വിസമ്മതത്തെ ‘തീവ്രവാദ’മാക്കുന്ന നിയമങ്ങൾ ചിന്തകളെയും ആശയങ്ങളെയും നശിപ്പിക്കും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഒക്ടോബറിൽ ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കേണ്ടിയിരുന്ന ജഡ്ജ് ഹാജരായിരുന്നില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഡൽഹി കലാപമുണ്ടാക്കുന്നതിനായി ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണല്ലോ ഇവർക്ക് മേൽ യുഎപിഎ ചുമത്തിയിരിക്കുന്നത്. എന്താണ് ഇതേക്കുറിച്ച് പറയാനുള്ളത്?

ഷർജീലിന്റെ കാര്യത്തിൽ മാത്രമല്ല, എഫ്‌ഐആർ നമ്പർ 59ലെ എല്ലാവരുടെയും കാര്യത്തിൽ ഇതാണ് സംഭവിക്കുന്നത്. ജുഡീഷ്യറിയിലെ ഒരു സ്വാഭാവിക നടപടിയായി ഇത് മാറിക്കഴിഞ്ഞു. 2022 ഏപ്രിലിൽ ആണ് ജാമ്യാപേക്ഷ നൽകിയത്. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ട് രണ്ട് വർഷത്തോളം പിന്നിട്ടു. ഇതുവരെ 72 തീയതികളാണ് നമുക്ക് തന്നത്, ഓരോ തീയതിയും കോടതി തന്നെ മാറ്റിവെക്കുകയോ സർക്കാരിന്റെ അഭിഭാഷകർ മാറ്റിവെക്കുകയോ ചെയ്തു. ഏഴ് ജഡ്ജിമാർ ഈ കാലയളവിൽ സ്ഥലംമാറി, എട്ടാമത്തെ ബെഞ്ച് ഈ കേസ് പരിഗണിക്കാൻ പോകുകയാണ്. ഒക്ടോബർ 7ന് ആണ് പിന്നീട് കേസ് കേൾക്കേണ്ടിയിരുന്നത്. പക്ഷേ നിർഭാഗ്യവശാൽ, ജഡ്ജിയുടെ പിതാവ് മരിച്ചതുകൊണ്ടാണ് ബെഞ്ച് സിറ്റിങ് നടക്കാതെ പോയത്. അതിൽ അനുശോചനമറിയിക്കുമ്പോഴും എനിക്ക് പറയാനുള്ളത്, ഈ ഹിയറിങ്ങിന് നേരത്തേ ഒരു തീയ്യതി നൽകാമായിരുന്നു എന്നാണ്. രണ്ടര മാസത്തോളം ഇടവേളയാണ് രണ്ട് ഹിയറിങ് തീയതികൾ തമ്മിലുള്ളത്. നീതി നൽകണമെന്ന് ഇവർ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ കുറച്ചുകൂടി നേരത്തെ ഒരു തീയതി നൽകണമായിരുന്നു.

ജയിലിൽ വെച്ച് കാണുമ്പോൾ ഷർജീൽ ഇമാം എന്താണ് പറയാറുള്ളത്? പുറംലോകത്തെ കുറിച്ച് എന്താണ് ചോദിക്കാറുള്ളത്?

ജയിലിനകത്തായിരിക്കുന്ന സമയത്തെ സമാധാനത്തോടുകൂടി പഠിക്കാൻ വേണ്ടി ഉപയോഗിക്കാം എന്നാണ് ഷർജീൽ പറയാറുള്ളത്. ഈ രാജ്യത്ത് എന്തെങ്കിലും വലിയ കാര്യം ചെയ്യണമെങ്കിൽ കുറച്ചുകാലം ജയിലിൽ കഴിയേണ്ടിവരും എന്ന് പറയും. ജോർജ് ഫെർണാണ്ടസിനെയും നെഹ്‌റുവിനെയും പോലെ നിരവധി പേർ തടവിൽ കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും പലതും ചെയ്തിട്ടുണ്ട്, നമ്മുടെ രാജ്യത്ത് ഇതൊരു സാധാരണകാര്യമാണ്, അതുകൊണ്ട് കുഴപ്പമില്ല എന്ന് പറയും.

സി.എ.എ വിരുദ്ധ സമരത്തിൽ സംസാരിക്കുന്ന ആസിഫ് മുസ്തഫ, സമീപം ഷർജീൽ ഇമാം. കടപ്പാട്: cnbctv18.com

എന്തൊക്കെയാണ് ഷർജീൽ വായിക്കുന്നത്?

ജർമൻ വായിക്കുന്നുണ്ട്. ആസാം ജയിലിലായിരുന്ന സമയത്ത് അസമീസ് ഭാഷ പഠിച്ചു. ഫിലോസഫി വായിക്കുന്നുണ്ട്, ഉർദ്ദു, അറബിക്, ഇതെല്ലാം വായിക്കുന്നുണ്ട്. ക്വാണ്ടം ഫിസിക്‌സ്, ആസ്ട്രണോമിക്കൽ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് തുടങ്ങി പലതും വായിക്കുന്നുണ്ട്. എന്നോട് ജർമൻ പുസ്തകങ്ങൾ ചോദിച്ചു‌. പിന്നെ ഇക്ബാലിന്റെ പുസ്തകമായ കുല്ലിയത്ത്-ഇ-ഇക്ബാൽ, ബംഗാളി നോവലുകളുടെ മൊഴിമാറ്റം, സുഹൃത്തുക്കളിൽ നിന്ന് ഫാർസി പുസ്തകങ്ങൾ വാങ്ങിക്കൊടുക്കാൻ പറഞ്ഞു, ഇതെല്ലാമാണ് എന്നോട് ചോദിച്ചത്. ഇപ്പോൾ ജയിലിന്റെ മാന്വലാണ് വായിക്കുന്നത്.

