ഈ രാജി രക്ഷപ്പെടാനുള്ള അടവാണ്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

48 ദിവസമായി തുടരുന്ന വിദ്യാർത്ഥി സമരത്തെ തുടർന്ന് കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ചിരിക്കുന്നു. സമരം കാരണമല്ല രാജി എന്ന് ശങ്കർ മോഹൻ അവകാശപ്പെടുമ്പോൾ ഈ രാജി രക്ഷപ്പെടാനുള്ള അടവാണ് എന്ന് വ്യക്തമാക്കുകയാണ് സ്റ്റുഡന്റ് കൗൺസിൽ അംഗമായ ജിതിൻ നാരായണൻ. സമരത്തിന്റെ നാൾവഴികളിലെ സംഘർഷങ്ങളും തോൽക്കാൻ കഴിയാത്ത ഒരു പോരാട്ടത്തിന്റെ രാഷ്ട്രീയവും വിശദീകരിക്കുന്ന അഭിമുഖം.

രണ്ട് മാസമായി നിങ്ങൾ സമരത്തിലാണല്ലോ, ശങ്ക‍ർ മോഹന്റെ രാജിയോടെ കെ.ആ‍ർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം അവസാനിക്കുമോ? പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ?

പ്രായംകൊണ്ടാണ് രാജിവെക്കുന്നത്, കാലാവധി കഴിഞ്ഞു എന്നൊക്കെയാണ് ശങ്കർ മോഹൻ പറയുന്നത്. എന്നാൽ ആ സ്റ്റേറ്റ്മെന്റ് ഞങ്ങളുടെ അറിവിൽ തെറ്റാണ്. കാരണം ഇയാൾക്ക് കൊടുത്ത കാലാവധി പുതുക്കികൊടുത്തതിന്റെ പേപ്പർ ഞങ്ങളുടെ കയ്യിൽ ഉണ്ട്. ആ ഡോക്യുമെന്റ്സിൽ പറയുന്നത് ഇനിയൊരു ഡയറക്ട‍ർ വരുന്നതു വരെ തുടരാം എന്നാണ്. അപ്പോൾ അങ്ങനെ ഒരു കലാവധി ഇല്ല. മാത്രമല്ല, രണ്ട് അന്വേഷണ കമ്മീഷനുകളുടെ റിപ്പോർട്ട് നിലനിൽക്കുന്നുണ്ട്. ഒന്നാമത്തെ കമ്മീഷൻ റിപ്പോർട്ട് എതിരായപ്പോഴാണ് അടൂർ ​ഗോപാലകൃഷ്ണന്റെ നിർബന്ധത്തിൽ രണ്ടാമത് ഒരു കമ്മീഷൻ കൂടി വന്നത്. രണ്ടാമത്തെ കമ്മീഷൻ റിപ്പോർട്ട് കൂടെ എതിരായപ്പോഴാണ് സർക്കാർ ഇപ്പോൾ രാജിവെക്കാൻ പറഞ്ഞത്.

ഈ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടും എന്ന കാര്യത്തിൽ ഞങ്ങൾക്ക് ഉറപ്പുവേണം. അതുപോലെ 12 ഓളം ആവശ്യങ്ങൾ ഞങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അനന്തപത്മനാഭന് നീതികിട്ടണം, ഇ ​ഗ്രാന്റ്സ് കൃത്യമായി കിട്ടണം, മുൻവർഷങ്ങളിലെ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ കൊടുക്കണം തുടങ്ങി ഞങ്ങൾ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളെല്ലാം പരിഹരിക്കപ്പെടണം. ഞങ്ങളെ ഒരു ചർച്ചയക്ക് വിളിക്കും എന്നാണ് കേൾക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പുമായുള്ള ഈ ചർച്ചയിൽ ഇക്കാര്യങ്ങളിൽ ഉറപ്പ് കിട്ടണം, അതോടൊപ്പം അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അയാൾക്കെതിരെ നിയമനടപടികൾ ഉണ്ടാവണം. അതിനുശേഷം മാത്രമേ സമരം അവസാനിക്കുകയുള്ളൂ.

ആരും രാജി ആവശ്യപ്പെട്ടിട്ടില്ല എന്നും, പ്രതിഷേധങ്ങളല്ല രാജിക്ക് പിന്നിൽ എന്നുമാണ് ശങ്കർ മോഹൻ പറയുന്നത്. ഈ സമരം ദിവസങ്ങളോളം നീണ്ടിട്ടും എന്തുകൊണ്ടാവാം അടൂരോ, സർക്കാരോ രാജി ആവശ്യപ്പടാതിരുന്നത്?

