ഷർജീൽ ഇമാം: വിചാരണയും ജാമ്യവുമില്ലാതെ തടവറയ്ക്കുള്ളിലെ അഞ്ചാം വർഷം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

“ജയിലിനകത്തായിരിക്കുന്ന സമയത്തെ സമാധാനത്തോടുകൂടി പഠിക്കാന്‍ വേണ്ടി ഉപയോഗിക്കാം എന്നാണ് ഷര്‍ജീല്‍ പറയാറുള്ളത്. ഈ രാജ്യത്ത് എന്തെങ്കിലും വലിയ കാര്യം ചെയ്യണമെങ്കില്‍ കുറച്ചുകാലം ജയിലില്‍ കഴിയേണ്ടിവരും എന്ന് പറയും.” ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ ചരിത്ര ഗവേഷകനായ ഷര്‍ജീല്‍ ഇമാമിന്റെ സഹോദരന്‍ മുസമ്മില്‍ ഇമാം പറഞ്ഞു. പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ ഷഹീൻബാ​ഗ് മുന്നേറ്റത്തിന്റെ സംഘാടകരിൽ ഒരാളായ ഷർജീൽ യുഎപിഎ കേസുകളിൽ ജയിലിൽ കഴിയുകയാണ്.

“ലിബറല്‍ മാധ്യമങ്ങള്‍ക്ക് ഷര്‍ജീല്‍ ഇമാമിനെ ഹീറോ ആയി അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. അവര്‍ തേടി നടന്നിരുന്ന ‘മുസ്ലീം’ എന്ന പ്രത്യയശാസ്ത്ര ബിംബത്തിലേക്ക് ഷര്‍ജീല്‍ ചേരുകയില്ല. ഷര്‍ജീല്‍ ഇമാം വളരെ വ്യത്യസ്തനായ വ്യക്തിയാണ്. മുസ്ലീം വ്യക്തികളുടെ നേതൃത്വത്തെ കുറിച്ചാണ് ഷർജീൽ ഇമാം സംസാരിച്ചത്. നേതാവാകാൻ എന്തിന് ഒരു മുസ്ലീം, ഇതര മതസ്ഥരുടെ വേദികളിൽ രണ്ടാം നിരയിലിരിക്കണം? എന്റെ വേദനയെക്കുറിച്ച് ഞാൻ തന്നെ സംസാരിക്കും, എന്റെ പ്രശ്നത്തെക്കുറിച്ച് ഞാൻ തന്നെ സംസാരിക്കും. എനിക്ക് മുന്നിൽ നിൽക്കാനുള്ള അർഹതയുണ്ട്, എനിക്ക് തുല്യമായി പരി​ഗണിക്കപ്പെടാനുള്ള അർഹതയുണ്ട്, ഇതേക്കുറിച്ചാണ് ഷർജീൽ എപ്പോഴും പറയാറുള്ളത്. എനിക്ക്, ഞാൻ എന്ന് പറയുമ്പോൾ സ്വന്തം കാര്യം മാത്രമല്ല ഷർജീൽ പറയുന്നത്, ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ഒരു വ്യക്തി എന്ന നിലയിൽ ആണ് അതിന്റെ അർത്ഥം.” മുസമ്മില്‍ സഹോദരനെ കുറിച്ച് പറഞ്ഞു.

അറസ്റ്റിലായ ഷർജീൽ ഇമാമിനെ പട്യാല ഹൗസ് കോടതിയിലെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നു. കടപ്പാട്:IANS

ഷര്‍ജീലിന്‍റെ ഗവേഷണ വിഷയം ‘വര്‍ഗീയ കലാപങ്ങളും ഗോഹത്യയും ഇരുപതാം നൂറ്റാണ്ടിലെ കൊളോണിയല്‍ ഇന്ത്യയില്‍’ എന്നതാണ്. 2019ല്‍ യുജിസി സിനോപ്‌സിസ് സ്വീകരിച്ചതിനെ തുടര്‍ന്ന് ഷര്‍ജീല്‍ പിഎച്ച്ഡി തീസിസിന്റെ എഴുത്ത് തുടങ്ങിയിരുന്നു. എന്നാല്‍, ജനുവരി 2020 മുതല്‍ ഷര്‍ജീല്‍ ഇമാം ജയിലിലാണ്. എഴുത്തിന് ആവശ്യമായ വിവരശേഖരണം ഇതോടെ തടസ്സപ്പെട്ടുവെങ്കിലും അതേക്കുറിച്ചുള്ള മറ്റ് വായനകളും പഠനവും ജയിലിലും തുടരുകയാണ് ഷർജീൽ ഇമാം. നാല് വർഷമായി വിചാരണയില്ലാതെ കസ്റ്റഡിയിൽ തുടരുന്നത് തന്നെയാണ് ഷര്‍ജീല്‍ അനുഭവിക്കുന്ന ശിക്ഷയെന്ന് അഭിഭാഷകന്‍ അഹമ്മദ് ഇബ്രാഹിം കേരളീയത്തോട് പറഞ്ഞു.

ബിഹാറിലെ ജഹാനാബാദ് സ്വദേശിയായ ഷര്‍ജീല്‍ ഇമാമിനെതിരെ അഞ്ച് സര്‍ക്കാരുകള്‍ (അരുണാചൽ പ്രദേശ്, ആസാം, ഉത്തർ പ്രദേശ്, മണിപ്പൂർ, ഡൽഹി) ഫയല്‍ ചെയ്ത യുഎപിഎ കേസുകളുണ്ട്. രാജ്യദ്രോഹ കേസും ഷര്‍ജീലിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ നാല് സംസ്ഥാനങ്ങൾ ബിജെപി ഭരിക്കുന്നവയാണ്. രാജ്യദ്രോഹ വകുപ്പ് ഒഴിവാക്കപ്പെട്ടെങ്കിലും യുഎപിഎ കേസുകള്‍ നിലനില്‍ക്കുന്നു. 2020 ഫെബ്രുവരിയിൽ നോർത്ത് ഈസ്റ്റ് ഡൽഹിയിൽ മുസ്ലീം വീടുകൾക്ക് നേരെ സംഘപരിവാർ നടത്തിയ വംശീയാക്രമണത്തെ, കലാപമായി ചിത്രീകരിക്കുന്ന ​ഗൂഢാലോചനക്കേസിലും പിന്നീട് ഷർജീലിന്റെ പേര് ചേർക്കപ്പെട്ടു.

ഇന്ത്യയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയര്‍ന്നുവന്ന പൗരസമരങ്ങള്‍, മുസ്ലീം ജനതയെ സാമൂഹിക ഭീഷണിയായി ഉയര്‍ത്തിക്കാണിക്കുന്ന വലതുപക്ഷ സര്‍ക്കാര്‍ നയത്തെ വെല്ലുവിളിക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ ചിലയിടങ്ങളില്‍ ഈ മുന്നേറ്റം വംശീയമായ പൊലീസ് അടിച്ചമര്‍ത്തലും വര്‍ഗീയമായ ആക്രമണങ്ങളും നേരിട്ടു. വര്‍ഗശ്രേണിയില്‍ താഴെയുള്ള ജനങ്ങൾ താമസിക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍, പൗരത്വഭേദഗതിക്കെതിരായ വലിയ ജനകീയമുന്നേറ്റം രൂപപ്പെടുത്തുന്നതില്‍ പ്രധാനപങ്കുവഹിച്ചതും ബിഹാര്‍ സ്വദേശിയായ ഈ ചരിത്രവിദ്യാര്‍ത്ഥിയായിരുന്നു. വീടുകൾ തോറുമുള്ള പ്രചാരണങ്ങളിൽ തുടങ്ങിയ, മുസ്ലിം സ്റ്റുഡന്റ്സ് ഓഫ് ജെഎൻയു എന്ന വിദ്യാർത്ഥി കൂട്ടായ്മയുടെയും ആക്റ്റിവിസ്റ്റുകളുടെയും പ്രവർത്തനം ജനകീയമായ ഇടപെടലുകൾക്ക് രാഷ്ട്രീയ പ്രവർത്തനത്തിലുള്ള വലിയ സാധ്യതയെയും ഉപയോ​ഗപ്പെടുത്തി. ഷഹീൻബാ​ഗ് അങ്ങനെ ഐക്യദാർഢ്യങ്ങളുടെയും രാഷ്ട്രീയ ചർച്ചകളുടെയും വേദിയായി. കുഞ്ഞുങ്ങളുടെ പഠനം ഉറപ്പാക്കുന്ന ചെറിയ സ്കൂളുകളും ലെെബ്രറികളും അവിടെ സജീവമായി.