വലതുപക്ഷ മാധ്യമങ്ങൾ ഒരു വിദ്യാർത്ഥി നേതാവിനെ ഭീകരവൽക്കരിക്കുന്നത് എങ്ങനെയെന്ന് നമുക്കറിയാം. പക്ഷേ, ഷർജീൽ ഇമാമിന്റെ അറസ്റ്റിനെ തുടർന്ന് ചില ഇടതുപക്ഷ മാധ്യമപ്രവർത്തകരും അങ്ങനെയുള്ള മാധ്യമപ്രവർത്തനം നടത്തിയതായി കണ്ടു. ‘ഇന്ത്യയിൽ നിന്നുള്ള നോർത്ത് ഈസ്റ്റിന്റെ വിഭജനം ആവശ്യപ്പെട്ട വിദ്യാർത്ഥി’ എന്ന രീതിയിലുള്ള റിപ്പോർട്ടിങ് ഉണ്ടായി. അലിഗഢ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾക്കിടയിൽ രാഷ്ട്രീയം സംവദിക്കുന്നതിന്റെ വീഡിയോയിൽ നിന്നും ചില ഭാഗങ്ങൾ മാത്രം ഉപയോഗിച്ച് പ്രചരിപ്പിക്കുമ്പോൾ, വിദ്യാർത്ഥികളുടെ യൂണിവേഴ്‌സിറ്റി ഇടത്തിന്റെ സ്വകാര്യതയും നഷ്ടമായി. ഷർജീൽ ഇമാമിനെ ഒരു വില്ലനായി അവതരിപ്പിക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട് എന്നുതന്നെയാണ് ഞാൻ കരുതുന്നത്. ഒരു മാധ്യമപ്രവർത്തകൻ എന്ന കാഴ്ചയിൽ നോക്കുമ്പോൾ, ഇന്ത്യൻ മാധ്യമങ്ങൾ നടത്തുന്ന ഈ അന്യവൽക്കരണത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?