എന്താണ് അടൂർ ​ഗോപാലകൃഷ്ണന്റെ സ്റ്റാന്റ് എന്ന് ഇനി ഞങ്ങൾ പറയേണ്ട കാര്യമില്ലല്ലോ. അത് അയാൾ കൊടുത്ത ഇന്റർവ്യൂകളിൽ നിന്നും വ്യക്തമാണ്. എത്ര മോശമായാണ് അയാൾ ആ സ്ത്രീകളെ കുറിച്ച് സംസാരിച്ചത്. അവരെ പറ്റിയും ഇവിടുത്തെ വിദ്യാർത്ഥികളെ പറ്റിയും. ഞങ്ങൾ പഠിക്കാൻ വരുന്നവരല്ല എന്നാണ് പറഞ്ഞത്. വളരെ മോശമായിട്ടാണ് എല്ലാവരോടും പെരുമാറിയത്. ഇത്രയും ദിവസം അടൂ‍ർ ​ഗോപാലകൃഷ്ണനാണ് അയാളെ സംരക്ഷിച്ചത് എന്ന കാര്യവും എല്ലാവർക്കും അറിയാവുന്നതാണ്.

ജിതിൻ നാരായണൻ

അടൂർ മാത്രമല്ലല്ലോ സർക്കാരും ശങ്കർ മോഹനെ സംരക്ഷിക്കുകയായിരുന്നില്ലേ ഇത്രയും ദിവസം?

അതെ, ഞങ്ങൾ അതിൽ നിരാശരാണ്. ഇത്രയും ദിവസം ഞങ്ങളുടെ ക്ലാസ്സുകൾ മുടങ്ങി, ഭക്ഷണം പോലും ഇല്ലാതെയാണ് ക്യാമ്പസ് അടച്ചിട്ടപ്പോൾ ഞങ്ങൾ സമരം ചെയ്തത്. സർക്കാരിന്റെ ഭാ​ഗത്ത് നിന്നുള്ള സമീപനങ്ങളോട് ഞങ്ങൾക്ക് എതിർപ്പും വിഷമവും ഉണ്ട്. ഇത് ഇത്രയും വൈകിപ്പിച്ചത് അടൂർ ​ഗോപാലകൃഷ്ണനാണ് എന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു. അതുകൊണ്ടാണ് രണ്ടു റിപ്പോർട്ടുകൾ വന്നിട്ടുകൂടി നടപടിയെടുക്കാത്തത്.

കേരളത്തിൽ ജാതി വിവോചനം നിലനിൽക്കുന്നുണ്ട് എന്നത് വളരെ വ്യക്തമായി ഈ സമരത്തിൽ വെളിപ്പെട്ടിട്ടും ഇടതു ​സർക്കാരിന് എന്തുകൊണ്ടാണ് അക്കാര്യത്തിൽ നടപടിയെടുക്കാൻ ​കഴിയാത്തത്?

സർക്കാർ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണ് എന്ന് ഞങ്ങൾക്ക് അറിയില്ല. ഞങ്ങളും അത് ചോദിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളും തേടിക്കൊണ്ടിരിക്കുന്നത് അതിന്റെ ഉത്തരമാണ്. സംവരണ അട്ടിമറി നടന്നു എന്നുള്ളത് വളരെ വ്യക്തമാണല്ലോ. അഡ്മിഷൻ രേഖകൾ നോക്കിയാൽ അത് എല്ലാവർക്കും വ്യക്തമാവുന്നതാണ്. സംവരണ സീറ്റുകൾ ഒഴിച്ചിട്ടിട്ടുണ്ടോ, സംവരണ വിഭാ​ഗത്തിലെ കുട്ടികളെ ഒഴിവാക്കിയിട്ടുണ്ടോ എന്നെല്ലാം ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാവുന്നതാണ്.

