

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കടലുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും ഒരു അനിശ്ചിതത്വം ഉണ്ട്. കടലിന്റെ പരിസ്ഥിതിയെ അപ്രതീക്ഷിതമായി ബാധിക്കുന്ന കാറ്റ്, ഒഴുക്ക്, കറ മുതലായ കാര്യങ്ങൾ കടൽ ജീവജാലങ്ങളെയും കടൽപണിക്കാരെയും എന്നപോലെ ഞങ്ങൾ ഡൈവർമാരുടെയും കണക്കുകൂട്ടലുകൾ തെറ്റിക്കും. ‘കടൽ മണൽ ഖനനം’ കത്തിനിൽക്കുന്ന കൊല്ലത്തെ കടലടിത്തട്ടിന്റെ നേർക്കാഴ്ച്ച പകർത്തി അവിടുത്തെ കടലോരവാസികളായ സമരക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് Friends of Marine Life (FML) ഉം SCUBA Cochin നും ചേർന്ന് ഫെബ്രുവരി 22ന് കൊല്ലത്തെത്തി മൂന്ന് ദിവസം ഡൈവ് നടത്തിയത്. പ്രാദേശികമായ എല്ലാ സൗകര്യങ്ങളും South Indian Federation of Fishermen Societies (SIFFS) കൊല്ലം ഫെഡറഷൻ ഭംഗിയായി ചെയ്തു തന്നു.
കൊല്ലത്തെ പാരുകളുടെ അന്വേഷണം തുടങ്ങേണ്ടത് ആഡ്രൂസ് ചേട്ടൻ (പോർട്ട് കൊല്ലത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളിയും ആക്ടിവിസ്റ്റും എഴുത്തുകാരനുമായ എ ആൻഡ്രൂസ് കൊല്ലം തീരക്കടലിലെ ജൈവവൈവിധ്യത്തെക്കുറിച്ച് നിരവധി അറിവുകൾ എഴുത്തുകളിലൂടെ പങ്കുവച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കടലറിവുകൾ സമാഹരിച്ച പുസ്കതമാണ് കടൽമുത്ത്) തന്റെ ജീവിതാനുഭവങ്ങളിലൂടെ അടയാളപ്പെടുത്തിയ ഏതെങ്കിലും ഒരു പാരിൽ നിന്നാവാം എന്ന് നിശ്ചയിച്ചിരുന്നതിനാൽ ഏഴര മാറിലെ ‘പനവല കരപ്പാരിൽ’ ആദ്യ ഡൈവ് നടത്തി. കടൽവെള്ളത്തിൽ പരിമിതമായ വെട്ടമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ഞങ്ങൾ 36 മിനുട്ട് ചിലവിട്ട് സാധ്യമായ കാര്യങ്ങൾ പകർത്തി. പാരിന് മുകളിൽ 12.8 മീറ്റർ ആഴമുണ്ടെന്ന് ഞങ്ങളുടെ ഡൈവ് കമ്പ്യൂട്ടർ കാണിച്ചു. പാരിന് ശരാശരി ഒരു മീറ്റർ ഉയരമുള്ളതിനാൽ പാരിന്റെ മടയിൽ (പാരിനരികെയുള്ള മണൽത്തറ) 14 മീറ്റർ ആഴമുണ്ടാവും. സാധാരണ ഞങ്ങൾ നടത്താറുള്ള ജൈവവൈവിധ്യ പഠനം എന്നതിലുപരി കടലടിത്തട്ടിലെ പാരുകളുടെ സവിശേഷമായ ഭൂതല പ്രകൃതം എന്തെന്ന് സാധാരണക്കാരെ ബോധ്യപ്പെടുത്താനുതാകുന്ന വീഡിയോ എടുക്കാനാണ് ഇക്കുറി കൂടുതൽ ശ്രദ്ധിച്ചത്. തുടക്കം എന്ന നിലയിൽ ആ ദൃശ്യങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു.