2020 മാർച്ചിൽ കോവിഡ് ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഷഹീൻബാ​ഗ്. ഫോട്ടോ: മൃദുല ഭവാനി

ഈ സമരത്തിന്റെ ഭാ​ഗമായി അലിഗഢ് മുസ്ലീം സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളോട് നടത്തിയ ഒരു പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളുടെ പേരില്‍ ഷര്‍ജീല്‍ ഇമാമിനെ തടവിലാക്കിയത് അത്തരത്തില്‍ പ്രതിരോധിക്കുന്നവരെ തടവിലാക്കാനുള്ള വലിയൊരു പദ്ധതിയുടെ ഭാഗവുമായിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവർ ഷര്‍ജീലിനെതിരെ പരസ്യമായി പ്രസ്താവന നടത്തി. അസമിനെ ഇന്ത്യയിൽ നിന്നും വേർപെടുത്താൻ ആഹ്വാനം ചെയ്ത ഭീകരവാദിയായി മാധ്യമങ്ങൾ ഷർജീലിനെ ചിത്രീകരിച്ചു. റിപ്പബ്ലിക് ടിവി ഷർജീലിനെ ലക്ഷ്യമിട്ട് ‘പൊളിറ്റിക്കല്‍ എസ്ഐടി ഇന്‍വെസ്റ്റിഗേഷന്‍’ എന്ന പേരില്‍ ഒളിക്യാമറ ഓപ്പറേഷന്‍ നടത്തി. എന്നാൽ, ഏതെങ്കിലും അർത്ഥത്തിലുള്ള വിഭജനത്തിന്റെ രാഷ്ട്രീയം ആയിരുന്നില്ല ഷര്‍ജീല്‍ പറഞ്ഞത്. പൗരത്വഭേദഗതി നിയമം നടപ്പിലാക്കിയ ഇന്ത്യന്‍ സംസ്ഥാനമാണ് അസം. ആളുകള്‍ ഡിറ്റന്‍ഷന്‍ ക്യാംപുകളിലാക്കപ്പെടുന്ന സാഹചര്യത്തെ പ്രതിരോധിക്കാന്‍ നമ്മള്‍ റോഡ് ഉപരോധം നടത്തി സര്‍ക്കാരുമായി സംവദിക്കാനുള്ള സാഹചര്യമുണ്ടാക്കണം എന്നായിരുന്നു ഷര്‍ജീല്‍ പ്രസംഗിച്ചത്. റോഡ് ഉപരോധിച്ചുള്ള പ്രതിരോധം – ‘ചക്കാ ജാം’ ഇന്ത്യയില്‍ കര്‍ഷക സമരത്തിലുള്‍പ്പെടെ ഉപയോഗിച്ചിട്ടുള്ള സമരമാര്‍ഗമാണെന്ന് കാണാം. എന്നാല്‍, ഷര്‍ജീലിന്റെ പ്രസ്താവനകള്‍ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ പ്രാധാന്യം എന്താണെന്ന് മനസ്സിലാക്കുവാനോ അതേക്കുറിച്ച് ചര്‍ച്ച ചെയ്യുവാനോ ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറായില്ല. ഷര്‍ജീലിനെതിരെ മാധ്യമവിചാരണ തുടങ്ങിയപ്പോള്‍ അതിന്റെ ലക്ഷ്യം വ്യക്തമായിരുന്നു. ഐക്യദാര്‍ഢ്യങ്ങളുടെ അഭാവം ഈ പ്രചാരണത്തെ എളുപ്പമാക്കി.

“മതേതരം എന്ന് പറയപ്പെടുന്ന ഒരു സംഘടനയും ആ സമയത്ത് ഷര്‍ജീലിനെ കുറിച്ച് സംസാരിച്ചിരുന്നില്ല. രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആളുകള്‍ ഷര്‍ജീലിന്റെ യാഥാര്‍ത്ഥ്യത്തെ സ്വീകരിച്ച് തുടങ്ങി.” ഷർജീലിന്റെ അറസ്റ്റ് നടന്ന സമയത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് സഹോദരൻ മുസമ്മിൽ ഇമാം കേരളീയത്തോട് പറഞ്ഞു. “സാമൂഹ്യ അവബോധമുള്ളതായും സമുദായത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതായും അവകാശപ്പെടുന്ന പാര്‍ട്ടികളും സംഘടനകളും ഷര്‍ജീലിന്റെ അറസ്റ്റിനെ സമീപിച്ചത് മടിയോടുകൂടിയാണ്. അവരുടെ പ്രതികരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഈ സംഘടനകളോ രാഷ്ട്രീയ നേതാക്കളോ മുസ്ലീം സമുദായത്തിന്റെ രക്ഷകരാണ് എന്ന് അവകാശപ്പെടുന്ന മുസ്ലീം നേതാക്കളോ മറ്റേത് മതത്തില്‍നിന്നുള്ള നേതാക്കളോ ആരും തന്നെ ഷര്‍ജീല്‍ ഇമാമിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നില്ല. ഷാഹീന്‍ബാഗിന്റെ പ്രധാന നായകരില്‍ ഒരാളായ ഷര്‍ജീല്‍ അറസ്റ്റിലായപ്പോള്‍ ആരും അതില്‍ ആശങ്ക പ്രകടിപ്പിച്ചില്ല. അവരെല്ലാം ഷര്‍ജീലിനെ തൊടാന്‍ മടിച്ചു. അറസ്റ്റ് നടന്ന് ആറുമാസത്തോളം ഏതെങ്കിലും ഒരു സംഘടനയുടെ പോസ്റ്റര്‍ വന്നില്ല, ഏതെങ്കിലും സംഘടനയുടെ പ്രസ്താവനയും വന്നില്ല. ജെഎന്‍യുവിലെയും ജാമിഅയിലെയും അലിഗഢിലെയും കുറച്ചുപേര്‍, കേരളത്തില്‍നിന്നും കുറച്ചുപേര്‍, ഇവരെല്ലാം ഷര്‍ജീല്‍ ഇമാമിനെ കുറിച്ച് സംസാരിച്ചു. പക്ഷേ അവരൊന്നും ഏതെങ്കിലും സംഘടനകളില്‍ നിന്നുള്ളവര്‍ ആയിരുന്നില്ല. അവരെല്ലാം ഷര്‍ജീലുമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച വ്യക്തികളായിരുന്നു. ഷര്‍ജീല്‍ ഇമാമിനെ ഫ്രെയിമിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിച്ചവര്‍.” ഇപ്പോഴും ഷർജീൽ ഇമാമിനെ കുറിച്ചുള്ള സംഭാഷണങ്ങൾ വളരെ കുറച്ചുമാത്രമേ നടക്കുന്നുള്ളൂവെന്നും മുസമ്മിൽ ഇമാം പറയുന്നു.

മുസമ്മിൽ ഇമാം

ഒന്നര വർഷം മുമ്പ് ഷർജീൽ ജയിലിൽനിന്നും എഴുതിയയച്ച കുറിപ്പുകൾ ഒരാഴ്ച മുമ്പ് മക്തൂബ് മീഡിയയിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിൽ ഇങ്ങനെ എഴുതുന്നു, “ഞാനൊരിക്കലും പ്രതീക്ഷിച്ചിട്ടില്ലാത്തത് എന്റെ അറസ്റ്റ് നടന്ന് ഒരു മാസം കഴിഞ്ഞ് നടന്ന സംഭവങ്ങളിൽ ഭീകരവാദ കുറ്റം ആരോപിക്കപ്പെട്ടതാണ്. വിസമ്മതങ്ങളെ അടിച്ചമർത്താനും എന്നെ പോലെയുള്ളവരെ ജയിലിൽത്തന്നെ നിർത്താനും ഇന്നത്തെ ഭരണകൂടം ഏതറ്റംവരെയും പോകും എന്നാണിത് സൂചിപ്പിക്കുന്നത്. ദീർഘമായ ഈ അനാവശ്യ തടവിൽ തുടരുമ്പോൾ എന്റെ വേദന പ്രായമേറിയ, രോ​ഗബാധിതയായ ഉമ്മയെ കുറിച്ചാണ്.”