വലതുപക്ഷ മാധ്യമങ്ങൾ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രചാരണത്തെ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. അവർ ഷർജീലിനെ ബലിയാടാക്കിമാറ്റി. സിഎഎ, എൻആർസി വിരുദ്ധ സമരം നടക്കുന്നമ്പോൾ രാഷ്ട്രീയത്തിന് വേണ്ടി ഉപയോഗിക്കാവുന്നൊരു ടൂൾ ആക്കി മാറ്റി. ജെഎൻയുവിൽനിന്നുള്ള ഒരു മുസ്‌ലീം വിദ്യാർത്ഥിയുടെ പേര് തീവ്രവാദിയാക്കി അവതരിപ്പിക്കുക എന്നതായിരുന്നു അവർ ചെയ്തത്. 2014 മുതൽ തന്നെ മാധ്യമങ്ങൾ അങ്ങനെയാണ് പ്രവർത്തിക്കുന്നത്. മോദി ഭരണകാലത്തിന് മുമ്പും മാധ്യമങ്ങൾ ഇങ്ങനെയാണ് പ്രവർത്തിച്ചിരുന്നത്. അധികാരത്തിലിരിക്കുന്ന ആളുകൾക്കുവേണ്ടിയാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്. മുമ്പുള്ള കോൺഗ്രസ് കാലഘട്ടം നോക്കിയാലും തീവ്രവാദ വിരുദ്ധ നിയമത്തിൽ (TADA) ആളുകൾ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. 2005ലും 2010ലുമെല്ലാം ‘തീവ്രവാദി’യായി വാർത്തയിൽ അവതരിപ്പിക്കപ്പെട്ടവർക്ക് ഇന്ന് ഹൈക്കോടതിയിൽനിന്നും സുപ്രീം കോടതിയിൽനിന്നും ക്ലീൻ ചിറ്റ് കിട്ടുന്നു. ഇന്ത്യൻ മാധ്യമങ്ങൾ പ്രവർത്തിക്കുന്നത് ഇങ്ങനെ തന്നെയാണ്, സാമൂഹ്യമാധ്യമങ്ങളുടെ വ്യാപനത്തോടെ ജനം ഇതിന്റെയെല്ലാം യാഥാർത്ഥ്യം ആഴത്തിൽ മനസ്സിലാക്കിത്തുടങ്ങിയെന്ന് മാത്രം. ഇന്ന് വാർത്തയിൽ കൂടുതൽ അന്വേഷണം നടത്താനും സത്യം കണ്ടെത്താനുമുള്ള സാധ്യതകൾ കൂടുതലാണ്. ലിബറൽ മീഡിയ അവരുടെ ഇഷ്ടത്തിനനുസരിച്ച് ആളുകളെ തെരഞ്ഞെടുക്കുന്നു. അവരുടെ ഇഷ്ടത്തിനാണ് ആളുകളെ വിക്റ്റിമൈസ് ചെയ്യുന്നത്. ഒരു ഹീറോയെ നിർമ്മിക്കുന്നതിൽ അവർക്ക് ആത്മാർത്ഥതയൊന്നുമില്ല. നായകത്വം അർഹിക്കുന്നവരെയല്ല അവർ നായകരാക്കി അവതരിപ്പിക്കുന്നത്. അധികാരത്തിലിരിക്കുന്നവരിൽ നിന്നും നിയമപ്രശ്‌നങ്ങൾ നേരിടുന്നവരിലല്ല അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവരുടെ പ്രത്യയശാസ്ത്രത്തോട് ചേർന്നുനിൽക്കുന്നവരെ കുറിച്ച് മാത്രമേ അവർ എഴുതുകയുള്ളൂ. ഷർജീൽ അഭിപ്രായങ്ങൾ തുറന്നുപറയുന്ന വ്യക്തിയാണ്. ഇടതുപക്ഷത്തോ വലതുപക്ഷത്തോ പെടുത്താവുന്ന ഒരാളല്ല. ഷർജീൽ എല്ലാത്തിനെക്കുറിച്ചും വളരെ കൃത്യതയോടെയാണ് സംസാരിച്ചിരുന്നത്. പറയാനുള്ള എന്തെങ്കിലും കാര്യം മറച്ചുപിടിക്കുകയോ പറയാതിരിക്കുകയോ ചെയ്യുന്ന വ്യക്തിയല്ല ഷർജീൽ. ഷർജീലിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വളരെ കൃത്യമാണ്, ഒരു രാഷ്ട്രീയ നേതാവാകാൻ ആഗ്രഹിച്ചിട്ടില്ല, രാഷ്ട്രീയത്തിൽ നിന്നും പണമുണ്ടാക്കാൻ ആഗ്രഹിച്ചിട്ടില്ല. ചരിത്രത്തോട് സത്യസന്ധത പുലർത്താൻ ആഗ്രഹിച്ചു, നല്ലൊരു ഗവേഷകനാകാൻ ശ്രമിച്ചു. ഇന്നലെയുടെയും ഇന്നിന്റെയും യാഥാർത്ഥ്യങ്ങൾ ആളുകൾ മനസ്സിലാക്കണമെന്നാണ് ഷർജീൽ ആഗ്രഹിച്ചത്. ആരുടെയും ഗുഡ് ബുക്‌സിൽ വരാൻ ഷർജീൽ ആഗ്രഹിച്ചിരുന്നില്ല. അങ്ങനെ നിൽക്കുന്നത് അയാൾക്ക് വലിയ ദോഷങ്ങളുണ്ടാക്കിയേക്കാം. പക്ഷേ, അത് ഷർജീൽ ആഗ്രഹിച്ചില്ല. സത്യം പറയാൻ കഴിയുക എന്നതാണ് ഷർജീലിന് വലിയ കാര്യം.

2020ൽ ഷർജീൽ ഇമാമിന്റെ അറസ്റ്റ് നടന്നപ്പോൾ മുഖ്യധാരാ ദേശീയ പാർട്ടികളുടെ പ്രതികരണം എങ്ങനെയായിരുന്നു?

രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്ത് നിന്നും പ്രതികരണങ്ങളുണ്ടായി എന്ന് ഞാൻ കരുതുന്നില്ല. സാമൂഹ്യ അവബോധമുള്ളതായും സമുദായത്തിന് വേണ്ടി പ്രവർത്തിക്കുന്നതായും അവകാശപ്പെടുന്ന പാർട്ടികളും സംഘടനകളും ഷർജീലിന്റെ അറസ്റ്റിനെ സമീപിച്ചത് മടിയോടുകൂടിയാണ്. അവരുടെ പ്രതികരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഈ സംഘടനകളോ രാഷ്ട്രീയ നേതാക്കളോ, മുസ്ലീം സമുദായത്തിന്റെ രക്ഷകരാണ് എന്ന് അവകാശപ്പെടുന്ന മുസ്ലീം നേതാക്കളോ മറ്റേത് മതത്തിൽ നിന്നുള്ള നേതാക്കളോ ആരും തന്നെ ഷർജീൽ ഇമാമിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചില്ല. ഷാഹീൻബാഗിന്റെ പ്രധാന നായകരിൽ ഒരാളായ ഷർജീൽ അറസ്റ്റിലായപ്പോൾ അതിൽ ആരും ആശങ്ക പ്രകടിപ്പിച്ചില്ല. അവരെല്ലാം ഷർജീലിനെ തൊടാൻ മടിച്ചു. അറസ്റ്റ് നടന്ന് ആറുമാസത്തോളം ഒരു സംഘടനയുടെയും പോസ്റ്റർ വന്നില്ല, ഏതെങ്കിലും സംഘടനയുടെ പ്രസ്താവനയും വന്നില്ല. ജെഎൻയുവിലെയും ജാമിഅയിലെയും അലിഗഢിലെയും കുറച്ചുപേർ, കേരളത്തിൽ നിന്നും കുറച്ചുപേർ, ഇവരെല്ലാം ഷർജീൽ ഇമാമിനെ കുറിച്ച് സംസാരിച്ചു. ഷർജീലിനെകുറിച്ച് എഴുതുകയും സംസാരിക്കുകയും ചെയ്തു. പക്ഷേ അവരൊന്നും ഏതെങ്കിലും സംഘടനകളിൽനിന്നുള്ളവർ ആയിരുന്നില്ല, ഷർജീലിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച വ്യക്തികളായിരുന്നു. ഷർജീലിനെ കുറിച്ച് സംസാരിച്ചവർ, ഷർജീൽ ഇമാമിനെ ഫ്രെയിമിലേക്ക് കൊണ്ടുവരാൻ ആഗ്രഹിച്ചവർ. പക്ഷേ, മതേതരം എന്ന് പറയപ്പെടുന്ന ഒരു സംഘടനയും ആ സമയത്ത് ഷർജീലിനെ കുറിച്ച് സംസാരിച്ചിരുന്നില്ല. രണ്ട് വർഷം കഴിഞ്ഞപ്പോൾ ആളുകൾ ഷർജീലിന്റെ യാഥാർത്ഥ്യത്തെ സ്വീകരിച്ചുതുടങ്ങി. പതുക്കെ ആളുകൾ ഷർജീലിനെ കുറിച്ച് സംസാരിക്കാൻ തുടങ്ങി. പക്ഷേ വളരെ കുറച്ചുമാത്രം. ഇപ്പോഴും ഞാൻ ഷർജീലിനെ കുറിച്ചുള്ള സംഭാഷണങ്ങളിലും ഷർജീലിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിലും സംതൃപ്തനല്ല.