അതുപോലെ ഇവിടുത്തെ ജീവനക്കാരുടെയും, അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും മൊഴികൾ. ഇത്രയും പേർ ഒരാൾക്കെതിരെ മൊഴികൊടുക്കണം എന്നുണ്ടെങ്കിൽ, 82 വിദ്യാർത്ഥികളിൽ 82 പേരും സമരം ചെയ്യണം എന്നുണ്ടെങ്കിൽ കൃത്യമായ കാണങ്ങളുണ്ടാവണമല്ലോ. കേരളത്തിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കിട്ടേണ്ട ഇ-​ഗ്രാന്റ്സ് പോലെ ഒരു സേവനം 2019 ൽ കൊണ്ടുവന്നിട്ടും അത് 2022 ആയിട്ടും കൃത്യമായിട്ട് കിട്ടാതിരിക്കണമെങ്കിൽ ഒരു കാരണം ഉണ്ടാവണമല്ലോ. അതുപോലെ ദലിത് വിദ്യാർത്ഥികൾക്ക് ഇവിടെ പഠിക്കാനാവാതെ വരുകയും, കോടതിയുടെ ഉത്തരവ് വഴി സീറ്റുകിട്ടേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നുണ്ടല്ലോ. ഇതെല്ലാം വളരെ വിസിബിൾ ആയ കാര്യങ്ങളാണ്, ഇത്രയും പഠനങ്ങളുടെ ഒന്നും ആവശ്യം ഇല്ലായിരുന്നു. ഇപ്പോൾ തന്നെ 48 ദിവസത്തെ ഞങ്ങലുടെ ക്ലാസ്സ് പോയി. എന്തുകൊണ്ട് സർക്കാർ ഇത്ര സമയം എടുത്തു എന്നാണ് ഞങ്ങൾക്ക് ചോദിക്കാനുള്ളത്. പ്രതിപക്ഷത്തു നിന്നായാലും പ്രതികരണങ്ങൾ വന്നത് വളരെ വൈകിയാണ്. ഇത് ഒരു വലിയ പ്രശ്നമാണ്. ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളിൽ ജാതികേറിക്കൂടുന്നത് ആദ്യമായല്ല കാണുന്നത്. അത് കേരളത്തിൽ വരുന്നത് നമ്മൾ തിരിച്ചറിഞ്ഞേപറ്റൂ. ഇപ്പോൾ പ്രതിരോധിച്ചില്ലെങ്കിൽ അത് വലിയ ബുദ്ധിമുട്ടാവും.

വിദ്യാർത്ഥികൾ സമരത്തിൽ

ശങ്ക‍ർ മോഹന്റെ രാജി ഒരു പരിഹാരമല്ല, എങ്കിലും ഇപ്പോൾ ഇതൊരു വിജയമായി തന്നെ കണക്കാക്കാമല്ലോ. പ്രശ്നങ്ങൾ ഓരോന്നായി പരിഹരിക്കപ്പെടും എന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം. എന്നാൽ കഴിഞ്ഞ 48 ദിവസങ്ങൾ നിങ്ങൾ പോരാടുകയായിരുന്നു. കേരളത്തിന്റെ വിദ്യാർത്ഥി രാഷ്ട്രീയ ചരിത്രത്തിൽ പ്രധാനപ്പെട്ട ഒരു സമരമായി ഇതു മാറിക്കഴിഞ്ഞു. ഈ സമരകാലത്തെ കുറിച്ച് വിശ​ദീകരിക്കാമോ?