2024 ഒക്ടോബറിൽ ഡൽഹി കേസിൽ നടക്കാനിരുന്ന വിചാരണ മറ്റൊരു ദിവസത്തേക്ക് മാറ്റിയ സാഹചര്യത്തിലാണ് ഷർജീൽ ഇമാമിന്റെ സഹോദരൻ മുസമ്മിൽ ഇമാമുമായി അഭിമുഖം നടത്തുന്നത്. ഈ അഭിമുഖത്തിൽ ഷർജീൽ ഇമാമിന്റെ രാഷ്ട്രീയത്തെ കുറിച്ചും നിയമവ്യവസ്ഥയിൽ ഇത്തരം കേസുകൾ നേരിടുന്ന വിവേചനങ്ങളെ കുറിച്ചും മുസമ്മിൽ വിശദമായി സംസാരിച്ചു. മാധ്യമപ്രവർത്തകനായ മുസമ്മിൽ ഇമാം ഇന്ന് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാണ്. ജനതാദൾ യുണൈറ്റഡ് പ്രവർത്തകനായിരുന്ന പിതാവ് അക്ബർ ഇമാമിന്റെ പാരമ്പര്യം പിന്തുടരാണ് രാഷ്ട്രീയത്തിൽ തുടരുന്നതെന്ന് മുസമ്മിൽ പറഞ്ഞു. “എന്റെ പിതാവ് അക്ബർ ഇമാമിന്റെ രാഷ്ട്രീയ പാഠങ്ങള്‍ തീര്‍ച്ചയായും ഷര്‍ജീലിനെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെയുള്ള ജീവിതത്തിൽ ഷര്‍ജീലും ഞാനുമെല്ലാം കണ്ടുപഠിച്ച കാര്യങ്ങളാണ്, അല്ലാതെ ഞങ്ങളെ ഇതാണ് രാഷ്ട്രീയം എന്ന് പറഞ്ഞു പഠിപ്പിച്ച കാര്യങ്ങളൊന്നുമല്ല. നാല്‍പത് വര്‍ഷത്തോളം എന്റെ പിതാവ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി. അദ്ദേഹം ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് കണ്ടിട്ടാണ് നമ്മള്‍ പഠിക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടി സമരസപ്പെടാതെ നിലകൊള്ളുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ഇനി ഷര്‍ജീല്‍ ജയിലില്‍നിന്നും പുറത്തിറങ്ങുമ്പോഴും ഷര്‍ജീലിനോട് നിങ്ങള്‍ ഇതേ ചോദ്യം ചോദിച്ചാലും ഈ ഉത്തരം തന്നെയായിരിക്കും. ‘My father is my ideal’, എന്ന് ഷർജീൽ പറയാറുണ്ട്. ഷർജീലിന്റെ സംസാരരീതിയിലും ജനങ്ങൾക്ക് നന്മ ഉറപ്പാക്കാൻ ഒരു പ്രശ്നത്തെ രാഷ്ട്രീയമായി മനസ്സിലാക്കി ഇടപെടുന്നതിലും അക്ബർ ഇമാമിന്റെ സ്വാധീനമുണ്ട്. നമ്മുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്ന രാഷ്ട്രീയ പാർട്ടിക്ക് വോട്ട് ചെയ്യുക എന്നതായിരുന്നു നിലപാട്. പാർട്ടി നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിച്ചു എന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ തുടർന്ന് വോട്ട് നൽകൂ. അങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനം. 2014ൽ അദ്ദേഹം മരിച്ചു. ജഹാനാബാദ് മണ്ഡലത്തിൽ നിന്നും എംഎൽഎ സ്ഥാനത്തേക്ക് അദ്ദേഹം മത്സരിച്ചിരുന്നു. ജനതാദൾ യുനെെറ്റഡിൽ നിന്നാണ് അദ്ദേ​ഹം മത്സരിച്ചത്. ജഹാനാബാദ് മണ്ഡലത്തിൽ ആകെ വോട്ടർമാരിൽ 10 ശതമാനം മാത്രമാണ് മുസ്ലീംങ്ങൾ ഉള്ളത്. മരണശേഷം ജഹാനാബാദിലെ ഒരു റോഡിന് സർക്കാർ അദ്ദേഹത്തിന്റെ പേര് നൽകി.” മുസമ്മിൽ പറഞ്ഞു.

സർവ്വകലാശാലകളിൽ നിന്ന് ജയിലിലേക്ക് പുറത്താക്കപ്പെടുമ്പോൾ

2019 ഒക്ടോബര്‍ മൂന്നിന് ജെഎന്‍യു ക്യാംപസിൽ ജെഎന്‍യു അഡ്മിനിസ്‌ട്രേഷന്‍ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങിന്റെ ഒരു പ്രഭാഷണം സംഘടിപ്പിച്ചു. കശ്മീര്‍ അപ്പോഴും കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ അനുഭവിക്കുന്ന, ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ട ലോക്ഡൗണിലാണ്. ‘ആര്‍ട്ടിക്കിള്‍ 370ന്റെ റദ്ദാക്കല്‍: ജമ്മു, കശ്മീര്‍, ലഡാക്കിലെ സമാധാനം, സുസ്ഥിരത, വികസനം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടക്കുന്ന വേദിക്ക് മുന്നില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഷർജീൽ ഇമാം ഉള്‍പ്പെടെ പതിനാറ് വിദ്യാര്‍ത്ഥികള്‍ പ്ലക്കാര്‍ഡ് പിടിച്ചുകൊണ്ട് നടത്തിയ നിശബ്ദ പ്രതിഷേധത്തെ അറുപതോളം പേരുടെ ആള്‍ക്കൂട്ടം ആക്രമിക്കാനെത്തി. ‘യൂണിയനിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളൊന്നും അവിടെ ഉണ്ടായിരുന്നില്ല. വിളിച്ചെങ്കിലും ആരും വന്നില്ല. അറുപത് എബിവിപിക്കാരുടെയും നാല്‍പത് സെക്യൂരിറ്റി ഗാര്‍ഡുകളുടെയും ഇടയില്‍ ഞങ്ങൾ പെട്ടു. റിപ്പബ്ലിക്, ടൈംസ് നൗ- ഈ ചാനലുകളെല്ലാം അതിനിടയിലുണ്ടായിരുന്നു. നമുക്കുമേല്‍ അവര്‍ ലൈവ് ട്രയല്‍ (തത്സമയ വിചാരണ) നടത്തി.’ ഈ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ അഞ്ചിന് ജെഎന്‍യുവില്‍ നടത്തിയ അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ചില്‍ ബാസിത് എന്ന കശ്മീരി വിദ്യാർത്ഥി ഇങ്ങനെ പ്രതികരിച്ചു. കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെക്കുറിച്ച് കശ്മീരി വിദ്യാര്‍ത്ഥികളുടെ പ്രതികരണം തേടിയുള്ള റിപ്പോര്‍ട്ടിങ്ങിനിടെയായിരുന്നു അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഈ മാര്‍ച്ചും റിപ്പോര്‍ട്ട് ചെയ്തത്. ഷര്‍ജീല്‍ ഇമാമും വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം കശ്മീര്‍ ജനത ഉയര്‍ത്തുന്ന രാഷ്ട്രീയത്തോട് മുഖംതിരിക്കുന്നതിനെയും, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം ലോക്ഡൗണ്‍ ചെയ്യപ്പെട്ട കശ്മീരില്‍ സമാധാനവും വികസനവും കൊണ്ടുവരുന്നുവെന്ന പ്രചാരണത്തിന് സര്‍വ്വകലാശാല ഇടം നല്‍കിയതില്‍ പ്രതിഷേധിച്ചും അന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ സംസാരിച്ചു. ‘എന്‍റെ നിലനില്‍പിനെ മാനിച്ചില്ലെങ്കില്‍ എന്‍റെ പ്രതിരോധം പ്രതീക്ഷിക്കുക’ എന്ന പ്ലക്കാര്‍ഡുമായാണ് ഷര്‍ജീല്‍ ഇമാം മാർച്ചിൽ പങ്കെടുത്തത്.

എന്‍റെ നിലനില്‍പിനെ മാനിച്ചില്ലെങ്കില്‍ എന്‍റെ പ്രതിരോധം പ്രതീക്ഷിക്കുക’ എന്ന പ്ലക്കാര്‍ഡുമായി ഷര്‍ജീല്‍ ഇമാം.

ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇന്ന് നേരിടുന്ന തീവ്രമായ അടിച്ചമര്‍ത്തൽ പ്രകടമായിത്തുടങ്ങിയ സമയമായിരുന്നു 2018-2019 വര്‍ഷങ്ങള്‍. ഇന്ന് പുറത്തിറങ്ങുന്ന വലതുപക്ഷ പ്രൊപ്പ​ഗണ്ട സിനിമകൾ ക്യാംപസ് രം​ഗങ്ങളെ തീവ്രവാദ ആശയങ്ങളുടെ കേന്ദ്രമായി അവതരിപ്പിക്കുന്നതും ഈ ഇടങ്ങളോടുള്ള വിദ്വേഷത്തിന്‍റെ പ്രതിഫലനം തന്നെ. സംഘപരിവാർ അനുകൂലികളുടെ നിയമനങ്ങളും അവർണ സമുദായങ്ങളിൽനിന്നുള്ള അധ്യാപകർ സ്വത്വത്തിന്റെ പേരിൽ നേരിടുന്ന വെല്ലുവിളികളും സർവ്വകലാശാലകളുടെ മാറ്റത്തിന്റെ സ്വഭാവത്തെത്തന്നെ വെളിപ്പെടുത്തുന്നുണ്ട്. വിദ്യാർത്ഥി കൂട്ടായ്മകളുടെ ചലനാത്മകതയിലാണ് ഷർജീൽ ഇമാം വിശ്വസിച്ചത്. പൗരത്വ ഭേദ​ഗതിക്കെതിരായ പ്രചാരണങ്ങളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തിലാണ് ഷർജീൽ പ്രതീക്ഷ നൽകിയത്. ഇതേക്കുറിച്ചും അലി​ഗഢ് മുസ്ലീം യൂണിവേഴ്സിറ്റിയിൽ നടത്തിയ പ്രസം​ഗത്തിൽ പറയുന്നുണ്ട്.

സഹകരണത്തിനായുള്ള സാര്‍വത്രിക ആഗ്രഹങ്ങളില്‍ വേരൂന്നിയ രാഷ്ട്രീയം

ജെഎന്‍യുവില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥികളായ സബാ മഹാരാജ്, സ്‌നേഹാശിഷ് ദാസ് എന്നിവര്‍ 2021 മാര്‍ച്ചില്‍ ഔട്ട്‌ലുക്ക് മാഗസിനില്‍ എഴുതിയ, Cultivating Morality in a Broken Democracy എന്ന ലേഖനത്തില്‍ ഷര്‍ജീലിനെതിരെ വന്ന എഫ്‌ഐആറുകള്‍ വിദ്യാര്‍ത്ഥികളില്‍ സൃഷ്ടിച്ച ഭയത്തെക്കുറിച്ച് പറയുന്നുണ്ട്.

“ഇന്ത്യയിലെ പ്രധാന സര്‍വ്വകലാശാലയിലെ ചരിത്ര വിദ്യാര്‍ത്ഥിയുടെ ആഹ്വാനം, രക്തദാഹികളായ നൂറായിരം കൊലവിളികള്‍ക്ക് കാരണമായി. ഷര്‍ജീലിന്റെ വാക്കുകള്‍ അതിരുകടന്നുപോയി എന്ന് വ്യാപകമായി വിലയിരുത്തപ്പെട്ടു. അതിനുള്ള ശിക്ഷയായി യുഎപിഎയും രാജ്യദ്രോഹക്കുറ്റവും കടന്നുവന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ഈ നടപടി രണ്ടുരീതിയില്‍ പ്രധാനമാകുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കുമേലുള്ള കടുത്ത നടപടികള്‍ ഭരണകൂടം തുടങ്ങിയത് ഷര്‍ജീലിനെതിരെയുള്ള കേസുകളിലൂടെയാണ്. പിന്തുണ കിട്ടാന്‍ എളുപ്പമല്ലാത്ത ഒരു പ്രസംഗത്തിന്റെ കഥ കൂടിയാണിത്. വിവിധ ആശയധാരകളിലുള്ളവര്‍ ഷര്‍ജീലിനെ അപലപിക്കുകയും ഷര്‍ജീലില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു. പുറത്തിറക്കിയ ആദ്യ പ്രസ്താവനയില്‍ ഇടതുപക്ഷം നയിക്കുന്ന വിദ്യാര്‍ത്ഥി യൂണിയനും ഷര്‍ജീലിനെ അപലപിച്ചു. കഴിഞ്ഞ ശീതകാലത്ത് ഷര്‍ജീലിനെ പരാജയപ്പെടുത്തിയ നമ്മള്‍ ഈ ശീതകാലത്ത് അതിന് വില നല്‍കി. ഷര്‍ജീലിന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കുന്നതിലൂടെ ക്രിമിനൽവത്കരണത്തിലും പൊതുവിചാരണയിലും പങ്കുചേര്‍ന്ന പലരും ഇന്ന് ക്രിമിനൽവത്കരണത്തിന്റെ ഭയത്തിലാണ്. അന്ന് നിശബ്ദരായിരുന്ന പലരും ഇന്ന് സംസാരിച്ച് തുടങ്ങി, അന്ന് ഷര്‍ജീലില്‍ നിന്നും അകന്നുനിന്നവരെല്ലാം ഇന്ന് പിന്തുണ തേടുന്നു. മുസ്ലീങ്ങള്‍ക്ക് നല്‍കാന്‍ പലരും മടിച്ച ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമാകുകയാണ് ഷര്‍ജീല്‍.

2020 ജനുവരി 28ന് ഷര്‍ജീല്‍ ഇമാം ഡല്‍ഹി പൊലീസിന് കീഴടങ്ങി. ഷര്‍ജീലിന്റെ കൈ വെട്ടി മാറ്റണമെന്ന ആഹ്വാനത്തിനും റിപ്പബ്ലിക് ടിവിയുടെ പ്രത്യേക പരിപാടികള്‍ക്കും ഇടയില്‍, ചരിത്ര ഗവേഷകനായ ഷര്‍ജീലിന്റെ സൂക്ഷ്മവും വിമര്‍ശന സ്വഭാവമുള്ളതുമായ എഴുത്തുകളും പ്രസംഗങ്ങളും മുസ്ലീം യുവാക്കള്‍ക്കിടയിലേക്ക് എത്തിച്ചേര്‍ന്നു. ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് മുന്‍കൂട്ടി കാണാന്‍ കഴിയാതിരുന്ന പ്രത്യാഘാതമാണിത്. ഷര്‍ജീലിന്റെ പ്രസംഗങ്ങള്‍ ആയിരക്കണക്കിന് യുവാക്കളിലെത്തി. ഇന്ത്യന്‍ മുസ്ലീംങ്ങളുടെ അരികുവല്‍ക്കരണത്തെക്കുറിച്ചും അവര്‍ക്കെതിരെയുള്ള ആക്രമണത്തിന്റെ സാധാരണവല്‍ക്കരണത്തെക്കുറിച്ചുമുള്ള ലേഖനങ്ങളും വ്യാപകമായി വായിക്കപ്പെട്ടു. ഷര്‍ജീലിന്റെ ‘തീവ്രവാദ’ത്തിന് കാരണമായി ഡല്‍ഹി പൊലീസ് പറയുന്ന, വര്‍ഗീയ കലാപങ്ങളെ കുറിച്ചുള്ള പോള്‍ ബ്രാസിന്റെ ‘ഫോംസ് ഓഫ് കലക്റ്റീവ് വയലന്‍സ്: റയറ്റ്‌സ്, പോഗ്രോംസ്, ആന്‍ഡ് ജിനോസൈഡ് ഓണ്‍ മോഡേണ്‍ ഇന്ത്യ’യിലൂടെ സ്വന്തം ജീവിതത്തെയും മനസ്സിലാക്കി. ഷര്‍ജീലിന്റെ പ്രസംഗങ്ങള്‍ മുതല്‍, പൊലീസ് കീഴടങ്ങല്‍, ചാര്‍ജ് ഷീറ്റ് തയ്യാറാക്കുന്നതുവരെ, മുസ്ലീം യുവാക്കള്‍ ‘ന്യൂനപക്ഷ പ്രീണനം’ എന്ന മിത്തിനെ തിരസ്‌കരിച്ചു. മതേതരമായി കാണപ്പെടുന്നതിനായി മുസ്ലീം അടയാളങ്ങള്‍ തിരസ്‌കരിക്കണമെന്ന ലിബറല്‍ ബൗദ്ധിക നിയമത്തിന്റെ ആവശ്യങ്ങളെയും അവര്‍ തള്ളിക്കളഞ്ഞു.