ഷർജീലിന്റെ അറസ്റ്റിന് ശേഷവും ഷഹീൻബാഗ് മുന്നേറ്റത്തെക്കുറിച്ചുണ്ടായ റിപ്പോർട്ടിങ്ങുകളിൽ ശ്രദ്ധിച്ചത് ഷർജീൽ ഇമാമിനെക്കുറിച്ചുള്ള എന്തെങ്കിലും പരാമർശത്തിന്റെ അസാന്നിധ്യമാണ്. ഷഹീൻബാഗിലെ മുന്നേറ്റത്തിന് തുടക്കമിടുന്നതിൽ ഷർജീൽ ഇമാമിന് വലിയ പങ്കുണ്ടല്ലോ. എന്തുകൊണ്ടായിരിക്കും ഇങ്ങനെ ഷർജീൽ അതിൽ നിന്നും അദൃശ്യമാക്കപ്പെട്ടത്?

നിങ്ങളുടെ അവസാനത്തെ ചോദ്യവും ഈ ചോദ്യവും തമ്മിൽ ബന്ധമുണ്ട്. ഈ കേസിലെ ചാർജ്ഷീറ്റും ഗോദി മീഡിയയും വലതുപക്ഷ മാധ്യമങ്ങളും പറയുന്നത് ഷർജീൽ ഷഹീൻബാഗിന്റെ സൂത്രധാരനാണ് എന്നാണ്. ‘ഷർജീൽ ഇമാം’ എന്ന ഒരു പേര് മാത്രമാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിലെയും മറ്റിടങ്ങളിലെയും പ്രസംഗങ്ങളിൽ ആവർത്തിച്ചത്. ഷർജീൽ ഇമാം ആണ് ഷഹീൻബാഗ് മുന്നേറ്റം സൃഷ്ടിച്ചത് എന്ന് അമിത് ഷാ പറഞ്ഞിട്ടുണ്ട്. പക്ഷേ, ലിബറൽ മാധ്യമങ്ങൾക്ക് ഷർജീൽ ഇമാമിനെ ഹീറോ ആയി അവതരിപ്പിക്കാൻ കഴിഞ്ഞില്ല. അവർ തേടി നടന്നിരുന്ന ‘മുസ്ലീം’ എന്ന പ്രത്യയശാസ്ത്ര ബിംബത്തിലേക്ക് ഷർജീൽ ചേരുകയില്ല. ഷർജീൽ ഇമാം വളരെ വ്യത്യസ്തനായ വ്യക്തിയാണ്. മുസ്ലീം വ്യക്തികളുടെ നേതൃത്വത്തെ കുറിച്ചാണ് ഷർജീൽ ഇമാം സംസാരിച്ചത്. ‘നേതാവാകാൻ എന്തിന് ഒരു മുസ്ലീം, ഇതര മതസ്ഥരുടെ വേദികളിൽ രണ്ടാം നിരയിലിരിക്കണം? എന്റെ വേദനയെക്കുറിച്ച് ഞാൻ തന്നെ സംസാരിക്കും, എന്റെ പ്രശ്നത്തെക്കുറിച്ച് ഞാൻ തന്നെ സംസാരിക്കും. എനിക്ക് മുന്നിൽ നിൽക്കാനുള്ള അർഹതയുണ്ട്, തുല്യമായി പരിഗണിക്കപ്പെടാനുള്ള അർഹതയുണ്ട്”, ഇതേക്കുറിച്ചാണ് ഷർജീൽ എപ്പോഴും പറയാറുള്ളത്. എനിക്ക്, ഞാൻ എന്ന് പറയുമ്പോൾ സ്വന്തം കാര്യം മാത്രമല്ല ഷർജീൽ പറയുന്നത്. ന്യൂനപക്ഷ സമുദായത്തിൽനിന്നുള്ള ഒരു വ്യക്തി എന്നാണ് അർത്ഥം. ഇടതുപക്ഷ മാധ്യമങ്ങളുടെ പ്രശ്നം അവർക്ക് മുസ്ലീംങ്ങളെ കുറിച്ച് സംസാരിക്കണമെങ്കിൽ അവരുടെ താൽപര്യമനുസരിച്ച് വ്യക്തികളെ തെരഞ്ഞെടുക്കും എന്നാണ്. ആരെക്കുറിച്ച് സംസാരിക്കണം, ആരെ അവരുടെ പാർട്ടിയുടെ മുഖമാക്കണം എന്നെല്ലാം അവർ സ്വന്തം ഇഷ്ടാനുസരണം തെരഞ്ഞെടുക്കും. ജെഎൻയുവിൽ പഠിക്കുന്ന കാലത്ത് ഷർജീൽ ഐസ (AISA)യിൽ ചേർന്ന് പ്രവർത്തിച്ചിരുന്നു. പക്ഷേ, ഇത്തരം പ്രശ്‌നങ്ങൾ കാരണം തന്നെയാണ് ഒരു വർഷത്തിന് ശേഷം പിന്നീട് ആ സംഘടന വിട്ടതും.