തുടർന്ന് രണ്ടാമത്തെ ഡോക്യുമെന്റേഷനായി നാല് ഡൈവർമാരെ 20 മീറ്റർ ആഴമുള്ള ആനവല പാരിലേയ്ക്കയച്ചു. കടലിനടിയിൽ എത്തിയ അവർ കടലാകെ കലങ്ങിയ നിലയിൽ ഒന്നും കാണാനാവാതെ തിരികെവന്നു. വടക്കോട്ടുള്ള കടലിൽ വെട്ടമുണ്ടാവുമെന്ന് കടലൊഴുക്ക് നിരീക്ഷിച്ച കടൽപണിക്കാർ പറഞ്ഞു. അതുപ്രകാരം അടുത്തദിവസം 17.5 കീലോമീറ്റർ തെക്ക് വടക്ക് വള്ളമോടി ശക്തികുളങ്ങരക്ക് നേരേ 40 മീറ്റർ ആഴമുള്ള ഇരുപത്തിരണ്ടാം പാരിലെത്തി. അവിടെ ഡൈവ് ചെയ്തു മുങ്ങിത്താഴ്ന്ന ഞങ്ങൾ കണ്ടത് ആദ്യത്തെ 15 മീറ്ററോളം തെളിഞ്ഞ കടലാണ്. പിന്നെ അത് കലങ്ങി പതിയെ വെട്ടം മറഞ്ഞ് ഇരുട്ടായി. പരസ്പരം കാണാനാവാത്ത അവസ്ഥയിൽ കൈപിടിച്ചു അടിത്തട്ടിലെത്തിയ ഞങ്ങൾ ലാന്റ് ചെയ്തത് മടപ്പുറത്താണ് (മണലിൽ) അത്രയും ആഴത്തിൽ ഞങ്ങൾക്ക് ചിലവിടാവുന്ന പരമാവധി സമയം 7- 8 മിനുട്ട് ആണെന്നതിനാൽ അതിനിടയിൽ ഞങ്ങൾ ഒറ്റപ്പെട്ടു പോകാതിരിക്കാനും ഉറച്ച തറ എന്തെങ്കിലും കണ്ടെത്താനുമുള്ള ശ്രമമായിരുന്നു. ഒടുവിൽ കയ്യിൽ തടഞ്ഞ എന്തോ ഒന്നിലേയ്ക്ക് ടോർച് അടിച്ച് വിഡിയോ എടുത്തു. അപ്പോൾ ഞങ്ങളുടെ സമയം അവസാനിച്ചതായി ഡൈവ് കമ്പ്യൂട്ടറിലെ സൈറൺ മുഴങ്ങി. ആ നിമിഷ നേരത്തിൽ ക്യാമറയിൽ പതിഞ്ഞത് വിവിധ ഹാർഡ് കോറലുകളാണെന്ന് പിന്നീട് ദൃശ്യങ്ങൾ നോക്കിയപ്പോളാണ് മനസ്സിലായത്.
തെക്ക് മുട്ടം മുതൽ വടക്ക് തങ്കശ്ശേരി വരെയുള്ള കടൽത്തറയിലെ പാറപ്പാരുകളെ ഭാഗികമായെങ്കിലും ഇതുവരെ ഞങ്ങൾ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. അതിൽ മുട്ടം മുതൽ വർക്കല വരെ സാധാരണ പാറപ്പാരുകളും വർക്കല മുതൽ ചെങ്കൽപ്പാരുകളുമാണുള്ളത്. കടലിനടിയിലെ ഉറച്ച തറയിൽ പറ്റിവളരുന്ന ധാരാളം ജീവജാലങ്ങൾ ഉണ്ടെങ്കിലും അവ കൂടുതലായും, വ്യത്യസ്തമായും കാണപ്പെടുന്നത് ചെങ്കൽ പാരുകളിലാണ്. കൂടാതെ ഈ ഇടങ്ങൾ ധാരാളം പൊടിപ്പടലങ്ങളും ചെളിയും നിറഞ്ഞതായി കാണപ്പെടുന്നു. അത്തരം കടലിൽ ചെളിയിലും മറ്റും പുതഞ്ഞു ജീവിക്കുന്ന ചെമ്മീൻ, മാന്തൽ പോലുള്ള ജീവികൾ ധാരാളമായി കാണപ്പെടുന്നത് സ്വാഭാവികം. എന്നാൽ സാധാരണ turbid ആയുള്ളൂ കടലിൽ കോറലുകൾ വളരില്ലെന്ന പൊതു ധാരണ തെറ്റിക്കുന്നതാണ് ഇവിടുത്തെ കാഴ്ചകൾ.
കഷ്ടിച്ച് 40 മിനുട്ട് നീണ്ട വിഷ്വൽ ഡോക്യുമെന്റേഷനിൽ മാത്രം hard and soft coral ഇനത്തിൽ ഞങ്ങളുടെ ക്യാമറാ കണ്ണിൽ പതിഞ്ഞത് 15 ലേറെ ഇനങ്ങളാണ്. എന്തുകൊണ്ടും സവിശേഷമായ സമുദ്ര ആവാസ വ്യവസ്ഥ ഉള്ള ഇടമാണ് കൊല്ലം എന്ന് നിസ്സംശയം പറയാം. ഇതിന്റെ തുടർച്ചയാണ് പുറംകടലിലും ഉള്ളതെന്ന് അനുഭവസ്ഥരായ കടൽപണിക്കാർ പറയുന്നു. ഈ കടലടിത്തട്ടിൽ ഖനനം നടത്തുന്നവർ അവർക്കാവശ്യമുള്ളത് മാത്രം അരിച്ചെടുക്കുമ്പോൾ കടലാകെ കലങ്ങുകയും കടലിലെ ജീവജാലങ്ങളുടെയും അതിനെ ആശ്രയിക്കുന്നവരുടെയും ജീവതാളം തെറ്റുകയും ചെയ്യുമെന്നതിൽ സംശയം വേണ്ട.


FML ഉം SCUBA Cochin നും മാത്രം വിചാരിച്ചാൽ ഇതിന്റെ തുടർപഠനം നടത്താൻ കഴിയണമെന്നില്ല. പക്ഷേ, സാഹചര്യം ഒത്തുവന്നാൽ അൻഡ്രൂസ് ചേട്ടൻ തയ്യാറാക്കിയ മാപ്പിലെ എല്ലാ പാരുകളുടെയും വിഷ്വൽ ഡോക്യുമെന്റേഷൻ നടത്തി ഡിജിറ്റൽ മാപ്പ് തയ്യാറാക്കുന്ന ദൗത്യം ഞങ്ങൾ ഏറ്റെടുക്കും.