ഷര്‍ജീലിന്റെ രാഷ്ട്രീയം സഹകരണത്തിനായുള്ള നമ്മുടെ സാര്‍വത്രിക ആഗ്രഹങ്ങളില്‍ വേരൂന്നിയതാണ്. മുസ്ലീങ്ങളുടെ സ്വാഭിമാനത്തിന്റേതായ വിമോചന രാഷ്ട്രീയത്തിനായി ഷര്‍ജീല്‍ ശക്തമായി വാദിക്കുമ്പോള്‍ത്തന്നെ അരികുവല്‍ക്കരിക്കപ്പെട്ട ജാതിസമുദായങ്ങളുമായുള്ള ഐക്യദാര്‍ഢ്യം നിലനിര്‍ത്തുന്നതിലും ഷര്‍ജീല്‍ തുല്യമായ സമയം ചെലവഴിച്ചു. മുസ്ലീം സമുദായത്തിന് അകത്തുതന്നെയുള്ള ജാതി സമുദായങ്ങള്‍ സമുദായത്തിന് അകത്തുനിന്നും പുറത്തുനിന്നും നേരിടുന്ന വെല്ലുവിളികളെയും ഷര്‍ജീല്‍ അഭിസംബോധന ചെയ്യാന്‍ ശ്രമിച്ചു. ബ്രാഹ്‌മണിക്കല്‍ ഭരണകൂടത്തിനെതിരെ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളെ ഒന്നിപ്പിക്കുക മാത്രമല്ല ധാർമ്മിക ബോധമുള്ള മനുഷ്യരുടെ കൂട്ടായ്മയുണ്ടാക്കാനുള്ള ആഗ്രഹം കൂടിയാണ് ഇത് സൂചിപ്പിക്കുന്നത്. ഷര്‍ജീലിന്റെ പ്രസംഗങ്ങളില്‍ ഒന്നില്‍ വിദ്യാര്‍ത്ഥികളോട് ഷര്‍ജീല്‍ ആവശ്യപ്പെടുന്നത് അവരുടെ മുസ്ലീം അല്ലാത്ത സുഹൃത്തുക്കളോട്, പ്രത്യേകിച്ച് ഹിന്ദു സുഹൃത്തുക്കളോട് മുസ്ലീങ്ങളുടെ അന്തസ്സാര്‍ന്ന ജീവിതം ഉറപ്പാക്കുന്നതിനുള്ള സമരത്തില്‍ ഭാഗമാകുവാനാണ്. ഇന്ത്യയില്‍ ഇന്ന് വളരെ ദുര്‍ബലമായ, പൊതുവായൊരു രാഷ്ട്രീയ ധാർമ്മികത സൃഷ്ടിക്കുന്നതിനായുള്ള ഷര്‍ജീലിന്റെ ശ്രമമാണിത്.” സബയും സ്‌നേഹാശിഷും എഴുതുന്നു.

ഡൽഹി വംശഹത്യക്കെതിരെ ജെഎൻയുവിൽ വിദ്യാർഥികൾ നടത്തിയ അനിശ്ചിതകാല സമരം. ഷർജീൽ ഇമാമിന്റെയും നജീബിന്റെയും പോസ്റ്ററുകൾ കാണാം. ഫോട്ടോ: മൃദുല ഭവാനി

“ഷഹീന്‍ബാഗ് ഇന്ത്യന്‍ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ഒരു ഹൈവേയില്‍ നടന്ന സമാധാനപരമായൊരു കുത്തിയിരിപ്പ് സമരം, വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ തുടങ്ങി സ്ത്രീകളുടെ നേതൃത്വത്തില്‍ മൂന്ന് മാസത്തോളം മുന്നോട്ടുപോയി, മഹാമാരി കാരണമുണ്ടായ ലോക്ഡൗണില്‍ മാത്രമാണ് അത് തടസ്സപ്പെട്ടത്. ഈ മുന്നേറ്റം സൂചിപ്പിക്കുന്നത് ഇന്ത്യയിലെ മുസ്ലീങ്ങളുടെ സമീപകാല ചരിത്രത്തില്‍ ഉണ്ടായ ചില നിര്‍ണായക മാറ്റങ്ങളെയാണ്; വിദ്യാഭ്യാസം നേടിയ മുസ്ലീം മധ്യവര്‍ഗത്തിന്റെ ഉയര്‍ച്ച, കൂടിവരുന്ന വര്‍ഗീയവല്‍ക്കരണവും ഇസ്‌ലാമോഫോബിയയും, തെരഞ്ഞെടുപ്പ് സംവിധാനത്തോട് മുസ്ലീങ്ങളില്‍ രൂപപ്പെട്ട നിരാശ, ബിജെപിയുടെ ക്രൂരമായ ഭൂരിപക്ഷാനുകൂല നിയമനിര്‍മാണത്തിലൂടെ സാധ്യമായ സിഎഎ, ആര്‍ട്ടിക്കിള്‍ 370ന്റെ റദ്ദാക്കല്‍, ജമ്മു കശ്മീരിന്റെ വിഭജനം, മതേതര പാര്‍ട്ടികളുടെ നിര്‍വ്വികാരമായ സമീപനം, മുസ്ലീം സ്ത്രീകളുടെ സംരക്ഷകരാകാന്‍ ബിജെപി നടത്തിയ, പാളിപ്പോയ ശ്രമങ്ങള്‍.

സ്വാഭാവികമായി ഉണ്ടായിവന്നതാണെങ്കിലും ജെഎന്‍യുവില്‍നിന്നും ഐഐടികളില്‍നിന്നും ജാമിഅയില്‍നിന്നുമുള്ള മുസ്ലീം വിദ്യാര്‍ത്ഥികളുടെ കൂട്ടായ ശ്രമങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഷഹീന്‍ബാഗ് സാധ്യമാകുമായിരുന്നില്ല. ആദ്യ ദിനങ്ങളില്‍ ഷഹീന്‍ബാഗ് മുന്നേറ്റത്തിലെ ഓരോ ദിനങ്ങളും ഒരു സമരമായിരുന്നു. പൊലീസിന്റെ നിര്‍ദ്ദേശങ്ങളുമായി വന്നെത്തിയ ചില ശക്തികള്‍ ആദ്യ ദിവസം തന്നെ ഈ മുന്നേറ്റം തകര്‍ക്കാന്‍ ശ്രമിച്ചു. റെസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍, ഹൈവേക്ക് സമീപമുള്ള വമ്പന്‍ കടയുടമകള്‍ എന്നിവരില്‍നിന്നും പ്രതിഷേധമുണ്ടായി. എന്നാല്‍ ചെറിയ കച്ചവടക്കാരുടെ പിന്തുണ കിട്ടി.” ഷര്‍ജീല്‍ കത്തില്‍ എഴുതി.

ജെഎൻയുവിൽ ഷർജീൽ ഇമാമിന്റെ മോചനം ആവശ്യപ്പെടുന്ന ഗ്രാഫിറ്റി, മാർച്ച് 2020. ഫോട്ടോ: മൃദുല ഭവാനി

ഓപ്പറേഷന്‍ ഷഹീന്‍ ബാഗ് എന്ന റിപ്പബ്ലിക് ടിവിയുടെ ‘അന്വേഷണം’