ഷഹീൻബാ​ഗിലെ സമരപന്തലിൽ സംസാരിക്കുന്ന ഷർജീൽ ഇമാം. കടപ്പാട്: IndianExpress

ബിഹാറിന്റെ രാഷ്ട്രീയം ഷർജീൽ ഇമാമിനെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്, എങ്ങനെയെല്ലാം രൂപപ്പെടുത്തിയിട്ടുണ്ട് എന്നതിനെക്കുറിച്ച് പറയാമോ?

ബിഹാർ രാഷ്ട്രീയം ഷർജീലിനെ ഒരു വ്യക്തിയെ എന്ന തലത്തിൽ സ്വാധീനിച്ചു എന്ന് പറയാൻ കഴിയില്ല. പക്ഷേ, എന്റെ പിതാവിന്റെ രാഷ്ട്രീയ പാഠങ്ങൾ തീർച്ചയായും ഷർജീലിനെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ താമസിക്കുന്നതിനിടെ, ഷർജീലും ഞാനുമെല്ലാം കണ്ട് പഠിച്ച കാര്യങ്ങളാണ്, അല്ലാതെ ഞങ്ങളെ ഇതാണ് രാഷ്ട്രീയം എന്ന് പറഞ്ഞു പഠിപ്പിച്ച കാര്യങ്ങളൊന്നുമല്ല. നാൽപത് വർഷത്തോളം എന്റെ പിതാവ് രാഷ്ട്രീയ പ്രവർത്തനം നടത്തി. അദ്ദേഹം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് കണ്ടിട്ടാണ് നമ്മൾ പഠിക്കുന്നത്. ജനങ്ങൾക്ക് വേണ്ടി സമരസപ്പെടാതെ നിലനിൽക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഇനി ഷർജീൽ ജയിലിൽനിന്നും പുറത്തിറങ്ങുമ്പോഴും ഷർജീലിനോട് ഇതേ ചോദ്യം ചോദിച്ചാലും ഈ ഉത്തരം തന്നെയായിരിക്കും. ‘My father is my ideal’ എന്ന് ഷർജീൽ പറയാറുണ്ട്. ഷർജീലിന്റെ സംസാരരീതിയിലും ജനങ്ങൾക്ക് നന്മ ഉറപ്പാക്കാൻ ഒരു പ്രശ്നത്തെ രാഷ്ട്രീയമായി മനസ്സിലാക്കി ഇടപെടുന്നതിലും നമ്മുടെ പിതാവ് അക്ബർ ഇമാമിന്റെ സ്വാധീനമുണ്ട്. മുസ്ലീം വോട്ടിനെ ഒരൊറ്റ രാഷ്ട്രീയ പാർട്ടിക്ക് ഉറപ്പാക്കുന്ന രാഷ്ട്രീയ പ്രവർത്തനമായിരുന്നു അദ്ദേഹം ചെയ്തത്. നമ്മുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്ന രാഷ്ട്രീയ പാർട്ടിക്ക് വോട്ട് ചെയ്യുക എന്നതായിരുന്നു നിലപാട്. 2014ൽ അദ്ദേഹം മരിച്ചു. ജഹാനാബാദ് മണ്ഡലത്തിൽ വെച്ച് എംഎൽഎ സ്ഥാനത്തിലേക്ക് മത്സരിച്ചിരുന്നു. ജനതാദൾ യുനെെറ്റഡിൽനിന്നാണ് അദ്ദേഹം മത്സരിച്ചത്. ജഹാനാബാദ് മണ്ഡലത്തിൽ ആകെ വോട്ടർമാരിൽ 10 ശതമാനം മാത്രമാണ് മുസ്ലീംങ്ങൾ ഉള്ളത്. മരണശേഷം സർക്കാർ ജഹാനാബാദിലെ ഒരു റോഡിന് അദ്ദേഹത്തിന്റെ പേര് നൽകി.