ഞങ്ങൾ ഒക്കെയും വ്യത്യസ്തമായ രാഷ്ട്രീയ കക്ഷികളിൽ, വിവിധ കോളേജുകളിൽ പ്രവർത്തിച്ചതിനു ശേഷമാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ വരുന്നത്. ഇതിനകത്ത് ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിയുടെ കീഴിലല്ല, ഒരു കൗൺസിൽ എന്ന നിലയക്കാണ് ഞങ്ങൾ നിന്നത്. പച്ചയായ ഭരണഘടനാ ലംഘനം നടന്നു. ഇവിടെ ജാതി കടന്നുവരുന്നു എന്ന് ഞങ്ങൾക്ക് വ്യക്തമായി മനസ്സിലായി. ഇതിവിടെ വളർന്നു തുടങ്ങിയിട്ടേയുള്ളൂ. എന്നാൽ ഞങ്ങൾ ഇറങ്ങി ഞങ്ങളുടെ സഹോദരങ്ങൾ പഠിക്കാൻ വരുമ്പോഴേക്കും അത് ഒരു വലിയ മരമാവും. ഇന്ന് ഞങ്ങൾ ഇതു പറഞ്ഞില്ലെങ്കിൽ നാളെ ഒരുപാട് സഫർ ചെയ്യും എന്ന് മനസ്സിലായപ്പോഴാണ് ഞങ്ങൾ ഇറങ്ങിത്തിരിച്ചത്. അതാണ് ഞങ്ങളുടെ രാഷ്ട്രീയം. സമരം തുടർന്നു പോകുന്നതിൽ ഞങ്ങൾക്ക് ഏറെ പ്രയാസങ്ങളുണ്ടായിരുന്നു. കോവിഡ് കാരണം രണ്ട് വർഷം വീട്ടിൽ ഇരുന്നവരാണ് ഞങ്ങളുടെ ബാച്ച്. രണ്ട് വർഷം ഞങ്ങൾക്ക് പോയി. അതുകൂടാതെയാണ് ഈ 50 ദിവസം കൂടി പോകുന്നത്. സമരം തോറ്റു പോയിക്കഴിഞ്ഞാൽ ഞങ്ങൾ ഇവിടെ നിന്നും ഇറങ്ങുമായിരുന്നു. ഞങ്ങൾ അതിനു തയ്യാറായിരുന്നു. പക്ഷെ തോറ്റുകഴിഞ്ഞാൽ ഇത്തരത്തിൽ പ്രവർത്തിക്കുന്ന അധികാരികൾക്ക് ഒരു ഭയവും ഉണ്ടാകാതെ പോകും. ശങ്കർ മോഹൻ തോറ്റതുകൊണ്ട് നാളെ ഒരാൾ ആലോചിക്കും, കേരളത്തിൽ ഇതു നടക്കില്ല എന്ന്. ഇവിടുത്തെ വിദ്യാർത്ഥികൾക്ക് ചോദ്യം ചെയ്യാനറിയാമെന്ന് ബോധ്യപ്പെടണം, അതിനുവേണ്ടിയാണ് ഞങ്ങൾ പോരാടിയത്.

ശങ്കർ മോഹൻ

ഐ.എഫ്.എഫ്.കെയിൽ പങ്കെടുക്കാൻ പോകുന്നതുവരെ ഞങ്ങൾ പറയുന്നത് ആരും കേൾക്കുന്നില്ല, ചർച്ചകൾ ഉണ്ടായിരുന്നില്ല. ആ രീതിയിൽ പോകുമ്പോഴാണ് ഡയറക്ടർ ഇടപെട്ട് ഞങ്ങൾക്ക് തിരുവനന്തപുരത്ത് മുറി നഷ്ടപ്പെടുന്നതും വിവാദം ഉണ്ടാവുന്നതും. അത്രയും ദിവസത്തെ പ്രവർത്തനങ്ങൾ വഴി ഏതാനും സിനിമാപ്രവർത്തകരെ ബോധ്യപ്പെടുത്താൻ കഴിയുന്നതും അവർ കൂടെ നിൽക്കുന്നതും പ്രൊട്ടസ്റ്റ് നടത്തുന്നതും അതിനെ തുടർന്നാണ്. അതിനുശേഷം ഒരു മുന്നേറ്റം ഇല്ലാതിരിക്കുമ്പോഴാണ് അടൂർ ​ഗോപാലകൃഷ്ണന്റെ വിവാദ പരാമർശം വരുന്നതും വീണ്ടും ഇതിനൊരു ചലനം ഉണ്ടാവുന്നതും. ക്യാമ്പസ് അടച്ചിട്ടപ്പോൾ ഞങ്ങൾ എല്ലാം ചിതറിപോയപ്പോഴും ഒരുമിച്ച് നിൽക്കണമെന്നും തോൽക്കരുതെന്നും ഞങ്ങൾക്കുണ്ടായിരുന്നു. കാരണം എല്ലാവർക്കും സമരത്തെക്കുറിച്ച് ഉറച്ച ബോധ്യമുണ്ടായിരുന്നു. ഇത്രനാളും ഞങ്ങൾ പൊരുതിയത് അങ്ങനെയാണ്. ഈ ഗേറ്റിനകത്തിരുന്ന് പുറത്തിറങ്ങാനാവാതെ സമരം ചെയ്യുമ്പോൾ ഞങ്ങളെ ആരും കേൾക്കുന്നില്ല. ഞങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുന്നുണ്ട്. പൊടിയടിച്ചിട്ട് ഓരോരുത്തർക്കും രോഗം വരാൻ തുടങ്ങി. ശ്വാസം മുട്ടലും, ജലദോഷവും, പനിയും ഒക്കെയായിരുന്നു. ആകെ വയ്യാണ്ടായി.ആളുകളുടെ എണ്ണം കുറയാൻ തുടങ്ങി, പലരും കിടപ്പിലായി. ആ സമയത്തും ഞങ്ങൾ മുന്നോട്ടുപോയി.

ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥികൾ സമരത്തിൽ

ആർട്ട് ഓഫ് പ്രൊട്ടസ്റ്റ് എന്ന പേരിൽ സമരത്തിന്റെ രീതി ഞങ്ങൾ മാറ്റി. പഠിച്ചുകൊണ്ട് സമരം ചെയ്യുക, ഇവർ ഞങ്ങൾക്ക് നിഷേധിക്കുന്നത് പഠനമാണല്ലോ. ഞങ്ങൾക്ക് മാത്രമെ നഷ്ടമുള്ളൂ. ഞങ്ങളുടെ കൂടെ നിൽക്കുന്ന സംവിധായകരോട് ഞങ്ങൾ അങ്ങോട്ട് പോയി ചോദിച്ചു, ഞങ്ങൾക്ക് ക്ലാസ്സ് തരുമോ. അവർ സന്തോഷത്തോടെ അതേറ്റെടുത്തു. ഇവിടെ ക്ലാസ്സ് എടുക്കാൻ വന്നപ്പോൾ അവരെ തടഞ്ഞു. ആ‍‍ർക്കും അകത്തു കേറാൻ പറ്റില്ലെന്നു പറ‍ഞ്ഞു. അപ്പോഴും ഞങ്ങൾ ഓൺലൈൻ ക്ലാസ്സുകൾ സംഘടിപ്പിച്ചു. തൊട്ടടുത്തുള്ള ബിൽഡിം​ഗ് വാടകയ്ക്ക് എടുത്തു. ഞങ്ങൾക്ക് ഭക്ഷണമില്ലാതിരുന്നപ്പോൾ നാട്ടുകാർ ഞങ്ങൾക്ക് പൊതിച്ചോറുകൊണ്ടു തന്നു. അങ്ങനെയൊക്കെയാണ് ഞങ്ങൾ പോരാടിയത്. ഞങ്ങൾക്ക് രാഷ്ട്രീയപരമായിട്ടുള്ള പഠനം കിട്ടി. സൂരജ് യെങ്ഡെ പോലെയുള്ള ആളുകൾ വന്നു. സണ്ണി എം. കപ്പിക്കാട് വന്നു. അതേപോലെ അമൽ നീരദും, രാജീവ് രവി, ബി അജിത്കുമാർ, സഞ്ചു സുരേന്ദ്രൻ, കമൽ കെ.എം, ആഷിഖ് അബു, ജിയോ ബേബി എന്നിവരെല്ലാം വന്നു. ഇവരൊക്കെ ഞങ്ങളോട് സംസാരിക്കുന്നു, ക്ലാസ് എടുക്കുന്നു. ഓൺലൈനിൽ ആണെങ്കിൽ ആനന്ദ് ​ഗാന്ധി പങ്കുചേർന്നു. അങ്ങനെ ഏറ്റവും മികച്ച ഫിലിം മെയ്ക്കെയ്‍ർസ് ഞങ്ങൾക്ക് ക്ലാസ്സുകൾ എടുക്കുന്നു. ഇതിനകത്ത് ഇരുന്നാൽ കിട്ടാത്ത ക്വാളിറ്റി ക്ലാസ്സുകൾ കിട്ടുന്നു. ഇതിനകത്ത് ശങ്കർ മോഹൻ വന്നതിനു ശേഷം അയാൾക്ക് വേണ്ട ആളുകളെ മാത്രമാണ് നിയമിച്ചത്. ക്വാളിറ്റിയുള്ള ആളുകളെ മാറ്റിനിർത്തിയാണ് ഇവരെ നിയമിച്ചത്. ഇവരെ മാറ്റണം എന്ന് ഞങ്ങൾ ശങ്കർ മോഹന് നിരന്തരം പരാതികൾ കൊടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഞങ്ങൾക്ക് ഈ ക്ലാസ്സുകൾ കിട്ടുന്നത്.