അമിത് കുമാര്‍ ചൗധരി എന്ന റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍ ഷര്‍ജീല്‍ ഇമാമിനെ നിരീക്ഷിച്ചു തുടങ്ങി എന്നു പറയുന്നത് നവംബര്‍ 10 മുതല്‍ ആണ്. “ബാബരി മസ്ജിദിന്റെ വിഷയത്തില്‍ ജസ്റ്റിസ് ഡിനൈഡ് എന്നൊരു സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍ നടത്തി. മറ്റ് സര്‍വ്വകലാശാലകളിൽ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ജെഎന്‍യുവില്‍ എത്തിയതിനാല്‍ ഇയാള്‍ അപകടകാരിയാണെന്ന് എനിക്ക് തോന്നി. ജാമിഅയില്‍ വയലന്‍സ് ഉണ്ടായപ്പോള്‍ അവിടെയും ഇയാള്‍ ഉണ്ടായിരുന്നു. രാജ്യത്തിന്റെ പ്രതിഛായ മോശമാക്കുന്ന രീതിയില്‍ സിഎഎയ്ക്ക് എതിരെ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ ക്ഷണിക്കാന്‍ റോഡ് ബ്ലോക്ക് ചെയ്യാന്‍ തയ്യാറാകുകയാണ് എന്ന് പിന്നീടുള്ള അന്വേഷണത്തില്‍ മനസ്സിലായി.” അമിത് ചൗധരി പറയുന്നു. ഷഹീന്‍ബാഗ് സമരം ഒരിക്കലും ഓര്‍ഗാനിക് പ്രതിഷേധം അല്ലെന്നും ഇന്ത്യയില്‍ രാഷ്ട്രീയ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേല്‍ നിലനില്‍ക്കുന്ന ഭീഷണികളിലൊന്നായ റിപ്പബ്ലിക് ടി.വി വാദിച്ചു. 2020 ഫെബ്രുവരിയില്‍ നടന്ന ക്വിയര്‍ പ്രൈഡ് മാര്‍ച്ചില്‍ ഷര്‍ജീലിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിൽ പ്രതിഷേധിച്ച 51 പേര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ മുംബൈ പൊലീസ് നടപടിയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ഭീഷണി തന്നെയാണ്. കിരിത് സോമയ്യ എന്ന ബിജെപി നേതാവിന്റെ പരാതിയിലായിരുന്നു ഈ നടപടി.

നീതി നിഷേധിക്കുന്ന നിയമം, കേൾക്കാൻ തയ്യാറാകാത്ത കോടതി

അറുപത്തിയാറാം തവണയാണ് ഷര്‍ജീലിന്റെ ജാമ്യാപേക്ഷ ലിസ്റ്റ് ചെയ്യപ്പെടുന്നതെന്ന് ഷര്‍ജീലിന്റെ അഭിഭാഷകന്‍ അഹമ്മദ് ഇബ്രാഹിം പറയുന്നു. ഇതിനിടെ ഏഴ് ബെഞ്ചുകള്‍ മാറിവന്നു. ഇത് ജുഡീഷ്യറിയിലെ സ്വാഭാവിക നടപടിയായി മാറിക്കഴിഞ്ഞുവെന്ന് മുസമ്മിൽ ഇമാം പറയുന്നു. “ഷര്‍ജീലിന്റെ കാര്യത്തില്‍ മാത്രമല്ല, എഫ്‌ഐആര്‍ നമ്പര്‍ 59ലെ എല്ലാവരുടെയും കാര്യത്തില്‍ ഇതാണ് സംഭവിക്കുന്നത്. ജുഡീഷ്യറിയിലെ ഒരു സ്വാഭാവിക നടപടിയായി ഇത് മാറി. 2022 ഏപ്രിലില്‍ ആണ് ജാമ്യാപേക്ഷ നല്‍കിയത്. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ട് രണ്ട് വര്‍ഷത്തോളം പിന്നിട്ടു. നമുക്ക് തന്ന ഓരോ തീയതിയും കോടതി തന്നെ മാറ്റിവെക്കുകയോ സര്‍ക്കാരിന്റെ അഭിഭാഷകർ മാറ്റിവെക്കുകയോ ചെയ്തു. ഏഴ് ജഡ്ജിമാര്‍ ഈ കാലയളവില്‍ സ്ഥലംമാറി, എട്ടാമത്തെ ബെഞ്ച് ഈ കേസ് പരിഗണിക്കാന്‍ പോകുകയാണ്. ഒക്ടോബര്‍ 7ന് ആണ് പിന്നീട് കേസ് കേള്‍ക്കേണ്ടിയിരുന്നത്. നിര്‍ഭാഗ്യവശാല്‍ ജഡ്ജിയുടെ കുടുംബാം​ഗത്തിന്റെ മരണം കാരണമാണ് ബെഞ്ച് സിറ്റിങ് നടക്കാതെ പോയത്. അതില്‍ അനുശോചന മറിയിക്കുമ്പോഴും എനിക്ക് പറയാനുള്ളത്, ഈ ഹിയറിങ്ങിന് നേരത്തേ ഒരു തീയ്യതി നല്‍കാമായിരുന്നു എന്നാണ്. രണ്ടര മാസത്തോളം ഇടവേളയാണ് രണ്ട് ഹിയറിങ് തീയ്യതികള്‍ തമ്മിലുള്ളത്.” മുസമ്മിൽ ചൂണ്ടിക്കാണിച്ചു.

“രണ്ടര വർഷത്തോളം ഈ കേസ് പെൻഡിങ് ആയിരുന്നു. ജാമ്യാപേക്ഷകൾ ഒരു മാസത്തിനുള്ളിൽ തീർപ്പാക്കണമെന്ന് സുപ്രീം കോടതി, ഹെെക്കോടതികൾക്ക് നൽകിയ നിർദ്ദേശം നിലനിൽക്കെയാണ് ഇങ്ങനെ സംഭവിക്കുന്നത്. കീഴ്‌ക്കോടതികൾക്ക് ഇതിനുള്ള സമയം രണ്ട് ആഴ്ചകളാണ്. ചിലപ്പോൾ നമ്മളും കേസ് നീട്ടിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചിലപ്പോൾ ജഡ്ജിമാരുടെ സമയക്കുറവ് കാരണവും കേസ് പരി​ഗണിക്കപ്പെടാതെ പോകും. ഇപ്പോൾ ഈ മാറ്റർ മൂന്ന് തവണ പൂർണമായും കേട്ടു. ഒരു കേസിൽ ഇരുഭാ​ഗത്തിന്റെയും വാദം കേട്ടു. വിധി പുറപ്പെടുവിച്ചിട്ടില്ല. ഇനി ഡിസംബർ 12നാണ് വീണ്ടും കേസ് പരി​ഗണിക്കുന്നത്. ജസ്റ്റിസ് നവീൻ ചൗള, ജസ്റ്റിസ് ശാലീന്ദർ കൗർ എന്നിവരുടെ ബെഞ്ചിൽ. ഇതേ കേസിൽ കുറ്റമാരോപിക്കപ്പെട്ട മറ്റൊരാൾക്ക് വേണ്ടി അഡ്വക്കേറ്റ് കപിൽ സിബൽ ഹാജരായിരുന്നു. ഈ കേസ് ഇനിയും വെെകാതെ തീർപ്പാക്കണമെന്നായിരുന്നു സിബൽ വാദിച്ചത്. 12ന് നടക്കുന്ന ഹിയറിങ്ങിൽ തന്നെ കോടതിക്ക് ഈ കേസ് തീർപ്പാക്കാവുന്നതാണ്. വേ​ഗത്തിലുള്ള വിചാരണ ഏറ്റവും അടിസ്ഥാനമായ മനുഷ്യാവകാശമാണ്. പ്രൊസിക്യൂഷന്റെ ഭാ​ഗത്ത് നിന്നും വിചാരണ തുടങ്ങുന്നതിൽ നീണ്ട കാലതാമസം വന്നാൽ കുറ്റമാരോപിക്കപ്പെട്ട വ്യക്തിക്ക് ജാമ്യം നൽകേണ്ടതാണ്. ഈയടുത്തായി ചില യുഎപിഎ കേസുകളിൽ സുപ്രീം കോടതിയുടെ വിധി ഈ കാലതാമസത്തെ പരി​ഗണിക്കുന്നുണ്ട്. നാല് വർഷങ്ങൾ ദീർഘമായ കാലയളവാണ് എന്ന് കോടതി നിരീക്ഷിച്ചു. ഷർജീൽ ഇമാം കസ്റ്റഡിയിൽ അഞ്ച് വർഷങ്ങൾ പൂർത്തിയാക്കുകയാണ്. വേ​ഗത്തിലുള്ള വിചാരണ എന്നത് ഒരു മൗലികാവകാശമാണ് എന്നാണ് ഞങ്ങൾ വാദിക്കാൻ പോകുന്നത്. ഷർജീലിന് ജാമ്യം അനുവദിക്കണം. യുഎപിഎ നിയമത്തിൽ ജാമ്യം എന്നത് ഒരു നിയമസാധ്യതയല്ല. സാധാരണയായി ജാമ്യം നൽകാറില്ല. യുഎപിഎയിലെ സെക്ഷൻ 43 ഡി (5) ആണ് യുഎപിഎ കേസുകളിൽ ജാമ്യം എളുപ്പമല്ലാതാക്കുന്നതാണ്. ഒരു അവകാശം എന്ന നിലയിൽ കുറ്റാരോപിതർക്ക് ജാമ്യം കിട്ടാൻ ഈ വകുപ്പ് അനുവദിക്കുന്നില്ല. വളരെ യാന്ത്രികമായ രീതിയിൽ ജാമ്യം നിഷേധിക്കപ്പെടുന്നു, ചിലർ സുപ്രീം കോടതിയെ സമീപിക്കുന്നു. ഞാൻ വിശ്വസിക്കുന്നത് കസ്റ്റഡിയിൽ നാലോ അഞ്ചോ വർഷത്തോളം കഴിയേണ്ടിവരുന്ന ഈ സമയം തന്നെയാണ് ഇവർക്ക് നൽകുന്ന ശിക്ഷ എന്നാണ്. തെളിവുകൾ വളരെ ദുർബലമായതിനാൽ വിചാരണ തുടങ്ങിയാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. അവർ കുറ്റവിമുക്തരാകും. ദീർഘകാലം നീളുന്ന ഈ തടവ് തന്നെയാണ് ഇവർക്ക് നൽകുന്ന ശിക്ഷ. ഇനി ജാമ്യം കിട്ടുക എന്നത് ഞങ്ങളിലാർക്കും സന്തോഷമുണ്ടാക്കാൻ പോകുന്ന കാര്യമല്ല, കാരണം അഞ്ച് വർഷമാകുമ്പോഴും ഈ കേസിൽ വിചാരണ തുടങ്ങിയിട്ടില്ല. മുമ്പൊക്കെ പത്തും പന്ത്രണ്ടും വർഷം കസ്റ്റഡിയിൽ കഴിഞ്ഞാലും ആളുകൾ അതേക്കുറിച്ച് അറിയാറില്ല. പക്ഷേ, ഈ കോടതി വിധികൾ പ്രതീക്ഷ നൽകുന്നുണ്ട്.” അഭിഭാഷകന്‍ അഹമ്മദ് ഇബ്രാഹിം പറഞ്ഞു.