ഞങ്ങളുടെ സ്വദേശം ജഹാനാബാദ് ആണ്. പട്‌നയുടെ outskirts ൽ ആണ് ജഹാനാബാദ്. ഷർജീൽ പഠിച്ചത് ഡൽഹിയിലാണ്. ഞാൻ ഡൽഹിയിലെ ആർമി പബ്ലിക് സ്‌കൂളിലാണ് പഠിച്ചത്. ഷർജീൽ ഐഐടി മുംബൈയിൽ നിന്ന് ബിടെക് ചെയ്തു, പിന്നീട് യൂറോപ്പിൽ പോയി പഠിച്ചു. ഞാനും ഡൽഹിയിൽ നിന്നാണ് മാസ്റ്റേഴ്‌സ് ചെയ്തത്, അതിന് ശേഷം കുറച്ചുകാലം മീഡിയയിൽ ജോലി ചെയ്തു. പിന്നെ അത് ഉപേക്ഷിച്ച് മുഖ്യധാരാ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു, രാഷ്ട്രീയപ്രവർത്തകനായ പിതാവിന്റെ പാരമ്പര്യം തുടരാൻ വേണ്ടി. ഞാനിപ്പോഴും ഒരു ഫ്രീലാൻസർ എന്ന നിലയിൽ എഴുതാറുണ്ട്. പക്ഷേ അതിന് പണം വാങ്ങാറില്ല.

What did Sharjeel Imam say?, Unspoken Sides of Indian Politics എന്ന തമിഴ് പുസ്തകം

ഡൽഹി കലാപ ഗൂഢാലോചന കേസിൽ, വിദ്യാർത്ഥി നേതാക്കൾക്കും ആക്റ്റിവിസ്റ്റുകൾക്കും എതിരെ ആരോപിക്കുന്ന കുറ്റം അവർ കലാപത്തിന് കാരണമായ സാഹചര്യം സൃഷ്ടിച്ചു എന്നാണല്ലോ. ഇങ്ങനെയുള്ള ഫ്രെയിമിങ്ങിനെ കുറിച്ച് എന്താണ് പറയാനുള്ളത്?

മറ്റുള്ളവരുടേതിൽ നിന്നും വ്യത്യസ്തമായൊരു കേസാണ് ഷർജീലിന്റെത്. അപൂർവ്വമായൊരു കേസാണ്. ഈ കേസുകളിൽ ഷർജീലിനെതിരെ മാത്രമാണ് അഞ്ച് സംസ്ഥാനങ്ങളിൽ കേസെടുത്തിട്ടുള്ളത്. ആ അർത്ഥത്തിലും ഈ കേസ് വളരെ അപൂർവ്വമാണ്. ഇവരിൽ, ഡൽഹി വംശഹത്യ നടക്കുന്നതിന് മുമ്പായി അറസ്റ്റ് ചെയ്യപ്പെട്ടത് ഷർജീൽ മാത്രമാണ്. 2020 ജനുവരി 28 മുതൽ ഷർജീൽ ജയിലിലാണ്. ഈ വംശഹത്യ നടക്കുന്നതിന് ഒരു മാസം മുമ്പ് ഷർജീൽ ജയിലിലടക്കപ്പെട്ടു. പക്ഷേ, എന്നിട്ടും അവർക്ക് ഷർജീലിനെ ഈ കേസിൽ അകപ്പെടുത്താൻ കഴിഞ്ഞു. ഷർജീലിനെതിരെയോ അറസ്റ്റ് ചെയ്യപ്പെട്ട മറ്റുള്ളവർക്കെതിരെയോ ഉള്ള കുറ്റാരോപണങ്ങൾ സർക്കാരിന് തെളിയിക്കാൻ കഴിയില്ല. ഇതെല്ലാം ഭരണകൂടത്തിന്റെ പതിവു രീതികളാണ്, ഇന്ന് മോദിയാണ് ഇതെല്ലാം ചെയ്യുന്നതെങ്കിൽ മുമ്പ് അത് മറ്റു സർക്കാരുകളായിരുന്നു. ഭരണകൂടത്തിന്റെയോ അധികാരത്തിന്റെയോ ഭാഷയിൽ സംസാരിക്കാൻ തയ്യാറല്ലാത്തവരെ യുഎപിഎ (Unlawful Activities (Prevention) Act), ടാഡ (Terrorist and Disruptive Activities (Prevention) Act) , പോട്ട (Prevention of Terrorism Act, 2002) തുടങ്ങിയ നിയമങ്ങളുപയോഗിച്ച് ശിക്ഷിക്കുന്ന സർക്കാരുകൾ മാറിമാറി ഭരിച്ചു. നമ്മുടെ രാജ്യത്ത് ഭരണകൂടത്തിനെതിരെ നിലകൊണ്ടാൽ അവർക്ക് യുഎപിഎ, ടാഡ, പോട്ട എന്നീ നിയമങ്ങൾ ചുമത്തുകയും തീവ്രവാദ മുദ്രകുത്തുകയും ചെയ്യുക പതിവായിക്കഴിഞ്ഞു. പിന്നീട് അഞ്ചോ പത്തോ വർഷങ്ങൾക്ക് ശേഷം നിങ്ങളെ വെറുതെവിടും, നിങ്ങളുടെ ചിന്തകളും ആശയങ്ങളും ജീവിതവും നശിപ്പിച്ച ശേഷം അവർ നിങ്ങളെ വെറുതെ വിടും. ഉമർ ഖാലിദ് ജെഎൻയുവിൽ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയിൽ അംഗമായിരുന്നു ഹേം മിശ്ര. ഹേം മിശ്ര അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ഉമർ ഖാലിദോ സംഘടനയിലെ മറ്റേതെങ്കിലും അംഗങ്ങളോ ഹേമിനെ കുറിച്ച് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഇതാണ് സമൂഹത്തിന്റെ യാഥാർത്ഥ്യം. ജയിലിലാക്കപ്പെടുന്നവരെ എങ്ങനെയാണ് സുഹൃത്തുക്കൾ പോലും മറന്നുപോകുന്നത്?