അങ്ങനെയാണ് ആ സമരം മുന്നോട്ടു പോയത്. കാരണം ഓരോ ദിവസവും ഞങ്ങൾക്ക് അറിയാമായിരുന്നു, ഞങ്ങൾ പറയുന്നത് സത്യമാണ്, ഇതിന്റെ രാഷ്ട്രീയം നാളെ ഇവിടെ വരുന്നവർക്ക് വേണ്ടിക്കൂടിയുള്ളതാണ്. ഓരോ ദിവസവും ഞങ്ങൾക്ക് ആ ബോധ്യമുണ്ടായിരുന്നു. ഇതിനിടയിൽ ഞങ്ങൾക്കെതിരെ പല തരത്തിലുള്ള ആരോപണങ്ങൾ വരുന്നു. ഇവിടുത്തെ അധ്യാപകരടക്കം ഞങ്ങൾക്കെതിരെ നുണപ്രചാരണങ്ങൾ നടത്തുന്നു. ഡയറക്ടറായ അടൂർ ഗോപാലകൃഷ്ണൻ ഞങ്ങൾക്കെതിരെ പരസ്യമായി പ്രതികരിക്കുന്നു. അതൊക്കെ ഉണ്ടാക്കിയ മനഃപ്രയാസങ്ങൾക്കിടയിലും ഞങ്ങൾ നിന്നത് സത്യത്തിനു വേണ്ടിയായിരുന്നു. ഞങ്ങളുടെ മടിയിൽ ഒരു കനവും ഇല്ല. അതുകൊണ്ട് ജയിക്കുമെന്നും, ആളുകൾ കൂടെ വരുമെന്നും ഇതിന്റെ പ്രാധാന്യം മനസ്സിലാക്കപ്പെടും എന്നും ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു.

ശങ്കർ മോഹന്റെ രാജി അം​ഗീകരിച്ച് ഇറങ്ങിയ സർക്കാർ ഉത്തരവ്

ശങ്കർ മോഹന്റെ രാജിയിൽ നിന്നാണല്ലോ നമ്മൾ സംസാരിച്ചു തുടങ്ങിയത്. ഇങ്ങനെ രാജിവെച്ച് രക്ഷപ്പെടേണ്ട ഒരാളാണോ ശങ്കർ മോഹൻ, ശിക്ഷിക്കപ്പെടേണ്ടയാളല്ലെ? സർക്കാർ അങ്ങനെ ഒരു നിലപാട് എടുക്കും എന്ന് തോന്നുന്നുണ്ടോ ?

ഇല്ലെങ്കിൽ മറ്റ് മാർഗങ്ങൾ നോക്കും. സർക്കാറിനോട് ഞങ്ങൾ എന്തായാലും അത് ആവശ്യപ്പെടും. അതുണ്ടാവേണ്ടതാണ്. അല്ലാതെ ഇവിടെ നിന്നും മാറ്റിനിർത്തിയിട്ട് നാളെ വേറൊരു ഡിപ്പാർട്ട്മെന്റിലേക്കോ ചലച്ചിത്ര അക്കാദമിയിലേക്കോ, അതുപോലെ ഒരു സ്ഥലത്തേക്കോ നിയമിച്ച് അതിന്റെ പെൻഷനും ആനുകൂല്യങ്ങളും മേടിച്ച് അങ്ങനെ സുഖകരമായിട്ട് കഴിയാനാവില്ല. ചെയ്ത കാര്യങ്ങൾ അത്രയും ഗുരുതരമായിട്ടുള്ളതാണ്, ഇവിടുത്തെ ചേച്ചിമാർ അനുഭവിച്ച പ്രശ്നങ്ങൾ, അതുപോലെ അനന്തപത്മനാഭനെ പോലെയുള്ള വിദ്യാർത്ഥികൾ നേരിട്ട പ്രശ്നങ്ങൾ, സംവരണ അട്ടിമറി, വലിയ സാമ്പത്തിക ക്രമക്കേടുകൾ വരെ ഞങ്ങൾ സംശയിക്കുന്നുണ്ട്. അതിനൊക്കെ കൃത്യമായ അന്വേഷണം വേണം. ഇങ്ങനെ കുറെ ആവശ്യങ്ങൾ ഞങ്ങൾക്കുണ്ട് അതിനൊന്നും പരിഹാരമാകാതെ അയാൾ രക്ഷപ്പെട്ടു പോകാൻ പാടില്ല. ഈ രാജി രക്ഷപ്പെടാനുള്ള അടവാണ്. പുറത്താക്കുമ്പോഴുള്ള നിയമനടപടികളിൽ നിന്നും രക്ഷപ്പെടാനാവാം ഇപ്പോൾ രാജിവെക്കുന്നത്.

Also Read

6 minutes read January 21, 2023 5:59 pm