നോർത്ത് ഈസ്റ്റ് ഡൽഹിയിലെ മാലിന്യം നിറഞ്ഞ ജനവാസ പ്രദേശത്തെ ഒരു ഗ്രാഫിറ്റി. ഫോട്ടോ: മൃദുല ഭവാനി

“വിചാരണ നടക്കുമ്പോൾ മാത്രമേ ഒരാൾക്കെതിരായ തെളിവുകളുടെ സാധുത വിലയിരുത്തപ്പെടൂ. വിചാരണ തുടങ്ങുന്നതുവരെ ജയിലിൽ കഴിയേണ്ടിവരും.” യുഎപിഎ കേസുകളുടെ അപകടം അഹമ്മദ് ഇബ്രാ​ഹിം വിവരിച്ചു. യുഎപിഎ നിയമ പ്രകാരമല്ലാതെ ഇങ്ങനെ ചെയ്യുന്നതിൽ അവർക്ക് മറ്റൊരു ബലവും ഇല്ല. മൂന്ന് സാക്ഷികളുടെ മൊഴികളാണ് ഉള്ളത്. അതിൽ രണ്ട് പേർ സംരക്ഷിത സാക്ഷികളാണ്. സംരക്ഷിത സാക്ഷികളുടെ പേരുകൾ കുറ്റാരോപിതർക്ക് അറിയാൻ കഴിയില്ല. അവർ യഥാർത്ഥത്തിൽ ഉണ്ടോ എന്നുപോലും ആർക്കും അറിയാൻ കഴിയില്ല. സെൻസിറ്റീവ് കേസുകളിൽ വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ സംരക്ഷിക്കപ്പെടും എന്നതാണ് നിയമം.

യുഎപിഎ സെക്ഷന്‍ 43 ഡി (5)നെതിരെ 2021 ജൂലൈയിലാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി ബോംബെ ഹൈകോടതിയെ സമീപിച്ചത്. ഈ വകുപ്പിലെ ജാമ്യം നല്‍കുന്നതിനെതിരായ കടുത്ത നിബന്ധനകള്‍ ആര്‍ട്ടിക്കിള്‍ 14, 19, 21 എന്നീ വകുപ്പുകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചു. നിരപരാധിത്വം എന്ന കുറ്റാരോപിതരിലുള്ള സാധ്യതയെ പൂര്‍ണമായും തള്ളിക്കളയുന്ന വകുപ്പാണിതെന്നും സ്റ്റാന്‍ സ്വാമി വാദിച്ചു.

ആം ആദ്മി പാര്‍ട്ടി മന്ത്രി മനീഷ് സിസോദിയയ്ക്ക് എതിരായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ചുമത്തിയ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ജാവേദ് ഗുലാം നബി ഷെയ്ഖിനെതിരെ എന്‍ഐഎ ചുമത്തിയ യുഎപിഎ കേസിലും വിചാരണ വൈകുന്നതിനെതിരെ സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ഈ സാഹചര്യത്തില്‍ പ്രധാനമാണെന്നും ഷര്‍ജീലിന്റെ അഭിഭാഷകന്‍ അഹമ്മദ് ഇബ്രാഹിം പറഞ്ഞു. ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ച് ആണ് എത്ര ഹീന കുറ്റകൃത്യം ആരോപിക്കപ്പെട്ട വ്യക്തിയും വേഗത്തിലുള്ള വിചാരണ അര്‍ഹിക്കുന്നുണ്ട് എന്ന് എന്‍ഐഎയോട് പറഞ്ഞത്. അന്വേഷണ ഏജന്‍സിയായ എന്‍ഐഎയ്ക്ക് വിചാരണ നടത്താന്‍ ബാധ്യതയുണ്ട്. പ്രതി നാല് വര്‍ഷമായി തടവില്‍ കഴിയുമ്പോഴും ചാര്‍ജ് ഫ്രെയ്ം ചെയ്തിട്ടില്ല എന്നും കോടതി വിമര്‍ശിച്ചു.

2024 ആഗസ്റ്റിലാണ് ജാമ്യം നിയമമാണ് എന്നതിന് അടിവരയിടുന്ന പരാമര്‍ശം മനീഷ് സിസോഡിയയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി നടത്തിയത്. ഭീകരവിരുദ്ധ നിയമമായ യുഎപിഎയില്‍ പോലും ഈ നയം കോടതികള്‍ പിന്തുടരണമെന്ന് സുപ്രീം കോടതി പറഞ്ഞു. പ്രൊസിക്യൂഷന്റെ ആരോപണങ്ങള്‍ എന്തുതന്നെയായാലും ജാമ്യം നല്‍കേണ്ടത് കോടതിയുടെ കര്‍ത്തവ്യമാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് അഭയ് എസ് ഓഖ, ജസ്റ്റിസ് അഗസ്റ്റിന്‍ ജോസഫ് മാസി എന്നിവരുടെ ബെഞ്ചിന്റെതായിരുന്നു ജാമ്യത്തെ കുറിച്ചുള്ള പരാമര്‍ശം. ജൂലൈയില്‍ ഒരു യുഎപിഎ കേസ് പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് പര്‍ദിവാല, ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ചും വ്യക്തിസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന പരാമര്‍ശം നടത്തി. ബിഹാറില്‍ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ജലാലുദ്ദീന്‍ ഖാനെതിരെ നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അംഗങ്ങള്‍ക്ക് കെട്ടിടം വാടകയ്ക്ക് നല്‍കി എന്നാരോപിച്ച് യുഎപിഎ ചുമത്തിയ കേസിലായിരുന്നു നിരീക്ഷണം.