ഇങ്ങനെ പല കേസുകളിലും അറസ്റ്റ് ചെയ്യപ്പെട്ടവർ വർഷങ്ങളായി വിചാരണ കാത്ത് കഴിയുകയാണ്. ജയിലിനകത്ത് ഇവർക്ക് മനുഷ്യാവകാശങ്ങൾ ഉണ്ടോ? ജയിലിനകത്ത് ഭീഷണികൾ നേരിടേണ്ടിവരുന്നുണ്ടോ?

‌അവകാശങ്ങളൊന്നും ആർക്കും കിട്ടുന്നില്ല. കുറച്ച് വ്യത്യസ്തമായി ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഭേദപ്പെട്ട പെരുമാറ്റം ജയിൽ അധികൃതരിൽ നിന്നും കിട്ടുന്നത് അവർക്കുള്ള മാധ്യമ ശ്രദ്ധ കാരണമാണ്. പത്രങ്ങളിലും ടെലിവിഷനിലും വ്യത്യസ്ത സമൂഹമാധ്യമങ്ങളിലും അവർക്ക് ഇടം കിട്ടുന്നുണ്ട്. അവർക്ക് ജയിലിൽ ഇത്തരം അനുഭവങ്ങൾ ഇല്ലാതിരിക്കാൻ ഒരു കാരണമതാണ്. മറ്റുള്ള രാഷ്ട്രീയ തടവുകാർക്കെല്ലാം ദുരനുഭവങ്ങളുണ്ടാകുന്നുണ്ട്, ജയിൽ അധികൃതരിൽനിന്നും സഹതടവുകാരിൽ നിന്നുമെല്ലാം. ഷർജീൽ ഇമാമും ഉമർ ഖാലിദും ഒരോ മുറികളിൽ ഒറ്റയ്ക്കാണ് കഴിയുന്നത്. ഒരു സെൽ കിട്ടുക എന്നത് മറ്റു തടവുകാരെക്കാൾ മെച്ചപ്പെട്ട സാഹചര്യമാണ്.

ഷർജീൽ ഇമാമിന് നേരെ സഹതടവുകാരിൽ നിന്നും ആക്രമണമുണ്ടായിട്ടുണ്ടോ?

തടവുകാരിൽനിന്നും ഉണ്ടായി എന്നെനിക്ക് പറയാൻ കഴിയില്ല. ഒരു ദിവസം അസിസ്റ്റന്റ് ജയിലർ ഷർജീലിന്റെ മുറിയിലേക്ക് പോയി, കുറച്ചു തടവുകാർക്കൊപ്പം. അസിസ്റ്റന്റ് ജയിലർ ഷർജീലിനെ അടിക്കാൻ ശ്രമിക്കുകയും അവിടെ നിന്നും ചില സാധനങ്ങൾ പിടിച്ചെടുക്കാനും ശ്രമിക്കുകയും ചെയ്തു. ഇതിനെതിരെ ഷർജീൽ കോടതിയിൽ പരാതി നൽകിയിരുന്നു. അതിന്റെ പ്രതികാരം പിന്നീട് അനുഭവിക്കേണ്ടിയും വന്നു. ഷർജീലിന് പ്രതികരിക്കാൻ കഴിഞ്ഞത് നല്ലൊരു അഭിഭാഷക സംഘത്തിന്റെ പിന്തുണ ഉള്ളതുകൊണ്ടുതന്നെയാണ്, മാധ്യമങ്ങളിൽ ഇടമുള്ളതുകൊണ്ടും. അഹമ്മദ് ഇബ്രാഹിം, താലിബ് ഹുസെെൻ എന്നീ മുതിർന്ന അഭിഭാഷകരും അയിഷ സെയ്ദി എന്ന ജൂനിയർ അഭിഭാഷകയും ചേർന്നതാണ് ഷർജീലിന്റെ ലോയർ ടീം. ഈ ടീം പക്ഷേ കെെകാര്യം ചെയ്യുന്നത് ഷർജീലിന്റെ കേസ് മാത്രമല്ല. ജയിലിൽ നിന്ന് കേസ് നടത്താനുള്ള സാമ്പത്തികാവസ്ഥയില്ലാത്ത തടവുകാർക്ക് ഷർജീൽ നിയമസഹായം സാധ്യമാക്കുന്നുണ്ട്. വിവിധ സമുദായങ്ങളിൽനിന്നുള്ള ഏഴോളം പേർക്ക് ജാമ്യം ലഭ്യമാക്കാൻ കഴിഞ്ഞ് ഷർജീലിന്.

