു നൽകിയ ഉപദേശം പോലെയൊന്നിനായി കാത്തു നിൽക്കുന്ന മകനോട് പക്ഷെ യാതൊന്നും പറയുവാൻ കവിക്കു സാധിക്കുന്നില്ല. അതിനുള്ള കാരണമായി ചൂണ്ടി കാണിക്കുന്നത് ജീവിതമീയുഗത്തിൽ കുറേക്കൂടി സങ്കീർണ്ണമായിരിക്കുന്നു എന്നും വാഴ്വിനുള്ള ആയോധനത്തിൽ തന്റെ മകൻ ഏത് ആയുധമേന്തേണം എന്നയറിവ് ക്രാന്തദർശിത്വ കുറവു മൂലം തനിക്കില്ലെന്നതുമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ പ്രചാരം നേടുന്ന, വിദ്യാഭ്യാസ തൊഴിൽ സമ്പ്രദായങ്ങൾ തകിടം മറിയാൻ പോകുന്ന ഇക്കാലത്തിന്റെ സങ്കീർണ്ണതയിൽ നിന്നും നോക്കുമ്പോൾ 62 വർഷങ്ങൾക്കു മുമ്പത്തെ ‘ജീവിതം കുറേക്കൂടി സങ്കീർണ്ണമായിരിക്കുന്നു’ എന്ന വാദം ജീവിതം എക്കാലവും സങ്കീർണ്ണമാണെന്നും മനുഷ്യന്റെ വളർച്ച ജീവതത്തെ കുറേക്കൂടി സങ്കീർണ്ണമാക്കുകയാണെന്നും വെളിപ്പെടുത്തുന്നതാണ്. തനിക്ക് അച്ഛൻ നൽകിയതു പോലെ ഉള്ളതിൽ സ്വതന്ത്രമായൊരു ഉപദേശം പോലും നൽകാതെ മൗനം പാലിക്കുന്നതും ഈ തിരിച്ചറിവിൽ നിന്നുകൊണ്ടാണ്. സർവ്വജ്ഞരായിക്കൊണ്ട് കുഞ്ഞുങ്ങളെ അഭിമുഖീകരിക്കുന്ന മുതിർന്നവരുടെ മനോഭാവത്തെ തിരുത്തുന്നതാണ് ഈ മൗനം.
ഉപദേശങ്ങൾ ഒന്നും നൽകാനില്ലാത്ത അച്ഛൻ മകനു നൽകുന്ന ഒരാശംസയോടെയാണ് കവിത അവസാനിക്കുന്നത്. ജീവിതമെന്തെന്ന് ആഴത്തിലറിഞ്ഞ ഒരാൾക്കു മാത്രം നൽകാനാവുന്ന ഈ ആശംസ അതിന്റെ ഔന്നിത്യത്തോളം ലളിതമാണ്. ജീവിതമെന്നാൽ മത്സരമാണെന്നും, ജയിക്കുകയോ പരാജയപ്പെടുകയോ മാത്രമാണ് വിധിയെന്നും ഉപദേശിക്കുന്ന കരിയർ ഗുരുക്കന്മാരെ തിരുത്തുന്ന ഈ ആശംസ ഏതു സങ്കീർണ്ണ കാലത്തെയും അതിജീവിക്കാൻ കരുത്തു പകരുന്നതാണ്.
“നീയെന്തായ്ത്തീരണ,മാ മുകുളം
നിന്നിലേ നിന്നു വിരിഞ്ഞിടട്ടേ.
ഭദ്രമായോരു ഹൃദയമുണ്ടേ,
ശക്തമായോരിളം പൂവുടലും.
ഞാനിതാശംസിക്കാം : നീ യഥേഷ്ടം
ജ്ഞാനങ്ങൾ നേടിക്കഴിയുമ്പോഴും
ഈ മനശ്ശോഭയൊത്തീശ്ശരീര –
സ്ഥേമാവഭംഗുരമാക നിങ്കൽ. “
ഇളം മുകുളമായിരിക്കുന്ന നീ താനേ വിരിയുമെന്നും, താനേ വിരിയുന്നതാണ് ജീവിതമെന്നും, അതായി തീരട്ടെ നീയെന്നും അതിന്നു തുണയായി ഭദ്രമായൊരു ഹൃദയവും ശക്തമായൊരു പൂവുടലും നിനക്കുണ്ടെന്ന് മാത്രമല്ല നിന്നെ പൂർണ്ണനാക്കുന്ന, വിരിയിച്ചെടുക്കുന്ന വിജ്ഞാനങ്ങൾ നേടിക്കഴിയുമ്പോഴും മനശോഭയും ആരോഗ്യവുമുള്ള ശരീരവും നിനക്കുണ്ടായിരിക്കട്ടെ എന്നും നീളുന്ന ഈ ആശംസ ഏതു കാലത്തെയും അഭിമുഖീകരിക്കുവാൻ പ്രാപ്തമാണ്. എല്ലാ കുഞ്ഞുങ്ങളോടുമാണ്.
ആരാക്കിത്തീർക്കണമെന്ന നിശ്ചയത്തോടെ, ജീവിത വിജയമെന്നാൽ ഉയർന്ന വേദനമുള്ള തൊഴിൽ കണ്ടത്തലാണെന്നും വിദ്യഭ്യാസമെന്നാൽ അതിനുള്ള മത്സരപരീക്ഷകളാണെന്നുമുള്ള ഉപദേശത്തോടെ കുട്ടികളെ വിദ്യയഭ്യസിക്കാൻ വിടുന്ന രക്ഷിതാക്കൾക്കും വിദ്യാഭ്യാസ വിചക്ഷണന്മാർക്കും കരിയർ ഗുരുക്കന്മാർക്കും മുന്നിൽ 62 വർഷക്കാലമായി അപണ്ഡിതനായ ഒരച്ഛന്റെ ‘പള്ളിക്കൂടത്തിലേക്കു വീണ്ടും’ എന്ന കവിത നിലനിൽക്കുന്നു. ഉൾവെളിച്ചത്താൽ പ്രശോഭിക്കുന്നു. അക്കാലത്തേക്കാൾ സങ്കീർണ്ണമായിരിക്കുന്ന e- കാലത്ത് മനശ്ശോഭകെടുത്തുന്ന, മത്സരാർത്ഥികളും, ഏകാകികളും, വിഷാദികളുമാക്കി പരിണമിപ്പിക്കുന്ന വിദ്യാഭ്യാസത്തിന് തിരുത്തലുകൾ വേണമെന്ന് ഓർമിപ്പിക്കുന്നു. പ്രകൃതിയോടും ജീവിതത്തോടും ഇണക്കുന്ന ധിഷണാപരവും സർഗാത്മകവുമായ വ്യത്യസ്ത കഴിവുകളെ വികസിപ്പിക്കുന്ന ഒരു വിദ്യാഭ്യാസം മാത്രമെ ആത്മാവിന്റെ അസ്വസ്ഥതയെ കെടുത്തുകയുള്ളു, വളർച്ചയ്ക്കു കാരണമാകൂ, അതിലൂടെ മാത്രമെ പൂർണ്ണത തേടാനാവൂ. ഇനി പറയൂ, സ്കൂളിലയക്കുമ്പോൾ കുട്ടികളോട് നിങ്ങൾ എന്താശംസിക്കും ?