കോടതിയിൽ സംഭവിച്ചത്

ഡല്‍ഹി, യുപി, അസം സര്‍ക്കാരുകള്‍ ഷര്‍ജീലിനെതിരെ നടപടികളുമായി മുന്നോട്ടുപോയപ്പോള്‍ മണിപ്പൂര്‍ സര്‍ക്കാര്‍ നടപടികളെടുത്തില്ല. അരുണാചല്‍പ്രദേശിലെ എഫ്‌ഐആറില്‍ 2020ല്‍ തന്നെ ജാമ്യം ലഭിച്ചിരുന്നു. അഞ്ച് എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തത് സംസ്ഥാന പൊലീസ് ഓഫീസര്‍മാരാണ്. പൊതു പരാതികള്‍ ഒന്നും ഷര്‍ജീലിനെതിരെ ഇതുവരെ ഫയല്‍ ചെയ്യപ്പെട്ടിട്ടില്ല എന്ന് ‘ആര്‍ട്ടിക്കിള്‍ 14’ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യദ്രോഹ കുറ്റം, യുഎപിഎ എന്നിവ ചുമത്തി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഷര്‍ജീല്‍ ഇമാം പൊലീസില്‍ കീഴടങ്ങി. പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം, സമാധാനമായ സമരരീതിയെ കലാപാഹ്വാനമായി തെറ്റായി വ്യാഖ്യാനിക്കൽ, ഒരു മാസം മുമ്പ് തന്നെ പൊലീസില്‍ കീഴടങ്ങിയ വ്യക്തി എങ്ങനെ ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ പ്രതിചേര്‍ക്കപ്പെടും തുടങ്ങിയ കാര്യങ്ങളാണ് ഷര്‍ജീലിന്റെ ജാമ്യാപേക്ഷയിലെ വാദങ്ങളില്‍ ഡിഫന്‍സ് ഉന്നയിച്ചത്. 2022 ഫെബ്രുവരിയില്‍, അവസാനമില്ലാത്ത ഗൂഢാലോചനകള്‍ ആധികാരികത നേടുന്ന സംവിധാനത്തെ ഷര്‍ജീല്‍ ഇമാമിന്റെ അഭിഭാഷകന്‍ തന്‍വീര്‍ അഹമ്മദ് മീര്‍ ചോദ്യം ചെയ്തു. ഡല്‍ഹി സെഷന്‍സ് കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് അമിതാഭ് റാവത്, ഷര്‍ജീലിന്റെ പ്രസംഗങ്ങള്‍ ഇന്ത്യയുടെ അഖണ്ഡതയ്ക്ക് വെല്ലുവിളിയാകും എന്ന് പരാമര്‍ശിച്ചു. പ്രസംഗത്തിലെ പല കാര്യങ്ങളെക്കുറിച്ചും ഷര്‍ജീല്‍ വിചാരണയില്‍ വിശദീകരിക്കേണ്ടിവരുമെന്നും ജഡ്ജ് അമിതാഭ് റാവത് പറഞ്ഞു. പക്ഷേ കേസില്‍ ഇനിയും വിചാരണ തുടങ്ങിയിട്ടില്ല. അതേസമയം, നവംബര്‍ 2021ല്‍ അലഹബാദ് ഹൈക്കോടതി ഷര്‍ജീല്‍ ഇമാമിന് ജാമ്യം നല്‍കിയതും ഇതേ പ്രസംഗത്തിനെതിരായ കേസിലാണ്.

2024 ഫെബ്രുവരിയിൽ സിആർപിസി 436 എ പ്രകാരം സ്റ്റാറ്റ്യൂട്ടറി ജാമ്യത്തിന് ഷർജീൽ അപേക്ഷ നൽകിയിരുന്നു. വിചാരണ തടവിൽ കഴിയുന്നൊരാൾ അയാൾക്ക് അനുഭവിക്കാവുന്ന തടവുശിക്ഷയുടെ കാലയളവിൽ പകുതിയിലേറെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെങ്കിൽ അയാൾക്ക് സ്റ്റാറ്റ്യൂട്ടറി ജാമ്യത്തിന് അപേക്ഷിക്കാവുന്നതാണ്. എന്നാൽ ഈ ഹർജിയും കോടതി തള്ളുകയാണ് ചെയ്തത്. ഷർജീൽ ഇമാമിന്റെ വാക്കുകൾ ഒരു പ്രത്യേക സമുദായത്തിലെ ജനങ്ങളെ ആകർഷിക്കുകയും പിന്നീട് കലാപത്തിലേക്ക് നയിച്ച നശീകരണ പ്രവൃത്തിയിൽ അവർ ഏർപ്പെടുകയും ചെയ്തു എന്ന് കോടതി വിലയിരുത്തി. 2020 ഫെബ്രുവരിയിൽ നോർത്ത് ഈസ്റ്റ് ഡൽഹിയിൽ മുസ്ലീം ജനതയെ ലക്ഷ്യമിട്ട് നടന്ന ആക്രമണം വംശീയമായ ലക്ഷ്യത്തോടെ ഏകപക്ഷീയമായി ഹിന്ദുത്വ ഭീകരവാദ ​ഗ്രൂപ്പുകൾ നടത്തിയതാണെന്നതിന് തെളിവുകൾ ധാരാളമുള്ളപ്പോഴാണ് കോടതിയിൽനിന്നും ഈ മുൻവിധി നിറഞ്ഞ നിരീക്ഷണം. (2024 മെയ് മാസത്തിൽ ഷർജീൽ ഇമാമിന് ഡൽഹി ഹെെക്കോടതി സ്റ്റാറ്റ്യൂട്ടറി ബെയ്ൽ നൽകി). 2021ൽ ഷർജീലിന് ജാമ്യം നൽകിക്കൊണ്ടുള്ള അലഹാബാ​ദ് ​ഹെെക്കോടതിയിലെ ജസ്റ്റിസ് സൗമിത്ര ദയാൽ സിങ്ങിന്റെ വിധിയെയും ഡൽഹിയിലെ ഈ വിചാരണ കോടതി പരി​ഗണിച്ചിട്ടില്ല. ഷർജീൽ ഇമാമിന്റെ പ്രസം​ഗങ്ങൾ ആക്രമണത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും ആരോടും ആയുധങ്ങളെടുക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ജസ്റ്റിസ് സൗമിത്ര ദയാൽ സിങ് പറഞ്ഞത്. ജാമ്യം നൽകേണ്ടത് അനിവാര്യമാണെന്നും സൗമിത്ര ദയാൽ സിങ് പറഞ്ഞു.

“പോരാടൂ, പഠിക്കുവാനായി. പഠിക്കൂ, സമൂഹത്തെ മാറ്റുവാനായി” സിഎഎക്കെതിരെയുള്ള സമരസ്ഥലത്തെ ഒരു ചുവരെഴുത്ത്. ഫോട്ടോ: മൃദുല ഭവാനി

“ഷർജീലിനെതിരെയോ അറസ്റ്റ് ചെയ്യപ്പെട്ട മറ്റുള്ളവർക്കെതിരെയോ ഉള്ള കുറ്റാരോപണങ്ങൾ സർക്കാരിന് തെളിയിക്കാൻ കഴിയില്ല. ഇതെല്ലാം ഭരണകൂടത്തിന്റെ പതിവു രീതികളാണ്. ഇന്ന് മോദിയാണ് ഇതെല്ലാം ചെയ്യുന്നതെങ്കിൽ മുമ്പ് അത് മറ്റ് സർക്കാരുകളായിരുന്നു. ഭരണകൂടത്തിന്റെയോ അധികാരത്തിന്റെയോ ഭാഷയിൽ സംസാരിക്കാൻ തയ്യാറല്ലാത്തവരെ യുഎപിഎ (Unlawful Activities (Prevention) Act), ടാഡ (Terrorist and Disruptive Activities (Prevention) Act) , പോട്ട (Prevention of Terrorism Act, 2002) തുടങ്ങിയ നിയമങ്ങളുപയോ​ഗിച്ച് ശിക്ഷിക്കുന്ന സർക്കാരുകൾ മാറിമാറി ഭരിച്ചു. നമ്മുടെ രാജ്യത്ത് ഭരണകൂടത്തിനെതിരെ നിലകൊണ്ടാൽ അവർക്ക് യുഎപിഎ, ടാഡ, പോട്ട എന്നീ നിയമങ്ങൾ ചുമത്തുകയും തീവ്രവാദ മുദ്രകുത്തുകയും ചെയ്യുക പതിവായിക്കഴിഞ്ഞു. പിന്നീട് അഞ്ചോ പത്തോ വർഷങ്ങൾക്ക് ശേഷം നിങ്ങളെ വെറുതെവിടും. നിങ്ങളുടെ ചിന്തകളും ആശയങ്ങളും ജീവിതവും നശിപ്പിച്ച ശേഷം അവർ നിങ്ങളെ വെറുതെ വിടും.” ഇന്ത്യയിലെ ഭീകരവാദവിരുദ്ധ നിയമങ്ങളുടെ അപകടകരമായ ചരിത്രം മുസമ്മില്‍ ഓര്‍മ്മിപ്പിച്ചു.

Also Read

16 minutes read December 10, 2024 12:42 pm