മുസമ്മിൽ ഇമാം

ഷർജീൽ എങ്ങനെയാണ് മുസമ്മിലിനെ സ്വാധീനിച്ചിട്ടുള്ളത്?

കുട്ടിക്കാലം മുതൽ തന്നെ നമ്മൾ രണ്ടുപേരും വളരെ വ്യത്യസ്തരായ സ്വഭാവമുള്ളവരാണ്. ഷർജീൽ എപ്പോഴും ക്ലാസിൽ ടോപ്പറാകുന്ന, നന്നായി പഠിക്കാൻ താൽപര്യമുള്ള ആളാണ്. ഞാൻ അങ്ങനെയല്ല, പഠനത്തേക്കാളും ഞാൻ കൂടുതലും ക്രിയേറ്റീവായ കാര്യങ്ങളാണ് ചെയ്യുന്നയാളാണ്, എഴുത്ത്, അഭിനയം, വര, അതിലൊക്കെയാണ് എനിക്ക് താൽപര്യം. പക്ഷേ സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ നമ്മൾ ഒരുപോലെയാണ്. ഷർജീൽ വെെകാരികമായി കാര്യങ്ങളെ മനസ്സിലാക്കുന്ന വ്യക്തിയാണ്, ഞാൻ വളരെ പ്രായോഗികമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നയാളും. ഞാൻ വാക്കുകൾ അളന്നുതൂക്കിയാണ് സംസാരിക്കുക. വ്യത്യസ്തമായ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഷർജീൽ എന്നെ സഹായിച്ചിട്ടുണ്ട്. ഇനി മുന്നോട്ടുള്ള ജീവിതത്തിൽ ഷർജീലിനെ നയിക്കാൻ എനിക്ക് കഴിയും. രാഷ്ട്രീയ അന്തരീക്ഷങ്ങളെ മനസ്സിലാക്കി പ്രവർത്തിക്കുന്ന കാര്യത്തിൽ എനിക്കിനി ഷർജീലിന്റെ ബോഡിഗാർഡ് ആകാൻ കഴിയും.

ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ ഭാരതീയ ന്യായ സംഹിതയായി ഭേദഗതി ചെയ്തതിനെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ നൽകിയ ഒരു അഭിമുഖത്തിൽ, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളെ പുതിയ നിയമ സംഹിത കൂടുതൽ ഗൗരവത്തോടെ പരിഗണിക്കുന്നുണ്ട് എന്ന് പറയുന്നുണ്ട്. സ്ത്രീകൾക്കെതിരെയുള്ള ലെെംഗിക കുറ്റകൃത്യങ്ങൾ ചെയ്തിട്ടും പ്രതികൾ, പ്രത്യേകിച്ച് സവർണരായ പ്രതികൾ ശിക്ഷിക്കപ്പെടാത്ത നിരവധി കേസുകൾ കഴിഞ്ഞ പത്തുവർഷങ്ങളിൽ ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ പ്രചാരണത്തിനുള്ള ഒരു സാമൂഹ്യവിഭാഗമായി ഇങ്ങനെയുള്ള പ്രതികരണങ്ങളിൽ ബിജെപി നേതാക്കൾ സ്ത്രീകളെ ഉപയോഗിക്കുന്നതായി കാണാം. ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ നേതാക്കളും ഇതെക്കുറിച്ച് സംസാരിക്കും. പക്ഷേ, അവികസിതമായ ഗ്രാമങ്ങളിലേക്കോ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ചെറു നഗരങ്ങളിലേക്കോ പോയാൽ പുരുഷാധിപത്യ ക്രമത്തിൽ പ്രവർത്തിക്കുന്ന സമൂഹങ്ങളെ കാണാം. അവിടെ എല്ലാത്തിനും അർഹരായവരായി പരിഗണിക്കപ്പെടുന്നത് പുരുഷന്മാരാണ്. സമൂഹത്തിൽ ഒരു സ്ത്രീ എന്ത് അർഹിക്കുന്നോ അതിനേക്കാൾ കൂടുതലായി എല്ലാത്തിനും അർഹരായവർ പുരുഷന്മാരാണ് എന്ന് കരുതപ്പെടുന്ന ഇടങ്ങൾ. ഇതിൽ മാറ്റമുണ്ടാകേണ്ടത് ജനങ്ങളിലൂടെയും സമൂഹത്തിലൂടെയുമാണ്. പക്ഷേ, ഇതേക്കുറിച്ച് പറയുന്ന നമ്മുടെ രാഷ്ട്രീയ നേതാക്കളോട് എനിക്ക് പറയാനുള്ളത് നമ്മുടെ പാർലമെന്റിലെ നാൽപത് ശതമാനത്തോളം അംഗങ്ങൾക്കെതിരെ റേപ് കേസുകളുണ്ട് എന്നതാണ്. ഈ കേസുകളിലെ അന്വേഷണം അതിവേഗം പൂർത്തിയാക്കണം. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അവരെ ശിക്ഷിക്കുക. ഇരുസഭകളിൽ നിന്നും പുറത്താക്കുക. പാർലമെന്റിൽ ഈ പ്രക്രിയ നടക്കട്ടെ.

Also Read